Tuesday, December 10, 2013

വൈകല്യം മനസ്സിനെ ബാധിക്കാതിരിക്കട്ടെ..2012 ഡിസംബർ  ലക്കം പുടവയിൽ പ്രസിദ്ധീകരിച്ചത്.പ്രശസ്ത ബഹിരാകാശ ശാസ്ത്രഞ്ജന്‍ സ്റ്റീഫന്‍ ഹോകിംഗ് വൈകല്യത്തെ കുറിച്ച് പറഞ്ഞ വാചകം വെച്ച് തുടങ്ങാം.
It is a waste of time to be angry about my disability. One has to get on with life and I haven't done badly. People won't have time for you if you are always angry or complaining." - Stephen Hawking

എന്‍റെ വൈകല്യത്തെ കുറിച്ച് ദേഷ്യപ്പെട്ടു കൊണ്ടിരിക്കുന്നത് വെറും സമയം പാഴക്കലാണ്. ഓരോരുത്തരും അവരവരുടെ ജീവിതം പുരോഗിമിപ്പിച്ചേ മതിയാവൂ..ഞാനും അത്ര മോശമല്ലാത്ത രീതിയില്‍ അതില്‍ വിജയിച്ചിരിക്കുന്നു. എപ്പോഴും പരാതിയും പരിഭവവും പറഞ്ഞിരുന്നാല്‍ അതും കേട്ടിരുക്കാന്‍ ജനങ്ങള്‍ക്ക്‌ സമയം ഉണ്ടാവില്ല.

സത്യമല്ലേ..എപ്പോഴും വയ്യതീന പറഞ്ഞു കൊണ്ടിരിക്കുന്നവരെ ആര് പരിഗണിക്കാന്‍?..അത് എത്ര വൈകല്യം ഉള്ളവനായാലും ശരി.

വൈകല്യം. ആ പേരില്‍ തന്നെ ഇല്ലേ എന്തോ ഒരു വൈകല്യം? തന്‍റെ വീല്‍ ചെയറില്‍ 6. 178  മൈല്‍ ദൂരം ഓടിച്ചു ഗിന്നസ് ബുക്കില്‍ ഇടം നേടിയ റോബര്‍ട്ട്‌ എം ഹെന്‍സില്‍ എന്ന മനുഷ്യന്‍റെ വാചകം ഇക്കാര്യത്തില്‍ തികച്ചും അര്‍ത്ഥവത്താണ്. എന്‍റെ ability ക്ക് മുമ്പില്‍ ഒരു dis ചേര്‍ക്കാന്‍ എനിക്ക് താല്പര്യമില്ല എന്നാണ് അദ്ദേഹം പറഞ്ഞു വെച്ചത്. ഇംഗ്ലീഷില്‍ DISABILITY. ഈ വാക്കൊന്നു കീറി മുറിച്ചാല്‍, DIS/ ABILITY. ability എന്നാല്‍ കഴിവ് , അതിന്‍റെ മുന്നില്‍ dis ചേര്‍ത്താല്‍ കഴിവില്ലാത്തത് എന്നര്‍ത്ഥം. സത്യത്തില്‍ കണ്ണില്ലാത്തവന്‍ എങ്ങനെ കഴിവില്ലതവനാകും? ചലിക്കാന്‍ പോയിട്ട് ഒന്ന് മിണ്ടാന്‍ പോലും കഴിയാതെ ഒരു ഉന്തു കസേരയില്‍ വയറുകളാല്‍ പൊതിഞ്ഞിരിക്കുന്ന സ്റ്റീഫന്‍ ഹോകിംഗ് കഴിവ് കേട്ടവന്‍ ആണെന്ന് ആര്‍കെങ്കിലും പറയാന്‍ പറ്റുമോ..
പൊതുവേ ഒരു നാട്ടു പറച്ചില്‍ ഉണ്ട്. കണ്ണില്ലാത്തവനും പൊട്ടനും ഒക്കെ പടച്ചോന്‍ അറിഞ്ഞു കൊണ്ട് വേറെന്തെങ്കിലും കഴിവ് കൊടുക്കുമെന്നു. കണ്ണില്ലാത്തവന് അക കണ്ണ് കൊണ്ട് ക്കാണും, അങ്ങനെയങ്ങനെ അവര്‍ അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ വ്യത്യസ്തമായി ചെയ്യാന്‍ മിടുക്കന്മാരും മിടുക്കികളും ആണ്. കാര്യങ്ങള്‍ വ്യത്യസ്തമായി ചെയ്യാന്‍ കഴിവുള്ളവര്‍ , അല്ലെങ്കില്‍ വ്യത്യസ്തമായ കഴിവുനുടമകള്‍. differently abled.. disability ക്ക് പകരം നമ്മുക്ക് ഈ വാക്ക്  ശീലിക്കാം..

സ്റ്റീഫന്‍ഹോകിങ്ങിനെയും ബീതോവനെയും ഷെല്ലിയെയും ഹെലന്‍ കെല്ലറെയും നമുക്ക് അരികിലേക്ക് മാറ്റി വെക്കാം. നമ്മുടെ മുമ്പിലുമുണ്ട് വേണ്ടുവോളം ഉദാഹരങ്ങള്‍. പോളിയോ ബാധിച് ചെറുപ്പത്തില്‍ തന്നെ കാലുകള്‍ തളര്‍ന്നിട്ടും ഉന്തു വണ്ടിയിലിരുന്നു സാക്ഷരത രംഗത്ത് തന്‍റെവ്യക്തി മുദ്ര പതിപ്പിച്ച റാബിയ താത്തഒരു നല്ല ഉദാഹരണമാണ്. അങ്ങനെ പ്രശസ്തരായവരും അല്ലാത്തവരും ആയ ഒരു പാടാളുകള്‍ നമുക്ക് ചുറ്റും ഉണ്ട് . അവരിലെല്ലാം അവരുടെ കുറവിനെ പരിഹരിക്കാന്‍ തക്കതോളമോ അതിലുപരിയോ കഴിവുകള്‍ ഒളിഞ്ഞിരിപ്പുണ്ട്. ചിലര്‍ അതെടുത്തു ഉപയോഗിക്കുന്നു , മറ്റു ചിലര്‍, സ്റ്റീഫന്‍ ഹോകിംഗ് പറഞ്ഞ പോലെ തന്‍റെ വയ്യയ്മയെ കുറിച്ച് പരിഭവവും പരാതിയും പറഞ്ഞു കൊണ്ടിരിക്കുന്നു. ആദ്യം പറഞ്ഞ കൂട്ടര്‍ തങ്ങളുടെ ആത്മ വിശ്വാസവും ഇച്ച്ച  ശക്തിയും കൊണ്ട് തന്നിലെ കുറവിനെ തോല്‍പ്പിച്ചു ജയിക്കുന്നു. രണ്ടാം വിഭാഗക്കാര്‍ തന്നോട് തന്നെ തോല്‍ക്കുന്നു. മറ്റുള്ളവരുടെ സഹതാപത്തില്‍ ആയിരിക്കും അവരുടെ ജീവിതം. അങ്ങനെ കുറച്ചു കഴിയുമ്പോള്‍ അവര്‍ ആര്‍ക്കും വേണ്ടാത്തവര്‍ ആവുന്നു.


സഹതാപം എന്ന വികാരം നമ്മള്‍, അതായതു സകല കഴിവുമുള്ളവര്‍ എന്ന്  സ്വയം  ധരിക്കുന്നവര്‍ ഇത്തരം ആളുകള്‍ക്ക് പ്രത്യേകം വാരി കോരി നല്‍കുന്ന ഒന്നാണ്. ചിലര്‍ സഹതാപം മൂലം പണവും അവനവനാല്‍ ആവുന്ന പലതും കൊടുക്കും. സല്‍പേര്പ്രതീക്ഷിച്ചോ കൊടുക്കപ്പെടുന്നവന്റെ മുഖത്തെ ദയനീയമായ നന്ദി പ്രതീക്ഷിച്ചോ ഇങ്ങനെ അറിഞ്ഞു സഹായിക്കുന്നവര്‍ ഉണ്ട്.
എന്നാല്‍ സഹതാപം നിറഞ്ഞുള്ള പ്രവര്‍ത്തിയും പരിചരണവും ഇത് ഏറ്റു വാങ്ങാന്‍ വിധിക്കപ്പെട്ടവരില്‍ എന്ത് വികാരം ഉണ്ടാക്കുന്നു എന്ന് പലരും  ചിന്തിക്കാറില്ല. സത്യത്തില്‍ എനിക്ക് നിന്നെക്കാള്‍ മേന്മയുണ്ട് എന്ന ഒളിഞ്ഞിരിക്കുന്ന അര്‍ത്ഥമില്ലേ സഹതാപം എന്ന വികാരത്തില്‍? എനിക്ക് പലപ്പോഴും അങ്ങനെ തോന്നാറുണ്ട്. അപ്പോള്‍ സഹതാപം വാരികോരി  ഇത്തരം ആളുകള്‍ക്ക് കൊടുക്കുന്നതിനു പകരം, ഒരു നിമിഷം അവരുടെ അവസ്ഥയെ അവരുടെ ഭാഗത്ത്‌ നിന്നു ചിന്തിച്ചു നോക്കൂ...എന്നിട്ടവര്‍ക്ക് അവരെ സ്വയം സഹായിക്കാന്‍ ഉതകുന്ന രീതിയിലുള്ള സഹായങ്ങള്‍ ചെയ്തു കൊടുക്കാം ..മീന്‍ പിടിക്കാനറിയാത്തവന് മീന്‍ പിടിച്ചു കൊടുക്കുന്നതിനു പകരം മീന്‍ പിടിക്കുന്നത്‌ പഠിപ്പിച്ചു കൊടുക്കുക എന്ന ജപനീസോ ചൈനീസോ പഴമൊഴി ഇക്കാര്യത്തിലെങ്കിലും പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിയണം. എന്തെങ്കിലും അപകടം വന്നോ മറ്റോ കയ്യോ കാലോ നഷ്ട്ടപെട്ടവര്‍ക്ക് ധന സഹായം നല്‍കുന്നതിനു പുറമേ, അയാള്‍ക്ക് വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് ചെയ്യാവുന്ന ജോലി നല്കാന്‍ സാധിക്കണം. എന്നാലേ അവര്‍  ബാകി ജീവിതം നന്നായി പുരോഗമിപ്പിക്കാന്‍ പ്രാപ്തരാക്കാം ..അവരില്‍ വ്യത്യസ്ഥമായ കഴിവുകളെ കണ്ടെത്താം ...

എന്നാല്‍ സഹതാപം എന്ന വികാരത്തെ ഇഷ്ട്ടപെടുന്നവരും ഉണ്ട്. മറ്റുള്ളവരെ സഹതാപം പിടിച്ചു പറ്റാനും അത് മൂലം ലാഭമുണ്ടാക്കാനും തുനിയുന്നവരും  കുറവല്ല. പ്രത്യേകിച്ച് പ്രത്യക്ഷമായ ഏതെങ്കിലും അവയവങ്ങള്‍ക്ക് എന്തെങ്കിലും കേടു പാടുണ്ടെങ്കില്‍ മറ്റുള്ളവരുടെ സഹതാപം കൊണ്ട് ജീവിക്കുക..അതും ഒരു തൊഴില്‍. അതുകൊണ്ടാണല്ലോ കണ്ണില്ലാത്തവരും കൈകളില്ലാതവരും മറ്റും ആളുകള്‍ കൂടിന്നിടത് ഭിക്ഷ യാചിക്കുന്നത് ഒരു സ്ഥിരം കാഴ്ചയാവുന്നത്. ചിലപ്പോള്‍ അതിനു പിന്നിലും വലിയ ഒരു സംഘം ഉണ്ടാവും .അതവരുടെ  തൊഴില്‍. വൈകല്യത്തെ ആഘോഷമാക്കി ഭിക്ഷാടനം. അവിടെ വൈകല്യം പ്രതിരോധിക്കാനാവാത്ത ഒരു പരിജ.

