എന്റെ മഞ്ഞുതുള്ളി



അവളെന്റെ ഉമ്മയുടെ വയറ്റില്‍ വളരുന്നുവെന്നറിഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചോ എന്നിനെക്കറിയില്ല . കാരണം അന്നെനിക്ക് ഒന്നര വയസ്സേ ഉണ്ടായിരുന്നുള്ളൂ . തറവാട്ടിലെ ആദ്യത്തെ പെണ്‍മണിയും, പേരക്കുട്ടിയുമായി ഞാനൊരു രാജകുമാരിയെ പ്പോലെ വാഴുമ്പോയിരുന്നു അവള്‍ അവളുടെ വരവറിയിച്ചത്. അപ്പൊ പിന്നെ സന്തോഷിക്കാന്‍ വകയില്ല. കുശുമ്പായിരുന്നിരിക്കും. ഒരു ഒക്ടോബറില്‍ ഞങ്ങളിലേക്ക് വന്ന അവള്‍ക്കു  ഉമ്മയും ഉപ്പയും മഞ്ഞു തുള്ളി എന്നര്‍ത്ഥമുള്ള നദ എന്ന് പേരിട്ടു.  എന്‍റെ മഞ്ഞു തുള്ളി.

 കുശുമ്പു അത്യാവശ്യതിലേറെ ഉണ്ടായിരുന്നു അവള്‍ക്ക്. ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പോലും അവള്‍ക്ക് താത്തയെപ്പോലെയാവണം. ഉണ്ണുന്നതും ഉറങ്ങുന്നതും താത്തയെപ്പോലെ യാവണം. താത്തയുടെ പ്പോലെ ഉടുപ്പ്, താത്തയുടെ  പോലെ വള കളും മാലകളും . താത്തയുടെ  പോലെ ചെരുപ്പ്, അങ്ങനെയങ്ങനെ എല്ലാറ്റിലും ഏതിലും  ഒരു താത്ത  മയം


