ആഗ്ര യാത്ര





താജ്മഹല്‍, ലോകത്തെ അത്ഭുതപ്പെടുത്തിയ വെള്ള കൊട്ടാരം. ഓരോ തവണ ചിത്രങ്ങളില്‍ കാണുമ്പോഴും എന്നെയും വല്ലാതെ മോഹിപിച്ചിട്ടുണ്ട് താജ്മഹല്‍. സത്യത്തില്‍ ആഗ്ര തന്നെ മനസ്സുടക്കിയ ഒരു പട്ടണമാണ്. മുഗള്‍ രാജാക്കന്‍മാരുടെ ഇന്ദ്രപ്രസ്ഥം. അടുത്ത ദിവസത്തെ യാത്ര അങ്ങോട്ടായിരുന്നു. ഒരുപാട് കാത്തിരിപ്പിന് ശേഷം ഏറെ  ആഗ്രഹത്തോടെ അതിലേറെ ആകാംഷയോടെ പോവുമ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത ആവേശമായിരുന്നു. രാവിലെ 5.30 ന് പുറപ്പെട്ടു. ആഗ്രയില്‍ എത്തിയപ്പോള്‍ 12 മണിയോളമായിരുന്നു. തിരക്കും ചൂടും അത്രയധികവും.

 താജ്മഹലിന് മൂന്നു പ്രവേശന കവാടമുണ്ട്. തെക്കും വടക്കും പടിഞ്ഞാറും. മറ്റൊരു ഭാഗം തുറക്കുന്നത് യമുന നദിയിലേക്കാണ്. ഞങ്ങള്‍ തെക്ക് വശത്തിലൂടെ പ്രവേശം നേടി. കൂടെ ഒരു ഗൈഡ് ഇല്ലായിരുന്നു എന്നത് ഒരു കണക്കിന് ഏറ്റവും വലിയ അമളി തന്നെയായിരുന്നു. ചുറ്റുമുള്ള കുറെ മുറികളും മറ്റും എന്തെന്നും, ഓരോ കല്ലിലും ഉറങ്ങിക്കിടക്കുന്ന ചരിത്രമെന്തെന്നും അറിയാതെ ഞങ്ങള്‍ മുന്നോട്ടു നീങ്ങി. ചിലപ്പോഴൊക്കെ ഞാന്‍ മറ്റു സന്ദര്‍ശകരുടെ ഗൈഡ്കളെ ഒളിഞ്ഞു കേട്ടു. അത്രയും ആകാംഷയുണ്ടായിരുന്നു എന്ത് നടന്നുവെന്നറിയാന്‍. പ്രധാന കവാടം കടന്നു ഞങ്ങള്‍ താജമഹലിലേക്ക് നീങ്ങി. ആദ്യ കാഴ്ച അതി ഗംഭീരമായിരുന്നു. ചിത്രങ്ങളില്‍ കണ്ടിരുന്നത്‌ താജ്മഹലിന്റെ ഒരു നിഴലു മാത്രമാണെന്ന് തോന്നിപ്പോയി. അല്ലെങ്കില്‍ ആ വെള്ള കൊട്ടാരത്തിന്റെ ഭംഗി അതേപടി ചിത്രങ്ങളില്‍ പകര്‍ത്താന്‍ കഴിയില്ലായിരിക്കാം. എന്തായാലും എന്ത് കൊണ്ടാണ് താജമഹല്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്നതെന്ന് എനിക്ക് ബോധ്യമായി.

തൂവെള്ള ആകാശത്തിനു കീഴില്‍ ആകാശത്ത് നിന്നും ഇറക്കി വെച്ച പോലെ തൂ വെള്ള നിറത്തില്‍ ഒരു കൊട്ടാരം. പ്രതിഫലനം പൂര്‍ണമാകാന്‍ യമുനാ നദിയും മുന്നിലെ കുളവും. ഫോട്ടോ എടുക്കുന്നതെല്ലാം മറന്നു കൂടുതല്‍ അടുത്തേക്ക് പെട്ടെന്ന് നീങ്ങി. അടുത്തേക്ക് നടക്കുന്തോറും വലിപ്പം കൂടി കൂടി വരുന്നു.  വെള്ള മാര്‍ബിള് കൊണ്ട് സുന്ദരമായ കൊത്തു  പണികള്‍.  ഇടയ്ക്കിടയ്ക്ക് വില കൂടിയ അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ മറ്റു  മാര്‍ബിള്‍ കഷ്ണങ്ങളും, ഭംഗിയുള്ള ആര്‍ച്ചുകളും കോണുകളും, തൂണുകളും. ഇന്ത്യന്‍ , പേര്‍ഷ്യന്‍ മാതൃകയില്‍ നിര്‍മിച്ച ഈ കൊട്ടാരം കൊട്ടാരങ്ങളുടെ കിരീടം എന്ന പേരില്‍ അറിയപ്പെടുന്നു. ഉര്‍ദുവില്‍ താജ്മഹല്‍.

