ജാര്ഖണ്ട് ഡയറി 2 - റാഞ്ചി ചന്തകൾ


ബുധനുകളും ശനികളും എന്നെ റാഞ്ചിയെ ഓര്‍മിപ്പിക്കും. ചിണുങ്ങി ചിണുങ്ങി പെയ്യുന്ന മഴയത്തും എല്ലുരുകുന്ന തണുപ്പത്തും ചുട്ടു പൊള്ളുന്ന വെയിലത്തും വലിയ മൈതാനിയില്‍ ചന്തക്കു വേണ്ടി ഒരുമിച്ചു കൂടുന്ന ആളുകള്‍ ആദ്യങ്ങളില്‍ എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. കയ്യില്‍ ഒരു സഞ്ചിയുമായി ഒരാഴ്ചക്കുള്ള സാധനങ്ങള്‍ വാങ്ങാനായി നാട്ടുകാര്‍ അവിടെയെത്തുന്നു.

എന്റെ ചെറുപ്പകാലത്ത് അരീക്കോട്ടെ ചന്ത ഞാന്‍ കണ്ടിട്ടുണ്ട്. MSPകുന്നിന്റെ ചെരുവില്‍ ചെറിയ മൈതാനിയിലും റോഡിന്റെ വശത്തുമായി ഒരുപാട് നാടന്‍ സാധങ്ങളുമായ് കുറെ ആളുകള്‍ വന്നെത്തുമായിരുന്നു. മലയിറങ്ങിയും  കാടിറങ്ങിയും വന്നെത്തുന്ന ആദിവാസികളാണ് ചന്തയില്‍ മിക്കവാറും  സാധനങ്ങള്‍ എത്തിച്ചിരുന്നതെന്ന് ഉപ്പ പറഞ്ഞ അറിവുണ്ട്.. കാട്ടുതേന്‍, കുവ്വപ്പൊടി തുടങ്ങി നല്ല നാട്ടു സാധനങ്ങള്‍ അവിടെയെത്തിക്കുന്നതിലെ  പ്രയത്നം അവരുടേതാണെങ്കിലും അത് വില്‍പ്പന ചെയ്തു ലാഭം പറ്റിയിരുന്നത് ഇടയാളന്‍മാരായിരുന്നത്രേ!!!!..


മഴക്കാലത്ത്‌ നല്ല ചേമ്പും, ചേനയും മുതല്‍ മാവിന്റെയും പ്ലാവിന്റെയും തൈകള്‍ വരെ ചന്തയില്‍ ലഭിക്കുമായിരുന്നു. പൂവിടുന്ന ചെടികളെ സ്നേഹിക്കുന്ന ഞാനും ഉമ്മയും ഇടയ്ക്ക് വിവിധ ഇനം ചെടിതൈകളും മറ്റും വാങ്ങാന്‍ ചന്തക്കു പോവാറുണ്ടായിരുന്നു. ആ ശനിയാഴ്ച ചന്തകളില്‍ നാടന്‍ കോഴികളും , പേന്‍ ചീപ്പ്, ഈരോലി എന്നിവ മുതല്‍ ചട്ടികളും, തുണിത്തരങ്ങളും ഒക്കെയുണ്ടാവുമായിരുന്നു. ഇന്ന് അരീക്കോട് ചന്ത ഉള്ളതായി അറിയില്ല. .

