Thursday, July 12, 2012


  

 ഇടറുന്ന കുഞ്ഞു മനസ്സുകള്‍                                           


കുഞ്ഞു നാളില്‍ കുട്ടിയോട് ആരോ ചോദിച്ചു , ' മോള്‍ക്കാരെയാ  കൂടുതല്‍ ഇഷ്ട്ടം, അച്ച്ചനെയോ, അമ്മയെയോ?' എനിക്ക് അച്ഛനെയും , അമ്മയെയും ഒരുപോലെ ഇഷട്ടാ ..." എന്ന് കുട്ടിയുടെ മറുപടി . " എടി കള്ളീ.. നീ ആളൊരു മിടുക്കിയാണല്ലോ  .. ആരെയും പിണക്കാതിരിക്കാനുള്ള സാമര്‍ത്ഥ്യം ഒക്കെ പഠിച്ചു വെച്ചിട്ടുണ്ട് അല്ലെ?" എന്ന് ചോദിച്ചവര്‍ തമാശ പറഞ്ഞു.

കഴിഞ്ഞ ദിവസം അതേ ചോദ്യമാണ് മറ്റൊരു  രീതിയില്‍ കുഞ്ഞാറ്റ യോട്  കോടതി ചോദിച്ചത് . ആരുടെ കൂടെ പോവാനാണ് ഇഷ്ടമെന്ന്. കുഞ്ഞാവുമ്പോള്‍ ആരെയും പിണക്കാതെ ഉത്തരം പറയാനുള്ള സാമര്‍ഥ്യം കുട്ടികള്‍ക്കുണ്ടാവുമെങ്കില്‍ 14 വയസ്സില്‍ ഏതൊരു കുഞ്ഞാറ്റക്കും അതിലേറെ പക്വത കൈവന്നിട്ടുണ്ടാവും. പക്ഷെ ആ പക്വത എടുത്തുപയോഗിക്കാനുള്ള അവസരമല്ല ഈ വിസ്താര വേള .. കോടതിക്കും കാഴ്ചക്കാര്‍ക്കും, എന്തിനു പണ്ട് 'അച്ഛനമ്മ' എന്ന് ഒന്നിച്ചു കേള്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന അച്ഛനും അമ്മയ്ക്കും പോലും അതിലൊരു പേരേ കേള്‍കെണ്ടൂ ..അതുകൊണ്ട് ഒന്ന് തിരഞ്ഞെടുക്കൂ..

ഈ വിസ്താര വേള  മാത്രം മതി അച്ഛനമ്മമാരുടെ വിവാഹ മോചനം കുട്ടികളിലുണ്ടാക്കുന്ന മനസികാഘാതം എത്രയെന്നു മനസ്സിലാക്കാന്‍.., കളിപ്പാട്ടം തിരഞ്ഞെടുക്കും പോലെ അച്ചനും, അമ്മയില്‍ നിന്നും ഒന്ന് തിരഞ്ഞെടുക്കാനുള്ള ആവശ്യപ്പെടല്‍.,... ഒരുതരം പറിച്ചു വേര്‍പെടുത്തല്‍...
നീതിന്യായ വ്യവസ്തയെയോ, കോടതിയേയോ ചോദ്യം ചെയ്യുകയല്ല ഉദ്ദേശം. മാതൃ- പിതൃ ബന്ധത്തിലെ താളപ്പിഴ കോടതിയോളം എത്തുമ്പോഴും ഏതൊരു കുഞ്ഞാറ്റയും അനുഭവിക്കുന്ന ആഴത്തിലുള്ള മുറിവും, വേദനയും, ആശയ കുഴപ്പവും പരമാര്‍ശിചെന്നെ ഉള്ളു...ഇത്തരം ആയിരക്കണക്കിന് കുഞ്ഞാറ്റ  മാരുണ്ട് നമ്മുടെ നാട്ടില്‍., കോടതി കയറിയവരോ, അല്ലാത്തവരോ ആയി..