പലപ്പോഴും നമ്മുടെ സമൂഹത്തില്‍ differently abled ആയ ആളുകള്‍ പൊതു ധാര സമൂഹത്തില്‍ അസമത്വം അനുഭവിക്കൂന്നു എന്ന് പറഞ്ഞു കേള്‍ക്കാരുണ്ട്. അതിലെ സത്യാവസ്ഥ എന്താണ്? ഒരു ചെറിയ ഉദാഹരണം പറയട്ടെ.. പോളിയോ ബാധിച്ചു അരക്ക് കീഴ്വശം തളര്‍ന്ന സൈകിളില്‍ നടക്കുന്ന ഒരാള്‍ റയില്‍ വേസ്റ്റേഷനില്‍ എന്തോ ഒരാവശ്യത്തിന് ചെന്നെന്നിരിക്കട്ടെ ഒരു പ്ലാറ്റ് ഫോമില്‍ നിന്നും മറ്റൊരു പ്ലാറ്റ് ഫോമിലേക്ക് പോവാന്‍ നമ്മുടെ റെയില്‍ വെ സ്റ്റെഷനുക്ളില്‍ അധികവും റാമ്പില്ല. ഇദ്ദേഹം തന്നെ പോക്കാനും അടുത്ത പ്ലാറ്റ് ഫോമില്‍ എത്തിക്കാനും മറ്റാളുകളെഅന്വേഷിക്കേണ്ടേ? ഇതൊരു അവഗണന തന്നെയല്ലേ..ഇങ്ങനെ പലയിടത്തും അവര്‍ ബുദ്ദിമുട്ടുകള്‍ ഒരുപാട് നേരിടുന്നുണ്ട്. സമൂഹം അതറിയുന്നില്ലെന്നു മാത്രം. നമ്മുടെ കുടുംബങ്ങളില്‍ ഏതെങ്കിലും ഒരംഗത്തിനു ഇത് പോലെ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിലേ അവരനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ എത്രത്തോളം ആണെന്ന് നമുക്ക് ഊഹിക്കാന്‍ കഴിയൂ.. ബുദ്ധി മാന്ദ്യം സംഭവിച്ച കുട്ടികളുടെ അച്ഛനമ്മമാര്‍ക്ക് മാത്രമേ  , അവര്‍ അനുഭവിക്കുന്ന അവഹേളനയും  അവരുടെ കുട്ടിക്കയനുഭവിക്കുന്ന അവസര കുറവുകളുംമറ്റു പ്രശ്നങ്ങളും എത്രത്തോളം ഉണ്ടെന്നു അറിയൂ..ചിലപ്പോള്‍ അത് മാതാപിതാക്കളുടെ കുറ്റമായി കരുതപ്പെടുന്നു, മറ്റു ചിലപ്പോള്‍ അമ്മയുടെ കര്‍മ ഫലമായി കരുതപ്പെടുന്നു. അങ്ങനെയങ്ങനെ ഈ അത്യാധുനിക യുഗത്തിലും വ്യാഖ്യാനങ്ങള്‍ ഏറെ...വൈകല്യം ഉള്ളവര്‍ക്കും സമൂഹത്തില്‍ തുല്യ അവകാശങ്ങള്‍ ഉണ്ട്.  ഭാരത ഭരണ ഘടനയിലെ directive principle ല്‍ article 41 ലൂടെ സ്റ്റേറ്റ് നോട് ഇത്തരം ആളുകള്‍ക്ക് പ്രത്യേക സഹായം നല്കാന്‍ നിയമം അനുശാസിക്കുന്നു. പലതരത്തിലുള്ള വൈകല്യം ഉള്ളവരെ ഉയര്‍ത്തികൊണ്ടു വരാനും സമൂഹത്തില്‍ തുല്യ അവസരങ്ങളും പങ്കാളിത്തവും  അവര്‍ക്ക്  നല്‍കുവാനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും അധികൃതര്‍ ശ്രമങ്ങള്‍ നടത്തി കൊണ്ടേയിരിക്കുന്നു.  അതിന്‍റെ ഭാഗമായാണ് 1995 ല്‍PERSON’S WITH DISABILITY ACT ( EQUAL OPPORTUNITY AND PROTECTION OF RIGHT AND PARTICIPATION ACT)നിലവില്‍ വന്നത്. ഈ ആക്റ്റ് പ്രകാരം വൈകല്യം അഥവാ disability എന്നാല്‍ അന്ധത , കാഴ്ച കുറവ്, കേള്‍വി പ്രശനങ്ങള്‍, ചലന വൈകല്യങ്ങള്‍ , കുഷ്ട്ടം(ഭേദമായത്), മാനസിക രോഗങ്ങള്‍ , ബുദ്ധി മാന്ദ്യം എന്നിവയാണ്. ഇവയിലേതെങ്കിലും ഒന്നില്‍ 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യം ഉണ്ടെങ്കില്‍ വിദ്യാഭ്യാസം തൊഴില്‍ തുടങ്ങി ഒട്ടനവധി മേഖലകളില്‍ സമൂഹത്തില്‍ പ്രധിനിത്യവും, പങ്കാളിത്തവും ഉറപ്പു നല്‍കുകയും അവര്‍ക്കാവശ്യമായ മറ്റു ചികിത്സ സഹായവും പുനരധിവാസ പ്രവര്‍ത്തനങ്ങളും ലഭ്യമാക്കുന്നു. നമ്മുടെ നാടാണ്. അവകാശങ്ങള്‍ ചോദിച്ചു ചെന്നില്ലെങ്കില്‍ ആരും ഇതു വീട്ടില്‍ കൊണ്ടെത്തിക്കാന്‍ മുതിരില്ല. അതുകൊണ്ട് തങ്ങളുടെ അവകാശങ്ങളെ കുറിച്ച് ബോധവാന്മാരാവുക വളരെ അത്യാവശ്യവുമാണ്.  

ചില സമയത്തു വൈകല്യം നേരെത്തെ തിരിച്ചറിയുന്നത്‌ വളരെ ഉപകാരപ്പെടും. പ്രത്യേകിച്ചും കുട്ടികളിലെ ബുദ്ധി മാന്ദ്യം, ഓട്ടിസം, പഠന വൈകല്യങ്ങള്‍, ഒരു പരിധിവരെ കേള്‍വി പ്രശ്നങ്ങള്‍ എന്നിവ വളരെ നേരെത്തെ കണ്ടെത്തി ചികിത്സക്ക് വിധേയമാകിയാല്‍ , ഒരു നല്ലയലവോളം വൈകല്യം കുറച്ചു അവരില്‍ നല്ല പുരോഗതി കൊണ്ട് വരാന്‍ നമുക്ക് സാധിക്കും. ഇവിടെ മാതാപിതാക്കള്‍ക്കും കുടുംബങ്ങള്‍ക്കും പ്രാഥമിക ശുഷ്രൂസ കേന്ദ്രങ്ങള്‍ക്കും, അംഗന വാടി പ്രവര്‍ത്തകര്‍ , ആശ പ്രവര്‍ത്തകര്‍ പോലുള്ള സമൂഹത്തിന്‍റെ ഏറ്റവും അടിത്തട്ടില്‍ പ്രവര്തിക്കുന്നവര്‍കും ഒരു വലിയ പങ്കു വഹിക്കാനവും. കുട്ടിയുടെ ജനനത്തിനു ശേഷവും ഗര്‍ഭകാല സമയത്തും ഉള്ള കുട്ടി വെപ്പുകളും മറ്റു രോഗ നിവാരണ പരിപാടികള്‍ക്കും ഒരു നല്ല അളവോളം വിവിധ തരം രോഗങ്ങളെയും തുടര്‍ന്നുണ്ടാവുന്ന  വൈകല്യങ്ങളെയും  കുറയ്ക്കുന്നതില്‍ പങ്കു വഹിക്കാനാവുന്നുണ്ട്.

വൈകല്യത്തെ നേരിടുക എന്നത് ഒരു വ്യക്തിയുടെയോ കുറച്ചു വ്യക്തികളുടെയോ കടമയോ ഉത്തരവാധിതാമോ അല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. സമൂഹം മുഴുവന്‍ അതിന്‍റെ കുറിച്ച് ബോധവാന്മാരവുകയും early identification നിലും prevention നിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും ശക്തമായി പങ്കെടുക്കേണ്ടിയിരിക്കുന്നു. അപ്പോഴാണ് DIS/ ABLED കഴിവുള്ളവരായി മാറുക.  DIFFERENTLY ABLED ആയി മാറുക.

World Disability Day- December 3

Sunday, November 3, 2013

ആഗ്ര യാത്ര

താജ്മഹല്‍, ലോകത്തെ അത്ഭുതപ്പെടുത്തിയ വെള്ള കൊട്ടാരം. ഓരോ തവണ ചിത്രങ്ങളില്‍ കാണുമ്പോഴും എന്നെയും വല്ലാതെ മോഹിപിച്ചിട്ടുണ്ട് താജ്മഹല്‍. സത്യത്തില്‍ ആഗ്ര തന്നെ മനസ്സുടക്കിയ ഒരു പട്ടണമാണ്. മുഗള്‍ രാജാക്കന്‍മാരുടെ ഇന്ദ്രപ്രസ്ഥം. അടുത്ത ദിവസത്തെ യാത്ര അങ്ങോട്ടായിരുന്നു. ഒരുപാട് കാത്തിരിപ്പിന് ശേഷം ഏറെ  ആഗ്രഹത്തോടെ അതിലേറെ ആകാംഷയോടെ പോവുമ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത ആവേശമായിരുന്നു. രാവിലെ 5.30 ന് പുറപ്പെട്ടു. ആഗ്രയില്‍ എത്തിയപ്പോള്‍ 12 മണിയോളമായിരുന്നു. തിരക്കും ചൂടും അത്രയധികവും.

 താജ്മഹലിന് മൂന്നു പ്രവേശന കവാടമുണ്ട്. തെക്കും വടക്കും പടിഞ്ഞാറും. മറ്റൊരു ഭാഗം തുറക്കുന്നത് യമുന നദിയിലേക്കാണ്. ഞങ്ങള്‍ തെക്ക് വശത്തിലൂടെ പ്രവേശം നേടി. കൂടെ ഒരു ഗൈഡ് ഇല്ലായിരുന്നു എന്നത് ഒരു കണക്കിന് ഏറ്റവും വലിയ അമളി തന്നെയായിരുന്നു. ചുറ്റുമുള്ള കുറെ മുറികളും മറ്റും എന്തെന്നും, ഓരോ കല്ലിലും ഉറങ്ങിക്കിടക്കുന്ന ചരിത്രമെന്തെന്നും അറിയാതെ ഞങ്ങള്‍ മുന്നോട്ടു നീങ്ങി. ചിലപ്പോഴൊക്കെ ഞാന്‍ മറ്റു സന്ദര്‍ശകരുടെ ഗൈഡ്കളെ ഒളിഞ്ഞു കേട്ടു. അത്രയും ആകാംഷയുണ്ടായിരുന്നു എന്ത് നടന്നുവെന്നറിയാന്‍. പ്രധാന കവാടം കടന്നു ഞങ്ങള്‍ താജമഹലിലേക്ക് നീങ്ങി. ആദ്യ കാഴ്ച അതി ഗംഭീരമായിരുന്നു. ചിത്രങ്ങളില്‍ കണ്ടിരുന്നത്‌ താജ്മഹലിന്റെ ഒരു നിഴലു മാത്രമാണെന്ന് തോന്നിപ്പോയി. അല്ലെങ്കില്‍ ആ വെള്ള കൊട്ടാരത്തിന്റെ ഭംഗി അതേപടി ചിത്രങ്ങളില്‍ പകര്‍ത്താന്‍ കഴിയില്ലായിരിക്കാം. എന്തായാലും എന്ത് കൊണ്ടാണ് താജമഹല്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്നതെന്ന് എനിക്ക് ബോധ്യമായി.