അതുകൊണ്ട് തന്നെ  ഇവളെ കൊണ്ട് ഞാന്‍ തോറ്റു എന്ന് കരുതിയിരിക്കുമ്പോഴാണ് അവളെ നഴ്സറിയില്‍ ചേര്‍ത്തത് . ഞാനപ്പോള്‍ രണ്ടാം ക്ലാസിലെത്തിയിരുന്നു. ഒരു  മഴകാലത്ത് വെള്ള ഷര്‍ട്ടും നീല വള്ളിയുള്ള ഉടുപ്പുമിട്ടു പുതിയ ഭാഗും അക്ഷരമാല പുസ്തകവും, സ്ലൈറ്റുമായി ചെറിയ പുള്ളികുട ചൂടി  അവള്‍ ഉമ്മയുടെ വിരലും പിടിച്ചു ഞങ്ങളുടെ കൂടെ നഴ്സറിയിലേക്ക് ഇറങ്ങി.രസമുള്ള യാത്രയായിരുന്നു അത്.
നഴ്സറിയില്‍ എത്തും വരെ സന്തോഷമായിരുന്നു അവള്‍ക്ക്. താത്തയെ  പോലെ അവളും  വല്യ കുട്ടിയായി എന്ന തോന്നലാവാം. അവളെ നഴ്സറിയില്‍ ആക്കി ഞങ്ങള്‍ ഇറങ്ങിയതും അവളാര്‍ത്തു കരയാന്‍ തുടങ്ങി. പ്രശനം ഗുരുതരമായിരുന്നു. താത്തയും അവളുടെ കൂടെ നഴ്സറിയില്‍ ഇരിക്കണം!!!നിവൃത്തി കേടു കൊണ്ട് ഉമ്മ എന്നോട് ആ ദിവസം അവളുടെ കൂടെയിരിക്കാന്‍ പറഞ്ഞു. ഞാനിരിക്കുകയും ചെയ്തു.
പക്ഷെ പ്രശനം ഒരു ദിവസം കൊണ്ട് തീരുന്നതായിരുന്നില്ല . പിറ്റേ ദിവസവും , പഴയ ലോക്കേഷനില്‍ വെച്ച് അവള്‍ അതേ സീന്‍ ആവര്‍ത്തിച്ചു. ഇത് പന്തിയല്ലെന്ന് കണ്ട ഉമ്മ അവിടുന്ന് എന്നെയും കൊണ്ട് രക്ഷപ്പെടാനൊരു ശ്രമം നടത്തി. പക്ഷെ പരാജയമായിരുന്നു ഫലം. അങ്ങനെ അന്നത്തെ ദിവസത്തെ പെര്‍ഫോമന്‍സ് കൊണ്ട് ഒരു ഗുണമുണ്ടായി. അവളുടെ നഴ്സറി, താഴെ വീട്ടിലെ താത്തയുടെയും ബാപ്പയുടെയും വീട്ടിലേക്കു മാറ്റി. ഒറ്റ വ്യത്യാസം മാത്രം. ഒരു നഴ്സറി ടീച്ചര്‍ക്ക് പകരം മൂന്നാളുകള്‍, ക്ലാസ് റൂമില്ല, പകരം തൊടിയും പറമ്പും മുഴുവന്‍ ക്ലാസ് റൂം ആയി. അങ്ങനെയാണ് അവള്‍ താതാത്തയുടെയും  ബാപ്പയുടെയും കുട്ടിയായത്. ബാപ്പയവള്‍ക്ക് നെയ്യും, ചെറുപഴവും പപ്പടവും കുഴച്ച ചോറുരുള കൊടുത്തു. അതില്‍ സ്നേഹമുണ്ടായിരുന്നത് കൊണ്ടാവാം അവള്‍ക്കത് വല്യ ഇഷ്ട്ടമായിരുന്നു. താതാത്ത (ആ വീട്ടിലെ ഉമ്മ, ഞങ്ങള്‍ അവരെ അങ്ങനെയാണ് വിളിച്ചത് ) അവള്‍ക്ക് ചോറ്റരി വെള്ളത്തിലിട്ടു കുതിര്‍ത്ത്, അമ്മിയിലരച്ചു, ഇലയില്‍ വെച്ച് ചുട്ടു കട്ടി പത്തിരി ഉണ്ടാക്കി കൊടുത്തു. വഹീദ താത്ത അവളുടെ തലയിലെ പെനെടുത്തു കൊടുത്തു, കുറുന്തോട്ടി താളിതേച്ചു കിണറ്റിലെ വെള്ളം കോരിയൊഴിച്ച് കുളിപ്പിച്ച്, മുടി  കോതിയൊതുക്കി രണ്ടു വശങ്ങളില്‍ കെട്ടി കൊടുത്തു. രഹന താത്ത അവള്‍ക്ക് ബാലരമയിലെ കഥകള്‍ വായിച്ചു കൊടുത്തു. നദീറ താത്ത അവള്‍ക്ക് കശുവണ്ടി   ചുട്ടു അണ്ടി അണ്ടി  പുട്ടുണ്ടാക്കി  കൊടുത്തു. അങ്ങനെ അവള്‍ക്ക് പേടിയില്ലാത്ത, താത്ത  ആവശ്യം ഇല്ലാത്ത  സ്നേഹം നിറഞ്ഞ ഒരു നഴ്സറി കിട്ടി.

ആ വര്‍ഷം അങ്ങനെ കഴിഞ്ഞു. അടുത്ത വര്‍ഷം  ഉമ്മയുടെ ആവലാതി കാരണം അവളെ ഉപ്പയുടെ അതായത് ഞാന്‍ പഠിക്കുന്ന സ്കൂളില്‍ കൊണ്ടിരുത്താന്‍ തീരുമാനമായി. സ്കൂളില്‍ പോവാന്‍ അവള്‍ക്ക് മടിയുണ്ടാവാന്‍ പാടില്ലല്ലോ. അങ്ങനെ അവള്‍ ഫ്രീയായി A M LP SCHOOL ലെ ഒന്നാം ക്ലാസുകാരിയായി.  താത്ത ചുമരിനപ്പുറത്തു ഉള്ളത് കൊണ്ടും, ഉപ്പയുടെ സ്കൂള്‍ ആയതു കൊണ്ടുമാവാം അവള്‍ ശാന്തയായി.

അങ്ങനെയാണ് അവള്‍ക്ക് എന്നെ കൂടാതെ വേറെ കൂട്ടുകാര്‍ ഉണ്ടായത്. രണ്ടുപേര്‍ , ഒന്ന് പോസ്റ്റ്‌ മാസ്റ്ററുടെ മകള്‍ ഖാശിയ, രണ്ടാമത്, മീര ടീച്ചറുടെ മകന്‍ ജസ്റ്റിനും.