ഒരു കുഞ്ഞുമുഖമാണ് ഇതെഴുതുമ്പോള്‍ മനസ്സില്‍ തെളിയുന്നത്. മനസികശുപത്രിയുടെ കുട്ടികളുടെ വാര്‍ഡില്‍ നിര്‍ത്താതെ , ചാടിയും, ഓടിയും, വികൃതി കാണിച്ചും, വിലസിയ 11 വയസ്സുകാരന്‍,. അവനെ അവിടെയെത്തിച്ചത്, അവന്‍റെ ലഹരിവസ്തുക്കളുടെ ഉപയോഗമാണ്..അമിത ലഹരിയുപയോഗം എന്ന് പ്രത്യേകം പറയനാവില്ല.. കാരണം 11 വയസ്സുകരനില്‍ ലഹരി ഉപയോഗം, ചെറുതായാലും വലുതായാലും അമിതമാണ്... ഇവനില്‍  അത് അമിതമായിട്ടു  തന്നെ ഉണ്ടായിരുന്നു..
താമസിക്കുന്ന ഗലിയിലെ മുതിര്‍ന്നവരുമായിട്ടയിരുന്നു അവന്‍റെ  കൂട്ട്.. അവര്‍ ഈ കൊച്ചു പയ്യനെ മോഷണതിനുപയോഗിച്ചു..കുട്ടിയായത് കാരണം ഏതു  ചെറിയ മാളത്തിലൂടെയും  കടത്തിവിടാം.. അങ്ങനെ അവരുടെ ഇടയില്‍ ഈ കൊച്ചുപയ്യന്‍ ഹീറോ ആയി.പകരം അവനു അവര്‍ ആ  കുഞ്ഞു കൈയില്‍ കാശു വെച്ച്  കൊടുത്തു.കുഞ്ഞു ശരീരത്തിലേക്ക് ലഹരിയുടെ പ്രത്യേകാനുഭൂതി പകര്‍ന്നുകൊടുത്തു . പെട്രോള്‍, സിഗരറ്റ് , കഞ്ചാവ്, കിട്ടിയാല്‍ കള്ളും , ഒന്നും അവന്‍ വെറുതെ വിട്ടില്ല. അച്ഛന്‍ കള്ള്  വാങ്ങാന്‍ അവനെ പറഞ്ഞു വിടുമായിരുന്നു. എതിര്‍ത്താല്‍ അമ്മക്ക് കഠിന  മര്‍ദനം , അതും കുട്ടികളുടെ മുന്നില്‍ തന്നെ.. കള്ള്  കുടിക്കാനും, അമ്മയെ തല്ലാനും മാത്രം വന്നിരുന്ന അച്ഛനെ അവന്‍  ഒരു തമാശയോടെ ഓര്‍ത്തിരുന്നു . അയാള്‍ വേറെ കല്യാണം കഴിച്ചു പോയപ്പോള്‍ കുറച്ചു സമാധാനം കിട്ടിയെന്നു അമ്മ. ഇങ്ങനെ തിരുത്താന്‍ ആരുമില്ലാതെ,  അമ്മയുടെ നിയന്ത്രണത്തിനപ്പുറതേക്ക്  അവന്‍  വളര്‍ന്നു, വളര്‍ന്നു,  ആ ആശുപത്രിയെലെത്തി. ഡോക്ടര്‍മാര്‍ conduct  disorder & attention deficit hyper active disorder എന്ന് വിധി എഴുതി. .മരുന്നുകളും ആശുപത്രി ചുറ്റുപാടുകളും , തല്ക്കാലം അവന്‍റെ  ഇച്ചയെ നിയന്ത്രിക്കുകയും, അവന്‍റെ  വികൃതികളെ നിയന്ത്രിക്കുകയും ചെയ്തു. എന്നാല്‍ ഒരു താല്‍കാലിക പരിഹാരത്തിനപ്പുറത്തേക്ക്  അതൊന്നും വളര്‍ന്നില്ല.. psychology ഉടെ സകല വിദ്യകളും പരീക്ഷിച്ചപ്പോഴും,മറ്റപെടാന്‍ കഴിയാതെ ഒന്നുണ്ടായിരുന്നു. ശിഥിലമായ അവന്‍റെ  കുടുംബം , വളരുന്ന ചുറ്റുപാട് .. മൂന്ന് നേരം മൂന്ന് കുട്ടികള്‍ക്ക് ഭക്ഷണം നല്‍ക്കാന്‍ കഷ്ട്ടപെടുന്ന  യുവതിയായ അമ്മക്ക് ഈ 11 കാരന് വേണ്ടി ആവോളം ചിലവഴിക്കാന്‍ പണമില്ലയിരുന്നു , സൌകര്യമില്ലയിരുന്നു, സമയവും ഇല്ലായിരുന്നു..ചുറ്റുപാടുകള്‍ മാറ്റാന്‍ പറ്റില്ലായിരുന്നു. അച്ചനന്‍റെ  സ്നേഹവും സംരക്ഷണവും എവിടുന്നു കൊടുക്കും. discharge നു മാസങ്ങള്‍ക്ക്  ശേഷം,മറ്റൊരു വഴിയിലൂടെ , അവനെ ക്കുറിച്ച് ലഭിച്ച വാര്‍ത്ത‍ വീണ്ടും വേദന മാത്രം തരുന്നതായിരുന്നു.. ഞങ്ങളുടെ നാലു മാസത്തെ കിണഞ്ഞ പരിശ്രമത്തിനു ശേഷം ഇന്നും അവന്‍ ആ ഗലിയിലെ അറിയപ്പെടുന്ന മോഷ്ടവാണ് , ലഹരി ഉപഭോക്താവുമാണ്. 