ചന്തകളെ കുറിച്ച്  മനസ്സിലൊരു പുതിയ മാനം രൂപപ്പെട്ടത് റാഞ്ചിയിലെ ചന്തകളിലൂടെയാണ്. ബുധന്‍, ശനി ദിവസങ്ങളിലെ വൈകുന്നേരങ്ങളില്‍ റാഞ്ചിയുടെ പലഭാഗങ്ങളിലും ആൾക്കൂട്ടത്തിനു  കാരണം ചന്തകള്‍ ആണെന്ന് അറിഞ്ഞിട്ടും മനസ്സടുക്കാന്‍ സമ്മതിച്ചില്ല.
ചന്തക്കു പോയപോലെ എന്നചൊല്ലും അതുതരുന്ന രൂപവും ‘അയ്യേ’ എന്ന് മനസ്സില്‍ കോറിയിടാന്‍ തക്കതായിരുന്നു. പിന്നെ വെറുതെയിരുന്നു മുഷിഞ്ഞ  വൈകുന്നേരങ്ങള്‍ക്ക് ഊഷ്മളത പകരാനാണ് ആദ്യ  ചന്ത പ്രദിക്ഷണം നടത്തിയതെന്നാണ്‌ ഓര്‍മ്മ.

ജാതി, വര്‍ഗ വ്യത്യസമില്ലാതെ , പണക്കാരന്‍ പാവപ്പെട്ടവന്‍ എന്ന വ്യത്യാസമില്ലാതെ എല്ലാവരും വന്നു പോവുന്ന ഒരു സാമൂഹിക ഇടമാണ് റാഞ്ചിയിലെ ചന്തകള്‍. കാറിലും കാല്‍ നടയായും ആളുകള്‍ വന്നു ഒരാഴ്ചക്കുള്ള സാധനങ്ങള്‍ വിലപേശി വാങ്ങി തിരിച്ചു പോവുന്നു. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ ആ ചന്തകകളില്‍ നിന്ന് മിതമായ വിലക്ക് വാങ്ങി തിരിച്ചു പോവാം. നല്ല നാടന്‍ കോഴികള്‍, താറാവുകള്‍, നല്ല പച്ചക്കറികള്‍, മണ്‍കുടങ്ങള്‍  , മറ്റു പാ ത്രങ്ങള്‍, ചൂലുകള്‍, പലഹാരങ്ങള്‍, ശുദ്ധ ജല മത്സ്യങ്ങള്‍, സീസണിലെ ഫല വര്‍ഗങ്ങള്‍, പല വ്യഞ്ജന വസ്തുക്കള്‍, കൈത്തെറി വസ്തുക്കള്‍, മുളകൊണ്ടുള്ള കൂടകള്‍, മുറങ്ങള്‍. എന്നിവയും ആട്, കോഴി എന്നിവയുടെ മാംസ്യങ്ങള്‍, എന്തിനേറെ അത്യാവശ്യം തുണിത്തരങ്ങളും മിതമായ വിലക്ക് ലഭിക്കുന്ന ഒരു വലിയ സൂപ്പര്‍ മാര്‍കറ്റ്‌ തന്നെയാണ് ആ  ചന്തകള്‍.

ആ ചന്തകളിലെ കച്ചവടക്കാരില്‍  ഭൂരിഭാഗവും പെണ്ണുങ്ങള്‍ ആണെന്നതാണ് മറ്റൊരു  പ്രത്യേകത. ഉച്ചകഴിഞ്ഞാല്‍ ഗുട്സിലോ മറ്റോ ആണുങ്ങളുടെ സഹായത്തോടെ തങ്ങളുടെ വില്‍പ്പന ചരക്കുകള്‍ കൊണ്ടിറക്കുകയും ചന്തയോരുക്കയും ചെയ്യുന്നു. ആണ്‍ കച്ചവടക്കാരും തീരെ കുറവല്ല. എന്നാലും പച്ചക്കറി, മീന്‍എന്നിവയുടെ  വില്‍പ്പനക്ക് പെണ്ണുങ്ങള്‍  തന്നെയാണ് മുന്നില്‍  ചിലപ്പോഴൊക്കെ കച്ചവട കുടുംബങ്ങളെയും കാണാന്‍ കഴിയും. ഭാര്യയും ഭര്‍ത്താവും മക്കളും എല്ലാവരും കൂടെ ചന്ത ദിവസം അവരുടേതാക്കും . മാന്യമായ വിലയില്‍ തങ്ങളുടെ വില്‍പ്പന ചരക്കുകള്‍ വിറ്റഴിച്ചു ഇരുട്ടിയാല്‍ അവര്‍ മടങ്ങുന്നു. ഈ കച്ചവടക്കാരില്‍ ഭൂരിപക്ഷം ആ നാട്ടുകാരായ ആദിവാസികള്‍ തന്നെയാണ്. ഇടയാളന്‍മാരുടെ  സാന്നിധ്യം അവിടെ ഇല്ല.