1632 ല്‍ പണി തുടങ്ങിയ താജ്മഹല്‍ പൂര്‍ത്തിയായത് 1653 ലാണെന്ന് ചരിത്രം പറയുന്നു. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ എന്ന് വിളിക്കപ്പെടുന്ന ഖുറം തന്‍റെ രണ്ടാം ഭാര്യയും പ്രേമഭാജനവുമായ മുംതാസ് മഹല്‍ എന്ന് വിളിക്കപ്പെട്ടിരുന്ന അര്‍ജുമന്ദ് ബാനുവിന്‍റെ സ്മരണയിലാണ് ഈ കൊട്ടാരം പണിതത്. ഈ കൊട്ടാരത്തിന്റെ പ്രധാന ശില്പി ഉസ്താദ് അഹമദ് ലാഹോരിയാണെന്നും ചരിത്രം രേഖപ്പെടുത്തുന്നു. ഇന്ന് മുംതാസ് മഹലിന്റെയും, ഷാജഹാന്റെയും ശവകുടീരമാണ് ഈ കൊട്ടാരം.

പല രാജ്യങ്ങളില്‍ നിന്നും അമൂല്യമായ, വില കൂടിയ മാര്‍ബിള്കളാണ് താജമാഹലിനെ അതീവ സുന്ദരമാക്കുന്നത്.. കൂടാതെ മാര്‍ബിളില്‍ കൊത്തിയ  പല രൂപങ്ങളും, കോണുകളും ആര്‍ച്ചുകളും അത് നിര്‍മിച്ച ശില്പികളുടെ നിപുണത വിളിച്ചോതുന്നവയാണ്. പല സ്ഥലങ്ങളിലും ഖുര്‍ആനിലെ വ്യത്യസ്ത വാചകങ്ങള്‍ കൊത്തിയതും കാണാം. 

യമുനയിലേക്ക് തുറക്കുന്ന ബാല്‍ക്കണിയില്‍ ഇരുന്നാല്‍ ചരിത്രം കണ്ടറിഞ്ഞ യമുനാ നദി ഒന്നുമറിയാത്ത വണ്ണം ഒഴുക്കുന്നു. നേരെ അക്കരെ ഷാജഹാന്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരുന്നെന്നു പറയപ്പെടുന്ന കറുത്ത താജ്മഹലിന്റെ സ്ഥലവും കാണാം. 

ഭൂഗര്‍ഭ അറകളില്‍ പല റൂമുകളും സന്ദര്‍ശകര്‍ക്ക് നിരോധിത മേഖലകള്‍ ആണ്. ചില വാതില്‍ പഴുതിലൂടെ  ഒളിഞ്ഞു നോക്കിയാല്‍ ഉള്ളില്‍ പൊടി പിടിച്ചു കിടക്കുന്ന മുറികള്‍ കാണാം. ചില ഭാഗങ്ങളിലെല്ലാം വിള്ളലുകള്‍ പ്രത്യക്ഷമാണ്. ഇതുകൊണ്ടൊക്കെയാവാം താജ്മഹലിനു വേണ്ടത്ര സംരക്ഷണം കൊടുക്കുന്നില്ലെന്ന ആരോപണം ഇടയ്ക്കിടക്ക് ഉയരുന്നത്. 

