ന്‍റെ മ്മിണി വല്ല്യ കൃഷിക്കാരന്‍..



"കുടീന്ന് ബായ്ക്കപ്പൊരി ണ്ടാക്കുന്ന മില്ലീക്ക് കൊറേ പോണം  ... മില്ല് ന്നു പറഞ്ഞാല്‍ ബാല്യ സംഗതി ഒന്ന്വോല്ല ട്ടോ .. നീല ട്ടാര്‍ പയ്വോണ്ട്  ചെരിച്ചൊരു പന്തലെന്നെ ... ചെല്വോരു ഒലോണ്ട് മേയും ചെയ്യും.. ഇബടുത്തെ കാക്കമാര്‍ക്ക് അതൊരു ബിസിനെസ്സാണ്.. അധികം പയുക്കാത്ത ബായ്ക്ക കൊണ്ട് നല്ല മോരീണ ചിപ്സ് ഉണ്ടാക്കും ... അത് നല്ല കചോടാ ... ഇബിടെം അങ്ങാടീക്കും ഒക്കെ ഔടുന്ന  ചിപ്സ് കൊണ്ട്വോരുനത്... ഔടെ  പോയാല്‍ ചാക്ക് കെട്ടിന് ബായ്ക്ക തൊലി കൊണ്ടോര... അത് ഞമ്മളെ ആടിനും പയ്ക്കള്‍ക്കും ഒക്കെ ബല്യ ഇഷ്ട്ടാ....അയിനും മാണ്ടിയാണ്‌ നേരം ബെള്ച്ചം ആവുമ്പോത്തിനു ഇങ്ങോട്ട് മണ്ടിപ്പൊരുണതു . അഞ്ചര മുതല്‍ ഏഴു ബാരെ മദ്രസ ണ്ട് .. അത് കയിഞ്ഞു പിന്നെ ഇസ്കൂളില്‍ ബരുന്നതിനു മുമ്പ് , കുടീല്‍ ആടിനേം പശൂനേം , തിന്നാന്‍  കൊടുക്കേം , കുളിപ്പിക്കേം ഒക്കെ മാണം... കുടീലുള്ള മറ്റേ ഹറാം പിറന്ന്വോല് അതൊന്നും നോക്കൂല .... ഓര്‍ക്ക്‌ ഈ ജാതി ജന്തുക്കളെയൊന്നും കണ്ണിന്‍റെ നേരെ കണ്ടൂടാ... പ്രത്യേകിച്ച് ആ അമ്മയീന്നു പറീണ ഒരു സാധനണ്ട്..."

അവന്‍റെ ജീവിതത്തിരക്കുകള്‍ .. ക്ലാസ് 6  , വയസ്സ്, 12 ....

പശുവിന്‍റെ  പ്രസവം  അടുത്താലും , മഞ്ചേരിയില്‍ മൂരി ചന്ത ഉള്ള ദിവസങ്ങളിലും അവനു സ്കൂളില്‍ പബ്ലിക്‌ ഹോളിഡെ കളാണ് .. പ്രസവമെടുത്തു  അടുത്ത ദിവസം സ്കൂളില്‍ വന്നു അവന്‍ ഒരു വിവരണം തന്നെ തരും...

