Monday, September 24, 2012

ന്‍റെ മ്മിണി വല്ല്യ കൃഷിക്കാരന്‍.."കുടീന്ന് ബായ്ക്കപ്പൊരി ണ്ടാക്കുന്ന മില്ലീക്ക് കൊറേ പോണം  ... മില്ല് ന്നു പറഞ്ഞാല്‍ ബാല്യ സംഗതി ഒന്ന്വോല്ല ട്ടോ .. നീല ട്ടാര്‍ പയ്വോണ്ട്  ചെരിച്ചൊരു പന്തലെന്നെ ... ചെല്വോരു ഒലോണ്ട് മേയും ചെയ്യും.. ഇബടുത്തെ കാക്കമാര്‍ക്ക് അതൊരു ബിസിനെസ്സാണ്.. അധികം പയുക്കാത്ത ബായ്ക്ക കൊണ്ട് നല്ല മോരീണ ചിപ്സ് ഉണ്ടാക്കും ... അത് നല്ല കചോടാ ... ഇബിടെം അങ്ങാടീക്കും ഒക്കെ ഔടുന്ന  ചിപ്സ് കൊണ്ട്വോരുനത്... ഔടെ  പോയാല്‍ ചാക്ക് കെട്ടിന് ബായ്ക്ക തൊലി കൊണ്ടോര... അത് ഞമ്മളെ ആടിനും പയ്ക്കള്‍ക്കും ഒക്കെ ബല്യ ഇഷ്ട്ടാ....അയിനും മാണ്ടിയാണ്‌ നേരം ബെള്ച്ചം ആവുമ്പോത്തിനു ഇങ്ങോട്ട് മണ്ടിപ്പൊരുണതു . അഞ്ചര മുതല്‍ ഏഴു ബാരെ മദ്രസ ണ്ട് .. അത് കയിഞ്ഞു പിന്നെ ഇസ്കൂളില്‍ ബരുന്നതിനു മുമ്പ് , കുടീല്‍ ആടിനേം പശൂനേം , തിന്നാന്‍  കൊടുക്കേം , കുളിപ്പിക്കേം ഒക്കെ മാണം... കുടീലുള്ള മറ്റേ ഹറാം പിറന്ന്വോല് അതൊന്നും നോക്കൂല .... ഓര്‍ക്ക്‌ ഈ ജാതി ജന്തുക്കളെയൊന്നും കണ്ണിന്‍റെ നേരെ കണ്ടൂടാ... പ്രത്യേകിച്ച് ആ അമ്മയീന്നു പറീണ ഒരു സാധനണ്ട്..."

അവന്‍റെ ജീവിതത്തിരക്കുകള്‍ .. ക്ലാസ് 6  , വയസ്സ്, 12 ....

പശുവിന്‍റെ  പ്രസവം  അടുത്താലും , മഞ്ചേരിയില്‍ മൂരി ചന്ത ഉള്ള ദിവസങ്ങളിലും അവനു സ്കൂളില്‍ പബ്ലിക്‌ ഹോളിഡെ കളാണ് .. പ്രസവമെടുത്തു  അടുത്ത ദിവസം സ്കൂളില്‍ വന്നു അവന്‍ ഒരു വിവരണം തന്നെ തരും...