ഒരു വശത്തായി താജ്മഹല്‍ മ്യൂസിയം കാണാം. പൂന്തോപ്പില്‍ ഒരു കറക്കവും, പിന്നെ ഒരു ഫോട്ടോ ഷൂട്ടും കഴിഞ്ഞു ഞങ്ങള്‍ താജ്മഹലിനോട്  വിടപറഞ്ഞു. വിടപറയുമ്പോള്‍ മനസ്സില്‍ വെറുതെ വന്നൊരു ചിന്ത ഇതായിരുന്നു. ഇത്രയും അമൂല്യവും, വിലകൂടിയതുമായ മാര്‍ബിളികള്‍ കൊണ്ട് വന്നു ഇത് പണിത ഷാജഹാന്‍ വലിയ ഒരു ദുര്‍വ്യയി ആയിരുന്നില്ലേ? അദ്ദേഹം തന്‍റെ പ്രജകളായ ജനങ്ങളോട്  ചെയ്തത് വലിയ അപരാധമായിരുന്നില്ലേ? ജനങ്ങളുടെ പൈസ മുഴുവന്‍ ദുര്‍വ്യയം ചെയ്ത ചക്രവര്‍ത്തി, അങ്ങനെയായിരുന്നോ ഇദ്ദേഹത്തിന്റെ കീര്‍ത്തി?

തിരിച്ചു പോരുമ്പോള്‍ ഒരു സങ്കടം ബാക്കിയായിരുന്നു. നിലാവുള്ള രാത്രിയില്‍, ചന്ദ്ര വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്ന താജ് മഹലിനെ കാണാന്‍ അപാര ഭംഗിയാണെന്ന് കേട്ടിട്ടുണ്ട്. യമുനാ നദി രാത്രിയില്‍ താജിന് കണ്ണാടിയാവുന്നത് കാണാന്‍ അതിലേറെ സുന്ദരമാണെന്നു കേട്ടിട്ടുണ്ട്. ആ രണ്ടു കാഴ്ചകളും കാണാന്‍ കഴിഞ്ഞില്ലെന്ന സങ്കടം. ഇനി മറ്റൊരു സമയത്തേക്കാവാം.

 ആഗ്ര കോട്ട 

താജ്മഹലില്‍ നിന്നും 2 km അകലയാണ് ആഗ്ര കോട്ട. മുഗള്‍ ചക്രവര്‍ത്തിമാരുടെ കൊട്ടാരം. 92 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന വലിയൊരു കോട്ട. ചരിത്രങ്ങള്‍ പറയുന്നത് ഈ കോട്ട മുഗള്‍ രാജാക്കാന്‍ മാര്‍ക്കും  വര്‍ഷങ്ങള്‍ക്കു മുമ്പ് ഏതോ രജപുത്രന്‍ പണി കഴിപ്പിച്ചതെന്നാണ്. പിന്നീട് ഈ രാജാവില്‍ നിന്ന് ഇബ്രാഹീം ലോദിയുടെ അച്ഛന്‍ സിക്കന്ദര്‍ ലോദി കൈപറ്റുകയും ആഗ്രയിലേക്ക് ഭരണ തലസ്ഥാനം മാറുകയും ചെയ്തു.  പിന്നീടു ഒന്നാം പാനിപ്പറ്റ് യുദ്ധത്തില്‍  മുഗള്‍ രാജാവ്‌ ബാബറിന്റെ വിജയത്തോടെ ഈ കോട്ട ബാബറിന്റെ കയ്യില്‍ വന്നുപെടുകയും ചെയ്തു. പിന്നീട്  ബാബര്‍  മുതല്‍ ഔറംഗസീബ്‌ വരെ ഈ കോട്ടയില്‍ താമസിക്കുകയും, പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ടത്രേ. ഇതിനിടയില്‍ രണ്ടാം പാനിപ്പറ്റ് യുദ്ധത്തോടെ ഹുമയൂണില്‍ നിന്നും ഈ കോട്ട നഷ്ട്ടപ്പെടുകയും പിന്നീട് അക്ബര്‍ അത് തിരിച്ചു പിടിച്ചു ഭരണ കേന്ദ്രം ദില്ലിയില്‍ നിന്ന് ആഗ്രയിലേക്ക് മാറ്റുകയും ചെയ്തു. ഷാജഹാന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  നടന്നതും, കോട്ട ഇന്ന് കാണുന്ന രൂപത്തില്‍ രൂപപ്പെട്ടതും.
ഒരു തരം ചുവന്ന കല്ലുകൊണ്ടാണ് ഈ കോട്ടയുടെ ഏറെ ഭാഗവും നിര്‍മിക്കപ്പെട്ടിട്ടുള്ളത്. വളരെ മോശം അവസ്ഥയില്‍ കിടന്നിരുന്ന കോട്ടയെ അക്ബറിന്റെ കാലത്ത് ചുവന്ന കല്ല്‌ കൊണ്ട് പുനര്‍ നിര്‍മാണം ചെയ്തു. എന്നാല്‍ പേര മകന്‍ ഷാജഹാന്‍ വീണ്ടും മോടി കൂട്ടാനായി വെള്ള മാര്‍ബിള്‍ പാകുകയും, വീണ്ടും കുറെ ഭാഗം കെട്ടിപ്പൊക്കുകയും ചെയ്തു.