ജോലിയുടെ ഭാഗമായി ഇത്തരം നിരവധി കുട്ടികളെ കാണാനും കേള്‍ക്കാനും അവസരം ലഭിച്ചിട്ടുണ്ട്. അവരുടെയെല്ലാം വേദനക്ക് ഒരേ നരച്ച നിറമായിരുന്നു. തുറന്നു പറയാന്‍പോലും അറിയാത്ത ഇവരുടെ തേങ്ങലുകള്‍ പലപ്പോഴും മൗന മായിട്ടാണ് .പകരം, ഈ ആഘാതങ്ങള്‍ മറ്റു പല രീതിയില്‍ അവര്‍ പുറത്തു കാണിക്കുന്നു.. ചിലരുടെ മാനസികനില തെറ്റുന്നു,  ചിലര്‍, സമൂഹത്തിനു മുന്നില്‍ 'കുരുത്തം കേട്ടവരാകുന്നു', ചിലര്‍ ലഹരി പദാര്‍ത്ഥങ്ങളില്‍ അഭയം പ്രാപിക്കുന്നു. ചിലര്‍, 'കള്ളന്മാരും', 'ഗുണ്ടകളുമാകുന്നു '.

ഈ കുട്ടികളില്ലെല്ലാം പൊതുവായി കാണുന്നത് ഒരേതരം അരക്ഷിതവസ്ഥ യാണ്  . അവരുടെ വ്യക്തി ജീവിതത്തില്‍, ബന്ധങ്ങളില്‍, സുഹൃബന്ധങ്ങളില്‍  , പഠന മേഖലയില്‍, എന്ന് തുടങ്ങി,സാമൂഹ്യ ജീവിതത്തിലേക്ക്  വരെ നീണ്ടു പോവുന്ന, അല്ലെങ്കില്‍ ഇടയ്ക്കിടെ പൊങ്ങി വരുന്ന ഒരുതരം അരക്ഷിതാവസ്ഥ. ഇത് അവരുടെ വ്യക്തിത്വ  വികസനത്തെ, തുടര്‍ന്നുള്ള വിവാഹ ജീവിതത്തെ, തൊഴില്‍ മേഖലയെ എല്ലാം ബാധിക്കാനുള്ള സാധ്യത ഏറെയാണ്‌..

കേരളത്തിന്‍റെ  അല്ലെങ്കില്‍ ഭാരത സമൂഹത്തിന്‍റെ  തന്നെ കണ്ണില്‍ ഇത്തരം കുട്ടികള്‍ ഒരു പ്രത്യേക രീതിയില്‍ നോക്കികാണപ്പെടുകയും, അതോടൊപ്പം, വിലയില്ലാത്ത സഹതാപം  മാത്രം സമ്മാനമായി നല്‍കപ്പെടുകയും ചെയ്യുന്നു. 

ഭാര്യ-ഭര്‍തൃ പ്രശ്നങ്ങള്‍ക്ക്  പല രൂപങ്ങളുമുണ്ടാവം . ചെറുതും, വലുതുമായ പ്രശങ്ങള്‍ക്ക് തമ്മിലടിക്കുന്നവര്‍.. ചിലര്‍ ന്യായമായ കാരണങ്ങള്‍  കൊണ്ട് വേര്‍പിരിയുന്നു. ഇതൊന്നും ഇവിടെ ചര്‍ച്ച ചെയാന്‍ ഉദ്ദേശിക്കുന്നില്ല .  വിജയകരമായ ഒത്തു തീര്‍പ്പോടെ വേര്‍പിരിയുകയോ , കോടതി വിവാഹ മോചനം നല്‍കി തിരിച്ചു അവരവരുടെ ജീവിതലേക്ക് നടന്നു കയറുമ്പോഴും, കുട്ടിയുടെ സംരക്ഷണാവകാശം . നേടിയെടുക്കുമ്പോഴും ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. വേര്‍പെടുതപ്പെട്ട മാതാവിന്‍റെ/പിതാവിന്‍റെ  സ്നേഹവും, സംരക്ഷണവും, സാമീപ്യവും, മറ്റു പലതും, സംരക്ഷണാവകാശം  ലഭിച്ച പിതാവിന്/മാതാവിന് ഒറ്റയ്ക്ക് നല്‍കാന്‍ കഴിയുമോ?  ഇത് നേടാന്‍ കുട്ടി എവിടെപോവണം?

