Wednesday, October 5, 2011

ആരെയോ കാത്തിരിക്കുന്നവര്‍ ..

പല്ല് മുഴുവന്‍ കൊഴിഞ്ഞതെങ്കിലും സുന്ദരിയാണ്‌ രേഷ്മാജി . തന്‍റെ സുന്ദരമായ മോണ കാട്ടി ഒരു ചിരിയുണ്ട് ആളിന്. വയസ്സ് 65 പിന്നിട്ടെങ്കിലും ആ ചിരിയില്‍ മിക്കവരും ഒന്ന് വീണു പോവും. അത്രക്ക് സുന്ദരവും നിഷ്കളങ്കവുമാണ് അത്. അത്ര തന്നെ രോഷവുമുണ്ട് കണ്ണുകളില്‍ . .... പക്ഷെ അത് വീടുകാരെക്കുരിച്ചു സംസാരിക്കുമ്പോഴാണ് അധികവും . അതെങ്ങനെ ഇല്ലാതിരിക്കും ? തൊള്ളായിരത്തി അന്പതുകളിലെങ്ങാണ്ട്  വന്നതാണവര്‍. അന്ന്  ഏതോ ഒരു കാമ ഭ്രാന്തനായ പുരുഷന്‍റെ കാമ കേളിക്കു ഇരയായി സമനില തെറ്റി ആശുപത്രിയില്‍ എത്തിയ സുന്ദരിയായ കൌമാരക്കാരി,  ആശുപത്രിയുടെ അകത്തളങ്ങളില്‍ സൂര്യനുദിക്കുന്നതും, അസ്തമിക്കുന്നതും നോക്കി, ദിവസങ്ങളെണ്ണി അവസാനം ഇന്ന് തന്‍റെ അറുപതുകളുടെയും അന്ത്യങ്ങളിലെത്തിയിരിക്കുന്നു. അതിനടിയില്‍ രണ്ടു മൂന്ന് തവണ വീട്ടില്‍ പോയപ്പോഴൊക്കെ രോഗം കൂടി വീണ്ടും തിരിച്ചെത്തി, പിന്നെ പിന്നെ വീടും ഈ മാനസികാശുപത്രി തന്നെയായി. വേറെന്തു മാര്‍ഗം.. 

കൂടെ ചേച്ചി രേണുവും ഉണ്ടായിരുന്നു. ആശുപത്രിയില്‍ വെച്ച് തന്നെ വാര്‍ധക്യം കൊണ്ട് കൊടുത്ത രോഗങ്ങള്‍  കാരണം അവര്‍ കുറച്ചു വര്‍ഷങ്ങള്‍ക് മുന്‍പ്‌ മരിച്ചു പോയി. ചേച്ചിയും അനിയത്തിയും തമ്മില്‍ എന്നും വഴക്കായിരുന്നെങ്കിലും ഇന്നും കണ്ണീരോടെ രേഷമാജി ഇന്നും ചെചിയെപറ്റി അവര്‍ പറയാറുണ്ട് . 
കണ്ടാല്‍ നൂറു നാവോടെ സംസാരിക്കാന്‍ ഇനിയുമുണ്ട് അവര്‍ക്ക് വിഷയങ്ങള്‍. londen ഇല്‍  താമസമാക്കിയ അനിയത്തിയും, അമേരിക്കയില്‍ മാനസിക രോഗ വിധഗ്ന്ധനായ അനിയനും എല്ലാം അവര്‍ക്ക് ഓര്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട കുടുംബ ബന്ധങ്ങളാണ്.

ഇടയ്ക്കിടയ്ക്ക് അവരെത്തേടി എത്തുന്ന സമ്മാനപ്പൊതികളും പൈസയും, പിറന്നാള്‍ സമ്മാനങ്ങളും, പിന്നെ വന്നു പോകുന്ന ഏതോ അകന്ന ബന്ധുവും,.... ഇതൊക്കെ കാത്തു ഇന്നും രേഷ്മാജി അങ്ങനെ ജീവിക്കുന്നു. ഉത്തരം  കിട്ടാത്ത മറ്റൊരു ചോദ്യമായി....


ആര്‍ക്കോ വേണ്ടി കാത്തിരിക്കുന്നവര്‍

"ദൈവം നമുക്ക് രണ്ട് കണ്ണുകളും , കൈകളും , കാലുകളും തന്നത് പോലെ രണ്ട് മനസ്സുകളും തന്നിരുന്നെങ്കില്‍ എത്ര നന്നായേനെ , ഒന്നിന് സ്ഥിരത നഷ്ട്ടപെടുമ്പോള്‍ മറ്റൊന്ന് ഉപയോഗിക്കാമായിരുന്നു . "

