കുട്ടിക്കളിയാവുന്ന വിവാഹങ്ങള്‍.





കഴിഞ്ഞ കുറെ ദിവസങ്ങള്‍ക്ക് മുമ്പ് സഹായം ആവശ്യപ്പെട്ടു എന്‍റെ അടുക്കല്‍  ഒരു പെണ്‍കുട്ടി വന്നു. പതിനേഴ്‌ വയസ്സുള്ള പന്ത്രണ്ടാം ക്ലാസുകാരി. കുഴപ്പം പിടിച്ച ഒരു പ്രശനമായിരുന്നു അവളുടേത്‌. അഞ്ചു ദിവസങ്ങള്‍ക്ക് മുമ്പ് അവളുടെ നിക്കാഹ് കഴിഞ്ഞു, പക്ഷെ അവള്‍ക്കയാളുടെ  കൂടെ ഒരു ജീവിതം തുടങ്ങാന്‍ താല്‍പര്യമില്ല. എന്ത് കൊണ്ടെന്നതിനു വ്യക്തമായ ഒരു ഉത്തരവുമില്ല,
എന്നെ അത്ഭുതപ്പെടുത്തിയത്, അവളുടെ മനോഭാവമായിരുന്നു. എത്ര ലാഘവത്തോടെയാണ് ആ കുട്ടി ഒരു വിവാഹ മോചനത്തെ കുറിച്ച് സംസാരിച്ചത്. സത്യത്തില്‍ വിവാഹം കഴിഞ്ഞെന്ന ബോധ്യവും കൂടി അവള്‍ക്കുണ്ടായിരുന്നില്ല. ‘പ്രൊപോസല്‍’ എന്നാണ്  അവള്‍ ആ ബന്ധത്തെ വിശേഷിപ്പിച്ചത്‌. വിവാഹം എന്ന പ്രക്രിയയുടെ പ്രാധാന്യവും, തലങ്ങളും ഒന്നും മനസ്സിലാവുകയോ, അതിനെ കുറിച്ച് ഒരു തിരിച്ചറിവുണ്ടാവുകയോ ചെയ്തിട്ടില്ലെന്ന് അവളുടെ സംസാരത്തില്‍ നിന്നും വ്യക്തം.
ആകെ ആശയക്കുഴപ്പമായിരുന്നു അവളുടെ മനസ്സില്‍. കാര്യകാരണ സഹിതം ഒരു തീരുമാനമെടുക്കാന്‍ അവള്‍ക്ക് കഴിവില്ലെന്ന് വ്യക്തമായിരുന്നു. വിവാഹ മോചനത്തിന്‍റെ ഗൗരവവും അവള്‍ക്കരിയില്ലെന്നു മാത്രമല്ല അതിന്‍റെ പ്രത്യാഘാതങ്ങളെ കുറിച്ച് അവള്‍ ആലോചിക്കുകയേ ചെയ്തിട്ടില്ല.
അവള്‍ സഹായം ആവശ്യപ്പെട്ടു സമീപിച്ച വ്യക്തി എന്ന നിലയില്‍ എന്‍റെ ചുമതല വളരെ ദുര്‍ഘടം പിടിച്ചതായിരുന്നു.. പ്രാഥമികമായ ജീവിത നൈപുണ്യങ്ങള്‍ വരെ ആര്‍ജിച്ചെടുതിട്ടില്ലാത്ത, ജീവിതത്തെ കുറിച്ച് ഒരു തിരിച്ചറിവും വന്നിട്ടില്ലാത്ത  ആ കുട്ടി എങ്ങനെ വിവാഹ ജീവിതത്തെ നേരിടും? വിവാഹം എന്ന പ്രക്രിയയിലേക്ക് കാലെടുത്തു വെക്കുക വളരെ എളുപ്പമാണെങ്കിലും, വിവാഹ ജീവിതത്തിന്‍റെ ഏറ്റ കുറചിലുകളെ പതറാതെ നേരിടാന്‍ വിവേകവും, ബുദ്ധിയും, ജീവിത നൈപുണ്യങ്ങളും, വൈകാരിക പക്വതയും എല്ലാം കൂട്ടിയിണക്കുക അത്യാവശ്യമാണ്. വൈകാരികമായ പക്വതയും, ജീവിത നൈപുണ്യവും  തീരെ ആര്‍ജിചെടുതില്ലാത്ത ആ കുട്ടിക്ക് വിവാഹ ജീവിതത്തിന്‍റെ അപകടമേഖല തരണം ചെയ്യാനാവുമോ എന്ന് ഞാന്‍ വല്ലാതെ ആശങ്കപ്പെടുന്നു.
