Sunday, February 3, 2013

ഇവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ആരുണ്ട്?


ലൈംഗിക പീഡനം എന്നതു നമുക്ക് ചിരപരിചിതമായ ഒരു പദമായി മാറികഴിഞ്ഞു. ഈ പദത്തോട് എപ്പോഴും ചേര്‍ത്ത് വെക്കാവുന്ന ഒന്നായി സ്ത്രീയും മാറിപ്പോയി. ലൈംഗിക പീഡനത്തിനു പര്യായമെന്നോണം സ്ത്രീ പീഡനം എന്ന വാക്ക് ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ കുറെ നാടറിയുന്നു, അതിലും കൂടുതല്‍ നാടറിയാതെ നടക്കുന്നു.  എന്നാല്‍ നാടറിയാതെ പോവുന്നത് സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ മാത്രമാണോ?

ഈ അടുത്ത് മലപ്പുറം ജില്ലയിലെ ഗ്രാമപ്രദേശത്ത് നിലകൊള്ളുന്ന ഒരു സര്‍ക്കാര്‍ സ്കൂളിലെ കൌന്സിലെരുമായി ചില കാര്യങ്ങള്‍ ചര്‍ച്ച ചെയാന്‍ അവസരമുണ്ടായി. സ്കൂള്‍ കുട്ടികളുടെ മാനസികാരോഗ്യ ഉന്നമനത്തിനായി നിയമിക്കപ്പെട്ട ആ കൌണ്‍സിലെറുടെ വാക്കുകള്‍ ഞെട്ടലുളവാകുന്നവയായിരുന്നു. പൊതുവേ കുട്ടികളിലേക്ക് ഇറങ്ങി ചെന്ന് അവരുടെ പ്രശ്നങ്ങളും, അതില്‍ കൂടുതല്‍ പുറം ലോകത്തിനു ഒരു പരിധി വരെ അപരിചിതമാവുന്ന കുട്ടികളുടെ  മാത്രം ലോകവും അടുത്തറിയാന്‍ കഴിയുന്നവാരാണ് സ്കൂള്‍ കൌണ്സിലെര്‍മാര്‍. ആ ചര്‍ച്ചയില്‍ കടന്നു വന്നത് പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക ചൂഷണത്തെ കുറിച്ചല്ല. പകരം, ആണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക ചൂഷണത്തെ കുറിച്ചായിരുന്നു അവര്‍ക്ക് പറയാനുണ്ടായിരുന്നത്. സ്കൂളില്‍ പഠിക്കുന്ന ആണ്‍കുട്ടികളെ എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഒരു വലിയ രാകെറ്റ്‌ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ആ ചര്‍ച്ചയോടെ  മനസ്സിലായത്‌. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളെ മുതല്‍ നിര്‍ബന്ധിതമായി സ്വവര്‍ഗ രതിയിലേക്ക് വലിച്ചിഴക്കപ്പെടുന്നു എന്നാണ് അവര്‍ ആശങ്കപ്പെട്ടത്. നാടും വീടും വീട്ടുകാരും മിക്കവാറും ഈ ചൂഷണത്തെ കുറിച്ച് അറിവില്ലതവരാണോ?

അഞ്ചാം ക്ലാസുകാരനായ കൊച്ചു മിടുക്കന്‍ സ്കൂളിലെ ഇടവേളയില്‍ സ്കൂള്‍ പരിസരത്ത് വെച്ച് സ്വര്‍ഗ്ഗ രതിക്ക് നിരബന്ധിക്കപ്പെട്ട് പേടിച്ചരണ്ടു നിലവിളിചോടി വന്നത് കണ്മുന്‍പില്‍ ഇന്നും കാണുന്നുണ്ട്. അന്ന് സ്കൂളിലെ മുതിര്‍ന്ന ഒരു കുട്ടിയാണ് അതിനു മുതിര്‍ന്നതെങ്കിലും, ആശങ്ക മറ്റു വഴിയിലേക്കും നീണ്ടിരുന്നു. ഇതിന്‍റെ വിത്ത് എവിടുന്നു വന്നു? സ്കൂളില്‍ നിന്നോ അതോ സമൂഹത്തില്‍ നിന്നോ? ഗൌരവമായി ആലോചിക്കേണ്ട വിഷയം തന്നെ.