തൂവെള്ള ആകാശത്തിനു കീഴില്‍ ആകാശത്ത് നിന്നും ഇറക്കി വെച്ച പോലെ തൂ വെള്ള നിറത്തില്‍ ഒരു കൊട്ടാരം. പ്രതിഫലനം പൂര്‍ണമാകാന്‍ യമുനാ നദിയും മുന്നിലെ കുളവും. ഫോട്ടോ എടുക്കുന്നതെല്ലാം മറന്നു കൂടുതല്‍ അടുത്തേക്ക് പെട്ടെന്ന് നീങ്ങി. അടുത്തേക്ക് നടക്കുന്തോറും വലിപ്പം കൂടി കൂടി വരുന്നു.  വെള്ള മാര്‍ബിള് കൊണ്ട് സുന്ദരമായ കൊത്തു  പണികള്‍.  ഇടയ്ക്കിടയ്ക്ക് വില കൂടിയ അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ മറ്റു  മാര്‍ബിള്‍ കഷ്ണങ്ങളും, ഭംഗിയുള്ള ആര്‍ച്ചുകളും കോണുകളും, തൂണുകളും. ഇന്ത്യന്‍ , പേര്‍ഷ്യന്‍ മാതൃകയില്‍ നിര്‍മിച്ച ഈ കൊട്ടാരം കൊട്ടാരങ്ങളുടെ കിരീടം എന്ന പേരില്‍ അറിയപ്പെടുന്നു. ഉര്‍ദുവില്‍ താജ്മഹല്‍.

1632 ല്‍ പണി തുടങ്ങിയ താജ്മഹല്‍ പൂര്‍ത്തിയായത് 1653 ലാണെന്ന് ചരിത്രം പറയുന്നു. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ എന്ന് വിളിക്കപ്പെടുന്ന ഖുറം തന്‍റെ രണ്ടാം ഭാര്യയും പ്രേമഭാജനവുമായ മുംതാസ് മഹല്‍ എന്ന് വിളിക്കപ്പെട്ടിരുന്ന അര്‍ജുമന്ദ് ബാനുവിന്‍റെ സ്മരണയിലാണ് ഈ കൊട്ടാരം പണിതത്. ഈ കൊട്ടാരത്തിന്റെ പ്രധാന ശില്പി ഉസ്താദ് അഹമദ് ലാഹോരിയാണെന്നും ചരിത്രം രേഖപ്പെടുത്തുന്നു. ഇന്ന് മുംതാസ് മഹലിന്റെയും, ഷാജഹാന്റെയും ശവകുടീരമാണ് ഈ കൊട്ടാരം.

പല രാജ്യങ്ങളില്‍ നിന്നും അമൂല്യമായ, വില കൂടിയ മാര്‍ബിള്കളാണ് താജമാഹലിനെ അതീവ സുന്ദരമാക്കുന്നത്.. കൂടാതെ മാര്‍ബിളില്‍ കൊത്തിയ  പല രൂപങ്ങളും, കോണുകളും ആര്‍ച്ചുകളും അത് നിര്‍മിച്ച ശില്പികളുടെ നിപുണത വിളിച്ചോതുന്നവയാണ്. പല സ്ഥലങ്ങളിലും ഖുര്‍ആനിലെ വ്യത്യസ്ത വാചകങ്ങള്‍ കൊത്തിയതും കാണാം. 

യമുനയിലേക്ക് തുറക്കുന്ന ബാല്‍ക്കണിയില്‍ ഇരുന്നാല്‍ ചരിത്രം കണ്ടറിഞ്ഞ യമുനാ നദി ഒന്നുമറിയാത്ത വണ്ണം ഒഴുക്കുന്നു. നേരെ അക്കരെ ഷാജഹാന്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരുന്നെന്നു പറയപ്പെടുന്ന കറുത്ത താജ്മഹലിന്റെ സ്ഥലവും കാണാം. 

ഭൂഗര്‍ഭ അറകളില്‍ പല റൂമുകളും സന്ദര്‍ശകര്‍ക്ക് നിരോധിത മേഖലകള്‍ ആണ്. ചില വാതില്‍ പഴുതിലൂടെ  ഒളിഞ്ഞു നോക്കിയാല്‍ ഉള്ളില്‍ പൊടി പിടിച്ചു കിടക്കുന്ന മുറികള്‍ കാണാം. ചില ഭാഗങ്ങളിലെല്ലാം വിള്ളലുകള്‍ പ്രത്യക്ഷമാണ്. ഇതുകൊണ്ടൊക്കെയാവാം താജ്മഹലിനു വേണ്ടത്ര സംരക്ഷണം കൊടുക്കുന്നില്ലെന്ന ആരോപണം ഇടയ്ക്കിടക്ക് ഉയരുന്നത്. 

ഒരു വശത്തായി താജ്മഹല്‍ മ്യൂസിയം കാണാം. പൂന്തോപ്പില്‍ ഒരു കറക്കവും, പിന്നെ ഒരു ഫോട്ടോ ഷൂട്ടും കഴിഞ്ഞു ഞങ്ങള്‍ താജ്മഹലിനോട്  വിടപറഞ്ഞു. വിടപറയുമ്പോള്‍ മനസ്സില്‍ വെറുതെ വന്നൊരു ചിന്ത ഇതായിരുന്നു. ഇത്രയും അമൂല്യവും, വിലകൂടിയതുമായ മാര്‍ബിളികള്‍ കൊണ്ട് വന്നു ഇത് പണിത ഷാജഹാന്‍ വലിയ ഒരു ദുര്‍വ്യയി ആയിരുന്നില്ലേ? അദ്ദേഹം തന്‍റെ പ്രജകളായ ജനങ്ങളോട്  ചെയ്തത് വലിയ അപരാധമായിരുന്നില്ലേ? ജനങ്ങളുടെ പൈസ മുഴുവന്‍ ദുര്‍വ്യയം ചെയ്ത ചക്രവര്‍ത്തി, അങ്ങനെയായിരുന്നോ ഇദ്ദേഹത്തിന്റെ കീര്‍ത്തി?

തിരിച്ചു പോരുമ്പോള്‍ ഒരു സങ്കടം ബാക്കിയായിരുന്നു. നിലാവുള്ള രാത്രിയില്‍, ചന്ദ്ര വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്ന താജ് മഹലിനെ കാണാന്‍ അപാര ഭംഗിയാണെന്ന് കേട്ടിട്ടുണ്ട്. യമുനാ നദി രാത്രിയില്‍ താജിന് കണ്ണാടിയാവുന്നത് കാണാന്‍ അതിലേറെ സുന്ദരമാണെന്നു കേട്ടിട്ടുണ്ട്. ആ രണ്ടു കാഴ്ചകളും കാണാന്‍ കഴിഞ്ഞില്ലെന്ന സങ്കടം. ഇനി മറ്റൊരു സമയത്തേക്കാവാം.

 ആഗ്ര കോട്ട 

താജ്മഹലില്‍ നിന്നും 2 km അകലയാണ് ആഗ്ര കോട്ട. മുഗള്‍ ചക്രവര്‍ത്തിമാരുടെ കൊട്ടാരം. 92 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന വലിയൊരു കോട്ട. ചരിത്രങ്ങള്‍ പറയുന്നത് ഈ കോട്ട മുഗള്‍ രാജാക്കാന്‍ മാര്‍ക്കും  വര്‍ഷങ്ങള്‍ക്കു മുമ്പ് ഏതോ രജപുത്രന്‍ പണി കഴിപ്പിച്ചതെന്നാണ്. പിന്നീട് ഈ രാജാവില്‍ നിന്ന് ഇബ്രാഹീം ലോദിയുടെ അച്ഛന്‍ സിക്കന്ദര്‍ ലോദി കൈപറ്റുകയും ആഗ്രയിലേക്ക് ഭരണ തലസ്ഥാനം മാറുകയും ചെയ്തു.  പിന്നീടു ഒന്നാം പാനിപ്പറ്റ് യുദ്ധത്തില്‍  മുഗള്‍ രാജാവ്‌ ബാബറിന്റെ വിജയത്തോടെ ഈ കോട്ട ബാബറിന്റെ കയ്യില്‍ വന്നുപെടുകയും ചെയ്തു. പിന്നീട്  ബാബര്‍  മുതല്‍ ഔറംഗസീബ്‌ വരെ ഈ കോട്ടയില്‍ താമസിക്കുകയും, പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ടത്രേ. ഇതിനിടയില്‍ രണ്ടാം പാനിപ്പറ്റ് യുദ്ധത്തോടെ ഹുമയൂണില്‍ നിന്നും ഈ കോട്ട നഷ്ട്ടപ്പെടുകയും പിന്നീട് അക്ബര്‍ അത് തിരിച്ചു പിടിച്ചു ഭരണ കേന്ദ്രം ദില്ലിയില്‍ നിന്ന് ആഗ്രയിലേക്ക് മാറ്റുകയും ചെയ്തു. ഷാജഹാന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  നടന്നതും, കോട്ട ഇന്ന് കാണുന്ന രൂപത്തില്‍ രൂപപ്പെട്ടതും.
ഒരു തരം ചുവന്ന കല്ലുകൊണ്ടാണ് ഈ കോട്ടയുടെ ഏറെ ഭാഗവും നിര്‍മിക്കപ്പെട്ടിട്ടുള്ളത്. വളരെ മോശം അവസ്ഥയില്‍ കിടന്നിരുന്ന കോട്ടയെ അക്ബറിന്റെ കാലത്ത് ചുവന്ന കല്ല്‌ കൊണ്ട് പുനര്‍ നിര്‍മാണം ചെയ്തു. എന്നാല്‍ പേര മകന്‍ ഷാജഹാന്‍ വീണ്ടും മോടി കൂട്ടാനായി വെള്ള മാര്‍ബിള്‍ പാകുകയും, വീണ്ടും കുറെ ഭാഗം കെട്ടിപ്പൊക്കുകയും ചെയ്തു.

 ഉള്ളിലേക്ക് കടക്കുന്ന പ്രവേശന കവാടത്തിനു മുമ്പായി രണ്ടു കിടങ്ങുകള്‍ ഉണ്ട്. രണ്ടും സുരക്ഷാ ഉദ്ദേശത്തോടെ ഉണ്ടാക്കിയതാണത്രെ. കൂടെയുണ്ടായിരുന്ന ഗൈഡ് , ഹരീഷ് കുമാര്‍ ആണ് വിശദാംശങ്ങള്‍ തന്നത്. ഇതില്‍ ആദ്യത്തെ കിടങ്ങില്‍ വെള്ളവും, അതില്‍ മനുഷ്യരെ തിന്നുന്ന മുതലകളും ഉണ്ടായിരുന്നത്രേ. രണ്ടാമത്തെ കിടങ്ങ് വന്യ മൃഗങ്ങള്‍ക്കുള്ളതായിരുന്നു. ആദ്യത്തെ കിടങ്ങ് ചാടി അക്രമത്തിനു വരുന്ന ശത്രുക്കളെ ഇവിടെ വന്യ മൃഗങ്ങള്‍ നേരിടുന്നു. അതും കഴിഞ്ഞാണ് പ്രധാന പ്രവേശന കവാടം. മൂന്നു പ്രവേശന കവാടമാണ് കോട്ടക്കുള്ളത്. ഒന്ന് യമുനാ നദിയിലേക്ക് തുറക്കുന്നു. അക്കാലത്തു യമുനാ നദി കൊട്ടയോടു അരികു പറ്റിയാണ് ഒഴികിയിരുന്നതത്രേ. ഇന്ന് പക്ഷെ ചുരുങ്ങി ചുരുങ്ങി ദൂരേക്ക്‌ മാറി ഒഴുകുന്നു. ഇടയില്‍ റോഡും വന്നു. രണ്ടാമത്തെ ഗേറ്റ്, അമര്‍ സിംഗ് ഗേറ്റ്. അമര്‍ സിംഗ് രാത്തോറിന്റെ പേരില്‍ അറിയപ്പെടുന്നു. പണ്ടിത് അക്ബരി ഗേറ്റ് എന്നും അറിയപ്പെട്ടിരുന്നത്രേ. പിന്നീട് ബ്രിട്ടീഷുകാർഗേറ്റിനെ  അമർ സിംഗ് ഗേറ്റ് എന്ന് വിളിച്ചത്രേ. ഈ ഗേറ്റിലൂടെ യാണ് സന്ദര്‍ശകരുടെ പ്രവേശനം. മൂന്നാം ഗേറ്റ് ഡല്‍ഹി ഗേറ്റ്. അടുത്തുള്ള പട്ടണത്തിലേക്ക് തുറക്കുന്ന രീതിയിലാണ് ഈ ഗേറ്റ്. ഇന്ന് ആ ഗേറ്റ് പൂര്‍ണമായും ഭാരത കര സേനയുടെ അധീനതയില്‍ ആണ്. കാരണം, കോട്ടയുടെ 75% ഇന്ന് ഭാരത സേനയുടെ കയ്യിലാണ്. ഓരോ രാജവംശം  മാറി മാറി ഭരിച്ചപ്പോഴും അതതു വിഭാഗത്തിന്‍റെ സേനയുടെ അധീനതയിലായിരുന്നത്രെ അത്രയും ഭാഗം. മുഗള്‍ രാജാക്കന്മാര്‍ ഭരിച്ചപ്പോഴും ആ സ്ഥലം ഒഴിച്ച്  ബാകിയുള്ള 25% സ്ഥലമായിരുന്നു അവരുടെ വസ സ്ഥലം. ബാകിയുള്ളത് അവരുടെ സേനയുടെ അധീനതയില്‍ ആയിരുന്നത്രെ. അതുകൊണ്ട് തന്നെ  ആ ഭാഗത്തിനു  സന്ദര്‍ശനാനുവാദം ഇല്ല.

