Sunday, November 25, 2012

അമ്മ


"മാതൃത്വത്തിന്റെ വില്‍പ്പനയും കുട്ടിയുടെ അവകാശവും " മറ്റനേകം സംഗതികളും    എന്തിനൊക്കെയോ വേണ്ടി  സംസാര വിഷയവും എഴുത്ത് വിഷയവും ആക്കി വിവാദങ്ങള്‍ പൊടി പൊടിക്കുമ്പോള്‍ ഇങ്ങനെ ചില അമ്മ മനസ്സുകളും നമുക്ക് ചുറ്റിലും ചര്‍ച്ച ചെയ്യപ്പെടാതെ, ഇനി ചര്‍ച്ച ചെയ്യപ്പെട്ടാലും നിസ്സഹായരായി  ജീവിക്കുന്നുവെന്ന്   അറിയുന്നതും നല്ലതായിരിക്കും.

മനസ്സിനകത്തൊരു കടല്‍ ! അമ്മ ! എന്ന തലകെട്ടില്‍ നാട്ടു പച്ച ഓണ്‍ലൈന്‍ മാഗസിനില്‍ വന്നത് ... http://nattupacha.com/


പറഞ്ഞു തുടങ്ങവേ അവര്‍ കരയുകയായിരുന്നു ... എപ്പൊഴും പുഞ്ചിരിക്കുന്ന, നിര്‍ത്താതെ സംസാരിക്കുന്ന അവര്‍ ഇന്നാദ്യമായി എന്‍റെ മുന്‍പില്‍ കരയുന്നു.. വളരെ അപൂര്‍വമായി മാത്രം  സ്വന്തം  ജീവിതത്തെ കുറിച്ച് സംസാരിക്കാറുള്ള  ആ സ്ത്രീ , ഇന്ന് പക്ഷെ എല്ലമാരോടെങ്കിലുമൊന്നു തുറന്നു പറയാന്‍ കൊതിച്ചത് പോലെ..

“നിങ്ങള്‍ക്കറിയുമോ , എന്‍റെ മകന്‍റെ പിറന്നാളാണ്  വരുന്നത് , ഇപ്പൊ അവനു  19 വയസ്സായി  കാണും, വേണ്ടാന്നു കരുതിയിട്ടും ഇപ്പൊ വീണ്ടും എനിക്കെല്ലാം  ഓര്‍മയില്‍ വരുന്നു. അവനു വെറും 9 മാസപ്പോള്‍  രോഗം വന്നു ഇവിടെ വരേണ്ടി വന്നതാണ്.19 വര്‍ഷങ്ങള്‍ കഴിഞ്ഞു.  എല്ലാ അമ്മമാര്‍ക്കും അവരുടെ മക്കള്‍ വലുതല്ലേ . നൊന്തു പെറ്റ എനിക്കും അവന്‍റെപിറന്നാള്‍ മറക്കാനാവുമോ . ഈ മനസികാശുപത്രിയില്‍ ഇരുന്നു എനിക്കവന് വേണ്ടി എന്താ ചെയ്യാന്‍ കഴിയുക? പ്രാര്‍ത്ഥിക്കാം , അത്ര തന്നെ.”.

അവരുടെ കണ്ണുകള്‍ ഈറനണിയുന്നു. സാരിത്തുമ്പ് കൊണ്ട് കണ്ണ് തുടച്ചു കൊണ്ട് അവര്‍ തുടര്‍ന്നു.

എന്‍റെ കയ്യില്‍ കുറച്ചു പൈസയുണ്ട്. കഴിഞ്ഞ മാസം ഒരു സിസ്റ്റെരുടെ മകള്‍ക്ക് ഉടുപ്പ് തുന്നികൊടുത്തിന്റെ കൂലി. അത് ഞാനവനു അയച്ചു കൊടുത്താലോ എന്നാലോചിക്കുന്നു . അവനു കിട്ടുമോ എന്നറിയില്ല, എന്നെ ഇവിടെ ആക്കി പോവുമ്പോള്‍ വീട്ടുകാര്‍ ഇവിടെ കൊടുത്ത  അഡ്രസ്‌ ആണ്.ചിലപ്പോഴിതൊക്കെ   മാറിക്കാണും. ഇനിയിപ്പോ ആളില്ലെങ്കില്‍ അത് തിരിച്ചു വരുമല്ലോ. “

ഒരു ഭ്രാന്തിയുടെ ഉപഹാരം , അങ്ങനെയാവും   അവരുടെ വീട്ടുകാര്‍ അതിനെ വിശേഷിപ്പിക്കുക. ഞാനോര്‍ത്തു . ചിലപ്പോള്‍ ഭ്രാന്തിന്‍റെ അടയാളമായിട്ടാവും അവരതിനെ കാണാന്‍ പോവുന്നത്. 18 വര്‍ഷങ്ങള്‍ കൊണ്ടും  മാറാത്ത മുഴു വട്ട്...!!!

ഹേ വട്ടില്ലെന്നു നടിക്കുന്നവരെ , മനുഷ്യ വികാരങ്ങളില്‍ പാതിയും ഭ്രാന്തിന്‍റെ ആഘോഷങ്ങളാണ് .. എനിക്ക് ഉറക്കെ  വിളിച്ചു പറയാന്‍ തോന്നി.  വട്ട് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് മുമ്പില്‍ നിങ്ങളുടെ ഓരോ ചലനങ്ങളും സൂചനകളാണ്. abnormality ഉടെ സൂചനകള്‍...

ഇത് ഒരമ്മയുടെ വട്ട്. താന്‍നൊന്തു പെറ്റ കുഞ്ഞിനെ  തന്നില്‍ നിന്നകറ്റപ്പെടുമ്പോലുണ്ടാവുന്ന വേദന, നിസ്സയഹയവസ്ഥ , അതിനെ വട്ടെന്നു വിളിക്കുന്നവര്‍ക്കും വട്ടല്ലേ ... അവര്‍ക്കല്ലേ യഥാര്‍ത്ഥ വട്ട്.
ബീഹാറിലെ ഏതോ ഒരു കുലീന ജാതിയില്‍ പെട്ട കുലീന കുടുംബത്തിലെ അംഗമാണ് എന്‍റെ മുമ്പില്‍ നില്‍ക്കുന്ന സ്ത്രീ ..ഇവിടെ ഞാനൊന്നു തിരുത്തുന്നു , കുലീന കുടുംബത്തിലെ അംഗ മായിരുന്നു അവര്‍ എന്ന് പറയുന്നതാവും  ശരി. കാരണം കുടുംബം അവരെ സംബന്ധിച്ച് ഒരു പഴം പുരാണം മാത്രമാണിപ്പോള്‍. അന്യ മതക്കാരന്റെ കൂടെ ഒളിച്ചോടിപ്പോയ  നല്ല  ജാതിയില്‍ പെട്ട പെണ്‍കുട്ടിയെ ചെയ്യും പോലെ ഇവരുടെ കുടുംബം ഇവരെ പടിയടച്ചു പിണ്ണം വെച്ച് എന്ന് വേണമെങ്കില്‍ പറയാം.

അവര്‍ ചെയ്ത കുറ്റമെന്ത്..വളരെ ലളിതം. അവരുടെ  തലച്ചോരിനുള്ളിലെ ഒരു  രാസലായനിക്ക്  ചെറിയ ഒരു കുസൃതി തോന്നി , ഒന്ന് വഴിമാറി ഒഴുകിക്കളയാം. അല്ലെങ്കില്‍ ഇങ്ങനെ സന്തുലനം പ്രാപിച്ചു ഒഴുകേണ്ട ആവശ്യമൊന്നുമില്ല. മൂപ്പര്‍ ചെയ്ത കുസൃതി കാരണം പാവം സ്ത്രീക്ക് മനസ്സിനെ പടിച്ചിട്ടു കിട്ടാതെയായി. ഇത്  കുടുംബത്തിലുള്ളവര്‍ക്ക് അത്ര  രസിച്ചില്ല.. മുന്തിയ വിദ്യാഭ്യാസവും മുന്തിയ ജോലിയിലും ഉള്ള കുലീനനായ ഭര്‍ത്താവിനു ഭ്രാന്തിയായ ഭാര്യ പദവിയുടെ പ്രശ്നവും ആയിരിക്കുമല്ലോ ..!!

