"സുന്ദര വന"ത്തിലൊരു ബക്രീദ്

           
                             

പഠിച്ചിരുന്ന മാനസികാശുപത്രിയുടെ മടുപ്പിക്കുന്ന അന്തരീക്ഷത്തില്‍ നിന്നും മാറി മനസ്സിനെ ഒന്ന് കുളിപ്പിച്ചെടുക്കാനാണ് ഞങ്ങള്‍ സുന്ദര്‍ബനിലേക്ക് പോവനോരുമ്പെട്ടത് . ഞങ്ങള്‍ എന്നാല്‍ ആണും പെണ്ണും അടക്കം 9 അംഗ മല്ലു കൂട്ടം. പുതിയ വസ്ത്രവുമണിഞ്ഞു  ഹോസ്റ്റലില്‍ മുറിയില്‍ കിടന്നുറങ്ങി, മെസ്സിലെ പുലാവും  ദാലും കഴിച്ചു ബക്രീദ് ആഘോഷിക്കുന്നതിലും ഭേദം ഒരു യാത്രയാണെന്ന് തോന്നിയത് കൊണ്ട് പനിയുടെ ആലസ്യമുണ്ടെങ്കിലും ഞാനും അവരെ കൂടെ കൂടി.പണ്ട് പത്താം ക്ലാസിലെ ഭൂമി ശാസ്ത്രത പുസ്തകത്തില്‍ പരാമര്‍ശിച്ച ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ കാടായ സുന്ദര വനമാണ് ബെഗ്ലായില്‍ സുന്ദര്‍ബന്‍ എന്നാ പേരില്‍ അറിയപ്പെടുന്നതെന്ന് പിന്നീടാണ് മനസ്സിലായത് . അങ്ങനെ ഒരു ചുട്ട ഉച്ച സമയത്ത് ഞങ്ങള്‍ ജംഷട്പൂര്‍ വഴി കൊല്‍കത്തയുടെ  അങ്ങേ കോണിലെ സുന്ദര വനം തേടി പുറപ്പെട്ടു.

വളരെ തക്കതായ  രൂപരേഖ ഇല്ലാതെയാണ് പുറപ്പെട്ടത്‌.. അങ്ങനെയുള്ള യാത്രകളുടെ സുഖം ഒന്ന് വേറെ തന്നെ.എന്നാല്‍ ആ സുഖത്തോടൊപ്പം ചില  അനിശ്ചിതത്തങ്ങളും അനിവാര്യമായി കൂടെയുണ്ടാവും. അതിന്റെയെല്ലാം അനന്തര ഫലമായി  അന്ന് രാത്രി റയിവേ സ്റ്റേഷനില്‍ തന്നെ അന്തി  ഉറങ്ങേണ്ടി വന്നു .

പുലര്‍ച്ചെ 5.30 ഓടെ വീണ്ടും  യാത്ര തുടര്‍ന്നു. ഇത്തവണ കൊല്‍കത്ത മെട്രോയില്‍ കാനിംഗ് എന്ന സ്ഥലത്തേക്ക് ഒരു പുലര്‍കാല യാത്ര. അതിമനോഹരമായിരുന്നു ആ യാത്ര. കാഴ്ച്ചകളെ  മറച്ചു കൊണ്ട് വെള്ള തൂവല്‍ കൊട്ടാരം പോലെ കോട മഞ്ഞും , അതിനുള്ളില്‍ ഒളിച്ചു കളിക്കുന്ന കുടിലുകളും , കുളങ്ങളും,  നെല്‍ പാടങ്ങളും,  കേരളത്തിലെ ഡിസംബര്‍ കാഴ്ചയെ ഓര്‍മപ്പെടുത്തി. കൊല്‍കത്തയുടെ  പിന്നാമ്പുറങ്ങള്‍  ഞാനാദ്യമായി കാണുകയായിരുന്നു. തീവണ്ടിക്കകത്തും ഉണ്ടായിരുന്നു കാഴ്ചകള്‍.; വലിപ്പമേറിയ ഒരു തിരണ്ടിയുമായി ഒരാളും ഒരു കുടം നിറയെ ജീവനോടെ തുള്ളിക്കളിക്കുന്ന മീനുകളുമായി  മറ്റൊരു മത്സ്യ  കച്ചവടക്കാരനും,  പിന്നെ വയലില്‍ നിന്നും ഉടനെ പറിച്ചെടുത്ത വിവിധതരം പച്ചക്കറികളുമായി ഒത്തിരി ഗ്രാമീണരും. അവരുടെ ഒരു ദിവസം തുടങ്ങുകയായി.


