ഓണച്ചിത്രങ്ങള്‍ ...
ചിങ്ങം  പുലരുന്നത് ഞാനറിയുന്നത് അത്തം വിരുന്നെത്തി എന്ന് കേള്‍ക്കുമ്പോഴാണ്. മലയാളി ആണെങ്കിലും മലയാള മാസങ്ങളെ കുറിച്ച് അത്ര അറിവേ ഉള്ളു. അത്തം വെളുത്തു പുലരുന്ന പ്രഭാതത്തെ ആശാന്‍ സൂര്യന്‍ തന്‍റെ പ്രഭയില്‍ കുളിപ്പിച്ച് ഭൂമി ആവോളം പൂവുകൊണ്ട് പുതപ്പിച്ചു സുന്ദരിയാക്കി നിര്‍ത്തും . അന്നുമുതല്‍ എന്റേതല്ലാത്ത  വിശാലമായ പറമ്പുകളെ  വെള്ളയും , മഞ്ഞയും , ചുവപ്പും  നിറമണിയിച്ചു ഒരുക്കി നിര്‍ത്തുന്ന തുമ്പ പ്പൂവും, മൂക്കുറ്റിയും,  തെച്ചിയും കണ്ടു എന്റെ മനസ്സ് മതി മറന്നാടും. ഒരു വര്‍ഷത്തിലെ ഞാനേറ്റവും നെഞ്ചിലേറ്റുന്ന സമയം , ചിങ്ങമാസം. പെരുന്നാളിന് നാട്ടില്‍ എത്താതിരുന്നാല്‍ എനിക്കിത്രയും വിഷമം തോന്നാറില്ല.പക്ഷെ ഓണത്തിന് എന്‍റെ നാടെന്നെ വല്ലാതെ മാടിവിളിക്കുന്നു.

               ഉമ്മചികുട്ടിയായ എന്‍റെ  ഉള്ളില്‍ അത്തവും,  പൂക്കളവും, ഓണവും, സദ്യയും, തിരുവാതിരക്കളിയുമെല്ലാം, എങ്ങനെ  ഇത്ര ആഴത്തില്‍ അലിഞ്ഞു ചേര്‍ന്നു  ആവോ? വര്‍ഷങ്ങള്‍ക്കു മുന്‍പ്  സ്കൂളില്‍ പഠിക്കുന്ന കാലത്ത്, ഓണത്തിന് പരീക്ഷ കഴിഞ്ഞു സ്കൂള്‍ അടച്ചാല്‍ അയല്‍വക്കത്തെ കുട്ടികളുടെ കൂടെ അത്ത പൂക്കളമിടാന്‍ മനസ്സും കൈകളും ചാടിയിരുന്നു. വാലായി എവിടെയും ഉണ്ടാവുന്ന അനിയത്തിയെയും , അനിയനെയും  കൂട്ടി കൂട്ടുകാരിയായിരുന്ന മണികുട്ടിയുടെ വീട്ടില്‍ ഒരുവര്‍ഷം അത്തക്കളം ഇടാന്‍ എന്നെ വിളിച്ചു അവള്‍... , കളം നിറഞ്ഞപ്പോള്‍ നിറഞ്ഞത്‌ മനസ്സായിരുന്നു .പൂക്കളത്തിന്റെ ഐതീഹ്യമോ, മതപരമായ വിശ്വാസങ്ങളോ നോക്കിയോ ആവാഹിച്ചോ  ആയിരുന്നില്ല ആ കളം വരക്കല്‍..  പൂക്കളെയും പ്രകൃതിയെയും സ്നേഹിക്കുന്ന ഒരു പെണ്‍കുട്ടിയുടെ  നിറയുന്ന മനസ്സ്. അത്രയേ ഉണ്ടായിരുന്നുള്ളു. അന്ന് തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ കലിതുള്ളി  നില്‍ക്കുന്നു ഉപ്പ. പൂക്കളവും ഓണസദ്യയും എല്ലാം മുസ്ലിം സംസകരത്തിന് ചേര്‍ന്നതല്ല എന്ന് പൂക്കളെപ്പോലെ വിശുദ്ധമായ നിറഞ്ഞ മനസ്സിലേക്ക് കലര്‍ത്താന്‍ പോന്നതായിരുന്നു അന്ന് കിട്ടിയ ശാസന. ഐതീഹ്യവും , വിശ്വാസങ്ങളും ചിന്തിച്ചു മനസ്സിലാക്കാന്‍ പോലും പാകമാവാത്ത ഞങ്ങളുടെ നേര്‍ക്ക്‌ വല്ലാതെ ദേഷ്യപ്പെട്ട ഉപ്പയെപേടിച്ചു മാത്രം പിന്നീടൊരിക്കലും പൂവിടാന്‍ ഞാന്‍ മുതിര്‍ന്നില്ല . ആ സംഭവം പൂവിളികളെയും , ഓണസദ്യയെയും  വേലികെട്ടി അപ്പുറത്ത് നിര്‍ത്താനല്ല, മറിച്ചു ഉത്തരം കിട്ടാത്ത ഒരു ചോദ്യത്തെ, അസ്വസ്ഥതയെ  കൂടി മനസ്സില്‍ ഇട്ടുതരാനാണ് സഹായിച്ചത്.

