Saturday, October 20, 2012

"സുന്ദര വന"ത്തിലൊരു ബക്രീദ്

           
                             

പഠിച്ചിരുന്ന മാനസികാശുപത്രിയുടെ മടുപ്പിക്കുന്ന അന്തരീക്ഷത്തില്‍ നിന്നും മാറി മനസ്സിനെ ഒന്ന് കുളിപ്പിച്ചെടുക്കാനാണ് ഞങ്ങള്‍ സുന്ദര്‍ബനിലേക്ക് പോവനോരുമ്പെട്ടത് . ഞങ്ങള്‍ എന്നാല്‍ ആണും പെണ്ണും അടക്കം 9 അംഗ മല്ലു കൂട്ടം. പുതിയ വസ്ത്രവുമണിഞ്ഞു  ഹോസ്റ്റലില്‍ മുറിയില്‍ കിടന്നുറങ്ങി, മെസ്സിലെ പുലാവും  ദാലും കഴിച്ചു ബക്രീദ് ആഘോഷിക്കുന്നതിലും ഭേദം ഒരു യാത്രയാണെന്ന് തോന്നിയത് കൊണ്ട് പനിയുടെ ആലസ്യമുണ്ടെങ്കിലും ഞാനും അവരെ കൂടെ കൂടി.പണ്ട് പത്താം ക്ലാസിലെ ഭൂമി ശാസ്ത്രത പുസ്തകത്തില്‍ പരാമര്‍ശിച്ച ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ കാടായ സുന്ദര വനമാണ് ബെഗ്ലായില്‍ സുന്ദര്‍ബന്‍ എന്നാ പേരില്‍ അറിയപ്പെടുന്നതെന്ന് പിന്നീടാണ് മനസ്സിലായത് . അങ്ങനെ ഒരു ചുട്ട ഉച്ച സമയത്ത് ഞങ്ങള്‍ ജംഷട്പൂര്‍ വഴി കൊല്‍കത്തയുടെ  അങ്ങേ കോണിലെ സുന്ദര വനം തേടി പുറപ്പെട്ടു.

വളരെ തക്കതായ  രൂപരേഖ ഇല്ലാതെയാണ് പുറപ്പെട്ടത്‌.. അങ്ങനെയുള്ള യാത്രകളുടെ സുഖം ഒന്ന് വേറെ തന്നെ.എന്നാല്‍ ആ സുഖത്തോടൊപ്പം ചില  അനിശ്ചിതത്തങ്ങളും അനിവാര്യമായി കൂടെയുണ്ടാവും. അതിന്റെയെല്ലാം അനന്തര ഫലമായി  അന്ന് രാത്രി റയിവേ സ്റ്റേഷനില്‍ തന്നെ അന്തി  ഉറങ്ങേണ്ടി വന്നു .

പുലര്‍ച്ചെ 5.30 ഓടെ വീണ്ടും  യാത്ര തുടര്‍ന്നു. ഇത്തവണ കൊല്‍കത്ത മെട്രോയില്‍ കാനിംഗ് എന്ന സ്ഥലത്തേക്ക് ഒരു പുലര്‍കാല യാത്ര. അതിമനോഹരമായിരുന്നു ആ യാത്ര. കാഴ്ച്ചകളെ  മറച്ചു കൊണ്ട് വെള്ള തൂവല്‍ കൊട്ടാരം പോലെ കോട മഞ്ഞും , അതിനുള്ളില്‍ ഒളിച്ചു കളിക്കുന്ന കുടിലുകളും , കുളങ്ങളും,  നെല്‍ പാടങ്ങളും,  കേരളത്തിലെ ഡിസംബര്‍ കാഴ്ചയെ ഓര്‍മപ്പെടുത്തി. കൊല്‍കത്തയുടെ  പിന്നാമ്പുറങ്ങള്‍  ഞാനാദ്യമായി കാണുകയായിരുന്നു. തീവണ്ടിക്കകത്തും ഉണ്ടായിരുന്നു കാഴ്ചകള്‍.; വലിപ്പമേറിയ ഒരു തിരണ്ടിയുമായി ഒരാളും ഒരു കുടം നിറയെ ജീവനോടെ തുള്ളിക്കളിക്കുന്ന മീനുകളുമായി  മറ്റൊരു മത്സ്യ  കച്ചവടക്കാരനും,  പിന്നെ വയലില്‍ നിന്നും ഉടനെ പറിച്ചെടുത്ത വിവിധതരം പച്ചക്കറികളുമായി ഒത്തിരി ഗ്രാമീണരും. അവരുടെ ഒരു ദിവസം തുടങ്ങുകയായി.


കാനിങ്ങിലെ കൊച്ചു അങ്ങാടി തിരക്ക് പിടിച്ചതായിരുന്നു. അടുത്തുള്ള അമ്പലത്തില്‍ നിന്നും ഭക്തി ഗാനം ബെഗ്ലായില്‍ പിന്നണി ആയി കേട്ടുകൊണ്ടിരിക്കുന്നു . റയില്‍വേ  സ്റ്റേഷന്‍ തുറക്കുന്നത് വീതികുറഞ്ഞ ഒരു ചെറിയ തെരുവിലെക്കാണ്  അതിനു  രണ്ടു വശങ്ങളിലുമായി സുന്ദരവനത്തിലേക്ക് സന്ദര്‍ശകരെ നയിക്കാന്‍ തയ്യാറായിരിക്കുന്ന ട്രാവല്‍ എജെന്സികളുടെ ഒരു നിരതന്നെയുണ്ട്. കടുവയുടെ ചിത്രങ്ങളുമായി കുഞ്ഞു ഓഫിസുകള്‍ . പിന്നീട് നീണ്ടു പോവുന്ന തെരുവിന്‍റെ രണ്ടു വശങ്ങളിലും കൊച്ചു കൊച്ചു കടകളായിരുന്നു. പ്രഭാത ഭക്ഷണവുമായി ഒരുങ്ങിയിരിക്കുന്ന കുഞ്ഞു തട്ട് കടകളും പല തരം  ഗ്രാമീണ പഴങ്ങളുമായി പഴകച്ചവടക്കാരും  പ്രഭാത പൂജക്ക്‌ വേണ്ടിയുള്ള പൂക്കളുമായി പൂകച്ചവടക്കാരും ബക്രീദിന്റെ  നിറവില്‍ പുതിയതരം വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വസ്ത്രക്കച്ചവടക്കാരും . അങ്ങനെ അങ്ങനെ ആ തെരുവും ഉണരുകയായി.