കാനിങ്ങിലെ കൊച്ചു അങ്ങാടി തിരക്ക് പിടിച്ചതായിരുന്നു. അടുത്തുള്ള അമ്പലത്തില്‍ നിന്നും ഭക്തി ഗാനം ബെഗ്ലായില്‍ പിന്നണി ആയി കേട്ടുകൊണ്ടിരിക്കുന്നു . റയില്‍വേ  സ്റ്റേഷന്‍ തുറക്കുന്നത് വീതികുറഞ്ഞ ഒരു ചെറിയ തെരുവിലെക്കാണ്  അതിനു  രണ്ടു വശങ്ങളിലുമായി സുന്ദരവനത്തിലേക്ക് സന്ദര്‍ശകരെ നയിക്കാന്‍ തയ്യാറായിരിക്കുന്ന ട്രാവല്‍ എജെന്സികളുടെ ഒരു നിരതന്നെയുണ്ട്. കടുവയുടെ ചിത്രങ്ങളുമായി കുഞ്ഞു ഓഫിസുകള്‍ . പിന്നീട് നീണ്ടു പോവുന്ന തെരുവിന്‍റെ രണ്ടു വശങ്ങളിലും കൊച്ചു കൊച്ചു കടകളായിരുന്നു. പ്രഭാത ഭക്ഷണവുമായി ഒരുങ്ങിയിരിക്കുന്ന കുഞ്ഞു തട്ട് കടകളും പല തരം  ഗ്രാമീണ പഴങ്ങളുമായി പഴകച്ചവടക്കാരും  പ്രഭാത പൂജക്ക്‌ വേണ്ടിയുള്ള പൂക്കളുമായി പൂകച്ചവടക്കാരും ബക്രീദിന്റെ  നിറവില്‍ പുതിയതരം വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വസ്ത്രക്കച്ചവടക്കാരും . അങ്ങനെ അങ്ങനെ ആ തെരുവും ഉണരുകയായി.

 ചൂടോടെ ചുട്ടെടുക്കുന്ന പൊറോട്ട കണ്ടു നുണഞ്ഞു നുണഞ്ഞു ഒരു തട്ടുകടയില്‍ കയറി.  കേരളം വിട്ടതിനു ശേഷം പൊറോട്ട കിട്ടുന്നത് വളരെ അപൂര്‍വമായിരുന്നു. പിടക്കുന്ന പുഴമീന്‍ കറിയായിരുന്നു കൂട്ടിന്. തട്ടുകടയുടെ നിര്‍മാണം വളരെ രസകരമായ രൂപത്തിലാണ്. മുന്നില്‍ തന്നെ അടുക്കള. പിന്‍വശം തുറന്നിട്ടിരുക്കുന്നത് ഒരു വലിയ ജലാശയത്തിലേക്കാണ്. ഒരു തട്ടുകടക്ക് പിന്നിലും ഇത്ര വൃത്തിയുള്ള ജലാശയം ഒരു രസകരമായ കാഴ്ചയായിരുന്നു. പ്രാതല്‍ കുശാല്‍. ... .,വയറു നിറയെ തട്ടി ഏമ്പക്കമിട്ടു. വീണ്ടും ഇനിയെന്ത് എന്ന  ചോദ്യമായിരുന്നു.

 തെരുവില്‍ കിടന്നു നട്ടം തിരിയുമ്പോഴും ഞങ്ങള്‍ക്കാര്‍ക്കും സുന്ദരവനത്തിലേക്ക്  എത്തിപ്പെടുന്നതെന്ന് അറിയില്ലായിരുന്നു. അവസാനം ഒരു ട്രാവല്‍  എജെന്‍സിയുടെ  സഹായം തേടി ഹൗസ്  ബോട്ട് ബുക്ക്‌ ചെയ്തു ബോട്ട് ജട്ടിയിലേക്ക് നീങ്ങി. വീണ്ടും ഒരു നീണ്ട യാത്ര.

