നോമ്പിന്റെ സ്വാദ് ...

നോമ്പിനു അവരുടെ ഭാഷയിൽ  എന്ത് പറയും എന്നതായിരുന്നു എന്റെ ആദ്യത്തെ സംശയം.. പീടികകളിൽ പോയി മുക്കി മുക്കി ഹിന്ദി സംസാരിക്കുന്ന ഞാൻ  മിക്കപ്പോഴും പുതിയ വാക്കുകൾ  പഠിച്ചിരുന്നതും  ദുക്കാൻ വാലയിൽ നിന്നാണ്. ഒരിക്കൽ മറ്റെന്തോ വാങ്ങാൻ പീടികയിൽ പോയ എന്നോട് ആ ദുക്കാൻ വാല ഭയ്യയാണ്  ആദ്യം നോമ്പിനെ കുറിച്ച് ചോദിച്ചത്. റോസ (roza ) എന്നാൽ നോ മ്പാ ണെന്ന്  അന്ന് ഞാൻ മനസ്സിലാക്കി.

റാഞ്ചിയിലെ നോമ്പ് ഒരു അനുഭവം തന്നെയായിരുന്നു. കുളിരുള്ള സമയമാണെങ്കിലും  കഷ്ട്ടപ്പെട്ട നോമ്പ്. അത്താഴത്തിനു ചോറുണ്ണാൻ കഴിയാത്തതിന്റെ കഷ്ട്ടപ്പാട്, രാവിലെ മുതൽ വൈകീട്ട് ആറ്  വരെ മാനസിക രോഗികളോട് മല്ലിടെണ്ട കഷ്ട്ടപ്പാട്, എല്ലാ കഴിഞ്ഞു വൈകീട്ട് വന്നാൽ കാരക്കയും വെള്ളവുമല്ലാതെ ഒന്നും നോമ്പ് തുറക്കാൻ ഇല്ലാത്തതിന്റെ സങ്കടം, നോമ്പ് തുറന്നിട്ടും വയറു നിറക്കാൻ പിന്നെയും രണ്ടു മണിക്കൂർ  കാത്തിരിക്കേണ്ട കഷ്ട്ടപ്പാട്, ആ കാത്തിരിപ്പിനൊടുവിലും പച്ചരിയുടെ തണുത്ത്  മരവിച്ച ഇച്ചിരി ചോറും പെരിയാറ്  പോലെയുള്ള ദാലും കഴിക്കേണ്ടി വരുന്ന കഷ്ട്ടപ്പാട്,.. എല്ലാം കഴിയുമ്പോൾ റബ്ബേ എന്ന് മനസ്സറിഞ്ഞു വിളിച്ചു പോയിരുന്നു ഞാൻ... ഇതെല്ലം കഴിഞ്ഞു പിറ്റേ ദിവസത്തിലേക്കുള്ള  പഠനവും കഴിയുമ്പോഴേക്കും ആ ദിവസത്തിന്റെ എല്ലാ ഇബാദത്തും   (പുണ്യ പ്രവര്ത്തികള്) ഞാൻ ചെയ്ത  പോലെയായിരുന്നു... ഇതിലും വലിയ എന്ത് ത്യാഗമാണ് ചെയ്യേണ്ടത്..എട്ടും അല്ലെങ്കിൽ ഇരുപതും റക്കാ അത്ത്  നമസ്കരിച്ചാലും ഖുർആൻ മൂന്നും നാലും വട്ടം ഓതിയാലും  കിട്ടാത്തത്ര  പുണ്യം ഞാൻ ആ നോമ്പ് ദിവസങ്ങളിൽ നേടിയെടുത്തി ട്ടുണ്ടാവണം

