ആർത്തവം- ചില മാറേണ്ട ചിന്തകൾ

ആർത്തവമെന്ന വാക്ക് തുറന്നു പറയാൻ പോലും മടിക്കുന്നിടത്താണ് നമ്മുടെ പൊതുബോധം നമ്മെക്കൊണ്ടെത്തിച്ചിരിക്കുന്നത്. പൊതുസമൂഹത്തിൽ, ആണും പെണ്ണും കൂടിക്കലരുന്നിടത്ത്, നാല് പെണ്ണുങ്ങൾ കൂടുന്നിടത്ത്, ആർത്തവമെന്ന വാക്ക് സ്വാഭാവികതയോടെ ഉച്ചരിക്കപ്പെടുന്ന അവസരങ്ങൾ ഇന്നും വളരെ വിരളം തന്നെയാണ്. പലപ്പോഴും ആംഗ്യങ്ങളുപയോഗിച്ചും മറ്റു സ്വീകാര്യമായ പര്യായപദങ്ങളുപയോഗിച്ചുമൊക്കെയാണ് ആർത്തവ സംബന്ധമായ കാര്യങ്ങൾ സ്ത്രീകൾ ആശയവിനിയമം ചെയ്യാറുള്ളത്. ഈ രഹസ്യസ്വഭാവം ആർത്തവ സംബന്ധമായുള്ള പല കാര്യങ്ങളിലും കാണാനാവും. ആർത്തവത്തെ തുറന്നു പറയാൻ കൊള്ളില്ല എന്ന തോന്നലുപോലെത്തന്നെ, ആർത്തവകാരികളെ തൊട്ടുകൂടാൻ പാടില്ലെന്നും കണ്ടുകൂടാൻ പാടില്ലെന്നും, തൊട്ടിട്ട്, പല വിശ്വാസങ്ങളും ആചാരങ്ങളും സമൂഹത്തിൽ നിലനില്ക്കുന്നുണ്ട്. സത്യത്തിൽ ഇത്തരത്തിലുള്ള പൊതബോധം എവിടുന്നൊക്കെയാണ് ഉടലെടുക്കുന്നത്?

പെൺ ശരീരത്തെ പൂർണതയിലെത്തിക്കുന്നതിൽ ആർത്തവത്തിനേറ പങ്കുണ്ട്. വളരെ സ്വാഭാവികവും പ്രകൃതിദത്തവുമായ ഒരു ശാരീരിക പ്രവർത്തനമാണ് പെണ്ണിനാർത്തവം. ശരീരത്തിൽ നിന്നു കുറച്ചു രക്തം പുറന്തുള്ളുന്നു എന്നതിലുപരിയായി പെൺശരീരത്തിൽ നടക്കുന്ന പല ആരോഗ്യപരമായ പ്രവർത്തനങ്ങളുടെയും സൂചന കൂടിയാണ് ആർത്തവം. ഒരു തരത്തിൽ പറഞ്ഞാൽ ഒരു ബയോളജിക്കൽ ക്ലോക്ക് എന്നാൽ വെറും ഒരു ശാരീരിക പ്രവര്‍ത്തനം എന്നതിൽ നിന്നുപരിയായി, പല മാനങ്ങളും ആർത്തവത്തിന് സമൂഹം നൽകിപ്പോരൂന്നുണ്ട്. സ്ത്രീത്വത്തെ വിളിച്ചുപറയുന്ന ഒരു സൂചനയായും അശുദ്ധിയുടെ ലക്ഷണമായും പെണ്ണിന്റെ അബലത്വത്തിന്റെ ലക്ഷണമായും ഈ  'ചുവപ്പി'നെ സമൂഹം കാണുന്നു. പലപ്പോഴും പല മാനങ്ങൾക്കിടയിൽ പ്രകൃതിയുടെ ഏറ്റവും വലിയ അനുഗ്രഹമായ ഒരു ശാരീരിക പ്രവർത്തനമാണ് ആർത്തവമെന്ന മാനം കാണാതെ പോവാറാണ് പതിവ്. 

