മരുമകൾ അഥവാ അടുക്കളക്കാരി

മരുമകൾ എന്ന പദവിയെ കുറിച്ചാണ് ഇന്നത്തെ ചിന്ത.

താത്തെ , മരുമകളിലെ പൊരേല് ? അയൽവാസി  ചേച്ചിയുടെ ചോദ്യം ഉമ്മയോടാണ്. "ണ്ട് , ചെറിയോളും  ബല്യൊളും ണ്ട് " . ഉമ്മയുടെ മറുപടി.

'ആരാ അന്റോ ടെ  ള്ളത്? അഭിലാഷിന്റെ ഓളുണ്ടോ?' തിരിച്  ഉമ്മയുടെ ചോദ്യം .
കല്യാണം കഴിഞ്ഞു എട്ടു വർഷമായിട്ടും,  ഇവർക്കൊന്നും എന്റെ പേരറിയില്ലേ  എന്നാണ് ഞാൻ ആലോചിക്കുന്നത്. ബല്യ മരുമകൾ, ചെറിയ മരുമകൾ, വഹാബിന്റെ ഓൾ , റസാഖിന്റെ ഓൾ എന്നിങ്ങനെ പോകുന്നു നാമ വിശേഷണങ്ങൾ.  ഇതിനുമപ്പുറം, നമ്മുടെ നാമത്തിനോ അതിനു പിന്നിലുള്ള നമ്മുടെ വ്യക്തിത്വത്തിനോ ഇവിടെ ഒരു പ്രസക്തിയുമില്ല!!!!!

"ന്റെ പൊ രെനേം  പോരക്കാരീം കുറിച്ചല്ല ട്ടോ... ഓലെ  കുറ്റം പറയാന്നു  ങ്ങൾ വിചാരിക്കലീ  .... ഓല്  മുത്താണ്..."

പൊതുവെ പറഞ്ഞതാണ്.
 നമ്മുടെ നാട്ടിലും, സമൂഹത്തിലും, പഴകി ചേർന്നിരിക്കുന്ന ചില സുഖകരമല്ലാത്ത വസ്തുതകളെ കുറിച്ച് ഉറക്കെ ചിന്തിക്കുകയാണ്.

മലയാളത്തിലും തമിളിലും മരുമകൾ, ഹിന്ദിയിൽ ബഹു, രാജസ്ഥാനിൽ ബിന്ദിണി, ഇന്ത്യയിൽ നിലനിൽക്കുന്ന മറ്റു ഭാഷകളിൽ മറ്റു പലതും. പക്ഷെ, സ്ഥാനവും, നിർവചനങ്ങളും  എല്ലായിടത്തും ഒന്ന് തന്നെ. വീട്ടിലെ മകന്റെ ഭാര്യയായി വന്നു കയറുന്ന പെണ്ണിനെ സൂചിപ്പിക്കുന്ന വ്യത്യസ്ത പദങ്ങൾ ...ചിലയിടത്തു പേര് ചേർത്ത് വിളിക്കും, എന്നാൽ ചില ഇടങ്ങളിൽ, പേരിന്റെ  പ്രസക്തി പോലും മുക്കി കളയുന്ന ഒരു  പദം .