ഞാന്‍ പരാമര്‍ശിച്ച, 11 കാരനടക്കം, സാമ്പത്തികമായി പിന്നോക്കം, നില്‍ക്കുന്നവരോ, മുന്നോക്കം  നിലക്കുന്നവരോ  ആയുള്ള, ഇത്തരം ആയിരക്കണക്കിനു കുട്ടികള്‍ക്ക് വേണ്ടി സമൂഹത്തിനു  എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും, അതുപോലെ, പ്രതീകൂലമായ ചുറ്റുപാടില്‍ വളരുന്ന ഇത്തരം കുടുംബങ്ങളിലെ കുട്ടികളെ പുനരധിവിസിക്കാനുള്ള, foster  care  പോലുള്ള സംവിധാനങ്ങള്‍ നമ്മുടെ നാട്ടില്‍ തീരെ പരിചയമില്ല. അതുമല്ലെങ്കില്‍ ഇവരെ പുനരധിവസിക്കാനുള്ള non  government organisation നമ്മുടെ നാട്ടില്‍ വളരെ കുറവുമാണ്. വിവാഹ  മോചനങ്ങള്‍  ദിനം  പ്രതി കൂടുമ്പോള്‍, അതിന്നിരയാവുന്ന , കുട്ടികള്‍ക്ക് വേണ്ടി എന്ത് ചെയ്യാന്‍ കഴിയും എന്ന് സമൂഹം ചിന്തിക്കേണ്ട സമയം അതിക്രമിച്ചു പോവുന്നു .

Sunday, July 8, 2012

ഹിന്ദി അറിയാത്ത  ഒരു വിഡ്ഢി ആയിട്ടായിരുന്നു ഞാന്‍ central institute of psychiatry യിലേക്ക്  വണ്ടി കയറിയത്. ആലപ്പി -ദാന്ബാദ് ന്‍റെ വൃത്തികെട്ട  സ്ലീപര്‍ ബോഗിയില്‍ ഞാനും ഇക്കയും ഉത്തരേന്ത്യ കാണാന്‍ ഇറങ്ങിതിരിച്ചതായിരുന്നു. വീട്ടില്‍ പറയാതെ കളിയ്ക്കാന്‍ ഓടിപ്പോവുന്ന കുട്ടികളുടെ ലാഘവത്തോടെ, കണ്ണെത്താ ദൂരെത്തേക്ക് തീവണ്ടിയില്‍..........

     പ്രവേശന പരീക്ഷക്കിരുന്നപ്പോള്‍ മനസ്സ് സംവദിക്കുകയായിരുന്നു. " നൂര്‍ജഹാന്‍, നിനക്കിതു കിട്ടുമോ?" "കിട്ടാന്‍ വഴിയില്ല....", കിട്ടിയില്ലെങ്കില്‍ നീ സ്വപ്നം കണ്ടതുമുഴുവന്‍ വെറുതെ  ആവില്ലേ?", "ആ... കിട്ടിയാല്‍ ഞാന്‍ എന്ത് ചെയ്യും?" "നീ നിന്‍റെ  ഇക്കയെ ഒറ്റക്കിട്ടു പോവുമോ?,അതിനു കഴിയുമോ നിനക്ക്?" അതിനെനിക്കു ഉത്തരമില്ലായിരുന്നു..പക്ഷെ ഞാന്‍ M.phil ചെയ്യാന്‍ എന്നെക്കലേറെ  ഇക്ക ആഗ്രഹിക്കുന്നത് പോലെ...

    ഫലം  വന്നപ്പോള്‍ ദേ കിടക്കുന്നു നീണ്ടു നിവര്‍ന്നു എന്‍റെ  പേരും.. "നൂര്‍ജഹാന്‍ കണ്ണഞ്ചേരി ".. ഇക്കയാണ്‌ പറഞ്ഞത് .. കയ്ച്ചിട്ട് ഇറക്കാനും വയ്യ,, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥ...

  അങ്ങനെ 2010 മെയ്‌ 01 നു ഞാനും ആ വലിയ മാനസികാരോഗ്യ ചികിത്സ കേന്ദ്രത്തിന്‍റെ ഭീമന്‍ മതില്‍ കെട്ടുകള്‍ക്കുള്ളിലായി...രോഗിയായല്ല ,വിദ്യാര്‍ഥിനി ആയിട്ട് ...രണ്ടും കണക്കാണ് .. അല്‍പ്പം കൂടി ഭേദം രോഗിയുടെ അവസ്ഥയാണെന്നു പറയാം ..