"ന്‍റെ ടീച്ചറെ , പയ്യിന്‍റെ പേറിങ്ങട്ട് അടുത്താല്‍ ഞമ്മടെ നെഞ്ചില്‍ തീയാ.. അയിറ്റങ്ങള്‍  അന്തിക്ക് കെടന്നു നെലോളിക്കണ കേട്ട ന്‍റെ ഒറക്കും പോവും ... അയിറ്റങ്ങളും ജീവനുള്ള സാധങ്ങളന്നല്ലേ. പെറ്റു നോവേട്ത്താല്‍ പിന്നെ നെലോളിക്കല്ലാതെ പിന്നെ ആയിറ്റങ്ങള്‍ക്ക് മുണ്ടി പറയാന്‍ പറ്റൂലല്ലോ..രാത്രി നെലോളി കേട്ടാല്‍ ഞാന്‍ ടോര്‍ച്ചും കത്തിച്ചു എറങ്ങി നോക്ക്ണതും  പറ്റൂല  ന്‍റെ പോരെലുള്ള കൊരച് എണ്ണത്തിന്. അനക്കെന്താ മുണ്ടാതെ കെടന്നോറങ്ങിക്കൂടെ ന്നു ചോയ്ക്കും..അയിന്റെ പേരില് പിറ്റേന്ന് തല്ലും പുടീം തൊടങ്ങും...നിക്കണെങ്കില്‍ ആവശ്യല്ലാതെ ന്‍റെ കാര്യത്തിന് മെക്കിട്ടു കേറ്ണതു തീരെ പറ്റൂല ...ദേഷ്യം പിടിച്ച ഞാന്‍ കണ്ട കുപ്പീം ചട്ടീം ഒക്കെ പൊട്ടിക്കും . അല്ല പിന്നെ !. ഓലെ ചെലവിലല്ലല്ലോ ഞാന്‍ ഈറ്റങ്ങളെ പോറ്റണതു . ന്‍റെ പൈസൊണ്ട് തന്നെയാ ഞാന്‍ ഈറ്റങ്ങളെ മാങ്ങിയതും, പോറ്റണതും . കയിഞ്ഞ മൂരി ചന്തക്കു വല്യപ്പന്റെ പോത്തിനേം കൊണ്ട് പോയി..ആ പൊത്തത്ര പോരേനി ..1800 നു അയിനെ വിറ്റ് 1500 nu നല്ലൊരു സാധനത്തിനെ മാങ്ങി . പോരണ ബയക്ക് ഒരു ടീമു  ഞമ്മളെ ചരക്കിന്‌ ബെല പറഞ്ഞു.. 1500 നു മാങ്ങിയ സാധനത്തിനെ 2000 നു വിറ്റ് ഞമ്മള് ഇങ്ങട്ട് പോന്നു..അഞ്ഞൂറ് ഞമ്മക്ക് ലാഭം .അയിനു കാലിത്തീറ്റ മാങ്ങി ഞമ്മളിങ്ങട്ടു പോന്നു.ഞമ്മളോട കളി...!!!"

അതെ നമ്മളോടാണോ കളി? അവനു എന്നും മിണ്ടാ പ്രാണികളോടായിരുന്നു കൂട്ട്. തിരിച്ചു നിസ്വാര്‍ത്ഥ മായി  സ്നേഹിക്കാന്‍ അവറ്റകള്‍ക്കെ കഴിയൂ എന്ന് തോന്നിയത് കൊണ്ടാവാം ആ അകമഴിഞ്ഞ സ്നേഹം.അല്ലെങ്കില്‍  വീട്ടില്‍ തനിച്ചു ഇടാന്‍ പേടിച്ചു ജോലിക്ക് പോവുമ്പോള്‍ കൂടെ കുട്ടിയേയും കൊണ്ട് പോവുന്ന അമ്മയെ പോലെ അവന്‍ അവന്റെ പശുവിനെയും കൊണ്ട് അവന്‍ സ്കൂളില്‍ വരുമോ ?