 ചൂടോടെ ചുട്ടെടുക്കുന്ന പൊറോട്ട കണ്ടു നുണഞ്ഞു നുണഞ്ഞു ഒരു തട്ടുകടയില്‍ കയറി.  കേരളം വിട്ടതിനു ശേഷം പൊറോട്ട കിട്ടുന്നത് വളരെ അപൂര്‍വമായിരുന്നു. പിടക്കുന്ന പുഴമീന്‍ കറിയായിരുന്നു കൂട്ടിന്. തട്ടുകടയുടെ നിര്‍മാണം വളരെ രസകരമായ രൂപത്തിലാണ്. മുന്നില്‍ തന്നെ അടുക്കള. പിന്‍വശം തുറന്നിട്ടിരുക്കുന്നത് ഒരു വലിയ ജലാശയത്തിലേക്കാണ്. ഒരു തട്ടുകടക്ക് പിന്നിലും ഇത്ര വൃത്തിയുള്ള ജലാശയം ഒരു രസകരമായ കാഴ്ചയായിരുന്നു. പ്രാതല്‍ കുശാല്‍. ... .,വയറു നിറയെ തട്ടി ഏമ്പക്കമിട്ടു. വീണ്ടും ഇനിയെന്ത് എന്ന  ചോദ്യമായിരുന്നു.

 തെരുവില്‍ കിടന്നു നട്ടം തിരിയുമ്പോഴും ഞങ്ങള്‍ക്കാര്‍ക്കും സുന്ദരവനത്തിലേക്ക്  എത്തിപ്പെടുന്നതെന്ന് അറിയില്ലായിരുന്നു. അവസാനം ഒരു ട്രാവല്‍  എജെന്‍സിയുടെ  സഹായം തേടി ഹൗസ്  ബോട്ട് ബുക്ക്‌ ചെയ്തു ബോട്ട് ജട്ടിയിലേക്ക് നീങ്ങി. വീണ്ടും ഒരു നീണ്ട യാത്ര.

വീണ്ടും ഒരു കൊച്ചു അങ്ങാടി. ബോട്ട് ജട്ടി. അങ്ങ് ദൂരെ പുഴക്കപ്പുറം  തേടിവന്ന സുന്ദര വനം കണ്ടു തുടങ്ങി. ഞങ്ങളുടെ ബോട്ട് പുഴയിലാണത്രെ . അടുക്കാന്‍ ഇനിയും സമയം വേണ്ടി  വരും. ആ ഇടവേളയില്‍ ദാലും കൊല്‍കത്ത സ്പെഷെല്‍ മീന്‍ കറിയും കൂടി ഒരൂണും പാസാക്കി. പിന്നെയും കിടക്കുന്നു സമയം.

ഒരു കൊച്ചു വീടുപോലെ ഞങ്ങളുടെ ബോട്ട്. അത്യാവശ്യ  സൌകര്യങ്ങളോട് കൂടിയ ഒരു ചെറിയ വീട്. മുകളില്‍ ബോട്ട് ഡ്രൈവറുടെ മുന്നിലെ കട്ടിലും കിടക്കയുമാണ് എന്നെ ആഘര്‍ഷിച്ചത് . അവിടെയിരുന്നാല്‍ നാല് ഭാഗവും വ്യക്തമായി കാണാം. ചുറ്റും വെള്ളം. കരകളില്‍ നിറഞ്ഞു നില്‍ക്കുന്ന കുറ്റിക്കാട്. ഉള്ളിലേക്കുള്ള കാഴ്ച അസാധ്യമായിരുന്നു. അത്രയും ഇടതൂര്‍ന്ന കുറ്റിക്കാട്. ഉയരമില്ലാതെ വെട്ടി നിര്‍ത്തിയിരിക്കുന്നത് പോലെ ഒരു പ്രത്യേക തരാം കുറ്റിച്ചെടികള്‍. അതാണത്രേ സുന്ദരവനം. സുന്ദരിചെടികള്‍ നിറഞ്ഞ സുന്ദരവനം.  മണ്ണിനെ പിടിച്ചു നിര്‍ത്താന്‍ കഴിവുള്ള കട്ടിയുള്ള വേരുകളാണ് ഈ ചെടികളുടെ പ്രത്യേകത. വളരുന്നത്‌ ചതുപ്പ് നിലങ്ങളില്‍. ഈ വേരുകള്‍ ആണത്രേ ഈ ചെടികളെയും പ്രദേശത്തെയും സുനാമി പോലുള്ള പല പ്രഭാവങ്ങളില്‍ നിന്നും സംരക്ഷിക്കുന്നത്. എന്തായാലും വേരുകള്‍ സുന്ദരികള്‍ മാത്രമല്ല, മിടുക്കികള്‍ കൂടിയാണ്.


ഇടയ്ക്കിടയ്ക്ക് ഒറ്റ വിട്ട്  ഓരോ കുടിലുകള്‍ കാണാം. പിന്നില്‍ ഒരു ഗ്രാമമുണ്ടെന്ന്  വിളിച്ചോതികൊണ്ട് ആട് മാട് കൂടങ്ങളും, കരക്ക്‌ കയറ്റി ഇട്ടിരിക്കുന്ന വഞ്ചികളും . മനുഷ്യവാസമുള്ള ദ്വീപുകള്‍, ആകെയുള്ള 102 ദ്വീപുകളില്‍ 54 എണ്ണം മനുഷ്യവാസമുള്ളതും ബാക്കിയുള്ളത് ഘോരവനവു മാണ.  ദ്വീപു  നിവാസികള്‍ കൃഷികരും മീന്‍പിടിത്തക്കാരുമാണ്  അധികവും. യാത്ര വഞ്ചികളില്‍  മാത്രം. ഒരു ദ്വീപിനു മറ്റൊരു ദ്വീപുമായി ബന്ധമുണ്ട്. എന്നാല്‍ മറ്റു സൗകര്യങ്ങള്‍  വളരെ കുറവാണു. ഘോരവനത്തില്‍ നല്ല തേന്‍ ലഭ്യമാണ്.ഈ തേനെടുക്കാന്‍ പോകുന്ന ഗ്രാമവാസികള്‍ അല്ലാതെ വനത്തില്‍ വേറെ മനുഷ്യ മണമില്ല. റോയല്‍ ബംഗാള്‍ കടുവകള്‍ വാഴുന്ന ഘോര വനം. സുന്ദര വനത്തില്‍ മൊത്തം 274 കടുവകളു ണ്ടെന്നാണ്  കണക്കു . ഇതിനു പുറമേ മാനുകളും കുരങ്ങും, മറ്റു ചെറിയ മൃഗങ്ങളും വിവിധതരം പക്ഷികളും ഉണ്ട്.
                             