"ന്‍റെ ടീച്ചറെ , പയ്യിന്‍റെ പേറിങ്ങട്ട് അടുത്താല്‍ ഞമ്മടെ നെഞ്ചില്‍ തീയാ.. അയിറ്റങ്ങള്‍  അന്തിക്ക് കെടന്നു നെലോളിക്കണ കേട്ട ന്‍റെ ഒറക്കും പോവും ... അയിറ്റങ്ങളും ജീവനുള്ള സാധങ്ങളന്നല്ലേ. പെറ്റു നോവേട്ത്താല്‍ പിന്നെ നെലോളിക്കല്ലാതെ പിന്നെ ആയിറ്റങ്ങള്‍ക്ക് മുണ്ടി പറയാന്‍ പറ്റൂലല്ലോ..രാത്രി നെലോളി കേട്ടാല്‍ ഞാന്‍ ടോര്‍ച്ചും കത്തിച്ചു എറങ്ങി നോക്ക്ണതും  പറ്റൂല  ന്‍റെ പോരെലുള്ള കൊരച് എണ്ണത്തിന്. അനക്കെന്താ മുണ്ടാതെ കെടന്നോറങ്ങിക്കൂടെ ന്നു ചോയ്ക്കും..അയിന്റെ പേരില് പിറ്റേന്ന് തല്ലും പുടീം തൊടങ്ങും...നിക്കണെങ്കില്‍ ആവശ്യല്ലാതെ ന്‍റെ കാര്യത്തിന് മെക്കിട്ടു കേറ്ണതു തീരെ പറ്റൂല ...ദേഷ്യം പിടിച്ച ഞാന്‍ കണ്ട കുപ്പീം ചട്ടീം ഒക്കെ പൊട്ടിക്കും . അല്ല പിന്നെ !. ഓലെ ചെലവിലല്ലല്ലോ ഞാന്‍ ഈറ്റങ്ങളെ പോറ്റണതു . ന്‍റെ പൈസൊണ്ട് തന്നെയാ ഞാന്‍ ഈറ്റങ്ങളെ മാങ്ങിയതും, പോറ്റണതും . കയിഞ്ഞ മൂരി ചന്തക്കു വല്യപ്പന്റെ പോത്തിനേം കൊണ്ട് പോയി..ആ പൊത്തത്ര പോരേനി ..1800 നു അയിനെ വിറ്റ് 1500 nu നല്ലൊരു സാധനത്തിനെ മാങ്ങി . പോരണ ബയക്ക് ഒരു ടീമു  ഞമ്മളെ ചരക്കിന്‌ ബെല പറഞ്ഞു.. 1500 നു മാങ്ങിയ സാധനത്തിനെ 2000 നു വിറ്റ് ഞമ്മള് ഇങ്ങട്ട് പോന്നു..അഞ്ഞൂറ് ഞമ്മക്ക് ലാഭം .അയിനു കാലിത്തീറ്റ മാങ്ങി ഞമ്മളിങ്ങട്ടു പോന്നു.ഞമ്മളോട കളി...!!!"

അതെ നമ്മളോടാണോ കളി? അവനു എന്നും മിണ്ടാ പ്രാണികളോടായിരുന്നു കൂട്ട്. തിരിച്ചു നിസ്വാര്‍ത്ഥ മായി  സ്നേഹിക്കാന്‍ അവറ്റകള്‍ക്കെ കഴിയൂ എന്ന് തോന്നിയത് കൊണ്ടാവാം ആ അകമഴിഞ്ഞ സ്നേഹം.അല്ലെങ്കില്‍  വീട്ടില്‍ തനിച്ചു ഇടാന്‍ പേടിച്ചു ജോലിക്ക് പോവുമ്പോള്‍ കൂടെ കുട്ടിയേയും കൊണ്ട് പോവുന്ന അമ്മയെ പോലെ അവന്‍ അവന്റെ പശുവിനെയും കൊണ്ട് അവന്‍ സ്കൂളില്‍ വരുമോ ?

