ഇടറുന്ന കുഞ്ഞു മനസ്സുകള്‍ 



                                          


കുഞ്ഞു നാളില്‍ കുട്ടിയോട് ആരോ ചോദിച്ചു , ' മോള്‍ക്കാരെയാ  കൂടുതല്‍ ഇഷ്ട്ടം, അച്ച്ചനെയോ, അമ്മയെയോ?' എനിക്ക് അച്ഛനെയും , അമ്മയെയും ഒരുപോലെ ഇഷട്ടാ ..." എന്ന് കുട്ടിയുടെ മറുപടി . " എടി കള്ളീ.. നീ ആളൊരു മിടുക്കിയാണല്ലോ  .. ആരെയും പിണക്കാതിരിക്കാനുള്ള സാമര്‍ത്ഥ്യം ഒക്കെ പഠിച്ചു വെച്ചിട്ടുണ്ട് അല്ലെ?" എന്ന് ചോദിച്ചവര്‍ തമാശ പറഞ്ഞു.

കഴിഞ്ഞ ദിവസം അതേ ചോദ്യമാണ് മറ്റൊരു  രീതിയില്‍ കുഞ്ഞാറ്റ യോട്  കോടതി ചോദിച്ചത് . ആരുടെ കൂടെ പോവാനാണ് ഇഷ്ടമെന്ന്. കുഞ്ഞാവുമ്പോള്‍ ആരെയും പിണക്കാതെ ഉത്തരം പറയാനുള്ള സാമര്‍ഥ്യം കുട്ടികള്‍ക്കുണ്ടാവുമെങ്കില്‍ 14 വയസ്സില്‍ ഏതൊരു കുഞ്ഞാറ്റക്കും അതിലേറെ പക്വത കൈവന്നിട്ടുണ്ടാവും. പക്ഷെ ആ പക്വത എടുത്തുപയോഗിക്കാനുള്ള അവസരമല്ല ഈ വിസ്താര വേള .. കോടതിക്കും കാഴ്ചക്കാര്‍ക്കും, എന്തിനു പണ്ട് 'അച്ഛനമ്മ' എന്ന് ഒന്നിച്ചു കേള്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന അച്ഛനും അമ്മയ്ക്കും പോലും അതിലൊരു പേരേ കേള്‍കെണ്ടൂ ..അതുകൊണ്ട് ഒന്ന് തിരഞ്ഞെടുക്കൂ..

ഈ വിസ്താര വേള  മാത്രം മതി അച്ഛനമ്മമാരുടെ വിവാഹ മോചനം കുട്ടികളിലുണ്ടാക്കുന്ന മനസികാഘാതം എത്രയെന്നു മനസ്സിലാക്കാന്‍.., കളിപ്പാട്ടം തിരഞ്ഞെടുക്കും പോലെ അച്ചനും, അമ്മയില്‍ നിന്നും ഒന്ന് തിരഞ്ഞെടുക്കാനുള്ള ആവശ്യപ്പെടല്‍.,... ഒരുതരം പറിച്ചു വേര്‍പെടുത്തല്‍...
നീതിന്യായ വ്യവസ്തയെയോ, കോടതിയേയോ ചോദ്യം ചെയ്യുകയല്ല ഉദ്ദേശം. മാതൃ- പിതൃ ബന്ധത്തിലെ താളപ്പിഴ കോടതിയോളം എത്തുമ്പോഴും ഏതൊരു കുഞ്ഞാറ്റയും അനുഭവിക്കുന്ന ആഴത്തിലുള്ള മുറിവും, വേദനയും, ആശയ കുഴപ്പവും പരമാര്‍ശിചെന്നെ ഉള്ളു...ഇത്തരം ആയിരക്കണക്കിന് കുഞ്ഞാറ്റ  മാരുണ്ട് നമ്മുടെ നാട്ടില്‍., കോടതി കയറിയവരോ, അല്ലാത്തവരോ ആയി..


