കണ്ണി മാങ്ങയുടെ മണമുള്ള നോമ്പ്

കണ്ണി മാങ്ങയുടെയും മുല്ലപ്പൂവിന്റെും മണമുള്ള നോമ്പ് കാലം. ഓര്‍മകളില്‍ പോലും നിറഞ്ഞു നില്‍ക്കുന്ന പച്ച വെള്ളത്തിന്റെതണുപ്പ്.
നോമ്പ് വേനല്‍കാലത്താവുന്നതായിരുന്നു എന്റെ ഏറ്റവും വലിയ ആധി. മാങ്ങ കാലത്തിന്റെസ്വാദ് നഷ്ട്ടപ്പെടുന്നതിന്റെദുഖവും കടുത്ത വേനലില്‍ നീണ്ടു കിടക്കുന്ന പകലില്‍ നിമിഷങ്ങള്‍ എണ്ണുന്നത്തിന്റെക്ളേശവുമെല്ലാം മറന്നുകൊണ്ട് പട്ടിണി കിടക്കുമ്പോള്‍ വലിയ എന്തോ നേടിയ അനുഭൂതിയായിരുന്നു.
ഒന്നാം ക്ളാസില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യ നോമ്പ്. ‘‘ഒന്നാം ക്ളാസിലെത്തീല്ലേ, ബല്യ കുട്ടിയായി.. അപ്പൊ ഒരു നോമ്പ് നോറ്റ് നോക്ക്” എന്നായിരുന്നു ഉമ്മയുടെ വാക്കുകള്‍.എനിക്ക് അത്ഭുതം തോന്നി. ഇന്നലെ വരെ ചെറിയ കുട്ടികളുടെ ഗണത്തിലായിരുന്നു ഞാന്‍ എത്ര പെട്ടന്നാണ് വലുതായത്. ‘ചെറിയ കുട്ടി കൂട്ട’ത്തില്‍ എന്നെ പരിഗണിക്കുന്നത് കേള്‍ക്കുന്നത് പോലും വെറുപ്പായിരുന്നു.
അങ്ങനെ നോക്കുമ്പോള്‍ നോമ്പ് എടുക്കല്‍ എന്റെആവശ്യമായിരുന്നു. വലിയ കുട്ടിയായി എന്ന് തെളിക്കാന്‍ വീണു കിട്ടുന്ന അവസരം. തിരിച്ചു സ്കൂളില്‍ ചെല്ലുമ്പോള്‍ നോമ്പെടുത്ത കുട്ടിയെന്ന നിലയില്‍ കുട്ടികളുടെ ഇടയിലും വലിയ ആളാവാം.
ഒന്നാം ക്ളാസില്‍ ഒരു നോമ്പ് മതിയെന്ന ആശയവും വീട്ടിലെ തിളങ്ങളം താരമായ ഉമ്മയുടെതായിരുന്നു. പിന്നീടങ്ങോട്ട് ഒന്ന് മുതല്‍ നാല് വരെ ഓരോ ക്ളാസിലേക്ക് കയറുമ്പോള്‍ നോമ്പിന്റെഎണ്ണവും ഓരോന്ന് കൂടി വന്നു.
ബാപ്പയുടെ കൂടെ പുറത്തിരുന്ന് താളിപ്പും, ഉണക്കമീനും കൂട്ടി വയറു നിറച്ചു ചോറു തിന്നണം. പിന്നെ പഴം ചോറില്‍ കുഴച്ച് ഒരുരുള, അത് ബാപ്പയുടെ വക. ഇത് മുഴുവന്‍ കഴിച്ചെങ്കില്‍ മാത്രമേ നോമ്പ് നോല്‍ക്കാനുള്ള അനുമതി ലഭിച്ചിരുന്നുള്ളൂ. നോമ്പ് നോല്‍കാനുള്ള വാശിയില്‍ അത്താഴത്തിനു നേരത്തെ എഴുന്നേല്‍ക്കുകയെന്ന ദുര്‍ഘടം മുതല്‍ എല്ലാം ചിട്ടയോടെ ചെയ്യാന്‍ വളരെ ഉത്സാഹം കാണിച്ചിരുന്നു.
ഉമ്മൂമയുടെ കൂടെ സുബ്ഹി മുതല്‍ അസര്‍ വരെ ഓരോ വക്തും പള്ളിയില്‍ പോയി നിസ്കരിക്കുക എന്നതൊഴിച്ച് മറ്റല്ലൊ ഭാരപ്പെട്ട ജോലിയും ഉമ്മ നിഷിദ്ധമാക്കിയിരുന്നു. വേനലവധി പ്രമാണിച്ച് കുഞ്ഞിമോളും ഞാനും കൂടി ഇടവഴിയിലെ പനച്ചുവട്ടില്‍ ഉണ്ടാക്കിയ അടുക്കളയില്‍ കയറുന്നതും, മണ്ണപ്പം ചുടുന്നതും ഭാരപ്പെട്ട പണികളുടെ കൂട്ടത്തില്‍ ഉമ്മ എണ്ണിയതിനാല്‍ അതും അന്നേ ദിവസം നിഷേധിക്ക