"ന്‍റെ ടീച്ചറെ ങ്ങളെങ്കിലും കേള്കീ ന്നു . ഇനിക്കൊരു പയ്യുണ്ട്. അത് കുറച്ചീസം മുമ്പ് പെറ്റു. കുട്ടിനീം തള്ളനേം ഒപ്പം നോക്കനാവൂല ന്നു വല്യാപ്പ പറഞ്ഞു . വല്യാപ്പ ക്ക് വയസ്സായി . അല്ലെങ്കില്‍ ഞാന്‍ സ്കൂളില്‍ പോരുമ്പോള്‍ ന്‍റെ ആടുകളേം പയ്ക്കളേം ഒക്കെ മൂപ്പര  നോക്കീനത് . അതോണ്ട ഞാന്‍ പയ്യിനേം കൊണ്ട് ഇബിടെ ബന്നത്.. ഇബടെ ആവുമ്പോ, കെട്ടാന്‍ സ്ഥലുണ്ട് , നെറച്ചും പുല്ലുണ്ട്.. ന്‍റെ കണ്ണെതിണ
 സ്ഥലത്ത് കെട്ടിടേം ചെയ്യന്നു ബിജാരിച്ചു.. പക്ഷെ ന്‍റെ ക്ലാസ്സിലെ ഒരു പഹയന്‍ ന്‍റെ കണ്ണ് ഒന്ന് തെറ്റ്യ നേരത്ത് അയിന്റെ തലേമ്മേ കേറി മൂത്രം ഒയിച്ചു . ഞാനൊന്നു കൊടുത്തു... കൊടുക്കാതിരിക്കാന്‍ പറ്റ്വോ? ങ്ങക്ക് അറിയോ , അയിന്റെ മൂകിക്ക്‌ മൂത്രം കേറി അപ്പൊ തൊടങ്ങീത അയിന്റെ സൂക്കേട്‌ . ഡോക്റെരിന്റെ അടുത്ത് കൊണ്ടോവലും മരുന്നും എല്ലം കൂടി ആയി ഞമ്മക്ക് പോയത് 250 ഉറുപ്യ ആണ്..അതോണ്ട് ഞാന്‍ ഓനോട്‌ പറഞ്ഞു അത്രേം പൈസേം കൊണ്ട്ഇനി സ്കൂള്‍ക്ക്  ബന്ന മതി ന്നു.. കൊറേ കാലായി മാണ്ട മാണ്ട ന്നു ബെക്കുനത്.. ഞാന്‍ പറഞ്ഞത് ന്യായം അല്ലെ ടീചെരെ ? നിക്ക് ഓന്‍ കാരണം ണ്ടായ നഷ്ട്ടം ഒനോടല്ലാതെ ബേറെ ആരോട ഞാന്‍ ചോയ്ക്കെണ്ടിയത് ? പിന്നെ മിണ്ടാ പ്രാണികളോട് എന്തും കാട്ടന്നാ? ഇതാപ്പോ പുകിലായത് . അയിന ഓന്റെ പ്പ കൊടീം കുത്തി ബന്നത്.. ഓനും ഓന്റെ ഒരു ഉപ്പീം ..

സംഗതി നേരാണ്. സ്കൂളില്‍ അതൊരു വലിയ പ്രശ്നമയപ്പോഴാണ് ആ കേസ് എന്‍റെ അടുക്കല്‍ എത്തിയത്..പക്ഷെ അവന്റെ കാര്യബോധം നിറഞ്ഞ സംസാരവും , പ്രായത്തില്‍ കവിഞ്ഞ പക്വതയും എന്നെ അത്ഭുതപ്പെടുതുകയായിരുന്നു  . ബുദ്ധിമാനായിരുന്നു . പക്ഷെ പഠിത്തം മുന്നോട്ടു കൊണ്ട് പോവാന്‍ തീരെ താല്‍പ്പര്യം ഉണ്ടായിരുന്നില്ല . ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം രസകരമായിരുന്നു. 

തോനെ പഠിച്ചിട്ടൊക്കെ ന്താ കാര്യം ടീച്ചറെ ? പത്താം ക്ലാസ്സ് വരെ പോണം . തോറ്റാലും ജയിച്ചാലും ഞാനൊരു ഫാം നടത്തും . അതിനു നിക്ക് മാണ്ട്യ പൈസ സുകായിട്ടു ഞാന്‍ ണ്ടാക്കും. പിന്നെ ആ നശിച്ച കുടീന് മാറണം. ഒരോലപ്പൊര കേട്ടീട്ടാണേലും. വല്ല്യാപ്പ പറഞ്ഞീണ് കുറച്ചു സ്ഥലം നിനക്ക് തരാന്നു. ന്നാലും സ്വൈര്യം ണ്ടാവൂലോ..

