വരാണസി വിശേഷങ്ങള്‍ ...
കഴിഞ്ഞ തണുപ്പുള്ള ഡിസംബറിലാണ് ഒരു ബ്രാഹ്മിണ
കല്യാണം കൂടാന്‍ തരം കിട്ടിയത്. എവിടെയെന്നോ. ഗംഗ ഒഴുകുന്ന, ബനാറസ് ഹിന്ദു സര്‍വകലാശാല
തല ഉയര്‍ത്തി നില്‍ക്കുന്ന വരാണസിയില്‍. വരാണസിയെക്കുറിച്ചു ഒരു പാട് കേട്ടിട്ടുണ്ട്. ആ കേട്ട്
കേള്‍വി മനസ്സില്‍ കാശി കാണാനുള്ള
കൌതകത്തില്‍ വരെ എത്തി നില്‍ക്കുമ്പോഴാണ് കല്യാണക്കുറി കിട്ടിയത്. പിന്നെയൊന്നും
ആലോചിച്ചില്ല . വന്നു കിട്ടിയ അവസരം ശരിക്കങ്ങു ഉപയോഗപ്പെടുത്താന്‍ ഞങ്ങളുടെ മല്ലു
കൂട്ടം തീരുമാനിച്ചു. അങ്ങനെ ഒരു തണുത്ത വൈകുന്നേരം റാഞ്ചിയില്‍ നിന്നും
അജ്മീരിലേക്ക് പോകുന്ന തീവണ്ടി പിടിച്ചു. കൂട്ടത്തില്‍ പലര്‍ക്കും കാശിക്കു
പോക്കിച്ചിരി നേരെത്തെ ആയോ എന്നൊരു തോന്നല്‍ ഉണ്ടാവാതിരുന്നില്ല. അല്ല ഭൗതിക
ജീവിതത്തിന്‍റെ രസങ്ങളെല്ലാം കഴിഞ്ഞു , ഇനി ബാക്കിയുള്ള കാലം കാശിയില്‍ എന്ന്
പറയാറായിട്ടുമില്ല.
തണുത്ത ഒരു പുലര്‍കാലത്ത് ഞങ്ങള്‍
ചെന്നിറങ്ങുമ്പോള്‍ വാരണാസി കുളിക്കാതെ, വൃത്തിയില്ലാതെ അടിമുടി അഴുക്കില്‍ മുങ്ങി
നിവര്‍ന്നു നില്‍ക്കുന്നു. ആദ്യ കാഴ്ച തന്നെ അത്ര സുഖകരമല്ല. മനസ്സ് ചോദിച്ചു.
സകലരെയും കുളിപ്പിച്ചു വിശുദ്ധരാക്കുന്ന ഗംഗ നിന്‍റെ മാറിലൂടെ ഒഴികിയിട്ടും എന്തേ
നീ ഇത്ര വൃത്തിയില്ലാതെ ..? അതിനുത്തരം മറ്റാരോ ആണ് തന്നത്. ഗംഗയില്‍ മുങ്ങി
കുളിക്കാന്‍ വരുന്ന ഓരോരുത്തരെയും സ്വീകരിച്ചു വിരുന്നൂട്ടി വാരണാസിക്ക് സ്വയം
കുളിക്കാന്‍ സമയം കിട്ടാതെ ആയിട്ടുണ്ടാവും.
കല്യാണ വീട്ടുകാര്‍ കാറയച്ചത് കൊണ്ട് സൈക്കിള്‍
റിക്ഷാക്കോ ഓട്ടോ റിക്ഷാക്കും വില പേശാതെ ഹോട്ടല്‍ റൂമില്‍ എത്തി. ആദ്യമായി ഒരു
ബ്രാഹ്മണ കല്യാണം കാണാന്‍ പോവുന്നതിന്റെ ത്രില്ല്. കൂടെയുള്ളവരെല്ലാം
കല്യാണത്തിന് ഒരുങ്ങുമ്പോള്‍ ഞാനും മഫ്തക്കുള്ളില്‍ സുന്ദരിയായി.
നാട്ടിലെ ബ്രാഹ്മിണ കല്യാണങ്ങള്‍ക്ക് ഒത്തിരി ചടങ്ങുകള്‍
ഉള്ളതായി കേട്ടിട്ടുണ്ട്. ഇതിപ്പോ വടക്കേ ഇന്ത്യയിലെ ബ്രാഹ്മിണ കല്യാണം. അപ്പോള്‍
ചടങ്ങുകളുടെ എണ്ണം കൂടും. പുതിയ സംസ്കാരങ്ങള്‍, ജീവിത രീതികള്‍ ആചാരങ്ങള്‍ എല്ലാം
ഒരു കൌതുകമാണ്. അത്ഭുതങ്ങള്‍ നിറഞ്ഞ കൌതുകം.
മഞ്ഞളില്‍ കുളിപ്പിച്ചു കയ്യിലും കാലിലും നിറയെ
മൈലാഞ്ചിയിടുവിപ്പിച്ചു മഞ്ഞ സാരിയിടുപ്പിച്ചു ദുല്‍ഹന്‍ തയ്യാറായിരിക്കുന്നു.
ആഭരണങ്ങള്‍ മാത്രമില്ല. ആദ്യമായാണ് ഇങ്ങനെയൊരു മണവാട്ടിയെ കാണുന്നത്. കൂട്ടത്തിലെ
ഒരു വടക്കേ ഇന്ത്യക്കാരി പറഞ്ഞു. മണവാട്ടിയുടെ ശരീരത്തില്‍ ആദ്യം അണിയുന്ന ആഭരണം
മംഗല്യസൂത്രമായിരിക്കണമത്രേ . അത് കഴിഞ്ഞേ മറ്റൊന്നും പെണ്ണ് ധരിക്കൂ..
ആഭരണവും ലാച്ചയും എല്ലാം പ്രത്യേകതകള്‍
തന്നെയാണ്. പട്ടുസാരിയും നിറയെ മുല്ലപ്പൂവും അതിലും കൂടുതല്‍ പെണ്ണിന്‍റെ മനസ്സ്
മയക്കുന്ന മഞ്ഞ നിറത്തിലുള്ള സ്വര്‍ണവും ഇല്ലാതെയും മണവാട്ടികള്‍ ഉണ്ടാവുന്നു.
അതും ഒരു കൗതുകമായിരുന്നു. രണ്ടു കയ്യിലും മുട്ടോളം വെള്ളയും ചുവപ്പും വളകള്‍
ഇടകലര്‍ത്തിയിട്ട് കാതില്‍ വജ്രത്തിന്റെയോ മരതകത്തിന്റെയോ അല്ലാത്ത കല്ലുകള്‍
വെച്ച വലിയ കമ്മലുകളും, വലിയ വട്ടത്തിലുള്ള മൂക്കുത്തിയും നെറ്റിയില്‍ ചുട്ടിയും
ധരിച്ചു നിറയെ കല്ലുവെച്ച ഇളം വയലറ്റ് ലാച്ചയിലും ദുപ്പട്ടയിലും പെണ്ണൊരു മണവാട്ടി തന്നെ. കുബ്സൂറത്ത് ദുല്‍ഹന്‍...