                                          

മുന്നോട്ടു പോകവേ പുഴ വലുതാകാന്‍ തുടങ്ങി. ചക്രവാളത്തോടാടുകുന്ന സൂര്യന്‍ വെള്ളത്തിന്‌ സ്വര്‍ണ നിറമേകി. കണ്ടാല്‍ ഒരിക്കലും മതിവരാത്ത കാഴ്ച. ഏതോ ദ്വീപിനോടടുക്കാന്‍ ഒഴുക്കിനെതിരെ തുഴഞ്ഞു പോകുന്ന വഞ്ചികള്‍ സ്വര്‍ണ നിറത്തില്‍ മുങ്ങി. കരയിലെ ചെടികള്‍ക്കും മറ്റും കറുപ്പ് നിറമേകി തന്‍റെ  ഭംഗിയെ എടുത്തു കാണിച്ചു സൂര്യന്‍ . കൂട് തേടി പറക്കുന്ന പക്ഷിക്കൂട്ടങ്ങള്‍ . സൂര്യന്‍ തന്‍റെ മാജിക് അവസാനിപ്പിച്ചു വെള്ളത്തിലേക്ക്‌ ഊളിയിട്ടപ്പോഴേക്കും ഞങ്ങള്‍ ഒരു ത്രിവേണി സംഗമത്തില്‍ എത്തിയിരുന്നു.ഞങ്ങള്‍ വന്നു കയറിയ നദി യും ബംഗ്ലാദേശിലേക്കൊഴുകുന്ന നദിയും  കൊല്കത്തയില്‍ നിന്നും വരുന്ന നദിയും , അങ്ങനെ മൂന്ന് നദികള്‍ കൂടിയ ഒരു വലിയ ജലാശയം. അവിടെ ഒത്ത  നടുവില്‍ നങ്കൂരമിട ഞങ്ങളുടെ ബോട്ട് ഒരുങ്ങിതുടങ്ങി. അതിനു  മുന്‍പായി  അത്യാവശ്യ സാധങ്ങള്‍ വാങ്ങാനായി ഞങ്ങള്‍ അടുത്തുള്ള  കൊച്ചു ദ്വീപില്‍ കയറി. അവിടെ ഒരു കൊച്ചു കടയിലെ കടക്കാരി അവരുടെ സ്വന്തം സുന്ദര വനത്തെ കുറിച്ച് വാചാലയായി..

പുഴയ്ക്കു നടുവില്‍ ഞങ്ങളുടെ ബോട്ട് നങ്കൂരമിട്ടു. ഒരു രാത്രി മുഴുവന്‍ പുഴയ്ക്കു നടുവില്‍ . അങ്ങനെ ഒരു ചിന്ത പോലും ത്രസിപ്പിക്കുന്നതാണ്. ചുറ്റും നങ്കൂരമിട്ടിരിക്കുന്ന മറ്റു ബോട്ടുകള്‍ . ബോട്ടുകളിലെ വെളിച്ചം വെള്ളത്തില്‍ ചിമ്മിണി  വിളക്കുകള്‍ കത്തിച്ചപോലെ .. കൂടെ തികഞ്ഞ  പുഞ്ചിരിയോടെ അമ്പിളിയും. പെരുന്നാള്‍ രാവിന്  മൊഞ്ച് കൂട്ടാന്‍ ഇനിയെന്ത് വേണം?. കണ്ടല്‍ കാടുകളെ തഴുകിയെത്തുന്ന ഇളം കാറ്റ്. പതിയെ കിളുകിള  ചിരിക്കുന്ന വെള്ളം, പ്രേമ സുരഭിലമായ അന്തരീക്ഷം. തഴുകാന്‍ എന്‍റെ നല്ല പാതി  മാത്രം കൂടെയില്ല. കൂട്ടുകാര്‍ക്കു അപരിച്ചതമായ തക്ബീര്‍ ധ്വനി ഞാന്‍ മാത്രം ചൊല്ലുമ്പോഴും  മനസ്സില്‍ തികട്ടി വരുന്ന എന്തോ ഒന്ന്...

അതി സുന്ദരമായ ആ രാത്രി വെളുക്കാതെ നീണ്ടു പോണേ എന്ന് പ്രാര്‍ത്ഥിച്ചു പ്രാര്‍ത്ഥിച്ചു കണ്ണ് നട്ടിരിക്കവേ എപ്പോളുറങ്ങിപ്പോയെന്നു ഓര്‍ക്കുന്നില്ല.

പുലര്‍ച്ചെ സുബഹിക്ക് വേണ്ടി കണ്ണ് തുറന്നപ്പോള്‍ കുളിചോരുക്കി നിര്‍ത്തിരിക്കുന്ന പുഴയെയും  മുകളില്‍ സിന്ദൂരക്കുറിപോലെ  കൊച്ചമ്പിളിയെയും കണികണ്ടത് . രാത്രി മുഴുവന്‍ വെടിപരഞ്ഞിരുന്ന എന്‍റെ കൂട്ടുകാര്‍ അപ്പോഴും ഉറക്കിത്തിലായിരുന്നു. പെരുന്നാള്‍ കുളിക്കാന്‍ സ്ഥലമില്ലാതെ ഉടുക്കാന്‍ പെരുന്നാള്‍ കൊടിയില്ലാതെ , ഞാനൊരു പെരുന്നാള്‍ കാരി മാത്രം. കയ്യില്‍ മൈലാഞ്ചി ചോപ്പില്ലാത്ത ആദ്യത്തെ പെരുന്നാള്‍. ഇക്ക കൂടെയില്ലാത്ത രണ്ടാമത്തെ പെരുന്നാള്‍ . എങ്കിലും മനസ്സ് തിറ കൊട്ടി .
                                             