വീണ്ടും ഒരു കൊച്ചു അങ്ങാടി. ബോട്ട് ജട്ടി. അങ്ങ് ദൂരെ പുഴക്കപ്പുറം  തേടിവന്ന സുന്ദര വനം കണ്ടു തുടങ്ങി. ഞങ്ങളുടെ ബോട്ട് പുഴയിലാണത്രെ . അടുക്കാന്‍ ഇനിയും സമയം വേണ്ടി  വരും. ആ ഇടവേളയില്‍ ദാലും കൊല്‍കത്ത സ്പെഷെല്‍ മീന്‍ കറിയും കൂടി ഒരൂണും പാസാക്കി. പിന്നെയും കിടക്കുന്നു സമയം.

ഒരു കൊച്ചു വീടുപോലെ ഞങ്ങളുടെ ബോട്ട്. അത്യാവശ്യ  സൌകര്യങ്ങളോട് കൂടിയ ഒരു ചെറിയ വീട്. മുകളില്‍ ബോട്ട് ഡ്രൈവറുടെ മുന്നിലെ കട്ടിലും കിടക്കയുമാണ് എന്നെ ആഘര്‍ഷിച്ചത് . അവിടെയിരുന്നാല്‍ നാല് ഭാഗവും വ്യക്തമായി കാണാം. ചുറ്റും വെള്ളം. കരകളില്‍ നിറഞ്ഞു നില്‍ക്കുന്ന കുറ്റിക്കാട്. ഉള്ളിലേക്കുള്ള കാഴ്ച അസാധ്യമായിരുന്നു. അത്രയും ഇടതൂര്‍ന്ന കുറ്റിക്കാട്. ഉയരമില്ലാതെ വെട്ടി നിര്‍ത്തിയിരിക്കുന്നത് പോലെ ഒരു പ്രത്യേക തരാം കുറ്റിച്ചെടികള്‍. അതാണത്രേ സുന്ദരവനം. സുന്ദരിചെടികള്‍ നിറഞ്ഞ സുന്ദരവനം.  മണ്ണിനെ പിടിച്ചു നിര്‍ത്താന്‍ കഴിവുള്ള കട്ടിയുള്ള വേരുകളാണ് ഈ ചെടികളുടെ പ്രത്യേകത. വളരുന്നത്‌ ചതുപ്പ് നിലങ്ങളില്‍. ഈ വേരുകള്‍ ആണത്രേ ഈ ചെടികളെയും പ്രദേശത്തെയും സുനാമി പോലുള്ള പല പ്രഭാവങ്ങളില്‍ നിന്നും സംരക്ഷിക്കുന്നത്. എന്തായാലും വേരുകള്‍ സുന്ദരികള്‍ മാത്രമല്ല, മിടുക്കികള്‍ കൂടിയാണ്.


ഇടയ്ക്കിടയ്ക്ക് ഒറ്റ വിട്ട്  ഓരോ കുടിലുകള്‍ കാണാം. പിന്നില്‍ ഒരു ഗ്രാമമുണ്ടെന്ന്  വിളിച്ചോതികൊണ്ട് ആട് മാട് കൂടങ്ങളും, കരക്ക്‌ കയറ്റി ഇട്ടിരിക്കുന്ന വഞ്ചികളും . മനുഷ്യവാസമുള്ള ദ്വീപുകള്‍, ആകെയുള്ള 102 ദ്വീപുകളില്‍ 54 എണ്ണം മനുഷ്യവാസമുള്ളതും ബാക്കിയുള്ളത് ഘോരവനവു മാണ.  ദ്വീപു  നിവാസികള്‍ കൃഷികരും മീന്‍പിടിത്തക്കാരുമാണ്  അധികവും. യാത്ര വഞ്ചികളില്‍  മാത്രം. ഒരു ദ്വീപിനു മറ്റൊരു ദ്വീപുമായി ബന്ധമുണ്ട്. എന്നാല്‍ മറ്റു സൗകര്യങ്ങള്‍  വളരെ കുറവാണു. ഘോരവനത്തില്‍ നല്ല തേന്‍ ലഭ്യമാണ്.ഈ തേനെടുക്കാന്‍ പോകുന്ന ഗ്രാമവാസികള്‍ അല്ലാതെ വനത്തില്‍ വേറെ മനുഷ്യ മണമില്ല. റോയല്‍ ബംഗാള്‍ കടുവകള്‍ വാഴുന്ന ഘോര വനം. സുന്ദര വനത്തില്‍ മൊത്തം 274 കടുവകളു ണ്ടെന്നാണ്  കണക്കു . ഇതിനു പുറമേ മാനുകളും കുരങ്ങും, മറ്റു ചെറിയ മൃഗങ്ങളും വിവിധതരം പക്ഷികളും ഉണ്ട്.
                             