മുജ്ജന്മ പാപ ഫലമെന്നതോ / സാത്താന്‍ ശരീരത്തില്‍ കൂടിയതെന്നോ  തുടങ്ങി ചൂടുള്ള  മാസലകൂട്ടുകള്‍  കഥക്ക് നിറം വേറെയും നല്‍കിയിട്ടുണ്ടാവണം.

അപ്പോഴേക്കും അവര്‍ ഒന്ന്  പെറ്റിരുന്നു. കുട്ടി ഞങ്ങളുടെതാണ് എന്ന ഭര്‍തൃ വീട്ടുകാരുടെ വാദം അവരെ വീണ്ടും തോല്‍പ്പിച്ചു. ഭ്രാന്തിയായ ഭാര്യയെയും മരുമകളെയും ഞങ്ങള്‍ക്ക് വേണ്ടാന്നും ഭ്രാന്തുള്ള അമ്മയെ ഞങ്ങളുടെ കുട്ടിക്കും വേണ്ടാന്നും മുകളില്‍ നിന്നും വിധി വന്നു.
സ്ത്രീ ദേവീ തുല്യമാണ്.. അവളുടെ  പ്രവര്‍ത്തികള്‍ക്കും എന്തിനു നോട്ടത്തിനു പോലും ലോകത്തെ മുഴുവന്‍ ചുട്ടുകരിക്കാന്‍ വരെ ശക്തിയുണ്ട്.പക്ഷെ അതൊക്കെപഴയ  പുരാണങ്ങളില്‍ , ഇപ്പോള്‍ ആ പുരാണങ്ങളും സ്ത്രീയെപ്പോലെ ആവശ്യമുള്ളപ്പോള്‍ മാത്രം ഉപയോഗിക്കാനുള്ള ഒരുപപോക വസ്തു.

ഒരു നിമിഷം ലോകത്തോട്‌ മുഴുവന്‍ എനിക്ക് പുച്ഛം തോന്നി . ഒപ്പം ലോകം വാഴുന്ന മഹിഷസുരന്മാരെ തോല്‍പ്പിച്ചു കൊല്ലാന്‍ ഒരു ദുര്‍ഗ ദേവി  കൂടി അവതരിച്ചെങ്കില്‍  എന്ന വ്യാമോഹവും.

അവരിലെ അമ്മ മനം പൊട്ടി കരഞ്ഞു, കുട്ടിയെക്കാണാന്‍  വാശി പിടിച്ചു. ഉറക്കം നഷ്ട്ടപ്പെട്ടു.അങ്ങനെ അവര്‍ക്ക് വീണ്ടും വട്ടായെന്നു ലോകം മനസ്സിലാക്കി.

ഭര്‍തൃ വീട്ടുകാര്‍ക്ക് വേണ്ടത്തവള്‍, പോരാത്തതിനു ഭ്രാന്തും . രണ്ടാമതും മാനസികാശുപത്രിയില്‍  അടക്കപെടാന്‍ ഇതിലും  കൂടുതല്‍ കാരണം എന്ത് വേണം.

അന്നാണ് ഈ ആശുപത്രി അവരുടെ വീടാവന്‍ തുടങ്ങിയത്. പിന്നീടെപ്പോഴോ ഇവിടുത്തെ അന്തേവാസികള്‍ അവര്‍ക്ക് വീട്ടുകാരും ആയി . ഇതിനകത്തെ പൂകളെയും മരങ്ങളെയും പക്ഷികളെയും അവര്‍ സ്നേഹിക്കാന്‍ തുടങ്ങി.
ആശുപത്രിയിലെ കുട്ടികള്‍ക്ക് അവര്‍  ചിലപ്പോള്‍ അമ്മയായി, മറ്റു ചിലപ്പോള്‍ ടീച്ചറായി, മറ്റു പലതുമായി. ആശുപത്രിയിലെ കുട്ടികള്‍ക്ക് വേണ്ടിയുള്ള ഡേ കെയര്‍  ഇന്നവര്‍ വളരെ ഉത്സാഹത്തോടെ ആത്മാര്‍ഥതയോടെ നടത്തികൊണ്ട് പോകുന്നു.

ഒരിക്കല്‍ സന്തോഷത്തോടെ അവര്‍ പറഞ്ഞതോര്‍ക്കുന്നു.
“ഒരു കാര്യത്തില്‍ ഞാന്‍ ഭാഗ്യവതിയാണ് സിസ്റ്റര്‍, ഇവിടെ എനിക്കൊരുപ്പാട് മക്കളുണ്ട് . രോഗം കൊണ്ട് വളരെ മോശം അവസ്ഥയില്‍  ഇവിടെ വരുന്ന ഓരോ കുട്ടിയിലും എന്തെങ്കിലും  ഒക്കെ മാറ്റം വന്നു ആശുപത്രി വിട്ടു പോവുമ്പോള്‍ എനിക്കും ഒരു പാട് സന്തോഷമാണ്. അവരുടെ നല്ലതിന് വേണ്ടി എനിക്കും എന്തെങ്കിലുമൊക്കെ  ചെയ്യനാവുന്നുണ്ടല്ലോ...അത് തന്നെ മഹാഭാഗ്യം ..

ഇത്തരം നല്ല ചിന്തകള്‍ തന്നെയാണ് അവരെ പ്രതീക്ഷയും ആത്മവിശ്വാസവും,കൈവെടിയാതെ എപ്പോഴും  എന്തെങ്കിലും ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. അതിലുപരി ജീവിക്കാന്‍ തന്നെ പ്രേരിപ്പികുന്നത്
കാണുമ്പോഴൊക്കെ  അവരുടെ കയ്യില്‍ ഒരു സൂചിയും നൂലിന്റെ കെട്ടുമുണ്ടാവും. ക്രോഷേറ്റ് അവരുടെ  വിനോദം മാത്രമല്ല, ചില്ലറ സമ്പാദ്യത്തിനുള്ള വഴിയും കൂടിയാണ്. നൂലുകൊണ്ട് മനോഹരമായ ഉടുപ്പുകളും, തൂവലകളും, മേശവിരികളും, മറ്റും അവര്‍ നെയ്തെടുക്കും. ആശുപത്രിയിലെ ജീവനാക്കരിലധികവും അതിനാവശ്യക്കാരാണ്.
ഈ സമ്പാദ്യശീലത്തിനും അവര്‍ക്ക് തക്കതായ കാരണമുണ്ട്.

ഇത് കൊണ്ട് എനിക്ക് കുറച്ചു കാശ് കിട്ടും, എന്‍റെ അത്യാവശ്യ ചിലവുകള്‍ക്ക്, വേണ്ട പൈസ. മുമ്പൊക്കെ വീട്ടുകാര്‍ ഇടയ്ക്കു ഫോണ്‍വിളിക്കുമായിരുന്നു. ദീവാലിക്കും മറ്റും സാരിയോ മധുരമോ കൊണ്ട് വരുമായിരുന്നു. ഇടക്കിടക്ക് പൈസ അയക്കുമായിരുന്നു. പിന്നെ എപ്പോഴോ അതും നിന്നു. എന്നാലും നമുക്ക് ജീവിക്കേണ്ടേ .. ഒരു വര്‍ഷത്തില്‍ ഒന്നോ രണ്ടോ സാരി, പിന്നെ അത്യാവശ്യ സാധനങ്ങള്‍.. അതൊക്കെ വാങ്ങാനുള്ള പൈസ ഇങ്ങനെ കിട്ടും. മറ്റുള്ളവരുടെ നേരെ കൈനീട്ടാതെ കഴിയുമല്ലോ.”

ശരിയാണ്, എല്ലാം സര്‍കാരിന്‍റെ വക കിട്ടട്ടെ എന്ന് കരുതിയാല്‍ അങ്ങനെയിരിക്കാം. പ്രത്യേകിച്ച് വീടുകാര്‍ക്ക് പോലും  വേണ്ടതായ ഇത്തരം രോഗികളുടെ കാര്യത്തില്‍ സര്‍ക്കാരിന് എങ്ങനെ പ്രത്യേക താല്പര്യം ഉണ്ടാവാനാണ്.

നടന്നു നടന്നു ഗേറ്റിനടുത്തു എത്താറായിരുന്നു. തിരിച്ചെന്തെങ്കിലും പറയല്‍ അത്യാവശ്യമെന്നു തോന്നിയപ്പോള്‍ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു.