കൃത്യം 7 ന് ബോട്ട് മറ്റൊരു കരയോടടുപ്പിച്ചു . അവിടുന്നാണ്  ഞങ്ങള്‍ക്ക് ഫോറെസ്റ്റ് ഡിപ്പാര്‍ട്ട് മെന്‍റ്  ന്‍റെ  അനുവാദം വങ്ങേണ്ടത്. അവിടെയൊരു കൊച്ചു മ്യൂസിയമുണ്ടായിരുന്നു . സുന്ദര വനത്തെ കുറിച്ചെല്ലാം അവിടെയുണ്ടായിരുന്നു . കുറെ സിന്ദൂരിച്ചെടികളും . തിരിച്ചു ബോട്ടില്‍ കയറുമ്പോള്‍ ഒരു കൊച്ചു വഞ്ചി വീട് കണ്ടു. മുക്കുവ കുടുംബമായിരിക്കാം ചുവര്‍ ചിത്രങ്ങളില്‍ ഒക്കെ കാണുന്ന പോലെ ഒന്ന്. ഉള്ളില്‍ ഒരു കുടുംബം പ്രാതല്‍ കഴിക്കുന്നു. അമ്മ വിളമ്പുന്നു. വെപ്പും കിടപ്പും എല്ലാം അതിനുള്ളില്‍ തന്നെ. ആ വഞ്ചി വീടിന്‍റെ  പടമെടുക്കാന്‍ ഒരു ശ്രമം നടത്തി പക്ഷെ വ്യക്തമായി കിട്ടിയില്ല. വഞ്ചി വീടാക്കി ഈ പുഴയിലൂടെ ഒഴുകി നടക്കുന്ന അവരുടെ ജീവിതത്തോട് ഒരു നിമിഷം അസൂയ തോന്നി .

ബോട്ട് കരവിട്ടു . കൂടെ ഒരു വഴികാട്ടി യും  കയറി . അദ്ദേഹം സുന്ദര വനത്തെ കുറിച്ച് എല്ലാം വിശദമാകി തന്നു .വെള്ളവുമടക്കം  16, 902 square miles  ഏരിയ ഉള്ള സുന്ദര്‍ബന്‍ കാടുകളുടെ 19% ഭാരതത്തിലും 81 % ബംഗ്ലാദേശിലുമാണ് . ഇതില്‍ തന്നെ വളരെ കുറഞ്ഞ ഏരിയ മാത്രമേ വിനോദ സന്ജാരത്തിന് അനുവദിച്ചിട്ടുള്ളൂ .  1997 ല്‍ UNESCO world heritage site ആയി പ്രഖ്യാപിച്ച  ഇവിടം കടുവ സംരക്ഷണ പ്രദേശം കൂടിയാണ്.

ഞങ്ങള്‍ കാടിനുള്ളിലേക്ക്‌ പ്രവേശിച്ചു . എല്ലാവരും വളരെ ആകാംഷയോടെ രണ്ടു വശങ്ങളിലേക്കും നോക്കിയിരിക്കുന്നു .  ഓരോ വളവിലും രണ്ടു വശത്തേക്കും ഒഴുകുന്ന കൈവഴികള്‍ . ഇവടങ്ങളില്‍ നേരെത്തെ കണ്ടത് പോലെ വേലി കെട്ടിയിട്ടില്ല. ഈ ഭാഗത്ത്‌ നിന്നും കടുവകള്‍ നീന്തി ജനവാസമുള്ള ദ്വീപുകളില്‍ പോവാറുണ്ടത്രെ. ഈ റോയല്‍ ബംഗാള്‍ കടുവകളെ ഒന്ന് കാണാന്‍  കൂടിയാണ് വിനോദ സഞ്ചാരികള്‍ ഈ വഴി വരുന്നത്.  ഉള്ളിലോട്ടു കൈവഴികളില്‍ കയറി പോവും തോറും വെള്ളത്തിന്‍റെ ആഴം കുറഞ്ഞു വരുന്നു. ചില കൈവഴികള്‍ പ്പത്തി വഴിയെ നിന്നു പോവുന്നു. മറ്റു ചിലത് വളഞ്ഞോഴുകി  വേറെ ചില കൈവഴികളു മായി ചേര്‍ന്നോഴുകുന്നു . രണ്ടു വശത്തും സുന്ദരി ചെടികള്‍ നിറഞ്ഞു നില്‍ക്കുന്നു. ഇവ 64 തരമുണ്ടത്രേ . ഇടയ്ക്കിടയ്ക്ക് മാന്‍ കൂട്ടങ്ങള്‍ വെള്ളം കുടിക്കാനിറങ്ങുന്നു. കുരങ്ങുകള്‍ ഒരു ചില്ലയില്‍ നിന്നും മറ്റൊരു ചില്ലയിലേക്ക് ചാടി  കളിക്കുന്നു. കൂടാതെ വിവധയിനം പക്ഷികളും .

യാത്ര പിന്നെയും പിന്നെയും നീണ്ടു . എല്ലാവരുടെ  കണ്ണുകള്‍ കരകളില്‍ കടുവകളെ  തിരഞ്ഞു . വളഞ്ഞു പുളഞ്ഞു ഒഴുകുന്ന പുഴ. പലയിടങ്ങളിലും ദ്വീപുകള്‍ രൂപപ്പെടുന്നു. ദ്വീപുകളുടെ ചതുപ്പ് നിലത്തില്‍ കടുവയുടെ കാലടികള്‍ . അവിടെ കുറച്ചു മുന്‍പ് കടുവ ഇറങ്ങി എന്ന് മുമ്പേ പോയ ബോട്ടില്‍ നിന്നും സന്ദേശം വന്നു അവര്‍ക്ക് കാണാനായി. പിന്നെയും ഞങ്ങള്‍ക്ക് നിരാശ.