ഗൈഡിന്റെ കൂടെ ഞങ്ങള്‍ അമര്‍ സിംഗ് ഗേറ്റ് കടന്നു ഉള്ളിലേക്ക് കയറി. ചരിഞ്ഞ പ്രതലത്തിലൂടെ നടന്നു കയറുമ്പോള്‍ ഗൈഡ് പറഞ്ഞു, ചരിഞ്ഞു പ്രതലവും സുരക്ഷാ ഉദ്ദേശത്തോടെ നിര്‍മിച്ചതാണത്രെ. രണ്ടു ഭാഗത്തും ചരിഞ്ഞ മതിലും കാണാം, ആ മതില്‍ സൂക്ഷിച്ചു നോക്കിയാല്‍ താഴോട്ട് നീളുന്ന ചെറിയ ചാലുകള്‍ കാണാം. രണ്ടു കിടങ്ങും ഭേദിച്ച് കടന്നു വരുന്ന ശത്രുക്കളെ തുരത്താന്‍ മതിലിനു പിന്നില്‍ ഒളിഞ്ഞിരിന്നിരുന്ന ഭടന്മാര്‍ ചുട്ട എണ്ണ ഒഴിക്കുമായിരുന്നത്രേ. അതുപോലെ മുകളില്‍ നിന്ന് ചരിഞ്ഞ പ്രതലത്തിലൂടെ വലിയ ഉരുളന്‍ കല്ലുകള്‍ ഉരുട്ടി വിടുമായിരുന്നത്രേ. ഇതെല്ലാം  ഗൈഡിന്റെ ഭാവനയില്‍ വിരിഞ്ഞ വിവരങ്ങളാണോ എന്നറിയില്ല. പക്ഷെ കേട്ടിട്ടും കണ്ടിട്ടും വിശ്വസ യോഗ്യമാണ്. എന്തായാലും അപാര ബുദ്ധിയാണ് ഈ കോട്ടയുടെ  നിര്‍മാണത്തിന്  പിന്നില്‍ പ്രവര്‍ത്തിച്ചത്. 

കോട്ടയുടെ ഉള്ളില്‍ ഒരു ഭാഗം നശിപ്പിച്ച നിലയില്‍ കാണപ്പെടുന്നു. ഈ ഭാഗം അക്ബറിന്റെ കൊട്ടാരമായിരുന്നെന്നും അത് ബ്രിട്ടീഷ്‌കാര്‍ തകര്‍ത്ത താണെന്നുമാണ് ഗൈഡിന്റെ ഭാഷ്യം. എന്തായാലും   അകത്തേക്ക് പോവും തോറും കോട്ട കൂടുതല്‍ കഥകള്‍ പറയുന്നുണ്ടായിരുന്നു. അക്ബറിന്റെ ലിവിംഗ് റൂമും ദര്‍ബാറും, അങ്ങനെയങ്ങനെ പോവുന്നു കാഴ്ചകള്‍

ജലാലുദ്ധീന്‍ എന്ന അക്ബര്‍ രാജാവ് നിരക്ഷനായിരുന്നെങ്കിലും മകന്‍ ജാഹാഗീറിന്റെ വിദ്യാഭ്യാസത്തില്‍ അദ്ദേഹം വളരെ തല്‍പരനായിരുന്നു. വലിയ അധ്യാപകരുടെ കീഴില്‍ മകനെ പഠിപ്പിക്കുക മാത്രമല്ല, ജഹാംഗീറിന് വേണ്ടി ഒരു വലിയ പുസ്തകാലയം തന്നെ കോട്ടയില്‍ അക്ബര്‍ ഒരുക്കിയിരിക്കുന്നു. വളരെ വിപുലമായ രീതിയില്‍ ഒരുക്കിയിരിക്കുന്ന പുസ്തകാലയത്തില്‍ വിവിധ മേഖലകളിലുള്ള പുസ്തകങ്ങള്‍ ഉണ്ടായിരുന്നെന്ന് ഗൈഡ് പറയുന്നു. ഈ പുസ്തകള്‍ ഇപ്പോള്‍ ഏതോ ഒരു പുരാവസ്തു കേന്ദ്രത്തില്‍ സൂക്ഷിചിട്ടുണ്ടെന്നും അയാള്‍ പറയുന്നു. എന്തായാലും ജഹാഗീര്‍ വിദ്യ സമ്പന്നനായിരുന്നെന്നു ഇതില്‍ നിന്ന് വ്യക്തമാവുന്നു.

കോട്ടയുടെ അകത്തളില്‍  കാണുന്ന കൊത്തുപണികളും ആര്‍ക്കിറെക്ച്ചരും അത്ഭുതപ്പെടുത്തുന്നതാണ്. പാഴ്ജല സംസ്കരണ വിദ്യയും, ഒരു A C യും ഇല്ലാതെ സമ്മര്‍ ഹൗസ്‌ ഇല്‍ ആസൂത്രണം ചെയ്തിട്ടുള്ള cooling affect ഉം കാണുമ്പോള്‍ അന്നത്തെ ആര്‍കിറെക്ച്ചറിനെ തൊഴുതു പോവും. മേല്‍കൂരകളിലും ചുമരുകളിലും കാണുന്ന കൊത്തുപണികള്‍ക്ക് പച്ചക്കറി ച്ചാറു കൊണ്ടും ചിലയിടങ്ങളില്‍ സ്വര്‍ണം കൊണ്ടും അലങ്കരിച്ചിരിക്കുന്നു.  സ്വര്‍ണത്തിന്‍റെ അവശേഷിപ്പുകള്‍ വളരെ അപൂര്‍വ്വം സ്ഥലങ്ങളിലേ ഉള്ളൂ... ചുരണ്ടിയെടുത്ത പാടുകള്‍ അവശേഷിക്കുന്നു. വലിയ സ്വത്ത്‌, സ്വര്‍ണമായും, അല്ലാതെയും വെള്ളക്കാര്‍ കോട്ടയില്‍ നിന്നും അടിച്ചെടുത്തിട്ടുണ്ടത്രേ. വെള്ളക്കാര്‍ വരുന്നതിനും മുമ്പ് മുഗളന്മാര്‍ തന്നെ ഒരുപാട് നശിപ്പിച്ചിട്ടുണ്ടെന്നു ചരിത്രം പറയുന്നു.

കോട്ടയുടെ ചില ഭാഗങ്ങളിലൂടെ കടന്നു പോകുമ്പോള്‍  ജോദ അക്ബര്‍ എന്ന സിനിമയുടെ പല ഭാഗങ്ങളും ഓര്‍ത്തുപോയി. സിനിമയില്‍ അക്ബര്‍ രാജാവ് ഇരിക്കുന്ന ദിവാനി ആമും, ദിവാനി ഖാസും എല്ലാം നേരില്‍ കാണുന്നു. ദിവാനി ആം എന്നാല്‍ പൊതു സഭയായും, ദിവാനി ഖാസ് എന്നാല്‍ രാജ്യ സഭയായും കണക്കാക്കപ്പെടുന്നു. അതായത്, സാധാരണക്കാരുമായി രാജാവ്‌ കൂടിക്കാഴ്ച നടത്തുന്ന സ്ഥലം ദിവാനി ആമും, മന്ത്രിമാരും,  തുല്യ പദവി യിലുള്ള ഉന്നതരും രാജാവുമായി കൂടികാഴ്ച നടത്തുന്ന സ്ഥലം ദിവാനി ഖാസും ആയി പരിഗണിക്കപ്പെട്ടിരുന്നു. കൂടാതെ ഷാജഹാന്റെ രണ്ടു പെണ്മക്കളായ രോഷ്നാരയും, ജഹന്നാരയുടെയും സ്വര്‍ണ പവലിയനുകള്‍ ഷാജഹാന്റെയും മുംതാസ് മഹലിന്റെയും പ്രത്യേക റൂമിന് രണ്ടു വശത്തായി സ്ഥിതി ചെയ്യുന്നു. ഈ പവലിയനുകള്‍ ഒറ്റ നോട്ടത്തില്‍ പല്ലകിന്റെ രൂപത്തിലാണ്. മേല്‍ക്കൂര മുഴുവന്‍ സ്വര്‍ണത്തില്‍ പണിതതായിരുന്നത്രേ. ആ സ്വര്‍ണ മേല്‍കൂര സുരക്ഷാ ഉദ്ദേശ ത്തോടെ ഇളക്കി മാറ്റുകയും പകരം ഭ്രാസു കൊണ്ട് മേല്‍കൂര പണിയുകയും ചെയ്തിരിക്കുന്നു. ഇതുകൂടാതെ മോത്തി മസ്ജിദ്( രാജകുടുംബങ്ങള്‍ക്ക് വേണ്ടി നിര്‍മിച്ച പള്ളി), പെണ്ണുങ്ങള്‍ക്ക്‌ മാത്രം വേണ്ടിയുള്ള പള്ളി, മിന മസ്ജിദ് എന്നിവയും ഷാജഹാന്റെ സംഭാവനകള്‍ ആണത്രേ. രസകരമായ മറ്റു കാഴ്ചകള്‍ മുന്തിരി തോട്ടവും, വലിയ മത്സ്യ തടാകവുമാണ് (മാച്ചി ഭവന്‍). ഈ മാച്ചി ഭവന്റെ രണ്ടു എതിര്‍ വശങ്ങളില്‍ ഇരുന്നു മുംതാസും ഷാജഹാനും ചൂണ്ടയിടല്‍ മത്സരം നടത്താറുണ്ടായിരുന്നത്രേ.. ഇപ്പോള്‍ അതെല്ലാം വരണ്ടു കിടക്കുന്നു.