വിഷമിക്കേണ്ട, കത്തും പൈസയും നമുക്കയക്കാം. പിന്നെ പഴയതും മറ്റും ആലോചിച്ചു മനസ്സ് വിഷമിക്കേണ്ട, അവര്‍ക്ക് വേണ്ടങ്കില്‍ വേണ്ട, ഇവിടെ നിങ്ങള്ക്ക് ഞങ്ങളൊക്കെയില്ലേ, ഇത്രയും കുട്ടികളില്ലേ ..നമ്മെ വേണ്ടാത്തവരെ നമുക്കെന്തിനാ ..?”
ഇതിനു മറുപടി ആയിട്ടല്ല, ഒരു നെടുവീര്‍പ്പിട്ടു കൊണ്ട് സ്വന്തതോടെന്ന പോലെ അവര്‍ പറഞ്ഞു,
അതെ നമ്മെ വേണ്ടാത്തവരെ നമുക്കെന്തിനാ, പറയാന്‍ എന്തെളുപ്പം, പക്ഷെ ഇങ്ങനെയൊക്കെ മനസ്സിലാക്കി ജീവിക്കാനാണ് ബുദ്ധിമുട്ട്, നിങ്ങള്‍ക്കത്  മനസ്സിലാവില്ല, അത് മനസ്സിലാവണമെങ്കില്‍ വേണ്ടപ്പെട്ടവര്‍ക്ക് നിങ്ങളെ  വേണ്ടതാവണം....”

എന്‍റെ മറുപടി മുട്ടിപ്പോയി.. എന്‍റെ ഉമ്മാക്ക് ഉപ്പാക്ക് , ഭര്‍ത്താവിനു എന്നെ വേണ്ടാതാവുക  .. തലക്കുള്ളില്‍ ആയിരം ആണികള്‍ തുളച്ചു കയറുന്ന പോലെ ..മനസ്സില്‍ നിന്നു ചോര കുത്തിയൊലിക്കുന്നു. ചുറ്റുമുള്ള ഗുല്‍മോഹര്‍ മരങ്ങള്‍  ഇന്നാദ്യമായി എന്നെ തുറിച്ചു നോക്കുന്നു...

നടത്തത്തിനു വേഗത കൂടി , ഗേറ്റ് കടന്നപ്പോള്‍ തെല്ലൊരാശ്വാസം. ഞാന്‍ ആ മതിലുകള്‍ക്കുള്ളില്‍ തളപ്പെട്ടിട്ടില്ല ..നിറമുള്ള ലോകം എന്നെ വേണ്ടാന്ന് വെച്ചിട്ടില്ല ..ഹാവൂ

തിരിഞ്ഞു നോക്കുമ്പോള്‍ ഗേറ്റ് വരെ മാത്രം സ്വാതന്ത്ര്യമുള്ള  അവര്‍ എന്നെ നോക്കി നില്‍ക്കുന്നു,

അപ്പോള്‍ ഞാന്‍ കണ്ടത് നിസ്സഹായയായ ഒരമ്മയെയും ഭാര്യയെയും അല്ല  ഇരുട്ടിനെ വെളിച്ചമാക്കിയ , തന്നോട് പോരടിച്ചവരെ മുഴുവന്‍ തോല്‍പ്പിച്ചു ജീവിക്കുന്ന ശക്തയായ സ്ത്രീയെയാണ്...

Sunday, November 18, 2012

എന്‍റെ ബാപ്പ..

പുരയുടെ ഉമ്മറ ത്തിനടുത്ത്  മേല്‍കൂരയില്ലാത്ത  കുളിപ്പുരയോടു ചാരി ആകാശത്തോളം തലയുയര്‍ത്തി നില്‍ക്കുന്ന ഒരു മാവുണ്ട് .കുളിപ്പുരയില്‍ നിന്നുള്ള വെള്ളമെല്ലാം കുടിച്ചു തടിയനായി അങ്ങനെ നില്‍പ്പാണ് മൂപ്പര്‍ . ബാപ്പയോട് ഒരു പ്രത്യേക കൂട്ടായിരുന്നു ആ മാവപൂപ്പന് . നിറയെ കോമാങ്ങ തന്നു കൊണ്ടിരുന്ന മൂപ്പര്‍ ബാപ്പ പോയതോടെ അത് നിര്‍ത്തി . മൃഗങ്ങളെ പോലെ മരങ്ങള്‍ക്കും ചെടികള്‍ക്കും അവയെ സ്നേഹിക്കുന്നവരോട്‌ ഒരു പ്രത്യേക സ്നേഹമുണ്ടെന്ന് തോന്നാറുണ്ട് എനിക്ക്. സത്യത്തില്‍ ബാപ്പയുടെ പച്ച നിറമുള്ള പുരക്കും ബാപ്പയോട് ഭയങ്കര സ്നേഹമായിരുന്നു . ബാപ്പക്കെന്നും ഇളം പച്ച നിറത്തോട് ഇഷ്ട്ടം കൂടുതലായിരുന്നു . അതുകൊണ്ട് ആ നിറത്തില്‍ തന്നെയായിരുന്നു ഞങ്ങളുടെ തറവാട്ടു പുര എന്നും ചിരിതൂകി നിന്നിരുന്നത്.ബാപ്പ പോയതോടെ ആ വീടും മരിച്ചു . ബാപ്പയുടെ പാടേ പുറം  ഇരിക്കാനളില്ലാതെ അനാഥമായിപ്പോയി.

ബാപ്പ നല്ല പലഹാരമുണ്ടാക്കുമായിരുന്നു. ബാപ്പയുടെ പൊറോട്ട ഓര്‍ക്കുമ്പോള്‍ എന്‍റെ വായില്‍ ഇപ്പോഴും വെള്ളമൂറും. "അല്ലാഹ് അതുണ്ടാക്കി തരുന്ന എന്‍റെ ബാപ്പയെ നീയങ്ങു പെട്ടെന്ന് കൊണ്ട് പോയില്ലേ . "എന്ന് ഞാന്‍ പലപ്പോഴും പരിഭവി ക്കാറുണ്ട് അല്ലാഹുവിനോട് ..പലഹാരമുണ്ടാക്കി വില്‍പ്പന തന്നെയായിരുന്നത്രേ ബാപ്പയുടെ പണി. പക്ഷെ  പെട്ടെന്നതങ്ങു  നിര്‍ത്തി .. മടിയായിരുന്നു മൂപ്പര്‍ക്ക്. ഇസ്തിരിയുടെ മടക്കു നിവരാത്ത ഇളം പച്ച നിറമോ, ആകാശ നീല  നിറത്തിലോ, ചന്ദന കള റിലോ ഉള്ള കുപ്പായത്തില്‍ നിന്നും വെള്ള മുണ്ടില്‍ നിന്നും ഇറങ്ങാന്‍  ആള്‍ക്ക് പ്രത്യേകമായി എന്തെങ്കിലും കൊടുക്കണം. കഷണ്ടി തലയിലെ നീളമുള്ള നാലോ അഞ്ചു മുടി യിഴകളില്‍ കുളികഴിഞ്ഞു എണ്ണയിട്ടു, ഇസ്തിരി  മടക്കു നിവരാത്ത കുപ്പായവും ധരിച്ചു  10 പൈസയുടെ റബ്ബര്‍ ബാന്റ്റ് കൊണ്ട് കെട്ടിയ സിഗരറ്റ കൂടിന്‍റെ ഒരു കെട്ട് ( അത് കണക്കും മറ്റും എഴുതനായിരുന്നത്രേ...)  കീശയില്‍ ഇട്ടു രാവിലെ തന്നെ റെഡിയായി ബാപ്പ ഇറങ്ങും. സൊറ പറയാറില്ലാത്ത ബാപ്പക്ക് സൊറ പറയുന്ന ഒരു പറ്റം ചങ്ങാതിമാരുണ്ടായിരുന്നു. ബസ്‌ സ്റ്റോപ്പി ലെ ബെഞ്ചില്‍ വെറുതെ യിരിക്കാന്‍  എപ്പോഴും 'റെഡി'യായി വരുന്ന ബാപ്പയെ അവര്‍ 'റെഡി മൂസാക്ക ' എന്ന് വിളിച്ചു.