പക്ഷെ ഇന്നും ഞാന്‍ തൊടിയില്‍ നിന്നും മറഞ്ഞു പോയ തുമ്പയും മുക്കുറ്റിയും , തെച്ചിയും,ചെമ്പരത്തിയും പറിച്ചു മനസ്സുകൊണ്ട് പൂക്കളമിടുന്നു. മാവേലി മന്നന്‍ എന്‍റെ  മനസ്സില്‍ വിരുന്നു വരുമെന്ന വിശ്വാസത്തിലല്ല , ചിങ്ങം പുലരുമ്പോള്‍ കണ്ണ് തുറക്കുന്ന പൂക്കളുടെ വര്‍ണ ശഭളിമ എന്നിലേക്ക്‌ ആവാഹിക്കാന്‍ മാത്രം... ആ ചിന്ത മാത്രം എനിക്ക് സമ്മാനിക്കുന്നത് നൂറു നിറങ്ങളുള്ള പ്രകാശമാണ്.

            ബിരുധനന്തര ബിരുദം നേടാനായി പിന്നീട് തൃശൂരിലേക്ക് ബസ്സ് കയറിയപ്പോഴാണ് ഓണത്തിന്‍റെ നിറമാറ്റം കണ്ടു ഞാന്‍ അന്താളിച്ചത് .വടക്കുനാഥ ക്ഷേത്ര മൈതാനിയിലും , തേക്കിന്‍ കാടു മൈതാനിയിലും തമിഴ്നാടിന്‍റെ പൂക്കള്‍ മഞ്ഞയും , ഓറഞ്ചും , വെള്ളയും , വൈലെറ്റും നിറങ്ങളില്‍ മണമില്ലാതെ വിരുന്നിനെത്തിയ കാഴ്ച ഒരേ സമയം സങ്കടവും, സന്തോഷവും തന്നു. കേരളത്തിന്‍റെ  ഉത്സവമായ ഓണവും തമിഴ്നാടിന്റെ ഭരണത്തില്‍ ആയല്ലോ എന്നതും, തെചിക്കും, തുമ്പക്കും വേണ്ടി ഇല കുമ്പിള്‍ ഉണ്ടാക്കി പൂ പറിക്കാന്‍ ഇനി കുട്ടികളെ കാണാനാവില്ലല്ലോ എന്ന കരിനിരമുള്ള സത്യങ്ങള്‍ സങ്കടം ഉണ്ടാക്കുന്നതായിരുന്നു. അതേസമയം നിറങ്ങളില്‍ പൊതിഞ്ഞ തൃശൂര്‍ ഒരു മറക്കാനാവാത്ത ഓണക്കഴ്ചയും.

             ഓണത്തിന്‍റെ പ്രധാന ഇനമായ പൂരക്കളി ഞങ്ങളുടെ ഗ്രാമത്തിനു  അപൂര്‍വമായിരുന്നു. പക്ഷെ കളിയ്ക്കാന്‍ രണ്ടില്‍ നിന്നും ഇരുനൂറും , പിന്നെ മുന്നൂറും പുലികള്‍ കൂടുന്ന പുലിക്കളി ജാഥ കണ്ടത് പൂങ്കുന്നത് ബ്ലോക്കില്‍ കിടന്ന ബസ്സിലിരുന്നാണ്. ത്രിശുവപ്പെരൂരിന്റെ പുലിക്കളി മാമാങ്കം .അതും മറ്റൊരു ഓണക്കാഴ്ച .