 ആദ്യത്തെ ചിന്ത : എന്ത് കൊണ്ടാണ് മരു മകളും മകളും ഉണ്ടാവുന്നത്. മകളെ പ്പോലെ, ചില്പ്പോഴൊക്കെ മകൾക്കും ബദലായി മകളുടെ ദൗത്യം നിറവേറ്റുന്ന 'മകൾ' മരുമകൾ മാത്രമായി ഒതുങ്ങി പ്പോവുന്നത് ? മകളുടെ സ്ഥാനവും, മാനവും, മിക്ക വീടുകളിലും മരുമകൾക്ക് ലഭിക്കാതെ പ്പോവുന്നത് എന്ത് കൊണ്ടാണ്?
രണ്ടാമത്തെ ചിന്ത.: മരുമകൻ എന്ന പദത്തിന് അത്യപൂർവ്വ മായ സ്ഥാനവും മാനവും നല്കപ്പെടുമ്പോൾ അതുപോലെതന്നെ വന്നു കയറിയവൾക്കു വീട്ടിലെ രണ്ടാം കിട പൗരന്റെ സ്ഥാനം മാത്രം ലഭിക്കുന്നത്. കല്യാണം കഴിഞ്ഞത് മുതൽ വർഷങ്ങൾ ഇരുപതോ മുപ്പതോ കഴിഞ്ഞാലും, മരുമകൻ വിശിഷ്ടാഥിയും, കല്യാണം കഴിഞ്ഞു പിറ്റേ ദിവസം മുതൽ മരുമകൾ, വീട്ടിലെ അടുക്കളക്കാരിയുമാവുന്നത്  എന്തുകൊണ്ടാണ്? മരുമകളെ ശമ്പളം ആവശ്യമില്ലാത്ത സൗജന്യമായി ലഭിച്ച വേലക്കാരിയായി കാണുന്ന വീടുകളും  കുടുംബങ്ങളും കുറവല്ലാതെ തന്നെ കാണുവാനാകും. "പൊരെലെ പണി എടുക്കാനല്ലെങ്കിൽ പിന്നെ ന്തിനാ ഓളെ  കൊണ്ടെന്നെ എന്ന ചോദ്യങ്ങൾ ഇന്നും വിരളമല്ല". (ചുരുക്കത്തിൽ, പെണ്ണിനെ കല്യാണം കഴിച്ചു കൊണ്ടുവന്നത്, പ്രധാനമായും വീട്ടിലേക്കൊരു വേലക്കാരിയായിട്ടാണ്, മകനൊരു കൂട്ട് എന്നത് രണ്ടാമത്തെ വിഷയമാണ്. ചില ഇടങ്ങളിൽ, വീടും വീട്ടു കാര്യങ്ങളും കഴിഞ്ഞു സമയം മിച്ചമുണ്ടെങ്കിൽ മാത്രം ഭർത്താവിന്റെ നല്ല പാതിയാവുക എന്നതാണ് നിയമം. എന്നാലേ  നല്ല മരുമകൾ എന്ന തലക്കെട്ട് നിങ്ങള്ക്ക് സ്വന്തമാവൂ..)
മൂന്നാം ചിന്ത: എന്തുകൊണ്ട് മരുമക്കളെ അവരുടെ പേരിൽ പരിചയപ്പെടുത്തുകയും,വിളിക്കുകയും, ചെയ്തുകൂടാ? എന്റെ  അഭിപ്രായത്തിൽ , നാമം ഒരു വ്യക്തിയുടെ വ്യക്തിത്വത്തിലേക്കുള്ള വാതിലാണ്.സ്വന്തം  പേരാൽ വിളിക്കപ്പെടാനാണ് മനുഷ്യൻ ഇഷ്ട്ടപ്പെടുന്നത്.  അങ്ങനെ വിളിക്കപ്പെടുക എന്നത് ഓരോരുത്തരുടെയും അവകാശവുമാണ്. പിന്നെ മരുമക്കൾക്കു മാത്രം ആ അവകാശം എന്ത് കൊണ്ട്  നിഷേധിക്കപ്പെടുന്നു? മറ്റൊന്നും കൊണ്ടല്ല കൂട്ടരേ, മരുമകളുടെ പേരിലും വ്യക്തിത്വത്തിനും അടുക്കളയിലും പിന്നാമ്പുറത്തും എന്ത് കാര്യം??!!!! അടുക്കളക്കാരി വെറും 'ഓളായി ' അറിയപ്പെട്ടാൽ മതി, ഓൾക്കെന്തു വ്യക്തിത്വം? ഇതാണ് പൊതു നിലപാട്...
ഇനിയുമുണ്ട് കുറെയേറെ വിശേഷണങ്ങൾ... നല്ല മരുമകളുടെ വിശേഷണങ്ങൾ.!!