 ഉള്ളിലേക്ക് കടക്കുന്ന പ്രവേശന കവാടത്തിനു മുമ്പായി രണ്ടു കിടങ്ങുകള്‍ ഉണ്ട്. രണ്ടും സുരക്ഷാ ഉദ്ദേശത്തോടെ ഉണ്ടാക്കിയതാണത്രെ. കൂടെയുണ്ടായിരുന്ന ഗൈഡ് , ഹരീഷ് കുമാര്‍ ആണ് വിശദാംശങ്ങള്‍ തന്നത്. ഇതില്‍ ആദ്യത്തെ കിടങ്ങില്‍ വെള്ളവും, അതില്‍ മനുഷ്യരെ തിന്നുന്ന മുതലകളും ഉണ്ടായിരുന്നത്രേ. രണ്ടാമത്തെ കിടങ്ങ് വന്യ മൃഗങ്ങള്‍ക്കുള്ളതായിരുന്നു. ആദ്യത്തെ കിടങ്ങ് ചാടി അക്രമത്തിനു വരുന്ന ശത്രുക്കളെ ഇവിടെ വന്യ മൃഗങ്ങള്‍ നേരിടുന്നു. അതും കഴിഞ്ഞാണ് പ്രധാന പ്രവേശന കവാടം. മൂന്നു പ്രവേശന കവാടമാണ് കോട്ടക്കുള്ളത്. ഒന്ന് യമുനാ നദിയിലേക്ക് തുറക്കുന്നു. അക്കാലത്തു യമുനാ നദി കൊട്ടയോടു അരികു പറ്റിയാണ് ഒഴികിയിരുന്നതത്രേ. ഇന്ന് പക്ഷെ ചുരുങ്ങി ചുരുങ്ങി ദൂരേക്ക്‌ മാറി ഒഴുകുന്നു. ഇടയില്‍ റോഡും വന്നു. രണ്ടാമത്തെ ഗേറ്റ്, അമര്‍ സിംഗ് ഗേറ്റ്. അമര്‍ സിംഗ് രാത്തോറിന്റെ പേരില്‍ അറിയപ്പെടുന്നു. പണ്ടിത് അക്ബരി ഗേറ്റ് എന്നും അറിയപ്പെട്ടിരുന്നത്രേ. പിന്നീട് ബ്രിട്ടീഷുകാർഗേറ്റിനെ  അമർ സിംഗ് ഗേറ്റ് എന്ന് വിളിച്ചത്രേ. ഈ ഗേറ്റിലൂടെ യാണ് സന്ദര്‍ശകരുടെ പ്രവേശനം. മൂന്നാം ഗേറ്റ് ഡല്‍ഹി ഗേറ്റ്. അടുത്തുള്ള പട്ടണത്തിലേക്ക് തുറക്കുന്ന രീതിയിലാണ് ഈ ഗേറ്റ്. ഇന്ന് ആ ഗേറ്റ് പൂര്‍ണമായും ഭാരത കര സേനയുടെ അധീനതയില്‍ ആണ്. കാരണം, കോട്ടയുടെ 75% ഇന്ന് ഭാരത സേനയുടെ കയ്യിലാണ്. ഓരോ രാജവംശം  മാറി മാറി ഭരിച്ചപ്പോഴും അതതു വിഭാഗത്തിന്‍റെ സേനയുടെ അധീനതയിലായിരുന്നത്രെ അത്രയും ഭാഗം. മുഗള്‍ രാജാക്കന്മാര്‍ ഭരിച്ചപ്പോഴും ആ സ്ഥലം ഒഴിച്ച്  ബാകിയുള്ള 25% സ്ഥലമായിരുന്നു അവരുടെ വസ സ്ഥലം. ബാകിയുള്ളത് അവരുടെ സേനയുടെ അധീനതയില്‍ ആയിരുന്നത്രെ. അതുകൊണ്ട് തന്നെ  ആ ഭാഗത്തിനു  സന്ദര്‍ശനാനുവാദം ഇല്ല.