ദിവാനി ആം 


 കോട്ടക്കുള്ളിൽ പതിച്ച ഒരു തരം മാർബിൾ. സൂക്ഷിച്ചു നോക്കിയാൽ 
ഇതിനൊരു 3 D AFFECT കാണാം.മച്ച്ലി ഭവൻ 

ഷാജഹാന്റെ തടവറ 

രോഷ്നാരയുടെ പവലിയനു മുന്നില് ഞങ്ങൾ 

കൊട്ടക്കകത്തു നിന്നും ഒരു ദൃശ്യം 
മുന്തിരി തോപ്പായിരുന്നു എന്ന് പറയപ്പെടുന്ന സ്ഥലം
കോട്ടയിലെ മറ്റൊരു പ്രധാനപ്പെട്ട സ്ഥലം എന്ന് പറയാവുന്നതും  ഷാജഹാന്‍റെ ചരിത്രത്തിലെ പ്രധാനപ്പെട്ട സ്ഥലം എന്ന് വിശേഷിക്കാവുന്നതുമായ ഒരിടമാണ് മുസ്സമന്‍ ബുര്‍ജ്. ഇത് ഷാജഹാന്‍ തന്‍റെ പ്രിയ പത്നി മുംതാസിനു വേണ്ടി നിര്‍മിച്ചതാണെന്നും  പിന്നീട് ഇവിടെയാണ്‌ ഷാജഹാനെ  തടവറയില്‍ പാര്‍പ്പിക്കപ്പെട്ടത്‌ എന്നും ചരിത്രം പറയുന്നു. ഈ ഏരിയ യുടെ പ്രധാന പ്രത്യേകത താജ്മഹാലുമായി ഇത് മുഖാമുഖം നില്‍ക്കുന്നു എന്നതാണ്. സൂക്ഷമമായ കൊത്തുപണികള്‍ കൊണ്ടും വിലകൂടിയ മാര്‍ബിള്‍ കൊണ്ടും ഈ സ്ഥലം അലങ്കരിച്ചിരിക്കുന്നു. ഓരംഗസീബിന്റെ കാലത്ത് തന്‍റെ പിതാവ് ഷാജഹാനെയും, ഷാജഹാനെ പിന്തുണച്ച സഹോദരി ജഹനാരയെയും ഓരംഗസീബ് ഏതാണ്ട് പത്തു വര്‍ഷത്തോളം തടവില്‍ പാര്‍പ്പിച്ചു വെന്നും, ഈ ദിവസങ്ങളില്‍ ദൂരെ കാണുന്ന താജ്മഹല്‍ നോക്കി, മരണപ്പെട്ടുപോയ തന്‍റെ പ്രിയ പത്നി മുംതാസിനെ ഓര്‍ത്തു കൊണ്ട് ഷാജഹാന്‍ തുടര്‍ച്ചയായി കണ്ണ്നീര്‍ പൊഴി ക്കാരുണ്ടായിരുന്നെന്നും  അങ്ങനെ കാലക്രമേണ അദ്ദേഹത്തിന്റെ കാഴ്ച നഷ്ട്ടപ്പെട്ടു എന്നുമാണ് ചരിത്രം. എന്തായാലും ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍. എത്ര വലിയ മാര്‍ബിള്‍ കൊട്ടാരത്തിലാണെങ്കിലും ബന്ധനം ബന്ധനം തന്നെയാണല്ലോ. 

വിവരിക്കാന്‍ ഇനിയുമുണ്ട് ഒരുപാട് കാര്യങ്ങള്‍. പക്ഷെ ചരിത്രം മനസ്സിലാകുന്നതും, പറയുന്നതും ഒരേസമയം ദുഷ്കരം പിടിച്ച പരിപാടി ആയതിനാലും, മിക്ക ആളുകള്‍ക്കും ചരിത്രം അറിയാന്‍ അത്രയ്ക്ക് താല്പര്യമിലാത്തതിനാലും എനിക്ക് പോവാന്‍ നേരം വൈകിയതിനാലും ഇവിടെ നിര്‍ത്തുന്നു. ആഗ്ര കോട്ടയും താജ്മഹലും സന്ദര്‍ശിച്ചത് കൊണ്ട് മുഗള്‍ രാജാക്കന്മാരെ കുറിച്ച് ഒരു നല്ല പഠനം തന്നെ ഞാന്‍ നടത്തി. കണ്ടപ്പോഴാണ് പഠനം രസകരമായി തോന്നിയത്. 

ഡല്‍ഹി യാത്രയില്‍ കാണാതെ ബാക്കി വെച്ചത് പലതുമുണ്ട്. അതെല്ലാം കാണാന്‍, പ്രതീക്ഷിക്കാത്ത ഒരു യാത്ര ഇനിയുമുണ്ടാവുമെന്ന പ്രതീക്ഷയോടെയാണ് സമ്പര്‍ ക്രാന്തി എക്സ്പ്രസ്സില്‍ കേരളത്തിലേക്ക് യത്ര തിരിച്ചത്. ആ പ്രതീക്ഷ സഫലമാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ ഈ യാത്ര വിവരണം ഇവിടെ അവസാനിപ്പിക്കുന്നു.

NB:  പരാമർശിച്ചിട്ടുള്ള   ചരിത്ര വിവരങ്ങൾ കുറെയേറെ ഗൈഡ് തന്ന   വിവരങ്ങളും , പിന്നീടു ഗൂഗിൾ വായനയിലൂടെയും  മറ്റും  മനസ്സിലാക്കിയ വിവരങ്ങളും ആണ്. തെറ്റുകൾ കാണുകയാണെങ്കിൽ തിരുത്താനുള്ള സ്വാതന്ത്ര്യം ഉപയോഗപ്പെടുതുമല്ലോ. അത് എന്റെ അറിവിനെയും കൂടാതെ മറ്റുള്ളവർക്കും ഉപയോഗപ്പെട്ടേക്കാം.

Tuesday, October 1, 2013

കുട്ടിക്കളിയാവുന്ന വിവാഹങ്ങള്‍.