 ഉച്ചക്ക് ഞണ്ട് കറി കൂട്ടി ഒരു കിടിലന്‍  പെരുന്നാള്‍ ചോറ് . കൊല്‍ കത്തയിലെ മീന്‍ കറി കള്‍ വളരെ രുചികരമാണ്.  ഊണിനു  ശേഷം ഞങ്ങള്‍ വീണ്ടും ഒഴുകി . സൂര്യന്‍ തലയ്ക്കു മീതെ എത്തിയിരുന്നു . ഞങ്ങള്‍ ഒരു പഞ്ച നദി സംഗമത്തിലും  ഒരു ഭാഗം നദികളും ബംഗാള്‍ ഉള്‍ക്കടലുമായുള്ള കെട്ടിപിണയല്‍ . മറ്റു അഞ്ചു ഭാഗങ്ങളില്‍ നിന്നും ഒഴുകി വരുന്ന അഞ്ചു നദികള്‍. അതിസാധാരണ കാഴ്ചയായിരുന്നു അത്. ഇടക്ക്  വീതിയേറിയ ഒരു മണല്‍ തിട്ട, അവിടെ മീന്‍ പിടിക്കുന്ന മുക്കവന്മാര്‍ . മനോഹരം.


ഞങ്ങള്‍ തിരിച്ചോഴുകുകയായിരുന്നു . ചെറിയ നിരാശ . മനോഹര നിമിഷങ്ങള്‍ തീരാന്‍ പോവുന്നു . കടുവയെ കണ്ടില്ല . ആ നിരാശയില്‍ മനസ്സില്‍ തീരുമാനിച്ചുറപ്പിച്ചു  . ഇനിയൊരിക്കല്‍ എന്‍റെ  പ്രിയനോടോത് ഞാന്‍ ഇതിലേ  വരും . പോയി വരാം  എന്നാ വാക്കോടു കൂടിയാണ് സുന്ദര വനത്തോട് വിട പറഞ്ഞത്.Wednesday, October 3, 2012

ചില 'മദ്യ' വിചാരങ്ങള്‍

 കുടിയുടെ "മഹാത്മ്യം" മനസ്സിലാക്കാന്‍ എനിക്ക് ഭാരതത്തിന്‍റെ വടക്ക്  വരെ പോവേണ്ടി വന്നു. കുടിയില്‍ മത്സരിച്ചു ആദ്യം ബോധം മറയുന്നവന് പ്രത്യേക പരിഗണ ലഭിക്കുന്ന, കുടി രോഗത്തെ ചികിത്സിക്കുന്ന ഭിഷഗ്വരന്‍മാരെയും , താന്‍ കുടിക്കുന്നവെന്നു വീമ്പു പറയുന്ന ഒരു പറ്റം മഹതികളെയും കണ്ടു ഞാന്‍ അന്താളിച്ചു പോയി. പിന്നീടു കള്ള് വിളമ്പുന്ന പാര്‍ട്ടികള്‍ക്ക് എന്‍റെ വിലപ്പെട്ട പണവും, സമയവും, സാന്നിദ്ധ്യവും നല്‍കാനാവില്ലെന്ന്  പറഞ്ഞതോടെ ഞാനൊരു പിന്തിരിപ്പന്‍ , തീവ്ര മുസ്ലിം ആയി മാറി..എന്തൊരു ആശ്ചര്യം ? ഓരോരുത്തര്‍ക്കും ഇഷ്ട്ടനുസരണം എന്തും തെരഞ്ഞെടുക്കാനും അഭിപ്രായം പറയാനും അവകാശമുള്ള നാട്ടില്‍ ആര്‍ക്കും ഹാനികരമല്ലാത്ത ഒരു ചെറിയ തീരുമാനത്തിന്‍റെ പേരില്‍ ഞാന്‍ മുദ്ര കുത്തപ്പെട്ടു..എന്‍റെ ആ ചെറിയ തീരുമാനത്തിന് ആ പൊതു സമൂഹത്തിന്റെ മദ്യസംസ്കാരത്തിന്മേല്‍  എന്തോ ചെറിയ ക്ഷതമേല്‍പ്പിച്ചു എന്ന് വേണം തുടര്‍ന്നുണ്ടായ അവരുടെ പ്രതികരണത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കാന്‍. ....,അന്ന്  എന്‍റെ തീരുമാനത്തോട് പ്രതികരിച്ചു കൊണ്ട് ആരോ പറഞ്ഞു.. 'ഇത് ഞങ്ങളുടെ സംസ്കാരത്തില്‍ ഉള്ളതാണെന്ന്'. അപ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു . ഭാഗ്യം ഇത് എന്‍റെ കൊച്ചു കേരളത്തിന്‍റെ സംസ്കാരമാല്ലാത്തത്. പക്ഷെ കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വാര്‍ത്തകള്‍ എന്‍റെ മനസ്സിനോട് മറ്റൊന്ന് മന്ത്രിക്കുന്നു. 'ഇത് നീ കരുതിയ കേരളമല്ല'. കേരളത്തിന്‍റെ സംസ്കാരം വളരെ അധികം മാറിപ്പോയി. മദ്യം കേരള സംസ്കാരത്തിലും വല്ലാതെ സ്ഥാനം പിടിച്ചു കഴിഞ്ഞിരിക്കുന്നു.. 