ഗൈഡിന്റെ കൂടെ ഞങ്ങള്‍ അമര്‍ സിംഗ് ഗേറ്റ് കടന്നു ഉള്ളിലേക്ക് കയറി. ചരിഞ്ഞ പ്രതലത്തിലൂടെ നടന്നു കയറുമ്പോള്‍ ഗൈഡ് പറഞ്ഞു, ചരിഞ്ഞു പ്രതലവും സുരക്ഷാ ഉദ്ദേശത്തോടെ നിര്‍മിച്ചതാണത്രെ. രണ്ടു ഭാഗത്തും ചരിഞ്ഞ മതിലും കാണാം, ആ മതില്‍ സൂക്ഷിച്ചു നോക്കിയാല്‍ താഴോട്ട് നീളുന്ന ചെറിയ ചാലുകള്‍ കാണാം. രണ്ടു കിടങ്ങും ഭേദിച്ച് കടന്നു വരുന്ന ശത്രുക്കളെ തുരത്താന്‍ മതിലിനു പിന്നില്‍ ഒളിഞ്ഞിരിന്നിരുന്ന ഭടന്മാര്‍ ചുട്ട എണ്ണ ഒഴിക്കുമായിരുന്നത്രേ. അതുപോലെ മുകളില്‍ നിന്ന് ചരിഞ്ഞ പ്രതലത്തിലൂടെ വലിയ ഉരുളന്‍ കല്ലുകള്‍ ഉരുട്ടി വിടുമായിരുന്നത്രേ. ഇതെല്ലാം  ഗൈഡിന്റെ ഭാവനയില്‍ വിരിഞ്ഞ വിവരങ്ങളാണോ എന്നറിയില്ല. പക്ഷെ കേട്ടിട്ടും കണ്ടിട്ടും വിശ്വസ യോഗ്യമാണ്. എന്തായാലും അപാര ബുദ്ധിയാണ് ഈ കോട്ടയുടെ  നിര്‍മാണത്തിന്  പിന്നില്‍ പ്രവര്‍ത്തിച്ചത്. 

കോട്ടയുടെ ഉള്ളില്‍ ഒരു ഭാഗം നശിപ്പിച്ച നിലയില്‍ കാണപ്പെടുന്നു. ഈ ഭാഗം അക്ബറിന്റെ കൊട്ടാരമായിരുന്നെന്നും അത് ബ്രിട്ടീഷ്‌കാര്‍ തകര്‍ത്ത താണെന്നുമാണ് ഗൈഡിന്റെ ഭാഷ്യം. എന്തായാലും   അകത്തേക്ക് പോവും തോറും കോട്ട കൂടുതല്‍ കഥകള്‍ പറയുന്നുണ്ടായിരുന്നു. അക്ബറിന്റെ ലിവിംഗ് റൂമും ദര്‍ബാറും, അങ്ങനെയങ്ങനെ പോവുന്നു കാഴ്ചകള്‍

ജലാലുദ്ധീന്‍ എന്ന അക്ബര്‍ രാജാവ് നിരക്ഷനായിരുന്നെങ്കിലും മകന്‍ ജാഹാഗീറിന്റെ വിദ്യാഭ്യാസത്തില്‍ അദ്ദേഹം വളരെ തല്‍പരനായിരുന്നു. വലിയ അധ്യാപകരുടെ കീഴില്‍ മകനെ പഠിപ്പിക്കുക മാത്രമല്ല, ജഹാംഗീറിന് വേണ്ടി ഒരു വലിയ പുസ്തകാലയം തന്നെ കോട്ടയില്‍ അക്ബര്‍ ഒരുക്കിയിരിക്കുന്നു. വളരെ വിപുലമായ രീതിയില്‍ ഒരുക്കിയിരിക്കുന്ന പുസ്തകാലയത്തില്‍ വിവിധ മേഖലകളിലുള്ള പുസ്തകങ്ങള്‍ ഉണ്ടായിരുന്നെന്ന് ഗൈഡ് പറയുന്നു. ഈ പുസ്തകള്‍ ഇപ്പോള്‍ ഏതോ ഒരു പുരാവസ്തു കേന്ദ്രത്തില്‍ സൂക്ഷിചിട്ടുണ്ടെന്നും അയാള്‍ പറയുന്നു. എന്തായാലും ജഹാഗീര്‍ വിദ്യ സമ്പന്നനായിരുന്നെന്നു ഇതില്‍ നിന്ന് വ്യക്തമാവുന്നു.

