ജാര്‍ഖണ്ട് ഡയറി 1- आलाप्पी -धानबाद एक्सप्रेस ( ആലപ്പി-ധാന്‍ബാദ് എക്സ്പ്രസ്സ് )
ഇന്നും
ഞാന്‍ റാഞ്ചിയെ സ്വപനം കണ്ടു. ഇതിപ്പോള്‍ പതിവാണ്. ഇടക്കിടക്കിടക്ക് സ്വപ്നത്തില്‍ റാഞ്ചി കയറി വരും. വളരെ
ഇഷ്ട്ടത്തോടെ യാണ് ഞാന്‍ ആ സ്വപ്നങ്ങള്‍ നെഞ്ചില്‍ സൂക്ഷിക്കുന്നത്. ഞാനിത്രയും
റാഞ്ചിയെ സ്നേഹിച്ചിരുന്നു എന്ന് ഇപ്പോഴാണ് ഞാന്‍ മനസ്സിലാക്കുന്നത്... . അവിടെ
ജീവിച്ചിരുന്ന രണ്ടു വര്‍ഷകാലം ഓരോ
നിമിഷവും ഞാന്‍ അവിടുന്ന് രക്ഷപെടാന്‍ ആഗ്രഹിച്ചിരുന്നു. എന്നിട്ടിപ്പോള്‍ ഒരു
ദിവസം എത്ര തവണ ഞാന്‍ റാഞ്ചിയെ ഓര്‍ക്കുന്നു. ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെ പച്ച
എന്ന് പറയുന്നത് എത്ര സത്യം!!
ഈ സ്വപ്‌നങ്ങള്‍
എന്നെ റാഞ്ചി യെ ക്കുറിച്ച് എഴുതാന്‍ പ്രേരിപ്പിക്കുന്നു. വല്ലാതെ
വെമ്പല്‍ കൊള്ളുന്നു. അതിനു കാരണമുണ്ട്. റാഞ്ചി സ്ഥിതി കൊള്ളുന്ന ജാര്‍ഖണ്ട്
എനിക്ക് ഒരു പാട് പുതിയ കാഴ്ചകള്‍, അനുഭവങ്ങള്‍ തന്നിട്ടുണ്ട്. വേറിട്ട കുറെ
ജീവിതങ്ങളെ, ജീവിത രീതികളെ കാണിച്ചു
തന്നു. എനിക്ക് പരിചയമില്ലാത്ത കുറെ ആചാര രീതികളെ സംസ്കാരത്തെ പരിജയപ്പെടുത്തി
തന്നിട്ടുണ്ട്. അതെല്ലാം എനിക്ക് പുതിയ പാഠങ്ങള്‍ തന്നെയായിരുന്നു. ഇതെല്ലാം
വായിക്കുന്നവര്‍ക്കും പുതിയതാവുമെന്നു എനിക്ക് തോന്നുന്നു. കാരണം ജാര്‍ഖണ്ട്
ഒരുപാടു ആളുകള്‍ക്ക് പരിജയമുള്ള സ്ഥലമാണെന്ന് തോന്നുന്നില്ല.
ഇത്രയൊക്കെ
പോരെ ഒരു സ്ഥലത്തെ കുറിച്ച് എഴുതാന്‍ കാരണങ്ങള്‍? അപ്പോള്‍ ഞാനിതിനു ജാര്‍ഖണ്ട് ഡയറി
എന്ന് പേരിട്ടു വിളിക്കാന്‍ പോവുന്നു.
ജാര്‍ഖണ്ട് ഡയറി 1- आलाप्पी -धानबाद एक्सप्रेस (ആലപ്പി-ധാന്‍ബാദ്
എക്സ്പ്രസ്സ് )
റാഞ്ചി
വരെ ഒന്ന് പോകണം . അവിടെ CENTRAL
INSTITUTE OF PSYCHIATRY യില്‍ ഒരു പ്രവേശന പരീക്ഷ എഴുതാനാണ്.
"റാഞ്ചി" പുതിയതായി രൂപീകരിക്കപ്പെട്ട സംസ്ഥാനങ്ങളില്‍ ഒന്നിന്‍റെ
തലസ്ഥാനം. ജര്‍ഖണ്ടിന്റെ തലസ്ഥാനം. അപ്പോള്‍ ഈ ജാര്‍ഖണ്ട് എവിടെയാണ് ? ഭാരതത്തിന്‍റെ ഭൂപടം എടുത്തൊന്നു
നോക്കി. ഒറീസക്കു മുകളില്‍, ബീഹാറിന് താഴെ, പശ്ചിമ ബംഗാളിന്‍റെ പടിഞ്ഞാറ്
വശത്ത് ഒരു സംസ്ഥാനം. അതിര്‍ത്തി പങ്കിടുന്നവരായി വേറെയും ഉണ്ട് ആളുകള്‍. ഒരു
വശത്ത് ചത്തീസ്ഖട്ട് മറ്റൊരു വശത്ത് ഉത്തര്‍പ്രദേശ്. ബീഹാറിനെ മുറിച്ചുണ്ടാക്കി
യാതാണത്രേ. എന്തായാലും എനിക്ക് പോവനുള്ളത് ഇന്ത്യയുടെ വടക്ക് കിഴക്കന്‍
മേഖലയിലേക്കാണ്. കൊള്ളാം , ഇനിയിപ്പോള്‍ അവിടെ M .PHIL നു പ്രവേശനം കിട്ടിയാലും
ഇല്ലെങ്കിലും എല്ലാം ഒന്ന് കാണാലോ..
അവിടെ
എങ്ങനെ എത്തിപ്പെടും? വല്ല തീവണ്ടിയും ഉണ്ടോ ആവോ ? ഇക്ക വിവരം തന്നു.
"ഒരു തീവണ്ടിയുണ്ട് .
ആലപ്പി-ധാന്‍ബാദ് എക്സ്പ്രസ്സ്. ."
"
അതെന്തു
വണ്ടി? ഈ ധാന്‍ബാദ് എവിടെയാണാവോ ?"
"
ധാന്‍
ബാദ് അവിടെയെവിടെയെങ്കിലും ആവും. എല്ലാ ദിവസവും ഓരോ
വണ്ടി."
രാവിലെ
6.30 നു ആലപ്പി എന്ന ഓമനപ്പേരില്‍
വിളിക്കപ്പെടുന്ന ആലപ്പുഴ സ്റ്റേഷനില്‍ നിന്നെടുക്കും. 9.30 നു ഷോര്‍ണൂര്‍ റയില്‍വേ
സ്റ്റേഷനില്‍ കൂക്കി പാഞ്ഞു വരും. സമയം ഒരിക്കലും തെറ്റാറില്ല .കാരണം മൂപ്പര്‍ക്ക്
കുണുങ്ങി കുണുങ്ങി വരാന്‍ ആവശ്യത്തിലേറെ സമയം അനുവദിക്കപ്പെട്ടിട്ടുണ്ട്.