സ്ത്രീകളുടെ വാര്‍ഡിലെ രോഗി ഷീലയുടെ ചോദ്യമാണ്. ഈ ചോദ്യം ഏതെല്ലാം വികാരങ്ങളുടെ മിശ്രിമിതമാണെന്ന് എനിക്കറിയില്ല .ദൈവത്തോടുള്ള ദേഷ്യമോ , പുച്ച്ചമോ , ദയവായ്പ്പയോ , അതോ നിസ്സഹായതയോ?
  മനസ്സിന്‍റെ സമനില തെറ്റിയവരെന്നു മുദ്ര കുത്തപ്പെട്ടവരുടെ മനസ്സില്‍ നിന്നാണ് വിത്യസ്തമായ ചിന്തകളും ചോദ്യങ്ങളും ഉയര്‍ന്നു വരുന്നത് . വിരോദാഭാസം എന്ന് തോന്നാം.. അല്ലെങ്കില്‍ ഇതും  ഭ്രാന്തിന്‍റെ ബാക്കിയെന്നോണം എഴുതി തള്ളാം.

ഷീല  വന്നിട്ട് അഞ്ചു മാസത്തിലേറെ ആയി. ഇത് അവരുടെ നാലാമത്തെയോ, 5 )മത്തെയോ അഡ്മിഷന്‍ ആയിരിക്കും. ആദ്യ അഡ്മിഷന്‍ കുട്ടിയായിരുന്നപ്പോള്‍ കുട്ടികളുടെ വാര്‍ഡിലായിരുന്നു. പിന്നെയും പിന്നെയും അവള്‍ വന്നു കൊണ്ടേയിരുന്നു. ഇത്തവണ മരുന്ന് നിര്‍ത്തിയത് കൊണ്ടാണ് വീണ്ടും ലക്ഷണങ്ങള്‍ തിരികെ വന്നത്. യഥാര്‍ത്ഥത്തില്‍ മരുന്ന് നിര്‍ത്തിയതായിരുന്നില്ല, നിര്‍ത്താന്‍ നിര്‍ബന്ധിക്കപെടുകയായിരുന്നു . ഭ്രാന്താശുപത്രിയിലെ മരുന്ന് കുടിച്ചു കൊണ്ടിരുന്നാല്‍ കല്യാണം കഴിക്കാന്‍ ആളെ കിട്ടില്ല എന്നതായിരുന്നു, എല്ലാ വീട്ടുകാരുടെയും പോലെ അവരുടെ  വീട്ടുകാരുടെ  ന്യായം. ആ നിര്‍ബന്ധത്തെ വകഞ്ഞു മാറ്റി മരുന്ന് തുടര്‍ന്ന് കൊണ്ട് പോവാന്‍ മാത്രം  വെളിവ് വന്നിരുന്നില്ല അവര്‍ക്കന്നു. ഫലം  വിവാഹവും , വിവാഹ മോചനവും. അവിടെയും വില്ലനായത് രോഗം തന്നെ. മരുന്ന് നിര്‍ത്തിയതിന്റെ ഫലമായി വീണ്ടും രോഗലക്ഷണം കണ്ടു തുടങ്ങി. അതിന്‍റെ ഫലമെന്നോണം വിവാഹമോചനവും. അങ്ങനെയാണ് അവര്‍ വീണ്ടും adimit ആവുന്നത്. അവര്‍ പറയുന്നു ." കല്യാണവും കല്യാണ ജീവിതവും എല്ലാം സമ്മര്‍ദം നിറഞ്ഞതല്ലേ.. വേണ്ട, എന്ന് ഞാന്‍ പലതവണ പറഞ്ഞു , അമ്മ പറഞ്ഞു , കുറെ കാലമായില്ലേ ഭ്രാന്തിന്റെ മരുന്ന് കുടിക്കാന്‍ തുടങ്ങിയിട്ട്. കല്യാണം കഴിഞ്ഞു കുട്ടികളൊക്കെ ആവുമ്പോള്‍ അതെല്ലാം തനിയെ അങ്ങ് മാറും. അമ്മയത് പറഞ്ഞു രക്ഷപ്പെട്ടു , എല്ലാം സഹിക്കേണ്ടത് ഞാന്‍ മാത്രമല്ലെ, അവരിവിടെ കൊണ്ടിട്ടു പോയി, ഇന്നുവരെ  കൊണ്ട് പോവാന്‍ വന്നില്ല. " കണ്ണ് നിറഞ്ഞു അവര്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍. എന്റെയും അവരുടെയും. എന്ത് പറഞ്ഞാശ്വസിപ്പികും അവരെ ഞാന്‍. 

 മഹാലുകളുടെ നാടായ രാജസ്ഥാനില്‍ നിന്നും മരുഭൂമികള്‍ താണ്ടി വന്നതാണവര്‍... ഇനിയോരിക്കല്‍കൂടി രോഗം  ഭേദമായി തിരിച്ചു പോവുമെന്ന പ്രതീക്ഷയില്‍... ഇന്നും ആ പ്രതീക്ഷ കെടാതെ മനസ്സില്‍ ഉണ്ടോ എന്നറിയില്ല.