അവന്‍റെ സ്വൈര്യകേട്‌ അത് തന്നെ ആയിരുന്നു ;കുടുംബമില്ലായ്മ.. ഒരു പഴം കഥ പോലെ.. ഒരിക്കല്‍ പോലും  കാണാന്‍ നില്‍ക്കാതെ എങ്ങോ പോയ ഉപ്പയും, യുവത്വതോടും , പട്ടിണിയോടുമുള്ള യുദ്ധത്തിനിടെ ഏതോ ഒരാളുടെ രണ്ടാം ഭാര്യ ആയി പ്പോയ ഉമ്മയും.  അങ്ങനെ പാടി പതിഞ്ഞ ഒരു പാട്ടിന്റെ കേള്‍ക്കാന്‍ രസമില്ലാത്ത ഓരീണമായി എത്തിയ അനാഥത്വം . മാതാപിതാക്കള്‍ ജീവിച്ചിരിക്കെ അനാഥനായി പോയവന്റെ സ്നേഹവായ്പ്പയാണ്  ഈ ജീവ ജാലങ്ങളോട് കാണിക്കുന്നതെന്ന് പലപ്പോഴും തോന്നാറുണ്ട്. എന്തായാലും രണ്ടാനുപ്പയോടു അവനു തികഞ്ഞ അവക്ഞ്ഞയാണ്. ഉമ്മയോടും പുതിയ പെങ്ങളോടും എന്തെന്നറിയാത്ത സഹതാപവും. 

"ഓല് പാവാ. ന്‍റെ മ്മാക്ക് ബേറെ ബയി ഒന്നൂല്ലതോണ്ട  അബിടെ നിക്കണത്. അയാളെ കാലം കയിഞ്ഞ ഓലെ ഞാന്‍ ഇങ്ങട്ട് കൊണ്ടരും. ബടെ ഒരു കുടിണ്ടാകി നല്ല അന്തസ്സായി പോറ്റും.."

മനസ്സില്‍ പറഞ്ഞു പോയി. ന്‍റെ പോന്നു മോനെ. നീ ഇത്ര ചെറുപ്പത്തിലെ  ഇത്ര വലിയ ആളാവല്ലെടാ . നിന്‍റെ കുട്ടിത്തം നിറഞ്ഞ ചിരിയും കളിയും വല്ലപ്പോഴും ഞങ്ങളും ഒന്ന് കണ്ടോട്ടെ ..

മനസ്സില്‍ ഒരു കുഞ്ഞനിയന്റെ രൂപം സമ്മാനിച്ചാണ് അവന് പോയത് . പോയതല്ല , ഞാന്‍ പറഞ്ഞയക്കുകയായിരുന്നു ; അവന്‍റെ ഉമ്മയെ തേടിപിടിച്ച്, കൂടെ വിട്ടു. പഠിച്ചു വലിയവനാകണം എന്നാ ആശ കൊണ്ടല്ല., ഉമ്മയുടെ സാമീപ്യം  അവനൊളിപ്പിക്കുന്ന അനാഥത്വം ഇല്ലാതാക്കി ഉള്ളില്‍ വളരാന്‍ വെമ്പുന്ന ഒരു വലിയ മനസ്സിന് വളം നല്കാനവുമെന്ന പ്രത്യാശയില്‍ .


Sunday, September 9, 2012

എന്തിനീ പാര്‍ശ്വവല്‍ക്കരണം?

"നമുക്ക് രണ്ടു കണ്ണുകളും കൈകളും കാലുകളും ഒക്കെയുണ്ട് , ഒന്ന് തകരാറിലാവുമ്പോള്‍ മറ്റേതു ഉപയോഗിക്കാമല്ലോ . അതുപോലെ രണ്ടു മനസ്സ് തരാമായിരുന്നില്ലേ ദൈവത്തിന് ..ഒന്നിന്‍റെ  നില തെറ്റുമ്പോള്‍ മറ്റേതുപയോഗിക്കാന്‍....." "'. പഠിച്ചിരുന്ന മാനസികശുപത്രിയിലെ ഒരു രോഗിയുടെ ആവലാതിയാണിത് . മണ്ടതരമെന്നും അപ്രസക്തമെന്നും തോന്നിയേക്കാം. പക്ഷെ
ചെറുപ്പം മുതല്‍ ഇടയ്ക്കിടയ്ക്ക് "തകരാറിലാവുന്ന മനസ്സുള്ള" ഒരാളെ സംബന്ധിച്ച്  ഈ ചോദ്യം തികച്ചും പ്രസക്തം തന്നെ ..സ്വപ്‌നങ്ങള്‍ കാണുകയും , ആഗ്രഹങ്ങള്‍ പൂക്കുകയും സുഖം തോന്നിപ്പിക്കുകയും ഒക്കെ ചെയ്യുന്ന കൈപിടിയിലൊതുകുന്ന മനസ്സുള്ളവര്‍ക്ക് ഒരുപക്ഷെ മനസ്സിലാകാന്‍ പ്രയാസമുള്ള ചോദ്യം..