ചെക്കന്‍റെ വീട്ടുകാര്‍ താലത്തില്‍ നിറയെ
പഴങ്ങളും സുഗന്ധ വസ്തുക്കളുമായി വരുന്നതോടെ കല്യാണ ചടങ്ങുകള്‍ പ്രത്യക്ഷത്തില്‍
ആരംഭിക്കുകയായി. പക്ഷെ അതിനും രണ്ടു ദിവസം മുമ്പേ പെണ്ണിന്‍റെ വീട്ടില്‍ ചടങ്ങുകള്‍
ആരംഭിച്ചിരുന്നു. ladies sangeeth ഒരു പ്രധാന ഇനമാണ്. പെണ്ണുങ്ങളുടെ ആഘോഷം. കൂട്ടത്തില്‍
മെഹന്ദി നൈറ്റും .. പെണ്ണിന്‍റെ കയ്യിലും കാലിലും മൈലാഞ്ചിയണിയിച്ചു
സുന്ദരിയാക്കുന്നതോടൊപ്പം പെണ്ണിന്‍റെയും മൈലാഞ്ചിയുടെയും മൊഞ്ച് വിവരിച്ചു
വ്യത്യസ്ത പാട്ടുകളും പെണ്ണുങ്ങള്‍ പാടും. കൂട്ടത്തില്‍ മറ്റുള്ളവര്‍ ചുവടു
വെക്കുന്നു. അങ്ങനെയാവണം ഇതിനു ladies
sangeeth എന്ന് പേര് വന്നത്. നമ്മുടെ നാട്ടിലെ ഒപ്പനയുടെയും മൈലാഞ്ചി കല്യാണത്തിന്‍റെയും
മറ്റൊരു രൂപം.
വന്നിരുന്ന ചെക്കന്റെയും വീട്ടുകാരുടെയും
കാലുകളില്‍ ചെമ്പരത്തി ചാറു തേക്കുന്ന ഒരു ചടങ്ങുണ്ട്. അതിന്‍റെ പിന്നിലെ ഉദ്ദേശം
എന്തെന്ന് അറിയാന്‍ കഴിഞ്ഞില്ല. അതിനു ശേഷം ചെക്കന് തലയില്‍ ഒരുഗ്രന്‍ തലപ്പാവും
വെച്ച് കൊടുത്തു, ചെക്കനെ ആദ്യം മണ്ഡപത്തിലേക്ക് കയറ്റി ഇരുത്തി. വഴിയെ ആങ്ങളമാര്‍
ഒരുക്കിയ കുഞ്ഞു പന്തലില്‍ പെണ്ണും വന്നു കയറി.
ചടങ്ങുകള്‍ ഓരോന്നും വലിയ പൂജാരി ചെയ്യുന്നു.
ചെറിയ പൂജാരി സഹായമൊരുക്കി കൊടുക്കുന്നു. പെണ്ണിന്‍റെ അമ്മയും അച്ഛനും പെണ്ണും
ചെക്കനും മുമ്പില്‍ വെച്ചാണ് ചടങ്ങുകള്‍ മുഴുവന്‍. ഓരോ ചടങ്ങിന്റെയും ഉദ്ദേശവും
അര്‍ത്ഥവുമടക്കം പൂജാരി വിശദീകരിക്കുന്നു. രസകരമായി തോന്നിയ ചിലതുണ്ടായിരുന്നു.
ഒപ്പം വളരെ അര്‍ത്ഥവത്തായ ഉദ്ദേശങ്ങളും. ഒരാണും പെണ്ണും ഒന്നിക്കുമ്പോള്‍ പരസ്പരം
നല്കേണ്ട ഒരുപാടു വാഗ്ദാനങ്ങള്‍ അവിടെ വെച്ച് അവര്‍ നടത്തുന്നു. സ്ത്രീക്ക് മുന്‍ഗണന.
നീ ഇവളെ മുഴുവനായും സംരക്ഷിക്കാമെന്ന് ഏറ്റെടുക്കുകയാണെന്ന് കൂടെ കൂടെയുള്ള ഉറപ്പു
വരുത്തലും മുന്നറിയിപ്പും. ഇവള്‍ക്ക് ആഹാരം കൊടുത്തിട്ടേ നീ കഴിക്കാവൂ എന്ന അര്‍ഥം
പറഞ്ഞു ഒരു ചടങ്ങുണ്ടായിരുന്നു. അത് കേട്ടപ്പോള്‍ ഞാനാലോജിച്ചു. പറയുന്ന വാക്കിനും
ചെയ്യുന്ന പ്രവര്‍ത്തിക്കും തമ്മില്‍ പലപ്പോഴും എന്തകലമെന്ന്. വിളക്കിന് മുമ്പില്‍
മൂന്നു വട്ടമുള്ള പ്രദക്ഷിണത്തിനു പകരം അവിടെ 7 പ്രദക്ഷിണമുണ്ടായിരുന്നു.
ഓരോന്നിനും ഓരോ അര്‍ഥങ്ങള്‍. നേരെത്തെ പറഞ്ഞ പോലെ പെണ്ണും ചെറുക്കാനും പരസ്പരം
കൊടുക്കുന്ന ഏഴ് വാഗ്ദാനങ്ങള്‍. വാഗ്ദാനങ്ങളില്‍ പകുതിയെങ്കിലും നിറവേറ്റാനായാല്‍
ഇവരുടെ ജീവിതം ഭൂമിയിലെ സ്വര്ഗമാവുമെന്നുറപ്പ്. എന്നാല്‍ ഈ വാഗ്ദാനങ്ങള്‍ എല്ലാം
തന്നെ അമ്നേഷ്യയിലെന്ന പോലെ മറന്നു പോവുമ്പോള്‍ പെരുകുന്നത് സ്ത്രീ പീഡനങ്ങളും
സ്തീധന മരണങ്ങളും, വിവാഹ മോചനങ്ങളും മറ്റെനേകം സ്ഥിര കാഴ്ചകളും.
കല്യാണവും ഉഗ്രന്‍ വടക്കേ ഇന്ത്യന്‍ വിരുന്നും
കഴിച്ചു ചെക്കനേയും പെണ്ണിനേയും പറഞ്ഞയച്ചു ഞങ്ങള്‍ ഊര് ചുറ്റാന്‍ ഇറങ്ങി.