അവരുടെ മുഖം പറയുന്നത് മറ്റൊന്നാണ്. ജയയെ പ്പോലെ, രോഹിണിയെപ്പോലെ , തന്‍റെയും ഇനിയുള്ള വീട് ഈ ആശുപത്രി തന്നെയാകുമെന്ന സത്യവുമായി അവര്‍  പതിയെ പൊരുത്തപ്പെട്ടതുപോലെ. 

ആദ്യമാദ്യം കടന്നു ചെല്ലുമ്പോഴൊക്കെ അവള്‍ തന്‍റെ ജീജാജിയുടെ ഫോണിലേക്ക് വിളിപ്പിക്കുമായിരുന്നു. തുടരെ തുടരെ വിളിക്കുന്ന നമ്പര്‍ swiched off എന്ന് പറയ്യാന്‍ തുടങ്ങിയപ്പോള്‍ അവളും സത്യത്തെ ഉള്‍ക്കൊണ്ടിരിക്കണം. ഇപ്പോഴവള്‍ തന്‍റെ വീട്ടുകാരെ കുറിച്ച് ഒന്നും ചോദിക്കാറില്ല. സംസാരവും പ്രസരിപ്പും എല്ലാം കുറഞ്ഞു തികച്ചും മൌനിയായി.

താന്‍ പ്രിയപ്പെട്ടവരെന്നു കരുതിയവര്‍ക്ക് , തന്നെ വേണ്ടാതാവുന്നു  എന്ന സത്യം  എത്ര ക്രൂരവും , നിഷ്ടൂരവും ആയിരിക്കും....... ദൈവമേ... 
Saturday, October 1, 2011

വിലയില്ലാത്ത പെണ്‍കുട്ടി

വളരെ അലക്ഷ്യമായിട്ടാണ് അവര്‍ വസ്ത്രം ധരിച്ചിരുന്നത്. മുഷിഞ്ഞ , നിറം എന്തെന്ന് പറയാനാവാത്ത സാരിയും , അതിനോട്  ഒട്ടും യോജിക്കാത്ത ബ്ലൌസും , ഒരുപാട് നാളായി വെള്ളം കണ്ടിട്ടില്ലാത്ത ആ ശോഷിച്ച ശരീരത്തിന് വളരെ പരിചിതമായി തോന്നി. അന്താളിപ്പ് നിറഞ്ഞ മുഖത്ത് ജീവിതമേല്‍പ്പിച്ച മുറിവുകളും, ദാരിദ്ര്യത്തിന്റെ കറുത്തിരുണ്ട നിഴലും നന്നായി കാണാം. പരിശോധന മുറിയുടെ അഴുക്കു മാത്രം പിടിച്ച തറയിലൂടെ മുട്ടില്‍ ഇഴഞ്ഞു നീങ്ങുന്ന 8  മാസം തോന്നിക്കുന്ന ആ പെണ്‍കുട്ടിയെ അവര്‍ ശ്രദ്ധിച്ചത് തന്നെയില്ല. പകരം മനോ വൈകല്യമുള്ളതെന്നു ഒറ്റ നോട്ടത്തില്‍  തന്നെ തോന്നിക്കുന്ന  അടുത്തിരിക്കുന്ന 6 വയസ്സുകാരനിലായിരുന്നു അവരുടെ ശ്രദ്ധ മുഴുവന്‍. ആ കുട്ടിയുടെ ചികിത്സക്ക് വന്നതായിരുന്നു അവര്‍. കൂടെ ഒത്തിരി പ്രായമായ, അലക്ഷ്യമായി വസ്ത്രം ധരിച്ചതെങ്കിലും കാണാന്‍ പ്രസന്നതയുള്ള ഒരു അമ്മൂമ്മയുമുണ്ടായിരുന്നു. മുട്ടിലിഴയുന്ന ആ കൊച്ചു സുന്ദരിയെ ശ്രദ്ധിക്കുന്നതും , മറ്റു കാര്യങ്ങള്‍ നോക്കി നടത്തുന്നതും അവരായിരുന്നു. 

