വേനലോര്‍മ്മകള്‍


     ഓര്‍മയിലൂടെ ഒരു കുട്ടിപ്പട്ടാളം നടന്നു നീങ്ങുന്നുണ്ട്; ആണും പെണ്ണും ചെറുതും വലുതുമടങ്ങിയ ഒരു കുട്ടിപ്പട. 

    ഏപ്രില്‍, മെയ്‌ മാസങ്ങള്‍ ആവുന്നത് വീടുകാരുടെ നെഞ്ചിടിപ്പ് കൂട്ടും. കുട്ടിപ്പട്ടാളത്തിന്റെ ആക്രമണം കാരണം പ്രദേശത്തെ ഒറ്റ മാവിലും മാങ്ങയും, പറങ്കി മാവില്‍ പറങ്കി മാങ്ങയും പിന്നെ ബാക്കിയുണ്ടാവില്ല. 

ഉച്ചയായാല്‍ കുടിപ്പട്ടാളത്തിന്റെ വിശ്രമം മാവിന്‍റെ ഊച്ചിയിലോ, പറങ്കി മാവിന്‍റെ ചാഞ്ഞു നില്‍ക്കുന്ന കൊമ്പത്തോ ആണ്. ഞാനും അനിയനും അനിയത്തിയും ഒഴികെ. ഞങ്ങള്‍ക്ക്  വിലക്ക് ഏര്‍പെടുത്തിയിരിക്കുകയാണ് ആ കാര്യത്തില്‍... ., ആരാന്‍റെ മാവില്‍ കല്ലെറിഞ്ഞാല്‍, കയറിക്കൂടിയാല്‍ വീട്ടില്‍ നിന്ന് വയറു നിറച്ചും കിട്ടും. പകരം ഉച്ചയൂണിനു ശേഷം അസര്‍ വരെയുള്ള സമയം ഞങ്ങള്‍ മൂവര്‍ സംഘം വീട്ടു തടങ്കലിലാണ്. വെയില് കൊണ്ട് കറുത്ത് പോവാതിരിക്കാന്‍ ഉമ്മയുടെ സുരക്ഷ പ്രൊജക്റ്റ്‌ , അന്നേരം ജനലഴിയിലൂടെ പുറം വെയില്  കാണാനോ, ബാക്കിപട അടുത്തെങ്ങാനും ഉണ്ടെങ്കില്‍ ആംഗ്യ ഭാഷയിലൂടെ ആശയ വിനിമയം നടത്താനോ മാത്രമേ ഞങ്ങള്‍ക്ക് കഴിയൂ.. പാവങ്ങള്‍ ... ആ സമയം വാതിലുപൂട്ടി ഉറങ്ങുന്ന ഉമ്മയെയും പഴിച്ചു  അസര്‍ ബാങ്ക് വിളിക്കുന്നതും കാതോര്‍ത്തു ഉറങ്ങാതെ കാത്തിരിക്കുക ... വേറെ നിവിര്‍ത്തി ഇല്ല .

       ഒന്നോ രണ്ടോ കുട്ടിപ്പുര  ഏപ്രില്‍, മെയ്‌ മാസങ്ങളില്‍ ഞങ്ങള്‍ സ്പെഷ്യല്‍ ആയി നിര്‍മിക്കും . അതിനുള്ള പ്ലാനും , സ്ഥലവും മാര്‍ച്ച് മുതലേ ഞങ്ങള്‍ സര്‍വ്വേ  ചെയ്തു  കണ്ടു പിടിക്കും. ഒന്നില്‍ നിന്നും ഇത്തിരി ദൂരെയായിരിക്കണം വേറൊന്ന്. എന്നാലെ വിരുന്നു പോക്കിന് രസം കിട്ടൂ..ചാഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ അടുത്തുണ്ടെങ്കില്‍ ബഹു സന്തോഷം. ഒരു ഊഞ്ഞാലും കെട്ടാം. അത്യാവശ്യം സൌകര്യമുള്ളതായിരിക്കണം കുട്ടിപ്പുരയെന്നു നിര്‍ബന്ധമാണ്‌.. ഒരു കുഞ്ഞു അടുക്കളയും, ഒരു ബെഡ് റൂമും നിര്‍ബന്ധമാണ്‌.... ഇതിനുള്ള ഓലയും, നിലത്തു വിരിക്കാനുള്ള ചാക്കും, താങ്ങ് കൊടുക്കാനുള്ള താങ്ങും മറ്റും ഓരോ വീട്ടില്‍ നിന്നായി ഞങ്ങള്‍ ഇതിനകം സങ്കടിപ്പിച്ചു വെച്ചിട്ടുണ്ടാവും. സ്കൂള്‍ പൂട്ടിന്റെ ആദ്യത്തെ ആഴ്ച ഞങ്ങള്‍ പുരയുടെ പണിതുടങ്ങും.. പിന്നെ പെട്ടന്ന് വീടുകൂടലും..വിരുന്നു സല്‍ക്കാരം ഒരുഗ്രന്‍ പരിപാടിയാണ്... ഓരോരുത്തരും വീട്ടില്‍ നിന്ന് ചോറും കൂട്ടാനും പൊക്കി കൊണ്ട് വന്നു, കുട്ടിപ്പട മുഴുവന്‍ ഇരുന്നൊരു ഉച്ചയൂണ്‍.., പിന്നെയങ്ങോട്ട് ഇണക്കങ്ങളും പിനക്കാങ്ങളുമായി രണ്ടുമാസം ജോരാണ്.. ഉമ്മയും ബാപ്പയും കുട്ടികളുമായി വിവിധ തരം role performance കളുടെ മത്സരം .. 