ആർത്തവവും പൊതുധാരണകളും

ആർത്തവത്തെക്കുറിച്ചുള്ള ധാരണകൾ വിശകലനം ചെയ്യാനുള്ള എളുപ്പത്തിനെ മൂന്ന് തരത്തിലായി കണക്കാക്കാം. 
1. ആർത്തവത്തിന് അതീവ രഹസ്യസ്വഭാവം നൽകുന്ന രീതി.
2. ആർത്തവത്തെ അശുദ്ധമായി കണക്കാക്കി മാറ്റി നിർത്തുന്ന രീതി.
3.     ആര്‍ത്തവത്തെ ആഘോഷമാക്കുന്ന രീതി
ഈ മൂന്നു രീതികള്‍ക്ക് പിന്നിലും ഒട്ടനവധി  വിശ്വാസങ്ങളും ആചാരങ്ങളും നിലനില്‍ക്കുന്നുണ്ട്. അതില്‍ പലതും  ആർത്തവകാരിയായ പെണ്ണിനെ ഒരുപാട് പ്രയാസങ്ങളിലും മനോക്ലേശങ്ങളിലും കൊണ്ടെത്തിക്കാറാണ് പതിവ്.

ആർത്തവത്തെ ആഘോഷിക്കുമ്പോള്‍

ജനനം, പ്രസവം, കല്യാണം തുടങ്ങിയ ആഘോഷങ്ങൾ പോലെ ആർത്തവത്തെ ആഘോഷിക്കുന്ന രീതി പഴയകാലം മുതൽ ഇന്നും നിലനില്ക്കുന്നുണ്ട്. തിരണ്ട് കല്യാണം എന്ന പേരിൽ ചില സമൂഹങ്ങളിൽ ഇതാർഭാടമായി ആഘോഷിക്കുന്നത് കാണാം. ഒരു  പെണ്ണിന്റെ വളർച്ചാഘട്ടത്തിൽ അതിപ്രധാനമായ ഘട്ടത്തിലെത്തി എന്നതായിരിക്കണം ഇതിനു പിന്നിലെ ഒരു സന്തോഷം. എന്നാല് ചില വിഭാഗങ്ങൾ തിരണ്ടു കല്യാണ ചടങ്ങിൽ തന്നെ പെണ്ണിന്റെ വിവാഹവും പറഞ്ഞുറപ്പിക്കുന്ന സമ്പ്രദായമുണ്ട്. പെൺകുട്ടി വിവാഹിതയാവാനും അമ്മയാവാനും പ്രാപ്തിയായി എന്നാണ് പറയാതെ പറയുന്നത്. സത്യത്തിൽ പെൺകുട്ടി തന്റെ വളർച്ചാ കാലഘട്ടത്തിന്റെ അതിപ്രധാനമായ ഘട്ടത്തിലെത്തി എന്നത് സന്തോഷകരമായ വസ്തുത തന്നെ. എന്നുവെച്ച് ആ സന്തോഷത്തെ, പന്തലു കെട്ടി ആഘോഷിക്കുമ്പോൾ ഒരിക്കലെങ്കിലും കന്നിയാർത്തവക്കാരിയായ പെൺകുട്ടികളുടെ മനോനില ഗൗനിക്കാറുണ്ടോ? കന്നിയാർത്തവം എന്നത്, ഓരോ പെൺകുട്ടിക്കും സന്തോഷത്തിന് പകരം, ഒരുപാട് ആശയക്കുഴപ്പവും നിയന്ത്രിക്കാനാകാത്ത തരത്തിലുള്ള പലതരം വികാരങ്ങളും ഒരു നൂറു ചോദ്യങ്ങളും അടങ്ങുന്ന സമ്മിശ്ര മനോസ്ഥിതിയാണ്. ഈ  മനോസ്ഥിതിയെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇത് കൈകാര്യം ചെയ്യാനും ചോദ്യങ്ങൾക്കുത്തരം നൽകാനും ഏറ്റവും അനുയോജ്യർ, പെൺകുട്ടിയുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്. അത് ചെയ്യേണ്ടതിന് പകരം കുറേ പേരെ വിളിച്ചുവരുത്തി വിരുന്നു കൊടുത്ത്, പെൺകുട്ടിക്ക് കുറേ ആഭരണങ്ങളും പുതു പുടവകളും നൽകി, പിരിഞ്ഞുപോവുന്ന രീതി, എത്രത്തോളം  മനുഷ്യത്വമില്ലയ്മയാണ് എന്ന്  ആലോചിക്കേണ്ടിയിരിക്കുന്നു. ഇനി തിരണ്ടു കല്യാണസമയത്തുതന്നെ, പെണ്ണിന്റെ വിവാഹമുറപ്പിക്കുന്ന രീതി, തികച്ചും കാടത്തമാണെന്ന് പറയാതെ വയ്യ. കന്നിയാർത്തവം വന്നാൽ പെണ്ണ് വിവാഹിതയാവാനും അമ്മയാവാനും പ്രപ്തയായി എന്ന് വിശ്വസിക്കുമ്പോൾ അവിടെ, വെല്ലുവിളിക്കുന്നത്, പെണ്ണെന്ന മനുഷ്യജന്മത്തിന്റെ സത്വത്തിനെയാണ്. മാനസിക വൈകാരിക വളർച്ച ഒട്ടും പരിഗണിക്കാതെ, പെൺകുട്ടിയുടെ ശാരീരിക വളർച്ച മാത്രം കണക്കിലെടുത്ത് വിവാഹപ്രായം നിശ്ചയിക്കുന്നത് ഒട്ടും മാനുഷികമാണെന്ന് പറയാൻ കഴിയുകയുമില്ല