പലപ്പോഴും ഒരു കുട്ടിയില്‍ നിന്ന് അന്വേഷണം ഉറവിടങ്ങളെ തേടി നീളുമ്പോള്‍, മുതിര്‍ന്നവരിലും സമൂഹത്തിലെ പകല്‍മാന്യന്‍മാരിലുമാണ് എത്തി നില്‍ക്കുന്നത്. ലൈംഗികത എന്തെന്ന് പോലും അറിയാത്ത ചെറിയ കുട്ടികളെ തന്ത്രപരമായി പരിധിയിലാക്കി തങ്ങളുടെ ലൈംഗിക ആവശ്യങ്ങള്‍ക്ക് വൃത്തി ഹീനമായ രൂപത്തില്‍ സമൂഹത്തിലെ ചിലര്‍  ഉപയോഗപ്പെടുത്തുന്നു. തുച്ചമായ പ്രതിഫലമോ, കുട്ടികളെ വീണ്ടും വരുതിയിലാക്കാന്‍ തക്ക രീതിയില്‍ സമ്മാനങ്ങളോ  മറ്റും നല്‍കി,  പതിവായി ഇത്തരം പ്രക്രിയകളിലേക്ക് കുട്ടികളെ വലിച്ചിഴക്കുന്നു. ഇരകളാവുന്ന കുട്ടികള്‍ പരിഭ്രാന്തി മൂലമോ എന്ത് ചെയ്യണമെന്ന ആശയക്കുഴപ്പം മൂലമോ മാതാപിതാക്കളോടോ, മറ്റു ബന്ധപ്പെട്ടവരോടോ നടന്ന സംഭവങ്ങള്‍ വെളിപ്പെടുത്താതെ പോവുന്നു. ഈ അവസരവും പ്രതികൂലമായി ഉപയോഗിക്കപ്പെടരുണ്ട്. തുടരെ തുടരെയുള്ള ഈ ചൂഷണം ചില കുട്ടികളെ ഇത്തരം പ്രവര്‍ത്തനങ്ങളെ ഏറ്റു പിടിക്കാന്‍ ഇടയാക്കാരുമുണ്ട്. പുതിയ കണ്ണികളായി ഇവര്‍ വളരുകയും മറ്റു കുട്ടികളെ കണ്ണി ചേര്‍ക്കുകയും ചെയ്യുന്നു. അങ്ങനെ ഇത്തരത്തിലുള്ള ലൈംഗിക ചൂഷണം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. 

ലൈംഗികത എന്തെന്നും സ്വവര്‍ഗ്ഗ രതി എന്തെന്നും അറിയാത്ത ചെറുപ്രായത്തില്‍ പ്രകൃതി വിരുദ്ധമായ ലൈംഗിക ചൂഷണത്തിന് വിധേയമാവുന്ന കുട്ടികളില്‍ ചിലര്‍  കരകയറാന്‍ കഴിയാത്ത മാനസിക സംഘര്‍ഷത്തില്‍ അകപ്പെട്ടുപ്പോവുന്നു. നിര്‍ബന്ധിത ലൈംഗിക വേഴ്ചയും, ലൈംഗിക ചൂഷങ്ങളും കുട്ടികളിലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ വളരെ ഗൌരവമേറിയതാണ്. ശാരീരിക പ്രത്യാഘാതങ്ങള്‍ സൃഷ്ട്ടിക്കുനതോടൊപ്പം മാനസിക വളര്‍ച്ചയിലും, വൈകാരിക തലത്തിലും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനും  ഇത്തരം പ്രവര്‍ത്തനങ്ങള്‍ ധാരാളമാണ്.ഇതിലെല്ലാം ഉപരി, ഭാവിയില്‍ അവരുടെ ലൈംഗിക ജീവിതത്തെയും ഇത് സാരമായി ബാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനു അവര്‍ക്കുണ്ടയെക്കാവുന്ന ബുന്ധിമുട്ടുകളും, ഒരു തരം അരക്ഷിതാവസ്ഥയും അത്ര എളുപ്പത്തില്‍ തള്ളിക്കളയാവുന്ന പ്രശ്നങ്ങളല്ല

ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ ആണെന്ന് തോന്നുന്നില്ല. പല പഠനങ്ങളും, റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കണക്കുകളും നിരത്തി നോക്കിയാല്‍, ലൈംഗിക ചൂഷണത്തിന് ഇരയാവുന്ന ആണ്‍കുട്ടികള്‍ വളരെ കൂടുതലാണെന്ന് മനസ്സിലാവുന്നു. ലോകാരോഗ്യ സംഘടനയുടെ ഒരു കണക്കു പ്രകാരം, 18 വയസ്സിനു താഴെയുള്ള  73 മില്ല്യന്‍ ആണ്‍കുട്ടികള്‍ 150 മില്ല്യന്‍ പെണ്കുട്ടികളും നിര്‍ബന്ധിത ലൈംഗിക വേഴ്ച്ചക്കോ അല്ലാത്ത തരത്തിലുള്ള ലൈംഗിക പീഡന ത്തിനോ വിധേയമാവുന്നുണ്ട്. 2008 നവംബര്‍ 20 നു ദി ടെലെഗ്രഫ് റിപ്പോര്‍ട്ട്‌ പ്രകാരം, ഭാരതത്തില്‍ വേശ്യാവൃത്തിക്ക് ഉപയോഗിക്കപ്പെടുന്ന ആണ്‍കുട്ടികളുടെ എണ്ണം വളരെ കൂടുതലാണ്. പുണ്യ സ്ഥലങ്ങളോട് ചുറ്റി പറ്റിയാണ് കൂടുതലും. ഇതൊക്കെ എഴുതപ്പെട്ട കണക്കുകള്‍. അങ്ങനെയെങ്കില്‍  എഴുതപ്പെടത്തവ ഊഹിക്കാവുന്നതിലും കൂടുതലായിരിക്കും.

കുട്ടികളുടെ നേര്‍ക്കുണ്ടാവുന്ന ലൈംഗീക ചൂഷണത്തിന് ആക്കം കൂട്ടുന്ന ഒന്ന് കുട്ടികളുടെ നിസ്സഹായാവസ്ഥയാണ്. വെളിപ്പെടുതാനറിയാത്ത നിസ്സഹായ അവസ്ഥ. അതുകൊണ്ട് തന്നെയാണ് പുറം ലോകം ഇത്തരം കാര്യങ്ങള്‍ അറിയാത്തതും. സത്യത്തില്‍ വര്‍ഗ വിത്യാസമില്ലാതെ കുട്ടികള്‍ക്ക് നേരെ നടക്കുന്ന ലൈംഗീക ചൂഷണങ്ങള്‍ വളരെ കൂടുതലാണ്. ഒരു കണക്കുകള്‍ക്കും രേഖപ്പെടുതാവുന്നതിലും എത്രയോ കൂടുതല്‍.


ഇതില്‍ ഏറ്റവും അപകടം പിടിച്ച വശം, തന്‍റെ കുട്ടില്‍ വളരുന്ന ഇത്തരം ദൂഷ്യ വശത്തെ കുറിച്ച് ഈ കുട്ടികളുടെ മാതാപിതാക്കളോ, പഠിപ്പിക്കുന്ന അധ്യപകന്മാരോ വളരെ വൈകി മാത്രം അറിയുന്നു എന്നതോ അല്ലെങ്കില്‍ ഒട്ടും അറിയുന്നെ ഇല്ല എന്നതാണ്. കുട്ടികള്‍ ഇത്തരം കാര്യങ്ങള്‍വീട്ടിലോ മറ്റോ പങ്കു വെക്കുന്നത് വളരെ കുറവായിരിക്കും. എങ്ങനെ പറയും, എന്ത് പറയും, പറഞ്ഞാല്‍ മാതാപിതാക്കളില്‍ നിന്നുള്ള പ്രതികരണം എന്താവും എന്ന ചിന്തയില്‍ മിക്കപ്പോഴും കുട്ടികള്‍ വെളിപ്പെടുത്താനുള്ള  ശ്രമങ്ങള്‍  ഉപേക്ഷിക്കുകയാണ് പതിവ്. നമ്മുടെ കുട്ടികളെ ഇതില്‍ നിന്നും രക്ഷിക്കാന്‍ നമുക്ക് ചെയ്യാവുന്ന ആദ്യ പടി ഇവിടുന്നു തുടങ്ങേണ്ടതാണ്. തുറന്നു പറയാനുള്ള സ്വാതന്ത്ര്യം വീടുകളില്‍ നല്‍കുക. കുട്ടിയുടെ ചലനങ്ങളും, ചുറ്റുപാടും, മറ്റും അറിയാന്‍ ശ്രമിക്കുക. കുട്ടിയുടെ ലോകത്തെ കുറിച്ച് സംവദിക്കാന്‍ സമയം കണ്ടെത്തുക.