                                          

മുന്നോട്ടു പോകവേ പുഴ വലുതാകാന്‍ തുടങ്ങി. ചക്രവാളത്തോടാടുകുന്ന സൂര്യന്‍ വെള്ളത്തിന്‌ സ്വര്‍ണ നിറമേകി. കണ്ടാല്‍ ഒരിക്കലും മതിവരാത്ത കാഴ്ച. ഏതോ ദ്വീപിനോടടുക്കാന്‍ ഒഴുക്കിനെതിരെ തുഴഞ്ഞു പോകുന്ന വഞ്ചികള്‍ സ്വര്‍ണ നിറത്തില്‍ മുങ്ങി. കരയിലെ ചെടികള്‍ക്കും മറ്റും കറുപ്പ് നിറമേകി തന്‍റെ  ഭംഗിയെ എടുത്തു കാണിച്ചു സൂര്യന്‍ . കൂട് തേടി പറക്കുന്ന പക്ഷിക്കൂട്ടങ്ങള്‍ . സൂര്യന്‍ തന്‍റെ മാജിക് അവസാനിപ്പിച്ചു വെള്ളത്തിലേക്ക്‌ ഊളിയിട്ടപ്പോഴേക്കും ഞങ്ങള്‍ ഒരു ത്രിവേണി സംഗമത്തില്‍ എത്തിയിരുന്നു.ഞങ്ങള്‍ വന്നു കയറിയ നദി യും ബംഗ്ലാദേശിലേക്കൊഴുകുന്ന നദിയും  കൊല്കത്തയില്‍ നിന്നും വരുന്ന നദിയും , അങ്ങനെ മൂന്ന് നദികള്‍ കൂടിയ ഒരു വലിയ ജലാശയം. അവിടെ ഒത്ത  നടുവില്‍ നങ്കൂരമിട ഞങ്ങളുടെ ബോട്ട് ഒരുങ്ങിതുടങ്ങി. അതിനു  മുന്‍പായി  അത്യാവശ്യ സാധങ്ങള്‍ വാങ്ങാനായി ഞങ്ങള്‍ അടുത്തുള്ള  കൊച്ചു ദ്വീപില്‍ കയറി. അവിടെ ഒരു കൊച്ചു കടയിലെ കടക്കാരി അവരുടെ സ്വന്തം സുന്ദര വനത്തെ കുറിച്ച് വാചാലയായി..

പുഴയ്ക്കു നടുവില്‍ ഞങ്ങളുടെ ബോട്ട് നങ്കൂരമിട്ടു. ഒരു രാത്രി മുഴുവന്‍ പുഴയ്ക്കു നടുവില്‍ . അങ്ങനെ ഒരു ചിന്ത പോലും ത്രസിപ്പിക്കുന്നതാണ്. ചുറ്റും നങ്കൂരമിട്ടിരിക്കുന്ന മറ്റു ബോട്ടുകള്‍ . ബോട്ടുകളിലെ വെളിച്ചം വെള്ളത്തില്‍ ചിമ്മിണി  വിളക്കുകള്‍ കത്തിച്ചപോലെ .. കൂടെ തികഞ്ഞ  പുഞ്ചിരിയോടെ അമ്പിളിയും. പെരുന്നാള്‍ രാവിന്  മൊഞ്ച് കൂട്ടാന്‍ ഇനിയെന്ത് വേണം?. കണ്ടല്‍ കാടുകളെ തഴുകിയെത്തുന്ന ഇളം കാറ്റ്. പതിയെ കിളുകിള  ചിരിക്കുന്ന വെള്ളം, പ്രേമ സുരഭിലമായ അന്തരീക്ഷം. തഴുകാന്‍ എന്‍റെ നല്ല പാതി  മാത്രം കൂടെയില്ല. കൂട്ടുകാര്‍ക്കു അപരിച്ചതമായ തക്ബീര്‍ ധ്വനി ഞാന്‍ മാത്രം ചൊല്ലുമ്പോഴും  മനസ്സില്‍ തികട്ടി വരുന്ന എന്തോ ഒന്ന്...

അതി സുന്ദരമായ ആ രാത്രി വെളുക്കാതെ നീണ്ടു പോണേ എന്ന് പ്രാര്‍ത്ഥിച്ചു പ്രാര്‍ത്ഥിച്ചു കണ്ണ് നട്ടിരിക്കവേ എപ്പോളുറങ്ങിപ്പോയെന്നു ഓര്‍ക്കുന്നില്ല.