ആർത്തവം അശുദ്ധമായി 
കണക്കാക്കുമ്പോൾ

പെണ്ണുതന്നെ അശുദ്ധിയാണെന്ന് പറയുന്നൊരു കാലമുണ്ടായിരുന്നു പണ്ട്. എന്നാൽ ഇന്നും ആർത്തവത്തെ അശുദ്ധിയായി കണക്കാക്കുന്നവരേറെയുണ്ട്. ആർത്തവ സമയത്ത് പെണ്ണിനെ മാറ്റി താമസിപ്പിക്കുന്നവരും, ആർത്തവ സമയത്ത് പെണ്ണിന് ആണിനെ കാണാൻ പാടില്ല എന്ന് പറയുന്നവരും, ആർത്തവ സമയത്ത് വെപ്പും കുടിയുമൊക്കെ വേറെയാക്കി അടുക്കളയിൽ കയറുന്നത് നിഷിദ്ധമാവുന്നവരും തുടങ്ങി, പല വിശ്വാസങ്ങളും ഇന്നും വിവിധ സമൂഹത്തിൽ വെച്ച് പുലർത്തുണ്ട്. ഗർഭപാത്രത്തിൽ നിന്നും തികച്ചും സാധാരണമായി, രക്കക്കുഴലുകൾ പൊട്ടി ആ രക്തം പുറത്തേക്കൊഴുകുന്ന പ്രവർത്തനമാണ് ആർത്തവം. ഇതിന് അശുദ്ധിയുടെ പരിവേഷം ആരാണ് നൽകിയത്?  പല തരത്തിലുള്ള ഉത്തരങ്ങളുണ്ട് ഈ ചോദ്യത്തിന്. ദൈവത്തിന്റെ സന്നിദാനത്തിൽ ആർത്തവമെന്ന അശുദ്ധമാണെന്നും, വിലക്കപ്പെട്ടതാണെന്നും ദൈവം തന്നെ കല്പിച്ചിട്ടുള്ളതാണെന്ന് വിവിധ മതങ്ങൾ പറയുന്നു എന്ന വാദത്തെ പുനരാലോചിക്കേണ്ടതുണ്ട്. ദൈവസൃഷ്ടിയായ സ്ത്രീയുടെ വെറും ശാരീരിക പ്രക്രിയ എങ്ങനെ അശുദ്ധിയായി ദൈവം തന്നെ കാണുമെന്നതൊരു ചോദ്യമാണ്. അതേസമയം ദേവൻമാരെ പോലെത്തന്നെ ദേവികൾക്കും തുല്യ പ്രാധാന്യമുള്ള ഹിന്ദു മത സങ്കല്പങ്ങളിൽ, സ്ത്രീയുടെ ശാരീരിക പ്രക്രിയയെ ഇത്ര മേൽ അശുദ്ധമായി കണക്കാക്കപ്പെടുമോ? പുനർവിചിന്തനത്തിനുള്ള സാധ്യതകൾ എല്ലായിടത്തുമുണ്ട്.

