റിക്ഷാവാലകള്‍





നാലഞ്ചു വർഷങ്ങൾക്കു  മുമ്പ്, റാഞ്ചിയിലെ റെയിൽവേ  സ്റ്റേഷനിൽ വെച്ചാണ് ഇക്കൂട്ടരെ ഞാനാദ്യം കാണുന്നത് . ആദ്യം തോന്നിയത് അത്ഭുതമായിരുന്നു. വല്ലപ്പോഴും കണ്ട കാള വണ്ടിയെപ്പോലെ കാളക്കു പകരം മനുഷ്യൻ ഉരുട്ടി കൊണ്ടുപോവുന്ന മൂന്നു ചക്ര സൈക്കിൾ റിക്ഷ !!  നല്ല തണ്ടും തടിയുമുള്ള കാളക്കു പകരം  മെലിഞ്ഞു കോല് പോലിരിക്കുന്ന മനുഷ്യന്മാർ വലിക്കുന്ന വാഹനം. അവർ റിക്ഷാ വാലകൾ.


ആദ്യങ്ങളി ലൊന്നും അതിലൊരു യാത്ര നടത്താൻ ഞാൻ തയ്യാറായിരുന്നില്ല. രണ്ടായിരുന്നു കാരണങ്ങൾ. ഒന്നാമത് പേടിയായിരുന്നു.   സ്വയ  രക്ഷയെ  ക്കുറിച്ചുള്ള ആധി . പിന്നെ പൊള്ളുന്ന വെയിലത്ത്‌ രണ്ടും മൂന്നും ആളുകളെയും പേറി ഇവർ  സൈക്കിൾ റിക്ഷ ചവിട്ടുന്നത് കാണുമ്പോഴുള്ള സഹതാപം. പിന്നെ പേടിച്ചു പേടിച്ചാണെങ്കിലും  നിവൃത്തി കേടു കൊണ്ട് ഒരിക്കൽ എനിക്കും അവരുടെ യാത്രക്കാരി ആവേണ്ടി വന്നു.


റാഞ്ചിയിൽ അവർ തന്ന കാഴ്ചകൾ പലതാണ്. കൽക്കരി ഖനികളിൽ നിന്നും  കൽക്കരി നിറച്ച എട്ടോ പത്തോ ചാക്കുകൾ പേറി സൈക്കിൾ റിക്ഷ ചവിട്ടുന്ന ഒരു കാഴ്ചയുണ്ട്. പട്ടണത്തിൽ നിന്നും ഒരു പാട് കിലോമീറ്ററുകൾ മാറിയാണ് കൽക്കരി കുഴിക്കുന്ന ഇടങ്ങള്‍. അവിടുന്ന് ഈ ചാക്കുകൾ കെട്ടിവെച്ചു കുന്നും കുഴിയും താണ്ടി ഇവര്‍ പട്ടണത്തിൽ വരും. ദിവസങ്ങളെടുക്കും ഈ യാത്ര തീരാന്‍. പട്ടണത്തിലെ ഹോട്ടലുകളിലും മറ്റും ഭക്ഷണം പാകം ചെയ്യാൻ വേണ്ട കൽക്കരിയുടെ  വിതരണക്കാർ മിക്കവാറും ഇവരാണ്. ചാക്കുകൾ വിറ്റു കാലിയാക്കി തിരിച്ചു ചവിട്ടുമ്പോൾ ഇവരുടെ പ്രയത്നത്തിനു തക്ക  പ്രതിഫലം കിട്ടുന്നുണ്ടോ എന്നത് അവര്‍ സ്വയം ചോദിക്കരുണ്ടാരുണ്ടോ ആവോ. പക്ഷെ കാണുന്ന എന്നെ പോലുള്ളവർ അങ്ങനെ പലവട്ടം ചോദിക്കും