അങ്ങനെയിരിക്കെ എന്‍റെ ഉപ്പയും ഉമ്മയും കൂടി പെരും  പറമ്പിലേക്ക് കുടിയേറാന്‍ തീരുമാനിച്ചു. പേര് പോലെ തന്നെ ഒരു വലിയ കുന്നിന്‍ മുകളിലെ 'പെരും '   പറമ്പായിരുന്നു അത്. ആ കുന്നു ദിവസവും രണ്ടും ചിലപ്പോള്‍ മൂന്നും തവണ കയറി ഇറങ്ങുന്ന ഒരേ ഒരാളായിരിക്കണം അന്ന് ബാപ്പ. എന്നിട്ടും ഒരു ക്ഷീണവുമില്ലാതെ . ബാപ്പയുടെ ഏറ്റവുംവലിയ വ്യായാമം അതായിരുന്നെന്നു തോന്നുന്നു. നാട്ടുകാര് പറയുന്നത്, ബാപ്പയുടെ ആരോഗ്യത്തിന്റെ രഹസ്യവും അത് തന്നെയാണെന്നാണ്. പഞ്ചസാര വാരിയിട്ടാണ് ചായ കുടിക്കുന്നത്. എന്നാല്‍ ശരീരത്തില്‍ പഞ്ചസാരയുടെ കടന്നാക്രമണം ഇല്ല . പ്രമേഹത്തിന്റെ അസ്കിതയോ, മറ്റു രോഗങ്ങളോ ഒന്നും ഇല്ല . സത്യത്തില്‍ രോഗിയായ ബാപ്പയെ ഒരിക്കലെ ഞാന്‍ കണ്ടിട്ടുള്ളു...അത് ബാപ്പയെ കൊണ്ട് പോവാന്‍ വന്ന കാന്‍സര്‍ ന്‍റെ രൂപത്തില്‍ .

അപ്പൊ പറഞ്ഞു വന്നത്, ബപ്പയുടെയും ഞങ്ങളുടെ പെരും  പറമ്പി ന്‍റെയും ബന്ധത്തെ കുറിച്ചാണ് . അങ്ങനെയിരിക്കെ ഞങ്ങള്‍ക്ക് അവിടെ ഒരു പുതിയ വീടായി . രാവിലെ പ്രാതല്‍ കഴിക്കാനാണ് ബാപ്പ ആദ്യം കുന്നു കയറുന്നത്. ഉമ്മൂമ്മ  നല്ല കപ്പയും മീന്‍ കറിയും വെച്ച് കൊടുത്താലും ബാപ്പ ഞങ്ങളുടെ വീട്ടില്‍ പ്രാതല്‍ കഴിക്കാന്‍ വരും. അതൊരു ശീലം.
ബാപ്പയുടെ ഭക്ഷണ രീതിയും എനിക്കെന്നും അത്ഭുതമായിരുന്നു . നിറയെ പഞ്ച സാരയിട്ട  ചായയും നിറയെ ഉപ്പിട്ട കഞ്ഞിയും, ഉണക്കമീനും , പരിപ്പിന്‍ കറിയും....വെള്ളിയാഴ്ച പള്ളിക്കിറങ്ങിയാല്‍ എല്ലാവര്‍ക്കും ഉച്ചക്ക് ചോറ് ബാപ്പയുടെ വകയാണ്. അന്ന് വെളുപ്പിനെ വന്നു ആദ്യം അറുക്കുന്ന ഇറച്ചി കുഞ്ഞരുമാക്കയോട് പ്രത്യേകം ചോദിച്ചു വാങ്ങി ബാപ്പ പോവും. അന്ന് വെപ്പും മൂപ്പരുടെ വകയാണ് . അലക്കി തേച്ചു കുളിച്ചു ഒട്ടകത്തിനെ അറുത്ത കൂലി വാങ്ങാന്‍ മൊല്ലാക്കക്ക്‌  മുമ്പേ പള്ളിയില്‍ പോയി ജുമു'അ  കൂടി നേരെത്തെ വീട്ടില്‍ വരും. ഞങ്ങള്‍ കുട്ടികളും, പേരകുട്ടികളും എത്തുമ്പോഴേക്കും, പാടേ  പുറത്തു സവറ വിരിച്ചു കാസ നിരത്തിയിട്ടുണ്ടാവും . കുറഞ്ഞ സ്ഥലത്തിരുന്നു എല്ലാരും കൂടി വെള്ളിയാഴ്ച ചോറു തിന്നും . ഇറച്ചി നുള്ളി പരിപ്പ് കറിയും കൂടി പപ്പടം പൊട്ടിച്ചിട്ട് ബാപ്പയുടെ വക വല്ല്യ ഉരുള ഉണ്ടാവും കുട്ടികള്‍ക്കൊക്കെ. നല്ല വലിപ്പമുള്ള സ്വാദേറിയ ഉരുള...സ്നേഹത്തിന്‍റെ സ്വാദ് .

ബാപ്പയുടെ ശീലങ്ങളെയും, താല്‍പ്പര്യങ്ങളെയും കുറിച്ച് പറഞ്ഞില്ലെങ്കില്‍ എന്‍റെ ബാപ്പ പൂര്‍ണനാവില്ല . സിഗരറ്റിന്റെ കൂടില്‍ വലത്തോട് ചെരിച്ചു കണക്കെഴുതുന്നതു ബാപ്പയുടെ ഏറ്റവും വലിയ കഴിവാണെന്ന് ബാപ്പ വിശ്വസിച്ചിരുന്നു . എത്ര ഉരുണ്ട അക്ഷരത്തില്‍ എഴുതിയാലും ബാപ്പ പറയും. നന്നായില്ല. അക്ഷരങ്ങളുടെ മനോഹാരിത വലത്തോത്തുള്ള ചെരിചെഴുതിലാണെന്ന് മൂപ്പര്‍ വാദിക്കും. എഴുതാന്‍ ഈ സിഗരറ്റ് കൂട് മാത്രം ഉപയോഗിക്കുന്നതിലെ യുക്തി എന്താണെന്നു വെളിപ്പെടുത്തി യിട്ടും ഇല്ല. പഴയ പേന കൂടുകള്‍, കേടായ വാച്ചുകള്‍ , കുറച്ചു മാത്രം ഉപയോഗിക്കാത്ത താളുകളുള്ള പുസ്തകങ്ങള്‍ ഇതെല്ലം ബാപ്പ പെറുക്കിയെടുക്കുമായിരുന്നു .ആ പേനകൂടുകളില്‍ അതിനു ചേരാത്ത എന്ന് നമുക്ക് തോന്നുന്ന ഫില്ലെര്‍ മുറിച്ചു അതിനറ്റത്തു ഈര്‍കില്‍ കയറ്റി, തീര്‍ത്തും ഒരു പുതിയ പേനയാകി തിരിച്ചു കൊണ്ട് വരും . കേടായ വാച്ചുകളും കൊണ്ട് അരീകോട ങ്ങാടി യില്‍ പോയി, കേടു പാട് തീര്‍ത്തു, പുതിയവനാക്കി കയ്യില്‍ കെട്ടി വരും. പഴയ പുസ്തകങ്ങളിലെ എഴുതാ താളുകള്‍ പറിച്ചെടുത്തു, തുന്നി ഒരു ഉഷാര്‍ ചട്ടയും പിടിപ്പിച്ചു പുത്തന്‍ പുസ്തകമാകി ഞങ്ങള്‍ക്ക് തരും. ഈ ശീലങ്ങളുടെ യൊക്കെ ചെറിയ ഓഹരി മൂപ്പര്‍ എനിക്ക് തീറെഴുതി തന്നിട്ടുണ്ടെന്നു തോന്നുന്നു. ഇപ്പോഴും ജീവിചിരുക്കുന്നു വെങ്കില്‍ ഞങ്ങള്‍ രണ്ടു പേരും ഒരു റീ സൈക്കിള്‍ കട തന്നെ തുറന്നു, കുറെ ലഭാമുണ്ടാക്കിയേനെ..