പുലര്‍ച്ചെ സുബഹിക്ക് വേണ്ടി കണ്ണ് തുറന്നപ്പോള്‍ കുളിചോരുക്കി നിര്‍ത്തിരിക്കുന്ന പുഴയെയും  മുകളില്‍ സിന്ദൂരക്കുറിപോലെ  കൊച്ചമ്പിളിയെയും കണികണ്ടത് . രാത്രി മുഴുവന്‍ വെടിപരഞ്ഞിരുന്ന എന്‍റെ കൂട്ടുകാര്‍ അപ്പോഴും ഉറക്കിത്തിലായിരുന്നു. പെരുന്നാള്‍ കുളിക്കാന്‍ സ്ഥലമില്ലാതെ ഉടുക്കാന്‍ പെരുന്നാള്‍ കൊടിയില്ലാതെ , ഞാനൊരു പെരുന്നാള്‍ കാരി മാത്രം. കയ്യില്‍ മൈലാഞ്ചി ചോപ്പില്ലാത്ത ആദ്യത്തെ പെരുന്നാള്‍. ഇക്ക കൂടെയില്ലാത്ത രണ്ടാമത്തെ പെരുന്നാള്‍ . എങ്കിലും മനസ്സ് തിറ കൊട്ടി .
                                             
കൃത്യം 7 ന് ബോട്ട് മറ്റൊരു കരയോടടുപ്പിച്ചു . അവിടുന്നാണ്  ഞങ്ങള്‍ക്ക് ഫോറെസ്റ്റ് ഡിപ്പാര്‍ട്ട് മെന്‍റ്  ന്‍റെ  അനുവാദം വങ്ങേണ്ടത്. അവിടെയൊരു കൊച്ചു മ്യൂസിയമുണ്ടായിരുന്നു . സുന്ദര വനത്തെ കുറിച്ചെല്ലാം അവിടെയുണ്ടായിരുന്നു . കുറെ സിന്ദൂരിച്ചെടികളും . തിരിച്ചു ബോട്ടില്‍ കയറുമ്പോള്‍ ഒരു കൊച്ചു വഞ്ചി വീട് കണ്ടു. മുക്കുവ കുടുംബമായിരിക്കാം ചുവര്‍ ചിത്രങ്ങളില്‍ ഒക്കെ കാണുന്ന പോലെ ഒന്ന്. ഉള്ളില്‍ ഒരു കുടുംബം പ്രാതല്‍ കഴിക്കുന്നു. അമ്മ വിളമ്പുന്നു. വെപ്പും കിടപ്പും എല്ലാം അതിനുള്ളില്‍ തന്നെ. ആ വഞ്ചി വീടിന്‍റെ  പടമെടുക്കാന്‍ ഒരു ശ്രമം നടത്തി പക്ഷെ വ്യക്തമായി കിട്ടിയില്ല. വഞ്ചി വീടാക്കി ഈ പുഴയിലൂടെ ഒഴുകി നടക്കുന്ന അവരുടെ ജീവിതത്തോട് ഒരു നിമിഷം അസൂയ തോന്നി .

ബോട്ട് കരവിട്ടു . കൂടെ ഒരു വഴികാട്ടി യും  കയറി . അദ്ദേഹം സുന്ദര വനത്തെ കുറിച്ച് എല്ലാം വിശദമാകി തന്നു .വെള്ളവുമടക്കം  16, 902 square miles  ഏരിയ ഉള്ള സുന്ദര്‍ബന്‍ കാടുകളുടെ 19% ഭാരതത്തിലും 81 % ബംഗ്ലാദേശിലുമാണ് . ഇതില്‍ തന്നെ വളരെ കുറഞ്ഞ ഏരിയ മാത്രമേ വിനോദ സന്ജാരത്തിന് അനുവദിച്ചിട്ടുള്ളൂ .  1997 ല്‍ UNESCO world heritage site ആയി പ്രഖ്യാപിച്ച  ഇവിടം കടുവ സംരക്ഷണ പ്രദേശം കൂടിയാണ്.