ഇസ്‌ലാമിൽ, ഈ അശുദ്ധി പ്രശ്‌നം ഉദിക്കുന്നതേയില്ല താനും. ആർത്തവകാരികൾക്കുള്ള ആ സമയത്തെ ക്ലേശങ്ങളിൽ നിന്നും സഹായിക്കാനുള്ള ആനുകൂല്യങ്ങളായാണ്, നമസ്‌കാരങ്ങളിൽ നിന്നും, നോമ്പിൽ നിന്നും സ്ത്രീകൾക്ക് ഇളവ് നൽകിയിട്ടുള്ളത്. അതിലുമപ്പുറം, ആർത്തവകാരികളെ സമൂഹത്തിന്റെ ഇടപെടലുകളിൽ നിന്നോ, മുഖ്യധാരാ കുടുബങ്ങളിൽ നിന്നോ, ഒരിക്കലും മാറ്റിനിർത്താൻ അല്ലാഹു കല്പിച്ചിട്ടില്ല. പുരുഷൻമാരുമായി കാണുന്നതോ, ഭർത്താവുമായി ഇടപഴകുന്നതിൽ നിന്നോ ഒരിക്കലും ആർത്തവ സമയത്ത് പെണ്ണുങ്ങൾക്ക് പ്രത്യേക നിയമങ്ങൾ ഇസ്‌ലാം നല്കിയിട്ടില്ല. ആർത്തവ കാരിയായ സ്ത്രീക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ആ സമയത്തെ ലൈംഗിക ഇടപെടലുകൾ ഒഴിവാക്കണം എന്ന കല്പന  ഒഴിച്ചാൽ ഭർത്താവുമായി ഇടപഴകുന്നതിന് നിയന്ത്രണങ്ങളൊന്നും വരുത്തിയിട്ടുമില്ല. ചുരുക്കത്തിൽ, വെറും ശാരീരിക പ്രത്യേകത എന്നതിനപ്പുറത്തേക്കൊരു മാനം ഇസ്‌ലാം ആർത്തവത്തിന് കല്പിച്ചുകൊടുത്തിട്ടില്ല.
എന്നാൽ പിന്നീട്, പല മതങ്ങളെയും പോലെ തന്നെ, ധാരാളം സാംസ്‌കാരിക ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഇടപെടലുകൾ ഇസ്‌ലാമിന്റെ ആചാരങ്ങളിലും കടന്നുകൂടുകയും അതിനൊക്കെ പ്രാധാന്യങ്ങൾ കല്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അശുദ്ധി എന്ന സങ്കല്പം ഭാരതത്തിന്റെ സങ്കല്പത്തിൽ അല്ലെങ്കിൽ ആചാരത്തിൽ നിന്ന് മുസ്‌ലിംകളിലേക്ക് കാലക്രമേണ കൂടിക്കലർന്നതാവാനാണ് സാധ്യത. ആർത്തവ 'അശുദ്ധി'യുമായി ബന്ധപ്പെട്ടു പറയുമ്പോൾ, പറയേണ്ട ചില വിശ്വാസങ്ങൾ കൂടിയുണ്ട് ആർത്തവ സമയത്ത്, മുടി ചീകാൻ പാടില്ല, മുടി വെട്ടാൻ പാടില്ല, നഖം മുറിക്കാൻ പാടില്ല തുടങ്ങി വിചിത്രമായ ചില നാട്ടുനിയമങ്ങൾ അശുദ്ധമായ സമയത്തായതുകൊണ്ട്, മുറിച്ച നഖഭാഗങ്ങൾ ശുദ്ധിയാവില്ലെന്നും ചീകുമ്പോൾ ഊർന്നുപോരുന്ന മുടി, അശുദ്ധിയായി തന്നെ  നിൽക്കുമെന്നും സ്വർഗത്തിൽ പോവില്ലെന്നും തുടങ്ങി, ഒട്ടനവധി പ്രത്യേക വിശ്വാസങ്ങൾ, അബന്ധങ്ങളായി തന്നെ നിലനില്ക്കുന്നുണ്ട്. ഇത്തരത്തിലുള്ള വിശ്വാസത്തിന്, ഒരടിസ്ഥാനവും മതത്തിലോ, ശാസ്ത്രത്തിലോ കാണാൻ കഴിയുകയുമില്ല!

