എന്തിനീ പാര്‍ശ്വവല്‍ക്കരണം?

"നമുക്ക് രണ്ടു കണ്ണുകളും കൈകളും കാലുകളും ഒക്കെയുണ്ട് , ഒന്ന് തകരാറിലാവുമ്പോള്‍ മറ്റേതു ഉപയോഗിക്കാമല്ലോ . അതുപോലെ രണ്ടു മനസ്സ് തരാമായിരുന്നില്ലേ ദൈവത്തിന് ..ഒന്നിന്‍റെ  നില തെറ്റുമ്പോള്‍ മറ്റേതുപയോഗിക്കാന്‍....." "'. പഠിച്ചിരുന്ന മാനസികശുപത്രിയിലെ ഒരു രോഗിയുടെ ആവലാതിയാണിത് . മണ്ടതരമെന്നും അപ്രസക്തമെന്നും തോന്നിയേക്കാം. പക്ഷെ
ചെറുപ്പം മുതല്‍ ഇടയ്ക്കിടയ്ക്ക് "തകരാറിലാവുന്ന മനസ്സുള്ള" ഒരാളെ സംബന്ധിച്ച്  ഈ ചോദ്യം തികച്ചും പ്രസക്തം തന്നെ ..സ്വപ്‌നങ്ങള്‍ കാണുകയും , ആഗ്രഹങ്ങള്‍ പൂക്കുകയും സുഖം തോന്നിപ്പിക്കുകയും ഒക്കെ ചെയ്യുന്ന കൈപിടിയിലൊതുകുന്ന മനസ്സുള്ളവര്‍ക്ക് ഒരുപക്ഷെ മനസ്സിലാകാന്‍ പ്രയാസമുള്ള ചോദ്യം..

ഇടയ്ക്കിടയ്ക്ക് സമനില തെറ്റുന്ന ഒരു മനസ്സുണ്ട് എന്നതായിരുന്നില്ല ആ രോഗിയുടെ അപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം. തീര്‍ച്ചയായും അതും ഒരു പ്രശ്നം തന്നെ. പക്ഷെ അതിലുപരി, തന്‍റെതല്ലാതെ കുറ്റത്തിന് മാനസികശുപത്രിയില്‍  തന്നെ ഒഴിവാക്കിയ  കുടുംബമായിരുന്നു അവളെ അലട്ടിയിരുന്നത്. വയസ്സ് 20 നും 25 നും ഇടയില്‍ . ഇത്ര ചെറിയ പ്രായത്തില്‍ അവളെ മാനസികാശുപത്രിയില്‍ നിക്ഷേപിച്ച കുടുംബത്തിന്‍റെ പ്രശ്നം അവളാവില്ല ;പകരം അവളിലെ 'മാനസിക രോഗി' എന്നാ മായ്ച്ചു കളയാനാവാത്ത ശീര്‍ഷകമാണ്.

ഞാന്‍ മായ്ച്ചു കളയാനാവാത്ത എന്ന പദപ്രയോഗം ഇവിടെ ഉപയോഗിച്ചത് ബോധപൂര്‍വം തന്നെയാണ്..ശരീരത്തിന് ഒരു രോഗം വന്നാല്‍ 'രോഗി ' എന്ന ശീര്‍ഷകം വളരെ ചുരുങ്ങിയ കാലത്തിനിടെ അയാളില്‍ നിന്ന് അപ്രത്യക്ഷമാവും. എന്നാല്‍ മനസ്സിന് രോഗം വരുമ്പോള്‍ ഒരു പ്രത്യേകതയുണ്ട്. ഒരിക്കല്‍ വീണ്  കിട്ടിയാല്‍ പിന്നെ മായ്ക്കാനാവാത്ത ശീര്‍ഷകമാവുന്നു 'രോഗി'. അല്ലെങ്കില്‍ മാനസിക രോഗി, ഒന്ന് കൂടി മനസ്സിലാവുന്ന ഭാഷയില്‍ പറഞ്ഞാല്‍' ഭ്രാന്തന്‍/// /'. പിന്നീട് ഇദേഹവുമായി ബന്ടപ്പെടുന്ന എന്തിനും ഏതിനും ഈ ശീര്‍ഷകം വാലായി ഉണ്ടാവും. മാനസിക രോഗം ബാധിച്ച ആളുടെ അമ്മ എന്നെന്നേക്കുമായി ഭ്രാന്തന്‍റെ  അമ്മയാവുന്നു , അച്ഛന്‍,' ഭ്രാന്തന്‍റെ അച്ഛന്‍ '.ആവുന്നു... ഇങ്ങനെ ഒരു രോഗം വരുന്നതോടെ ഏതൊരാള്‍ക്കും നല്ല പബ്ലിസിറ്റി ലഭിക്കും.സംസാരത്തിനിടയില്‍ നമ്മള്‍ പറയും." അയാളുടെ അമ്മാവന്‍റെ മോളെ മോന് ഭ്രാന്താ .." അമ്മാവനെയോ മോളെയോ  എന്തിനു അയാളെപോലും ശരിക്കും അറിയാത്ത ഒരാളോടായിരിക്കും  വിളമ്പല്‍ .ഈ പറയുന്ന രോഗം എന്നേ കെട്ടടങ്ങിയിട്ടുണ്ടാവും. പിന്നെയും അയാള്‍ ഭ്രാന്തന്‍ തന്നെ...!!!