"ന്‍റെ ടീച്ചറെ ങ്ങളെങ്കിലും കേള്കീ ന്നു . ഇനിക്കൊരു പയ്യുണ്ട്. അത് കുറച്ചീസം മുമ്പ് പെറ്റു. കുട്ടിനീം തള്ളനേം ഒപ്പം നോക്കനാവൂല ന്നു വല്യാപ്പ പറഞ്ഞു . വല്യാപ്പ ക്ക് വയസ്സായി . അല്ലെങ്കില്‍ ഞാന്‍ സ്കൂളില്‍ പോരുമ്പോള്‍ ന്‍റെ ആടുകളേം പയ്ക്കളേം ഒക്കെ മൂപ്പര  നോക്കീനത് . അതോണ്ട ഞാന്‍ പയ്യിനേം കൊണ്ട് ഇബിടെ ബന്നത്.. ഇബടെ ആവുമ്പോ, കെട്ടാന്‍ സ്ഥലുണ്ട് , നെറച്ചും പുല്ലുണ്ട്.. ന്‍റെ കണ്ണെതിണ
 സ്ഥലത്ത് കെട്ടിടേം ചെയ്യന്നു ബിജാരിച്ചു.. പക്ഷെ ന്‍റെ ക്ലാസ്സിലെ ഒരു പഹയന്‍ ന്‍റെ കണ്ണ് ഒന്ന് തെറ്റ്യ നേരത്ത് അയിന്റെ തലേമ്മേ കേറി മൂത്രം ഒയിച്ചു . ഞാനൊന്നു കൊടുത്തു... കൊടുക്കാതിരിക്കാന്‍ പറ്റ്വോ? ങ്ങക്ക് അറിയോ , അയിന്റെ മൂകിക്ക്‌ മൂത്രം കേറി അപ്പൊ തൊടങ്ങീത അയിന്റെ സൂക്കേട്‌ . ഡോക്റെരിന്റെ അടുത്ത് കൊണ്ടോവലും മരുന്നും എല്ലം കൂടി ആയി ഞമ്മക്ക് പോയത് 250 ഉറുപ്യ ആണ്..അതോണ്ട് ഞാന്‍ ഓനോട്‌ പറഞ്ഞു അത്രേം പൈസേം കൊണ്ട്ഇനി സ്കൂള്‍ക്ക്  ബന്ന മതി ന്നു.. കൊറേ കാലായി മാണ്ട മാണ്ട ന്നു ബെക്കുനത്.. ഞാന്‍ പറഞ്ഞത് ന്യായം അല്ലെ ടീചെരെ ? നിക്ക് ഓന്‍ കാരണം ണ്ടായ നഷ്ട്ടം ഒനോടല്ലാതെ ബേറെ ആരോട ഞാന്‍ ചോയ്ക്കെണ്ടിയത് ? പിന്നെ മിണ്ടാ പ്രാണികളോട് എന്തും കാട്ടന്നാ? ഇതാപ്പോ പുകിലായത് . അയിന ഓന്റെ പ്പ കൊടീം കുത്തി ബന്നത്.. ഓനും ഓന്റെ ഒരു ഉപ്പീം ..

സംഗതി നേരാണ്. സ്കൂളില്‍ അതൊരു വലിയ പ്രശ്നമയപ്പോഴാണ് ആ കേസ് എന്‍റെ അടുക്കല്‍ എത്തിയത്..പക്ഷെ അവന്റെ കാര്യബോധം നിറഞ്ഞ സംസാരവും , പ്രായത്തില്‍ കവിഞ്ഞ പക്വതയും എന്നെ അത്ഭുതപ്പെടുതുകയായിരുന്നു  . ബുദ്ധിമാനായിരുന്നു . പക്ഷെ പഠിത്തം മുന്നോട്ടു കൊണ്ട് പോവാന്‍ തീരെ താല്‍പ്പര്യം ഉണ്ടായിരുന്നില്ല . ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം രസകരമായിരുന്നു. 

തോനെ പഠിച്ചിട്ടൊക്കെ ന്താ കാര്യം ടീച്ചറെ ? പത്താം ക്ലാസ്സ് വരെ പോണം . തോറ്റാലും ജയിച്ചാലും ഞാനൊരു ഫാം നടത്തും . അതിനു നിക്ക് മാണ്ട്യ പൈസ സുകായിട്ടു ഞാന്‍ ണ്ടാക്കും. പിന്നെ ആ നശിച്ച കുടീന് മാറണം. ഒരോലപ്പൊര കേട്ടീട്ടാണേലും. വല്ല്യാപ്പ പറഞ്ഞീണ് കുറച്ചു സ്ഥലം നിനക്ക് തരാന്നു. ന്നാലും സ്വൈര്യം ണ്ടാവൂലോ..

അവന്‍റെ സ്വൈര്യകേട്‌ അത് തന്നെ ആയിരുന്നു ;കുടുംബമില്ലായ്മ.. ഒരു പഴം കഥ പോലെ.. ഒരിക്കല്‍ പോലും  കാണാന്‍ നില്‍ക്കാതെ എങ്ങോ പോയ ഉപ്പയും, യുവത്വതോടും , പട്ടിണിയോടുമുള്ള യുദ്ധത്തിനിടെ ഏതോ ഒരാളുടെ രണ്ടാം ഭാര്യ ആയി പ്പോയ ഉമ്മയും.  അങ്ങനെ പാടി പതിഞ്ഞ ഒരു പാട്ടിന്റെ കേള്‍ക്കാന്‍ രസമില്ലാത്ത ഓരീണമായി എത്തിയ അനാഥത്വം . മാതാപിതാക്കള്‍ ജീവിച്ചിരിക്കെ അനാഥനായി പോയവന്റെ സ്നേഹവായ്പ്പയാണ്  ഈ ജീവ ജാലങ്ങളോട് കാണിക്കുന്നതെന്ന് പലപ്പോഴും തോന്നാറുണ്ട്. എന്തായാലും രണ്ടാനുപ്പയോടു അവനു തികഞ്ഞ അവക്ഞ്ഞയാണ്. ഉമ്മയോടും പുതിയ പെങ്ങളോടും എന്തെന്നറിയാത്ത സഹതാപവും. 