മറ്റു സമയത്തേക്കാൾ കൂടുതൽ പോഷകാഹാരവും ശ്രദ്ധയും കിട്ടേണ്ട സമയമാണ് സ്ത്രീക്ക് ആർത്തവ കാലം! വികാരങ്ങളുടെ അസന്തുലിതാവസ്ഥയും പ്രത്യേകിച്ച്, ദേഷ്യക്കൂടുതലും മറ്റും ഈ സമയത്തിന്റെ പ്രത്യേകതയാണ്. ഇണയിൽ നിന്നും മറ്റുള്ളവരിൽ നിന്നും പ്രത്യേക പരിഗണന കിട്ടേണ്ട സമയവുമാണ്. എന്നാൽ ഇക്കാലത്ത് ആർത്തവത്തിന്റെ പേരിൽ പല സ്ത്രീകളെയും അടുക്കളച്ചായ്പിലേക്കോ, വേറിട്ടൊരു സ്ഥലത്തേക്കോ മാറ്റിനിർത്തുന്ന ആചാരം എത്ര ക്രൂരമാണ്.
അശുദ്ധി സങ്കല്പത്തിന്, പൊതുവെ ആക്കം കൂട്ടുന്നത്, ആണുങ്ങളേക്കാൾ പെണ്ണുങ്ങൾ തന്നെയാണെന്നാണ് നിരീക്ഷണത്തിൽ നിന്നും മനസ്സിലാകുന്നത്.