ഇടയ്ക്കിടയ്ക്ക് സമനില തെറ്റുന്ന ഒരു മനസ്സുണ്ട് എന്നതായിരുന്നില്ല ആ രോഗിയുടെ അപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം. തീര്‍ച്ചയായും അതും ഒരു പ്രശ്നം തന്നെ. പക്ഷെ അതിലുപരി, തന്‍റെതല്ലാതെ കുറ്റത്തിന് മാനസികശുപത്രിയില്‍  തന്നെ ഒഴിവാക്കിയ  കുടുംബമായിരുന്നു അവളെ അലട്ടിയിരുന്നത്. വയസ്സ് 20 നും 25 നും ഇടയില്‍ . ഇത്ര ചെറിയ പ്രായത്തില്‍ അവളെ മാനസികാശുപത്രിയില്‍ നിക്ഷേപിച്ച കുടുംബത്തിന്‍റെ പ്രശ്നം അവളാവില്ല ;പകരം അവളിലെ 'മാനസിക രോഗി' എന്നാ മായ്ച്ചു കളയാനാവാത്ത ശീര്‍ഷകമാണ്.

ഞാന്‍ മായ്ച്ചു കളയാനാവാത്ത എന്ന പദപ്രയോഗം ഇവിടെ ഉപയോഗിച്ചത് ബോധപൂര്‍വം തന്നെയാണ്..ശരീരത്തിന് ഒരു രോഗം വന്നാല്‍ 'രോഗി ' എന്ന ശീര്‍ഷകം വളരെ ചുരുങ്ങിയ കാലത്തിനിടെ അയാളില്‍ നിന്ന് അപ്രത്യക്ഷമാവും. എന്നാല്‍ മനസ്സിന് രോഗം വരുമ്പോള്‍ ഒരു പ്രത്യേകതയുണ്ട്. ഒരിക്കല്‍ വീണ്  കിട്ടിയാല്‍ പിന്നെ മായ്ക്കാനാവാത്ത ശീര്‍ഷകമാവുന്നു 'രോഗി'. അല്ലെങ്കില്‍ മാനസിക രോഗി, ഒന്ന് കൂടി മനസ്സിലാവുന്ന ഭാഷയില്‍ പറഞ്ഞാല്‍' ഭ്രാന്തന്‍/// /'. പിന്നീട് ഇദേഹവുമായി ബന്ടപ്പെടുന്ന എന്തിനും ഏതിനും ഈ ശീര്‍ഷകം വാലായി ഉണ്ടാവും. മാനസിക രോഗം ബാധിച്ച ആളുടെ അമ്മ എന്നെന്നേക്കുമായി ഭ്രാന്തന്‍റെ  അമ്മയാവുന്നു , അച്ഛന്‍,' ഭ്രാന്തന്‍റെ അച്ഛന്‍ '.ആവുന്നു... ഇങ്ങനെ ഒരു രോഗം വരുന്നതോടെ ഏതൊരാള്‍ക്കും നല്ല പബ്ലിസിറ്റി ലഭിക്കും.സംസാരത്തിനിടയില്‍ നമ്മള്‍ പറയും." അയാളുടെ അമ്മാവന്‍റെ മോളെ മോന് ഭ്രാന്താ .." അമ്മാവനെയോ മോളെയോ  എന്തിനു അയാളെപോലും ശരിക്കും അറിയാത്ത ഒരാളോടായിരിക്കും  വിളമ്പല്‍ .ഈ പറയുന്ന രോഗം എന്നേ കെട്ടടങ്ങിയിട്ടുണ്ടാവും. പിന്നെയും അയാള്‍ ഭ്രാന്തന്‍ തന്നെ...!!!