ഒരു കുഞ്ഞുമുഖമാണ് ഇതെഴുതുമ്പോള്‍ മനസ്സില്‍ തെളിയുന്നത്. മനസികശുപത്രിയുടെ കുട്ടികളുടെ വാര്‍ഡില്‍ നിര്‍ത്താതെ , ചാടിയും, ഓടിയും, വികൃതി കാണിച്ചും, വിലസിയ 11 വയസ്സുകാരന്‍,. അവനെ അവിടെയെത്തിച്ചത്, അവന്‍റെ ലഹരിവസ്തുക്കളുടെ ഉപയോഗമാണ്..അമിത ലഹരിയുപയോഗം എന്ന് പ്രത്യേകം പറയനാവില്ല.. കാരണം 11 വയസ്സുകരനില്‍ ലഹരി ഉപയോഗം, ചെറുതായാലും വലുതായാലും അമിതമാണ്... ഇവനില്‍  അത് അമിതമായിട്ടു  തന്നെ ഉണ്ടായിരുന്നു..
താമസിക്കുന്ന ഗലിയിലെ മുതിര്‍ന്നവരുമായിട്ടയിരുന്നു അവന്‍റെ  കൂട്ട്.. അവര്‍ ഈ കൊച്ചു പയ്യനെ മോഷണതിനുപയോഗിച്ചു..കുട്ടിയായത് കാരണം ഏതു  ചെറിയ മാളത്തിലൂടെയും  കടത്തിവിടാം.. അങ്ങനെ അവരുടെ ഇടയില്‍ ഈ കൊച്ചുപയ്യന്‍ ഹീറോ ആയി.പകരം അവനു അവര്‍ ആ  കുഞ്ഞു കൈയില്‍ കാശു വെച്ച്  കൊടുത്തു.കുഞ്ഞു ശരീരത്തിലേക്ക് ലഹരിയുടെ പ്രത്യേകാനുഭൂതി പകര്‍ന്നുകൊടുത്തു . പെട്രോള്‍, സിഗരറ്റ് , കഞ്ചാവ്, കിട്ടിയാല്‍ കള്ളും , ഒന്നും അവന്‍ വെറുതെ വിട്ടില്ല. അച്ഛന്‍ കള്ള്  വാങ്ങാന്‍ അവനെ പറഞ്ഞു വിടുമായിരുന്നു. എതിര്‍ത്താല്‍ അമ്മക്ക് കഠിന  മര്‍ദനം , അതും കുട്ടികളുടെ മുന്നില്‍ തന്നെ.. കള്ള്  കുടിക്കാനും, അമ്മയെ തല്ലാനും മാത്രം വന്നിരുന്ന അച്ഛനെ അവന്‍  ഒരു തമാശയോടെ ഓര്‍ത്തിരുന്നു . അയാള്‍ വേറെ കല്യാണം കഴിച്ചു പോയപ്പോള്‍ കുറച്ചു സമാധാനം കിട്ടിയെന്നു അമ്മ. ഇങ്ങനെ തിരുത്താന്‍ ആരുമില്ലാതെ,  അമ്മയുടെ നിയന്ത്രണത്തിനപ്പുറതേക്ക്  അവന്‍  വളര്‍ന്നു, വളര്‍ന്നു,  ആ ആശുപത്രിയെലെത്തി. ഡോക്ടര്‍മാര്‍ conduct  disorder & attention deficit hyper active disorder എന്ന് വിധി എഴുതി. .മരുന്നുകളും ആശുപത്രി ചുറ്റുപാടുകളും , തല്ക്കാലം അവന്‍റെ  ഇച്ചയെ നിയന്ത്രിക്കുകയും, അവന്‍റെ  വികൃതികളെ നിയന്ത്രിക്കുകയും ചെയ്തു. എന്നാല്‍ ഒരു താല്‍കാലിക പരിഹാരത്തിനപ്പുറത്തേക്ക്  അതൊന്നും വളര്‍ന്നില്ല.. psychology ഉടെ സകല വിദ്യകളും പരീക്ഷിച്ചപ്പോഴും,മറ്റപെടാന്‍ കഴിയാതെ ഒന്നുണ്ടായിരുന്നു. ശിഥിലമായ അവന്‍റെ  കുടുംബം , വളരുന്ന ചുറ്റുപാട് .. മൂന്ന് നേരം മൂന്ന് കുട്ടികള്‍ക്ക് ഭക്ഷണം നല്‍ക്കാന്‍ കഷ്ട്ടപെടുന്ന  യുവതിയായ അമ്മക്ക് ഈ 11 കാരന് വേണ്ടി ആവോളം ചിലവഴിക്കാന്‍ പണമില്ലയിരുന്നു , സൌകര്യമില്ലയിരുന്നു, സമയവും ഇല്ലായിരുന്നു..ചുറ്റുപാടുകള്‍ മാറ്റാന്‍ പറ്റില്ലായിരുന്നു. അച്ചനന്‍റെ  സ്നേഹവും സംരക്ഷണവും എവിടുന്നു കൊടുക്കും. discharge നു മാസങ്ങള്‍ക്ക്  ശേഷം,മറ്റൊരു വഴിയിലൂടെ , അവനെ ക്കുറിച്ച് ലഭിച്ച വാര്‍ത്ത‍ വീണ്ടും വേദന മാത്രം തരുന്നതായിരുന്നു.. ഞങ്ങളുടെ നാലു മാസത്തെ കിണഞ്ഞ പരിശ്രമത്തിനു ശേഷം ഇന്നും അവന്‍ ആ ഗലിയിലെ അറിയപ്പെടുന്ന മോഷ്ടവാണ് , ലഹരി ഉപഭോക്താവുമാണ്. 