ആർത്തവത്തെ അതീവ 
രഹസ്യമാക്കുമ്പോൾ

ഞാൻ ഋതുമതിയാവുമ്പോൾ, എനിക്ക് ആർത്തവുമായി ബന്ധപ്പെട്ട ചിന്തകളും വിവരണങ്ങളും ലഭിച്ചിരുന്നത്, കൂട്ടുകാരിൽ നിന്നായിരുന്നു. മദ്‌റസയിലെ, പരീക്ഷകൾക്കെഴുതാൻ വേണ്ടി, ആർത്തവമെന്തെന്നു പോലും മനസ്സിലാക്കാത്ത പ്രായത്തിൽ എന്തൊക്കെയോ മനപ്പാഠം പഠിച്ചതൊഴിച്ചാൽ, ആർത്തവം ഒരിക്കലും ഒരു തുറന്ന സംസാരത്തിനുള്ള വിഷയമായി ആരും കണ്ടിരുന്നില്ല! വീട്ടിൽ, ഉമ്മ ചില സൂചനകൾ തന്നിരുന്നതൊഴിച്ചാൽ, ആർത്തവം സംസാരിക്കപ്പെട്ടിരുന്നില്ല! ആ സൂചനകൾ പോലും, വളരെ നെഗറ്റീവ് ആയി രൂപത്തിലാണ് തന്നിരുന്നതെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. രഹസ്യ സ്വഭാവത്തിൽ നടന്നിരുന്ന ഈ സംഭവങ്ങൾ ആർത്തവത്തെക്കുറിച്ചൊരിക്കലും പോസിറ്റീവ് ആയിട്ടുള്ള ചിത്രം ഒരു കൗമാരക്കാരിയിൽ കോറിയിടാൻ സഹായിച്ചിരുന്നില്ല!
ആർത്തവത്തെക്കുറിച്ചുള്ള സംഭാഷണം മുതൽ, അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഈ രഹസ്യ സ്വഭാവം, വളരെ നിർബന്ധപൂർവം ചാർത്തിക്കൊടുക്കുന്നത് നിരീക്ഷിച്ചിട്ടുണ്ട്. സത്യത്തിൽ, ഈ രഹസ്യ സ്വഭാവം അടിച്ചേല്പിക്കലായിട്ടും തോന്നിയിട്ടുണ്ട്. ആർത്തവ ദിവസങ്ങളിൽ ആർത്തവക്കാരിയാണെന്ന് വീട്ടംഗങ്ങൾ പ്രത്യേകിച്ച്, വീട്ടിലെ ആണുങ്ങളറിയാതെ സൂക്ഷിക്കുക, അതിനുവേണ്ടി ജമാഅത്ത് നമസ്‌കാരങ്ങളിൽ നിന്നുപോലും കളവ് പറഞ്ഞ് മാറി നിൽക്കുക, നോമ്പുള്ള കാലത്ത്, ആർത്തവം മൂലം നോമ്പെടുക്കാൻ കഴിഞ്ഞില്ലെങ്കിലും മറ്റുള്ളവർ കാണുമെന്ന പേടിയോടെ ഭക്ഷണം കഴിക്കുക, ആർത്തവ സമയത്ത് ഉപയോഗിക്കുന്ന കോട്ടൺ തുണികളൊന്നും ആരും കാണാതെ മറ്റു തുണികൾക്ക് താഴെ അല്ലെങ്കിൽ ഇരുട്ടുമുറികളിൽ കൊണ്ടിട്ട് വിരിച്ചുണക്കുക എന്നു തുടങ്ങിയ ഏർപ്പാടുകൾ എല്ലാ വീടുകളിലും സ്ഥിരമായി കാണുന്നവയാണ്. എന്തിനാണിത്ര കഷ്ടപ്പെട്ട് ഒളിച്ചുകളിക്കുന്നതെന്ന് ഞാൻ അത്ഭുതപ്പെടാറുണ്ട്. വിവാഹം കഴിയുകയോ വിവാഹപ്രായമെത്തി നില്ക്കുകയോ ചെയ്യുന്ന ഏതൊരു പുരുഷനും, ആർത്തവം എന്താണെന്നും മറ്റും വ്യക്തമായി അറിയും. അത്, സ്ത്രീയുടെ ഒരു ശാരീരികാവസ്ഥ മാത്രമാണെന്ന ബോധമില്ലാത്ത ഒരു പിതാവോ മാതാവോ മറ്റോ ഉണ്ടാവുമെന്ന് തോന്നുന്നില്ല. പിന്നെ സ്വന്തം വീട്ടിലുള്ള ഈ ഒളിച്ചുകളി ആരിൽ നിന്ന്, എന്ത് രഹസ്യം സൂക്ഷിക്കാനാണ്? അതേസമയം വീട്ടിലെ, കൗമാരക്കാരായ ആൺകുട്ടികളും ചെറിയ കുട്ടികളുമാണ് ആർത്തവത്തെക്കുറിച്ച് അറിയാത്തവരെന്ന് നമ്മൾ വിശ്വസിക്കുന്നവർ. എന്നാൽ, ഇക്കൂട്ടരും പല മാധ്യമങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും ആർത്തവം ചർച്ച ചെയ്യാറുമുണ്ട്. ചെറിയ കുട്ടികൾക്ക്, മദ്‌റസകളിൽ ആർത്തവത്തെക്കുറിച്ചുള്ള പാഠഭാഗങ്ങൾ പഠിപ്പിക്കുന്നുമുണ്ട്. ഫലത്തിൽ എല്ലാവരും ആർത്തവത്തെക്കുറിച്ച് രഹസ്യമായി സംസാരിക്കുന്നു. എന്നാൽ ക്രിയാത്മകമായ സംഭാഷണങ്ങൾ നടക്കുന്നുമില്ല. 