   പോരാട്ടത്തിന്‍റെ തുടക്കം അവിടെയായിരുന്നു..നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടം..വെല്ലുവിളികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ...ഹിന്ദി അറിയാത്തതിന്‍റെ  കരച്ചില്‍...... ., ഒരു ഭ്രാന്തശുപത്രിയും അവിടുത്തെ ചുറ്റുപാടുകളുമായി പോരുത്തപ്പെടാനുള്ള ബുദ്ധിമുട്ട്.... ഒരു ട്രെയിനിംഗ് സ്ഥാപനത്തിന്‍റെ  കടുത്ത നിയമങ്ങളെ പിന്തുടരാനുള്ള പ്രയാസം..ഇക്കയെ കൂടാതെ ജീവിക്കാനാവാത്തത്തിന്‍റെ  കണ്ണുനീര്‍...., ഡോക്ടര്‍മാരുടെയും ടീച്ചര്‍മാരുടെയും സമ്മര്‍ദവും,, പിന്നെ മനശാസ്ത്രം  എന്ന ഒരു വലിയ പര്‍വതം നടന്നു കയറാന്‍ കഴിയാത്തതിന്‍റെ  കടുത്ത നിരാശ...രാഷ്ട്രപതിക്ക് ഉടമ്പടി ഒപ്പിട്ടത് കാരണം എല്ലാം ഇട്ടേച്ചു തിരിച്ചു പോവാനും വയ്യ...അല്ലാഹ്, ഭ്രാന്താവാതെ കാത്തോളണേ  ...ഇത് മാത്രമായിരുന്നു പ്രാര്‍ത്ഥന...

     ചെന്നുകയറി രണ്ടാമത്തെ ദിവസം posting list ഇട്ടു... എന്‍റെ  സമയം വളരെ മോശമാണെന്ന് എല്ലാവരും പറയാന്‍ തുടങ്ങി. cip യില്‍ ട്രെയിനിംഗ്  കുട്ടികളുടെ ഇടയില്‍ ഭീകരനെന്നും, വൃതികെട്ടവനെന്നും, ഖ്യതി  നേടിയ ഡോക്ടറുടെ വാര്‍ഡില്‍ ഞാന്‍ ഏക  psychiatric social worker. എനിക്ക് കൈപിടിക്കാന്‍ കൂട്ടില്ല,,വഴി കാണിക്കാന്‍ സീനിയറുമില്ല , എന്ത് ചെയ്യണം എന്നറിയില്ല,, ചോദിയ്ക്കാന്‍ ഹിന്ദിയും അറിയില്ല.. ആ വിഖ്യാത ഡോക്ടര്‍ക്ക്‌ ഇംഗ്ലീഷും  അറിയില്ല.. നല്ല സമയം...ആകെ ഉള്ളത് മറ്റൊരു സ്ട്രീം ലെ, മേല്‍ പറഞ്ഞ   അതേ ഖ്യാതി നേടിയ ഒരു സീനിയറാണ്. അവരോടു മിണ്ടാന്‍ പോയിട്ട്,, മുഖത്ത് നോക്കാന്‍ പോലും ധൈരം ഇല്ല..അത്രയേറെ വിക്രിയകളാണ് ആ ബഹുമാന്യ ഹോസ്റ്റലില്‍ ഞങ്ങള്‍ക്ക് നേരെ കാണിച്ചു കൊണ്ടിരുന്നത്..എന്തായാലും രണ്ടും കല്‍പ്പിച്ചു ഞാന്‍ ഡോക്ടര്‍സ് റൗണ്ടില്‍ ഇരുക്കാന്‍ തീരുമാനിച്ചു...പറയുന്നതൊന്നും മനസ്സിലാവാതെ ഞാന്‍ ഇരുന്നു വിയര്‍ക്കാന്‍ തുടങ്ങി..ഡോക്ടര്‍ എന്നെ നോക്കി എന്തൊക്കെയോ പറയുന്നു..ചോദിക്കുകയാണോ, പറഞ്ഞു തരികയാണോ, ചെയ്യാന്‍ പറയുകയാണോ , എന്നൊന്നും മനസ്സിലാവാതെ ഞാന്‍ ഒരു പേനയും, പുസ്തകവുമായി ഒരു മൂലയിരിന്നു..അവസാനം സഹികെട്ടപ്പോഴാവണം , അയാള്‍ക് അറിയാവുന്ന ഇംഗ്ലീഷില്‍    അയാള്‍  ഒരു രോഗിയെ ചൂണ്ടികാണിച്ചു എന്നോട് പറഞ്ഞു.. "you take MSE of this patient" ഭാഗ്യത്തിന് MSE യുടെ പൂര്‍ണരൂപം  അറിയായിയിരുന്നു..പക്ഷെ രോഗിയുടെ ഭാഷ ബംഗ്ലാ .. ഇവിടെ ഹിന്ദി മനസ്സിലാവാതെ പൊട്ടന്‍ കളിക്കുന്ന എന്നോട് തന്നെ വേണം ഈ ചതി....പോരാത്തതിനു 14  വര്‍ഷം  മാറാരോഗം പേറി ആശുപത്രിയുടെ ഇരുളില്‍ തന്നെ അകപ്പെട്ട പാവം രോഗി .. ഇനിയെന്ത് വേണം... മോങ്ങനിരിക്കുന്ന നായയുടെ മേലെ തേങ്ങ വീണു എന്ന അവസ്ഥ...എന്‍റെയും ,രോഗിയുടെയും.. ഇനിയെന്ത് ചെയ്യും ദൈവമേ ..അവസാനം എന്‍റെ വാര്‍ഡിലെ  ഒരേ ഒരു സീനിയരിനോട് തന്നെ ചോദിയ്ക്കാന്‍ തീരുമാനിച്ചു.."ഞാനെന്തു ചെയ്യണം..?",
 " പോയി  MSE  പഠിച്ചിട്ടു വാ .."
രാത്രി മുഴുവന്‍ കുത്തിയിരുന്ന് അത് പഠിക്കാന്‍ ശ്രമിച്ചു.. പക്ഷെ,, ഇതെല്ലം ബംഗ്ലാ മാത്രം അറിയുന്ന ആ രോഗിയോട്  ഹിന്ദി പോലും അറിയാത്ത ഞാന്‍ എങ്ങനെ ചോദിച്ചു മനസ്സിലാക്കും?? അന്ന് രാത്രി ഇക്കയെ വിളിച്ചു ഞാന്‍ ഒരുപാടു കരഞ്ഞു.. എന്നെ ഉടനെ കൊണ്ടുപോയില്ലേല്‍ എനിക്ക് വട്ടാവുമെന്നു  പറഞ്ഞു.. ഇക്കയുടെ മറുപടി.." എന്തായാലും ഒരുങ്ങിയില്ലേ..കുറച്ചു കൂടി ക്ഷമിക്ക്.."