ഇതൊരുതരം പാര്ശ്വവല്‍ക്കരണമാണ്. ഇതിനു    മാനസികരോഗമോളം  തന്നെ  പഴക്കമുണ്ട്. മാനസിക രോഗങ്ങളുമായി ബന്ധപ്പെട്ട്  ഉണ്ടായിരുന്ന  ധാരണകളിലും , ചികിത്സ രീതികളിലും .നിയമങ്ങളിലും  എല്ലാം പ്രതീക്ഷാര്‍ഹാമായ  മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നിട്ടും എന്തേ മാനസിക രോഗം ബാധിച്ച ആളുകളോട് നമ്മുടെ മാനസിക സമീപനം മാറാതിരുന്നത്?... ഇത്ര ശക്തമായി സമൂഹം ഈ രോഗികളെ ഭയക്കുന്നത്... ? എന്തിനു മനസികരോഗവുമായി ബന്ധപ്പെട്ട പലതിനെയും നമ്മള്‍ ഭയക്കുന്നത് ? പഠന കാലത്ത് abnormal pssychology ബന്ധപ്പെട്ട ഒരു പുസ്തകം അന്വേഷിച്ചു കോഴിക്കോട് പുസ്തക ശാലകള്‍ കയറി ഇറങ്ങുമ്പോള്‍ രസകരമായ ഒരു സംഭവം ഉണ്ടായി. ഒരു പുസ്തക ശാലയില്‍ ചെന്ന് ചോദിച്ചു. ചേട്ടാ... abnormal psychology യുടെ ഈ ന്പുസ്തകമുണ്ടോ?. കേട്ട് നിന്ന അവിടെ ഉണ്ടായിരുന്ന മറ്റൊരു കസ്റ്റെമര്‍ എന്നെ വിളിച്ചു സ്വകാര്യമായി ഒന്ന് ഉപദേശിച്ചു. " കുട്ടി അവിവാഹിതയായ ഒരു പെണ്‍കുട്ടിയല്ലേ. ഇങ്ങനെ ഭ്രാന്തിന്‍റെ പുസ്തകവും ചോദിച്ചു കടകളില്‍ കയറി  ഇറങ്ങിയാല്‍, ആളുകള്‍ മറ്റു പലതും കരുതില്ലേ..." കേട്ട് നിന്ന ഞാന്‍ അമ്പരന്നു പോയി.. മാനസികരോഗം മാത്രമല്ല, അതുമായി ബന്ധപ്പെട്ട എന്തിനും 'പല' അര്‍ത്ഥങ്ങളു മാണെന്ന് ആ അനുഭവം എന്നെ ബോധ്യപ്പെടുത്തി. പിന്നീട് ജോലി ചെയ്യുമ്പോഴും ആരെയെങ്കിലും നിപുണരായ മാനസികാരോഗ്യ വിദഗ്ദ്ധരുടെ അടുത്തേക്ക് പറഞ്ഞയക്കാന്‍ മുതിരുമ്പോള്‍, അവരില്‍ നിന്നുള്ള പ്രതികരണം മറ്റൊന്നായിരുന്നു.."നാട്ടിലെ വേണ്ട, ആരെങ്കിലും കാണുകയോ അറിയുകയോ ചെയ്താല്‍, അതുപിന്നെ ഗുലുമാലവും..പെണ്‍കുട്ടിയല്ലേ.." ഈ വികാരം മാറ്റാനുള്ള സമയമായില്ലേ ഇനിയും ?