മിക്ക ഉത്തരേന്ത്യന്‍ തെരുവുകളെ പ്പോലെ തന്നെ റാഞ്ചിയുടെ തിരക്ക് പിടിച്ച തെരുവുകളിലും ഇവര്‍ അതി വിദഗ്ദ്ധമായി റിക്ഷ ഓടിച്ചു ജീവിക്കുന്നു. വീതി കുറഞ്ഞ, വളവുകള്‍ കൂടിയ റോഡുകളിലൂടെ വെറും ഹാന്‍ഡ്‌ ബ്രേക്ക്‌ ഉം പിന്നെ പയറ്റി ശീലിച്ച ബാലനസും ഉപയോഗിച്ച് ഇവര്‍ എത്ര ദൂരം വേണമെങ്കിലും വണ്ടിയോടിക്കും... മഴയത്തും വെയിലത്തും കൊടും തണുപ്പത്തും മുടങ്ങാതെ... ഇതിനിടയില്‍ അക്സിടെന്റ്റ് നുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്... പക്ഷെ രസകരമായ ഒരു സത്യം ഏതുവണ്ടി ഇവരെ ചെന്ന് ഇടിച്ചാലും ഇവര്‍ ഏതു വണ്ടിയെ ചെന്ന് ഇടിച്ചാലും കുറ്റക്കാര്‍ റിക്ഷാ വാലകള്‍ ആണ്. അതാണവിടുത്തെഒരലിഖിത നിയമം. മുള്ള് ഇലമേല്‍ വീണാലും ഇല മുള്ളിന്മേല്‍ വീണാലും കേട് ഇലയ്ക്ക് തന്നെ. ഒരിക്കല്‍ അങ്ങനെ ഒരനുഭവവും ഉണ്ടായി. കൂട്ടുകാരി സഞ്ചരിച്ചിരുന്ന സൈക്കിള്‍ റിക്ഷയുടെമേല്‍ ഒരു കാര്‍ വന്നു ചാഞ്ഞു, സ്വാഭാവികമായും സൈക്കിള്‍ റിക്ഷ മറിഞ്ഞു. കാര്‍ ഡ്രൈവര്‍ റിക്ഷ വാലയെ പൊരിഞ്ഞ ചീത്ത... തിരിച്ചു ചീത്ത പറഞ്ഞ കൂട്ടുകാരിയോട് റിക്ഷാ വാല .. “മാടം ആപ് ചുപ്പ് രഹിയേ.. ഏ ലോക് ഐസായീ ഹൈ.. ഗലതീ ഉസ്കെ പാസ് ഹൈ.. ലേകിന്‍ ഫിര്‍ ഭീ ഹമേ സുന്‍ ന പടേക.. ക്യുക്കി മേ ഹും ഏക്‌ റിക്ഷ വാല..” എന്ത് പറയാന്‍ പിന്നെ..ഇക്കൂട്ടര്‍ എല്ലാം കേട്ടു മിണ്ടാതെ റിക്ഷയും എടുത്തു പോയി കൊള്ളും... കഷ്ട്ടം!!