ഞങ്ങള്‍ കാടിനുള്ളിലേക്ക്‌ പ്രവേശിച്ചു . എല്ലാവരും വളരെ ആകാംഷയോടെ രണ്ടു വശങ്ങളിലേക്കും നോക്കിയിരിക്കുന്നു .  ഓരോ വളവിലും രണ്ടു വശത്തേക്കും ഒഴുകുന്ന കൈവഴികള്‍ . ഇവടങ്ങളില്‍ നേരെത്തെ കണ്ടത് പോലെ വേലി കെട്ടിയിട്ടില്ല. ഈ ഭാഗത്ത്‌ നിന്നും കടുവകള്‍ നീന്തി ജനവാസമുള്ള ദ്വീപുകളില്‍ പോവാറുണ്ടത്രെ. ഈ റോയല്‍ ബംഗാള്‍ കടുവകളെ ഒന്ന് കാണാന്‍  കൂടിയാണ് വിനോദ സഞ്ചാരികള്‍ ഈ വഴി വരുന്നത്.  ഉള്ളിലോട്ടു കൈവഴികളില്‍ കയറി പോവും തോറും വെള്ളത്തിന്‍റെ ആഴം കുറഞ്ഞു വരുന്നു. ചില കൈവഴികള്‍ പ്പത്തി വഴിയെ നിന്നു പോവുന്നു. മറ്റു ചിലത് വളഞ്ഞോഴുകി  വേറെ ചില കൈവഴികളു മായി ചേര്‍ന്നോഴുകുന്നു . രണ്ടു വശത്തും സുന്ദരി ചെടികള്‍ നിറഞ്ഞു നില്‍ക്കുന്നു. ഇവ 64 തരമുണ്ടത്രേ . ഇടയ്ക്കിടയ്ക്ക് മാന്‍ കൂട്ടങ്ങള്‍ വെള്ളം കുടിക്കാനിറങ്ങുന്നു. കുരങ്ങുകള്‍ ഒരു ചില്ലയില്‍ നിന്നും മറ്റൊരു ചില്ലയിലേക്ക് ചാടി  കളിക്കുന്നു. കൂടാതെ വിവധയിനം പക്ഷികളും .

യാത്ര പിന്നെയും പിന്നെയും നീണ്ടു . എല്ലാവരുടെ  കണ്ണുകള്‍ കരകളില്‍ കടുവകളെ  തിരഞ്ഞു . വളഞ്ഞു പുളഞ്ഞു ഒഴുകുന്ന പുഴ. പലയിടങ്ങളിലും ദ്വീപുകള്‍ രൂപപ്പെടുന്നു. ദ്വീപുകളുടെ ചതുപ്പ് നിലത്തില്‍ കടുവയുടെ കാലടികള്‍ . അവിടെ കുറച്ചു മുന്‍പ് കടുവ ഇറങ്ങി എന്ന് മുമ്പേ പോയ ബോട്ടില്‍ നിന്നും സന്ദേശം വന്നു അവര്‍ക്ക് കാണാനായി. പിന്നെയും ഞങ്ങള്‍ക്ക് നിരാശ.

 ഉച്ചക്ക് ഞണ്ട് കറി കൂട്ടി ഒരു കിടിലന്‍  പെരുന്നാള്‍ ചോറ് . കൊല്‍ കത്തയിലെ മീന്‍ കറി കള്‍ വളരെ രുചികരമാണ്.  ഊണിനു  ശേഷം ഞങ്ങള്‍ വീണ്ടും ഒഴുകി . സൂര്യന്‍ തലയ്ക്കു മീതെ എത്തിയിരുന്നു . ഞങ്ങള്‍ ഒരു പഞ്ച നദി സംഗമത്തിലും  ഒരു ഭാഗം നദികളും ബംഗാള്‍ ഉള്‍ക്കടലുമായുള്ള കെട്ടിപിണയല്‍ . മറ്റു അഞ്ചു ഭാഗങ്ങളില്‍ നിന്നും ഒഴുകി വരുന്ന അഞ്ചു നദികള്‍. അതിസാധാരണ കാഴ്ചയായിരുന്നു അത്. ഇടക്ക്  വീതിയേറിയ ഒരു മണല്‍ തിട്ട, അവിടെ മീന്‍ പിടിക്കുന്ന മുക്കവന്മാര്‍ . മനോഹരം.


ഞങ്ങള്‍ തിരിച്ചോഴുകുകയായിരുന്നു . ചെറിയ നിരാശ . മനോഹര നിമിഷങ്ങള്‍ തീരാന്‍ പോവുന്നു . കടുവയെ കണ്ടില്ല . ആ നിരാശയില്‍ മനസ്സില്‍ തീരുമാനിച്ചുറപ്പിച്ചു  . ഇനിയൊരിക്കല്‍ എന്‍റെ  പ്രിയനോടോത് ഞാന്‍ ഇതിലേ  വരും . പോയി വരാം  എന്നാ വാക്കോടു കൂടിയാണ് സുന്ദര വനത്തോട് വിട പറഞ്ഞത്.