എന്‍റെ case discuss ചെയ്യാന്‍ വേണ്ടി, സീനിയര്‍ ഡോക്ടര്‍ ഉടെ സമീപതിരിക്കുമ്പോഴാണ് കുട്ടിയെ കണ്ണില്‍ പെട്ടെത്. ഇത്രയും തിരക്കുള്ള ആശുപത്രിയുടെ പരിശോധന മുറിയില്‍ , ആളുകളുടെ കാലുകള്‍ ക്കിടയിലൂടെ ഇഴഞ്ഞു കളിക്കുന്ന കുട്ടിയെ ആണ് ആദ്യം ശ്രദ്ധിച്ചത്. പിന്നെ കുടുംബത്തെ കണ്ടു പിടിച്ചു കുട്ടിയെ ശ്രദ്ധിക്കാന്‍ ഒരു മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പിന്നീട് തുടരെ , തുടരെ എന്‍റെ കസേരക്കടിയിലും വന്നു കളിക്കുന്ന കുട്ടിയുമായി  കണ്ണ് കൊണ്ടും , ആംഗ്യം കൊണ്ടും ഒത്തിരി നേരം ഞാനും കളിച്ചു. ഉച്ചയൂണിനായി ഹാള്‍ ഒഴിഞ്ഞപ്പോഴും അതേ സീറ്റിലിരിക്കുന്ന ആ കുടുംബം ഒരു ചോദ്യ ചിഹ്നമായി മനസ്സില്‍ തന്നെ കിടന്നു.  പിന്നീടു ആ അമ്മൂമ്മ ഡോക്ടര്‍ നെ സമീപിച്ചു കാര്യം പറഞ്ഞപ്പോഴാണ് കാര്യം പിടി കിട്ടിയത്. ആറു വയസ്സുകാരനെ അഡ്മിറ്റ്‌ ചെയ്യാന്‍ വേണ്ടി അപേക്ഷിക്കുകയായിരുന്നു അവര്‍. ആദ്യത്തെ consulting നു മാസങ്ങള്‍ക് ശേഷം കുട്ടിയുടെ സ്തിഥി വഷളായപ്പോള്‍ മാത്രം ആശുപത്രി സന്ദര്‍ശിച്ചു , അഡ്മിഷന്‍ ആവശ്യപ്പെടുന്നതിലെ പന്തി കേട് മണത്തു കൊണ്ടാവണം ഡോക്ടര്‍ ആ അപേക്ഷ പാടെ നിരസിച്ചത്‌ . ( ഇത്തരം രോഗികളെ അട്മിട്റ്റ് ചെയ്തു , ആശുപത്രിയില്‍ ഉപേക്ഷിച്ചിട്ട് പോകുന്നത് ഒരു സ്ഥിരം സംഭവമായിരുന്നു ).

ഉച്ചയൂണിനായി ഞങ്ങളും പിരിഞ്ഞു. രണ്ടാം പകുതിയില്‍ അവരെ വീണ്ടും കാണുമ്പോള്‍ അവര്‍ പ്രവേശന കവാടത്തിനടുത്തിരിക്കുകയായിരുന്നു . നേരെത്തെ പോലെതന്നെ കുട്ടിയെ അലക്ഷ്യമായി മണ്ണില്‍ ഇഴയാന്‍ വിട്ടിരിക്കുന്നു. കുട്ടി ചുറു ചുറുക്കോടെ കളിച്ചു കൊണ്ടിരിക്കുന്നു. വഴിയെ നടന്നു പോവുന്ന എന്നെ ആ കൊച്ചു കുട്ടിയുടെ വികൃതികളാണ് അങ്ങോട്ട്‌   ആകര്ഷിപ്പിച്ചത് . പരിസരം മറന്നു കുറച്ചു നിമിഷങ്ങള്‍ ഞാനാകുട്ടിയുമായി കൂട്ട് കൂടി. ഏതോ മറന്നു പോയ ബന്ധം ഞങ്ങള്‍ തമ്മില്‍ ഉള്ളത് പോലെ. 

തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ എന്നെ നോക്കി കുട്ടി അപ്രതീക്ഷിതമായി ഒച്ചവെച്ചു. അത് കേട്ട് തിരിഞ്ഞു നോക്കിയ എന്നുടെ നേരെ ആ  അമ്മോമ്മ  യുടെ നിസ്സഹായമായ അഭ്യര്‍ത്ഥന." ദയവായി , ഈ കുട്ടിയേയും കൂടെ കൊണ്ട് പോവൂ സിസ്റ്റെര്‍ജി , ഞങ്ങള്‍ വളരെ പാവപ്പെട്ടവരാണ്. നിങ്ങള്‍ക്കാവുമ്പോള്‍ പണമുണ്ട്. ഇതിനെ പഠിപ്പിച്ചു വലിയവളാക്കി, കല്യാണം കഴിപ്പിച്ചയ്ക്കൂ. ഞങ്ങള്ക്കതിനു കഴിയില്ല. ഇതിനെയും കൊണ്ട് പോവൂ സിസ്റ്റെര്‍ജി.. "
കോരിത്തരിച്ചു നിന്ന് പോയി ഞാന്‍. തന്‍റെ പേരക്കുട്ടിയെ വില പറയാതെ മറ്റൊരാളോട് എടുത്തു കൊള്ളാന്‍ അപേക്ഷിക്കുന്ന ഒരമ്മൂമ്മ. ഇവരോട് എന്ത് ഉത്തരം പറയണം എന്നെനിക്കരിയില്ലയിരുന്നു. ഞാനും ഒരു സ്ത്രീ തന്നെയാണല്ലോ .. 
അവരെ അതിനു പ്രേരിപ്പിച്ചത് എന്തായിരിക്കും? 