സ്വാതന്ത്രത്തിനു മുന്‍പ് തെന്നെ കേശാബ് ചന്ദ്ര സെന്‍ ഉന്നയിച്ച ആശങ്ക ഇന്നു അര്‍ത്ഥവത്താവുന്നു.  അദ്ദേഹം അന്ന് പറഞ്ഞു ' ബ്രിട്ടീഷുകാര്‍ ഭാരതത്തിലേക്ക് കൊണ്ട് വന്നത് ഷേക്സ്പിയറും മില്‍ട്ടനെയും മാത്രമല്ല , ബ്രാണ്ടിക്കുപ്പികളെയും കൂടെയാണ്..' കുറച്ചു കൂടികഴിഞ്ഞപ്പോള്‍ ലോകമാന്യ തിലക് ഒരു ദീര്‍ഘ വീക്ഷണം നടത്തി." ബ്രിട്ടീഷുകാര്‍ ഭാരതം വിട്ടാലും  കള്ളുകുടി എന്നാ വിപത്ത് ഇവിടെ നിലനില്‍ക്കുമെന്നും, അതില്‍ നിന്നും സ്വാതന്ത്ര്യം ലഭിക്കാന്‍ അതിനെതിരെ പോരാടെണ്ടിയിരിക്കുന്നു". എത്ര സത്യമായ ദീര്‍ഘ വീക്ഷണം . ഇന്നു ഏറ്റവും വലിയ സാമൂഹിക വിപത്തായി മാറികൊണ്ടിരിക്കുന്ന ലഹരി ഉപഭോകത്തെ ചെറുക്കാന്‍ ഒരു വിപ്ലവത്തിനും ആവുന്നില്ല. അത്രയേറെ നമ്മുടെ സംസ്കാരത്തില്‍ വേരൂന്നിയിരിക്കുന്നു മദ്യം. 
ആനന്ദം വന്നാലും അശ്രു വന്നാലും ശമിപ്പിക്കാന്‍ കള്ള്. ശാരീരിക ധ്വനമുള്ള ജോലി എളുപ്പമാകാനും മാനസികഭാരങ്ങളില്‍ ചെറുത്‌ നില്‍ക്കാനും കള്ള്. ജോലി ചെയ്തു ക്ഷീണിച്ചാല്‍ കള്ള്, പഠനത്തിന്‍റെ മുഷിപ്പില്‍ നിന്നും മാറാനും കള്ള്..സമൂഹത്തിലെ ഉയര്‍ന്നു പദവിയില്‍ അംഗത്വം ലഭിക്കാന്‍ കള്ള്, ജോലി കയറ്റം കിട്ടാനും കള്ള്,, കൂട്ട്കാരുടെ ഇടയില്‍ ഹീറോയിസം നേടാന്‍ കള്ള്..കൊല്ലാനും കള്ള്, കൊല്ലിപ്പിക്കാനും കള്ള്..കള്ളില്ലാത്ത സിനിമ കുറവ്, കള്ളില്ലാത്ത പാര്‍ട്ടികളും ദുര്‍ലഭം. കള്ള് ബിസ്നെസ്സ് നിര്‍ത്തിയാല്‍ സര്‍ക്കാര്‍ പൂട്ടുമെന്നായി, കള്ള് നിരോധിക്കല്‍ ഒരു സമൂഹത്തെ തകര്‍ക്കാനെന്നായി. ആകെകൂടി കള്ളിന്റെ മയം.

ചില കണക്കുകള്‍ കൂടി വായിച്ചപ്പോള്‍ മാറ്റത്തിന്‍റെ ഗതി ശരിക്കും മനസ്സിലായി.500 ബില്ല്യണ്‍ യു സ്സ് ഡോള്ലെര്‍ turn over ഉള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയതില്‍ മൂന്നാമത്തെ കച്ചവടമാണത്രേ ലഹരിക്കച്ചവടം. ലോകത്തെമ്പാടും 190 മില്ല്യന്‍ ആളുകള്‍ ഒന്നല്ലെങ്കില്‍ മറ്റൊരു ലഹരി ഉപയിഗിക്കുന്നു. U N റിപ്പോര്‍ട്ട് പ്രകാരം ഭാരതത്തില്‍ ഒരു മില്ല്യന്‍ ആളുകള്‍ ഹിറോയിന്റെ രേഖപ്പെടുത്തിയ അടിമകളാണ്.രജിസ്റ്റെര്‍ ചെയാത്തതും മറ്റു ലഹരിക്കടിമപ്പെട്ടവരുടെയും കണക്കുകള്‍ വേറെ. കൌമാരക്കാരിലും സ്ത്രീകളിലും ഉയര്‍ന്നു വരുന്ന ലഹരി ഉപയോഗതിലേക്ക് ചില പഠനങ്ങള്‍ വെളിച്ചം ചൂണ്ടുന്നു.

കഴിഞ്ഞ ദിവസം ഒരു സ്കൂളില്‍ നടന്ന സംഭവവും ചില ചാനലിന്‍റെ റിപ്പോര്‍ട്ടും കേരളീയ മനസ്സുകളില്‍ എന്ത് വികാരമാണ് ഉണ്ടാക്കിയതെന്ന് എനിക്കറിയില്ല. എന്നാല്‍ ഇത്രയും കണക്കെടുക്കാനും ഇത് എഴുതാനും എന്നെ അത്  പ്രേരിപ്പിച്ചു. സോഷ്യോളജി യിലെ socialization അഥവാ സാമൂഹികവല്‍ക്കരനമെന്ന അധ്യായം ഞാന്‍ ഒന്ന് കൂടി ഓര്‍ത്തെടുത്തു..ഒരു മനുഷ്യനെ സമൂഹത്തിന്റെ രീതികളും, നിയമങ്ങളും, സംസ്കാരങ്ങളുമായി കൂട്ടിയിണക്കുന്ന പ്രക്രിയയാണ്‌  ചുരുക്കിപറഞ്ഞാല്‍ സാമൂഹികവല്‍ക്കരണം. ഇതും ഈ വാര്‍ത്തയും തമ്മില്‍ എന്ത് ബന്ധം എന്നല്ലേ. ബന്ധം ഉണ്ടെന്നു എനിക്ക് തോന്നുന്നു.ഇന്നത്തെ അവസ്ഥയില്‍ കേരള സമൂഹത്തിന്റെ രീതികളില്‍, സംസ്കാരത്തില്‍ ഇണങ്ങിച്ചേര്‍ന്ന, വിമര്‍ശനങ്ങള്‍ക്കതീതമായ ഒന്നായി മദ്യ സംസ്കാരം വളര്‍ന്നിട്ടുണ്ട്.  ഒരു കാലത്ത് പൊതുവായ മദ്യ സേവകളും മറ്റും social deviance എന്ന  ഗണത്തില്‍ പെടുത്തുമായിരുന്നു. പക്ഷെ  സോഷ്യല്‍ status ന്‍റെ പ്രതിരൂപകങ്ങള്‍ ആയി മദ്യം ഇന്നു  മാറി. ഇളം തലമുറ വളരുന്നതും ഇതെല്ലം കണ്ടിട്ടും കേട്ടിട്ടുമാണ്. അവരുടെ socialization പ്രക്രിയയില്‍ ഈ മാറ്റങ്ങള്‍ക്കും സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടുണ്ട്.