മാന്യമായി ജീവിക്കാൻ തുടങ്ങി മാന്യമായ കൂലി ചോദിച്ചു വാങ്ങാനുള്ള അവകാശം വരെ ഇവര്ക്ക് പലപ്പോഴും നിഷേധിക്കപ്പെടാരുണ്ട് . ഒരിക്കൽ ഒരനുഭവമുണ്ടായി . ഒരു ഉത്തരേന്ത്യൻ കൂട്ടുകാരിയുടെ കൂടെ ഒരു റിക്ഷയിൽ കയറാ നിടയായി. യാത്ര തുടങ്ങും മുൻപ് പൈസ പറഞ്ഞുറപ്പിക്കൽ അവിടെ ഒരു പതിവ് പരിപാടിയാണ്. വിലപേശി ഒരു ഏറ്റവും കുറഞ്ഞ തുകയിലാണ് യാത്ര തുടങ്ങാരുള്ളത് . അന്നും അങ്ങനെ തന്നെ സംഭവിച്ചു. വിലപേശൽ കലയിൽ മിടുക്ക് വളരെ കുറഞ്ഞ എന്നോട് മിണ്ടാതിരിക്കാൻ പറഞ്ഞു അവൾ  രംഗം ഏറ്റെടുത്തു .അങ്ങനെ ഒരു വിലയും പറഞ്ഞു ഉറപ്പിച്ചു ഞങ്ങള്‍ യാത്ര തുടങ്ങി. യാത്രവസാനം പറഞ്ഞുറപ്പിച്ച പൈസയില്‍ നിന്നും വളരെ കുറഞ്ഞ പൈസയും കൊടുത്തു അയാളെ പറഞ്ഞയക്കുമ്പോള്‍ കൂട്ടുകാരി മൊഴിഞ്ഞു.. “പറഞ്ഞ പൈസ വളരെ കൂടുതലാണ്. അതുകൊണ്ട് ഞാന്‍ ഇത്രയേ തരികയുള്ളൂ. “ അതും കേട്ട് പൈസ വാങ്ങുന്ന റിക്ഷാ വാലയുടെ മുഖത്ത് അന്ന് ഞാന്‍ കണ്ട ദയനീയ ഭാവം പിന്നെ എല്ലാ റിക്ഷ ക്കാരിലും ഞാന്‍ കാണാന്‍ തുടങ്ങി.



കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും  റിക്ഷവാലകൾ  ഉത്തരേന്ത്യയുടെ ഒരവിഭാജ്യ കാഴ്ചയാണ്. ഒരു തരത്തിൽ  ചിന്തിച്ചാൽ ഇവരില്ലാതെ അവിടെ യാത്ര ദുസ്സഹമാവും. റാഞ്ചി യെ പ്പോലെ പൊതു വാഹന സൗകര്യം വളരെ കുറഞ്ഞ ഇടങ്ങളിൽ റിക്ഷാ വാലകൾ സാധാരണക്കാരുടെ യാത്രക്ക് വലിയൊരു ആശ്രയമാണ്.  അതേ സമയം ഈ  സാധാരണക്കാരുടെ തന്നെ ചൂഷണത്തിന് തന്നെയാണ് ഇവർ  ഏറ്റവും കൂടുതൽ ഇരയാവുന്നതും.

സാമൂഹിക സാമ്പത്തിക തലങ്ങള്‍ എടുത്തു നോക്കിയാല്‍ ഇവര്‍ സമൂഹത്തിന്‍റെ ഏറ്റവും താഴെ തട്ടിലാവും വരിക. പേരോ, പെരുമയോ, കുല ജാതി മഹിമയോ, പണമോ എന്തിനു വിദ്യാഭ്യാസം പോലും അവകാശപ്പെടാനില്ലാതെ കിട്ടുന്ന പൈസ കൊണ്ടു ഓരോ ദിവസവും ആഘോഷമാക്കുന്ന ഒരു കൂട്ടര്‍. ഒരു ദിവസം പൈസ കിട്ടിയില്ലെങ്കില്‍ അന്ന് പട്ടിണി കിടന്നു ആഘോഷിക്കും. തെരുവ് ജീവിതത്തിന്‍റെ എല്ലാ അഴുക്കുകളും ഇവരുടെ ജീവിതത്തില്‍ കാണാം. ലഹരിയും ചിലപ്പോഴൊക്കെ വെട്ടിപ്പും ഉണ്ടെന്നു ചിലര്‍ പറയാറുണ്ട്. എല്ലാം കൂടെ നോക്കിയാല്‍ എല്ലാം കൂടെ മങ്ങിയ നിറം, ഇവരുടെ വേഷവും ശരീരവും പോലെ തന്നെ..


