Wednesday, May 8, 2013

ഒരു കവുങ്ങ് തോട്ടത്തിന്റെ കഥ

കല്യാണം കഴിഞ്ഞു ആ വീട്ടിലേക്കാദ്യമായി കയറി ചെന്നപ്പോൾ, എന്റെ  കണ്ണും മനസ്സും ആദ്യം ഉടക്കി നിന്നത് വീടിനു താഴെ തട്ട് തട്ടായി കിടക്കുന്ന ഭൂമിയെ തണുപ്പിട്ടു പുതപ്പിച്ച കവുങ്ങിൻ തോട്ടത്തിലാണ്. നിറയെ പാളയും, ഓലയും ആണ്ടിൽ നല്ല രീതിയിൽ അടക്കയും തന്നു കൊണ്ടിരുന്ന കവുങ്ങ് തോട്ടം ചെന്നെത്തുന്നത് ഇപ്പോഴും പച്ചച്ചു കിടക്കുന്ന പുഞ്ചപ്പാടത്താണ്. ഈ കടുത്ത വേനലിലും പുഞ്ച പാടത്തിന്റെ ഒരു ഭാഗം വെള്ളം വറ്റാതെ കിടക്കുന്നു. വര്ഷ കാലത്ത് നിറഞ്ഞു കവിഞ്ഞു കവുങ്ങിൻ തോട്ടത്തിലേക്ക് കയറി നില്ക്കുന്ന പുഞ്ച പ്പാടത്തിലേക്ക് ചാഞ്ഞു നില്ക്കുന്ന മരങ്ങൾ കാണാൻ നല്ല രസമാണ്. അങ്ങേ കരയിലെ മാനുവിന്റെ 50 താറാവുകൾ കൂട്ടം കൂട്ടമായി പുഞ്ച പ്പാട ത്തേക്ക് ഇറങ്ങുന്നതും മുങ്ങാം കുഴിയിടുന്നതും, നീന്തി കുളിക്കുന്നതും കാണുമ്പോൾ മനസ്സിനൊരു വല്ലാത്ത സുഖമാണ്. പക്ഷെ മീനൊന്നും അവ ബാക്കി വെക്കില്ല.


ഒരിക്കൽ ചിണുങ്ങി ചിണുങ്ങി പെയ്യുന്ന മഴയത്തു ഞാൻ പുഞ്ച പ്പാടം കാണാൻ പോയി. നിറയെ പായൽ മൂടി പച്ച കൊണ്ടലങ്കരിക്കപ്പെട്ടു ഗംഭീര കാഴ്ച!! ഒളിച്ചു കളിക്കുന്ന കുളക്കോഴിയും, തുള്ളി തുള്ളി വീഴുന്ന മഴവെള്ളവും, ചാഞ്ഞു ചാഞ്ഞു  ഉമ്മ വെക്കുന്ന മരങ്ങളും.. ഇക്ക പറഞ്ഞു  പുഞ്ച പ്പാടത്ത് ഇടയ്ക്കിടയ്ക്ക് വലിയ കുളങ്ങളു ണ്ട്. ഒരുപാട് കഥകൾ ഇക്ക പറഞ്ഞു തന്നിട്ടുണ്ട് ഈ കുളങ്ങളെ കുറിച്ചും പാട ങ്ങളെ കുറിച്ചും.


കവുങ്ങ് തോട്ടത്തിലുമു ണ്ടാ യിരുന്നത്രേ രണ്ടോ മൂന്നോ  കുളങ്ങൾ. ഉമ്മയും പിന്നെ തറവാട്ടിലെ നിറയെ അംഗങ്ങളും, പിന്നെ അയൽവാസികളായ സകല പെണ്ണുങ്ങളും അലക്കുകയും, കുളിക്കുകയും ചെയ്തിരുന്ന കുളങ്ങൾ..ഒരു സുപ്രഭാതത്തിൽ അതൊക്കെ നികത്താൻ ആര്ക്കോ തോന്നിയത്രേ. കുറെ മണ്ണ് അതിലെല്ലാം കൊണ്ട് പോയി നിറച്ചു. അതോടെ ഒരു പാട് പെണ്ണുങ്ങൾക്ക്‌ വെള്ളത്തിന്‌ ക്ഷാമമായി. കുറെ ജന്തുക്കൾക്ക് വസിക്കാൻ ഇടമില്ലതായി. അല്ലെങ്കിലും കണ്ട ജന്തുക്കളുടെഎല്ലാം ആവാസ സ്ഥലത്തെ കുറിച്ച് ആരാവലാതി പെടുന്നു?
ഇപ്പോൾ കവുങ്ങിൻ തോട്ടത്തിൽ കലപില കൂട്ടാറുണ്ടായിരുന്ന  ഒരുപാട് കിളികളും അവിടെ വരാതെയായി . കവുങ്ങുകളെ മുഴുവൻ വെട്ടിമാറ്റാൻ മുകളിൽ  നിന്ന് ഓർഡർ വന്നു. ഇക്ക അത് വളരെ ഭംഗിയായി നടപ്പിലാക്കി!!. ആ കവുങ്ങിൻ തോട്ടം നാല് വർഷം മാത്രം കണ്ടു പരിചയിച്ച എനിക്ക്, ഓരോ കവു ങ്ങ് മുറിഞ്ഞു വീഴുമ്പോഴും മനസ്സിട റിപ്പോയി.എനിക്ക് കാണുകയും കേൾക്കുകയും വേണ്ടാന്ന് പറഞ്ഞു ഞാൻ ഓടിപ്പോയി.. ഞാനോർക്കുകയായിരുന്നു, കുട്ടിക്കാലം മുതൽ ഈ കവുങ്ങിൻ തോപ്പിനിടയിലൂടെ ഓടിക്കളിച്ച, അതിന്റെ തണുപ്പ് വേണ്ടുവോളം അനുഭവിച്ച ഇക്കക്കെങ്ങനെ ഇതിനു കഴിഞ്ഞു.?!!!