"ഓല് പാവാ. ന്‍റെ മ്മാക്ക് ബേറെ ബയി ഒന്നൂല്ലതോണ്ട  അബിടെ നിക്കണത്. അയാളെ കാലം കയിഞ്ഞ ഓലെ ഞാന്‍ ഇങ്ങട്ട് കൊണ്ടരും. ബടെ ഒരു കുടിണ്ടാകി നല്ല അന്തസ്സായി പോറ്റും.."

മനസ്സില്‍ പറഞ്ഞു പോയി. ന്‍റെ പോന്നു മോനെ. നീ ഇത്ര ചെറുപ്പത്തിലെ  ഇത്ര വലിയ ആളാവല്ലെടാ . നിന്‍റെ കുട്ടിത്തം നിറഞ്ഞ ചിരിയും കളിയും വല്ലപ്പോഴും ഞങ്ങളും ഒന്ന് കണ്ടോട്ടെ ..

മനസ്സില്‍ ഒരു കുഞ്ഞനിയന്റെ രൂപം സമ്മാനിച്ചാണ് അവന് പോയത് . പോയതല്ല , ഞാന്‍ പറഞ്ഞയക്കുകയായിരുന്നു ; അവന്‍റെ ഉമ്മയെ തേടിപിടിച്ച്, കൂടെ വിട്ടു. പഠിച്ചു വലിയവനാകണം എന്നാ ആശ കൊണ്ടല്ല., ഉമ്മയുടെ സാമീപ്യം  അവനൊളിപ്പിക്കുന്ന അനാഥത്വം ഇല്ലാതാക്കി ഉള്ളില്‍ വളരാന്‍ വെമ്പുന്ന ഒരു വലിയ മനസ്സിന് വളം നല്കാനവുമെന്ന പ്രത്യാശയില്‍ .


Comments

  1. നല്ലെഴുത്ത് ...തിരിഞ്ഞു നോക്കൂ ബാല്യം മുതല്‍ ഈ പ്രായം വരെയുള്ള പല ജീവിത നിമിഷങ്ങളും പകര്‍ത്തിയാല്‍ അതില്‍ ഒരു പാട് പാഠങ്ങള്‍ ഉണ്ടാകും .നൂറയുടെ എഴുത്തിനു അത് കഴിയും .ആശംസകളോടെ .
    ബഷീര്‍ തൃപ്പനച്ചി
    http://basheerudheen.blogspot.in/

    ReplyDelete
  2. ജീവിത ലക്ഷ്യത്തെ കുറിച്ചുള്ള തിരിച്ചറിവാണല്ലൊ മുന്നോട്ട് നയിക്കുന്നത്. കൊച്ചുമനസ്സിന്റെ അനാഥത്വം ഭംഗിയായി അവതരിപ്പിച്ചു, അഭിനന്ദനം.

    ReplyDelete
  3. This comment has been removed by a blog administrator.

    ReplyDelete
  4. എന്താ പറയാ.......

    നൂറയുടെ ആ പ്രത്യാശ നടക്കട്ടേന്ന് ആശംസിക്കാം, ആഗ്രഹിക്കാം....

    ന്നാലും ആ ‘ബായ്ക്കപ്പൊരി ‘ എന്താന്നറിയാതെ ഞാനൊരു നിമിഷം ഒന്ന് അന്ധാളിച്ചു ട്ടാ..:)
    നന്നായി എഴുതീട്ടുണ്ട് ട്ടൊ.

    ReplyDelete
    Replies
    1. വായനക്ക് നന്ദി സമീരന്‍. . ന്‍റെ നാട്ടില് ബായ്ക്ക പ്പൊരി ന്ന് പറഞ്ഞ പഴം പൊരിക്കുന്നതിനാ പറയാ...എന്താ ചെയ്യാ ഞങ്ങളോട്ത്ത മലയാളം ഇങ്ങനാ....

      Delete

Post a Comment

Popular Posts