കഴിഞ്ഞ കുറെ ദിവസങ്ങള്‍ക്ക് മുമ്പ് സഹായം ആവശ്യപ്പെട്ടു എന്‍റെ അടുക്കല്‍  ഒരു പെണ്‍കുട്ടി വന്നു. പതിനേഴ്‌ വയസ്സുള്ള പന്ത്രണ്ടാം ക്ലാസുകാരി. കുഴപ്പം പിടിച്ച ഒരു പ്രശനമായിരുന്നു അവളുടേത്‌. അഞ്ചു ദിവസങ്ങള്‍ക്ക് മുമ്പ് അവളുടെ നിക്കാഹ് കഴിഞ്ഞു, പക്ഷെ അവള്‍ക്കയാളുടെ  കൂടെ ഒരു ജീവിതം തുടങ്ങാന്‍ താല്‍പര്യമില്ല. എന്ത് കൊണ്ടെന്നതിനു വ്യക്തമായ ഒരു ഉത്തരവുമില്ല,
എന്നെ അത്ഭുതപ്പെടുത്തിയത്, അവളുടെ മനോഭാവമായിരുന്നു. എത്ര ലാഘവത്തോടെയാണ് ആ കുട്ടി ഒരു വിവാഹ മോചനത്തെ കുറിച്ച് സംസാരിച്ചത്. സത്യത്തില്‍ വിവാഹം കഴിഞ്ഞെന്ന ബോധ്യവും കൂടി അവള്‍ക്കുണ്ടായിരുന്നില്ല. ‘പ്രൊപോസല്‍’ എന്നാണ്  അവള്‍ ആ ബന്ധത്തെ വിശേഷിപ്പിച്ചത്‌. വിവാഹം എന്ന പ്രക്രിയയുടെ പ്രാധാന്യവും, തലങ്ങളും ഒന്നും മനസ്സിലാവുകയോ, അതിനെ കുറിച്ച് ഒരു തിരിച്ചറിവുണ്ടാവുകയോ ചെയ്തിട്ടില്ലെന്ന് അവളുടെ സംസാരത്തില്‍ നിന്നും വ്യക്തം.
ആകെ ആശയക്കുഴപ്പമായിരുന്നു അവളുടെ മനസ്സില്‍. കാര്യകാരണ സഹിതം ഒരു തീരുമാനമെടുക്കാന്‍ അവള്‍ക്ക് കഴിവില്ലെന്ന് വ്യക്തമായിരുന്നു. വിവാഹ മോചനത്തിന്‍റെ ഗൗരവവും അവള്‍ക്കരിയില്ലെന്നു മാത്രമല്ല അതിന്‍റെ പ്രത്യാഘാതങ്ങളെ കുറിച്ച് അവള്‍ ആലോചിക്കുകയേ ചെയ്തിട്ടില്ല.
അവള്‍ സഹായം ആവശ്യപ്പെട്ടു സമീപിച്ച വ്യക്തി എന്ന നിലയില്‍ എന്‍റെ ചുമതല വളരെ ദുര്‍ഘടം പിടിച്ചതായിരുന്നു.. പ്രാഥമികമായ ജീവിത നൈപുണ്യങ്ങള്‍ വരെ ആര്‍ജിച്ചെടുതിട്ടില്ലാത്ത, ജീവിതത്തെ കുറിച്ച് ഒരു തിരിച്ചറിവും വന്നിട്ടില്ലാത്ത  ആ കുട്ടി എങ്ങനെ വിവാഹ ജീവിതത്തെ നേരിടും? വിവാഹം എന്ന പ്രക്രിയയിലേക്ക് കാലെടുത്തു വെക്കുക വളരെ എളുപ്പമാണെങ്കിലും, വിവാഹ ജീവിതത്തിന്‍റെ ഏറ്റ കുറചിലുകളെ പതറാതെ നേരിടാന്‍ വിവേകവും, ബുദ്ധിയും, ജീവിത നൈപുണ്യങ്ങളും, വൈകാരിക പക്വതയും എല്ലാം കൂട്ടിയിണക്കുക അത്യാവശ്യമാണ്. വൈകാരികമായ പക്വതയും, ജീവിത നൈപുണ്യവും  തീരെ ആര്‍ജിചെടുതില്ലാത്ത ആ കുട്ടിക്ക് വിവാഹ ജീവിതത്തിന്‍റെ അപകടമേഖല തരണം ചെയ്യാനാവുമോ എന്ന് ഞാന്‍ വല്ലാതെ ആശങ്കപ്പെടുന്നു.
ഈ പെണ്‍കുട്ടി നമ്മുടെ സമൂഹത്തിലെ ആയിരക്കണക്കിന് പെണ്‍കുട്ടികളുടെ പ്രതിനിധാനം ചെയ്യുന്നു.  അവള്‍ ഒരു പ്രതീകം മാത്രം,  വിവാഹത്തിന്‍റെ വയസ്സിനെ ചൊല്ലി, പ്രത്യേകിച്ച് പെണ്‍കുട്ടിയുടെ വിവാഹത്തിന്‍റെ വയസ്സിനെ ചൊല്ലി ഒട്ടേറെ ചര്‍ച്ചകളും, പോളിസികളും വിവാദങ്ങളും ഉടലെടുത്ത സാഹചര്യത്തില്‍ ഇത് പോലെയുള്ള  ജീവിതങ്ങളിലേക്ക് ഒരു എത്തിനോട്ടം നടത്തുമ്പോള്‍ വെളിപ്പെടുന്ന ഒരുപാടു കാര്യങ്ങളുണ്ട്. വയസ്സ് എന്നത് വിവാഹത്തിന്‍റെ ഏറ്റവും വലിയ  മാനദണ്ഡമായി കാണുമ്പോള്‍ വിവാഹ  ജീവിതത്തിനു അവശ്യം വേണ്ട വ്യക്തിപരമായ ഗുണങ്ങളെ  നമ്മള്‍ മാറ്റി നിര്‍ത്തുന്നു. ഒരു പെണ്‍കുട്ടിയൊ ആണ്‍കുട്ടിയോ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍  അല്ലെങ്കില്‍ പ്രവേശിപ്പിക്കുമ്പോള്‍   ആ വ്യക്തികള്‍ക്ക് അതിനു വേണ്ട പക്വതയും, വിവേകവും, തിരിച്ചറിവും, ജീവിത നൈപുണ്യങ്ങളും ഉണ്ടോ എന്ന് കണക്കിലെടുക്കേണ്ടത് അത്യാവശ്യമാണെന്ന് ഒരുപാട് വിവാഹ ജീവിതങ്ങള്‍ സാക്ഷ്യപ്പെടുതുന്നുണ്ട്.അതില്‍ പെട്ട ഒന്നാണ് മേല്പറഞ്ഞതും.
ഒരു വ്യക്തി ശാരീരികമായി പ്രായ പൂര്‍ത്തിയാവുന്നതോട് കൂടി ആ വ്യകതിക്ക് മാനസിക വളര്‍ച്ച വന്നു എന്ന് പറയനാവുകയില്ല. അങ്ങനെയെങ്കില്‍ പതിമ്മൂന്നു/ പതിനാലു  വയസ്സില്‍ തന്നെ ഇന്നത്തെ പെണ്‍കുട്ടികളെല്ലാം പക്വത കൈവരിക്കെണ്ടാതാണ്. എന്നാല്‍ കൂടുതല്‍ അപക്വമായ തീരുമാനങ്ങളും, പ്രവര്‍ത്തനങ്ങളും ഈ കാലഘട്ടത്തില്‍ തെളിയിച്ചു പറഞ്ഞാല്‍ കൗമാര കാലഘട്ടത്തില്‍ അവരില്‍ നിന്നുണ്ടാവുന്നു. ഇതെല്ലം ആ പ്രായത്തിന്റെ പ്രത്യേകതകളായാണ്   കൗമാര മനശാസ്ത്രം പരിഗണിക്കുന്നത്. എന്നാല്‍ ഇന്നത്തെ സമൂഹത്തില്‍ ഭൂരിഭാഗവും മനസ്സിലാക്കുന്നത് പോലെ  ഈ പ്രശനങ്ങള്‍കക്കെല്ലാം വിവാഹം മാത്രം  ഒരു പരിഹാരമായായി കണ്ടാല്‍   കൂടുതല്‍ പൊരുത്തകേടുകളുള്ള വിവാഹ ജീവിതം നടന്നു കൊണ്ടെയിരുക്കും. അതിന്റെ പ്രത്യഘതമെന്നോണം വിവാഹ മോചാനങ്ങളുടെ എണ്ണവും, വിവാഹേതര ബന്ധങ്ങളുടെ എണ്ണവും വര്‍ധിച്ചു കൊണ്ടേയിരിക്കും.
പതിനഞ്ചു വയസ്സ്  തുടങ്ങി അങ്ങോട്ടുള്ള വിവാഹങ്ങള്‍ പെണ്‍കുട്ടികളെ സംബന്ധിച്ച് ധാരാളമായി ഇന്നും നമ്മുടെ സമൂഹത്തില്‍ നടക്കുന്നുണ്ട്. തങ്ങളുടെ സമ്മതതോടുകൂടിയും അല്ലാതെയും വിവാഹ ജീവിതത്തിലേക്ക് കടക്കാന്‍ നിര്‍ബന്ധിതരാവുന്ന പെണ്‍കുട്ടികളുണ്ട്. ഇവര്‍ക്കിടയില്‍  പ്രാഥമിക വിദ്യഭ്യാസത്തെ പാതി വഴിയില്‍ ഉപേക്ഷിച്ചും, അല്ലാതെയും മുന്നോട്ട് പോകുന്നവരുണ്ട്. കഴിഞ്ഞ ദിവസം മറ്റൊരു പെണ്‍കുട്ടിയെ കാണാന്‍ ഇടയായി. എട്ടാം തരത്തില്‍ പഠിക്കുമ്പോള്‍ മാതാപിതാക്കളുടെ സമ്മര്‍ദം മൂലം പഠനം ഉപേക്ഷിച്ചു വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ച ആ യുവതിയുടെ ഭര്‍ത്താവിനു എന്തോ കാരണങ്ങള്‍ കൊണ്ട് അവരെ വേണ്ടാതായി. വിവാഹ മോചനം നേടി. ആ ബന്ധത്തില്‍ ഉണ്ടായിരുന്ന ആകെയുള്ള മകളും മരിച്ചു. ഇന്ന് വിവാഹ ജീവിതവും നഷ്ട്ടപ്പെട്ടു,  ഏതോ ആശുപത്രി വരാന്ത അടിച്ചു  വാരി അവര്‍ അവരുടെ വരുമാന മാര്‍ഗം കണ്ടെത്തുന്നു. പഠിക്കാന്‍ കഴിയതിന്റെ നിരാശ അവരുടെ വാകുകളില്‍ ഉറ്റി നില്‍ക്കുന്നു. പഠിച്ചിരുന്നെങ്കില്‍ ഒരു നല്ല ജോലിയെങ്കിലും കിട്ടിയേനെ എന്ന് അവര്‍ ആവര്‍ത്തിച്ചു പറയുന്നു.
ധാര്‍മികത നിലനിര്‍ത്തുകയാണ് വിവാഹം കൊണ്ട് ഇസ്ലാം ലക്ഷ്യമിടുന്ന ഏറ്റവും വലിയ ലക്ഷ്യം. പക്ഷെ ഈ ഒരു ഉദ്യേശത്തോടെ വളരെ നേരെത്തെ കല്യാണം കഴിച്ചത് കൊണ്ട് ധാര്‍മികത സംരക്ഷിക്കപ്പെടുന്നുണ്ടോ?
വിവാഹിതരായവര്‍ക്കിടയില്‍ ഉണ്ടാവുന്ന വിവാഹേത്യര ബന്ധങ്ങള്‍ വളരെ കൂടി കൊണ്ടിരിക്കുന്നു.  സത്യത്തില്‍ അവിവാഹിത ബന്ധങ്ങള്‍ നിലനിര്‍ത്തി കൊണ്ട് പോവുന്നതിനു വിവാഹം എന്നത് ഒരു മറയായി കാണുന്ന എത്രയോ ആളുകള്‍ നമുക്കിടയില്‍ ഉണ്ട്. ഇതില്‍ ആണും പെണ്ണും തമ്മില്‍ വ്യത്യാസങ്ങള്‍ ഒന്നുമില്ല. നിലവിലുള്ള വിവാഹ ബന്ധത്തിന്‍റെ പ്രശ്നങ്ങളില്‍ നിന്നും താല്‍കാലിക രക്ഷ നേടാന്‍ മറ്റു ബന്ധങ്ങളിലേക്ക് കടക്കുന്നവരും കുറവല്ല. പൊരുത്ത കേടുകളും, പ്രശ്നങ്ങളും അടിക്കടി വര്‍ധിക്കുമ്പോള്‍ ആശ്വാസമെന്നോണം, മറ്റു മൊബൈല്‍ ഫോണ്‍ ബന്ധങ്ങളിലെക്കും, ഓണ്‍ലൈന്‍ ബന്ധങ്ങളിലെക്കും നടന്നടുക്കുന്ന സംഭവങ്ങള്‍ മുസ്ലിം ഭൂരിപക്ഷ മേഖലകളിലും ധാരാളമാണ്. ഈ അധാര്‍മികതയെ ഇനി എങ്ങനെ സംരക്ഷിക്കും?
വിവാഹത്തിന് മുന്‍പ്, പെണ്ണും, ആണും, ആര്ജിചെടുക്കേണ്ടത് തിരിച്ചറിവും, വിവേകവും, ജീവിത നൈപുണ്യങ്ങളും, വൈകാരിക പക്വതയുമാണ്. തന്‍റെ ജീവിതത്തെ സംബന്ധിക്കുന്ന കാര്യങ്ങള്‍ തീരുമാനിക്കാനും, പ്രശ്നങ്ങള്‍ പരിഹരിക്കാനും, ബന്ധാങ്ങളെ കൈകാര്യം ചെയ്യാനും, വികാരങ്ങളുമായി വിവേകത്തോടെ പൊരുത്തപ്പെടാനും, സംഘര്‍ഷ അവസ്ഥകളെ യുകതിപൂരവ്വം തരണം ചെയ്യാനുമുള്ള കഴിവ്  വിവാഹിതരാവാന്‍ തയ്യാറെടുക്കുന്ന വ്യക്തികളില്‍ ഉണ്ടാവേണ്ടതാണ്. ഇതില്‍ മാതാപിതാക്കള്‍ക്കും വളരെയധികം പങ്കുണ്ട്. തന്‍റെ പെണ്‍കുട്ടിയെ വിവാഹം കഴിച്ചയക്കും മുമ്പ്, അവള്‍ക്കതിനുള്ള മാനസിക വളര്‍ച്ചയും, പക്വതയും വന്നിട്ടുണ്ടോ എന്ന് മനസ്സിലാക്കുകയും, ഇല്ല എന്നുണ്ടെങ്കില്‍ അതിനു വേണ്ട രീതിയിലുള്ള നടപടികള്‍ സ്വീകരിക്കുകയുമാണ് ചെയ്യേണ്ടത്.
ഇന്ന് കുട്ടികളെ വളര്‍ത്തുന്ന സാഹചര്യവും, രീതിയും പണ്ടത്തെ അവസ്ഥയില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ജീവിതത്തിലെ ഒരു സംഘര്‍ഷവും, ഒരു പ്രശ്നവും അറിയാതെ, സന്തോഷങ്ങള്‍  മാത്രം അറിഞ്ഞും വളരുന്നവരാണ് ഇന്നത്തെ തലമുറയില്‍ പെട്ട  ബഹു ഭൂരിപക്ഷം കൌമാരക്കാരും. കടയില്‍ പോയി ഒരു ചുരിദാര് വാങ്ങി വീട്ടിലെത്തി അതിഷ്ടപ്പെട്ടില്ലെന്നു തോന്നിയപ്പോള്‍ മാറ്റി വാങ്ങിക്കുന്ന അതെ ലാഘവത്തോടെയാണ് ഇന്ന് വിവാഹത്തെയും കാണുന്നത്. പത്താം ക്ലാസ്സു കഴിഞ്ഞു കല്യാണം കഴിഞ്ഞു അടുത്ത രണ്ടു മാസത്തിനുള്ളില്‍ വിവാഹ മോചനം നേടിയ ഒരു പെണ്‍കുട്ടിയോട് കാരണമന്വേഷിച്ചപ്പോള്‍ പറഞ്ഞത് അയാളെ അവള്‍ക്കിഷ്ട്ടമായില്ലെന്നാണ്. പിന്നെയെന്തിന് കല്യാണത്തിന് സമ്മതിച്ചെന്നു ചോദിച്ചപ്പോള്‍ അവളുടെ മറുപടി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. തന്‍റെ ക്ലാസ്സില്‍ കൂട്ടുകാരുടെയെല്ലാം കല്യാണം കഴിഞ്ഞു, അവര്‍ക്കെല്ലാം നിറയെ സ്വര്‍ണവും പുതിയ വസ്ത്രങ്ങളും കിട്ടി, അപ്പോള്‍ തനിക്കും തോന്നി കുഴപ്പമില്ലെന്ന്. അങ്ങനെ കല്യാണം കഴിച്ചു. പുതു മോടിയെല്ലാം മാറിയപ്പോള്‍ അവള്‍ക്ക് മടുക്കുകയും ചെയ്തു.
ഇതിലെല്ലാം ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? തിരിച്ചറിവ് തീരെയില്ലാത്ത ആ കുട്ടിയേയോ, അതോ തന്‍റെ മകള്‍ക്ക് കല്യാണം കഴിക്കാനുള്ള പാകത വന്നോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവളുടെ മാതാപിതാക്കളെയോ?

വിവാഹം പവിത്രമാണെന്ന് സര്‍വ മതങ്ങളും പഠിപ്പിക്കുന്നു. ആ പവിത്രതയോടെ അത് കാത്തു സൂക്ഷിക്കാന്‍ വ്യക്തികള്‍ക്ക് കഴിയണം. അതിനു വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന വ്യകതികള്‍ക്ക് അതിന്റെ ഗൗരവവും, പ്രാധാന്യവും ബോധ്യപ്പെടണം എന്ന് മാത്രമല്ല, വിവാഹ ജീവിതത്തെ തങ്ങള്‍ക്കു വിവേകപൂര്‍വ്വം നേരിടാന്‍ കഴിയും എന്ന വിശ്വസവും വേണം. അതിലപ്പുറം, വിവാഹത്തോട് സമൂഹം വെച്ച് പുലര്‍ത്തുന്ന മനോഭാവം മാറണം. വയസ്സും, ജോലിയും, സൗന്ദര്യവും, പിന്നെ പണവും മാത്രം വിവാഹത്തിന്‍റെ മാനദണ്ഡമാവുമ്പോള്‍ പിന്നെ പവിത്രത എങ്ങനെ നിലനിര്‍ത്താനാണ്? 