Comments

  1. മുന്‍പെവിടെയും വായിച്ചിട്ടില്ലാത്ത ഒരു പ്രദേശത്ത് കൂടെയുള്ള വിവരണം ആയതിനാല്‍ ഏറെ താല്പര്യത്തോടെ വായിച്ചു. മികച്ച ഒരു യാത്രാ വിവരണം

    ReplyDelete
  2. അതീവ ഹൃദ്യമായ വിവരണം . അവിടം സന്ദര്‍ശിക്കാന്‍ മോഹമുദിക്കുന്ന ശൈലി
    പക്ഷെ കുറച്ചൂടെ ചിത്രങ്ങള്‍ ആവാമായിരുന്നു

    ReplyDelete
  3. യാത്രാ വിവരണം നന്നായിട്ടുണ്ട്

    ReplyDelete
  4. മനോഹരമായ യാത്ര ചെയ്തത് പോലെ ...നന്നായി ലേഖനവും ഫോട്ടോകളും ...

    ReplyDelete
  5. മനോഹരമായ അവതരണം.. ശരിക്കും ഹൃദ്യം.

    ReplyDelete
  6. അത്യുഗ്രന്‍ വിവരണവും മനോഹരമായ ചിത്രങ്ങളും. സുന്ദര്‍ബന്‍ സന്ദര്‍ശിച്ച പ്രതീതി. അഭിനന്ദനങ്ങള്‍

    ReplyDelete
  7. നല്ല വിവരണവും , മനോഹരമായ സ്ഥലങ്ങളും .പെരുന്നാളാശംസകള്‍ @WINGS

    ReplyDelete
  8. സുന്ദര്‍ബന്‍ .. ആദ്യമായാണ് ഇങ്ങനെ ഒരു സ്ഥലം കേള്‍ക്കുന്നത് തന്നെ .മറ്റുള്ളവര്‍ കാണാത്ത സ്ഥലങ്ങള്‍ കാണുന്നത് ഒരു ത്രില്‍ തന്നെ ല്ലേ

    ReplyDelete
  9. ഭൂമിശാസ്ത്ര പുസ്തകത്തിലെ 'സുന്ദര വനം' കുട്ടികള്‍ക്ക് വിശദമായി പരിചയപ്പെടുത്താന്‍ നേരത്തെ ഒരു ശ്രമം നടത്തിയിരുന്നു. ഒരു സന്ദര്‍ശകയുടെ വിശദീകരണം അതൊരു അനുഭവം കൂടിയാക്കി. ഗംഗാ നദി കൈവഴികളായി പിരിഞ്ഞ്‌ പശ്‌ചിമബംഗാളിലും ബംഗ്ലാദേശിലുമായാണ് പ്രസിദ്ധമായ സുന്ദരവനം എന്ന ഡെല്‍റ്റ സൃഷ്‌ടിച്ചിരിക്കുന്നത്‌. പ്രകൃതിയുടെ വരം!

    ReplyDelete
  10. ശരിക്കും അതൊരു പ്രകൃതിയുടെ വരം തന്നെ ദൈവത്തിന്‍റെ കല സൃഷ്ട്ടി

    ReplyDelete
  11. good one Noor! Liked this piece of narration. felt like I also have been there with you! Expecting more travelogues like this from you!

    ReplyDelete
  12. യാത്ര പോകാന്‍ ഇഷ്ടമാണ് ,അതിലേറെ ഇഷട്ടമാണ് ഇത് പോലുള്ള യാത്രാ വിവരണങ്ങള്‍ വായിക്കാന്‍ ,,,,കൃത്യമായ വഴികള്‍ അറിയാതെയുള്ള യാത്ര ,,പുഴയില്‍ ഒരു രാത്രി ,അത് കഴിഞ്ഞു സുന്ദര വനത്തില്‍ കൂടി ഒരു യാത്ര !!എന്തു രസം കേള്‍ക്കുമ്പോള്‍ തന്നെ !!

    അതി മനോഹരമായ ഒരു യാത്ര പോയ ഫീല്‍ വരികളില്‍ കൂടി അനുഭവിച്ചു അറിഞ്ഞു .