അങ്ങനെയാണ്
2010 ഫെബ്രുവരിയില്‍ ആദ്യത്തെ
പോക്കുണ്ടായത്. ഞാനും എന്‍റെ പ്രിയതമന്‍ ഇക്കയും. എന്‍റെ മനസ്സില്‍
അന്ന് ഷോര്‍ണൂര്‍ റയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ ഉണ്ടായിരുന്ന
വെടിക്കെട്ട് ഇന്നും അതോര്‍ക്കുമ്പോള്‍
ഞാന്‍ അനുഭവിക്കാറുണ്ട് . തമിഴ് നാടിനും കര്‍ണടകക്കും അപ്പുറം അന്നേ വരെ പോവാത്ത ഞാന്‍ അങ്ങ്
ദൂരെ ആന്ദ്ര പ്രദേശ് കടന്നു, ഒറീസ താണ്ടി ജാര്‍ഖണ്ട് വരെ പോവുന്നു.
എത്രയെത്ര ആളുകളെ കാണാന്‍ പോകുന്നു. വ്യത്യസ്ഥ ഭാഷ, വസ്ത്രം , ഭക്ഷണം, നാട്..അതിലുമപ്പുറം
തീവണ്ടിയില്‍ രണ്ടു ദിവസത്തെ യാത്ര!!!...സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ എന്ന
അവസ്ഥ.
സ്ലീപെര്‍
ക്ലാസ്സിലാണ് യാത്ര. ഒഴിഞ്ഞ സ്ലീപെര്‍ ക്ലാസ്സുമായി തീവണ്ടി സമയത്തിനു
തന്നെ ഷോര്‍ണൂര്‍ എത്തി. അവിടെ മൂപ്പരുടെ എഞ്ചിന്‍ മാറ്റി ഘടിപ്പിക്കാനുള്ള സമയം
എടുത്തു 15 മിനുട്ട് നു ശേഷം വണ്ടി
വിട്ടപ്പോള്‍ ഞങ്ങളുടെ ബോഗിയില്‍ വിരലിലെണ്ണാവുന്ന ആളുകളെ ഉള്ളു. സീറ്റെല്ലാം കാലി .
ഇതിങ്ങനെ
റാഞ്ചി വരെ പോയാല്‍ റയിവെക്കെങ്ങനെ മുതലാവും. എന്‍റെ ആദ്യത്തെ സംശയം.
ഇക്കയല്ലേ
എന്‍റെ പൊട്ട ത്തരങ്ങള്‍ കേള്‍ക്കാനും ഉത്തരം പറയാനും ഉള്ളു..
"എടി മണ്ടൂസേ.. വഴിയില്‍ എത്ര
സ്റ്റേഷന്‍ ഉണ്ട്. അവിടുന്നെല്ലാം ആളുകള്‍ കയറും. അല്ലാതെ ഇങ്ങനെ റാഞ്ചി വരെ
പോവില്ല .."
"അതൊക്കെ എനിക്കറിയാം. പക്ഷെ അതിനു റാഞ്ചിക്കൊക്കെ
ആളുകള്‍ പോവാരുണ്ടോ ?, ഒരു കാട്ടു പ്രദേശമാണ്
എന്നാണല്ലോ കേട്ടത്, ആവോ, എന്തായാലും കാത്തിരിന്നു
കാണാം "
അങ്ങനെ
ഷോര്‍ണൂര്‍ വിട്ടു, ഭാരതപ്പുഴയുടെ തീരത്ത് കൂടെ , ഒലവക്കോട് കയറി വാളയാര്‍ വിട്ടു വണ്ടി തമിഴ്
നാട്ടിലേക്ക് കയറി. ഭൂപ്രകൃതി മാറി. രണ്ടു വശവും വലിയ മലകള്‍... വണ്ടി കാറ്റിനോട്
കിന്നാരം പറഞ്ഞു, വഴിയോര കച്ചവടക്കാര്‍ക്ക്
നിര്‍ത്തി കൊടുത്തു തീവണ്ടി മെല്ലെ മെല്ലെ മുന്നോട്ടു നീങ്ങി.
"എന്‍റെ അടുത്ത സംശയം.
ഇതിങ്ങനെ പോയാല്‍ എങ്ങനെയാ ഇക്ക രണ്ടു ദിവസം കൊണ്ട് ജാര്‍ഖണ്ട് വരെയെത്തുന്നത് ? ഇതാണോ എക്സ്പ്രസ്സ്? "
അതിനു
ഇക്കാക്ക് ഉത്തരം ഒന്നുമില്ലായിരുന്നു. നിലമ്പൂര്‍ ഷോര്‍ണൂര്‍ പാസെഞ്ചര്‍ ഇതിലും
വേഗത്തില്‍ ഓടും.
ആലപ്പി-
ധാന്‍ ബാദിനെക്കുറിച്ച് ആദ്യത്തെ മനസ്സിലാക്കല്‍.. ഞാന്‍ സഞ്ചരിച്ചത്തില്‍ വെച്ച്
ഏറ്റവും യാത്രക്കാരെ സേവിക്കുന്ന, പാവത്താനായ, മെല്ലെ മെല്ലെ പോവുന്ന
എക്സ്പ്രസ്സ്.. ആരെവിടെ കൈ കാട്ടിയാലും വണ്ടിക്കു വേഗത കുറക്കാതെ വയ്യ . ..വഴിയെ
പോവുന്നവര്‍ക്ക് ഓടിക്കയറാം. അതും ഒരു സേവനം തന്നെയാണല്ലോ. . ഏതു കുഞ്ഞു
സ്റ്റെഷനിലും, മൂപ്പര്‍ക്കൊന്നു നിര്‍ത്തണം.
ശ്വസം വിടാനായിരിക്കും. ഇനി നിര്‍ത്താന്‍ പറ്റിയില്ലെങ്കില്‍ അവിടെയും ഒന്ന്
പതുക്കെയാക്കും. മറ്റേതെങ്കിലും എക്സ്പ്രെസുകള്‍ വരുന്നുന്നെന്നു മണത്താല്‍ , നമ്മള്‍ പാവം
മാറിക്കൊടുക്കും. തല്ലു കൂടാനൊന്നും നമുക്കാവില്ല . തന്നെയുമല്ല, പോയിട്ട് അത്ര
ധൃതിയോന്നുമില്ലല്ലോ ....
അപ്പോള്‍
പിന്നെ സുഖമായിരുന്ന്‍ വിശേഷങ്ങള്‍ പറയാം. കാഴ്ചകള്‍ കാണാം. തീവണ്ടി കാഴ്ചകള്‍
ഒന്ന് വേറെ തന്നെ. പ്രത്യേകിച്ച് ദൂരെ യാത്രയില്‍ .
ഖരം
ഖരം ചായ് .. ഖരം ഖരം ചായ് ..
ടൊമാറ്റോ
സൂപ്പ് ...ഖരം ഖരം ടൊമാറ്റോ സൂപ്പ് ..