വാരാണസിയുടെ ഓരോ മുക്കിലും മൂലയിലും ചുറ്റി തിരിയാനാണ് ഉദ്ദേശം. കൂട്ടത്തില്‍
ഗംഗയെ കാണണം, പ്രശസ്തമായ ഗംഗാ ആരതി ഒന്നും നേരില്‍ കാണുകയും ചെയ്യാം. അങ്ങനെയൊക്കെയാണ് മോഹങ്ങള്‍.
സാരനാഥ്
റിക്ഷ എടുത്തു ആദ്യം പോയത് സാരനാഥിലേക്കാണ്.
വാരാണസിയില്‍ നിന്നും 12 ഓ 13 ഓ കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബുദ്ധ തീര്‍ഥാടന
കേന്ദ്രമാണ് സാരാനാഥ്. ഇത് വളരെ മുമ്പ് ഒരു മാന്‍ പാര്‍ക്ക് ആയിരുന്നത്രെ. അത്
കൊണ്ട് സാരാനാഥ മൃഗദാവ(mrigadava), ഇസി പട്ടണ എന്ന പേരിലൊക്കെ അറിയപ്പെട്ടിരുന്നു
എന്ന് വായിച്ചിട്ടുണ്ട്. ബുദ്ധന്‍ ജ്ഞാനം കിട്ടിയതിനു
ശേഷം തന്‍റെ അഞ്ചു പിന്‍ഗാമികളെ കണ്ടെത്തിയതും അവര്‍ക്ക് തന്‍റെ വിവേകം പകര്‍ന്നു
കൊടുത്തതും ഇവിടെ വെച്ചാണെന്ന് വിശ്വസം. അത് കൊണ്ട് തന്നെ ബുദ്ധ മതത്തിലെ 4 പുണ്യ സ്ഥലങ്ങളില്‍ പെട്ട
ഒന്നായി സാരനാഥ് കണക്കാക്കപെടുന്നു. ബുദ്ധന്‍ ജനിച്ച ലുംബിനി (ശ്രീ ലെങ്ക ), ആദ്യ
മായി enlightment ലഭിച്ച ബുദ്ധ ഗയ (ബീഹാര്‍),
മരണപ്പെട്ട ഉത്തര്‍ പ്രദേശിലെ കുഷി നഗര്‍ എന്നിവയാണ് മറ്റു മൂന്നു സ്ഥലങ്ങള്‍. മറ്റൊരു പ്രത്യേകത ബോധി വൃക്ഷമാണ്. ബുദ്ധ ഗയയിലും
ലുംബിനിയിലും പിന്നെ സരനാഥിലും ആണത്രേ ബോധി വൃക്ഷം ഇപ്പോഴുള്ളത്. പല വിഭാഗത്തിന്‍റെതായി
കുറെയേറെ ബുദ്ധ ക്ഷേത്രങ്ങള്‍ സാരാനാഥില്‍ ഇപ്പോഴും ഉണ്ട്. ജാപ്പനീസ്
ക്ഷേത്രങ്ങളും, ചൈനീസ് ക്ഷേത്രങ്ങളും എല്ലാം ഇതില്‍ ഉള്‍പ്പെടും. ചിരിക്കുന്ന ബുദ്ധനും കരയുന്ന ബുദ്ധനും ഉള്‍പ്പെടെ
പല ഭാവത്തിലുള്ള ബുദ്ധ പ്രതിമകള്‍ അടങ്ങിയ ക്ഷേത്രം അതില്‍ പ്രധാനം തന്നെയാണ്.
മറ്റൊരു പ്രധാന ആഘര്‍ഷണം അശോക സ്തൂപം ആണ്. ഇതിന്‍റെ
ചിലഭാഗങ്ങള്‍ നശിപ്പിക്കപ്പെട്ടെങ്കിലും ചരിത്ര പ്രധാനമായ ഒന്നായി ഇന്നും പ്രശസ്തം
തന്നെയാണ്. മ്യൂസിയം , പ്രശസ്തമായ ചൌകണ്ടി സ്തൂപം, ബുദ്ധന്‍ തന്‍റെ ആദ്യ ധര്‍മ
പ്രഭാഷണം നടത്തിയ ധമേഖ് സ്തൂപം (dhamekh stupa), ധര്‍മാരാജിക സ്തൂപ എന്നിവയാണ്
മറ്റു പ്രധാന ആഘര്‍ഷണങ്ങള്‍. ഇന്ത്യക്കകത്തും നിന്നും പുറത്തു നിന്നുമായി വിനോദ
സഞ്ചാരികളും തീര്‍ഥാടന കൂട്ടങ്ങളും അവിടെ കൂട്ടം കൂട്ടമായി വന്നു
കൊണ്ടിരിക്കുന്നു. പല സ്ഥലങ്ങളിലായി ബുദ്ധ സന്യാസികള്‍ നേതൃത്ത്വം നല്‍ക്കുന്ന
പ്രാര്‍ത്ഥനകളും നടന്നു കൊണ്ടിരിക്കുന്നു.
സാരാ നാഥില്‍ നിന്നും തിരിക്കുന്ന വഴി ബനാറസ്
സില്‍ക്കുണ്ടാക്കുന്ന ഒരു ഫാക്ടറില്‍ കയറി. കാഞ്ചിപുരം പട്ടും മൈസൂര്‍ പട്ടും പോലെ
പ്രസ്തമാണ് ബനാറസ് പട്ട്. ചൂടോടെ
നെയ്തെടുത്ത ഒരു ബനാറസ് പട്ടും വാങ്ങി സാരനാഥിനോട് ടാറ്റാ പറഞ്ഞു.
ഗംഗ നദീ
വാരാണസി
ഹിന്ദു വിശ്വാസങ്ങള്‍ക്ക് ശക്തമായ വേരുള്ള ഒരു തീര്‍ത്ഥാടന പ്രദേശമാണ്. അത്
കൊണ്ട് തന്നെ ക്ഷേത്രങ്ങളും ഒട്ടും കുറവല്ല. ദുര്‍ഗ ക്ഷേത്രം, പ്രശസ്തമായ
വിശ്വനാഥ് ക്ഷേത്രം, അത്രക്കങ്ങു അറിയപ്പെടാത്ത മറ്റു ക്ഷേത്രങ്ങള്‍... ഇതിലെല്ലാം ഉപരി ഗംഗ നദീ തടവും ഗംഗ ഘട്ടുകളും ഒരപൂര്‍വ കാഴ്ച
തന്നെയാണ്.
വഴിയിലെ തിരക്ക് കണ്ടു തന്നെ ഞങ്ങള്‍
മനസ്സിലാക്കിയിരുന്നു, ഗംഗ ഇവിടെ അടുത്തെവിടെയോ ഉണ്ടെന്നു. സമയം
സന്ധ്യയോടടുക്കുന്നു.