പണ്ട് നോമ്പ് എപ്പോഴും അവധിക്കാലങ്ങളായിരുന്നു ..ആലസ്യത്തിൽ തീരുന്ന പകൽ  വേളകളിൽ , പ്രാർത്ഥനയിൽ മുഴുകാൻ പറയുന്ന രാത്രി കാലങ്ങളിലും ഞാൻ സുഖിച്ചു പോന്നു...പഠിച്ച സ്കൂളുകളൊക്കെ  നോമ്പ് കാലം പ്രമാണിച്ച് പ്രവർത്തി  സമയം വെട്ടി കുറച്ചപ്പോൾ ഉച്ച വേളകൾ പത്തിരി പരത്തലു കളുടെയോ ഉച്ചയുറക്കങ്ങളുടെയോ സ്ഥിരം സമയങ്ങളായി..പത്തിരിയും ഇറച്ചി ക്കറിയും തലയ്ക്കു പിടിച്ച ആ നോമ്പ് കാലം സുഖലോലുപതയുടെ നോമ്പ് കാലമായിരുന്നെന്നു തിരിച്ചറിയാൻ റാഞ്ചി വരെ പോവേണ്ടി വന്നു..

നോമ്പിനു അന്നേ വരെ ഒരേ മുഖമായിരുന്നു .. ഒരേ നിർവച നങ്ങളായിരുന്നു..ഒരേ സ്വാദായിരുന്നു, ഒരേ മന്ത്രങ്ങളായിരുന്നു .. സ്വർഗത്തിൽ പ്രവേശിക്കാനും പുണ്യം വാരി കൂട്ടാനുമായി  ധാരാളമായി  കേൾക്കുന്ന എളുപ്പ വഴികളും ഒന്ന് തന്നെയായിരുന്നു.. എന്നിട്ടും ഞാൻ സംസ്കരിക്ക പ്പെട്ടോ എന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു... ഒരുപാട് സമയങ്ങൾ കിട്ടുമ്പോൾ ഒന്നും ചെയ്യാനില്ലാതെ വെറുതെ ഇരുന്നു സ്തുതി വചനങ്ങൾ  ഉരുവിടുമ്പോഴും അർഥം ഒട്ടുമറിയാതെ  അറബിയിലുള്ള ഖുർആൻ വചനങ്ങൾ  വായിക്കുമ്പോഴും കിട്ടാത്ത മനസ്സാനിദ്ധ്യവും , സന്തോഷവും, ബര്കതും റാഞ്ചി യിലെ തികച്ചും പട്ടിണിയിലായ  ആ മുപ്പതു ദിവസങ്ങൾക്കുണ്ടായിരുന്നു..

ഒഴിഞ്ഞിരുന്നു സ്തുതി ചൊല്ലുന്നതിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്യാൻ സമയം ഇല്ലാത്ത, ഒരു വട്ടം മുഴുവാനായി പാരായണം ചെയ്യുന്നത് പോയിട്ട് ഒരു അദ്ധ്യായം  മുഴുവൻ വായിക്കാൻ സമയം ഇല്ലാത്ത, എട്ടു റക്കാ അത്ത്  പോയിട്ട്, രണ്ടു റക്കാ അത്ത് കൂടുതൽ സുന്നത് പോലും നമസ്കരിക്കാൻ കഴിയാത്ത, പത്തിരിയും ഇറച്ചി ക്കറിയും  പിന്നെ നാല് തരം പൊരികളും , രണ്ടു തരം ജ്യൂസുകളും സ്വപ്നം കാണാൻ പോലും കഴിയാത്ത ഒരു നല്ല വിഭാഗം ജനങ്ങൾ നോമ്പ നുഷ്ട്ടിക്കുന്നു  എന്ന് തിരിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു  ആ നോമ്പ് കാലം. ഈ ജനത അത് വരെ ഞാൻ കണ്ട നോമ്പിന്റെ, മുഖവും, മന്ത്രങ്ങളും സ്വാദും എല്ലാം മാറ്റി എഴുതി..