റേഡിയോ ആയിരുന്നു മറ്റൊരു കൂട്ട്. അതും ആകാശവാണി കോഴിക്കോട് മാത്രം. രാവിലെ റേഡിയോ സ്റ്റേഷന്‍ തുറക്കുന്ന മുതല്‍, 6.45 ന്‍റെ പ്രാദേശിക വാര്‍ത്തകള്‍ വായിച്ചു കഴിയും വരെ റേഡിയോയുടെ  മാത്രം സമയമാണ്. പിന്നെ ഉച്ചക്ക് റേഡിയോ  സ്റ്റേഷന്‍ തുറന്നാല്‍ പ്രാദേശിക വാര്‍ത്ത ക്കായി ബാപ്പയും തുറക്കും, പിന്നെ ചലച്ചിത്ര ഗാനങ്ങളും കഴിഞ്ഞു, 2. മണിക്ക് ബാപ്പക്ക് മനസ്സിലാവാത്ത ഇഗ്ലീഷിലേക്ക് സംഭാഷണം മാറും വരെ അത് പറഞ്ഞു കൊണ്ടും, ബാപ്പ കേട്ട് കൊണ്ടും ഇരിക്കും. അങ്ങനെയാവണം ഞങ്ങളുടെ വീട്ടിലും ആ ശീലം എത്തിയത്.ഞാനും ആ ശീലം നെഞ്ചോടു ചേര്‍ത്തത്. ഇന്നും ആകാശവാണിയിലെ പ്രാദേശിക വാര്‍ത്തകള്‍ കേള്‍കുമ്പോ ഴുണ്ടാവുന്ന സുഖം മറ്റൊരു വാര്‍ത്തക്കും കിട്ടാറില്ല. ആ പ്രണയം പിന്നീട് എന്നെ കൊണ്ട് ആകാശവാണി കോഴിക്കോടില്‍ ഒരു ജോലി കിട്ടിയിരുന്നെങ്കില്‍ എന്ന് മോഹിപ്പിച്ചു.കഥകളോടും , കവിതകളോടും , നാടകങ്ങളോടും  ഇഷ്ട്ടം കൂടാന്‍ തോന്നിപ്പിച്ചു.. ഞാന്‍ കഥ എഴുതാന്‍  തുടങ്ങിയപ്പോഴേക്കും അത് വായിക്കാന്‍ നില്‍ക്കാതെ ബാപ്പ പോയി.

 ബാപ്പയെ  കൊണ്ട് പോവാന്‍ വന്നത് വയറ്റിനുള്ളിലെ വിടെയോ  ഒളിച്ചിരുന്ന ഒരു അധിക കോശമാണ്. അതിനൊരു കുസൃതി തോന്നി. ഒന്ന് പെറ്റ്  പെരുകി കളയാം. അങ്ങനെ അത് പണി ആരംഭിച്ചു. പക്ഷെ ബാപ്പ അറിഞ്ഞില്ല . പിന്നീട് അറിഞ്ഞപ്പോഴേക്കും വൈകി പോയിരുന്നു.കോശം പെറ്റു  പെരുകി ആകെ വഷളാക്കിയിരുന്നു. ഡോക്ടര്‍ മാര്‍ വിധിയെഴുതി. മൂന്നാം പടിയാണ്. രക്ഷപ്പെടില്ല. പിന്നെ ഒരു ഉപദേശവും, ജീവിച്ചിരിക്കുന്ന സമയത്തോളം രോഗി യെ സുഖമായി ജീവിക്കാന്‍ വിടൂ... കീമോയും മറ്റു എടാകൂടത്തിനോന്നും പോവേണ്ട. സാന്ത്വന ചികിത്സയില്‍ സേവനം ചെയ്യുന്ന എന്‍റെ ഉപ്പക്കും മറ്റുള്ളവര്‍ക്കും അതാണ് സത്യം എന്ന് തോന്നിയത് കാരണം അവര്‍ ബാപ്പയെ ചികിത്സ കൊണ്ട് ബുദ്ധിമുട്ടിക്കാന്‍ പോയില്ല. പകരം ബാപ്പ മറിക്കാന്‍ പോവുന്നുവെന്ന വലിയ സത്യവുമായി പൊരുത്തപ്പെടാന്‍ അവര്‍ ശ്രമം തുടങ്ങി.

പക്ഷെ ബാപ്പ പിടി കൊടുക്കാന്‍ തയ്യാറായില്ല.പ്രതീക്ഷ കൈവിടാതെ ബാപ്പ ജീവിച്ചു. ആ പ്രതീക്ഷയാണല്ലോ ഏറ്റവും വലിയ സമ്പാദ്യം. സന്ദര്‍ശകരുടെ തിരക്കും, അസ്ഥാനത്തുള്ള അഭിപ്രായ പ്രകടനങ്ങളും ബാപ്പയെ ഏറെ തളര്‍ത്തി. രോഗം ഉണ്ടെന്ന സത്യാവസ്ഥയെ തള്ളിപ്പറഞ്ഞും , വയ്യാതായപ്പോള്‍ ദേഷ്യപ്പെട്ടും , പിന്നെ അല്ലാഹുവിനോട് തന്‍റെ ജീവിതത്തിനു വേണ്ടി വില പേശിയും, ഒട്ടും വയ്യാതായപ്പോള്‍ വിഷാദ മൂകനായും ബാപ്പ യുടെ പ്രതികരണം മാറി കൊണ്ടിരുന്നു.
അവസാനം ബാപ്പ ഒന്ന് ചോദിച്ചിരുന്നു. വെല്ലൂര്‍  ആശുപത്രിയില്‍ പോയാല്‍ കാന്‍സര്‍ മാറില്ലേ .. അവിടെ കൊണ്ട് പോയിക്കൂടെ എന്ന് ..അതൊരു അപേക്ഷയായിരുന്നു.. വധ ശിക്ഷ വിധിക്കപ്പെട്ട ഒരുവന്‍റെ അവസാന ദയ ഹറജിയുടെ നിറവും മണവുമാണ് ആ അപേക്ഷക്കുണ്ടയിരുന്നതെന്ന് എനിക്ക് തോന്നി. അവസാന പ്രതീക്ഷ, ചികിത്സിച്ചാല്‍ ഭേദമാവും എന്നാ വിശ്വസം . അതിലുമപ്പുറം, ചികിത്സയിലെന്ന സാന്ത്വനം. അതായിരുന്നു ബാപ്പയെ സംബധിച്ച് ഏറ്റവും വലിയ സാന്ത്വനം. അതിനു വേണ്ട എത്ര വേദനയും ബാപ്പക്ക്  ചില്ലപോള്‍ സുഖമായിരുന്നിരിക്കാം . പക്ഷെ സാന്ത്വന ചികിത്സ യില്‍  സേവനം ചെയ്യുന്ന ഡോക്ടര്‍ മാറുടെയും  സേവകരുടെയും മുമ്പില്‍ ആ അപേക്ഷ തള്ളിപ്പോയി. ദിവസങ്ങള്‍ മാത്രം ജീവിക്കാന്‍ സാധ്യതയുള്ള മരണത്തിന്റെ പടിപ്പുര വരെ എത്തി നില്‍ക്കുന്ന രോഗിയെ ഇതു ആശുപത്രിക്കും രക്ഷിക്കാന്‍ ആവില്ല എന്നതോ / നിര്‍വചിക്കപ്പെട്ട സാന്ത്വനത്തില്‍ നിന്നും പുറത്തായിരുന്നു ഈ അപേക്ഷ എന്നതോ ആവാം  കാരണം. മരണം വരെ ബാപ്പ അസ്വസ്ഥനായിരുന്നു. ചികില്സിക്കപ്പെടാത്തത് കൊണ്ട് താന്‍  മരിക്കാന്‍ പോവുന്നു എന്ന് ബാപ്പക്ക് തോന്നുന്നത് പോലെ എനിക്ക് തോന്നിയിട്ടുണ്ട്. ഒരു സാന്ത്വന ചികിത്സക്കും എന്‍റെ ബാപ്പയെ സാന്ത്വനിപ്പികാനും കഴിഞ്ഞില്ല. സത്യത്തില്‍ സാന്ത്വനവും ആപേക്ഷികം മാത്രമല്ലേ

ഇതായിരുന്നു  എന്‍റെ ബാപ്പ.