ഇത്രയും തിരക്കെന്തു എന്ന ചോദ്യത്തിനുത്തരം
തന്നത് ഓട്ടോ ഡ്രൈവര്‍ ആയിരുന്നു. ഗംഗ ആരതിയുടെ സമയമായി. കേട്ടിട്ടുണ്ടായിരുന്നു
ഗംഗ ആരതിയെ കുറിച്ച്. പക്ഷെ വിശദമായി ഒന്നും അറിയില്ലായിരുന്നു. എന്നാല്‍ ഒന്ന്
കണ്ടു കളയാമെന്നു തീരുമാനിച്ചു ക്യാമറയുമായി ഞാനും തയ്യാറായി. ഓട്ടോ ഇറങ്ങി ഗംഗയുടെ ഏതോ ഒരു ഘട്ടിലേക്ക് ദൂരം
ഒരുപാടുണ്ടായിരുന്നു. വഴിയില്‍ വഴിയോര കച്ചവടക്കാരും, ഭിക്ഷാടകരും , സാധുക്കളും
പിന്നെ എന്നെപ്പോലെ ക്യാമറയും തൂക്കി ഒരു പാട് വിനോദ സഞ്ചാരികളും എല്ലാം കൂടി
തിരക്കോട് തിരക്ക്. ഇതിനിടയില്‍ ഓടിക്കിതച്ചുചെന്ന് ഗംഗയെ കണ്ടപ്പോഴേക്കും ഇരുട്ടയിരുന്നു.
ചോദിച്ചപ്പോള്‍ ആരോ പറഞ്ഞു ആരതി കഴിഞ്ഞു. നിരാശ, ഒന്ന് കാണാന്‍ കഴിഞ്ഞില്ലല്ലോ.
ചുറ്റിലും നോക്കി. ക്യാമറകണ്ണുകളിലൂടെ മനോഹരമായി ഒപ്പിയെടുക്കാവുന്ന കാഴ്ചകള്‍ ഒരുപാടുണ്ട്
ചുറ്റിലും. സന്തോഷം തോന്നി, ഒപ്പം പണിയും ആരംഭിച്ചു. വിവിധ ഭാവ ഭേദങ്ങളോടെ
ഭിക്ഷാടകര്‍. സോറി , അങ്ങനെ വിളിക്കാന്‍ പാടില്ല, ഭിക്ഷുക്കള്‍ എന്നാണവരുടെ വിളിപ്പേര്. ഭിക്ഷ നല്‍കുന്നത് വിശ്വാസപ്രകാരം
പുണ്യമാവുമ്പോള്‍ ഭിക്ഷ ചോദിക്കുന്നവരുടെ എണ്ണവും കൂടും. പറ്റാവുന്നതൊക്കെ
ക്യാമറയില്‍ പകര്‍ത്തി. ഗംഗയും ബോട്ടുകളും തെരുവ് വിളക്കുകളുടെ വെളിച്ചത്തില്‍
മനോഹരമായി തോന്നി. കൂടാതെ വിശ്വാസികള്‍ കത്തിച്ചു ഗംഗയില്‍ ഒഴുക്കിയ ദിയകളും
ഗംഗയെ കൂടുതല്‍ സുന്ദരിയാക്കി. ഇരുട്ടിയത് കൊണ്ട് പെട്ടെന്ന് മടങ്ങി.
പിറ്റേന്ന് നേരെത്തെ ഗംഗയുടെ തീരത്തെത്തി. വഴിയോര
കച്ചവടം തകൃതിയായി നടക്കുന്നു. രസമുള്ള കാഴ്ചകള്‍. വാരാണസിയിലെ വഴിയോര കച്ചവടം
വിലകുറവിനു പ്രശസ്തമാണ്. പ്രത്യേകിച്ച് സ്ത്രീകളുടെ വസ്ത്രങ്ങള്‍. റിക്ഷ ഇറങ്ങി
ഘട്ടില്‍ എത്തും വരെ നീണ്ടു കിടക്കുന്ന കച്ചവട സ്ഥലങ്ങള്‍. ആഭരണങ്ങള്‍, വസ്ത്രങ്ങള്‍,
ബാഗുകള്‍. ..വില പേശലും മറ്റുമായി ഞങ്ങളും കുറെ നടന്നു.
ദശാശ്വമേത ഘട്ടില്‍ ഞങ്ങള്‍ എത്തിയപ്പോഴേക്കും
തിരക്ക് കൂടാന്‍ തുടങ്ങിയിരുന്നു. 6.00 മണിയാണ് ആരതിയുടെ സമയം. സായാഹ്ന
വെളിച്ചത്തില്‍ ഗംഗയും പരിസരവും നന്നായി കണ്ടു. ഏതൊക്കെയോ മൂലകള്‍ കണ്ടു
പരിച്ചയമുള്ളപോലെ. അതെ സത്യജിത് റേ യുടെ അപ്പുവിന്‍റെ ലോകത്തിലെ രണ്ടാം ഭാഗത്തില്‍
ഈ സ്ഥലവും ഉണ്ടായിരുന്നു. അപ്പുവിന്‍റെ അച്ഛന്‍ കുട്ടികള്‍ക്ക് വേദം ചൊല്ലി
കൊടുക്കും പോലെ ഒരു പാട് പൂജാരികള്‍ എന്തൊക്കെയോ ചെയ്യുന്നു. മറ്റൊരു ഭാഗത്ത് ദിയ
വില്‍ക്കുന്ന കച്ചവടക്കാര്‍. കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ. പൂജക്ക് വേണ്ട
സാധനങ്ങള്‍, മണ്ണിന്‍റെ ചെറിയ കുടങ്ങള്‍... അങ്ങനെയങ്ങനെ ഒരു വലിയ കച്ചവട സ്ഥലം
തന്നെ.
കച്ചവടത്തിനൊപ്പം കര്‍മങ്ങളും നടക്കുന്നു. പെണ്ണുങ്ങളും
ആളുങ്ങളും ഒരേപോലെ ഗംഗയില്‍ ഒന്ന് മുങ്ങി വിശുദ്ധി പ്രാപിക്കാന്‍ തിരക്ക്
കൂട്ടുന്നു. ഗംഗയിലെ വെള്ളം കൈകുമ്പിളില്‍
എടുത്തു ദേഹത്ത് ഒഴിക്കുന്നവര്‍ ഉണ്ട്. എല്ലാ കാഴ്ചകളും നിശബ്ദയായി നോക്കി പടവില്‍
ഞാനിരുന്നു.
രസിപ്പിക്കുന്ന കാഴ്ചകള്‍ ചിലതുണ്ടായിരുന്നു.