     രാവിലെയുള്ള നീന്തിക്കുളിക്കുമുണ്ട് അതിന്‍റെതായ രസം. 'നീന്തിക്കുളി' എന്നതിനേക്കാള്‍ ആ ചടങ്ങിനു നല്ല പേര് 'പുഴയില്‍ ചാട്ടം' എന്നോ 'കലക്കിമറിക്കല്‍' എന്നോ ആയിരിക്കും. മൂത്തവര്‍ ആരാണ് പുഴയില്‍ പോവുന്നതെന്ന് മണത്തറിഞ്ഞു ഓരോരുത്തരായി അവരുടെ പിന്നാലെ കൂടും 
(തനിച്ചു വിടില്ല ആരെയും).  അങ്ങനെ മൂത്തവര്‍ വളരെ രഹസ്യമായി ചെയ്യാന്‍  ഒരുങ്ങിയിരുന്ന കാര്യം, വളരെ രഹസ്യമായി തന്നെ ലീകാവും. അങ്ങനെ ചെങ്ങലയായി കുന്നിറങ്ങുന്ന കുട്ടിപ്പട്ടാളത്തെ കാണുമ്പോള്‍ തന്നെ പുഴവക്കത്തെ നമ്പൂതിരി വീട്ടുകാര്‍ക്ക് കലിയാണ്. ഇനി ഇന്നാര്‍ക്കും പുഴയിലേക്ക് കാലുകുത്താന്‍ കഴിയില്ല എന്ന പരിഭവവും, അതിലേറെ  ദേഷ്യവും കാണും അവരുടെ നോട്ടത്തില്‍.  , 
   നമ്മുടെ ആറാട്ട്‌ ഒന്നോ രണ്ടോ മണികൂര്‍ നീണ്ടതാണ്. നീന്തല്‍ മത്സരങ്ങളും, മുങ്ങാംകുഴിയിടലും, നീന്തല്‍ വശമില്ലാത്തവര്‍ക്ക്  ട്രെയിനിങ്ങും എല്ലാം അടങ്ങിയ ഒരു ദീര്‍ഘ നേര കലാപരിപാടി.  ഈ വിശാലമായ സ്നാനത്ത്തിനു ശേഷമുള്ള കുന്നു കയറ്റത്തിന് ഒറ്റെയോരാള്‍ക്കും ആവതുണ്ടാവില്ല . അലക്കിയ തുണികള്‍ ചെറിയ കെട്ടാക്കി തലയില്‍ വെച്ച് ആണ്‍കുട്ടികളും, പിറകെ ബക്കറ്റുമായി പെണ്‍പടയും ഒന്നൊന്നായി കുന്നുകയറുന്നത്  കൃഷന്‍ മാസ്റ്ററുടെ മാവിലെ പന്ജാരമാങ്ങയുടെ മധുരം ഓര്‍ത്തിട്ടാണ് . അവശേഷിക്കുന്ന ഊര്‍ജ്ജവുമായി ആ മാവിന്‍ ചോട്ടിലെത്താന്‍  മത്സരമാണ് പിന്നെ. ആദ്യം എത്തുന്ന ആളുകള്‍ക്ക് വീണു കിടക്കുന്ന മാങ്ങകള്‍ മുഴുവന്‍ പെരുക്കിതിന്നാം. പിന്നെ വരുന്നവര്‍ക്ക് മാവിന്‍റെ ഊച്ചിയില്‍ നില്‍ക്കുന്ന മാങ്ങ നോക്കി നെടുവീര്‍പ്പിടം. തരാം കിട്ടിയാല്‍ കല്ലെറിഞ്ഞു ചാടിക്കുകയും ചെയ്യാം. അങ്ങനെ കൃഷ്ണന്‍ മാസ്റ്ററുടെയും മാവിന്റെയും സ്വര്യം കൂടി കെടുത്തിയിട്ടാണ് യാത്ര തുടരുന്നത്. അത്രയൊക്കെയല്ലേ ഞങ്ങളെക്കൊണ്ട് ചെയ്യാനാവൂ.