നോമ്പല്ലാത്ത  ദിവസങ്ങളിൽ  ആശുപത്രി വരാന്തയിൽ വിശപ്പടക്കി പിടിച്ച ദയനീയ നോട്ടങ്ങൾ അയക്കുന്ന ഒരുപാട് കണ്ണുകളെ ഞാൻ കണ്ടിട്ടുണ്ട്.. ഇനി ഉച്ചയൂണിനു ശേഷമാവാം എന്ന് പറഞ്ഞു ഞാൻ ഉച്ച ബ്രേക്ക്‌ എടുക്കുമ്പോൾ പഞ്ചായത്ത് പൈപ്പിൽ നിന്ന് വെള്ളം കുടിച്ചു വയറു നിറച്ചു വീണ്ടും എന്റെ മുൻപിൽ വന്നിരിക്കുന്ന കുറെ രോഗികളുടെ പട്ടിണിയെ ഞാൻ നിസ്സഹായമായി നോക്കിയിരുന്നിട്ടുണ്ട്. ഡോക്ടർ മരുന്നെഴുതി കൊടുത്ത്  പറഞ്ഞു വിടുമ്പോൾ ആരും കാണാതെ ആ ശീട്ട് ചുരുട്ടി മടക്കി ചെളി പുരണ്ട ജുബ്ബയുടെ കീശയിലേക്ക്‌ വെക്കുന്ന രോഗിയുടെ അച്ഛനോട് എന്താ മരുന്ന് വാങ്ങിക്കുന്നില്ലേ എന്ന് ചോദിച്ചപ്പോൾ , മൂന്നു നേരത്തെ റൊട്ടി കുട്ടികൾക്ക്  കൊടുക്കാൻ വകയില്ലാത്ത എനിക്ക്  എവിടുന്നാണ് മരുന്ന് മേടിക്കാൻ മുന്നൂറു രൂപ എന്ന് തിരിച്ചു ചോദിച്ചവർക്ക്  മുൻപിൽ എന്റെ തല കുനിഞ്ഞു പോയിട്ടുണ്ട്.. സ്ക്കൂളിൽ വരുന്നത് വയറു നിറച്ചു ഭക്ഷണം കഴിക്കാനാണ് എന്ന് പറഞ്ഞ കുട്ടികളെയും ഞാൻ കണ്ടിട്ടുണ്ട്..ഇവരെല്ലാം എന്നെ സംബന്ധിച്ച് ഓരോ പ്രതീകങ്ങളായിരുന്നു ..(സാകത്ത് എന്നാ പേരില് നമ്മൾ നൽകുന്ന  ദാന ധർമങ്ങളിൽ  ഇവർക്കൊന്നും  ഒരറബി പേരോ ഉർദു  പേരോ  ഇല്ലാത്തതു കൊണ്ടു കിട്ടാതെ  പോവുന്നത്  വേറെ സങ്കടം ) അന്നേ വരെ നോമ്പ് എടുത്തപ്പോൾ ഞാൻ ഓർക്കുക പോലും ചെയ്യാത്ത കുറെ മുഖങ്ങൾ .. എന്നാൽ നോമ്പ് തുറന്നിട്ടും ഭക്ഷണം കിട്ടാൻ വിശന്നു  കാത്തിരുന്ന ദിവസങ്ങളിൽ  ഈ മുഖങ്ങളെ ഞാൻ നൂറു വട്ടം ഓർത്തിരുന്നു ..അവരുടെ പട്ടിണിയെ ഞാൻ അനുഭവിച്ചറിഞ്ഞിരുന്നു..ഭക്ഷണത്തിന്റെ വിലയെ ഞാൻ മനസ്സിലാക്കിയിരുന്നു...ആ തിരിച്ചറിവുകൾ പലപ്പോഴും നോമ്പിന്റെ പല അർത്ഥ തലങ്ങൾ ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു..ആരോ പറഞ്ഞതോർമ്മ  വരുന്നു, പട്ടിണി കിടക്കുന്നവരോടുള്ള ആഭിമുഖ്യം പ്രകടിപ്പിക്കാലാണ് നോമ്പ് എന്ന്..ഈ അവസ്ഥയിൽ  ശരിക്കും അന്വർത്ഥ മാക്കുന്ന വാക്കുകൾ ..