കഞ്ചാവും വലിച്ചു ദേഹം നിറയെ ചന്ദന ഭസ്മം വാരിപൂശി, കഴുത്തില്‍ രുദ്രാക്ഷ മാലയിട്ടു കാവി തുണി ധരിച്ചു പല പോസിലും വഴിയിലിരുന്നു
ഭിക്ഷ യാചിക്കുന്നവര്‍. ചിത്രമൊപ്പിയില്‍ ഒരുപാട് ചിത്രങ്ങള്‍
ഒപ്പിയെടുത്തു.
ആരതിക്ക് നേരമടുത്തു. നിരവധി വഞ്ചിക്കാര്‍ ഞങ്ങളെ വട്ടമിട്ടു നടക്കുന്നു. വഞ്ചി എടുത്തു ഗംഗയില്‍ ഇരുന്നാല്‍ ആരതി ശരിക്ക് കാണാനാവുമെന്നു അവര്‍
ഞങ്ങളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. എല്ലാ ഘട്ടുകളും ഒന്ന്
കണ്ടു കളയാമെന്നു കരുതി ഒരു ബോട്ട് ഞങ്ങളും എടുത്തു. കൂടെയുള്ള കൂട്ടുകാരി അവളുടെ
വിശ്വാസപ്രകാരം ദിയയും വാങ്ങി കയ്യില്‍ വെച്ചു. ദിയ കത്തിച്ചു വിടുന്നതും പുണ്യകരമാണെന്ന്
ബോട്ട്കാരന്‍ അവളോട് പറഞ്ഞു. ഗംഗയെ കണ്ടു ജനിച്ചും വളര്‍ന്നും വന്ന അയാള്‍ക്ക്
കേരളത്തില്‍ നിന്നു വന്ന അവളെക്കാള്‍ ആചാര മര്യാദകള്‍ അറിയാതിരിക്കില്ലല്ലോ...
ഞങ്ങളുടെ ബോട്ട് നീങ്ങി തുടങ്ങി. ബോട്ടിന്‍റെ
കപ്പിത്താന്‍ ഞങ്ങളെ മറ്റു ഘട്ടുകള്‍ കാണിക്കാനുള്ള ശ്രമത്തിലാണ്. ഘട്ടുകള്‍
എന്നാല്‍ നമ്മുടെ പുഴ ക്കടവ് പോലെയാണ്. ഓരോരോ കടവുകള്‍. അതില്‍ പുഴയിലേക്ക് കെട്ടി
നിര്‍ത്തിയിരിക്കുന്ന പടവുകള്‍. അയാള്‍ പറഞ്ഞത് ഗംഗയില്‍ 100 ഓളം ഘട്ടുകള്‍
ഉണ്ടെന്നാണ്. ഘട്ടുകള്‍ക്ക് ഓരോന്നിനും ഓരോന്നിന്റെ നിര്‍മാണവുമായി ബന്ധപെട്ടു
കിടക്കുന്ന വ്യക്തികളുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. കവി തുളസി ദാസിന്‍റെ
പേരിലുള്ള ഘട്ട് തുളസി ഘട്ട്. ശിവന്‍റെ ഭൂമിയിലേക്കുള്ള തിരിച്ചു വരവ് ആഘോഷിക്കാന്‍
ബ്രഹ്മാവ് 10 കുതിരകളെ ത്യാഗം ചെയ്തു എന്ന ഐതീഹ്യതിലാണ് ഞങ്ങള്‍ ഇറങ്ങിയ ഘട്ടിനു
ദശാശ്വമേത ഘട്ട് എന്ന പേര് വന്നത്. അങ്ങനെ ഓരോ ഘട്ടിനും ഓരോ ചരിത്രമോ ഐതീഹ്യമോ
പറയാനുണ്ട്. ചില ഘട്ടുകള്‍ക്ക് ചില രാജാക്കന്മാരുടെ പേരാണ്. പണ്ട് രാജാക്കന്മാര്‍
ഒഴിവു ദിനങ്ങള്‍ ചിലവഴിക്കാനും ഗംഗയെ കണ്‍ കുളിര്‍ക്കെ കാണാനും വേണ്ടി ഘട്ടുകള്‍
നിര്‍മിച്ചിരുന്നത്രേ..അങ്ങനെ ആ ഘട്ടുകള്‍ക്ക് ആ രാജാക്കന്മാരുടെ പേരും കിട്ടി.
അങ്ങനെ ചിലതാണ് നേപ്പാളിലെ രാജാവ് നിര്‍മിച്ച ലളിത ഘട്ട്, ജൈപൂരിലെ മഹാരാജ ജയ്
സിംഗ് നിര്‍മിച്ച മാന്‍ മന്ദിര്‍ ഘട്ട്.
ഘട്ടുകളില്‍ ഒന്ന്
ചരിത്രം പറയുന്നതിനിടയില്‍ വഞ്ചി ക്കാരന്‍
ഹരിശ്ചന്ദ്ര ഘട്ടിനു നേരെ തുഴഞ്ഞു. ഹരിശ്ചന്ദ്ര ഘട്ട്. ഗംഗയിലെ ഏറ്റവും പഴക്കം
ചെന്നതും പ്രശസ്തവുമായ ഘട്ട് . ശവ ദാഹം
നടക്കുന്ന രണ്ടു ഘട്ടുകളില്‍ ഒന്ന്. ചരിത്ര
പ്രകാരം ഹരിശ്ചന്ദ്ര രാജാവ്
അദ്ദേഹത്തിന്റെ ജീവിതത്തിന്‍റെ ഒരു വലിയ
ഭാഗം ഗംഗ തീരത്ത് ശവ ദാഹ ചടങ്ങുകളുമായി കഴിഞ്ഞു കൂടിയെന്നാണ്. അങ്ങനെയാണത്രേ ആ
ഘട്ടിനു ഹരിശ് ചന്ദ്ര ഘട്ട് എന്ന് പേര് വന്നത്..
വളരെ പഴക്കം ചെന്ന ആ ഘട്ട്, ഇന്ന് ശവ ദാഹത്തിനു
മാത്രമായി ഉപയോഗിച്ച് പോരുന്നു. അടുത്തിടെ അത് നവീകരിച്ചു വൈദ്യുതി കൊണ്ട് ശവ ദാഹം
നടത്തുന്ന സൌകര്യങ്ങള്‍ വരെ കൊണ്ട് വന്നിട്ടുണ്ട്.
വഞ്ചി കുറച്ചു സമയം അതിനു മുന്നില്‍ നിന്നു. വഞ്ചിക്കാരന്‍ കഥകള്‍
പറഞ്ഞു. ഹരിശ്ചന്ദ്ര രാജാവിനെ കുറിച്ചു പറഞ്ഞു.