ക്ലാസ്സില്‍ ഒരിക്കല്‍ അവള്‍ അവളുടെ തനി രൂപം കാണിച്ചു. ടീച്ചര്‍ എഴുതാന്‍ പറഞ്ഞപ്പോള്‍  അവള്‍ സ്ലൈറ്റ് എടുത്തു കയ്യില്‍ പിടിച്ചു പറഞ്ഞു, ഞാനെഴുതില്ല, എന്നെ ചേര്‍ത്തി യിട്ടില്ല എന്ന് തിരിച്ചു പറഞ്ഞു. അവളെ  ഒരു വിധത്തില്‍ ശാന്ത ടീച്ചര്‍ ശാന്തയാക്കി.ഉപ്പ ആ സ്കൂളിലെ മാഷായത് കൊണ്ട് എല്ലാ വാര്‍ത്തകളും അപ്പോപ്പോൾ ഉപ്പയുടെ അടുത്തെത്തിയിരുന്നു.

അങ്ങനെയൊക്കെയാണ് തുടക്കമെങ്കിലും പിന്നീട് സ്കൂളിൽ അവളൊരു നല്ല കുട്ടിയായി.  സ്കൂളിൽ പോകുന്നത് കൊണ്ട് അവൾക്കൊരു  ഉദ്ദേശമേ  ഉണ്ടായിരുന്നുള്ളൂ.  50 ൽ  50 മാർക്ക്  വാങ്ങുക എന്നത് മാത്രം . അതവളുടെ വാശിയായിരുന്നു. ഒരിക്കൽ ആ വാശിയിലും ഒരു തമാശക്ക് വകയുണ്ടായി.  ഒരിക്കൽ  കാകൊല്ല പരീക്ഷയോ , അരകൊല്ല പരീക്ഷയോ കഴിഞ്ഞു അവളെ കണ്ടത് നിറ  കണ്ണുകളുമായിട്ടാണ്. വീട്ടിലെത്തും വരെ കരഞ്ഞു. വീട്ടിലെത്തിയിട്ടും കരഞ്ഞു. ഉമ്മ വന്നപ്പോൾ കരച്ചിൽ  കൂടി. കാരണം നിസ്സാരമാല്ലായിരുന്നു. കണക്കിൽ  അവള്ക്ക്  49 മാർക്കേ കിട്ടിയുള്ളൂ എന്നാണ് പരാതി. ഒരു മാർക്ക് നഷ്ട്ടപെട്ടുവത്രേ.. എനിക്ക് കലിയാണ്  വന്നത്. കണക്കിൽ  നൽപ്പതിനു  മുകളിലേക്ക് മാർക്ക്  വാങ്ങാൻ ഞാൻ പാട് പെടുമ്പോഴാണ് 49 മാർക്ക്  വാങ്ങി വന്നിരുന്നു ഒരാള് കരയുന്നു.!! എന്ത് പറയാൻ.

അങ്ങനെ വ്യത്യസ്ത ഇനം തമാശകളുമായി അവളങ്ങനെ താരമായി മാറി.   അതിനിടയിൽ    അവളുടെ നല്ലകുട്ടി വേഷം എനിക്ക് പാരയായി വന്നു. പഠിക്കാന്‍ അവളെ പോലെ ഉത്സാഹ വതി അല്ലാത്ത, അത്യാവശ്യം തല്ലു കൊള്ളിയുമായിരുന്ന എന്നെ എല്ലാ കാര്യത്തിലും  അവളുമായി ഉമ്മയും ഉപ്പയും താരതമ്യപ്പെടുത്തി . പോരാത്തതിന്, സ്കൂളില്‍ ഞാന്‍ കാണിക്കുന്ന ചെറിയ ചെറിയ ഫിത്ന കള്‍ പോലും അവള്‍ ഉമ്മക്ക് റിപ്പോര്‍ട്ട്‌ ചെയ്തു കൊണ്ടിരുന്നു . അങ്ങനെ എനിക്കും കുശുമ്പ് കയറി തുടങ്ങി.