ഖരം
ഖരം സമൂസ... ആലു ചാപ്പ് ആലു ചാപ്പ് ...
ഹിന്ദിയെ
കുറിച്ച് ഒട്ടുമേ ബോധവതി അല്ലാത്ത എനിക്ക് ഗരം ഗരം ഒരു അലങ്കാര പ്രയോഗമായാണ്
തോന്നിയത്...
നീല
പന്റ്സിലും ചുവപ്പില്‍ വെള്ള കുഞ്ഞു കള്ളിയുള്ള ഷര്‍ട്ടിലും കുറെ ആളുകള്‍
ഇങ്ങനെയൊക്കെ വിളിച്ചു കൂവി നടക്കുന്നു.
യൂണിഫോമിട്ട കച്ചവടക്കാരോ..
"ഇവരാരിക്ക ?"
"പാന്‍ട്രിക്കാരാ, മണ്ടൂസേ...?"
"തീവണ്ടിയില്‍ പാന്‍ട്രിയോ ? അപ്പൊ അവരെവിടെ വെച്ച്
ഭക്ഷണം ഉണ്ടാക്കുന്നു ?
"
"ഈ വണ്ടിയില്‍ അവര്‍ക്കൊരു
ബോഗിയുണ്ട് . അതാണ് അവരുടെ അടുക്കള."
കൊള്ളാലോ..
ഓടുന്ന തീവണ്ടിയില്‍ അടുക്കള. അതൊന്നു കാണുക തന്നെ വേണം.
"ഇത് എല്ലാ വണ്ടിക്കും
ഉണ്ടാവുമോ ഇക്ക "
"ഇല്ല. ഇതുപോലെ ദൂരേക്ക്
ഓടുന്ന വണ്ടികള്‍ക്കുണ്ടാവും."
"വെറുതെയല്ല ഇടക്കിടക്കിടക്ക്
തീവണ്ടിക്കു തീ പിടിക്കുന്നത്. ഓടി കൊണ്ടിരിക്കുന്ന വണ്ടിയില്‍ അടുപ്പ്
കത്തിച്ചാല്‍ തീപിടിക്കതിരിക്കുമോ.."
ഇത്
മനസ്സിലെ പറഞ്ഞൊള്ളൂ .. ഉറക്കെ പറഞ്ഞാല്‍ മണ്ടൂസ് വിളി ഇനി സ്ഥിരമാക്കും .
ഇതൊരു
പ്രത്യേക ചായയാണോ ... ഗരം ചായ്.. ആവോ... എന്തായാലും ഒന്ന് വാങ്ങി കുടിച്ചു
നോക്കാം...
ഒരു
പ്രത്യേകതയുമില്ലാത്ത ചുട്ട ചായ... അപ്പോഴാണ് കത്തിയത്. ഗരം ചായ് എന്നാല്‍ ചൂടുള്ള
ചായ എന്നാണ്...
മനസ്സില്‍
ഒരങ്കലാപ്പ്.. ഈ ഹിന്ദി പരിജ്ഞാനവും വെച്ച് ഞാനെങ്ങനെ റാഞ്ചിയില്‍ പഠിക്കാനാണ്.. അതിനിപ്പോ
പ്രവേശനം കിട്ടിയിട്ട് വേണ്ടേ
.. അല്ല പിന്നെ...
ഇനി
ഇടക്ക് ഈ സമൂസയും ആലുചാപ്പും ടൊമാറ്റോ സൂപ്പും ഒക്കെ ഒന്ന്
പരീക്ഷിക്കണം....രണ്ടു ദിവസം നീണ്ടു നിവര്‍ന്നു കിടക്കുകയല്ലേ...
പിന്നെയും
യൂണിഫോമുകാര്‍ വന്നും പോയിയും കൊണ്ടേ ഇരുന്നു. പലതരം സാധനങ്ങളുമായി.
ഒരൊറ്റ
എണ്ണത്തിനും മലയാളം അറിയില്ല. എന്ത് ചോദിച്ചാലും "ക്യാ മേഡം" എന്ന് തിരിച്ചു
ചോദിക്കുന്നു ..
ആലപ്പുഴയില്‍
നിന്ന് ഇവര്‍ക്കെങ്ങനെ ഹിന്ദിക്കാരെ കിട്ടി.. ഓ ഇത് കേന്ദ്ര സര്‍ക്കാറിന്റെ
മയില്‍ വാഹനമല്ലേ.. അപ്പൊ ഹിന്ദി സംസാരിക്കുന്നവര്‍ വേണമായിരിക്കും. ഹിന്ദിയാണല്ലോ
നമ്മുടെ ദേശീയ ഭാഷ...ആയ്കോട്ടെ
ഇടക്കൊരു
യൂനിഫോമുകാരന്‍
വന്നു
എന്തൊക്കെയോ ഹിന്ദിയില്‍ ചോദിച്ചു.
ലഞ്ച്
എന്ന് കേട്ടത് കൊണ്ട് മനസ്സിലായി .. ഉച്ചയൂണിന്റെ ഓര്‍ഡര്‍ എടുക്കുകയാണ്.
ഇക്ക
പറഞ്ഞു പുറത്തു നിന്ന് വാങ്ങുന്നതെക്കാള്‍ നല്ലത് ഇവിടുന്നു വാങ്ങുന്നതാണ് .
അങ്ങനെ ഓര്‍ഡര്‍ കൊടുത്തു.
"ഹൌ എന്തൊരു സ്വീകരണം
!!! കൊള്ളാം ....
കോയമ്പത്തൂരില്‍
ഉച്ചയൂണിനു സമയമായപ്പോഴേക്കും വണ്ടി ഉരുണ്ടുരുണ്ട് ചെന്നെത്തി. എല്ലാവരും ഊണൊക്കെ
കഴിക്കൂ, ഇനി അത് കഴിഞ്ഞോടാം, എന്ന
മട്ടില്‍ ഒരു ദീര്‍ഘ ശ്വാസം വലിച്ചു മൂപ്പരു നിന്നു .
ഞങ്ങള്‍ക്കുള്ള
റെയിവേയുടെ ലഞ്ച് ഇനിയും എത്തിയിട്ടില്ല.. ഇതിപ്പോ വലിയസംഭാവമാണോ ...വരുമ്പോ
അറിയാം, എന്ത് കുന്തമാണ് ലഞ്ചായി തരാന്‍ പോവുന്നതെന്ന്..