     വൈകുന്നേരങ്ങളിലെ പരിപാടികള്‍ വെത്യസ്തമാണ്.  കുട്ടിയും പറയും മുതല്‍,  ക്രിക്കറ്റ്‌ വരെയായി വിവിധയിനം പ്രോഗ്രാമുകള്‍ . എല്ലാറ്റിനുമായി പറന്നു കിടക്കുന്ന പെരുംപരമ്പ്. പാറകള്‍ നിറഞ്ഞ കുന്നിന്‍പുറം.  പാറക്കുമേല്‍ വീണും, ഉന്തിയിട്ടും, കുട്ടിപ്പടയുടെ ഓരോ അംഗത്തിന്‍റെ ശരീരത്തിലും, major ഉം minor ഉം ആയിട്ടുള്ള പരിക്കുകള്‍ സാധാരണമാണ്. സീരിയസ് ആയി കാലോ കയ്യോ ഒടിഞ്ഞാല്‍ അല്ലാതെ കുട്ടിപ്പട പ്രോഗ്രാം മുടക്കുന്ന പ്രശ്നമില്ല. 
      
      ഇടയ്ക്കു ഉമ്മയുടെയും, അമ്മായിമാരുടെയും, വീടിലേക്കുള്ള വിരുന്നു പോക്കിലാണ്‌ പടയുടെ അംഗബലം കുറയുന്നത്. പക്ഷെ ഈ വിരുന്നുകളും ഒരു അവിഭാജ്യഘടകങ്ങളാണല്ലോ.

ഇടയ്ക്കു പെണ്‍പടയുടെ മുല്ലപൂവും, മൈലാഞ്ചിയും അന്വേഷിച്ചുള്ള യാത്രയുമുണ്ട്. ആരാന്‍റെ വളപ്പില്‍ നിന്നും മൈലാഞ്ചി ഊരിയെടുത്തു, സുബൈദ താത്താന്റെ അമ്മിയിലിട്ടരച്ചു  (മറ്റു വീട്ടുകാര്‍ അമ്മിയില്‍ മൈലാഞ്ചി അരക്കാന്‍ സമതിക്കില്ല )  രണ്ടു കൈയിലും തൊപ്പി വെക്കും. മുള്ളാന്‍ പോലും പോവാതെ കൂടുതല്‍ ചുവക്കാനായി നോക്കിയിക്കും. പിന്നെ എല്ലാവരും കൂടി ഒരു മാര്‍ക്കിടലുണ്ട്; കൈകള്‍ ചേര്‍ത്ത് വെച്ച് ഏറ്റവും കൂടുതല്‍ ചുവന്ന കൈ ഏതെന്നു . പിന്നെ ആരാന്‍റെ മുല്ലവള്ളി അന്വേഷിച്ചു നടക്കും. വാടി താഴെ  വീഴുന്നത് വരെ കാവലിരുന്നു, ഓരോന്നായി പെറുക്കിയെടുത്തു, മാലയുണ്ടാകി,  മൈലാഞ്ചി കൈകൊണ്ട് മുടിയില്‍ ചൂടി സുന്ദരികളായൊരു നടപ്പുണ്ട് പിന്നെ. ആരെയും കാണിക്കാനല്ല, സുന്ദരികളാണെന്നു സ്വയം വിളിച്ചുപറയാന്‍.....

ഇന്ന് ആ കുട്ടിപട്ടാളം കണ്ണെത്താദൂരം കടന്നു പോയി... പേര് നിലനിര്‍ത്താന്‍ മറ്റൊരു കുട്ടിപട്ടാളത്തിന്റെ വരവും ഇല്ല... എല്ലാം നിറവും, മണവും ചേര്‍ന്ന ഓര്‍മ മാത്രം...




Comments

  1. ഗൃഹാതുരത്വം തുടിക്കുന്ന കുറിപ്പ്.ബാല്യത്തിന്റെ നിഷ്കളങ്കവുമായ ചിത്രങ്ങള്‍..ഇത്തരം കൊച്ചു കൊച്ചു അനുഭവങ്ങലാനല്ലോ നമ്മുടെ വ്യക്തിത്വം ചിട്ടപ്പെടുത്തിയത്.ഇന്നത്തെ ബാല്യത്തിനു ഇത്തരം അനുഭവങ്ങള്‍ കിട്ടാക്കനി ആണല്ലോ!

    ReplyDelete

Post a Comment

Popular Posts