കോട്ടയുടെ അകത്തളില്‍  കാണുന്ന കൊത്തുപണികളും ആര്‍ക്കിറെക്ച്ചരും അത്ഭുതപ്പെടുത്തുന്നതാണ്. പാഴ്ജല സംസ്കരണ വിദ്യയും, ഒരു A C യും ഇല്ലാതെ സമ്മര്‍ ഹൗസ്‌ ഇല്‍ ആസൂത്രണം ചെയ്തിട്ടുള്ള cooling affect ഉം കാണുമ്പോള്‍ അന്നത്തെ ആര്‍കിറെക്ച്ചറിനെ തൊഴുതു പോവും. മേല്‍കൂരകളിലും ചുമരുകളിലും കാണുന്ന കൊത്തുപണികള്‍ക്ക് പച്ചക്കറി ച്ചാറു കൊണ്ടും ചിലയിടങ്ങളില്‍ സ്വര്‍ണം കൊണ്ടും അലങ്കരിച്ചിരിക്കുന്നു.  സ്വര്‍ണത്തിന്‍റെ അവശേഷിപ്പുകള്‍ വളരെ അപൂര്‍വ്വം സ്ഥലങ്ങളിലേ ഉള്ളൂ... ചുരണ്ടിയെടുത്ത പാടുകള്‍ അവശേഷിക്കുന്നു. വലിയ സ്വത്ത്‌, സ്വര്‍ണമായും, അല്ലാതെയും വെള്ളക്കാര്‍ കോട്ടയില്‍ നിന്നും അടിച്ചെടുത്തിട്ടുണ്ടത്രേ. വെള്ളക്കാര്‍ വരുന്നതിനും മുമ്പ് മുഗളന്മാര്‍ തന്നെ ഒരുപാട് നശിപ്പിച്ചിട്ടുണ്ടെന്നു ചരിത്രം പറയുന്നു.

കോട്ടയുടെ ചില ഭാഗങ്ങളിലൂടെ കടന്നു പോകുമ്പോള്‍  ജോദ അക്ബര്‍ എന്ന സിനിമയുടെ പല ഭാഗങ്ങളും ഓര്‍ത്തുപോയി. സിനിമയില്‍ അക്ബര്‍ രാജാവ് ഇരിക്കുന്ന ദിവാനി ആമും, ദിവാനി ഖാസും എല്ലാം നേരില്‍ കാണുന്നു. ദിവാനി ആം എന്നാല്‍ പൊതു സഭയായും, ദിവാനി ഖാസ് എന്നാല്‍ രാജ്യ സഭയായും കണക്കാക്കപ്പെടുന്നു. അതായത്, സാധാരണക്കാരുമായി രാജാവ്‌ കൂടിക്കാഴ്ച നടത്തുന്ന സ്ഥലം ദിവാനി ആമും, മന്ത്രിമാരും,  തുല്യ പദവി യിലുള്ള ഉന്നതരും രാജാവുമായി കൂടികാഴ്ച നടത്തുന്ന സ്ഥലം ദിവാനി ഖാസും ആയി പരിഗണിക്കപ്പെട്ടിരുന്നു. കൂടാതെ ഷാജഹാന്റെ രണ്ടു പെണ്മക്കളായ രോഷ്നാരയും, ജഹന്നാരയുടെയും സ്വര്‍ണ പവലിയനുകള്‍ ഷാജഹാന്റെയും മുംതാസ് മഹലിന്റെയും പ്രത്യേക റൂമിന് രണ്ടു വശത്തായി സ്ഥിതി ചെയ്യുന്നു. ഈ പവലിയനുകള്‍ ഒറ്റ നോട്ടത്തില്‍ പല്ലകിന്റെ രൂപത്തിലാണ്. മേല്‍ക്കൂര മുഴുവന്‍ സ്വര്‍ണത്തില്‍ പണിതതായിരുന്നത്രേ. ആ സ്വര്‍ണ മേല്‍കൂര സുരക്ഷാ ഉദ്ദേശ ത്തോടെ ഇളക്കി മാറ്റുകയും പകരം ഭ്രാസു കൊണ്ട് മേല്‍കൂര പണിയുകയും ചെയ്തിരിക്കുന്നു. ഇതുകൂടാതെ മോത്തി മസ്ജിദ്( രാജകുടുംബങ്ങള്‍ക്ക് വേണ്ടി നിര്‍മിച്ച പള്ളി), പെണ്ണുങ്ങള്‍ക്ക്‌ മാത്രം വേണ്ടിയുള്ള പള്ളി, മിന മസ്ജിദ് എന്നിവയും ഷാജഹാന്റെ സംഭാവനകള്‍ ആണത്രേ. രസകരമായ മറ്റു കാഴ്ചകള്‍ മുന്തിരി തോട്ടവും, വലിയ മത്സ്യ തടാകവുമാണ് (മാച്ചി ഭവന്‍). ഈ മാച്ചി ഭവന്റെ രണ്ടു എതിര്‍ വശങ്ങളില്‍ ഇരുന്നു മുംതാസും ഷാജഹാനും ചൂണ്ടയിടല്‍ മത്സരം നടത്താറുണ്ടായിരുന്നത്രേ.. ഇപ്പോള്‍ അതെല്ലാം വരണ്ടു കിടക്കുന്നു.