ഈ പെണ്‍കുട്ടി നമ്മുടെ സമൂഹത്തിലെ ആയിരക്കണക്കിന് പെണ്‍കുട്ടികളുടെ പ്രതിനിധാനം ചെയ്യുന്നു.  അവള്‍ ഒരു പ്രതീകം മാത്രം,  വിവാഹത്തിന്‍റെ വയസ്സിനെ ചൊല്ലി, പ്രത്യേകിച്ച് പെണ്‍കുട്ടിയുടെ വിവാഹത്തിന്‍റെ വയസ്സിനെ ചൊല്ലി ഒട്ടേറെ ചര്‍ച്ചകളും, പോളിസികളും വിവാദങ്ങളും ഉടലെടുത്ത സാഹചര്യത്തില്‍ ഇത് പോലെയുള്ള  ജീവിതങ്ങളിലേക്ക് ഒരു എത്തിനോട്ടം നടത്തുമ്പോള്‍ വെളിപ്പെടുന്ന ഒരുപാടു കാര്യങ്ങളുണ്ട്. വയസ്സ് എന്നത് വിവാഹത്തിന്‍റെ ഏറ്റവും വലിയ  മാനദണ്ഡമായി കാണുമ്പോള്‍ വിവാഹ  ജീവിതത്തിനു അവശ്യം വേണ്ട വ്യക്തിപരമായ ഗുണങ്ങളെ  നമ്മള്‍ മാറ്റി നിര്‍ത്തുന്നു. ഒരു പെണ്‍കുട്ടിയൊ ആണ്‍കുട്ടിയോ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍  അല്ലെങ്കില്‍ പ്രവേശിപ്പിക്കുമ്പോള്‍   ആ വ്യക്തികള്‍ക്ക് അതിനു വേണ്ട പക്വതയും, വിവേകവും, തിരിച്ചറിവും, ജീവിത നൈപുണ്യങ്ങളും ഉണ്ടോ എന്ന് കണക്കിലെടുക്കേണ്ടത് അത്യാവശ്യമാണെന്ന് ഒരുപാട് വിവാഹ ജീവിതങ്ങള്‍ സാക്ഷ്യപ്പെടുതുന്നുണ്ട്.അതില്‍ പെട്ട ഒന്നാണ് മേല്പറഞ്ഞതും.
ഒരു വ്യക്തി ശാരീരികമായി പ്രായ പൂര്‍ത്തിയാവുന്നതോട് കൂടി ആ വ്യകതിക്ക് മാനസിക വളര്‍ച്ച വന്നു എന്ന് പറയനാവുകയില്ല. അങ്ങനെയെങ്കില്‍ പതിമ്മൂന്നു/ പതിനാലു  വയസ്സില്‍ തന്നെ ഇന്നത്തെ പെണ്‍കുട്ടികളെല്ലാം പക്വത കൈവരിക്കെണ്ടാതാണ്. എന്നാല്‍ കൂടുതല്‍ അപക്വമായ തീരുമാനങ്ങളും, പ്രവര്‍ത്തനങ്ങളും ഈ കാലഘട്ടത്തില്‍ തെളിയിച്ചു പറഞ്ഞാല്‍ കൗമാര കാലഘട്ടത്തില്‍ അവരില്‍ നിന്നുണ്ടാവുന്നു. ഇതെല്ലം ആ പ്രായത്തിന്റെ പ്രത്യേകതകളായാണ്   കൗമാര മനശാസ്ത്രം പരിഗണിക്കുന്നത്. എന്നാല്‍ ഇന്നത്തെ സമൂഹത്തില്‍ ഭൂരിഭാഗവും മനസ്സിലാക്കുന്നത് പോലെ  ഈ പ്രശനങ്ങള്‍കക്കെല്ലാം വിവാഹം മാത്രം  ഒരു പരിഹാരമായായി കണ്ടാല്‍   കൂടുതല്‍ പൊരുത്തകേടുകളുള്ള വിവാഹ ജീവിതം നടന്നു കൊണ്ടെയിരുക്കും. അതിന്റെ പ്രത്യഘതമെന്നോണം വിവാഹ മോചാനങ്ങളുടെ എണ്ണവും, വിവാഹേതര ബന്ധങ്ങളുടെ എണ്ണവും വര്‍ധിച്ചു കൊണ്ടേയിരിക്കും.