പ്പട്ടു എന്നതായിരുന്നു സങ്കടം. മണ്ണപ്പം ചുടുന്നതിനു പകരം ഞാനും അനിയത്തിയും കൂടെ മത്സരിച്ചു മാങ്ങ പെറുക്കി. കോമാങ്ങയും, പഞ്ചാര മാങ്ങയും പെറുക്കി കൂട്ടി തിണ്ണയില്‍ കൊണ്ട് പോയി സൂക്ഷിച്ചു വെക്കും. നല്ല പഴുത്ത കോമാങ്ങയുടെയും, പഞ്ചാര മാങ്ങയുടെയും മണം എത്രയോ തവണ എന്നെ പ്രലോഭിപ്പിച്ചിരിക്കുന്നു. എന്നിട്ടും എല്ലാം ത്യജിച്ചു ഞാനെന്‍റെ നോമ്പ് മുഴുമിപ്പിച്ചു.
തറവാടിന്റെമുറ്റത്തെ നിറഞ്ഞ കിണറിലെ പച്ചവെള്ളത്തിന്റെരുചി ഞാനറിഞ്ഞത് ആ നോമ്പ് വേളയിലായിരുന്നു. ദാഹിച്ചു തൊണ്ട വരളുമ്പോള്‍ ഓടിച്ചെന്നു കുറെ വെള്ള കോരിയെടുക്കും. മതിയാവോളം മുഖം കഴുകി, തൊണ്ടയില്‍ വെള്ളം നിറച്ചു കുറെ നേരം ഒരു നില്‍പ്പാണ്. ആ വെള്ളത്തിന്റെതണുപ്പ് മുഴുവന്‍ ശരീരത്തിലേക്കാവാഹിച്ചടെുക്കാനുള്ള ഒരു സൂത്ര വിദ്യയായിരുന്നു അത്. അതിനിടയില്‍ എത്ര വെള്ളം അറിയാതെ വയറ്റിലെത്തിയിട്ടുണ്ടെന്നു ഓര്‍മയില്ല. പക്ഷെ അതെല്ലാം മറന്നു കുടിച്ചതിന്റെഗണത്തില്‍ അള്ളാഹു പെടുത്തുമെന്നും അങ്ങനെയാവുമ്പോള്‍ നോമ്പ് മുറിയില്ലെന്നു ഉമ്മ പറഞ്ഞു തന്നിട്ടുണ്ട്.
പത്തിരി പരത്തല്‍ വേള ഞങ്ങള്‍ കുട്ടികള്‍ക്ക് ഒരാഘോഷ വേളയായിരുന്നു. വട്ടു പിടിക്കലും, പൊടിതട്ടലും പോലെയുള്ള “വലിയ” പണികള്‍ ഞങ്ങള്‍ക്ക് ചെയ്യന്‍ കിട്ടിയിരുന്നു. ബാപ്പക്ക് കൃത്യം വട്ടത്തിലുള്ള പത്തിരി തന്നെ വേണമായിരുന്നു. അതുകൊണ്ട് പരത്തിയ പത്തിരി വട്ട് വെച്ച് മുറിച്ചു ബാക്കി വരുന്നത് വീണ്ടും ഉണ്ടയാക്കി വീണ്ടും വട്ടു പിടിച്ചു പരത്തിയെടുക്കണം. തീര്‍ത്താലും തീര്‍ത്താലും തീരാത്ത പണിയെന്നാണ് അതിനെ ഉമ്മ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഈ ആഘോഷവേളകളെല്ലാം തന്നെ ആ നോമ്പ് ദിവസം എനിക്ക് നഷ്ട്ടമായി. വാടി തളര്‍ന്നു ഉറങ്ങിയ എന്നെ ബാങ്ക് കൊടുക്കന്നതിന്റെതൊട്ടു മുമ്പ് ബാപ്പ വിളിച്ചുണര്‍ത്തിയതോര്‍ക്കുന്നു.
നാരങ്ങ വെള്ളവും, തരികഞ്ഞിയും, തരിവായ്ക്കയും, പത്തിരിയും, ഇറച്ചിക്കറിയും പിന്നെ എനിക്ക് പ്രിയപ്പെട്ട പഴം പൊരിയും എല്ലാം നിരത്തിയ സവറ വിരിച്ച തിണ്ണയില്‍ എന്നെയും കൊണ്ടിരുത്തി. വായില്‍ വെള്ളം നിറച്ചു കൊതിയോടെ ഞാന്‍ കാത്തിരുന്നു. പക്ഷെ കാത്തിരിപ്പ് ഛര്‍ദിയിലാണ് അവസാനിച്ചത്. നാരങ്ങാ വെള്ളം അകത്തു ചെന്നതോടെ തന്നെ ഒഴിഞ്ഞ വയറില്‍ നിന്നും കുറെ വെള്ളം മൂക്കിലൂടെയും, വായിലൂടെയും പുറത്തേക്കോഴുകാന്‍ തുടങ്ങി. അതൃപ്പത്തോടെ കരുതി വെച്ച മാങ്ങ പോലും തിന്നാന്‍ കഴിയാതെ വീണ്ടും കിടക്കയിലേക്ക് പോകുമ്പോള്‍ ഉച്ച വരെ മാത്രം നോമ്പെടുത്ത അനിയത്തി പഞ്ചാര മാങ്ങ രുചിയോടെ തിന്നുണ്ടായിരുന്നു.

Comments

  1. കുട്ടിക്കാലത്തെ ഓരോ നോമ്പോര്‍മ്മകളും മായാത്ത ചിത്രം പോലെ ഉള്ളില്‍ നില്‍ക്കും.വിശപ്പും,ദാഹവും,രുചികരമായ നോമ്പ് വിഭവങ്ങളുടെ മണം ആസ്വദിച്ചു കൊതിയോടെയുള്ള കാത്തിരിപ്പും ......നന്നായി ഈ ഓര്‍മ്മയെഴുത്തും കുട്ടിക്കാലത്തേക്ക് വീണ്ടും കൂട്ടിക്കൊണ്ടുപോയി.ആ നോമ്പ് മണങ്ങളിലേക്ക് രുചികളിലേക്കും

    ReplyDelete

Post a Comment

Popular Posts