കോയമ്പത്തൂരും
വിട്ടു. വണ്ടിയെപ്പോലെതന്നെ യൂണിഫോമ്കാരും മെല്ലെ മെല്ലെ ഓരോ ട്രേയില്‍
എന്തൊക്കെയോ ആയി വന്നു. ഒരു ചെറിയ പൊതി. തുറന്നു നോക്കുമ്പോള്‍ ഉണക്ക
ചപ്പാത്തി.. ഇതെന്തിന് എന്നാലോചിച്ചു കൂടെയുള്ള മൂന്നു പൊതികള്‍ പ്രതീക്ഷാ
പൂര്‍വ്വം തുറന്നു നോക്കി. ഒന്നില്‍ ഇച്ചിരി വെളുത്ത ചെറിയ ചോറ്. ചോറെന്നു
വിളിക്കാന്‍ പറ്റില്ല . അതും ഒരു പിടിയെ ഉള്ളൂ . മറ്റൊന്നില്‍ മഞ്ഞ നിറത്തിലുള്ള
ചാലിയാറു പോലെ വെള്ളമുള്ള ഒരു സാധനം . എന്താണാവോ.. പരിപ്പുണ്ട് .. പരിപ്പ്
കറി യായിരിക്കും. വേറൊന്നില്‍
കാണാന്‍ രസമുള്ള മറ്റൊന്ന്... അതാണ് ഇനി ഏക പ്രതീക്ഷ. ട്രേ യുടെ മൂലയില്‍ ഒരു
സ്കൂളില്‍ നിന്നൊക്കെ വാങ്ങി കഴിക്കും പോലെയൊരു അച്ചാറ് പാക്കും, ഒരു കുഞ്ഞു സ്പൂണും. ഭാഗ്യം
അച്ചാറെങ്കിലും ഉണ്ടല്ലോ.. ഇതാണ് ഓര്‍ഡര്‍ കൊടുത്തു കിട്ടിയ റെയില്‍വേ ലഞ്ച് ...
മനസ്സില്‍
ഞാന്‍ ഇക്കയെ ചീത്ത വിളിച്ചു. എന്തിനു ഓര്‍ഡര്‍ കൊടുക്കാന്‍ പോയി. കോയമ്പത്തൂരില്‍
നല്ല സാമ്പാറും വലിയ പപ്പടവും കൂട്ടി ചോറ് കിട്ടിയിരുന്നു..
എന്തായാലും
ഇനി വേറെ വഴിയില്ല. ചോറ് തിന്നു.. ചപ്പാത്തി ഉച്ചക്ക് ചോറിന്റെ കൂടെയോ... അത്
കൊണ്ട് അത് തിരിച്ചു കൊടുത്തു... ആലോചിച്ചപ്പോള്‍ വിഷമം തോന്നി രണ്ടു ദിവസം ഇനി
ഇതേ ഭക്ഷണം തന്നെ കഴിച്ചു വിശ പ്പടക്കണ്ടേ..
മെല്ലെ
ഉച്ചയുറക്കത്തിലേക്ക് വഴുതി വീഴുന്നതനിടയില്‍ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നു...
നോക്കുമ്പോള്‍ കുറെ സ്ത്രീകള്‍ കുട്ടയില്‍ നിറയെ പഴങ്ങളും, സപ്പോട്ടയും, നല്ല മുഴുത്ത പേരക്കയും എല്ലാമായി തീവണ്ടിയിലൂടെ
നടന്നു വില്‍ക്കുന്നു. ഒരാളുടെ പിറകെ മറ്റൊരാള്‍.. ഒരു സ്റ്റേഷനില്‍ നിന്നും കയറി, എവിടെയാണോ വിറ്റഴിച്ചു കുട്ട
കാലിയാവുന്നത്, അവിടുന്ന് അവര്‍ തിരിച്ചു
വണ്ടി കയറും. നല്ല കച്ചവടം. കണ്ടാല്‍ ഇപ്പോള്‍ തോട്ടത്തില്‍ കയറി
പറിച്ചെടുത്തതാണെന്ന് തോന്നും. ഊണും ഉറക്കവമല്ലാതെ വേറെ പണിയൊന്നുമില്ലാതെ, മുരണ്ടു മുരണ്ടു മുന്നോട്ടു
പോവുന്ന ഇത്തരം തീവണ്ടിയിലെ യാത്രക്കാര്‍ക്ക്, വേണ്ടുവോളം പഴങ്ങള്‍ തിന്നു തടി നന്നാക്കാം.
ഇക്കയും അതിനു തന്നെ തീരുമാനിച്ചു. പൊതുവേ പഴവര്‍ഗങ്ങളുടെ കൊതിയനായ ഇക്കാക്ക് ചാകര
തന്നെ. ഒരാളെയും വെറുതെ വിട്ടല്ല കക്ഷി..
എനിക്കാണെങ്കില്‍
എല്ലാം പുതിയ കാഴ്ചകള്‍.
ഇടയ്ക്കു
കയ്യില്‍ കുറെ ബനിയന്‍ കെട്ടുകളുമായി ചിലര്‍ കയറി..
ഇക്ക
പറഞ്ഞു തിരിപ്പൂര്‍ അടുത്തിരിക്കുന്നു. അവരെയും വെറുതെ വിട്ടില്ല മൂപ്പര്‍ ..
എല്ലാവരെയും പിടിച്ചു നിര്‍ത്തി ഗുണമേന്മ പരിശോധിക്കുന്നു. വില ചോദിക്കുന്നു..
എന്നിട്ട് മടക്കി അയക്കുന്നു..
അങ്ങനെ
ഉച്ച ഉറക്കവും കിട്ടിയില്ല. വണ്ടി കുണുങ്ങി കുണുങ്ങി നീങ്ങി, ജോലാര്പെട്ടില്‍
എത്തിയപ്പോഴേക്കും രാത്രി ആയിരുന്നു. അവിടം വെച്ച് തീവണ്ടി മുഴുവന്‍ ആളുകളായി.
സീറ്റുകളെല്ലാം നിറഞ്ഞു. അവിടെ അടുത്താണത്രെ വെല്ലൂര്‍, ക്രിസ്ത്യന്‍ മെഡിക്കല്‍
കോളേജ്. അവിടെ ചികിത്സക്ക് കിഴക്ക് ഭാഗത്ത് നിന്നു വരുന്ന കാന്‍സര്‍
രോഗികളും മറ്റുമാണ് പ്രധാനമായും ഈ തീവണ്ടിയിലെ യാത്രക്കാര്‍. .
ചെന്നൈ
എത്തുമ്പോഴേക്കും സമയം 10.30.
ചെന്നൈയില്‍
എന്ജിനൊക്കെ മാറ്റി ഘടിപ്പിച്ചു, വെള്ളവുമെല്ലാം നിറച്ചു വണ്ടി വിടാന്‍ ഒര്പാട്
സമയം എടുത്തു.. അവിടെയെത്തിയപ്പോഴേക്കും ഞാന്‍ ഉറക്കമായിരുന്നു. ഈച്ചകളുടെ
ആക്രമണവും, ചെന്നൈയുടെ വൃത്തികെട്ട
വാസനയും കാരണം ഉറക്കത്തില്‍ പോലും ഞാനറിഞ്ഞു, ചെന്നൈ എത്തിയെന്ന്.
പകല്‍
മെല്ലെ മെല്ലെയാണെങ്കിലും , രാത്രി ഒന്നൊന്നര പോക്കാണ് വണ്ടി. രാത്രികാല
ജീവിയാണെന്ന് തോന്നുന്നു.