  • ശബ്ദം പുറത്തു കേൾപ്പിക്കാതെ അടങ്ങി ഒതുങ്ങി നിൽക്കുന്നവൾ (അടുക്കളയിൽ നിന്ന് തന്റെ മുറിയിലേക്കും മുറിയിൽ നിന്നും അടുക്കളയിലേക്കു. ഇതാണവണം  അവളുടെ ലോകം) 
  • തന്റെ  ആവശ്യങ്ങളും ഇഷ്ട്ട്ടങ്ങളും, സന്തോഷങ്ങളും, സ്വപ്നങ്ങളും, ആഗ്രഹങ്ങളും  മനപ്പൂർവ്വം മറന്നു കൊണ്ട് വീട്ടിലെ മറ്റുള്ളവരുടെ ആവശ്യങ്ങൾ എന്ത് വിലകൊടുത്തും നിറവേറ്റുന്നവൾ (സ്വപനം ഉണ്ടാവാനേ  പാടില്ല.. പഠിച്ചവളാവാം, പക്ഷെ വീട്ടിൽ അതൊന്നും പാടില്ല. പഠിക്കാം, പക്ഷെ ഭർത്താവിന്റെ വീട്ടുകാരുടെ ഇഷ്ടത്തിനനുസരിച്ചു മാത്രം, )
  • ചോദ്യം ചോദിക്കാതെ, മറ്റുള്ളവരെ അക്ഷരം പ്രതി അനുസരിക്കുന്നവൾ (അവളക്കു അവളുടെ തീരുമാനങ്ങളോ, അഭിപ്രായങ്ങളോ പാടില്ല, ഗർഭിണി ആവുന്നത് പോലും മറ്റുള്ളവരുടെ തീരുമാനം അനുസരിച് )
  • കല്യാണം കഴിഞ്ഞു വന്നു അടുത്ത മാസം തന്നെ സന്തോഷ വാർത്ത അറിയിച്ചാൽ പിന്നെ അവൾ ഏറ്റവും നല്ല മരുമകളുടെ ഗണത്തിൽ  പെടും. പിന്നെയങ്ങോട്ട് ഓരോ രണ്ടു വര്ഷം കൂടുമ്പോഴും പെറണം നാലഞ്ചു കുട്ടികളാവും വരെ. അതാണ് നിയമം)
  • മറ്റുള്ളവർ ഉണരും മുൻപ് ഉണരുകയും, എല്ലാവരും ഉറങ്ങിയാ ശേഷം അടുക്കള വിടുകയും ചെയ്തു അടുക്കളയുടെ സമ്പൂർണ്ണ ഉത്തരവാദിത്തം, ശ്വാസം വിടാതെ ചെയ്‌താൽ അവൾ ഉസാർ മരുമകളാവും.
  • ഇനി എന്തൊക്കെ ആണെങ്കിലും പരാതിയോ പരിഭവമോ തീരെ പാടില്ല. ഇങ്ങനെ യിങ്ങനെ പോവുന്നു നല്ല മരുമകളുടെ ഗുണഗണങ്ങൾ. 
ഇതിനിടയിൽ അവളെ  ഒരു വ്യക്തി ആയി കാണാനും, അവളുടെ വ്യക്തിത്വത്തെ കാണാനും ആരുണ്ടവിടെ? കല്യാണം കഴിച്ചു കൊണ്ട് വന്ന ചെങ്ങാതി ഉണ്ടാവുമോ?


ആകെ കൂടി നോക്കുമ്പോൾ, മരുമകൾ എന്ന പദത്തിന് തന്നെ  ഒരു നെഗറ്റിവ് എനർജിയാണ്  എന്ന് തോന്നാറുണ്ട്. വീട്ടിലെ രണ്ടാം കിട പൗരത്വം, കല്യാണത്തോടെ സൗജന്യമായി ലഭിച്ചവർ. അതുകൊണ്ടൊക്കെ  തന്നെയാവാം ആ പദത്തോടു ഇത്ര വൈരാഗ്യവും.

പിൻവാക്ക്‌ : ഈ പറഞ്ഞതൊക്കെയും പൊതുവിൽ കാണുന്ന ചില കാര്യങ്ങളെക്കുറിച്ചുള്ള എന്റെ ചിന്തകളാണ്. ഇതിനെ എന്റെ വ്യക്തിപരമായ ജീവിതവുമായി കൂട്ടി വായിക്കാൻ ശ്രമിക്കരുത്. പെണ്ണിന്റെ ജീവിതത്തെ കുറിച്ച് ഗവേഷണം നടത്തുന്ന ഒരു എളിയ ഗവേഷക എന്ന നിലയിൽ മുന്നിൽ കാണുന്ന കുറെ മരുമക്കളെ കണ്ടില്ലെന്നു നടിക്കാൻ കഴിയാത്തതു കൊണ്ട്, ചിന്തകൾ മനസ്സിന്റെ അടിയിലിട്ട് മൂടാൻ കഴിയാത്തതു കൊണ്ട്, ഉറക്കെ ചിന്തിച്ചു പോവുകയാണ്.

ഈ പറഞ്ഞത് വെച്ച്, എല്ലാ കുടുംബങ്ങളും ഇതുപോലെയാണെന്നോ  എല്ലാ മരുമക്കളും അവരുടെ വീടുകളിൽ  രണ്ടാം കിട പൗരന്മാരാണെന്നും സാമാന്യ വൽക്കരിക്കാനല്ല  ഈ എഴുത്തു . ഇതിൽ നിന്നും വ്യത്യസ്തമായ സ്ഥിതി ഗതികൾ ഏറെ ഉണ്ടെന്നു നല്ല ബോധ്യമുണ്ട്. എന്നാൽ അതെ ബോധ്യം തന്നെ, മേല്പറഞ്ഞതു പോലെയുള്ള മരുമകളും നിലനിൽക്കുന്നു എന്ന സത്യം നോക്കി കാണാൻ എന്നെ നിർബന്ധിക്കുന്നു.

ചുരുക്കത്തിൽ പെൺ  ജീവിതങ്ങളുടെ നാലാമിടങ്ങൾ (നമ്മുടെ വീടുകളിലും ഉണ്ടാവാം ) കാണിക്കാനാണ് ഇങ്ങനെ ഒരു കുറിപ്പെഴുതേണ്ടി വന്നത്.


Comments

Popular Posts