ജോലിയുടെ ഭാഗമായി ഇത്തരം നിരവധി കുട്ടികളെ കാണാനും കേള്‍ക്കാനും അവസരം ലഭിച്ചിട്ടുണ്ട്. അവരുടെയെല്ലാം വേദനക്ക് ഒരേ നരച്ച നിറമായിരുന്നു. തുറന്നു പറയാന്‍പോലും അറിയാത്ത ഇവരുടെ തേങ്ങലുകള്‍ പലപ്പോഴും മൗന മായിട്ടാണ് .പകരം, ഈ ആഘാതങ്ങള്‍ മറ്റു പല രീതിയില്‍ അവര്‍ പുറത്തു കാണിക്കുന്നു.. ചിലരുടെ മാനസികനില തെറ്റുന്നു,  ചിലര്‍, സമൂഹത്തിനു മുന്നില്‍ 'കുരുത്തം കേട്ടവരാകുന്നു', ചിലര്‍ ലഹരി പദാര്‍ത്ഥങ്ങളില്‍ അഭയം പ്രാപിക്കുന്നു. ചിലര്‍, 'കള്ളന്മാരും', 'ഗുണ്ടകളുമാകുന്നു '.

ഈ കുട്ടികളില്ലെല്ലാം പൊതുവായി കാണുന്നത് ഒരേതരം അരക്ഷിതവസ്ഥ യാണ്  . അവരുടെ വ്യക്തി ജീവിതത്തില്‍, ബന്ധങ്ങളില്‍, സുഹൃബന്ധങ്ങളില്‍  , പഠന മേഖലയില്‍, എന്ന് തുടങ്ങി,സാമൂഹ്യ ജീവിതത്തിലേക്ക്  വരെ നീണ്ടു പോവുന്ന, അല്ലെങ്കില്‍ ഇടയ്ക്കിടെ പൊങ്ങി വരുന്ന ഒരുതരം അരക്ഷിതാവസ്ഥ. ഇത് അവരുടെ വ്യക്തിത്വ  വികസനത്തെ, തുടര്‍ന്നുള്ള വിവാഹ ജീവിതത്തെ, തൊഴില്‍ മേഖലയെ എല്ലാം ബാധിക്കാനുള്ള സാധ്യത ഏറെയാണ്‌..