ചന്തയൊരുക്കുന്നത് രസമുള്ള കാഴ്ചയാണ്. ചന്തകളുള്ള ദിവസങ്ങളില്‍ രാവിലെ വന്നു നല്ല സ്ഥലം നോക്കി കൈപറ്റി, ചാക്ക് വിരിച്ചു സാധനങ്ങള്‍ നിരത്തി വെക്കുന്നു. കൂടുതല്‍ ഭേദപ്പെട്ട കച്ചവടക്കാര്‍ ഒരു ഷീറ്റ് കൊണ്ട് ചെരിച്ചു കെട്ടി കടയെ കൂടുതല്‍ വിസ്തരമാക്കുന്നു. കാശ് സൂക്ഷിക്കാന്‍ പ്രത്യേക മേശയോ പെട്ടിയോ ഒന്നും ഇല്ല. മടിക്കുത്തിലോ, ചാക്കിന്റെ അടിഭാഗത്തോ അവര്‍ കാശ് സൂക്ഷിക്കുന്നു. ഇരുട്ടിയാല്‍ ആ ചാക്കുകളെല്ലാം കെട്ടി പ്പെറുക്കി അവര്‍ തിരിച്ചു പോവുന്നു.
ഏറ്റവും വലിയ പ്രത്യേകത സാധനം വാങ്ങാന്‍ ആ ചന്തകളില്‍ പോവുമ്പോള്‍ ഒരു സഞ്ചി കരുതണം എന്നതാണ്. ഓരോ കച്ചവടക്കാര്‍ പ്രത്യേകം പ്രത്യേകം പ്ലാസ്റ്റിക് കവറുകളില്‍ സാധനങ്ങള്‍ പൊതിഞ്ഞു തരുന്ന സമ്പ്രദായം ഇവിടെ ഇല്ല. പകരം ആവശ്യക്കാരന്‍ ഒരു സഞ്ചി കൈയ്യില്‍ കരുതുക, അതില്‍  സാധനങ്ങള്‍ എല്ലാം വാങ്ങി പോവുക. ഇതാണ് രീതി. അമിത പ്ലാസ്റ്റിക് ഉപയോഗം ഒരുപാട് കുറയ്ക്കാന്‍ ഇതൊരു നല്ല മാര്‍ഗം തന്നെയാണ്. കേരളത്തില്‍ കാണാത്ത പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജന രീതി.


ചന്തകള്‍ നാട്ടുകാര്‍ക്ക് തങ്ങളുടെ നിര്‍മാണ, കാര്‍ഷിക വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കാനുള്ള നല്ലൊരു വേദിയാണ്. നാട്ടു വസ്തുക്കളെ, നല്ലൊരളവില്‍ ചന്തകള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കൃഷിയെ വളര്‍ത്താനും , നിലനിര്‍ത്താനും ഈ ചന്തകള്‍ ഒരുപാട് സഹായിക്കുന്നുണ്ട്. തങ്ങളുടെ കൃഷിയിടങ്ങളില്‍ കൂടുതല്‍ വിളവെടുത്ത സാധനങ്ങള്‍ക്ക് ആവശ്യക്കാരെ കണ്ടെത്താന്‍ ചന്തകളിലൂടെ  ഏതൊരാള്‍ക്കും സാധിക്കുമായിരുന്നു. നമ്മുടെ നാട്ടില്‍ ചന്തകള്‍ ഇല്ലതായിപ്പോയപ്പോള്‍ നമുക്ക് നഷ്ട്ടപ്പെട്ടതും ഈ അവസരങ്ങളാണ്. നാടന്‍ വസ്തുക്കളുടെ വിപണനം കുറഞ്ഞതും, സീസണല്‍ ഫലവര്‍ഗങ്ങളായ ചക്ക, മാങ്ങ എന്നിവയുടെ വിപണനം കുറഞ്ഞതും, നാട്ടു കൃഷിയുടെ തോത് കുറഞ്ഞതും എല്ലാം ഈ നഷ്ട്ടങ്ങളില്‍ പെട്ട ചിലതാണ്.

സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പൊട്ടി മുളക്കാന്‍ തുടങ്ങിയ കാലത്തായിരുന്നെന്നു തോന്നുന്നു ചന്തകളുടെ മരണം സംഭവിച്ചത്. വിദേശി സാധനങ്ങളും, കമ്പനി പേരോടുകൂടിയ ബ്രാന്‍ഡ്‌ സാധനങ്ങളും കണ്ടു തുടങ്ങിയപ്പോള്‍ മുറ്റത്തെ മുല്ലക്ക് മണമില്ലാതെയായി. പിന്നെ ഒന്നെടുത്താല്‍ രണ്ടു ഫ്രീ യെന്ന പരസ്യ വാചകത്തിന് മുന്നില്‍ വാപൊളിച്ചു നിന്ന് പോയി മലയാളി. പിന്നെ ഷോപ്പിങ്ങ് ഒരു ത്രില്ലായി. അത്യാശ്യ സാധനങ്ങള്‍ വാങ്ങുക എന്നത്തില്‍ നിന്നും ഒഴിവു വേളകളിലെ വിനോദ പരിപാടികളില്‍ ഒന്നായി മാറി ശീതീകരിച്ച സൂപ്പര്‍ മാര്‍കറ്റുകളിലെ ഷോപ്പിംഗ്‌ എന്ന പ്രക്രിയ. ആവശ്യവും അനാവശ്യവും വാങ്ങിക്കൂട്ടുന്നതിനിടയില്‍ പണ്ട് ചന്തയില്‍ കുറഞ്ഞ വിലക്ക് ലഭ്യമായിരുന്ന നാടന്‍ സാധനങ്ങള്‍ നമ്മള്‍ ഇരട്ടിയിലും കൂടുതല്‍ വില കൊടുത്തു വാങ്ങുന്നു. ആ സാധനത്തിനു മുകളില്‍ ഏതെങ്കിലും കമ്പനികളുടെ പേരും ചിഹ്നവും ഉണ്ടായപ്പോള്‍ മലയാളിക്ക് സമാധാനമായി.ഉപ്പ പറഞ്ഞു തന്ന ഇടയാളന്മാരുടെ സ്ഥാനം ഇന്ന് വലിയ കമ്പനികള്‍ നേടിയെടുത്തിരിക്കുന്നു.   


റാഞ്ചി യിലെ സായാഹ്ന ചന്തകള്‍ ഇനിയും എത്ര കാലം വാഴും എന്നറിയില്ല. ആദിവാസികള്‍ക്കിടയില്‍ പരിഷ്കാരവും, വികസനവും എത്തും  വരെ ചന്തകളും വാഴും എന്ന് പ്രത്യാശിക്കാം .  

   

Comments

  1. നന്നായിരിക്കുന്നു ഈ വിവരണം.

    ReplyDelete
  2. Nostalgic... ഞാനും പോയിട്ടുണ്ട് അരീകോട് ചന്തയിൽ , നല്ല ഉണകമീൻ വാങ്ങാനും പിന്നെ മടങ്ങുന്ന വഴിക്ക് സ്റ്റാന്റിലെ "മരുപച്ചയിൽ" നിന്നും പായസം കുടിക്കാനും ...

    Nizam

    ReplyDelete

Post a Comment

Popular Posts