ഇതിലെ ഓരോ അക്ഷരമെഴുതാനും പേന ചലിപ്പിക്കുമ്പോഴും  ബാപ്പ  എന്‍റെ ഉള്ളില്‍  ജീവിക്കുകയായിരുന്നു. ഒരിക്കലും എഴുതി തീരല്ലേ എന്ന് വ്യര്‍ത്ഥ മായി പ്രാര്‍ത്ഥിച്ചതും  അത് കൊണ്ട് തന്നെയാവം.
പാടേ പുറം എന്നതിന് നല്ല മലയാളത്തില്‍ എന്ത് പറയും എന്നെനിക്കറിയില്ല . വീട്ടിനുള്ളില്‍ ഇരിക്കാനായി ഉണ്ടാ ക്കുന്ന  തിണ്ണ 

കാസ എന്നത് കുഴിയുള്ള ഒരു തരം പാത്രം 


Thursday, November 15, 2012

"കുട്ടി" വേലക്കാരി ലേക്കൊരെത്തി നോട്ടം


കോണ്‍വെന്റിലെ പൊറുതി മടുത്തിട്ടാണ് പേയിംഗ് ഗസ്റ്റ്‌ ആയി ഞാന്‍ ആ വീട്ടിലേക് താമസം തുടങ്ങിയത്. ആദ്യ ദിവസങ്ങളില്‍ തന്നെ ആരോഗ്യ പ്രശ്നങ്ങളും മറ്റും വിസ്തരിച്ചു പറയുന്നതിനിടയില്‍ 'മല്ലികയും' വീട്ടു കാരിക്കൊരു  സംസാര വിഷയമായി.തമിഴ് നാട്ടിലെ ഏതോ ഉള്‍നാടന്‍ ഗ്രാമ പ്രദേശത്ത് ഊരുള്ള മല്ലിക പോങ്കലാഘോഷിക്കാന്‍ വാര്‍ഷികാവധിക്ക് നാട്ടില്‍ പോയതാണത്രെ. പിന്നെയുള്ള ദിവസങ്ങളിലും ഞങ്ങളുടെ വര്‍ത്തമാനത്തില്‍ അവള്‍ കടന്നു വന്നു. അന്നേരമെല്ലാം, ധാവണി ചുറ്റി , കൈ നിറയെ കുപ്പിവളയിട്ടു , ഇരുനിറത്തില്‍ അഴകാര്‍ന്ന മുഖത്ത് ഒരു വലിയ പൊട്ടു തൊട്ടു , വലിയ മൂക്കുത്തി അണിഞ്ഞു, എണ്ണ  മെഴുകുള്ള മുടിയില്‍ മുല്ല പൂ ചൂടിയ ഒരു തനി നാടന്‍ തമിള്‍ പെണ്‍ കോടിയായി എന്‍റെ മനസ്സിലും അവള്‍ ഓടി വന്നു.

ഒരുച്ചയ്ക്ക് പതിവുപോലെ ഊണ് കഴിക്കാന്‍  വീട്ടില്‍ വന്ന എന്നെ വരവേറ്റത് വലിയ പാവാടയില്‍ മുങ്ങിപോയ ഒരു കുഞ്ഞു ശരീരവും തിളങ്ങുന്ന കണ്ണുകളുമുള്ള ഒരു 8 വയസ്സുകാരിയുടെ അങ്കലാപ്പോടെയുള്ള നോട്ടമായിരുന്നു. എന്നെ തിരിച്ചറിഞ്ഞില്ല എന്ന് ആ നോട്ടത്തില്‍ നിന്നും വ്യക്തം. എനിക്ക് തിരിച്ചും. പിന്നീടു വീട്ടുകാരി പരിചയപ്പെടുത്തി. "മല്ലിക"!!!!   എന്‍റെ റബ്ബേ .. ഈ കുഞ്ഞു കുട്ടിയോ വീട്ടു വേലക്ക് വന്ന മല്ലിക ...? എന്‍റെ മനസ്സിലെ മല്ലികയുടെ ചിത്രം മാറ്റി വരയ്ക്കാന്‍ എനിക്ക് കഴിഞ്ഞില്ലെന്നു മാത്രമല്ല, എനിക്കതങ്ങ് ദഹിച്ചില്ല.   അന്ന് മുഴുവന്‍ മനസ്സ് വല്ലാതെ വിങ്ങി കൊണ്ടിരുന്നു. ചിന്തകള്‍ മാറി മാറി പല നിറങ്ങളിലും വന്നു കൊണ്ടിരുന്നു .

പിന്നീടങ്ങോട്ടുള്ള ദിവസങ്ങളില്‍ മല്ലിക എന്‍റെ കാഴ്ചകളിലും ചുറ്റുപാടുകളിലും ഉറക്കത്തിലും ചിന്തകളിലും ഒരുത്തരം കിട്ടാത്ത ചോദ്യം പോലെ നിറഞ്ഞു നിന്നു.എന്‍റെ രാവിലെകളില്‍ 'അക്ക ' എന്ന വിളിയോടെ ഒരു ഗ്ലാസ്‌ കാപ്പിയുമായി അവളോടിയെത്തി. പുതു പ്രതീക്ഷകളില്ലാതെ അവള്‍ വീടും പുറവും വൃത്തിയാകി . മലയാളം മനസ്സിലാകും എന്ന ബലത്തില്‍ അവളെ പലചരക്ക് സാധനങ്ങള്‍ വാങ്ങനയച്ചു. കറി ക്കരിഞ്ഞും വിഴുപ്പലക്കിയും അവളുടെ ദിനങ്ങള്‍ അവള്‍ മുഴുവനാക്കി. ചില  രാത്രികളില്‍ ഓലപ്പായയില്‍ അവളുടെ തേങ്ങലുകള്‍ ഉയരുമായിരുന്നു . പിന്നെ പിന്നെ ആ ഒറ്റപ്പെടലുമായും  അവള്‍ പൊരുത്തപ്പെട്ടു കാണണം. തുറന്നു പറയാന്‍ അവള്‍ക്കറിയുന്ന ഭാഷ മറ്റുള്ളവര്‍ക്കും മറ്റുള്ളവരുടെ ഭാഷ അവള്‍ക്കു മനസ്സിലായില്ല . വെറും മൗനം മാത്രം. അവളുടെ മൗനം ആര്‍ക്കു മനസ്സിലാവാന്‍?

രാവിലെ ഗേറ്റിനു മുന്നിലെ വഴിയിലൂടെ സ്കൂള്‍ കുട്ടികള്‍ ബാഗും തൂക്കി കൂട്ടമായി സ്കൂളില്‍ പോകുന്നത് അവര്‍ എന്നും നോക്കി നില്‍ക്കും. കുട്ടികളുമായി കൂട്ട് കൂടാനുള്ള ഉത്സാഹമാണോ , പഠിക്കാനുള്ള ആഗ്രഹമാണോ എന്നറിയാന്‍ ഞാനൊരിക്കല്‍ അറിയാവുന്ന തമിഴില്‍ പേശി നോക്കി , " പഠിക്കണമോ..?" തമിഴിലെ അക്ഷരമാല തെരിയും  എന്ന് കണ്ണുകള്‍ തിളക്കി അവളുടെ മറുപടി. പിന്നെ രാത്രികളില്‍ എന്‍റെ കൂടെ കൂട്ടി മലയാളത്തിലെ കുറച്ചു അക്ഷരങ്ങളും മറ്റും പഠിപ്പിക്കാന്‍ ഒരു ശ്രമം നടത്തി.. കൂട്ടത്തില്‍ ചില ഊര് വിശേഷങ്ങളും ചോദിച്ചറിയാന്‍ ശ്രമിച്ചു .

ചെണ്ടു മല്ലിയും ജമന്തിയും പൂക്കുന്ന തമിള്‍ ഗ്രാമത്തില്‍ നിന്നും അച്ഛനും അമ്മയും തന്നെയാണ് ഒരു ഇടയാളിന്റെ സഹായത്തോടെ ത്രിശുവപ്പെരൂലേക്ക് കയറ്റി വിട്ടത്. മൂത്ത ഒരു ചേട്ടനും ഉണ്ട്, ആ കുട്ടി ഏതോ  ഹോട്ടലില്‍ ജോലിക്ക് നില്‍ക്കുന്നു.അവരുടെ ഗ്രാമത്തില്‍ നിന്നും ഒരുപാടു കുട്ടികള്‍ ഇങ്ങനെ ഇടയളന്മാരുടെ  സഹായത്തോടെ കേരളത്തില്‍ ജോലിക്ക് വരുന്നുണ്ടത്രേ..പൂകൃഷിയെക്കാള്‍ ലാഭമിതായത് കൊണ്ടോ , പട്ടിണി കൊണ്ടോ, എന്താണാവോ വീട്ടുകാരെ ഇതിനു പ്രേരിപ്പിക്കുന്നത്.