കേരളത്തിന്‍റെ  അല്ലെങ്കില്‍ ഭാരത സമൂഹത്തിന്‍റെ  തന്നെ കണ്ണില്‍ ഇത്തരം കുട്ടികള്‍ ഒരു പ്രത്യേക രീതിയില്‍ നോക്കികാണപ്പെടുകയും, അതോടൊപ്പം, വിലയില്ലാത്ത സഹതാപം  മാത്രം സമ്മാനമായി നല്‍കപ്പെടുകയും ചെയ്യുന്നു. 

ഭാര്യ-ഭര്‍തൃ പ്രശ്നങ്ങള്‍ക്ക്  പല രൂപങ്ങളുമുണ്ടാവം . ചെറുതും, വലുതുമായ പ്രശങ്ങള്‍ക്ക് തമ്മിലടിക്കുന്നവര്‍.. ചിലര്‍ ന്യായമായ കാരണങ്ങള്‍  കൊണ്ട് വേര്‍പിരിയുന്നു. ഇതൊന്നും ഇവിടെ ചര്‍ച്ച ചെയാന്‍ ഉദ്ദേശിക്കുന്നില്ല .  വിജയകരമായ ഒത്തു തീര്‍പ്പോടെ വേര്‍പിരിയുകയോ , കോടതി വിവാഹ മോചനം നല്‍കി തിരിച്ചു അവരവരുടെ ജീവിതലേക്ക് നടന്നു കയറുമ്പോഴും, കുട്ടിയുടെ സംരക്ഷണാവകാശം . നേടിയെടുക്കുമ്പോഴും ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. വേര്‍പെടുതപ്പെട്ട മാതാവിന്‍റെ/പിതാവിന്‍റെ  സ്നേഹവും, സംരക്ഷണവും, സാമീപ്യവും, മറ്റു പലതും, സംരക്ഷണാവകാശം  ലഭിച്ച പിതാവിന്/മാതാവിന് ഒറ്റയ്ക്ക് നല്‍കാന്‍ കഴിയുമോ?  ഇത് നേടാന്‍ കുട്ടി എവിടെപോവണം?

ഞാന്‍ പരാമര്‍ശിച്ച, 11 കാരനടക്കം, സാമ്പത്തികമായി പിന്നോക്കം, നില്‍ക്കുന്നവരോ, മുന്നോക്കം  നിലക്കുന്നവരോ  ആയുള്ള, ഇത്തരം ആയിരക്കണക്കിനു കുട്ടികള്‍ക്ക് വേണ്ടി സമൂഹത്തിനു  എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും, അതുപോലെ, പ്രതീകൂലമായ ചുറ്റുപാടില്‍ വളരുന്ന ഇത്തരം കുടുംബങ്ങളിലെ കുട്ടികളെ പുനരധിവിസിക്കാനുള്ള, foster  care  പോലുള്ള സംവിധാനങ്ങള്‍ നമ്മുടെ നാട്ടില്‍ തീരെ പരിചയമില്ല. അതുമല്ലെങ്കില്‍ ഇവരെ പുനരധിവസിക്കാനുള്ള non  government organisation നമ്മുടെ നാട്ടില്‍ വളരെ കുറവുമാണ്. വിവാഹ  മോചനങ്ങള്‍  ദിനം  പ്രതി കൂടുമ്പോള്‍, അതിന്നിരയാവുന്ന , കുട്ടികള്‍ക്ക് വേണ്ടി എന്ത് ചെയ്യാന്‍ കഴിയും എന്ന് സമൂഹം ചിന്തിക്കേണ്ട സമയം അതിക്രമിച്ചു പോവുന്നു .

Comments

Popular Posts