ദിവാനി ആം 


 കോട്ടക്കുള്ളിൽ പതിച്ച ഒരു തരം മാർബിൾ. സൂക്ഷിച്ചു നോക്കിയാൽ 
ഇതിനൊരു 3 D AFFECT കാണാം.



മച്ച്ലി ഭവൻ 

ഷാജഹാന്റെ തടവറ 

രോഷ്നാരയുടെ പവലിയനു മുന്നില് ഞങ്ങൾ 

കൊട്ടക്കകത്തു നിന്നും ഒരു ദൃശ്യം 
മുന്തിരി തോപ്പായിരുന്നു എന്ന് പറയപ്പെടുന്ന സ്ഥലം
കോട്ടയിലെ മറ്റൊരു പ്രധാനപ്പെട്ട സ്ഥലം എന്ന് പറയാവുന്നതും  ഷാജഹാന്‍റെ ചരിത്രത്തിലെ പ്രധാനപ്പെട്ട സ്ഥലം എന്ന് വിശേഷിക്കാവുന്നതുമായ ഒരിടമാണ് മുസ്സമന്‍ ബുര്‍ജ്. ഇത് ഷാജഹാന്‍ തന്‍റെ പ്രിയ പത്നി മുംതാസിനു വേണ്ടി നിര്‍മിച്ചതാണെന്നും  പിന്നീട് ഇവിടെയാണ്‌ ഷാജഹാനെ  തടവറയില്‍ പാര്‍പ്പിക്കപ്പെട്ടത്‌ എന്നും ചരിത്രം പറയുന്നു. ഈ ഏരിയ യുടെ പ്രധാന പ്രത്യേകത താജ്മഹാലുമായി ഇത് മുഖാമുഖം നില്‍ക്കുന്നു എന്നതാണ്. സൂക്ഷമമായ കൊത്തുപണികള്‍ കൊണ്ടും വിലകൂടിയ മാര്‍ബിള്‍ കൊണ്ടും ഈ സ്ഥലം അലങ്കരിച്ചിരിക്കുന്നു. ഓരംഗസീബിന്റെ കാലത്ത് തന്‍റെ പിതാവ് ഷാജഹാനെയും, ഷാജഹാനെ പിന്തുണച്ച സഹോദരി ജഹനാരയെയും ഓരംഗസീബ് ഏതാണ്ട് പത്തു വര്‍ഷത്തോളം തടവില്‍ പാര്‍പ്പിച്ചു വെന്നും, ഈ ദിവസങ്ങളില്‍ ദൂരെ കാണുന്ന താജ്മഹല്‍ നോക്കി, മരണപ്പെട്ടുപോയ തന്‍റെ പ്രിയ പത്നി മുംതാസിനെ ഓര്‍ത്തു കൊണ്ട് ഷാജഹാന്‍ തുടര്‍ച്ചയായി കണ്ണ്നീര്‍ പൊഴി ക്കാരുണ്ടായിരുന്നെന്നും  അങ്ങനെ കാലക്രമേണ അദ്ദേഹത്തിന്റെ കാഴ്ച നഷ്ട്ടപ്പെട്ടു എന്നുമാണ് ചരിത്രം. എന്തായാലും ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍. എത്ര വലിയ മാര്‍ബിള്‍ കൊട്ടാരത്തിലാണെങ്കിലും ബന്ധനം ബന്ധനം തന്നെയാണല്ലോ. 