മല്ലികക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന ചോദ്യം അരികിലേക്ക് മാറ്റിവെച്ചു ആയിരക്കണക്കിന് വരുന്ന ഇത്തരം കുട്ടികളിലെക്കൊരു എത്തി നോട്ടം നടത്താം . നമ്മുടെ ഓരോരുത്തരുടെയും സാധാരണ ജീവിതത്തില്‍ പല വഴികളില്‍ വെച്ച് ഇത്തരം കുട്ടികളെ നമ്മള്‍ ധാരാളമായി കാണാറുണ്ട്. ഒരുപക്ഷെ മല്ലികയെ പ്പോലെ ഇത്ര അടുത്തറിയാന്‍ കഴിയില്ലെങ്കിലും. ഹോട്ടലുകളില്‍ വെച്ച് , കടകളില്‍ വെച്ച് , മറ്റനേകം സ്ഥലങ്ങളില്‍ വെച്ച് വൃത്തിയില്ലാത്ത രൂപത്തിലും നിസ്സഹായ ഭാവത്തിലും ഇവര്‍ നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടരുണ്ട് . എന്നാല്‍ ഇതിലെല്ലാം അപ്പുറം നമ്മുടെ കണ്ണെത്താ ദൂരത്ത്‌  വേറെയും. ഊര് വിട്ടു, ഉടയവരെ വിട്ടു വെളിച്ചമെന്ന് കരുതി പലപ്പോഴും ഇരുട്ടിലേക്ക് ഇറങ്ങി വരേണ്ടിവന്ന എത്രയോ കുട്ടികള്‍. .  ഇവര്‍ക്ക് നഷ്ട്ടപെടുന്നത് വിലപ്പെട്ട എന്തൊക്കെയോ ആണ്. മറ്റെല്ലാ കുട്ടികളെയും പോലെ വളരാനും പഠിക്കാനും പങ്കെടുക്കാനും ഉള്ള അവകാശങ്ങള്‍ നിയമങ്ങളില്‍ ഇവര്‍ക്കും ഉള്ളതാണ്. എന്നാല്‍ നല്ല ഭക്ഷണം കഴിക്കാനും, നല്ലതുടുക്കാനും , സുരക്ഷിതത്തോടെ ഉറങ്ങാനും എന്തിലേറെ മാതാപിതാക്കളുടെ സ്നേഹം അനുഭവിക്കാന്‍ വരെ ഇവരുടെ അവസ്ഥ ഇവരെ അനുവധികുന്നില്ല  മിക്കപ്പോഴും. ഇവരുടെ ജന്മവും ജീവിതവും പൊതു സമൂഹത്തിന്‍റെ കണ്ണില്‍ വളരെ വിലകുറഞ്ഞതാവുന്നു. അതുകൊണ്ടാണല്ലോ ഞാനടക്കമുള്ളവര്‍ ഇവരെ കാണുമ്പോള്‍ മുഖം തിരിച്ചു കളയുന്നത്, ഒരു രൂപ നാണയം കൊണ്ട്  അവരെ നമ്മുടെ കാഴ്ച്ചയില്‍ നിന്നും മനസ്സില്‍ നിനും അകറ്റി നിര്‍ത്തുന്നത്.വിദ്യാഭ്യാസവും സംസ്കാരവും വേണ്ടുവോളം ഉണ്ടായിട്ടും ചിലരെങ്കിലും തുച്ഛമായ കാശിനു ഇവരെ ജോലിക്ക് നിര്‍ത്തുന്നത് ..

കണക്കു ചികഞ്ഞാല്‍ വലിയൊരു കണക്കു തന്നെ ബാലവേല ചെയ്യുന്നവരെ കുറിച്ച് ലഭ്യമാവും . ഏറ്റവും കൂടുതല്‍ ബാലവേലകരുള്ള രാജ്യമാത്രേ ഇന്ത്യ. 5 നും 14 നും ഇടയില്‍ പ്രായമുള്ള 12.26 മില്ല്യന്‍ കുട്ടികളാണ് ഇന്ത്യയില്‍ ബാല വേല ചെയ്യുന്നതെന്ന് 2001 ലെ സെന്‍സസ് പറയുന്നു. ഈ കണക്കു വളരെ കൃത്യമാണെന്ന് പറയുകയും വയ്യ . നാഷണല്‍ സാമ്പിള്‍ സര്‍വേ യുടെ 2004/2005 കണക്കു പ്രകാരം 8.9 മില്ല്യന്‍ കുട്ടികള്‍ ബാലവേല ചെയ്യുന്നു. മറ്റു ചില കണക്കുകള്‍ പറയുന്നത് ഓരോ പത്തു ജോലിക്കരിലും ഒരു കുട്ടിയുണ്ടാത്രേ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഈ കാര്യത്തില്‍ മെച്ചപ്പെട്ടതാണ് . എന്നാല്‍ കേരളത്തിന്‍റെ വിദ്യഭ്യാസ സാംസകാരിക സാമൂഹിക ചുറ്റുപാട്  കണക്കിലെടുത്ത് മറ്റു സംസ്ഥാനങ്ങളെ തട്ടിച്ചു നോക്കിയാല്‍ മെച്ചപ്പെട്ടതെന്നു പറയാനും വയ്യ. 2001 ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 26156 ബാല വേലകരുണ്ട് എന്നാണ് കണക്ക് . മിക്ക കുട്ടികളും വരുന്നത് ഉള്‍നാടന്‍ മേഖലകളിലെ സാമ്പത്തികമായി മോശം നില്‍കുന്ന കുടുംബങ്ങളില്‍ നിന്നാണ് . വിദ്യഭ്യാസ മില്ലാത്ത മാതാപിതാക്കളും പട്ടിണിയും , ഗ്രാമങ്ങളിലെ വരുമാനങ്ങളില്‍ നിന്ന് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ പണവും എല്ലാം ഇവരെ ഈ വഴി യിലെത്തിക്കാനുള്ള കാരണങ്ങളാവുന്നു  . ഒട്ടുമിക്കപ്പോഴും ഈ യാത്ര സംസ്ഥാ തിര്‍ത്തികളും  ഭേദിചായിരിക്കും.


ഇത്തരം കുട്ടികളില്‍ മല്ലികമാരെയും മുരുകന്മാരെയും കാണാം . എന്നാല്‍ കൂടുതല്‍ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളേക്കാള്‍ കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്‌.. .
കൃഷിയിലും അനുബന്ധന മേഖലകള്‍ പോലെ നിര്‍മാണ മേഖലകളിലും ഹോട്ടലുകളിലും വീടുകളിലും മറ്റിടങ്ങളിലുമാണ് ഇത്തരം കുട്ടികളെ ഉപയോഗപ്പെടുത്തുന്നത്. പെണ്‍കുട്ടികളധികവും വീട്ടു വേലകളില്‍  തന്നെ .
രാപ്പകലില്ലാതെ പണിയെടുപ്പിച്ച് , മൂന്ന് നേരം ഭക്ഷണം പോലും കൊടുക്കാതെ ,  കുറഞ്ഞ പണികൂലിയില്‍  അവരെകൊണ്ട് ലാഭാമുണ്ടാക്കുമ്പോഴും തിരിച്ചു ചോദിക്കാനോ , സംഘടന ഉണ്ടാക്കാനോ , ഈ കുട്ടികള്‍ക്കവില്ലല്ലോ. ഒരു തരം ചൂഷണം . ശാരീരിക, മാനസിക പീഡനം എന്ന് വേണെമെങ്കിലും പറയാം. ലൈംഗിക ചൂഷണവും വ്യാപകം തന്നെ. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്കിടയില്‍
പട്ടിണിയുടെയും പരിവട്ടത്തിന്റെയും കഥകള്‍ പറയുമ്പോഴും ചില  വീട്ടുകാര്‍   ലാഭം മുന്നില്‍ കണ്ടും കുട്ടികളെ വേലയ്ക്കു വിടാറുണ്ട്. എല്ലാറ്റിനും ഉപരി പണമാണല്ലോ ലോകത്തെ നയിക്കുന്നത് ..!!