   അടുത്ത ദിവസം അദ്ദേഹം വന്നു ആദ്യം നോക്കിയത് എന്‍റെ  നേര്‍ക്ക്.. അവതരിപ്പിക്കാന്‍ പറഞ്ഞു .  ഞാനെന്തൊക്കെയോ പറഞ്ഞൊപ്പിച്ചു....പിന്നെ അയാള്‍ തുടങ്ങി , ചോദ്യങ്ങളുടെ ശരങ്ങള്‍..? what is this? what is that? how to take MSE? ഒന്നും മിണ്ടാതെ ഞാന്‍ ഇരുന്നു.പ്രതികരണം ഒന്നും കിട്ടാതെ ആയപ്പോള്‍ ഗതി കെട്ട് അയാള്‍ ഹിന്ദിയില്‍ കുറെ തെറി വിളിച്ചു.. അതു തെറിയാണെന്ന് പോലും മനസ്സിലാവാതെ ഞാന്‍ തിരിച്ചു  ചോദിച്ചു ." sir , can you please talk me in English?, am not getting anything". ഇതിനുത്തരം ഒരു അലറലായിരുന്നു. എന്നോടല്ല , തൊട്ടിരുന്ന , മാന്യയായ സീനിയരിനോട്, "अरे यार, इसको समजाओ ...."ഇദ്ദേഹം എന്നെ ഇയാള്‍ ചീത്തയാണ്‌ വിളിച്ചു കൊണ്ടിരുന്നത് എന്ന സത്യാവസ്ഥ  മനസ്സിലാക്കാനുള്ള ഹിന്ദി ഭാഷ പരിജ്ഞാനം പോലും  എനിക്കുണ്ടായിരുന്നില്ല . അവസാനം വൃത്തികെട്ട ഇംഗ്ലീഷില്‍ ഒരു മുന്നറിയിപ്പും
 . "10 ദിവസത്തിനുള്ളില്‍ ഹിന്ദി പഠിച്ചിരിക്കണം.അല്ലെങ്കില്‍ അടുത്ത വണ്ടിക്കു സ്ഥലം വിട്ടോ.."
 ഒരു ഭാഷ പഠിക്കാന്‍  10 ദിവസം !!!..