പതിനഞ്ചു വയസ്സ്  തുടങ്ങി അങ്ങോട്ടുള്ള വിവാഹങ്ങള്‍ പെണ്‍കുട്ടികളെ സംബന്ധിച്ച് ധാരാളമായി ഇന്നും നമ്മുടെ സമൂഹത്തില്‍ നടക്കുന്നുണ്ട്. തങ്ങളുടെ സമ്മതതോടുകൂടിയും അല്ലാതെയും വിവാഹ ജീവിതത്തിലേക്ക് കടക്കാന്‍ നിര്‍ബന്ധിതരാവുന്ന പെണ്‍കുട്ടികളുണ്ട്. ഇവര്‍ക്കിടയില്‍  പ്രാഥമിക വിദ്യഭ്യാസത്തെ പാതി വഴിയില്‍ ഉപേക്ഷിച്ചും, അല്ലാതെയും മുന്നോട്ട് പോകുന്നവരുണ്ട്. കഴിഞ്ഞ ദിവസം മറ്റൊരു പെണ്‍കുട്ടിയെ കാണാന്‍ ഇടയായി. എട്ടാം തരത്തില്‍ പഠിക്കുമ്പോള്‍ മാതാപിതാക്കളുടെ സമ്മര്‍ദം മൂലം പഠനം ഉപേക്ഷിച്ചു വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ച ആ യുവതിയുടെ ഭര്‍ത്താവിനു എന്തോ കാരണങ്ങള്‍ കൊണ്ട് അവരെ വേണ്ടാതായി. വിവാഹ മോചനം നേടി. ആ ബന്ധത്തില്‍ ഉണ്ടായിരുന്ന ആകെയുള്ള മകളും മരിച്ചു. ഇന്ന് വിവാഹ ജീവിതവും നഷ്ട്ടപ്പെട്ടു,  ഏതോ ആശുപത്രി വരാന്ത അടിച്ചു  വാരി അവര്‍ അവരുടെ വരുമാന മാര്‍ഗം കണ്ടെത്തുന്നു. പഠിക്കാന്‍ കഴിയതിന്റെ നിരാശ അവരുടെ വാകുകളില്‍ ഉറ്റി നില്‍ക്കുന്നു. പഠിച്ചിരുന്നെങ്കില്‍ ഒരു നല്ല ജോലിയെങ്കിലും കിട്ടിയേനെ എന്ന് അവര്‍ ആവര്‍ത്തിച്ചു പറയുന്നു.
ധാര്‍മികത നിലനിര്‍ത്തുകയാണ് വിവാഹം കൊണ്ട് ഇസ്ലാം ലക്ഷ്യമിടുന്ന ഏറ്റവും വലിയ ലക്ഷ്യം. പക്ഷെ ഈ ഒരു ഉദ്യേശത്തോടെ വളരെ നേരെത്തെ കല്യാണം കഴിച്ചത് കൊണ്ട് ധാര്‍മികത സംരക്ഷിക്കപ്പെടുന്നുണ്ടോ?
വിവാഹിതരായവര്‍ക്കിടയില്‍ ഉണ്ടാവുന്ന വിവാഹേത്യര ബന്ധങ്ങള്‍ വളരെ കൂടി കൊണ്ടിരിക്കുന്നു.  സത്യത്തില്‍ അവിവാഹിത ബന്ധങ്ങള്‍ നിലനിര്‍ത്തി കൊണ്ട് പോവുന്നതിനു വിവാഹം എന്നത് ഒരു മറയായി കാണുന്ന എത്രയോ ആളുകള്‍ നമുക്കിടയില്‍ ഉണ്ട്. ഇതില്‍ ആണും പെണ്ണും തമ്മില്‍ വ്യത്യാസങ്ങള്‍ ഒന്നുമില്ല. നിലവിലുള്ള വിവാഹ ബന്ധത്തിന്‍റെ പ്രശ്നങ്ങളില്‍ നിന്നും താല്‍കാലിക രക്ഷ നേടാന്‍ മറ്റു ബന്ധങ്ങളിലേക്ക് കടക്കുന്നവരും കുറവല്ല. പൊരുത്ത കേടുകളും, പ്രശ്നങ്ങളും അടിക്കടി വര്‍ധിക്കുമ്പോള്‍ ആശ്വാസമെന്നോണം, മറ്റു മൊബൈല്‍ ഫോണ്‍ ബന്ധങ്ങളിലെക്കും, ഓണ്‍ലൈന്‍ ബന്ധങ്ങളിലെക്കും നടന്നടുക്കുന്ന സംഭവങ്ങള്‍ മുസ്ലിം ഭൂരിപക്ഷ മേഖലകളിലും ധാരാളമാണ്. ഈ അധാര്‍മികതയെ ഇനി എങ്ങനെ സംരക്ഷിക്കും?