അധ്യാപകര്‍ ഇത്തരം വിഷയങ്ങളെ കുറിച്ച് ബോധമുള്ളവരായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കുട്ടികളുടെ ചലനങ്ങളും, പെരുമാറ്റ വൈകല്യങ്ങളും തിരിച്ചറിഞ്ഞു തക്കതായ നടപടികള്‍ എടുക്കുക എന്നത് പ്രധാനപ്പെട്ട കാര്യംതന്നെയാണ്. സ്വവര്‍ഗ രതിക്ക് അടിമയായ ഒരു വിദ്യാര്‍ത്ഥിയെ തന്‍റെ ക്ലാസില്‍ നിന്നും കണ്ടെത്തി, ഉറവിടമന്വേഷിച്ചു കുട്ടിയെ ഇതിനു വിധേയനാക്കുന്ന വ്യക്തിയെ കണ്ടെത്തി, മാതാപിതാക്കളുടെ സഹായത്തോടെ കുട്ടിയെ രക്ഷപ്പെടുത്തിയ ഒരധ്യാപിക പങ്കു വെച്ച അനുഭവം ഇവിടെ എടുത്തു പരാമര്‍ശിക്കുന്നത് ഉചിതമായിരിക്കും. 

നമ്മുടെ സ്കൂളുകളെ കേന്ദ്രീകരിച്ചു ഇത്തരം പ്രവര്‍ത്തങ്ങള്‍ക്ക് ആക്കം കൂടുന്നുണ്ടെങ്കില്‍ അത് ഗൌരവമായി അന്വേഷിക്കുകയും, ആലോചനക്കു വിധേയമാക്കുകയും, ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചു വരുന്ന രകെറ്റ്‌കളോ, വ്യക്തികളോ, ആരായാലും അവര്‍ക്കെതിരെ നടപടിയെടുക്കല്‍ അത്യാവശ്യമായിരിക്കുന്നു. ഇതിന്‍റെ എല്ലാം ആദ്യ പടി സമൂഹത്തില്‍ ഇത്തരം ചൂഷണങ്ങള്‍ നിലനില്‍ക്കുന്നു എന്ന തിരിച്ചറിവാണ്. ആ തിരിച്ചറിവുണ്ടാവാന്‍ ദെല്‍ഹി പോലെ, സൂര്യ നെല്ലി പോലെ അതി ഭീകരമായ സംഭവങ്ങള്‍ ഉണ്ടായേ തീരൂ എന്നാണെങ്കില്‍ നടപടികള്‍ക്ക് ഇനിയും സമയമെടുക്കും.

സ്കൂള്‍ കൌണ്‍സിലറിലേക്ക് തിരിച്ചു പോവട്ടെ. ഇത്തരം വിഷയങ്ങള്‍ കണ്ടെത്താനും ഒരു വിധം പരിഹരിക്കാനും , ഈ വിഭാഗക്കാരുടെ പങ്ക് വളരെ വലുതാണ്‌. മേല്‍ പറഞ്ഞ പോലെ മറ്റുള്ളവര്‍ക്ക് അപരിചിതമായിട്ടുള്ള കുട്ടികളുടെ മാത്രം ലോകത്തിലേക്ക്‌ കുട്ടികള്‍ കൌണ്‍സിലര്‍മാരെ കൈ പിടിച്ചു കൊണ്ട് പോവുന്നത് കൊണ്ടും, സ്വന്തം ഇറങ്ങി ചെല്ലുന്നത് കൊണ്ടും ഇവര്‍ സത്യത്തില്‍ മാറ്റത്തിന്റെ മാധ്യമങ്ങള്‍ തന്നെയാണ്. കുട്ടികള്‍, എന്തും എളുപ്പത്തില്‍ ,, ആശ്വാസത്തോടെ ഇവരുമായി പങ്കു വെക്കുന്നത് കാരണം, കുറെ മാനസിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ഇവര്‍ മൂലം സാധിക്കുന്നുണ്ട്.

പക്ഷെ ഇത്തരം പ്രകൃതി വിരുദ്ധരെ സമൂഹത്തില്‍ ഇല്ലാതാക്കാനോ അല്ലെങ്കില്‍ കുറച്ചു കൊണ്ട് വരാനോ, തക്കതായ നിയമ നടപടികളും, നിയമ പാലകരും കൂടിയേ തീരൂ.. സ്ത്രീ പീഡന പരാതികളുടെ കാര്യത്തില്‍ ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്ന ശുഷ്കാന്തി എല്ലാതരം ലൈംഗീക ചൂഷണത്തിന്റെ കാര്യങ്ങളിലും കൈകൊള്ളെണ്ടത് വളരെ അത്യാവശ്യമാണ്. ഇല്ലെങ്കില്‍ പുതു തലമുറയിലെ ചെറുതല്ലാത്ത ശതമാനത്തിന്‍റെ ഭാവി ആശങ്ക ജനകമാണ്.