ഈ ശീര്‍ഷകവും സമൂഹത്തിന്‍റെ  സമീപനവും മാനസിക രോഗികളിലും അവരുടെ കുടുബങ്ങളിലും രോഗത്തിനെക്കാള്‍ വലിയ സംഘര്‍ഷമാണ് വരുത്തി വെക്കുന്നത്.. ചികിത്സ കഴിഞ്ഞു രോഗം ഒരു വിധം നിയന്ത്രിക്കപ്പെട്ട വരില്‍ സമൂഹത്തില്‍ നിന്നുള്ള പര്ശ്വവല്‍ക്കരണവും,പരിഹാസവും, അതിലേറെ സഹതാപവും വല്ലാത്ത മാനസിക സന്ഘര്‍ഷമുണ്ടാക്കുന്നതായി കണ്ടിട്ടുണ്ട്... അവരില്‍ insecurityഉം, inferiority complex ഉം, ഉണ്ടാക്കാന്‍ ഇതൊക്കെ കാരണമാവുകയും, വീണ്ടുമൊരു ഉള്‍വലിയലിനും എന്തിനേറെ ചിലപ്പോഴൊക്കെ രോഗ ലക്ഷങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെടാനും ഇത് വഴി ഒരുക്കാറുണ്ട്...ചുരുക്കിപറഞ്ഞാല്‍ മനസ്സമാധാനത്തോടെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥ. അവരുടെ കുടുംബത്തിന്റെ ഗതിയും,മറിച്ചല്ല...എല്ലാ അംഗങ്ങളെയും ഇത് ഒന്നല്ലെങ്കിലും മറ്റൊരു തരത്തില്‍ ബാധിക്കുന്നു... ബന്ധങ്ങളില്‍ പാളിച്ചകള്‍ ഉണ്ടാവുന്നു....അങ്ങനെ പോവുന്നു കാര്യങ്ങള്‍..

ഇതിനെല്ലാം ഒരു അവസാനം വേണ്ടേ..? പരിഹാരങ്ങള്‍ ഉണ്ടാവേണ്ടേ?...ബന്ധപ്പെട്ട അതികൃതരുടെ ഭാഗത്ത്‌ നിന്ന്, നിപുണമായ planning ഉം, ഇഴഞ്ഞിഴഞ്ഞുള്ള പ്രവര്‍ത്തനങ്ങളും ഉണ്ടാവുന്നുണ്ട്. അതിനെല്ലാം ഉപരി ഓരോരുത്തരും ഇതിനെക്കുറിച്ച്‌. ബോധാവാരവുകയും ധാരണ കളിലും മനോഭാവത്തിലും, അതുമൂലം തുടര്‍ന്നുള്ള സമീപങ്ങളിലും സ്വയം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമങ്ങള്‍ ഉണ്ടാവുകയുമാണ് വേണ്ടത്.. മാനസിക രോഗം എന്നത്, ശരീരത്തെ ബാധിക്കുന്നത് പോലെ മനസിന്‌ പല ബാഹ്യ ആന്തര കാരണങ്ങള്‍  കൊണ്ടുണ്ടാവുന്ന രോഗങ്ങളാണ്...ഇതിനു കൃത്യമായ ചികിത്സ ഉണ്ട്. ചില രോഗങ്ങള്‍ നിയന്ത്രണത്തില്‍ കൊണ്ട് വരാന്‍  കഴിയുകയും,ചിലത് പൂര്‍ണമായി ഭേദപ്പെടുത്താന്‍ സാധിക്കുകയും ചെയ്യും. ഇത്തരം രോഗങ്ങളുടെ ചികിത്സയില്‍, സാമൂഹ്യ, കുടുംബപരമായ സാനിധ്യം വളരെ വലുതാണ്. ഇത്തരം രോഗികള്‍ മതുല്ലവരില്‍ നിന്നും ആഗ്രഹിക്കുന്നത്, വിലകുറഞ്ഞ സഹതാപമല്ല, മറിച്ചു സ്നേഹവും,സാന്ത്വനവും,തുല്ല്യ പരിഗണനയുമാണ്.ഇത്തരം ലളിതമായ കാര്യങ്ങള്‍ സമൂഹത്തിലെ ഓരോരുത്തരും മനസ്സിലാക്കേണ്ടതുണ്ട്. അതുവഴിയുണ്ടാവുന്ന തുറന്ന സമീപനമാണ്, 6% വരുന്ന മാനസിക രോഗികള്‍ സമൂഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്. അങ്ങനെ മാനസികാരോഗ്യത്തോടെ ജീവിക്കുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ നമ്മെ കൊണ്ടാവുന്നത്‌ നമുക്കും ചെയ്തൂടെ?