ദാരിദ്ര്യമോ? പെണ്‍കുട്ടിയെന്ന എന്ന വിത്യാസമോ? Friday, September 30, 2011

വഴി തെറ്റി ഓടുന്നവള്‍
അവള്‍ എപ്പോഴും ഒരുങ്ങി നടക്കാനാണ് ഇഷ്ട്ടപെട്ടിരുന്നത്. ചെരുപ്പിനൊത്ത മുടിക്കുടുക്ക്, ലിപ്സ്റ്റിക്  , വസ്ത്ത്രതിനൊത്ത ഐ ലാഷ് , എന്നിവയെല്ലാം വേണം അവള്‍ക് ഓരോ ദിവസവും പുറത്തിറങ്ങാന്‍. പുറത്തിറങ്ങുക  എന്നാല്‍ ഷോപ്പിങ്ങിനോ  സ്കൂളിലോ പോവുകയല്ല . ഓരോ രാവിലെയും കുളി കഴിഞ്ഞു പുറത്തിറങ്ങാന്‍ അവള്‍ക് വേണ്ട ഒരുക്കങ്ങളാണ് ഇതെല്ലം. ആശുപത്രിയില്‍ അഡ്മിറ്റ്‌  ആയപ്പോഴും ഈ വക കാര്യങ്ങളിലൊന്നും വിട്ടു വീഴ്ച ചെയ്യാന്‍ അവള്‍ തയ്യാറായിരുന്നില്ല. ഇത്രയും നന്നായി ശരീരത്തെ സൂക്ഷിക്കുന്നത് കൊണ്ടാവാം അവള്‍ എല്ലാവരെയും ആകര്‍ഷിച്ചിരുന്നു. ഒരു കൌമാരക്കാരിയുടെ  കാട്ടി കൂട്ടലുകള്‍ക്കും അപ്പുറമായിരുന്നു അവളുടെ ഓരോ പ്രവര്‍ത്തനങ്ങളും. ചിലതെല്ലാം ഡോക്ടര്‍മാരെ  വരെ അമ്പരപ്പിക്കുന്നതായിരുന്നു. ഈ വക പ്രവര്‍ത്തങ്ങള്‍ തന്നെയായിരുന്നു അവളെ ഈ മനസികശുപത്രിയിലെക്ക്  എത്തിച്ചതും.

വളരെ ആധിപത്യ മനോഭാവമുള്ളതായിരുന്നു   ആ കുട്ടിയുടെ സ്വഭാവം . അവളുടെ മുന്‍പില്‍ പറഞ്ഞു പിടിച്ചു നില്‍ക്കാനോ അവള്‍കിഷ്ട്ടമില്ലാതെ അവളെകൊണ്ടൊരു കാര്യം ചെയ്യിക്കാനോ കഴിയില്ലായിരുന്നു. മറിച്ച്‌ അവള്‍  തീരുമാനിച്ച ഒരു കാര്യം അവള്‍ എന്ത് വിലകൊടുത്തും നടത്തുമായിരുന്നു. വാക്ക് കൊണ്ടുള്ള യുദ്ധവും അത്ര ശക്തി ഏറിയതായിരുന്നു . എന്നാല്‍ നേതൃ പാടവം വേണ്ടുവോളമുണ്ട്താനും . എന്നിട്ടും അവര്‍ സമൂഹത്തിന്‍റെ ചീത്ത കണ്ണികളില്‍ ഒന്നായിപ്പോയി. കഞ്ചാവും മദ്യവും അവളുടെ നിത്യോപയോഗ വസ്തുക്കളായി. കൌമാരത്തിന്റെ പടിപ്പുരയില്‍ തന്നെ അവള്‍ പല രീതിയീ ലുള്ള  ബന്ധങ്ങളിലും അകപ്പെട്ടു. പക്ഷെ അവളൊട്ടും ഖേദിച്ചിരുന്നില്ല. കൂസലില്ലാതെ അവള്‍ എല്ലാം ന്യായീകരിച്ചു കൊണ്ടിരുന്നു. 

കാര്യങ്ങള്‍ ഇത്ര അപകടം പിടിച്ചതാണെന്ന് കണ്ടപ്പോഴാണ് കുടുംബത്തെ 'അളന്നെടുക്കാന്‍ '  ചികിത്സിക്കുന്ന ഡോക്ടര്‍ എന്നെ ഏല്‍പ്പിച്ചത്. 

കുടുംബം എന്ന് അതിനെ  വിളിക്കാമോ  എന്നെനിക്കറിയില്ല. എല്ലാം അമ്മയില്‍ നിന്ന് കേട്ട് കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി, അങ്ങനെയൊരു ഉദ്യമമം വേണ്ടായിരുന്നു എന്ന്. കാരണം psychiatric social worker എന്ന നിലയില്‍ ഞാന്‍ അവരുടെ കാര്യത്തില്‍ നിസ്സഹായവുമെന്ന  തോന്നിപ്പോയി എനിക്ക്. . 