കുറച്ചകലെ രണ്ടു മനുഷ്യ ശവങ്ങള്‍ ഒരുമിച്ചു
കത്തുന്നു. രണ്ടോ മൂന്നോ ശവങ്ങള്‍ തങ്ങളുടെ ഊഴം കാത്തിരിക്കുന്നു. ഓരോന്ന്
കത്തിതീരുമ്പോഴും കൂടെയുള്ളവര്‍ക്ക് സംതൃപ്തമടയുന്നുണ്ടാവണം. അവരുടെ വിശ്വസ പ്രകാരം മരിച്ച ആളിന്
കൊടുക്കാവുന്ന ഏറ്റവും നല്ല സമ്മാനം. ഗംഗ തീരത്ത് ദഹിച്ചു തീര്‍ന്നാല്‍ മോക്ഷം
കിട്ടി നേരെ സ്വര്‍ഗത്തില്‍ ചെല്ലുമെന്ന് അവര്‍ വിശ്വസിക്കുന്നു.
ഹരിശ്ചന്ദ്ര ഘട്ട്
പൂജാരികള്‍. തിരക്കിലാണ് ഒന്നും മുഴുവന്‍
കത്തിയമരാന്‍ സമയമില്ല. ഒന്ന് പകുതിയാവുമ്പോള്‍ തീയണച്ചു അവശിഷ്ടങ്ങള്‍ ഗംഗയില്‍ ഒഴുക്കി മറ്റൊരു ശവ
ദാഹത്തിനു വേദിയൊരുക്കുന്നു. എല്ലാം ഏറ്റു വാങ്ങി കൊണ്ട് സ്വയം മലിനപ്പെട്ട്,
മറ്റുള്ളവരെ ശുദ്ധീകരിച്ചു ഗംഗ മൗനമായി ഒഴുക്കുന്നു.
എല്ലാം കണ്ട് ഞങ്ങളും നിശബ്ദരായി തിരിച്ചൊഴുകി.
ആരതി തുടങ്ങാറായി. തെരുവ് വിളക്കുകള്‍ കത്തി. എല്ലാ
ഘട്ടിലും ആരതിക്ക് പൂജാരികള്‍ തയ്യാറായി. വലിയ വിളക്കുകള്‍ ഓരോ പൂജാരിയുടെ
കയ്യിലും. ആരതിയും കണ്ടു വഞ്ചിയില്‍ ഞങ്ങള്‍ ഇരുന്നു. ഗംഗ നിറയെ കത്തിച്ചു വിട്ട
ദിയകള്‍. ഇരുട്ടില്‍ ഒഴുകുന്ന പോലെ..
ക്യാമറകളുടെ ഫ്ലാഷുകള്‍ ഇടയ്ക്കിടയ്ക്ക്
മിന്നുന്നു. ഒരു വഞ്ചിയില്‍ നിന്നും മറ്റൊരു വഞ്ചി യിലേക്ക് ചാടി ചാടി കുഞ്ഞു ദിയ
വില്‍പ്പനക്കാര്‍ കച്ചവടം പൊടിപൊടിക്കുന്നു. എന്‍റെ വിശ്വാസങ്ങള്‍ ഗംഗയുമായി
കെട്ടു പിണഞ്ഞു കിടക്കാത്തത് കൊണ്ട് എന്‍റെ കണ്ണുകള്‍ സ്വതന്ത്രമായി ഒഴുകി നടന്നു.
ഗംഗ ആരതിയുടെ ഒരു ഭാഗം
ആരതി കഴിഞ്ഞ ഉടന്‍ ഞങ്ങള്‍ കരക്കണഞ്ഞു. പെട്ടെന്ന്
അവിടം വിടാനുള്ള ശ്രമം നടത്തി.
വാരാണസി യാത്രയിലാണ് ഗലികളെ ഞാന്‍ ശരിക്ക്
കണ്ടത്. കൂട്ടുകാരിക്ക് വിശ്വനാഥ ക്ഷേത്രം കാണണം എന്ന ആഗ്രഹം ഉള്ളത് കൊണ്ട് പഴയ
വിശ്വനാഥ ക്ഷേത്രം അന്വേഷിച്ചിറങ്ങി. ഏതോ ഒരു റോഡില്‍ നിന്നും ഗലികളിലേക്ക് കയറിയ
ഞങ്ങള്‍ വലിയൊരു ലോകം കാണാന്‍ തുടങ്ങുകയായിരുന്നു. മനസ്സില്‍ നല്ല ഭീതി
ഉണ്ടായിരുന്നു. തട്ടമിട്ട എന്നെ വല്ലവരും മുസ്ലിമെന്നു തിരിച്ചറിഞ്ഞാല്‍ പിന്നെ
മറ്റൊരു വിപ്ലവത്തിന് കാരണം വേറെ വേണ്ട . അത്രയും മത വികാരമുള്ള സ്ഥലം, ആളുകള്‍. അവരുടെ കൂടെപോവുമ്പോള്‍ ക്ഷേത്രം കാണണം എന്ന ആഗ്രഹാമായിരുന്നില്ല മനസ്സില്‍.
ഗലികളെന്തെന്നു മനസ്സിലാക്കണം. ഇതിനെക്കാള്‍ നല്ല ഒരു അവസരം വേറെ
കിട്ടുമായിരിക്കില്ല.
ഉള്ളിലേക്ക് പോകുംതോറും വലിയ ഒരു
ഗുഹക്കുള്ളിലേക്ക് കയറിപ്പോവും പോലെ തോന്നി. പുറം ലോകവുമായി ഒരു ബന്ധമില്ലാതെ
നിലനില്‍ക്കുന്ന ഗുഹക്കുള്ളിലെ ലോകം. രണ്ടു വശങ്ങളിലും പഴയ പൊട്ടിപൊളിഞ്ഞ
കെട്ടിടങ്ങള്‍. രണ്ടു കെട്ടിടങ്ങള്‍ക്കിടയില്‍ ഒരു ചെറിയ വിടവ്, അതാണ് വഴി.
മുകളിലേക്ക് നോക്കിയാല്‍ ചെറിയ വിടവിലൂടെ
ആകാശം ഒരു ചീളായി കാണാം. അത് തരുന്ന ഒരു ചെറിയ വെളിച്ചം . ചില ഇടങ്ങളില്‍
അതും മറച്ചു കൊണ്ട് കൂറ്റന്‍ മരങ്ങളുടെ തണല്‍. രണ്ടു വശങ്ങളിലെ കെട്ടിടങ്ങളിലും
ജനവാസം ഉണ്ടെന്നതിന്റെ ചെറിയ ലാഞ്ചനകള്‍.
കുടുസ്സു മുറികള്‍ ചിലത് ചെറിയ കടകളാണ്. രുദ്രാക്ഷ മാലകള്‍ ചന്ദനത്തിരികള്‍
പൂവുകള്‍ അങ്ങനെ പൂജാവശ്യാര്‍ത്ഥം പലതും അവിടെ വില്‍ക്കപ്പെടുന്നു.