ഇതൊരുതരം പാര്ശ്വവല്‍ക്കരണമാണ്. ഇതിനു    മാനസികരോഗമോളം  തന്നെ  പഴക്കമുണ്ട്. മാനസിക രോഗങ്ങളുമായി ബന്ധപ്പെട്ട്  ഉണ്ടായിരുന്ന  ധാരണകളിലും , ചികിത്സ രീതികളിലും .നിയമങ്ങളിലും  എല്ലാം പ്രതീക്ഷാര്‍ഹാമായ  മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നിട്ടും എന്തേ മാനസിക രോഗം ബാധിച്ച ആളുകളോട് നമ്മുടെ മാനസിക സമീപനം മാറാതിരുന്നത്?... ഇത്ര ശക്തമായി സമൂഹം ഈ രോഗികളെ ഭയക്കുന്നത്... ? എന്തിനു മനസികരോഗവുമായി ബന്ധപ്പെട്ട പലതിനെയും നമ്മള്‍ ഭയക്കുന്നത് ? പഠന കാലത്ത് abnormal pssychology ബന്ധപ്പെട്ട ഒരു പുസ്തകം അന്വേഷിച്ചു കോഴിക്കോട് പുസ്തക ശാലകള്‍ കയറി ഇറങ്ങുമ്പോള്‍ രസകരമായ ഒരു സംഭവം ഉണ്ടായി. ഒരു പുസ്തക ശാലയില്‍ ചെന്ന് ചോദിച്ചു. ചേട്ടാ... abnormal psychology യുടെ ഈ ന്പുസ്തകമുണ്ടോ?. കേട്ട് നിന്ന അവിടെ ഉണ്ടായിരുന്ന മറ്റൊരു കസ്റ്റെമര്‍ എന്നെ വിളിച്ചു സ്വകാര്യമായി ഒന്ന് ഉപദേശിച്ചു. " കുട്ടി അവിവാഹിതയായ ഒരു പെണ്‍കുട്ടിയല്ലേ. ഇങ്ങനെ ഭ്രാന്തിന്‍റെ പുസ്തകവും ചോദിച്ചു കടകളില്‍ കയറി  ഇറങ്ങിയാല്‍, ആളുകള്‍ മറ്റു പലതും കരുതില്ലേ..." കേട്ട് നിന്ന ഞാന്‍ അമ്പരന്നു പോയി.. മാനസികരോഗം മാത്രമല്ല, അതുമായി ബന്ധപ്പെട്ട എന്തിനും 'പല' അര്‍ത്ഥങ്ങളു മാണെന്ന് ആ അനുഭവം എന്നെ ബോധ്യപ്പെടുത്തി. പിന്നീട് ജോലി ചെയ്യുമ്പോഴും ആരെയെങ്കിലും നിപുണരായ മാനസികാരോഗ്യ വിദഗ്ദ്ധരുടെ അടുത്തേക്ക് പറഞ്ഞയക്കാന്‍ മുതിരുമ്പോള്‍, അവരില്‍ നിന്നുള്ള പ്രതികരണം മറ്റൊന്നായിരുന്നു.."നാട്ടിലെ വേണ്ട, ആരെങ്കിലും കാണുകയോ അറിയുകയോ ചെയ്താല്‍, അതുപിന്നെ ഗുലുമാലവും..പെണ്‍കുട്ടിയല്ലേ.." ഈ വികാരം മാറ്റാനുള്ള സമയമായില്ലേ ഇനിയും ?