വിവരിക്കാന്‍ ഇനിയുമുണ്ട് ഒരുപാട് കാര്യങ്ങള്‍. പക്ഷെ ചരിത്രം മനസ്സിലാകുന്നതും, പറയുന്നതും ഒരേസമയം ദുഷ്കരം പിടിച്ച പരിപാടി ആയതിനാലും, മിക്ക ആളുകള്‍ക്കും ചരിത്രം അറിയാന്‍ അത്രയ്ക്ക് താല്പര്യമിലാത്തതിനാലും എനിക്ക് പോവാന്‍ നേരം വൈകിയതിനാലും ഇവിടെ നിര്‍ത്തുന്നു. ആഗ്ര കോട്ടയും താജ്മഹലും സന്ദര്‍ശിച്ചത് കൊണ്ട് മുഗള്‍ രാജാക്കന്മാരെ കുറിച്ച് ഒരു നല്ല പഠനം തന്നെ ഞാന്‍ നടത്തി. കണ്ടപ്പോഴാണ് പഠനം രസകരമായി തോന്നിയത്. 

ഡല്‍ഹി യാത്രയില്‍ കാണാതെ ബാക്കി വെച്ചത് പലതുമുണ്ട്. അതെല്ലാം കാണാന്‍, പ്രതീക്ഷിക്കാത്ത ഒരു യാത്ര ഇനിയുമുണ്ടാവുമെന്ന പ്രതീക്ഷയോടെയാണ് സമ്പര്‍ ക്രാന്തി എക്സ്പ്രസ്സില്‍ കേരളത്തിലേക്ക് യത്ര തിരിച്ചത്. ആ പ്രതീക്ഷ സഫലമാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ ഈ യാത്ര വിവരണം ഇവിടെ അവസാനിപ്പിക്കുന്നു.

NB:  പരാമർശിച്ചിട്ടുള്ള   ചരിത്ര വിവരങ്ങൾ കുറെയേറെ ഗൈഡ് തന്ന   വിവരങ്ങളും , പിന്നീടു ഗൂഗിൾ വായനയിലൂടെയും  മറ്റും  മനസ്സിലാക്കിയ വിവരങ്ങളും ആണ്. തെറ്റുകൾ കാണുകയാണെങ്കിൽ തിരുത്താനുള്ള സ്വാതന്ത്ര്യം ഉപയോഗപ്പെടുതുമല്ലോ. അത് എന്റെ അറിവിനെയും കൂടാതെ മറ്റുള്ളവർക്കും ഉപയോഗപ്പെട്ടേക്കാം.

Comments

  1. ചരിത്ര പഠനം ശ്രമകരം തന്നെ. ശ്രമിച്ചത് വെറുതെയായില്ല.... പ്രണയ പ്രതീകമായ താജ്മഹലിനെ കുറിച്ചുള്ള വിവരണം നന്നായിട്ടുണ്ട്...

    ReplyDelete
  2. യാത്രാ വിവരണം നന്നായിരിക്കുന്നു... താജ്മഹലിന്റെ പഴയ ഭംഗി ഇന്നില്ലെന്ന് പറയപ്പെടുന്നു. പരിസ്ഥിതി മലിനീകരണം കാരണമാണത്രെ നാശം സംഭവിക്കുന്നത്.
    ആശംസകൾ...

    ReplyDelete
  3. വായിച്ചതിനു നന്ദി, താജ്മഹലിന്റെ പഴയ ഭംഗി നശിച്ചു കൊണ്ടിരിക്കുകയാവം, അറിയില്ല, ഞാന്‍ ആദ്യമായാണ് താജ്മഹല്‍ കാണുന്നത്. പക്ഷെ ഒരു കാര്യം ഉറപ്പാണ്. യമുനാ മലിനീകരണം കാരണം ശോഷിച്ചു ശോഷിച്ചു പോവുകയാണ്. അതിനനുസരിച്ച് താജ് മഹലിനും പ്രശ്നങ്ങള്‍ ഉണ്ടാവാം.

    ReplyDelete
  4. താജ്മഹല്‍ ചരിത്രത്തിലൂടെ ഞാനും യാത്ര ചെയ്തു. കണ്ണിനിമ്പമാണെങ്കിലും ഒരു ചോദ്യമുയരുന്നു..ഇത് പാവം ജനങ്ങള്‍ അനുഭവിക്കേണ്ടുന്ന സ്വത്തല്ലേ കുമിഞ്ഞ് കൂട്ടി വെച്ചിരിക്കുന്നത്?

    ReplyDelete
  5. നല്ലൊരു വിവരണം .... ഇഷ്ട്ടായി

    ReplyDelete
  6. നല്ല വിവരണം. അഭിനന്ദനങ്ങള്‍

    ReplyDelete

Post a Comment