പിറ്റേന്ന്, ആന്ദ്ര പ്പ്രദേശ് കാണാനുള്ള
വെമ്പല്‍ കൊണ്ട് നേരത്തെ ഉണര്‍ന്നു.അപ്പോഴേക്കും വണ്ടി ആന്ദ്രയുടെ ഓരം ചേര്‍ന്ന്, നെല്ല് വിളഞ്ഞു നില്‍ക്കുന്ന
ഏതോ ഗ്രാമത്തിലൂടെ ഓടി തുടങ്ങിയിരുന്നു. നെല്ല് വിളഞ്ഞ വയലുകള്‍, ഇടയ്ക്കു അരിയുണ്ടാക്കുന്ന
വലിയ ഫാക്ടറി. ഒരുമിച്ചു പണിയെടുക്കുന്ന ഗ്രാമീണര്‍..
കണ്ണും
നട്ട് ഞാനിരുന്നു.
നേരം
പള പള വെളുത്തപ്പോഴേക്കും,
തീവണ്ടി
വലിയൊരു പാലത്തിന്റെ മുകളില്‍ കയറി. ഏതാണാവോ ഇതയും വലിയ പുഴ? ആരോ പറഞ്ഞു കൃഷ്ണ. തീവണ്ടി
ഒരു പ്രത്യേക താളത്തോടെ മെല്ലെ മെല്ലെ നീങ്ങുന്നു. അതീവ താല്പര്യത്തോടെ ഞാന്‍
നോക്കി. നിറഞ്ഞു നില്‍ക്കുന്ന വെള്ളം. ഇടയ്ക്കിടയ്ക്ക് ചെറിയ വഞ്ചികള്‍. ..
ഇടക്കിടക്ക് മണല്‍ തിട്ടകള്‍, അതിനു മേല്‍, ചില കുഞ്ഞു വീടുകള്‍.. വട്ടത്തിലുള്ള ഒരു തരം
തോണിയില്‍ ചിലര്‍. മീന്‍ പിടിക്കുന്ന മറ്റു ചിലര്‍. പാലത്തിനു നടുവിലെത്തിയപ്പോഴേക്കും
, ആരൊക്കെയോ തീവണ്ടിയില്‍
നിന്നും ചില്ലറ പൈസ പുഴയിലേക്ക് എറിയുന്നു. ചോദിച്ചപ്പോള്‍, പറഞ്ഞു. പുണ്യമാണത്രെ.
ഗംഗയും
ഗോദാവരിയും കഴിഞ്ഞാല്‍, ഏറ്റവും നീളം കൂടിയ നടിയാണ്
കൃഷ്ണവേണി എന്ന യഥാര്‍ത്ഥ പേരുള്ള കൃഷണ നദി.
സമയം
ഒരുപാടെടുത്തു അത് മുറിച്ചു കടക്കാന്‍. . മുറിച്ചു കടന്നാല്‍ വിജയവാഡയായി. തിരക്ക്
പിടിച്ച റെയിവേ സ്റ്റേഷന്‍.
വിജയ
വാഡ എത്തിയപ്പോള്‍ റിസര്‍വേഷന്‍ കോച്ച് ജനറല്‍ കമ്പാര്‍ട്ട് മെന്‍റ് പോലെയായി.
ആളുകള്‍ ഒരു വ്യത്യാസവുമില്ലാതെ കയറി എല്ലാ സീറ്റുകളിലും കയറി ഇരിക്കാന്‍ തുടങ്ങി.
അധികവും വിദ്യാര്‍ത്ഥികളും, ഉദ്യോഗസ്ഥന്മാരും ആണ്. തെലുങ്കുവില്‍ എന്തൊക്കെയോ
ചടപടാന്ന് സംസാരിക്കുന്നു. ഒന്നും മനസ്സിലാവുന്നില്ല. ഇടക്കിടക്ക് ചെപ്പ് എന്ന്
പറയുന്നുണ്ട്. പിന്നെയാണ് അറിഞ്ഞത്, ചെപ്പു എന്ന് പറഞ്ഞാല്‍ പറയൂ എന്നാണത്രേ അര്‍ത്ഥം.
എന്തായാലും ആകെ ബഹള മയം. കാല് നിവര്‍ത്തി വെക്കാന്‍ വയ്യ. ശരിക്കും ഒരു ലോക്കല്‍
ട്രെയിന്‍ തന്നെ. ബാത്രൂമിന്റെ അവസ്ഥ പറയുകയും വേണ്ട. ബാത്‌റൂമില്‍ പോവാന്‍
നിവൃത്തി ഇല്ല. അവിടെയും ആളുകളാണ്. അങ്ങോട്ട് കാലുകുത്താതിരിക്കുന്നതാണ്
ഭേദം. അത്രയ്ക്ക് നല്ല മണമാണ് ബാത്‌റൂമിന്‍റെ പരിസരത്ത് കൂടി...
ഒരു
പകല്‍ മുഴുവന്‍ ആന്ധ്ര പ്രദേശിന്റെ ഗ്രാമങ്ങളിലൂടെ കടന്നു പോയി. നെല്ലും, വയലും, മതോട്ടങ്ങളും, പിന്നെയും പല കൃഷികളും,എല്ലാം കൂടി ആന്ധ്ര മുഴുവന്‍
കൃഷിയില്‍ മുഴകിയിരിക്കുന്നു.
പേട്ട്
എന്ന് കൂട്ടി കുറെ കുഞ്ഞു കുഞ്ഞു ഭംഗിയുള്ള റെയില്‍വെ സ്റ്റെഷനുകള്‍. ബോഗന്‍
വില്ലകളും, മറ്റും നട്ട്
പിടിപ്പിച്ചിരിക്കുന്ന കുഞ്ഞു കുഞ്ഞു പൂന്തോപ്പുകളും, വൃത്തിയുള്ള ഇരിപ്പിടങ്ങളും
എല്ലാം അവയെ കേരളത്തില്‍ നിന്നും വളരെ വ്യത്യസ്ഥമാക്കി. കൂട്ടത്തില്‍ ചില പേരുകളും
എന്‍റെ ശ്രദ്ധയില്‍ പെട്ടു. പണ്ട് ബാലരമയില്‍ വായിച്ച തെന്നാലി രാമന്‍റെ കഥകളിലെ
തെന്നാലിയും വിജയ നഗരവും എല്ലാം കണ്ടു.
മറ്റൊരു
അത്ഭുത കാഴ്ച ശികണ്ടികളായിരുന്നു. ഏതോ ഒരു സ്റ്റേഷനില്‍ നിന്നു കൂട്ടത്തോടെ
കയറി കൈകൊട്ടി ശ്രദ്ധ ആകര്‍ഷിച്ചു , ആണുങ്ങളില്‍ നിന്നു പൈസ അവര്‍ പൈസ വാങ്ങുന്നു.