socialisation ന്‍റെ ആദ്യ മാധ്യമം , കുടുംബം.കേരളത്തിലെ ഒരു നല്ല ശതമാനം കുടുബങ്ങളില്‍ ഇന്നു കള്ള് ഒരു സാധാരണ അതിഥി ആണ്. വിശിഷ്ട ദിനങ്ങളിലും അല്ലാത്ത സമയങ്ങളിലും കൂട്ടുണ്ടാവുന്ന ഒരതിഥി. കുടിക്കുന്നത് തെറ്റാണെന്നോ, അതിന്‍റെ വിപത്ത് എന്താണെന്നോ കുടുംബങ്ങളില്‍ കുട്ടികളോടെന്നല്ല ആരോടും ആരെങ്കിലും സംവദിക്കുന്നത് അപൂര്‍വ്വം മാത്രം. മറിച്ചു കുടിച്ചു വന്നു തന്നെ അടക്കമുള്ളവരെ ആക്രമിക്കുന്ന മുതിര്‍ന്നവര്‍ കുറച്ചു കുട്ടികള്‍ക്കെങ്കിലും ഒരപൂര്‍വ കാഴ്ചയുമല്ല.. അപ്പോള്‍ ആരോഗ്യകരമായ ഒരു സാമൂഹികവല്കരണം കുടുംബങ്ങളില്‍ നിന്നും ലഭിക്കുന്നു എന്ന് വിശ്വസിക്കാനാവുമോ?

കുറച്ചു കൂടി മുതിര്‍ന്നാല്‍, അവര്‍ തങ്ങളുടെ കൂട്ടുകള്‍ക്ക്‌ കൂടുതല്‍ വില കല്‍പ്പിക്കുന്നു. socialisation ന്‍റെ മൂന്നാം മാധ്യമം  .എന്നാല്‍ ഇന്നു  ഒരു വലിയ  ശതമാനം കുട്ടികളും ഈ കൂട്ടിടങ്ങളില്‍  മദ്യത്തെ ആദ്യം രുചിച്ചറിയുന്നു. മറ്റു ലഹരികളുടെയും കാര്യം അന്യമല്ല. കൂട്ടുകാരുടെ ഇടയില്‍ ഹീറോയിസം കിട്ടാന്‍, അവരില്‍ ഒരാളായി പിടിച്ചു നില്‍കാന്‍ കള്ള് കുടിച്ചേ മതിയാവൂ എന്നാ അവസ്ഥ അവരെ കുടിയന്മാരക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 14 നോ അതിനു മുന്‍പോ മദ്യം കുടിക്കുന്നവര്‍  പിന്നീട് മദ്യം ഉപയോഗിക്കാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ കൂടുതലാണ്. ചുരുക്കിപറഞ്ഞാല്‍  പതിനാലിന് മുന്‍പ് കള്ള് നുണയാന്‍ ആയാല്‍ പിന്നെ ജീവിതകാലം മുഴുവന്‍ മോന്തി കൊണ്ടിരിക്കാനുള്ള സാധ്യത ഉണ്ട് .

രണ്ടാം മാധ്യമം, സ്കൂള്‍...,   അവിടെയാണ് മിനിയാന്ന് ഒരു വ്യത്യസ്ത രംഗം അരങ്ങേറിയത്.സ്കൂളില്‍ അങ്ങനെ ഒരു രംഗം പതിവില്ലാത്തത് കൊണ്ട് വാര്‍ത്തയായി.നാടറിഞ്ഞു. എന്നാല്‍ നാടറിയാതെ റിപ്പോര്‍ട്ട്‌ ചെയ്യാതെ എത്ര നടക്കുന്നു..

 നാലാം മാധ്യമം, മതം. മതത്തിനും മത വിശ്വാസങ്ങള്‍ക്കും പ്രാധാന്യം നഷ്ട്ടപ്പെട്ടു തുടങ്ങിയിട്ടുണ്ട്. എന്നാലും മതം പാഠങ്ങള്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഒരു ചെറിയ രീതിയിലെങ്കിലും സ്വാധീനിക്കാറുണ്ട്. എന്നാല്‍ നമ്മുടെ പല മത സ്ഥപങ്ങളിലും  മത ചടങ്ങുകളുടെ  ഭാഗമായും , ആഘോഷങ്ങളുടെ ഭാഗമായും  കള്ള് രംഗത്തുണ്ട്. അങ്ങനെ അവിടെ നിന്ന് കിട്ടുന്ന മൂല്യങ്ങള്‍ കൊണ്ടും ഈ സംസ്കരതിനെതിരെ ചെറുതി നിലക്കാനാവില്ല. ഇസ്ലാം മതം  വളരെ ശക്തമായ  ഭാഷയില്‍ മദ്യം  നിരോധിക്കുനത് കൊണ്ട് മാത്രം ഇതിനു  മുസ്ലിം സമൂഹത്തില്‍ സ്വീകാര്യത ലഭിച്ചിട്ടില്ല. എങ്കിലും ആഘോഷ വേളകളില്ലും മറ്റും വിനോദ യാത്രകളുടെ  ഒളി മറയില്‍ 'ഇവന്‍' മുസ്ലിം യുവാക്കളുടെ മനസ്സിലും  ഇടം പിടിച്ചിട്ടുണ്ട്.ഇനി കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാവാതിരിക്കട്ടെ..