Wednesday, July 17, 2013

കണ്ണി മാങ്ങയുടെ മണമുള്ള നോമ്പ്

കണ്ണി മാങ്ങയുടെയും മുല്ലപ്പൂവിന്റെും മണമുള്ള നോമ്പ് കാലം. ഓര്‍മകളില്‍ പോലും നിറഞ്ഞു നില്‍ക്കുന്ന പച്ച വെള്ളത്തിന്റെതണുപ്പ്.
നോമ്പ് വേനല്‍കാലത്താവുന്നതായിരുന്നു എന്റെ ഏറ്റവും വലിയ ആധി. മാങ്ങ കാലത്തിന്റെസ്വാദ് നഷ്ട്ടപ്പെടുന്നതിന്റെദുഖവും കടുത്ത വേനലില്‍ നീണ്ടു കിടക്കുന്ന പകലില്‍ നിമിഷങ്ങള്‍ എണ്ണുന്നത്തിന്റെക്ളേശവുമെല്ലാം മറന്നുകൊണ്ട് പട്ടിണി കിടക്കുമ്പോള്‍ വലിയ എന്തോ നേടിയ അനുഭൂതിയായിരുന്നു.
ഒന്നാം ക്ളാസില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യ നോമ്പ്. ‘‘ഒന്നാം ക്ളാസിലെത്തീല്ലേ, ബല്യ കുട്ടിയായി.. അപ്പൊ ഒരു നോമ്പ് നോറ്റ് നോക്ക്” എന്നായിരുന്നു ഉമ്മയുടെ വാക്കുകള്‍.എനിക്ക് അത്ഭുതം തോന്നി. ഇന്നലെ വരെ ചെറിയ കുട്ടികളുടെ ഗണത്തിലായിരുന്നു ഞാന്‍ എത്ര പെട്ടന്നാണ് വലുതായത്. ‘ചെറിയ കുട്ടി കൂട്ട’ത്തില്‍ എന്നെ പരിഗണിക്കുന്നത് കേള്‍ക്കുന്നത് പോലും വെറുപ്പായിരുന്നു.
അങ്ങനെ നോക്കുമ്പോള്‍ നോമ്പ് എടുക്കല്‍ എന്റെആവശ്യമായിരുന്നു. വലിയ കുട്ടിയായി എന്ന് തെളിക്കാന്‍ വീണു കിട്ടുന്ന അവസരം. തിരിച്ചു സ്കൂളില്‍ ചെല്ലുമ്പോള്‍ നോമ്പെടുത്ത കുട്ടിയെന്ന നിലയില്‍ കുട്ടികളുടെ ഇടയിലും വലിയ ആളാവാം.
ഒന്നാം ക്ളാസില്‍ ഒരു നോമ്പ് മതിയെന്ന ആശയവും വീട്ടിലെ തിളങ്ങളം താരമായ ഉമ്മയുടെതായിരുന്നു. പിന്നീടങ്ങോട്ട് ഒന്ന് മുതല്‍ നാല് വരെ ഓരോ ക്ളാസിലേക്ക് കയറുമ്പോള്‍ നോമ്പിന്റെഎണ്ണവും ഓരോന്ന് കൂടി വന്നു.
ബാപ്പയുടെ കൂടെ പുറത്തിരുന്ന് താളിപ്പും, ഉണക്കമീനും കൂട്ടി വയറു നിറച്ചു ചോറു തിന്നണം. പിന്നെ പഴം ചോറില്‍ കുഴച്ച് ഒരുരുള, അത് ബാപ്പയുടെ വക. ഇത് മുഴുവന്‍ കഴിച്ചെങ്കില്‍ മാത്രമേ നോമ്പ് നോല്‍ക്കാനുള്ള അനുമതി ലഭിച്ചിരുന്നുള്ളൂ. നോമ്പ് നോല്‍കാനുള്ള വാശിയില്‍ അത്താഴത്തിനു നേരത്തെ എഴുന്നേല്‍ക്കുകയെന്ന ദുര്‍ഘടം മുതല്‍ എല്ലാം ചിട്ടയോടെ ചെയ്യാന്‍ വളരെ ഉത്സാഹം കാണിച്ചിരുന്നു.
ഉമ്മൂമയുടെ കൂടെ സുബ്ഹി മുതല്‍ അസര്‍ വരെ ഓരോ വക്തും പള്ളിയില്‍ പോയി നിസ്കരിക്കുക എന്നതൊഴിച്ച് മറ്റല്ലൊ ഭാരപ്പെട്ട ജോലിയും ഉമ്മ നിഷിദ്ധമാക്കിയിരുന്നു. വേനലവധി പ്രമാണിച്ച് കുഞ്ഞിമോളും ഞാനും കൂടി ഇടവഴിയിലെ പനച്ചുവട്ടില്‍ ഉണ്ടാക്കിയ അടുക്കളയില്‍ കയറുന്നതും, മണ്ണപ്പം ചുടുന്നതും ഭാരപ്പെട്ട പണികളുടെ കൂട്ടത്തില്‍ ഉമ്മ എണ്ണിയതിനാല്‍ അതും അന്നേ ദിവസം നിഷേധിക്ക

പ്പട്ടു എന്നതായിരുന്നു സങ്കടം. മണ്ണപ്പം ചുടുന്നതിനു പകരം ഞാനും അനിയത്തിയും കൂടെ മത്സരിച്ചു മാങ്ങ പെറുക്കി. കോമാങ്ങയും, പഞ്ചാര മാങ്ങയും പെറുക്കി കൂട്ടി തിണ്ണയില്‍ കൊണ്ട് പോയി സൂക്ഷിച്ചു വെക്കും. നല്ല പഴുത്ത കോമാങ്ങയുടെയും, പഞ്ചാര മാങ്ങയുടെയും മണം എത്രയോ തവണ എന്നെ പ്രലോഭിപ്പിച്ചിരിക്കുന്നു. എന്നിട്ടും എല്ലാം ത്യജിച്ചു ഞാനെന്‍റെ നോമ്പ് മുഴുമിപ്പിച്ചു.
തറവാടിന്റെമുറ്റത്തെ നിറഞ്ഞ കിണറിലെ പച്ചവെള്ളത്തിന്റെരുചി ഞാനറിഞ്ഞത് ആ നോമ്പ് വേളയിലായിരുന്നു. ദാഹിച്ചു തൊണ്ട വരളുമ്പോള്‍ ഓടിച്ചെന്നു കുറെ വെള്ള കോരിയെടുക്കും. മതിയാവോളം മുഖം കഴുകി, തൊണ്ടയില്‍ വെള്ളം നിറച്ചു കുറെ നേരം ഒരു നില്‍പ്പാണ്. ആ വെള്ളത്തിന്റെതണുപ്പ് മുഴുവന്‍ ശരീരത്തിലേക്കാവാഹിച്ചടെുക്കാനുള്ള ഒരു സൂത്ര വിദ്യയായിരുന്നു അത്. അതിനിടയില്‍ എത്ര വെള്ളം അറിയാതെ വയറ്റിലെത്തിയിട്ടുണ്ടെന്നു ഓര്‍മയില്ല. പക്ഷെ അതെല്ലാം മറന്നു കുടിച്ചതിന്റെഗണത്തില്‍ അള്ളാഹു പെടുത്തുമെന്നും അങ്ങനെയാവുമ്പോള്‍ നോമ്പ് മുറിയില്ലെന്നു ഉമ്മ പറഞ്ഞു തന്നിട്ടുണ്ട്.
പത്തിരി പരത്തല്‍ വേള ഞങ്ങള്‍ കുട്ടികള്‍ക്ക് ഒരാഘോഷ വേളയായിരുന്നു. വട്ടു പിടിക്കലും, പൊടിതട്ടലും പോലെയുള്ള “വലിയ” പണികള്‍ ഞങ്ങള്‍ക്ക് ചെയ്യന്‍ കിട്ടിയിരുന്നു. ബാപ്പക്ക് കൃത്യം വട്ടത്തിലുള്ള പത്തിരി തന്നെ വേണമായിരുന്നു. അതുകൊണ്ട് പരത്തിയ പത്തിരി വട്ട് വെച്ച് മുറിച്ചു ബാക്കി വരുന്നത് വീണ്ടും ഉണ്ടയാക്കി വീണ്ടും വട്ടു പിടിച്ചു പരത്തിയെടുക്കണം. തീര്‍ത്താലും തീര്‍ത്താലും തീരാത്ത പണിയെന്നാണ് അതിനെ ഉമ്മ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഈ ആഘോഷവേളകളെല്ലാം തന്നെ ആ നോമ്പ് ദിവസം എനിക്ക് നഷ്ട്ടമായി. വാടി തളര്‍ന്നു ഉറങ്ങിയ എന്നെ ബാങ്ക് കൊടുക്കന്നതിന്റെതൊട്ടു മുമ്പ് ബാപ്പ വിളിച്ചുണര്‍ത്തിയതോര്‍ക്കുന്നു.
നാരങ്ങ വെള്ളവും, തരികഞ്ഞിയും, തരിവായ്ക്കയും, പത്തിരിയും, ഇറച്ചിക്കറിയും പിന്നെ എനിക്ക് പ്രിയപ്പെട്ട പഴം പൊരിയും എല്ലാം നിരത്തിയ സവറ വിരിച്ച തിണ്ണയില്‍ എന്നെയും കൊണ്ടിരുത്തി. വായില്‍ വെള്ളം നിറച്ചു കൊതിയോടെ ഞാന്‍ കാത്തിരുന്നു. പക്ഷെ കാത്തിരിപ്പ് ഛര്‍ദിയിലാണ് അവസാനിച്ചത്. നാരങ്ങാ വെള്ളം അകത്തു ചെന്നതോടെ തന്നെ ഒഴിഞ്ഞ വയറില്‍ നിന്നും കുറെ വെള്ളം മൂക്കിലൂടെയും, വായിലൂടെയും പുറത്തേക്കോഴുകാന്‍ തുടങ്ങി. അതൃപ്പത്തോടെ കരുതി വെച്ച മാങ്ങ പോലും തിന്നാന്‍ കഴിയാതെ വീണ്ടും കിടക്കയിലേക്ക് പോകുമ്പോള്‍ ഉച്ച വരെ മാത്രം നോമ്പെടുത്ത അനിയത്തി പഞ്ചാര മാങ്ങ രുചിയോടെ തിന്നുണ്ടായിരുന്നു.

Saturday, June 29, 2013

ജാര്ഖണ്ട് ഡയറി 2 - റാഞ്ചി ചന്തകൾ


ബുധനുകളും ശനികളും എന്നെ റാഞ്ചിയെ ഓര്‍മിപ്പിക്കും. ചിണുങ്ങി ചിണുങ്ങി പെയ്യുന്ന മഴയത്തും എല്ലുരുകുന്ന തണുപ്പത്തും ചുട്ടു പൊള്ളുന്ന വെയിലത്തും വലിയ മൈതാനിയില്‍ ചന്തക്കു വേണ്ടി ഒരുമിച്ചു കൂടുന്ന ആളുകള്‍ ആദ്യങ്ങളില്‍ എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. കയ്യില്‍ ഒരു സഞ്ചിയുമായി ഒരാഴ്ചക്കുള്ള സാധനങ്ങള്‍ വാങ്ങാനായി നാട്ടുകാര്‍ അവിടെയെത്തുന്നു.

എന്റെ ചെറുപ്പകാലത്ത് അരീക്കോട്ടെ ചന്ത ഞാന്‍ കണ്ടിട്ടുണ്ട്. MSPകുന്നിന്റെ ചെരുവില്‍ ചെറിയ മൈതാനിയിലും റോഡിന്റെ വശത്തുമായി ഒരുപാട് നാടന്‍ സാധങ്ങളുമായ് കുറെ ആളുകള്‍ വന്നെത്തുമായിരുന്നു. മലയിറങ്ങിയും  കാടിറങ്ങിയും വന്നെത്തുന്ന ആദിവാസികളാണ് ചന്തയില്‍ മിക്കവാറും  സാധനങ്ങള്‍ എത്തിച്ചിരുന്നതെന്ന് ഉപ്പ പറഞ്ഞ അറിവുണ്ട്.. കാട്ടുതേന്‍, കുവ്വപ്പൊടി തുടങ്ങി നല്ല നാട്ടു സാധനങ്ങള്‍ അവിടെയെത്തിക്കുന്നതിലെ  പ്രയത്നം അവരുടേതാണെങ്കിലും അത് വില്‍പ്പന ചെയ്തു ലാഭം പറ്റിയിരുന്നത് ഇടയാളന്‍മാരായിരുന്നത്രേ!!!!..