ഈ ജാര പണിയൊക്കെ എടുക്കുമെങ്കിലും എന്നെ കൂടാതെ അവളില്ലായിരുന്നു. എന്‍റെ കയ്യില്‍ നിന്നും നല്ല ചീത്ത കേട്ടാലും കടിച്ചു തൂങ്ങി എന്‍റെ പിന്നില്‍ തന്നെ യുണ്ടാവും. പെട്ടെന്ന് കരച്ചിലും വരും. അവള്‍ കരഞ്ഞാല്‍ ചീത്ത എനിക്കായിരുന്നു. ഇതു കൊണ്ട് തന്നെ അവളെ കരയിപ്പിക്കാതെ നോക്കേണ്ടത് എന്‍റെ ആവശ്യവുമായിരുന്നു.  അങ്ങനെയൊക്കെയാണെങ്കിലും എന്‍റെ മാറ്റി നിര്‍ത്താന്‍ കഴിയാത്ത ഒരു ഭാഗമായി അവളെന്നും നിന്നു.  ബാവാജിയുടെ മതിലില്‍ കക്ക് കളിക്കാനും,  കല്ല്‌ കളിക്കാനും, പിന്നെ കുട്ടിപ്പുര വെച്ച്  ചോറും കറികളും ഉണ്ടാക്കാനും അവളേ ഉണ്ടായിരുന്നുള്ളൂ എനിക്ക്. ഒരിക്കല്‍ ബാവാജി പുതുതായി വെച്ച  മതിലിന്‍ പുറത്തു  ഒരു പരീക്ഷ കഴിഞ്ഞ ദിവസം ഉച്ചക്ക്, ഉമ്മ കാണാതെ  ഞങ്ങള്‍ രണ്ടു പേരും കൂടി കക്ക് കളിക്കാന്‍ ഇറങ്ങി. കളി പൊടി പൊടിക്കുന്നതിനിടയില്‍  കാലു തെറ്റി അവള്‍ താഴെ  വീണു കയ്യൊടിഞ്ഞു. ആ കയ്യുമായി അവളോരുപാട് നടന്നു. പിന്നെയൊരിക്കല്‍ ഞങ്ങള്‍ രണ്ടു പേരും കൂടി മദ്രസയില്‍ പോകുന്നതിനിടയില്‍ ഒരു കാക്ക വന്നു അവളുടെ തലയിലൊരു കൊത്ത് കൊടുത്തു. എന്ത് മുന്‍കാല വൈരാഗ്യമാണ്  ആ  കാക്കക്ക് അവളോടുണ്ടായിരുന്നതെന്നറിയില്ല ... എന്തായാലും ആ മുറിയും കൊണ്ടും  അവളൊരു പാട്  കാലം നടന്നു. ഇങ്ങനെ പലതരം  കാട്ടികൂട്ടലുകളുമായി അവള്‍ വാഴുന്നതിനിടയില്‍ ഞാനും അവളും വളര്‍ന്നത റിഞ്ഞില്ല..

ഇന്നെന്‍റെ മഞ്ഞു തുള്ളി വളര്‍ന്നു സ്നേഹമുള്ള നഴ്സായി .. രോഗികള്‍ക്ക് പ്രിയപ്പെട്ട ശുശ്രൂഷകയായി..അടുത്ത് തന്നെ അവളൊരു പ്രിയപ്പെട്ട ഭാര്യയുമാവും എന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രാര്‍ഥിക്കുന്നു.. ഈ സുഖമുള്ള പ്രിയപ്പെട്ട ഓര്‍മ്മകള്‍ ഞാന്‍ അവളുടെ വിവാഹവേളയില്‍ ഓര്‍ക്കുന്നു. തത്തയുടെ നിഴലായിരുന്ന മഞ്ഞുതുള്ളിക്ക് നിഴലായി നില്‍ക്കാന്‍ ഇനി മുനീര്‍ ഉണ്ടാവുമെന്ന പ്രതീക്ഷയോടെ പ്രാര്‍ത്ഥനയോടെ

സ്വന്തം താത്ത..





Comments

  1. കുഞ്ഞോർമമകൾ ..:)

    ReplyDelete
  2. പ്രിയപ്പെട്ട ഓര്‍മ്മകള്‍ അല്ലെ.. നന്നായി എഴുതി..

    ReplyDelete
  3. ഓര്‍മ്മകളിലെ സ്നേഹം നിറഞ്ഞ ഒരു കുഞ്ഞുകുറിപ്പ് , നന്നായിരിക്കുന്നു.

    ReplyDelete
  4. നന്നായിട്ടുണ്ട്.....

    ReplyDelete
  5. ഓര്‍മകളെന്നും പ്രിയങ്കരം..ല്ലേ?..rr

    ReplyDelete

Post a Comment

Popular Posts