 അഞ്ചാം മാധ്യമം, ' the state'.  ഭാരത ഭരണ ഘടനയുടെ directive principle ലെ article 47 പറയുന്നത്," the state shall endeavour to bring about prohibition of the consumption, except for medical purposes, of intoxicating drinks and of drugs which are injurious to health".  ആരോഗ്യത്തിന് ഹാനികരം വിധത്തിലുള്ള ഏത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപഭോകതിനും ( മരുന്നിനു വേണ്ടിയല്ലാത്തത് ) അധികൃതര്‍ തടയിടണമെന്നു സാരം. പക്ഷെ അതുമാത്രം പറയരുതെന്നാണ് നമ്മുടെ അധികൃതരുടെ നിലപാട്. മദ്യോല്പ്പാദന രംഗത്ത് തിളക്കമാര്‍ന്ന സ്ഥാനം നിലനിര്‍ത്തിപ്പോരുന്ന ഭാരതം 2008 ലെ റിപ്പോര്‍ട്ട്‌ അനുസരിച്ച് 15 വര്ഷം കൊണ്ട് ഉത്പാദന രംഗത്ത് വമ്പന്‍ ഉയര്‍ച്ചയാണ്‌ ഉണ്ടാക്കിയിട്ടുള്ളത്. കേരളത്തിന്‍റെ നേട്ടം അതിലും മികച്ചതാണ്. 2010 ലെ BBC റിപ്പോര്‍ട്ട്‌ ഇങ്ങനെ പറയുന്നു. കേരളത്തിന്റെ വാര്‍ഷിക budget ല്‍ 40  % ശതമാനത്തിലേറെ വരുമാനം വരുന്നത് കുടിയില്‍ നിന്നാണ്. കള്ള് ഷാപ്പുകളെ കുറിച്ചുമുണ്ട്  ചില കണക്കുകള്‍.. , KSBC കേരളത്തില്‍ 337  ബാറുകള്‍ നടത്തുമ്പോള്‍ ഓരോ ഷാപ്പും ശരാശരി കുടിപ്പിക്കുന്നത് 80000  ആളുകളെയാണ്. ഇതിനു പുറമേ 600 private കള്ള് ഷാപ്പുകളും 5000 നടന്‍ കള്ള് വില്‍പ്പന കേന്ദ്രങ്ങളും ഉണ്ടത്രേ. ഭരണ കര്‍ത്താക്കള്‍ എത്ര നന്നായി മേല്പറഞ്ഞ ഭരണ ഘടനയെ പിന്തുടന്നു എന്നുള്ളതിന് ഉത്തമ തെളിവ്.
പോളിസികളുടെയും പദ്ധതികളുടെയും കാര്യമൊന്നും പിന്നെ പറയേണ്ട. ഇത്രയും  വലിയ ലാഭം കൊയ്യുന്ന ഒരു കച്ചവട മേഖലയെ തകര്‍ക്കാന്‍ തക്കതായ എന്തെങ്കിലും പരിപാടികള്‍ക്ക്  ആത്മാര്‍ഥമായി ചുക്കാന്‍ പിടിക്കാന്‍  ഭരിക്കുന്നവര്‍ക്കെങ്ങനെ  താല്പര്യം വരാനാണ്. എല്ലാം ഒരു വഴിപാട്‌ പോലെ. ഇനി മദ്യോപഭോഗത്തിന് ഒരു നിയന്ത്രണം ഇടണമെന്ന് പറയുമ്പോള്‍ ചോദിക്കട്ടെ. കുടിക്കുന്നവരില്‍ ചിലരെങ്കിലും സ്വയം നിയന്ത്രിക്കാന്‍ തയ്യാറുണ്ടോ?. അതിനു സാധിക്കുമോ? ഇല്ലെങ്കില്‍ പിന്നെ എങ്ങനെ സമൂഹത്തില്‍ മുഴുവന്‍ ഒരു നിയന്ത്രണം ഇടുന്നത്.?  ആത്മാര്‍ഥമായ ഇടപെടലുകള്‍ തീരെ ഉണ്ടാവുന്നില്ലെന്നല്ല പറയുന്നത്. ചില സാമൂഹ്യ സന്നദ്ധ സംഘടനകളും മറ്റും നടത്തുന്ന ശ്രമങ്ങള്‍ കാണാതെയുമല്ല. പ്രശനത്തിന്റെ ആഴമാനുസരിച്ചു കൂടുതല്‍ ശക്തമായ ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍  ആവശ്യമാണ്.


ഇനി മദ്യവുമായി ബന്ധപെട്ടു കിടക്കുന്ന ഒട്ടനവധി പ്രശ്നങ്ങള്‍ സമൂഹത്തില്‍ കൂടി വരുന്നു, കുറ്റ്യ കൃത്യങ്ങള്‍, ലൈഗികാക്രമണങ്ങള്‍,            , വിവാഹ മോചനങ്ങള്‍, റോഡപകടങ്ങള്‍ എന്നിവയെല്ലാം തന്നെ  ദിനം പ്രതി വര്‍ധിക്കുന്നു. ഇവക്കെല്ലാം തന്നെ   മദ്യവുമായി ശക്തിയേറിയ ബന്ധവുമുണ്ട്. അങ്ങനിയിരികെ, ഇതിനെല്ലാം പരിഹാരം കാണാന്‍ ഇറങ്ങുമ്പോള്‍ കാരണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന കള്ളുകുടി എന്നാ വിപത്തിനെ നിര്‍മാര്‍ജ്ജനം ചെയ്യനായില്ലെങ്കില്‍ പിന്നെ പരിഹാരത്തിന് എന്ത് പൂര്‍ണത?

ഇനി നമ്മുടെ സ്കൂള്‍ സംഭവത്തിലേക്ക് തിരിച്ചു വരാം അപ്പോള്‍ നമ്മുടെ പിള്ളേരെ പറഞ്ഞിട്ടെന്തു കാര്യം.അവരുടെ ചുറ്റുപാടുകളില്‍, സാമൂഹിക വല്‍കരണത്തില്‍ ഇതിനെയൊക്കെ പ്രേരിപ്പിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന ആവശ്യത്തിലേറെ ഘടകങ്ങള്‍ ഉണ്ട്.പിന്നെ അവരെന്തു ചെയ്യും.? വേണ്ടതുപോലെ വേണ്ടവരില്‍ നിന്നും ആത്മാര്‍ഥമായ ബോധവല്കരണം ഇല്ല, ചുറ്റിലും കാണുന്നതിലും കേള്‍ക്കുന്നതിലും മദ്യമയം..

വാല്‍കഷണം: പണ്ടെവിടെയോ വായിച്ചിട്ടുണ്ട്, മദ്യപാനികളിലും മറ്റും antisocial elements കൂടുതല്‍ ആണെന്ന്.മിക്കവാറും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍   ഏര്‍പ്പെടുന്നവര്‍ കള്ളിന്റെയും മറ്റു ലഹരി പദാര്‍ത്ഥങ്ങളുടെയും  കൂട്ട് പിടിക്കാരുണ്ടെന്നും. ഒരു ആലോച്ചനക്കുവേണ്ടി ഒരു ചോദ്യം എടുത്തിടട്ടെ. സാമൂഹിക വിരുദ്ധര്‍ എന്ന ഗണത്തില്‍ പെടുന്നവര്‍ ആ ഗുണ ഗണങ്ങളോട് കൂടി പിറക്കുന്നവരാണോ, അതോ സമൂഹം അവര്‍ക്ക് പിറവി നല്‍കുന്നതോ?