             വാഴയില യിട്ട് പച്ചടി , കിച്ചടി , സാമ്പാര്‍, അവിയല്‍ നിരത്തി വലിയ ഗുരുവായൂര്‍ പപ്പടവും വെച്ച് വിളമ്പുന്ന സദ്യ എന്‍റെയൊരു വലിയ ഇഷ്ടമാണ്.അത് ഓണത്തിനായാലും കല്യാണത്തിനായാലും ക്ഷണിച്ചാല്‍ ഞാന്‍ ഓടിചെല്ലും . ഓണമാവുമ്പോള്‍ സദ്യയുണ്ണാന്‍ എനിക്കും ഒരു ക്ഷണമുണ്ടാവണേ എന്ന് ഞാന്‍ നിറഞ്ഞാഗ്രഹിക്കാരുണ്ട് . എന്നാലും വളരെ  അപൂര്‍വമായേ എനിക്കാ ഭ്യഗ്യം  വീണു കിട്ടാറുള്ളൂ.. കൊല്ലങ്ങള്‍ക്ക് മുന്പ് മണിക്കുട്ടിയും വീടുകാരും ഉത്രാട ദിനത്തില്‍ അയല്‍പക്കക്കാരെ  മുഴുവന്‍ വിളിച്ചു സദ്യവട്ടം ഒരുക്കിയപ്പോള്‍ മറ്റാരോടൊക്കെയോ ഉപദേശം ചോദിച്ചാണെങ്കിലും  ഉപ്പയും കൂടി സദ്യക്ക് .ക്ഷണിച്ചാല്‍ ക്ഷണം സ്വീകരികുക സത്യവിശ്വാസിയുടെ ബാധ്യത യാണെന്ന ഹദീസിന്‍റെ  പിന്‍ബലത്തില്‍ ഗംഭീരമായി ഒരോണം മനസ്സ് നിറഞ്ഞുണ്ടു. പക്ഷെ കഴിഞ്ഞ കൊല്ലം ഉത്തരേന്ത്യന്‍ റൊട്ടി കഴിച്ചു മനം മടുത്തു രണ്ടു ദിവസം മുഴുവന്‍ സദ്യ കിനാവ്‌ കണ്ടു തീവണ്ടി കയറി നാടണഞ്ഞ ഞാന്‍ ആവേശത്തോടെ സദ്യ ഉണ്ണാന്‍ പോവനിരുന്നപോഴും വന്നു എതിര്‍പ്പ്. ന്യായങ്ങള്‍ എത്ര ആലോചിച്ചിട്ടും എനിക്ക്  പിടികിട്ടുന്നില്ല. വേണ്ടിടത്തും, വേണ്ടാത്തിടത്തും അതിര് കെട്ടി അകറ്റി നിര്‍ത്തുന്ന ഈ രീതികള്‍ സമധാനം അലിഞ്ഞു ചേര്‍ന്ന  ഇസ്ലാമിന്‍റെ താണ് എന്ന് വിശ്വസിക്കാന്‍ എനിക്ക് പ്രയാസം തോന്നുന്നു.ഇസ്ലാം പലരുടെയും കണ്ണുകളിലൂടെ യാണല്ലോ പ്രചരിപ്പിക്കപ്പെടുന്നത് . 

                         ഒരോണം കൂടി വിരുന്നെത്തുമ്പോള്‍ പൂവും പൂക്കളവും വിരുന്നായ്‌ പോലും എത്താത്ത ഒരിടത്ത്  ഒരു നൂറു ഓണ ഓര്‍മകളും, ചിന്തകളും ഇനിയും ഉത്തരം  കിട്ടാത്ത ചോദ്യങ്ങളുമായി ഞാനിരിക്കുന്നു. പട്ടു പാവാടയും കുട്ടി ട്രൌസറും ഇട്ടു പൂവും  തേടി പൂമ്പാറ്റ  നിറഞ്ഞ തൊടികളില ലയുന്ന കുട്ടികളെ ടി വി യിലെങ്കിലും  ഒരു നിമിഷം കാണാനായെങ്കില്‍ എന്ന് മനസ്സ് നിരഞാഗ്രഹിക്കാറുണ്ട്. പക്ഷെ പകരം ഒഴുകിയെത്തുന്നത്, കള്ളവും , ചതിയും , വെട്ടും കൊലയും നിറഞ്ഞ കേരം തിങ്ങാത്ത  കേരള നാടിന്‍റെ ചിത്രങ്ങളും  വാര്‍ത്തകളും മാത്രം.ഐതിഹ്യ പ്രകാരം കള്ളവും ചതിയും വെറുക്കുന്ന മാവേലി മന്നന്‍  കേരളത്തില്‍ ഈ അവസ്ഥയിലും വിരുന്നെത്തുമോ എന്ന് വിശ്വാസികള്‍ പോലും ആശങ്കപെടുന്നുണ്ടാവണം.

Comments

Popular Posts