പല വിധത്തില്‍ വസ്ത്രം ധരിച്ചു നിറയെ ചായമിട്ട്, കുണുങ്ങി കുണുങ്ങി വരുന്ന അവരുടെ അനുഗ്രഹം
പുണ്യമായി ജനങ്ങള്‍ കരുതുന്നു. ഈ വിശ്വാസത്തെ മുതലെടുത്ത് സകല പുരുഷരില്‍ നിന്നും
പണം ലഭിക്കല്‍ അവരുടെ അവകാശമായി അവരും കരുതുന്നു. പണം കിട്ടിയാല്‍ അറിഞ്ഞനുഗ്രഹിക്കുകയും
ഇല്ലെങ്കില്‍ അറിഞ്ഞു ശപിക്കുകയും ചെയ്യും. ശല്യം സഹിക്കാന്‍ കഴിയാതെയും ചില
പുരുഷര്‍ പണം കൊടുത്തു പോവും. ആദ്യത്തെ അനുഭവത്തിന് ശേഷം ഇക്ക ഇവരുടെ ആഗമനം
മണത്തറിഞ്ഞു ബെര്‍ത്തില്‍ കയറി ഉറക്കം അഭിനയിക്കാന്‍ തുടങ്ങി. ആന്ധ്ര മുഴുവന്‍
തീവണ്ടിയില്‍ ഇവര്‍ ഒരു നിറസാനിദ്ധ്യമായിരുന്നു.
ഗോദാവരി
എത്തിയപ്പഴേക്കും വൈകുന്നേരമായിരുന്നു. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദികളില്‍ രണ്ടാമത്തേത്. നീണ്ട പാലം. താഴെ നിറഞ്ഞ വെള്ളം. പക്ഷെ കൃഷണ
യെക്കാള്‍ നീളം കൂടുതലാണ്. 4.30 മിനുട്ടോളം എടുത്തു വണ്ടി ഗോദാവരി മുറിച്ചു
കടക്കാന്‍.. പിന്നീടുള്ള യാത്രകളിലും, ഒരിക്കല്‍ പോലും ആ പാലത്തിന്‍ മുകളിലൂടെയുള്ള യാത്ര ഞാന്‍ അറിഞ്ഞാസ്വാദിക്കാതിരുന്നിട്ടില്ല.
തുറമുഖ
നഗരമായ വിശാഖ പട്ടണത്തെ കുറിച്ച് കേട്ടിട്ടുണ്ട്. വായിച്ചിട്ടുണ്ട്.
പഠിച്ചിട്ടുണ്ട്. ആദ്യമാണ് നേരില്‍ കാണുന്നത്. അവിടെയും ഉണ്ട്
അത്യാവശ്യത്തില്‍ കൂടുതല്‍ സമയം. തീവണ്ടിയില്‍ നിന്നുള്ള ഇറങ്ങി നടപ്പ് ഇക്ക
അനുവദിക്കാത്തത് കൊണ്ട് മിണ്ടാതെ ഒരു കോണിലിരുന്നു. വിശാഖ പട്ടണം വിട്ടു കുറച്ചു
കഴിഞ്ഞാല്‍ വണ്ടി ഒറീസയിലേക്ക് കയറുകയായി.
ഒറീസ, എനിക്ക് പേടിയായിരുന്നു
ഒറീസയെ. മോവോ ആക്രമണങ്ങളും, നക്സല്‍ വാദികള് സ്ഥിരമായി
ഒറീസയില്‍ തീവണ്ടി പിടിച്ചിടുന്നു, പാളം മുറിക്കുന്നു എന്നൊക്കെ പത്രങ്ങള്‍
എന്നോട് പറഞ്ഞിരിക്കുന്നു. കൂടാതെ മോഷണവും കൂടുതല്‍ ആണെന്നു എവിടെയോ വായിക്കുകയും, സഹയാത്രികന്‍ പറയുകയും
ചെയ്തു. എല്ലാം കൊണ്ടും ഒറീസ മനസ്സില്‍ കറുത്ത് പോയി.
രാത്രി അതീവ വേഗതയോടെ ഓടുന്ന വണ്ടിയിലെ ബെര്‍ത്തില്‍
ഇടക്കിടക്ക് ഞാന്‍ ഞെട്ടി ഉണര്‍ന്നു. കോച്ചുന്ന തണുപ്പ്. എത്ര വേഗമാണ് കാലാവസ്ഥ
മാറ്റം? റാഞ്ചി യിലും ഇത് തന്നെ ആവുമോ അവസ്ഥ.. തണുപ്പിനെ
തടുക്കാനുള്ള മുന്‍ കരുതലുക ളൊന്നും കരുതിയിട്ടില്ല.
പുലര്‍ച്ചെ വണ്ടി ശ്വസം വിട്ടു നിന്നപ്പോള്‍ ഞാനും
ഉണര്‍ന്നു.
കറാബ് ചായ്..... കറാബ്
ചായ.....
ഏതോ ഒരു ചായ കച്ചവടക്കാരന്‍....
പണ്ട്രിക്കാര്‍ ചായയുടെ പരസ്യ വാചകം മാറ്റിയോ?
നോക്കുമ്പോള്‍ ഇതൊരു സാധാരണ ചായക്കാരന്‍.
എന്താണാവോ ഇയാളുടെ പരസ്യ വാചകത്തിന്‍റെ അര്‍ത്ഥം. പിന്നീടറിഞ്ഞു. കറാബ് ചായ്
എന്നാല്‍, കേടു വന്ന ചായ, അല്ലെങ്കില്‍ ചീത്ത ചായ്.
കൊള്ളാം ഇയാള്‍ ബുദ്ധിമാന്‍ തന്നെ. Advertisement
strategy നന്നായി
അറിയാം. ഈ കറാബ് ചായക്ക് പാണ്ട്രി ചായകളെക്കാള്‍ ആവശ്യക്കാര്‍ ഉണ്ടത്രേ.. സംഗതി നല്ല ചായയാണ്.
വണ്ടിയില്‍ ഉന്തും തള്ളും.
റിസര്‍വേഷന്‍ കോച്ചിലും നിറയെ യാത്രക്കാര്‍. ഒരു നിവൃത്തിയുമില്ല. ആരാണോ എണീറ്റത്
അവരുടെ ബെര്‍ത്തില്‍ ചാടി കയറി മറ്റുള്ളവര്‍ സ്ഥാനം പിടിച്ചു. പുറത്തേക്കു
നോക്കാനും വയ്യ. തണുപ്പും. എവിടെയെത്തി എന്നറിയില്ല. ആരോടെങ്കിലും ചോദിക്കാമെന്ന്
വെച്ചാല്‍ ഈ ഒടിയ മനസ്സിലാവുകയുമില്ല ഒരുവിധം ഇക്കയെ എഴുനെല്‍പ്പിച്ചു
നോക്കിയപ്പോള്‍, രൌര്‍കേല.. ആരോ
പറഞ്ഞു, ഒറീസയിലെ ഈ വണ്ടിക്കുള്ള അവസാനത്തെ സ്റ്റേഷന്‍.