ചിലയിടത്ത് ജങ്ങ്ഷനുകള്‍ കാണാം. രണ്ടു മൂന്നു
ഗലികള്‍ കൂടിച്ചേരുന്ന ഇടം. എങ്ങോട്ട് നീങ്ങണമെന്ന് ഒരു നിശ്ചയവുമില്ല. ചോദിച്ചു
ചോദിച്ചു മുന്നോട്ടു. ജങ്ങ്ഷനുകളില്‍ കുറച്ചു കൂടി വെളിച്ചമുണ്ട്, അവിടെ കുറച്ചു
കൂടി വലിയ തുണിക്കടകള്‍. വാരണാസി സില്‍ക് കൊണ്ട് പലതും. അങ്ങനെയുള്ളവ വിദേശ
സഞ്ചാരികളെ പ്രത്യേകം ആഘര്‍ഷിക്കാന്‍ തക്കതാണ്. ഇടയ്ക്കു അങ്ങനെയുള്ള ഒരു കടയിലും കയറി. അപ്പോഴാണ് കാണുന്നത് , ഒരു
കടക്കുള്ളില്‍ ഒരു വിശാലമായ ലോകം തന്നെയുണ്ട്. അതിനു മേലെ വീടുകള്‍. കൌതുകം. ആര്‍ക്കും
പെട്ടെന്ന് കണ്ടു പിടിക്കാന്‍ പറ്റാത്ത ഗലികള്‍ക്കുള്ളിലും വിലകൂടിയ ഉല്‍പ്പന്നങ്ങളുടെ വിപണനം. എത്ര ദൂരം
നടന്നുവെന്നറിയില്ല. അവസാനം കണ്ടു പിടിച്ചു. പ്രശസ്തമായ വിശ്വനാഥ ക്ഷേത്രം.
തിരച്ചു നടക്കുമ്പോഴേക്കും നേരം ഇരുട്ടാന്‍ തുടങ്ങിയുന്നു.
ബനാറസ് ഹിന്ദു സര്‍വകാല ശാല. ഞങ്ങളുടെ മറ്റൊരു
സന്ദര്‍ശന സ്ഥലം. പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവിയ 1916 ല്‍ നിര്‍മിച്ച ഇന്ത്യയിലെ
പ്രധാന സര്‍വകലാശാലയില്‍ ഒന്ന്. കേട്ടിട്ടുണ്ട് ഒരുപാട്. ഓട്ടോ റിക്ഷ
ഇറങ്ങിയപ്പോള്‍ ഡ്രൈവര്‍ പറഞ്ഞു. B H U നടന്നു കാണാന്‍ പോയാല്‍ ഒരു ദിവസം കൊണ്ടും
തീരില്ല. നല്ലത് ഒരു റിക്ഷ വിളിക്കുകയാണെന്ന്. രണ്ടു റിക്ഷകളിലായി ഞങ്ങള്‍
ക്യാമ്പസിന് ഉള്ളില്‍ കയറി. ക്യാമ്പസിന് അവധിയാണെന്ന് തോന്നുന്നു. ഇടക്കുള്ള പാര്‍ക്കുകളില്‍
അങ്ങിങ്ങായി ചില കുട്ടികള്‍ പുസ്തകത്തില്‍ മുഖം പൂഴ്ത്തി ഇരിക്കുന്നതൊഴിച്ചാല്‍
ക്യാമ്പസ് ശാന്തമാണ്. ഒരു ഡിപ്പാര്‍ട്ട്മെന്റ് കഴിഞ്ഞാല്‍ മറ്റൊരു ഡിപ്പാര്‍ട്ട്മെന്റ്ലേക്ക്
തന്നെയുണ്ട് നല്ല ദൂരം. പച്ച പിടിച്ചു സ്ഥലം. ഇടയ്ക്കിടയ്ക്ക് പാര്‍കുകള്‍.
കൂടുകാരി പറഞ്ഞു. ഈ കാമ്പസിനുള്ളില്‍ മയിലുണ്ടെന്ന്. ഉണ്ടാവാനും വഴിയുണ്ട്.
അത്രയും കാടുപിടിച്ചാണ് കിടപ്പ്. 140 ഡിപ്പാര്‍ട്ട്മെന്റ് ഓളം ഉണ്ടിവിടെ എന്ന്
വായിച്ചിട്ടുണ്ട്.
ബനാറസ് ഹിന്ദു സര്‍വകലാ ശാലയുടെ പ്രവേശന കവാടം
കുറെ നേരം ഉള്ളിലെ പാര്‍കിലിരുന്നു. തണുത്ത
അന്തരീക്ഷത്തില്‍ ഇളം വെയില് കായാനൊരു മോഹം. വീണ്ടും റിക്ഷക്കാരന്‍ റിക്ഷ ചവിട്ടി.
ഇപ്പോള്‍ പുതിയ വിശ്വനാഥ് ക്ഷേത്രത്തിനു മുമ്പിലാണ്. ഗാംഭീര്യത്തോടെ അതിലേറെ
ശാന്തതയോടെയാണ് ക്ഷേത്രത്തിന്‍റെ നില്‍പ്പ്. സാധാരണ ക്ഷേത്ര പരിസരത്ത് കാണാറുള്ള
തിക്കോ തിരക്കോ ബഹളമോ ഇല്ല.ഉള്ളിലേക്ക് ആര്‍ക്കും കയറാം. വിശാലമായ്
ചുറ്റുവട്ടത്തില്‍ ചിലര്‍ ഇരുന്നു വായിക്കുന്നു. ചിലര്‍ വെറുതെ ഇരിക്കുന്നു. ചിലര്‍
meditation ചെയ്യുന്നു. ചിലര്‍ ഉള്ളില്‍ കയറി പ്രാര്‍ത്ഥിക്കുന്നു. പരിസര
പ്രദേശങ്ങളില്‍ മിക്കവാറും കോളേജ് കുട്ടികളാണെന്ന് തോന്നുന്നു, ഇരുന്നു
വായിക്കുന്നുണ്ട്. എന്തോ ആ ഒരു ശാന്തത എന്നെ വല്ലാതെ ആഘര്‍ഷിച്ചു. ഇവിടെ പഠിച്ച
ഒരു കൂട്ടുകാരി പറഞ്ഞതോര്‍ത്തു. ഇരുന്നു വായിക്കാന്‍ ഏറ്റവും നല്ല സ്ഥലമാണ്. കാരണം
അത്രയും ശാന്തമാണ്. സത്യം. തിരിച്ചിറങ്ങുമ്പോള്‍ രണ്ടു വശങ്ങളിലായി കര കൌശല
വസ്തുക്കളുടെ കുറച്ചു സ്റ്റാളുകള്‍ കണ്ടു. നൂലിലും, മരത്തിലും മറ്റും തീര്‍ത്ത
പലതരം ഉല്‍പ്പന്നങ്ങള്‍. ഞാന്‍ എന്നെ തന്നെ നിയന്ത്രിക്കാന്‍ കുറച്ചു പാട് പെട്ടു.