പട്ടിണിയും വിശപ്പും നോമ്പ് കാലത്ത് പോലും നമ്മളിൽ പലർക്കും അനുഭവിക്കാൻ വിധിയില്ല... രാത്രി മുഴുവൻ വയറു നിറയെ തീറ്റയും രാവിലെ പകുതി നേരം സ്വസ്ഥമായ ഉറക്കവും, പിന്നെ സുഖകരമായി തന്നെ ഒരു വശത്തിരുന്ന് ഇബാതതെടുക്കലും ഉൾക്കുന്ന നോമ്പ് പാക്കേജ് ആണ് നാട്ടിൽ സ്ഥിരമായി കാണാറുള്ളത്‌. ആ പാക്കേജിനിടയിൽ വിശപ്പും, കഷ്ട്ടപ്പാടും , പട്ടിണിയും എവിടെ?

ചെറുപ്പം മുതലേ പറഞ്ഞു കേട്ടിട്ടുണ്ട്, ഇബാദത്തു  എടുക്കലാണ് നോമ്പിന്റെ പ്രധാന പരിപാടിയെന്ന്... ഇബാദത്ത് എടുക്കൽ കൊണ്ട് ഉദേശിക്കുന്നത് ഒരു പാട് നമസ്കരിക്കലും, സ്തുതി പാടലും, പിന്നെ ഖുർആൻ ഓ തലും മാത്രമാണെങ്കിൽ എന്നെപ്പോലെയുള്ള  പല സ്ത്രീകളും തീരെ ഇബാദത്ത് എടുക്കാത്തവരുടെ കൂട്ടത്തിൽ  പെടുകയും, ഞങ്ങൾക്കെല്ലാം  നോമ്പ് വെറുമൊരു പട്ടിണി കിടക്കൽ പ്രക്രിയ ആവുകയും ചെയ്യും  .. പകൽ  മുഴുവൻ ജോലിയും വൈകീട്ട് വന്നു നോമ്പ് തുറക്കാനുള്ളത്  തട്ടി ക്കൂട്ടലും, പിന്നെ രാത്രി അത്താഴത്തിലേക്ക്  ഒരുക്കലും, പിന്നെ കുട്ടികളെ നോക്കലും കഴിയുമ്പോൾ മേൽ  പറഞ്ഞ ഇബാദത്തിനെവിടെ നേരം? എല്ലാ കഴിഞ്ഞു റബ്ബേ എന്ന് വിളിക്കാൻ മാത്രമേ കഴിയൂ..റബ്ബേ ഈ ചെയ്തതെല്ലാം നീ ഇബാടത്തായി കണക്കാക്കണേ എന്നൊരു ഉൾ വിളിയും കൂടിയാണത്..ആ വിളി ദൈവം കേൾക്കാതിരിക്കുമോ?

Comments

 1. Allah nammude ellam vili kelkkunnavanum athinte artha thalangalum aathmarthathayum ariyunnavanum aanenn namuk samashwasikkam! In shaa Allah avane kandu muttumbozhe ariyu aaru shari aaru thett enn

  ReplyDelete
 2. നോമ്പ് ഓരോരുത്തർക്കും ഓരോ അനുഭവം. നല്ല അനുഭവക്കുറിപ്പ്‌. നല്ല നിരീക്ഷണം.

  ReplyDelete
 3. നല്ല കുറിപ്പ്....

  ReplyDelete
 4. പകൽ മുഴുവൻ ജോലിയും വൈകീട്ട് വന്നു നോമ്പ് തുറക്കാനുള്ളത് തട്ടി ക്കൂട്ടലും, പിന്നെ രാത്രി അത്താഴത്തിലേക്ക് ഒരുക്കലും, പിന്നെ കുട്ടികളെ നോക്കലും കഴിയുമ്പോൾ മേൽ പറഞ്ഞ ഇബാദത്തിനെവിടെ നേരം?
  നിയ്യത്ത് (കരുത്ത്) നന്നാക്കിയാൽ ഇതൊക്കെ ഇബാദത്ത് തന്നെയാണ്.

  ReplyDelete

Post a Comment

Popular Posts