കുടുംബ പുരാണം വളരെ മുന്‍പ് തുടങ്ങിയതാണ് .  അവളുടെ അച്ഛനും അമ്മയും തമ്മില്‍ കല്യാണം കഴിച്ച മുതല്‍ കഥ ആരംഭിച്ചിരുന്നു. അച്ഛന് വേരെയൊരു സ്ത്രീയിലുണ്ടായിരുന്ന ബന്ധവും കല്യാണം കഴിഞ്ഞും ആ ബന്ധത്തിന്‍റെ തുടര്‍ച്ചയും എല്ലാം ഒരു പഴം കഥ പോലെ ഇവിടെയുമുണ്ടായിരുന്നു. ഇതിനെല്ലാം ഇടയില്‍ ഇവളടക്കം 4 പേരും ആ ബന്ധത്തിന്‍റെ ബാക്കി പത്രമായി പിറവിയെടുതിരുന്നു. എന്നിട്ടും അച്ഛന്‍ പഴയ ബന്ധം നിലനിര്‍ത്തി പോന്നു. അമ്മ  ചില്ലറ പണിയെടുത്തു കിട്ടുന്നത് കൊണ്ട് മക്കളെ വളര്‍ത്തി. എന്നിട്ടും മക്കള്‍ക്കെന്നും അമ്മയോട് അസ്വസ്ഥത  മാത്രമേ ഉണ്ടായിരുന്നുള്ളൂ . 

ചേച്ചിയാണ് അവളുടെ ഏറ്റവും വലിയ കൂട്ട് . കൂട്ട് മാത്രമല്ല വഴികാട്ടിയും .ചേച്ചി കാണിച്ചു കൊടുത്ത  വഴി അവള്‍ക്കു കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. സമൂഹത്തിലെ എല്ലാ ഊടുവഴികളിലൂടെയും സഞ്ചരിക്കാറുള്ള അവര്‍ കൊച്ചനുജത്തിയെയും കൂടെ കൂട്ടി. ആ യാത്രയില്‍ രസമേകാന്‍ ലഹരിയും കൂട്ടിനുണ്ടായിരുന്നു. അങ്ങനെ എല്ലാറ്റിനും ബാല പാഠം നല്‍കാന്‍ കുടുംബത്തില്‍ തന്നെ ആളുകളുണ്ടായിരുന്നു . കാര്യങ്ങള്‍ അത്രക്കായപ്പോള്‍ മക്കള്‍ക്ക്‌ രണ്ടുപേര്‍ക്കും അമ്മയെ കണ്ടു കൂടെന്നായി . കാരണം പള്ളിയും പ്രാര്‍ത്ഥനയുമായി ജീവിക്കുന്ന അമ്മ ഇവരെ ഉപദേശിക്കാന്‍ ഇടയ്ക്കിടയ്ക്ക് ശ്രമം നടത്താറുണ്ട്. അതുംകൂടെ ആയപ്പോള്‍ ചേച്ചിയും അനിയത്തിയും കൂടെ വീട് മാറി താമസിക്കാനും തുടങ്ങി. സഹായത്തിനു ചേച്ചിയുടെ ഒരു രഹസ്യ ബന്ധക്കാരനുമുണ്ടായിരുന്നു.
അച്ഛനെക്കുറിച്ച് അവള്‍ക്കു  നിറമുള്ള ഓര്‍മ്മകള്‍ ഒന്നുമില്ല .അമ്മയോട് എന്നും വഴക്കിടാനും തല്ലാനും മാത്രം വീട്ടില്‍ വരുന്ന അച്ഛനെക്കുറിച്ച് എങ്ങനെ നല്ല ഓര്‍മ്മകള്‍ ഉണ്ടാവാനാണ്.  തന്‍റെ കിഡ്നി  തകരാറിലായി   മരിച്ച പോലീസുകാരനായ അച്ഛനെ കുറിച്ച് പറയുമ്പോഴും അവള്‍ക്കു പ്രത്യേകിച്ച് വികാര മാറ്റവും ഉണ്ടായില്ല . അവള്‍ക്കയാളോട് ഒരു മമതയുമുണ്ടായിരുന്നില്ല . പകരം വെറുപ്പ്‌ മാത്രം.

ഒരു ചെട്ടനുള്ളത് ഏതോ ഏടാകൂട കാര്യത്തിന് കാര്യത്തിന് ജയിലാണ്. അയാള്‍ക്ക് ഏതോ സ്ത്രീയിലുള്ള ഒരു കുട്ടിയാണ് വീട്ടുകര്‍കുള്ള അയാളുടെ സമ്മാനം. ആ കുട്ടിയാണ് ഇപ്പോള്‍ ആ കുടുംബത്തിന്‍റെ ആകെയുള്ള സന്തോഷം.