അങ്ങനെ അതും കഴിഞ്ഞു. തിരിച്ചു ബനാറസ് ഹിന്ദു സര്‍വകാല ശാലയുടെ പ്രവേശന
കവാടത്തിലേക്ക് തിരിച്ചു ചവിട്ടി. അങ്ങനെ ബനാറസ് ഹിന്ദു സര്‍വകലാശാല കാണുക എന്ന
മോഹവും പൂവണിഞ്ഞു. തിരിച്ചു പോരുമ്പോള്‍ ആര്‍ക്കോ എതിരെ മുദ്രാവാക്യം വിളി
നടത്തുന്ന കുട്ടി നേതാക്കള്‍... അതും ഒരു added scene തന്നെ.
വാരാണസി ഒരുപാടു വിഭവങ്ങള്‍ തന്നു . എന്‍റെ കണ്ണിനും ക്യാമറക്കും . ഓരോ
തെരിവിലും എനിക്ക് കൗതുകം ഉണര്‍ത്തുന്ന ചിലപ്പോള്‍ വിചിത്രമായി തോന്നിയ, കാഴ്ചകള്‍.
കാഴ്ചകള്‍ ഒരിക്കലും അവസാനിക്കുന്നില്ലല്ലോ...
ചില കാഴ്ചകള്‍
സരാനാഥില്‍ നിന്ന്
ഗംഗ
ദിയ
kollam,yathravivaranam
ReplyDeleteകാണാത്ത കാഴ്ച്ചകള്‍ക്കൊരു അക്ഷരസാന്ത്വനം എന്ന് തോന്നി...അനുയാത്ര ചെയ്യുമ്പോലെ വിവരണവും ചിത്രങ്ങളും ഹൃദ്യം!
ReplyDeleteനന്ദി ഇക്ക, ലിഷാന...
ReplyDeleteഹൃദ്യമായ വിവരണം. ഡയറി കുറിപ്പുകൾ ഓരോന്നായി പോസ്റ്റുകളാവട്ടെ.
ReplyDeleteഅഭിനന്ദനം.
:-)again reminded about the huge country India..which is different at each nook and corner !!
ReplyDeleteravile vayichirunnu. nannaayittuNt . ente ishtanagaram anu varanasi. mukundante ,MTyude kadhakal vayicha ishtam.
ReplyDeleteravile njan fb yil kandu prathikaranam. appozhe manassilaayi athoru swpna kendramaanennu... any way vaikathe avidam santharshikkan oru avasaram undavatte ... sathyathil sandarshikkenda sthalam thanne..
ReplyDeleteഒരുപാടൊരുപാട് എഴുതാനുള്ളത് വല്ലാതെ ചുരുക്കിയ പോലെ തോന്നി. എന്നിട്ടും ഏച്ചുകെട്ടലുകളില്ലാതെ എഴുതിയത് നന്നായിട്ടുണ്ട്.
ReplyDeleteനല്ല ചിത്രങ്ങളും വിവരണങ്ങളും. "ഇതിപ്പോ വടക്കന്‍ കേരളത്തിലെ ബ്രാഹ്മിണ കല്യാണം. " അല്ലല്ലോ! വടക്കേ ഇന്ത്യയിലെ അല്ലേ?
ഇനിയും എഴുതൂ.
ചുരുക്കിയത് തന്നെയാ ചീര മുളകെ, അനുഭവം മുഴുവന്‍ പകര്‍ത്താന്‍ നിന്നാല്‍ നോവലൈറ്റ് ആവും. അപ്പൊ പിന്നെ ചുരുക്കി. പിന്നൈ, തിരുത്തിനു നന്ദി. ഞാന്‍ ശ്രദ്ധിച്ചില്ലായിരുന്നു. പിന്നെ പ്രോത്സാഹനത്തിനും നന്ദി.
Deleteഇത്രയും നല്ല യാത്രയെ അനുയാത്ര ചെയ്യാൻ വൈകിയതിൽ ചെറിയ കുറ്റബോധം....
ReplyDeletethank you pradeep kumar....
Deleteവായിച്ചു.നന്നായി.രണ്ടു പോസ്റ്റാക്കാമായിരുന്നു.
ReplyDeletethank you rosapoove... എഴുതാനുള്ള മടി കൊണ്ടാണ് ഒരു പോസ്റ്റില്‍ ഒതുക്കിയത്.
Deleteനല്ല വിവരണം.ഒളിച്ചുവെച്ച വിമര്‍ശനഭാവം തെളിഞ്ഞവരികള്‍ മനോഹരം((ഗംഗയില്‍ മുങ്ങി കുളിക്കാന്‍ വരുന്ന ഓരോരുത്തരെയും സ്വീകരിച്ചു വിരുന്നൂട്ടി വാരണാസിക്ക് സ്വയം കുളിക്കാന്‍ സമയം കിട്ടാതെ ആയിട്ടുണ്ടാവും.))((ഭിക്ഷാടകര്‍. സോറി , അങ്ങനെ വിളിക്കാന്‍ പാടില്ല, ഭിക്ഷുക്കള്‍ എന്നാണവരുടെ വിളിപ്പേര്.))
ReplyDeleteവാരാണസിയില്‍ വായനക്കാരെയും കൂടി കൂട്ടി കേട്ടോ..
Deleteവിവരണം ദീര്‍ഘമാണെങ്കിലും നന്നായി.
നല്ല വിവരണം. ഔപചാരികതയുടെ അകമ്പടികളില്ലാത്ത ഇത്തരം യാത്രകളില്‍ യാഥാര്‍ത്യങ്ങളെ തോട്ടറിയാനാവും . അത് എഴുത്തിലും നിഴലിച്ചു നില്‍ക്കുന്നു. വെന്തതും , പാതി വെന്തതുമായ ശവങ്ങളെ മാറിലെറ്റി ഒഴുകാന്‍ വിധിക്കപെട്ട ഗംഗയെ ഓര്‍ത്തു സഹതപിക്കുന്നു.വിശ്വാസം , അതല്ലേ എല്ലാം .
ReplyDeleteഎന്ത് കൊണ്ടോ ഇഷ്ടമുള്ള ഒരു നഗരമാണ് വാരണാസി. പോയിട്ടുമുണ്ട് അവിടെ. പക്ഷെ ഈ യാത്ര വ്യത്യസ്ഥം. മനോഹരമായി പറഞ്ഞു. കല്യാണവിശേശങ്ങളും ചേര്‍ത്ത്.
ReplyDeleteഎല്ലാം വേറിട്ട കാഴ്ച്ചകളാണല്ലോ ഇവിടെ...
ReplyDelete