വിവാഹത്തിന് മുന്‍പ്, പെണ്ണും, ആണും, ആര്ജിചെടുക്കേണ്ടത് തിരിച്ചറിവും, വിവേകവും, ജീവിത നൈപുണ്യങ്ങളും, വൈകാരിക പക്വതയുമാണ്. തന്‍റെ ജീവിതത്തെ സംബന്ധിക്കുന്ന കാര്യങ്ങള്‍ തീരുമാനിക്കാനും, പ്രശ്നങ്ങള്‍ പരിഹരിക്കാനും, ബന്ധാങ്ങളെ കൈകാര്യം ചെയ്യാനും, വികാരങ്ങളുമായി വിവേകത്തോടെ പൊരുത്തപ്പെടാനും, സംഘര്‍ഷ അവസ്ഥകളെ യുകതിപൂരവ്വം തരണം ചെയ്യാനുമുള്ള കഴിവ്  വിവാഹിതരാവാന്‍ തയ്യാറെടുക്കുന്ന വ്യക്തികളില്‍ ഉണ്ടാവേണ്ടതാണ്. ഇതില്‍ മാതാപിതാക്കള്‍ക്കും വളരെയധികം പങ്കുണ്ട്. തന്‍റെ പെണ്‍കുട്ടിയെ വിവാഹം കഴിച്ചയക്കും മുമ്പ്, അവള്‍ക്കതിനുള്ള മാനസിക വളര്‍ച്ചയും, പക്വതയും വന്നിട്ടുണ്ടോ എന്ന് മനസ്സിലാക്കുകയും, ഇല്ല എന്നുണ്ടെങ്കില്‍ അതിനു വേണ്ട രീതിയിലുള്ള നടപടികള്‍ സ്വീകരിക്കുകയുമാണ് ചെയ്യേണ്ടത്.
ഇന്ന് കുട്ടികളെ വളര്‍ത്തുന്ന സാഹചര്യവും, രീതിയും പണ്ടത്തെ അവസ്ഥയില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ജീവിതത്തിലെ ഒരു സംഘര്‍ഷവും, ഒരു പ്രശ്നവും അറിയാതെ, സന്തോഷങ്ങള്‍  മാത്രം അറിഞ്ഞും വളരുന്നവരാണ് ഇന്നത്തെ തലമുറയില്‍ പെട്ട  ബഹു ഭൂരിപക്ഷം കൌമാരക്കാരും. കടയില്‍ പോയി ഒരു ചുരിദാര് വാങ്ങി വീട്ടിലെത്തി അതിഷ്ടപ്പെട്ടില്ലെന്നു തോന്നിയപ്പോള്‍ മാറ്റി വാങ്ങിക്കുന്ന അതെ ലാഘവത്തോടെയാണ് ഇന്ന് വിവാഹത്തെയും കാണുന്നത്. പത്താം ക്ലാസ്സു കഴിഞ്ഞു കല്യാണം കഴിഞ്ഞു അടുത്ത രണ്ടു മാസത്തിനുള്ളില്‍ വിവാഹ മോചനം നേടിയ ഒരു പെണ്‍കുട്ടിയോട് കാരണമന്വേഷിച്ചപ്പോള്‍ പറഞ്ഞത് അയാളെ അവള്‍ക്കിഷ്ട്ടമായില്ലെന്നാണ്. പിന്നെയെന്തിന് കല്യാണത്തിന് സമ്മതിച്ചെന്നു ചോദിച്ചപ്പോള്‍ അവളുടെ മറുപടി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. തന്‍റെ ക്ലാസ്സില്‍ കൂട്ടുകാരുടെയെല്ലാം കല്യാണം കഴിഞ്ഞു, അവര്‍ക്കെല്ലാം നിറയെ സ്വര്‍ണവും പുതിയ വസ്ത്രങ്ങളും കിട്ടി, അപ്പോള്‍ തനിക്കും തോന്നി കുഴപ്പമില്ലെന്ന്. അങ്ങനെ കല്യാണം കഴിച്ചു. പുതു മോടിയെല്ലാം മാറിയപ്പോള്‍ അവള്‍ക്ക് മടുക്കുകയും ചെയ്തു.
ഇതിലെല്ലാം ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? തിരിച്ചറിവ് തീരെയില്ലാത്ത ആ കുട്ടിയേയോ, അതോ തന്‍റെ മകള്‍ക്ക് കല്യാണം കഴിക്കാനുള്ള പാകത വന്നോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവളുടെ മാതാപിതാക്കളെയോ?