ഇതൊക്കെ പറയുമ്പോഴും ചിലര്‍ക്കെങ്കിലും തോന്നുന്നുണ്ടാവും  പട്ടിണി കിടക്കുന്നതിനേക്കാള്‍ ഭേദമല്ലേ പണി എടുക്കുന്നത് ? വെറുതെ പണം നല്‍കുന്നതിനേക്കാള്‍ നല്ലതല്ലേ വേല കൊടുക്കുന്നത്. അവരുടെ കുടുംബം പട്ടിണിയില്‍ നിന്നും കര കയറുമെങ്കില്‍ പിന്നെ അതിലെന്താണോരു തെറ്റു? ഇത്തരം ചോദ്യങ്ങള്‍ സ്വാഭാവികമാണ്.ചോദിക്കാന്‍ വളരെ എളുപ്പവുമാണ് .  ചില ചോദ്യങ്ങളില്‍ ന്യായവും ഉണ്ട്. ഓരോ സെന്‍സസ് വരുമ്പോഴും ബാലവേല കണക്കു പറയുകയും , പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നിയമങ്ങള്‍ നിര്‍മിക്കുകയും  ചെയ്യുന്നതല്ലാതെ കൂടിയ ജനസംഖ്യ ഉള്ള, പട്ടിണി വ്യാപകമായ, വളര്‍ന്നു കൊണ്ടിരിക്കുന്നു എന്ന് പറയപ്പെടുന്ന നമുടെ രാജ്യത്തു ബാല വേല മുഴുവനായി നിരമാര്‍ജനം ചെയ്തു ഈ കുട്ടികളെ മുഴുവന്‍ നല്ല രീതിയില്‍ അടുത്ത കാലത്തൊന്നും പുനരധിവസിപ്പിക്കപ്പെടുമെന്ന വിശ്വാസമൊന്നും എനിക്കുമില്ല. പക്ഷെ നിയമങ്ങളെയും നിയമപാലകരെയും അധികൃതരെയും മാത്രം പഴിചാരി മിണ്ടാതിരുന്നു, കണ്ടില്ല,  കേട്ടില്ല എന്ന്  വെക്കാനും കുറച്ചു ബുദ്ധിമുട്ടുണ്ട്. കാരണം നമുക്കും ചെയ്യാനാവും ചില ചെറിയ നന്മകള്‍. ഒരു കുട്ടിയെയെങ്കിലും രക്ഷിക്കാന്‍., അവര്‍ക്ക് വേണ്ടത് കുറച്ചെങ്കിലും കൊടുക്കാന്‍ നമ്മളില്‍ ചിലര്‍ക്കെങ്കിലും കഴിയും. ഒരാള്‍ അയാളുടെ കടയില്‍ ഒരു കുട്ടിയെ രക്ഷിക്കാന്‍ എന്ന ഉദ്ദേശത്തില്‍ ജോലിക്ക് വെക്കുന്നുവെങ്കില്‍ ആ നല്ല മനസ്സോടു കൂടെ ആ കുട്ടിക്ക് അവനവകാശപ്പെട്ട  പ്രാഥമിക വിദ്യാഭ്യാസം നല്കാനും അയാള്‍ക്കവില്ലേ ... നല്ല ഭക്ഷണവും വസ്ത്രവും ഇത്തിരി സ്നേഹവും നല്‍ക്കാന്‍ അയാള്‍ക്കവില്ലേ... മോശമായ അവസ്ഥയില്‍ നമ്മുടെ കാഴ്ച്ചവട്ടത്തിലെവിടെയെങ്കിലും  വെച്ച് ഇത്തരം   കുട്ടികളെ  കണ്ടാല്‍ അത് childline പോലുള്ള സംഘടനകളെ ഏതെങ്കിലും പബ്ലിക്‌ ബൂത്തില്‍ ചെന്ന് ഒരു ഫ്രീ കാള്‍  ചെയ്യാന്‍ നമ്മുക്ക് കുറച്ചു മിനിട്ടുകളെ ചിലവാക്കൂ..അതും ചെയ്യാന്‍ നമുക്ക് ബുദ്ധിമുട്ടാവും, കാരണം, ഒന്ന്,ഇതൊന്നും  നമ്മെ സംബധിക്കുന്ന കാര്യമല്ല എന്നാ ചിന്ത , രണ്ടു; വെറുതെ എന്തിനു  വയ്യാവേലി തലയില്‍ കയറ്റി വെക്കുന്നു എന്ന സ്വാര്‍ത്ഥ ചിന്ത . ഇനിയും ഉണ്ടാവാം കാരണങ്ങള്‍. പക്ഷെ അപ്പോഴൊന്നും ഈ കുട്ടികളുടെ സ്ഥാനത്ത് നമ്മുടെ കുട്ടികളെ നമ്മള്‍ സങ്കല്‍പ്പിക്കുന്നില്ല . വീട്ടു വേലയ്ക്കു  മല്ലികമാരെ വെക്കാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം . എന്നാല്‍ അവരെ സഹായിക്കാന്‍ എന്ന പേരില്‍  കുട്ടികളെ വെക്കുമ്പോള്‍  അവര്‍ക്ക് ചില മാനുഷിക പരിഗണനകളും കൊടുക്കാം. നല്ല വേഷം, നല്ല വസ്ത്രം, നല്ല സംരക്ഷണം , പ്രാഥമിക വിദ്യഭ്യാസം, ഇത്തിരി സ്നേഹം, സുരക്ഷിതത്വം . . ഇത്രെയൊക്കെ ചെറിയ നന്മകള്‍ മനസ്സില്‍ ഉള്ളവര്‍ക്ക് ചെയ്യാനാവും. ചപ്പു ചവറില്‍ നിന്നാവും പിന്നീടൊരു മാണിക്യ കല്ല്‌ ലഭിക്കുന്നത്. എന്നാല്‍ ഇത്തരം കാര്യങ്ങളിലും നമ്മളില്‍ പലരും നോക്കുന്നത് ലാഭം തന്നെയാണ്. പണിക്കു വെച്ചിരിക്കുന്നത് പഠിപ്പികനാണോ എന്ന ചിന്ത. സത്യത്തില്‍ ഇത്തരം  ചിന്ത, പണക്കാര്‍ പാവങ്ങള്‍ തമ്മിലുള്ള അകലം, ഒക്കെയാണ് ബാലവേല ഇന്നും വ്യപകമാവാന്‍ കാരണം എന്ന് പലയിടത്തും  വായിച്ചിട്ടുണ്ട്. നിയമങ്ങള്‍ കൊണ്ടുവരാം, അത് നടപ്പില്‍ വരുത്തേണ്ടത് നിയമപാലകരുടെ മാത്രം ഉത്തരവാദിതമാണോ ? ബാല വേല നിര്‍മാര്‍ജനം അധികൃതരുടെ മാത്രം കടമയാണോ ? രാജ്യത്തിന്‍റെ ആവശ്യമെങ്കില്‍ നമ്മിലോരുതരും അതില്‍ പങ്കളികളാവേണ്ടാതല്ലേ .. ഇത് ഈ ശിശു ദിനത്തിലെ എന്‍റെ ചിന്ത ..


വാല്‍ കഷ്ണം: പാക്‌ അതിര്‍ത്തിയില്‍ മലാല യൂസുഫ്സേയ് എന്ന പെണ്‍കുട്ടി അറിവ് നേടാന്‍  ആര്‍ജവം കാണിച്ചു താലിബാന്‍ വെടിയുണ്ടകള്‍ ഏറ്റു വാങ്ങിയപ്പോള്‍ നമ്മുടെ കൊച്ചു കേരളത്തിലിരുന്നു ആളുകള്‍ വാചാലരായി, പ്രാര്‍ത്ഥന നിരതരായി . അതേ കേരളത്തില്‍ നമ്മുക്ക് ചുറ്റിലും അറിവ് നേടാനുള്ള ആര്‍ജവത്തെ എഴുതിയോ പറഞ്ഞോ അറിയിക്കാന്‍ പോലും ആവാതെ മല്ലികമാര്‍ നിഷ്ബ്ദരാക്കപ്പെടുമ്പോള്‍ തിരിഞ്ഞു നോക്കാന്‍ കേരളീയര്‍ക്ക് / ഇന്ത്യക്കാര്‍ക്ക് നേരമില്ല !! അതെങ്ങെനെ , നമ്മുടെ specialization അന്താരാഷ്ട്ര കാര്യങ്ങളിലല്ലേ ..!!!!മല്ലികയുടെ യഥാര്‍ത്ഥ പേര് മറ്റൊന്നാണ് . അത് വെളുപ്പെടുതുന്നതിലെ ബുദ്ധിമുട്ട് കൊണ്ട് പേര് മാറ്റിയിരിക്കുന്നു .