ഇവിടെ ഞാന്‍ ആരെയാണ് തിരുത്തേണ്ടത്? ആരെയാണ് ചികിത്സിക്കേണ്ടത്? ജീവിതം ആരംഭിചിട്ടില്ലാത്ത ആ കൌമാരക്കാരിയെയോ? അതോ അടിത്തറയില്ലാത്ത ആ കുടുംബത്തെയോ?
 ഒരുങ്ങി നടക്കാനിഷ്ട്ടപ്പെടുന്ന ഒരുപാട് സ്വപനങ്ങള്‍ കാണുന്ന, ജീവിതത്തില്‍ വലിയ ആരോ ആവാന്‍ കൊതിക്കുന്ന , സുന്ദരിയായ പെണ്‍കുട്ടി. ജീവിതം അവളുടെ മുന്‍പിലും ഇരുട്ട് മാത്രമാവുമോ? Thursday, September 29, 2011

പിടി തരാത്ത മനസ്സുകള്‍ ..

ലളിതജിയില്‍  നിന്ന് തുടങ്ങാം. ഒരുപാടു നാളുകള്‍ക് ശേഷം ഇന്ന് ഞാന്‍ സ്ത്രീകളുടെ വാര്‍ഡില്‍ പോയപോഴും അവരവിടെ ഉണ്ടായിരുന്നു . ആരെയും കാണണം എന്നാലോചിച്ചല്ല   അവിടെ  പൊയത്.ഓരോ വാര്‍ഡിലെ പോസ്റ്റിങ്ങ്‌ കഴിയുമ്പോഴും നേരിടേണ്ട ചെറിയ വൈവയെ  നേരിടാനാണ്  പോസ്റ്റിങ്ങ്‌ കഴിഞ്ഞും 16  ദിവസത്തിന് ശേഷം അവിടെ പൊയത്.  അതുകൊണ്ടാവാം പെട്ടന്നു അവരെ കണ്ടപ്പോള്‍ ആശ്ചര്യം തോന്നി. കാരണം ഒരുമാസത്തിലധി കമായി  അവര്‍ ഈ മാനസികാശുപത്രിയിലെത്തിയിട്ട് . ഇവരെ കൊണ്ടുപോവാന്‍ ഇതുവരെ ആരും വന്നിട്ടില്ല  . പിന്നെ തോന്നി , എങ്ങനെ കൊണ്ട് പോവാനാണ്; നിയപരമായിട്ടുള്ള സമയപരിധി കഴിഞ്ഞിട്ടും,  രോഗലക്ഷണങ്ങള്‍  മുഴുവനായും    അവരെ വിട്ടു പോയിട്ടില്ല എന്ന് അവരുടെ മുഖവും സംസാരവും  വിളിച്ചു പറയുന്നുണ്ട്. പിന്നെ ഇത്രയും മാനസികമായും ശാരീരികമായും ശോഷിച്ച ഒരു ഭാര്യയെ അവരുടെ ഭര്‍ത്താവിനും വേണ്ടായിരിക്കും. അങ്ങനെ ആ വാര്‍ഡിലെ മറ്റു രോഗികളെ പ്പോലെ അവരും ശിഷ്ട ജീവിതം അവിടെ കഴിയാന്‍ വിധിക്കപ്പെടുകയയിരിക്കും .


                       ഏകദേശം 60 തിനോടടുത്തുണ്ട് അവര്‍ക്ക് പ്രായം. നടക്കുമ്പോള്‍ ചെറിയൊരു വൈകല്യവുമുണ്ട്. മുടി പാടെ വെട്ടി ആണുങ്ങള്‍ പോലെ ആക്കിയിരിക്കുന്നു . സംസാരവും മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാവുന്ന തരത്തിലല്ലെങ്കിലും സംസാരപ്പ്രിയ തന്നെയാണ്. ജീവിതത്തിന്‍റെ സായാഹ്നത്തില്‍  മനസ്സിന് പിടി വിട്ടത് കൊണ്ടാണ് രോഗത്തിന് മേല്‍ മരുന്നുകള്‍ക്കും പിടി കിട്ടാത്തത്. അതുകൊണ്ടാണല്ലോ ചികില്‍ത്സ തുടങ്ങി ഒന്നരമാസം പിന്നിട്ടിട്ടും ഇവരുടെ രോഗലക്ഷണങ്ങള്‍ ഇവരെ വിട്ടു പോവാത്തത്‌. വയ്യെങ്കിലും ഏന്തി വലിഞ്ഞു എല്ലായിടത്തും എത്തുമായിരുന്നു അവര്‍ . മറ്റുള്ള രോഗികളുമായി കൂട്ടിനേക്കാള്‍ ഏറെ വഴക്കുമായി അവര്‍ നടന്നിരുന്നു. സംസാരത്തില്‍ സ്നേഹനിധിയായ ഭര്‍ത്താവും മക്കളും , പിന്നെ അങ്ങനെ ഒരു മാനസികശുപത്രിയില്‍ പെട്ട് പോയതിന്‍റെ വേദനയും നിറഞ്ഞു നിന്നിരുന്നു. പക്ഷെ എല്ലാറ്റിനുമുപരി തന്‍റെ ശിവജിയുമായുള്ള ബന്ധവും, മറ്റു വിശേഷ ശക്തികളും ആയിരുന്നു പറയാനുണ്ടായിരുന്നത്. ഇതിനെല്ലാം ഓരോ ഓമനപേരിട്ടു വിളിക്കുന്ന ശാസ്ത്ര ലോകത്ത് ജീവിക്കുന്നവര്‍ക്കെവിടെ ഇതില്ലെല്ലാം കാര്യമിരികുന്നു.