    ഇങ്ങനെ ഒന്നല്ല പത്തു അനുഭവങ്ങള്‍ ഓരോ ദിവസവും കിട്ടിതുടങ്ങിയപ്പോഴും മൗനമായി  കരയാനല്ലാതെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു . പോരാത്തതിനു ഹോസ്റ്റലില്‍ പാതിരാവ് വരെ നീളുന്ന റാഗിങ്ങ് കോമാളിത്ത ങ്ങള്‍ വേറെയും.. ഇന്നേ വരെ പഠിക്കാത്ത  മനശാസ്ത്രവും മറ്റും പഠിക്കാനുള്ള ബുദ്ധിമുട്ട് വേറെയും ..മനശാസ്ത്രം പുസ്തകത്തില്‍ വായിക്കാന്‍ നല്ല രസമാണ്.. പക്ഷെ അത് രോഗികളില്‍ ശരിയായി തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടും.. അതുകൊണ്ട് ആദ്യത്തെ ദിവസങ്ങളില്‍ എനിക്ക് മനസ്സിലായി, ഹിന്ദി അറിയാതെ എനിക്ക് രോഗികളിലേക്ക് ഇറങ്ങി ചെല്ലാന്‍ പറ്റില്ല എന്ന്..അതിനാല്‍ , ആദ്യത്തെ ഒരു മാസം ഞാന്‍ മനശാസ്ത്രം നിര്‍ത്തിവെച്ചു , ഹിന്ദി പഠിക്കാന്‍ ഇറങ്ങിത്തിരിച്ചു..അതിനു ഒരു വഴിയെ കണ്ടുള്ളൂ..രോഗികളുമായി സംസാരിക്കുക...അറിയാവുന്ന വാകുകളൊക്കെ  ഉപയോഗിച്ച്.. കൈകൂപ്പി വണങ്ങിയും , അവര്‍ക്ക് വേണ്ടതെല്ലാം വാങ്ങിക്കൊടുത്തും ഞാന്‍ അവരുടെ പിന്നാലെ നടക്കാന്‍ തുടങ്ങി...അവരാണല്ലോ എന്‍റെ  പ്രൊഫെസര്‍മാര്‍ ..!!

     മൂന്ന് ആഴ്ചക്ക് ശേഷം , out patient department ല്‍  എനിക്കാദ്യമായി ഒരു രോഗിയെ തന്നു... മലയാളത്തില്‍ എഴുതിവെച്ച ഹിന്ദി ചോദ്യങ്ങളുമായി ഞാന്‍ അവരെ നേരിട്ടു . ഒരു മുഴുവന്‍ പകലും വേണ്ടി വന്നു എനിക്ക് ആ രോഗിയുടെ വിഷാദ രോഗം കണ്ടുപിടിക്കാന്‍. ,....അവസാനം, വൈകീട്ട്  ഒരുവിധം തീര്‍ത്തു ഞാന്‍ സീനിയര്‍ ആയ ഡോക്ടറുടെ അടുത്ത് കേസ് ചര്‍ച്ച ചെയ്യാന്‍ ചെന്നിരുന്നു... ഫയല്‍ ഒറ്റ നോട്ടത്തിനു ശേഷം അയാള്‍ എന്നെ തിരച്ചയച്ചു ..കാരണം , ഫയല്‍ മുഴുവനാക്കി എഴുതിയിട്ടില്ല .. എനിക്ക് അറിയാവുന്ന പോലെയല്ലേ ചെയ്യാനാവൂ... ഇത് പക്ഷെ അയാളോട്  പറയാനാവുമോ? എന്ത് ചെയ്യും എന്ന് ഒരു എത്തും  പിടിയും കിട്ടുന്നില്ല... വിഷാദത്തില്‍ ഇരുന്ന രോഗി ഇപ്പോള്‍ ക്ഷമയുടെ നെല്ലിപ്പടിയും കണ്ടു എന്‍റെ നേരെ  ഉറഞ്ഞു തുള്ളുന്നു..ഞാന്‍ മറ്റൊരു സീനിയര്‍ ഡോക്ടരുടെ അടുത്ത് ചെന്നു.. ആശുപത്രിയില്‍ കേളികേട്ട "പുലി" . വിദ്യാര്‍ഥികളെ മുഴുവന്‍ വിറപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ് അയാള്‍..... , പക്ഷേ എന്‍റെ ഭാഗ്യം... അയാള്‍ എന്നെ കടിച്ചു കീറിയില്ല ..പകരം എന്നോട് ചോദിച്ചു,,
"  where are you coming from ?"
" Kerala",
" oh..! so you know hindi?",
 " no , i don't know"
" so how did you complete this case?"
 "i am learning sir"
" is this your first case?"
"yes sir"
" then , this is worth enough, this is a good beginning, go on with this hard work.."