പിന്നെയൊരു തിരിച്ചു വരവിലാണ്,
ഈ
സ്ഥലത്തിന്‍റെ ശരിക്കുമുള്ള ഭംഗി ആസ്വദിച്ചത്. തിരിച്ചു വരുമ്പോള്‍ വൈകിട്ട് 6 15 ഓടെ തീവണ്ടി അവിടെയെത്തും. നിറയെ മുട്ട കച്ചവടക്കാരും, നല്ല ചെറിയ പഴവും, ചെറിയ മണ്ണിന്‍റെ കോപ്പയില്‍
ചായയും, ഒരു തരം ഉണങ്ങിയ ഇല കൊണ്ടുണ്ടാകിയ ചെറിയ പാത്രത്തില്‍
മറ്റൊരു രസമുള്ള ഭക്ഷ്യ സാധനവും കിട്ടും. കൂടാതെ, റെയില്‍ വെ സ്റ്റേഷന് അടുത്തുള്ള ഒരു കുന്നിന്‍ മുകളില്‍ ഒരു
ക്ഷേത്രവും ഉണ്ട്. നിറയെ വെളിച്ചത്തോടെ ആ ക്ഷേത്രം അന്നേരം മനോഹരമായി കാണപ്പെടും.
ഇനി വണ്ടി ജാര്‍ഘണ്ടിലേക്ക് കയറും. അപ്പോള്‍
ഏകദേശം സ്ഥലം അടുത്തു. ഇല്ലെന്നു കൂടെയുള്ളവര്‍. . ഇനിയും ഉണ്ട് മൂന്നു നാല്
മണിക്കൂര്‍..ജാര്‍ഘണ്ട് ഒരു പുതിയ കാഴ്ച തന്നെ. മനുഷ്യ വാസമില്ലാത്ത കുറെ സ്ഥലം.
ചെറിയ മലപ്രദേശം പോലെ. ഇരു വശത്തും നല്ല മഞ്ഞ നിറത്തില്‍ ഇലകളുള്ള മരങ്ങള്‍.
ഇടയ്ക്കിടയ്ക്ക്, അരുവികള്‍ ഒഴുകുന്നു. വെള്ളം വളരെ കുറവാണ്. ഓരോ അരുവിക്കും,
അല്ലെങ്കില്‍ വെള്ളമുള്ള ചെറിയ കുളത്തിനും ചുറ്റിപറ്റി വലിയ
വയലുകളും, ഇടയ്ക്കിടയ്ക്ക് നിറയെ എന്തോ കൃഷിയും കാണാം, അതില്‍ നിന്നും വളരെ
ദൂരെയല്ലാതെ ഒരു കൊച്ചു കുടിലും, കുറച്ചു ആടുകളും, ഒക്കെ കാണാം. പിന്നെയും ഒഴിഞ്ഞ
വയലുകളോ, നിറയെ മരങ്ങളോ മാത്രം . ആളുകള്‍ തീരെ ഇല്ലെന്നു തോന്നുന്നു. നിറയെ
ഭൂമിയും, പിന്നെ കുറെ ആട് മാടുകളും. ഇടക്ക് ചെറിയ ചെറിയ റെയില്‍വേ സ്റ്റേഷന്‍ കാണാം,
ചാക്കുകളില്‍ കുറെ സാധനവുമായി അവിടുന്ന് കുറച്ചാളുകള്‍ കയറും. കുറച്ചു കഴിയുമ്പോള്‍
ഈ ആളുകള്‍ ചെന (കടല) മുളപ്പിച്ച്, അതില്‍ തക്കാളിയും, പച്ച മുളകും, ഉള്ളിയും,
എല്ലാം പച്ചക്കിട്ടു, ഉപ്പും, കുറച്ചു നാരങ്ങ നീരും ഒഴിച്ച്, ഒരു ഇല കുമ്പിളില്‍ വില്കുന്ന
സാധനവുമായി വരും. ആദ്യങ്ങളില്‍ ഇതെന്തു എന്ന് മനസ്സിലായില്ല. അങ്ങനെ അന്നത്തെ
പ്രാതല്‍ അതാക്കി. നല്ല സാധനം. സത്യത്തില്‍ ആരോഗ്യത്തിനു നല്ലതാണത്രേ.
നല്ല ഹിന്ദി
അല്ല ഇവര്‍ സംസാരിക്കുന്നതെന്ന് തോന്നുന്നു. ഇതുവരെ കേട്ട ഹിന്ദിയില്‍ നിന്നും
നല്ല വ്യത്യാസമുണ്ട്. അത് ഭോജ്പൂരി എന്ന ഒരു പ്രത്യേക തരം ഭാഷയാണത്രെ. ഹിന്ദിയുടെ
തന്നെ സഹോദര ഗണത്തില്‍ പെട്ട ഒന്ന്. ഉത്തര്‍പ്രദേശ്, ജര്‍ഘണ്ട് ബിഹാര്‍
എന്നിവിടങ്ങളില്‍ ആളുകള്‍ സംസാരിക്ക്കുന്നത് ഭോജ്പൂരിയിലാണ് . എന്തായാലും, ഹിന്ദി,
പഠിക്കണം, ഇങ്ങനെയാണെങ്കില്‍ ഇതും
പഠിക്കേണ്ടി വരും. മനസ്സില്‍ കരുതി.
പിന്നെയും കുറെ ആളൊഴിഞ്ഞ ഗ്രാമങ്ങളും, കടന്നു
വണ്ടി പതുക്കെ നീങ്ങി. കൂടെയുണ്ടായിരുന്ന, മുന്‍പ് റാഞ്ചിയില്‍ വനിട്ടുള്ള, ഒരാള്‍
പറഞ്ഞു. ഇതൊരു കാട്ടു പ്രദേശമാണ്. ആദിവാസികളുടെ നാടാണ്. മനുഷ്യ വാസം വളരെ കുറവാണ്.
ഉള്ള മനുഷ്യരില്‍ ഭൂരിഭാഗവും ആദിവാസികള്‍ തന്നെ. അതായത് ഇവിടെയുള്ള കാടിന്റെ മക്കള്‍.
The land of
forest എന്നാണത്രേ ജാര്‍ഘണ്ട് എന്നതിന്‍റെ അര്‍ഥം.
കൂടുതല്‍ അറിയാനുള്ള കൌതുകം വല്ലാതെ നിറഞ്ഞു. വഴിയെ അറിയാം.