വിവാഹം പവിത്രമാണെന്ന് സര്‍വ മതങ്ങളും പഠിപ്പിക്കുന്നു. ആ പവിത്രതയോടെ അത് കാത്തു സൂക്ഷിക്കാന്‍ വ്യക്തികള്‍ക്ക് കഴിയണം. അതിനു വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന വ്യകതികള്‍ക്ക് അതിന്റെ ഗൗരവവും, പ്രാധാന്യവും ബോധ്യപ്പെടണം എന്ന് മാത്രമല്ല, വിവാഹ ജീവിതത്തെ തങ്ങള്‍ക്കു വിവേകപൂര്‍വ്വം നേരിടാന്‍ കഴിയും എന്ന വിശ്വസവും വേണം. അതിലപ്പുറം, വിവാഹത്തോട് സമൂഹം വെച്ച് പുലര്‍ത്തുന്ന മനോഭാവം മാറണം. വയസ്സും, ജോലിയും, സൗന്ദര്യവും, പിന്നെ പണവും മാത്രം വിവാഹത്തിന്‍റെ മാനദണ്ഡമാവുമ്പോള്‍ പിന്നെ പവിത്രത എങ്ങനെ നിലനിര്‍ത്താനാണ്? 

Comments

  1. Good one. Can relate to it, and am glad I made a good decision.

    ReplyDelete
  2. പലതും പറയാനുണ്ട്
    പക്ഷേ -----
    മം !!! ഇപ്പോൾ

    ReplyDelete
  3. "മറ്റു മൊബൈല്‍ ഫോണ്‍ ബന്ധങ്ങളിലെക്കും, ഓണ്‍ലൈന്‍ ബന്ധങ്ങളിലെക്കും നടന്നടുക്കുന്ന സംഭവങ്ങള്‍ മുസ്ലിം ഭൂരിപക്ഷ മേഖലകളിലും ധാരാളമാണ്."

    അടക്കിനിര്താനാവാത്ത ആന്തരിക ചോദനകളിൽ ഏറ്റവും പ്രധാനം സെക്സ് ആണത്രേ. സന്ദർഭവും സാഹചര്യവും ഒത്തുവരുമ്പോൾ പലരും അതിർവരമ്പുകൾ ക്രോസ് ചെയ്യുന്നു. അത് മത വിശ്വാസത്തിന്റെ കെട്ടു ചങ്ങല വെച്ച് പൂട്ടിയിടാനാവുമോ?

    nizam

    ReplyDelete

Post a Comment

Popular Posts