മഴക്കാലത്ത്‌ നല്ല ചേമ്പും, ചേനയും മുതല്‍ മാവിന്റെയും പ്ലാവിന്റെയും തൈകള്‍ വരെ ചന്തയില്‍ ലഭിക്കുമായിരുന്നു. പൂവിടുന്ന ചെടികളെ സ്നേഹിക്കുന്ന ഞാനും ഉമ്മയും ഇടയ്ക്ക് വിവിധ ഇനം ചെടിതൈകളും മറ്റും വാങ്ങാന്‍ ചന്തക്കു പോവാറുണ്ടായിരുന്നു. ആ ശനിയാഴ്ച ചന്തകളില്‍ നാടന്‍ കോഴികളും , പേന്‍ ചീപ്പ്, ഈരോലി എന്നിവ മുതല്‍ ചട്ടികളും, തുണിത്തരങ്ങളും ഒക്കെയുണ്ടാവുമായിരുന്നു. ഇന്ന് അരീക്കോട് ചന്ത ഉള്ളതായി അറിയില്ല. .

ചന്തകളെ കുറിച്ച്  മനസ്സിലൊരു പുതിയ മാനം രൂപപ്പെട്ടത് റാഞ്ചിയിലെ ചന്തകളിലൂടെയാണ്. ബുധന്‍, ശനി ദിവസങ്ങളിലെ വൈകുന്നേരങ്ങളില്‍ റാഞ്ചിയുടെ പലഭാഗങ്ങളിലും ആൾക്കൂട്ടത്തിനു  കാരണം ചന്തകള്‍ ആണെന്ന് അറിഞ്ഞിട്ടും മനസ്സടുക്കാന്‍ സമ്മതിച്ചില്ല.
ചന്തക്കു പോയപോലെ എന്നചൊല്ലും അതുതരുന്ന രൂപവും ‘അയ്യേ’ എന്ന് മനസ്സില്‍ കോറിയിടാന്‍ തക്കതായിരുന്നു. പിന്നെ വെറുതെയിരുന്നു മുഷിഞ്ഞ  വൈകുന്നേരങ്ങള്‍ക്ക് ഊഷ്മളത പകരാനാണ് ആദ്യ  ചന്ത പ്രദിക്ഷണം നടത്തിയതെന്നാണ്‌ ഓര്‍മ്മ.

ജാതി, വര്‍ഗ വ്യത്യസമില്ലാതെ , പണക്കാരന്‍ പാവപ്പെട്ടവന്‍ എന്ന വ്യത്യാസമില്ലാതെ എല്ലാവരും വന്നു പോവുന്ന ഒരു സാമൂഹിക ഇടമാണ് റാഞ്ചിയിലെ ചന്തകള്‍. കാറിലും കാല്‍ നടയായും ആളുകള്‍ വന്നു ഒരാഴ്ചക്കുള്ള സാധനങ്ങള്‍ വിലപേശി വാങ്ങി തിരിച്ചു പോവുന്നു. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ ആ ചന്തകകളില്‍ നിന്ന് മിതമായ വിലക്ക് വാങ്ങി തിരിച്ചു പോവാം. നല്ല നാടന്‍ കോഴികള്‍, താറാവുകള്‍, നല്ല പച്ചക്കറികള്‍, മണ്‍കുടങ്ങള്‍  , മറ്റു പാ ത്രങ്ങള്‍, ചൂലുകള്‍, പലഹാരങ്ങള്‍, ശുദ്ധ ജല മത്സ്യങ്ങള്‍, സീസണിലെ ഫല വര്‍ഗങ്ങള്‍, പല വ്യഞ്ജന വസ്തുക്കള്‍, കൈത്തെറി വസ്തുക്കള്‍, മുളകൊണ്ടുള്ള കൂടകള്‍, മുറങ്ങള്‍. എന്നിവയും ആട്, കോഴി എന്നിവയുടെ മാംസ്യങ്ങള്‍, എന്തിനേറെ അത്യാവശ്യം തുണിത്തരങ്ങളും മിതമായ വിലക്ക് ലഭിക്കുന്ന ഒരു വലിയ സൂപ്പര്‍ മാര്‍കറ്റ്‌ തന്നെയാണ് ആ  ചന്തകള്‍.

ആ ചന്തകളിലെ കച്ചവടക്കാരില്‍  ഭൂരിഭാഗവും പെണ്ണുങ്ങള്‍ ആണെന്നതാണ് മറ്റൊരു  പ്രത്യേകത. ഉച്ചകഴിഞ്ഞാല്‍ ഗുട്സിലോ മറ്റോ ആണുങ്ങളുടെ സഹായത്തോടെ തങ്ങളുടെ വില്‍പ്പന ചരക്കുകള്‍ കൊണ്ടിറക്കുകയും ചന്തയോരുക്കയും ചെയ്യുന്നു. ആണ്‍ കച്ചവടക്കാരും തീരെ കുറവല്ല. എന്നാലും പച്ചക്കറി, മീന്‍എന്നിവയുടെ  വില്‍പ്പനക്ക് പെണ്ണുങ്ങള്‍  തന്നെയാണ് മുന്നില്‍  ചിലപ്പോഴൊക്കെ കച്ചവട കുടുംബങ്ങളെയും കാണാന്‍ കഴിയും. ഭാര്യയും ഭര്‍ത്താവും മക്കളും എല്ലാവരും കൂടെ ചന്ത ദിവസം അവരുടേതാക്കും . മാന്യമായ വിലയില്‍ തങ്ങളുടെ വില്‍പ്പന ചരക്കുകള്‍ വിറ്റഴിച്ചു ഇരുട്ടിയാല്‍ അവര്‍ മടങ്ങുന്നു. ഈ കച്ചവടക്കാരില്‍ ഭൂരിപക്ഷം ആ നാട്ടുകാരായ ആദിവാസികള്‍ തന്നെയാണ്. ഇടയാളന്‍മാരുടെ  സാന്നിധ്യം അവിടെ ഇല്ല.

ചന്തയൊരുക്കുന്നത് രസമുള്ള കാഴ്ചയാണ്. ചന്തകളുള്ള ദിവസങ്ങളില്‍ രാവിലെ വന്നു നല്ല സ്ഥലം നോക്കി കൈപറ്റി, ചാക്ക് വിരിച്ചു സാധനങ്ങള്‍ നിരത്തി വെക്കുന്നു. കൂടുതല്‍ ഭേദപ്പെട്ട കച്ചവടക്കാര്‍ ഒരു ഷീറ്റ് കൊണ്ട് ചെരിച്ചു കെട്ടി കടയെ കൂടുതല്‍ വിസ്തരമാക്കുന്നു. കാശ് സൂക്ഷിക്കാന്‍ പ്രത്യേക മേശയോ പെട്ടിയോ ഒന്നും ഇല്ല. മടിക്കുത്തിലോ, ചാക്കിന്റെ അടിഭാഗത്തോ അവര്‍ കാശ് സൂക്ഷിക്കുന്നു. ഇരുട്ടിയാല്‍ ആ ചാക്കുകളെല്ലാം കെട്ടി പ്പെറുക്കി അവര്‍ തിരിച്ചു പോവുന്നു.
ഏറ്റവും വലിയ പ്രത്യേകത സാധനം വാങ്ങാന്‍ ആ ചന്തകളില്‍ പോവുമ്പോള്‍ ഒരു സഞ്ചി കരുതണം എന്നതാണ്. ഓരോ കച്ചവടക്കാര്‍ പ്രത്യേകം പ്രത്യേകം പ്ലാസ്റ്റിക് കവറുകളില്‍ സാധനങ്ങള്‍ പൊതിഞ്ഞു തരുന്ന സമ്പ്രദായം ഇവിടെ ഇല്ല. പകരം ആവശ്യക്കാരന്‍ ഒരു സഞ്ചി കൈയ്യില്‍ കരുതുക, അതില്‍  സാധനങ്ങള്‍ എല്ലാം വാങ്ങി പോവുക. ഇതാണ് രീതി. അമിത പ്ലാസ്റ്റിക് ഉപയോഗം ഒരുപാട് കുറയ്ക്കാന്‍ ഇതൊരു നല്ല മാര്‍ഗം തന്നെയാണ്. കേരളത്തില്‍ കാണാത്ത പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജന രീതി.


ചന്തകള്‍ നാട്ടുകാര്‍ക്ക് തങ്ങളുടെ നിര്‍മാണ, കാര്‍ഷിക വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കാനുള്ള നല്ലൊരു വേദിയാണ്. നാട്ടു വസ്തുക്കളെ, നല്ലൊരളവില്‍ ചന്തകള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കൃഷിയെ വളര്‍ത്താനും , നിലനിര്‍ത്താനും ഈ ചന്തകള്‍ ഒരുപാട് സഹായിക്കുന്നുണ്ട്. തങ്ങളുടെ കൃഷിയിടങ്ങളില്‍ കൂടുതല്‍ വിളവെടുത്ത സാധനങ്ങള്‍ക്ക് ആവശ്യക്കാരെ കണ്ടെത്താന്‍ ചന്തകളിലൂടെ  ഏതൊരാള്‍ക്കും സാധിക്കുമായിരുന്നു. നമ്മുടെ നാട്ടില്‍ ചന്തകള്‍ ഇല്ലതായിപ്പോയപ്പോള്‍ നമുക്ക് നഷ്ട്ടപ്പെട്ടതും ഈ അവസരങ്ങളാണ്. നാടന്‍ വസ്തുക്കളുടെ വിപണനം കുറഞ്ഞതും, സീസണല്‍ ഫലവര്‍ഗങ്ങളായ ചക്ക, മാങ്ങ എന്നിവയുടെ വിപണനം കുറഞ്ഞതും, നാട്ടു കൃഷിയുടെ തോത് കുറഞ്ഞതും എല്ലാം ഈ നഷ്ട്ടങ്ങളില്‍ പെട്ട ചിലതാണ്.

സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പൊട്ടി മുളക്കാന്‍ തുടങ്ങിയ കാലത്തായിരുന്നെന്നു തോന്നുന്നു ചന്തകളുടെ മരണം സംഭവിച്ചത്. വിദേശി സാധനങ്ങളും, കമ്പനി പേരോടുകൂടിയ ബ്രാന്‍ഡ്‌ സാധനങ്ങളും കണ്ടു തുടങ്ങിയപ്പോള്‍ മുറ്റത്തെ മുല്ലക്ക് മണമില്ലാതെയായി. പിന്നെ ഒന്നെടുത്താല്‍ രണ്ടു ഫ്രീ യെന്ന പരസ്യ വാചകത്തിന് മുന്നില്‍ വാപൊളിച്ചു നിന്ന് പോയി മലയാളി. പിന്നെ ഷോപ്പിങ്ങ് ഒരു ത്രില്ലായി. അത്യാശ്യ സാധനങ്ങള്‍ വാങ്ങുക എന്നത്തില്‍ നിന്നും ഒഴിവു വേളകളിലെ വിനോദ പരിപാടികളില്‍ ഒന്നായി മാറി ശീതീകരിച്ച സൂപ്പര്‍ മാര്‍കറ്റുകളിലെ ഷോപ്പിംഗ്‌ എന്ന പ്രക്രിയ. ആവശ്യവും അനാവശ്യവും വാങ്ങിക്കൂട്ടുന്നതിനിടയില്‍ പണ്ട് ചന്തയില്‍ കുറഞ്ഞ വിലക്ക് ലഭ്യമായിരുന്ന നാടന്‍ സാധനങ്ങള്‍ നമ്മള്‍ ഇരട്ടിയിലും കൂടുതല്‍ വില കൊടുത്തു വാങ്ങുന്നു. ആ സാധനത്തിനു മുകളില്‍ ഏതെങ്കിലും കമ്പനികളുടെ പേരും ചിഹ്നവും ഉണ്ടായപ്പോള്‍ മലയാളിക്ക് സമാധാനമായി.ഉപ്പ പറഞ്ഞു തന്ന ഇടയാളന്മാരുടെ സ്ഥാനം ഇന്ന് വലിയ കമ്പനികള്‍ നേടിയെടുത്തിരിക്കുന്നു.   


റാഞ്ചി യിലെ സായാഹ്ന ചന്തകള്‍ ഇനിയും എത്ര കാലം വാഴും എന്നറിയില്ല. ആദിവാസികള്‍ക്കിടയില്‍ പരിഷ്കാരവും, വികസനവും എത്തും  വരെ ചന്തകളും വാഴും എന്ന് പ്രത്യാശിക്കാം .