കൌതുകത്തിനിടയില്‍ കാന്‍കെ എന്ന കൊച്ചു
സ്റ്റേഷനില്‍ വണ്ടി എത്തിയിരുന്നു. പേരില് തന്നെയുണ്ട് ഒരു കൌതുകം. ഇവിടെ നിന്നു
മിനുട്ടുകള്‍ക്കുള്ളില്‍ റാഞ്ചി എത്തും. പ്രതീക്ഷാപൂര്‍വ്വം കാത്തിരുന്നു. ഒപ്പം
നിരാശയും യാത്ര തീര്‍ന്നല്ലോ ..ഇനി ഇപ്പൊ പരീക്ഷ എഴുതണം. പരീക്ഷ എഴുതാനാണ്
വന്നിരുന്നെന്ന കാര്യം പാടെ മറന്നു പോയിരുന്നു.
റാഞ്ചിയിലെത്തിയപ്പോഴേക്കും വണ്ടി കാലിയായിരുന്നു.
ധാന്‍ബാദിലേക്ക് ഇനിയുമുണ്ട് ദൂരം. പക്ഷെ വണ്ടിയില്‍ ആരുമില്ല. ബാഗും സാധനങ്ങളും
എല്ലാ പെറുക്കി എടുത്ത് ഇറങ്ങിയപ്പോള്‍ കണ്ടു ചെറിയൊരു റയിവേ സ്റ്റേഷന്‍. വളരെ
മിതമായ സൗകര്യങ്ങളോട് കൂടിയ ഒന്ന്. അപ്പോള്‍ ഇതാണ് റാഞ്ചി, ജാര്‍ഘണ്ടിന്റെ തലസ്ഥാനം.
ഹിന്ദിയിലെ വാക്കുകള്‍ മലയാളീകരിച്ചപ്പോള്‍ ഉണ്ടായ അക്ഷരതെറ്റുകള്‍ ക്ഷമിക്കുമല്ലോ.
യാത്രാ വിവരണം തുടരട്ടെ... ആശംസകള്‍
ReplyDeleteഈ മനസ്സഞ്ചാരത്തിലൂടെ സഞ്ചരിച്ചപ്പോള്‍ ഒരു കാലത്ത് സജീവമായിരുന്ന ട്രെയിന്‍ യാത്രയിലൂടെ മനസ്സ് ഒന്നൂടെ സഞ്ചരിച്ചു.. തുടരുക
ReplyDeleteവൗ..പഴയ തീവണ്ടി യാത്രകൾ മനസ്സിലേക്കോടിയെത്തി. നല്ല രസമുള്ള വിവരണം. ഒന്നുകൂടി ശ്രദ്ധവെച്ചാൽ വളരേ നന്നാക്കാമായിരുന്നു. ബോജ്പൂരിയെ പുതിയ ഭാഷ എന്നല്ലാതെ ഒരു പ്രത്യേക ഭാഷ എന്ന് പരിചയപ്പെടുത്തൂ. അതുപോലെ "നിറയെ ഒഴിഞ്ഞ സ്ലീപെര്‍ ക്ലാസ്സുമായി...", നിറയേ ഒഴിയുന്നതെങ്ങിനെ?... കഷ്ടപ്പെട്ട് കണ്ടുപിടിച്ചതാ...തിരുത്തുമല്ലോ?
ReplyDeleteനന്ദി ചീരാ മുളകെ, തിരുത്തലുകള്‍ ഇനിയും ചെയ്യുക, കാരണം, ഒരുപാട് ശ്രദ്ധ വെച്ച് എഴുതാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഇരുന്നാണ് എഴുതുന്നത്. ഓഫീസിലെ ഒഴിവു വേളയില്‍.. അപ്പൊ നിങ്ങളെ പോലുള്ള തിരുത്തല്‍ വാദികളെ ഞാന്‍ ഒരു പാട് സ്വാഗതം ചെയ്യും.നന്ദി, മുബി, ഓകെ...ജാര്‍ഘണ്ട് ഡയറി തുടരും, വായിക്കുമല്ലോ..
Deleteഒരു നല്ല യാത്ര ചെയ്ത സുഖം ..വീണ്ടും ഒരുപാട് വര്ഷം ..സുഹൃത്തേ... നിങ്ങളുടെ തൂലിക ചലിക്കട്ടെ ...
ReplyDeleteറാഞ്ചിയിലേക്കുള്ള ഈ തീവണ്ടി യാത്ര ഞാന്‍ ആസ്വദിച്ചു.
ReplyDeletegood one Noor,have always loved train journeys and those who have travelled to North and spent 2-3 days in train have always discouraged also !! would like to give it a try once ,anyways.
ReplyDeleteതരക്കേടില്ലാത്ത വിവരണം. ആദ്യ ട്രെയിന്‍ യാത്രയുടെ കൌതുകങ്ങള്‍ മുഴുവനും എഴുത്തിലും കാണുന്നു. ചിലയിടങ്ങളില്‍ കുറച്ചു കൂടി വ്യക്തമാക്കാമായിരുന്നു എന്നൊരു തോന്നല്‍ . ഉദാഹരണത്തിന് പേരിനവസാനം പേട്ട് എന്ന് കൂട്ടി എന്നാക്കാമായിരുന്നു. കൂടുതല്‍ റാഞ്ചി വിശേഷങ്ങള്‍ ഇനിയും എഴുതുമെന്നു കരുതുന്നു..
ReplyDeleteആദ്യ ട്രെയിന്‍ യാത്ര അല്ല unknown.... നീണ്ട തീവണ്ടി യാത്രയുടെ കാഴ്ചകളാണ് മുഴുവന്‍... കുഞ്ഞു കുഞ്ഞു തീവണ്ടി യാത്രകളില്‍ കാണാന്‍ കഴിയാത്തവ. നന്ദി യുണ്ട് വന്നു പോയതില്‍... ജര്ഖണ്ടിനെ കുറിച്ച് വായിക്കാന്‍ ഇനിയും വരുമല്ലോ
Deleteനൂറാ , ഞാന്‍ uknown അല്ല, this is me, nizam from khobar. ഞാന്‍ എന്റെ ഗൂഗിള്‍ ID വെച്ചിട്ടാണ് കമന്റ് എഴുതുന്നത്. . .., പക്ഷെ അത് unknown ആയിട്ടാണ് കാണിക്കുന്നത്. അത് known ആക്കുന്നത് എങ്ങിനെയാണെന്ന് എനിക്കറിയില്ല . വാരണാസിയിലും എന്റെ ഒരു unknown comment ഉണ്ടായിരുന്നു
DeleteThis comment has been removed by the author.
ReplyDeleteറാഞ്ചിയിലേക്കുള്ള തീവണ്ടിയാത്ര രസം പിടിച്ചതായിരുന്നു . വളരെ മനോഹരമായി
ReplyDeleteഅവതരിപ്പിച്ചു . ഒരു തീവണ്ടി യാത്രയുടെ എല്ലാ സുഖവും എഴുത്തിൽ അവസാനം വരെ
ഉണ്ടായിരുന്നു ....
ഇങ്ങനെ യാത്ര ചെയ്യുവാൻ പറ്റുക എന്നതും ഭാഗ്യമാണ് .
അഭിനന്ദനങ്ങൾ
സസ്നേഹം