    ReplyDelete
  13. ആസിഫ്‌ ആലപ്പുഴയുടെ അഭിപ്രായം തന്നെ എനിക്കും

    ReplyDelete
  14. നന്നായിരിക്കുന്നു യാത്രാവിവരണം...

    ReplyDelete
  15. ഹൃദ്യമായിരിക്കുന്നു ഈ യാത്ര വിവരണം. അഭിനന്ദനം

    ReplyDelete
  16. this is the first time am publishing a travelogue even though i used to write it in my diary after every beautiful journey. but the response which this first post got, is really amazing and moreover encouraging for me..thanks for all visitors and comments...

    ReplyDelete
  17. salam noorjahan...liked your description very much...

    ReplyDelete
  18. salam noorjahan...liked ur description...all the best

    ReplyDelete
  19. മനോഹരമായ വിവരണം. പോയപ്പോ എന്തെ എന്നെക്കൂടെ വിളിച്ചില്ല.

    ReplyDelete
  20. ആ യാത്ര. കാഴ്ച്ചകളെ മറച്ചു കൊണ്ട് വെള്ള തൂവല്‍ കൊട്ടാരം പോലെ കോട മഞ്ഞും , അതിനുള്ളില്‍ ഒളിച്ചു കളിക്കുന്ന കുടിലുകളും , കുളങ്ങളും, നെല്‍ പാടങ്ങളും, കേരളത്തിലെ ഡിസംബര്‍ കാഴ്ചയെ ഓര്‍മപ്പെടുത്തി. കൊല്‍കത്തയുടെ പിന്നാമ്പുറങ്ങള്‍ ഞാനാദ്യമായി കാണുകയായിരുന്നു.

    കേരളത്തിലെ വളരെ മനോഹരമായ സ്ഥലങ്ങള്‍ തന്നെ കാണാന്‍ കഴിഞ്ഞിട്ടില്ല ..ഇന്ത്യയില്‍ മിക്കവാറും എല്ലാ സ്ഥലങ്ങളും വിസിറ്റ് ചെയ്തിട്ടുണ്ട് ..പക്ഷെ , കൊല്‍ക്കട്ട ഇന്നും ഒരു സ്വപ്നം മാത്രമായി മനസ്സില്‍ ..ഏതായാലും സുഹൃത്തിന്റെ ലേഖനം എന്നെ കൊല്‍ക്കട്ടയുടെ മനോഹാരിതയിലേക്ക് വലിച്ചിഴക്കുന്നു ..

    ReplyDelete
  21. കേരളത്തിലെ വളരെ മനോഹരമായ സ്ഥലങ്ങള്‍ തന്നെ കാണാന്‍ കഴിഞ്ഞിട്ടില്ല ..ഇന്ത്യയില്‍ മിക്കവാറും എല്ലാ സ്ഥലങ്ങളും വിസിറ്റ് ചെയ്തിട്ടുണ്ട് ..പക്ഷെ , കൊല്‍ക്കട്ട ഇന്നും ഒരു സ്വപ്നം മാത്രമായി മനസ്സില്‍ ..ഏതായാലും സുഹൃത്തിന്റെ ലേഖനം എന്നെ കൊല്‍ക്കട്ടയുടെ മനോഹാരിതയിലേക്ക് വലിച്ചിഴക്കുന്നു ..

    ReplyDelete
  22. വളരെ തക്കതായ രൂപരേഖ ഇല്ലാതെയാണ് പുറപ്പെട്ടത്‌.. അങ്ങനെയുള്ള യാത്രകളുടെ സുഖം ഒന്ന് വേറെ തന്നെ.....

    ആ നിരീക്ഷണം ഏറെ ഇഷ്ടമായി.....
    സുന്ദർബൻ എന്റെ മോഹങ്ങളിൽ ഒന്നാണ്. അതിലൂടെയുള്ള യാത്ര ആസ്വദിച്ചു......

    ReplyDelete
  23. സുന്ദര വനത്തിലൂടെയുള്ള സഞ്ചാര വിവരണം മനോഹരം.. !
    നിമിഷ നേരത്തേക്കാണെങ്കിലും ഞങ്ങളും അവിടെയൊക്കെ പോയി വന്നത്‌ പോലെ തോന്നി !!

    ReplyDelete
  24. നല്ല എഴുത്ത്. നന്നായി ആസ്വദിച്ചു.

    ReplyDelete

Post a Comment

Popular Posts