ഈ സൈക്കിള്‍ റിക്ഷകളില്‍ പോവുമ്പോള്‍ പലപ്പോഴും ഇവരെ കുറിച്ച് ഒരുപാട് ആലോചിച്ചുണ്ട്. ശോഷിച്ച ഞരമ്പ്‌ പൊങ്ങിയ കാലുകളെക്കുറിച്ച് മുതല്‍ അവരുടെ കുടുംബങ്ങളെ കുറിച്ച് വരെ.
ഒരിക്കല്‍ അങ്ങനെ ഒരു കുടുംബത്തെ പരിചയപ്പെടാന്‍ ഒരവസരം ഒത്തു വന്നു. ഹോസ്പിറ്റലില്‍ വന്ന ഒരു രോഗിയും കുടുംബവും. കുടുംബ കാര്യങ്ങള്‍ അന്വേഷിച്ചു വന്നപോഴാണ് ഒരു റിക്ഷാവാല കുടുംബമാണെന്നു മനസ്സിലായത്‌. ശരിക്കും ഞാനൊന്നും നോക്കി. 27  ഓളം വയസ്സ് വരുന്ന ഒരു പെണ്‍കുട്ടി. പ്രാന്ത് തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു. ഇതുവരെ ചികിത്സി ച്ചിട്ടെ ഇല്ല. അത് ശരിക്കും കാണാം. അവര്‍ പശ്ചിമ ബംഗാളില്‍ നിന്നും വരികയാണ്. കൂടെ ഉള്ളത് ഉമ്മയും ഉപ്പയും. അവര്‍ ‘ഖാന്‍’ മാരാണ്. റിക്ഷവാലകളില്‍ഒരു നല്ല ഭൂരിപക്ഷവും മുസ്ലിം മതത്തിലെ ഖാന്‍ വിഭാഗത്തില്‍ പെട്ടവരാണെന്നു കേട്ടിടുണ്ട് ഞാന്‍. കുറെ ദേഷ്യപ്പെട്ടു ഞാന്‍. ഇത്രയുമായിട്ടും എന്തേ ചികില്സിക്കാതിരുന്നത് എന്ന് ചോദിച്ചു. അതിനുത്തരം അവര്‍ പോവാനിറങ്ങും മുന്‍പാണ് എനിക്ക് മനസ്സിലായത്‌. എഴുതിക്കൊടുത്ത മുന്നൂറു രൂപയുടെ മരുന്ന് പോലും വാങ്ങാന്‍ അവരുടെ കയ്യില്‍ കാശില്ല.  വണ്ടി കശുമില്ലാത്തത് കൊണ്ട് കള്ള വണ്ടി  കയറിയാണത്രെ ജാര്‍ഖണ്ട്‌ വരെ വന്നത്. അവസാനം അയാളുടെ കണ്ണ് നിറഞ്ഞു. “മാടം, ഹം ഗരീബ് ലോഗ് ഹൈ , അഗര്‍ ഹം ഇസ്കോ ഇലാജ് കര്‍വായേന്ഗെ തോ ഹമാരാ പരിവാര്‍ ഭൂക് സെ മര്ജായെന്ഗെ”.. എന്ത് പറയാന്‍ പിന്നെ..












Comments

  1. റിക്ഷാവാലകളുടെ ജീവിതത്തിലേക്ക് തിരിച്ച ഒരു കണ്ണാടിയാണ് ഈ പോസ്റ്റ്‌.. ഇവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഓടയില്‍ നിന്ന് എന്ന നോവലാണ് ആദ്യം ഓര്‍മ്മ വരിക.പണ്ട് ഒരിക്കല്‍ ഇങ്ങിനെയൊരു റിക്ഷയില്‍ കയറിയിട്ടുണ്ട്. ദയനീയമായ മുഖഭാവത്തോടെ പ്രയാസപ്പെട്ടുകൊണ്ട് അവര്‍ നീങ്ങുമ്പോള്‍ നമുക്കതിലിരിക്കാന്‍ ഒരു മടിയും തോന്നും.
    എന്തായാലും റിക്ഷാവാലകളെക്കുറിച്ച് നന്നായി എഴുതി.

    ReplyDelete
  2. വ്യത്യസ്ഥമായ ഒരു ലേഖനം .

    ReplyDelete

Post a Comment

Popular Posts