       എന്തൊക്കെയോ പറയണമെന്ന് കരുതിയാണെന്ന് തോന്നുന്നു പ്രതീക്ഷാപൂര്‍വം അവര്‍ ഡോക്ടേഴ്സ് റൂമിന്റെ വാതില്‍ തുറന്നത്. പെട്ടെന്ന് അവരെ തിരിച്ചറിയാന്‍ എനിക്ക് കഴിഞ്ഞില്ലെങ്കിലും  അവര്‍ എന്നെ തിരിച്ചറിഞ്ഞു. ഒരു നാള്‍ ' ഓ മേരി ബേട്ടീ, കഹാം ജാ രഹീ ഹൈ, ആപ് ' എന്ന് വിളിച്ചു കരഞ്ഞു കൊണ്ട് എന്‍റെ പിന്നാലെ ഓടി വന്നതു  ഇവര്‍ തന്നെയായിരുന്നലോ ... അന്ന് എന്നോട് എന്തോ പ്രത്യേക  ബന്ധം  അവര്‍ കാണിച്ചിരുന്നു . കൂടെ കൂടെ അവര്‍ എന്നെ മകളെന്നു വിളിക്കുക്കയും സന്തോഷം പ്രകടമാക്കുക്കയും ചെയ്തിരുന്നു. ഞങ്ങളുടെ ജോലി  നിയമങ്ങള്‍  പ്രകാരം  ഇങ്ങനെ  ഒരു വികാര മാറ്റം ചികിത്സയില്‍ ഗുണം ഉണ്ടാക്കില്ല  എന്നത് കൊണ്ട്  ഞാന്‍ അവരുമായുള്ള ഇടപിഴകല്‍ മനപൂര്‍വം   കുറച്ചു കൊണ്ട് വരികയായിരുന്നു അന്ന്. ഇപ്പോള്‍   വയ്യാണ്ടായിരിക്കുന്നു അവര്‍ക്ക് .... പേര് ചൊല്ലി വിളിച്ചപ്പോഴാണ് അതുവരെ മുഖത്തുണ്ടായിരുന്ന നിര്‍വികാരത മാറി ഒരു ചെറു പുഞ്ചിരി വിടര്‍ന്നത് . ആ പുഞ്ചിരി യും പക്ഷെ മനസ്സില്‍നിന്നും വിടര്‍ന്നതല്ല എന്ന് പെട്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പഴയ പ്രസന്നത ഒന്നുമില്ല മുഖത്ത്.  ഏറെ സ്നേഹിക്കുന്ന മക്കള്‍ ഡിസ്ചാര്‍ജ് ചെയ്യാനായി വരാത്തതാണ് ഉള്ളിലെ സങ്കടമെന്നു ചോദിക്കാതെ തന്നെ മനസിലാക്കാം. ഉന്മാദത്തില്‍ നിന്നും വിഷാദ തിലേക്കു മാനസികാവസ്ഥ മാറിയെന്നു മുഖം വിളിച്ചു പറയുന്നു.  


ആശ്ചര്യം തോന്നി അവരെന്നെ തിരിച്ചറിഞ്ഞപ്പോള്‍. ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു , മെ കേസേ ഭൂല്‍ സക്തി ഹും ? ( എന്നെ എങ്ങനെ മറക്കാനാവും ?)


ദിവസവും നൂറു കണക്കിന് രോഗികളെ കാണുന്ന ,  മനസ്സുകളെ   വെറും objects ആയി കാണുകയും ചെയ്യുന്ന  എന്നെ പോലുള്ളവര്‍ക്  മനസ്സിന്റെ പിടി വള്ളി നഷ്ട്ടപെട്ട ഇവരെ പോലുള്ളവര്‍ ചില്ലപ്പോള്‍ അത്ഭുദം സമ്മാനിക്കുന്നു.ഇവരുടെ  വൈകാരിക ബന്ധത്തിന് മുന്‍പില്‍ മനശാസ്ത്രത്തില്‍ ഉപരി പഠനത്തിനു ശ്രമിക്കുന്നവര്‍ പോലും  വളരെ ചെറുതായിപോവുന്നു. 


 (പേര് മാറ്റിയിരിക്കുന്നു )