ഈ ശീര്‍ഷകവും സമൂഹത്തിന്‍റെ  സമീപനവും മാനസിക രോഗികളിലും അവരുടെ കുടുബങ്ങളിലും രോഗത്തിനെക്കാള്‍ വലിയ സംഘര്‍ഷമാണ് വരുത്തി വെക്കുന്നത്.. ചികിത്സ കഴിഞ്ഞു രോഗം ഒരു വിധം നിയന്ത്രിക്കപ്പെട്ട വരില്‍ സമൂഹത്തില്‍ നിന്നുള്ള പര്ശ്വവല്‍ക്കരണവും,പരിഹാസവും, അതിലേറെ സഹതാപവും വല്ലാത്ത മാനസിക സന്ഘര്‍ഷമുണ്ടാക്കുന്നതായി കണ്ടിട്ടുണ്ട്... അവരില്‍ insecurityഉം, inferiority complex ഉം, ഉണ്ടാക്കാന്‍ ഇതൊക്കെ കാരണമാവുകയും, വീണ്ടുമൊരു ഉള്‍വലിയലിനും എന്തിനേറെ ചിലപ്പോഴൊക്കെ രോഗ ലക്ഷങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെടാനും ഇത് വഴി ഒരുക്കാറുണ്ട്...ചുരുക്കിപറഞ്ഞാല്‍ മനസ്സമാധാനത്തോടെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥ. അവരുടെ കുടുംബത്തിന്റെ ഗതിയും,മറിച്ചല്ല...എല്ലാ അംഗങ്ങളെയും ഇത് ഒന്നല്ലെങ്കിലും മറ്റൊരു തരത്തില്‍ ബാധിക്കുന്നു... ബന്ധങ്ങളില്‍ പാളിച്ചകള്‍ ഉണ്ടാവുന്നു....അങ്ങനെ പോവുന്നു കാര്യങ്ങള്‍..

ഇതിനെല്ലാം ഒരു അവസാനം വേണ്ടേ..? പരിഹാരങ്ങള്‍ ഉണ്ടാവേണ്ടേ?...ബന്ധപ്പെട്ട അതികൃതരുടെ ഭാഗത്ത്‌ നിന്ന്, നിപുണമായ planning ഉം, ഇഴഞ്ഞിഴഞ്ഞുള്ള പ്രവര്‍ത്തനങ്ങളും ഉണ്ടാവുന്നുണ്ട്. അതിനെല്ലാം ഉപരി ഓരോരുത്തരും ഇതിനെക്കുറിച്ച്‌. ബോധാവാരവുകയും ധാരണ കളിലും മനോഭാവത്തിലും, അതുമൂലം തുടര്‍ന്നുള്ള സമീപങ്ങളിലും സ്വയം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമങ്ങള്‍ ഉണ്ടാവുകയുമാണ് വേണ്ടത്.. മാനസിക രോഗം എന്നത്, ശരീരത്തെ ബാധിക്കുന്നത് പോലെ മനസിന്‌ പല ബാഹ്യ ആന്തര കാരണങ്ങള്‍  കൊണ്ടുണ്ടാവുന്ന രോഗങ്ങളാണ്...ഇതിനു കൃത്യമായ ചികിത്സ ഉണ്ട്. ചില രോഗങ്ങള്‍ നിയന്ത്രണത്തില്‍ കൊണ്ട് വരാന്‍  കഴിയുകയും,ചിലത് പൂര്‍ണമായി ഭേദപ്പെടുത്താന്‍ സാധിക്കുകയും ചെയ്യും. ഇത്തരം രോഗങ്ങളുടെ ചികിത്സയില്‍, സാമൂഹ്യ, കുടുംബപരമായ സാനിധ്യം വളരെ വലുതാണ്. ഇത്തരം രോഗികള്‍ മതുല്ലവരില്‍ നിന്നും ആഗ്രഹിക്കുന്നത്, വിലകുറഞ്ഞ സഹതാപമല്ല, മറിച്ചു സ്നേഹവും,സാന്ത്വനവും,തുല്ല്യ പരിഗണനയുമാണ്.ഇത്തരം ലളിതമായ കാര്യങ്ങള്‍ സമൂഹത്തിലെ ഓരോരുത്തരും മനസ്സിലാക്കേണ്ടതുണ്ട്. അതുവഴിയുണ്ടാവുന്ന തുറന്ന സമീപനമാണ്, 6% വരുന്ന മാനസിക രോഗികള്‍ സമൂഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്. അങ്ങനെ മാനസികാരോഗ്യത്തോടെ ജീവിക്കുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ നമ്മെ കൊണ്ടാവുന്നത്‌ നമുക്കും ചെയ്തൂടെ?


Comments

Popular Posts