അവിടുന്ന് കിട്ടിയ ആദ്യത്തെ അംഗീകാരം . അന്ന് ഞാന്‍ രണ്ടു കാര്യങ്ങള്‍ തിരിച്ചറിഞ്ഞു... ഒന്ന്, ശ്രമിച്ചാല്‍ എനിക്കും നേടാം . രണ്ടു, cip ലെ ജീവിതം നെല്ലിക്ക പോലെയാണ് , ആദ്യം കയ്ക്കും,, പിന്നെ മധുരിക്കും..അപ്പോള്‍ കയ്പ്പിനു സുഖമുണ്ട്..

    ആ ആത്മവിശ്വാസവും , കഠിനാദ്ധ്വനവും ഞാന്‍ നെഞ്ചിലെറ്റി . പിന്നീടു ഞാന്‍ ഹിന്ദിയില്‍ വിഡ്ഢിത്തങ്ങള്‍ വിളിച്ചു പറയാന്‍ തുടങ്ങി .എല്ലാവരും ചിരിച്ചു.. പക്ഷെ നിര്‍ത്താന്‍ എനിക്ക് മനസ്സില്ലായിരുന്നു..രോഗികള്‍ മാത്രം ചിരിച്ചില്ല... അവര്‍ എന്‍റെ  സുഹൃത്തുക്കളായി .ഞാന്‍ പറയുന്നത് അവര്‍ക്ക് മനസ്സിലായില്ലെങ്കിലും , അവര്‍ പറയുന്നത് എനിക്ക് മനസ്സിലായിതുടങ്ങി ..ഞാന്‍ അവര്‍ക്ക് സാന്ത്വനം നിറഞ്ഞ ,പുഞ്ചിരിയും സാമീപ്യവും തിരകെ നല്‍കി.. അതെ ,ഉണ്ടായിരുന്നുള്ളു, എന്നെ നിറഞ്ഞ മനസ്സോടെ സ്വീകരിച്ച,, സ്നേഹിച്ച,, അവര്‍ക്ക് നല്കാന്‍..

 പതിയെ പതിയെ 'മിണ്ടാത്ത', 'തട്ടമിട്ട' നൂര്‍ജഹാന്‍ ആളുകളുടെ മുഖത്ത് നോക്കാന്‍ തുടങ്ങി ..ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന്‍ തുടങ്ങി.. ഡോക്ടര്‍ റൗണ്ടില്‍  സംസാരിക്കാന്‍ തുടങ്ങി ... മനശാസ്ത്രത്തെ  സ്നേഹിക്കാന്‍ തുടങ്ങി.. നിലതെറ്റിയ മനസ്സുകളെ സ്നേഹിക്കാന്‍ തുടങ്ങി... അവരുടെ ഉള്ളില്‍ നിറഞ്ഞ സ്നേഹമുണ്ടെന്ന് തിരിച്ചറിയാന്‍ തുടങ്ങി...അവരെ മാറ്റാന്‍  ശ്രമിക്കുമ്പോള്‍ സ്വയം മാറി ..എന്‍റെ മനസ്സിലും  സമധാനം വരുന്നത് ഞാനറിഞ്ഞു....ഇതാണ് എന്‍റെ ഏറ്റവും വലിയ നേട്ടം..

   ഇന്ന് എന്‍റെ  സ്വപ്നം പൂവണിഞ്ഞു.. ഞാന്‍  മനശാസ്ത്രത്ത സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ഒന്നാം സ്ഥാനത്തോടെ M.phil ബിരുദധാരിയിരിക്കുന്നു...  ഈ വിജയം, എന്നെ അത്രെയേറെ സ്നേഹിക്കുന എന്‍റെ  ഇക്കക്കും, എന്നെ ഒരു പാട് പഠിപ്പിച്ച , എന്‍റെ ഗുരുനാഥരായ പ്രിയപ്പെട്ട രോഗികള്‍ക്കും ഞാന്‍ അര്‍പ്പിക്കുന്നു...

  അങ്ങനെ നാടുകാണാന്‍ ഇറങ്ങിത്തിരിച്ച നൂര്‍ജഹാന്‍ നാടും കണ്ടു, നാട്ടുകാരെയും കണ്ടു, ഭ്രാന്താവാതെ തിരിച്ചു എന്‍റെ ഇക്കയില്‍ തന്നെ വന്നു ചേര്‍ന്നു...അല്ലഹ് , നീ എന്‍റെ  വിളി കേട്ടു .. ഏറ്റവും നല്ല രീതിയില്‍ നീ എന്നെ കാത്തു...നിനക്ക് നന്ദി.....