ആ കവുങ്ങിൻ തോപ്പിന്റെ കഥയറിയുന്ന  അതിനെ താലോലിച്ചു വളർത്തിയ മറ്റൊരാളുണ്ട്.എന്റെ ഉമ്മ, അതായത് ഇക്കയുടെ ഉമ്മ. വർഷങ്ങൾക്കു മുമ്പ് ആര് കുട്ടികളെയും ആടുകളെയും, പശുക്കളെയും നോക്കുന്നതിനിടയിൽ ഇല്ലാത്ത സമയം ഉണ്ടാക്കി  അടക്കയിൽ നിന്നും തയ്യുണ്ടാകി, അത് നട്ടുപിടിപ്പിക്കാൻ തക്കം മണ്ണ് പാകമാക്കി, നട്ടുപിടിപ്പിച്ചു. പിന്നെ ആ തോട്ടത്തിന് ഏറ്റവും താഴെയുള്ള കിണറിൽ നിന്ന് വെള്ളം കോരിയൊഴിച്ച് നനച്ചു, ഓരോ തൂമ്പും വളരുന്നത്‌ നോക്കിയിരുന്ന ആ തോപ്പിന്റെ ഉമ്മ. ഓരോ തോപ്പിന്റെ ശ്വസം പോലും ഉമ്മ അറിഞ്ഞിട്ടുണ്ടാവണം .

ഓരോ തൈയ്യും വളര്ന്നു ഉമ്മയെക്കാ ളേ റെ വലുതായപ്പോൾ ഉമ്മ അവയെ നോക്കി ചിരിച്ചു. അവ നല്കുന്ന തണുപ്പ് ആവോളം അനുഭവിച്ചു. ഓരോ വർഷവും അതടക്ക തന്നപ്പോൾ അയലത്തെ വീട്ടിലെ താത്ത മാർക്ക്  അത് പൊതിക്കാൻ കൊടുത്തു. അതവരുടെ ചെറിയ വരുമാന മാർഗമായി . കമുങ്ങ് തരുന്ന ഉണങ്ങിയ ഓല കൊണ്ട് ചൂലുണ്ടാക്കി ശേഖരിച്ചു. ആ തോപ്പിന് കാവലിരുന്നു. പക്ഷെ ഉമ്മ ഇവിടെ ഇല്ലാതായപ്പോൾ അവയെ കാക്കാൻ ആരുമുണ്ടായില്ല. അവ വെട്ടി മാറ്റുന്നു എന്നറിഞ്ഞപ്പോൾ കടലിനക്കരെ ഇരുന്നു ഉമ്മ കരഞ്ഞു. !!! ഉമ്മ മാത്രമേ അവയ്ക്ക് വേണ്ടി കരയാൻ ഉണ്ടായിരുന്നുള്ളൂ.!!!

ആ കവുങ്ങുകൾക്ക് വെള്ളം ഒരുപാട് വേണമെന്നായിരുന്നു പരാതി.. വെള്ളം കൊടുക്കാതെ അതിന്റെ സ്ഥാനത്ത്  റബ്ബർ വെച്ചാൽ നോക്കുകയേ  വേണ്ട, നല്ല ലാഭവും കിട്ടും!! ഇതാണ് പ്രാക്റ്റിക്കൽ ആയ വശം. ആവോ !!. എനിക്ക് ചിലപ്പോള ഇത്രയും പ്രാക്റ്റിക്കൽ ആവാൻ കഴിയില്ല, അതെന്റെ കുഴപ്പമായിരിക്കും.

ചില സ്നേഹ ബന്ധങ്ങൾ, വേദനകൾ  ഒന്നും മറ്റാർക്കും മനസ്സിലാവില്ല. മനസ്സിലാക്കി കൊടുക്കാൻ കഴിയുകയുമില്ല. സ്നേഹം കൊടുക്കാതെ, തലോലി ക്കാതെ ചെടികളും, മരങ്ങളും എങ്ങനെ വളരും? ഇല്ലെന്നെ ന്റെ വിശ്വാസം. എന്റെ മാത്രം വിശ്വസം !!