വികലമായ വിവരങ്ങൾ കുട്ടികളിലേക്കെത്തിക്കുന്നതിനു പകരം, വീട്ടിലെ മുതിർന്നവർ പോസീറ്റീവ് ആയി അതിനെക്കുറിച്ച് കുട്ടികളോട് സംസാരിക്കുകയാണ് നല്ലത്. ശരീരത്തിന്റെ മറ്റു പ്രക്രിയകൾ പോലെ, രോഗങ്ങൾ പോലെ, ആർത്തവവും ഒരു ശാരീരിക പ്രക്രിയാണെന്ന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പറഞ്ഞുകൊടുക്കുന്നത്, ആർത്തവത്തെക്കുറിച്ച് ആരോഗ്യപരമായ ഒരു വീക്ഷണം ഉണ്ടാക്കാൻ സഹായിക്കും.
അതേസമയം, ആവർത്തവത്തെ രഹസ്യമാക്കുന്നതിന്റെ ഭാഗമായി, പെൺകുട്ടികളവലംബിക്കുന്ന പല മാർഗങ്ങളും ഭാവിയിൽ അവർക്ക് തന്നെ ദോഷം ചെയ്യുമെന്ന് പറയേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന്, വേണ്ടത്ര ഭക്ഷണം കഴിക്കാതിരുന്ന പതിവ്, നോമ്പുകാലത്താണെങ്കിൽ കൂടി, ശരീരത്തെ തളർത്താനേ സഹായിക്കൂ. ആർത്തവകാലത്ത് ഉപയോഗിക്കുന്ന കോട്ടൺ തുണികൾ നല്ല സൂര്യപ്രകാശമേറ്റുണങ്ങിയാലേ അണുക്കൾ നശിക്കൂ. ഇല്ലായെങ്കിൽ അത് മറ്റുപല അണുബാധക്കും അതിടയാക്കിയേക്കാം.
.
ഈ രഹസ്യ സ്വഭാവത്തിന് മറ്റൊരു മാനം കൂടിയുണ്ട്. പരസ്യമായി സംസാരിക്കാനോ, ആരെയും അറിയിക്കാനോ പറ്റാത്ത ഒരു കാര്യം എന്ന നിലയിൽ ആർത്തവത്തെ സ്ത്രീകൾ തന്നെ കാണുമ്പോൾ, അതിനുള്ളിലെ മറ്റൊരു ബോധം കൂടിയുണ്ടെന്നർഥം. കേൾക്കുമ്പോൾ, 'അയ്യേ' എന്ന് തോന്നുന്ന തരത്തിലുള്ള, നികൃഷ്ഠ പരിവേഷമാണ്, ആർത്തവത്തിന് സ്ത്രീകളുടെ മനസ്സിൽ തന്നെയുള്ളത്. എന്തോ ഒരു വൃത്തികെട്ട ഏർപ്പാടാണിതെന്ന്, സ്വയം തോന്നിയാൽ പിന്നെ സമൂഹത്തിന്റെ നിലപാടിനെ എങ്ങനെ വിമർശിക്കാനാവും? നിലപാട് മാറുന്നിടത്ത്, ഓരോ സ്ത്രീയും ആർത്തവത്തെ കുറച്ചുകൂടി പോസിറ്റീവ് ആയി കാണാൻ തുടങ്ങും. അതോടെ ആർത്തവവുമായി ബന്ധപ്പെട്ട ക്ലേശങ്ങളും കുറഞ്ഞുതുടങ്ങും. ഈ പോസീറ്റീവ് നിലപാട് സമൂഹത്തിലേക്ക് എത്തിക്കേണ്ടത് ഓരോ സ്ത്രീയും തന്നെയാണ്. .

ആര്‍ത്തവവും മാനസിക പ്രശ്നങ്ങളും
കന്നിയാർത്തവവും ആർത്തവത്തിന്റെ അവസാന കാലഘട്ടവും സ്ത്രീയുടെ ജീവിതത്തിൽ പ്രധാനപ്പെട്ട സമയങ്ങളാണ്. നിറയെ ആശയക്കുഴപ്പങ്ങളും ഒരു നൂറുകൂട്ടം ചോദ്യങ്ങളും വികാരങ്ങളുടെ തള്ളിക്കയറ്റങ്ങളും നിറഞ്ഞാവാം കന്നിയാർത്തവം. ആർത്തവമെന്ന പ്രക്രിയയെ സ്വാഭാവിക പ്രവർത്തനമായി അംഗീകരിക്കുക എന്നതുതന്നെ ഓരോ പെൺകുട്ടിയെ സംബന്ധിച്ചും ക്ലേശകരം തന്നെയാണ്. അതേ സമയം ചില പെൺകുട്ടികൾക്ക് അതംഗീകരിക്കാൻ ഒരുപാട് സമയമെടുക്കുകയും ചെയ്യും. അനിഷ്ടവും, എന്തിനാണിങ്ങനെ തുടങ്ങി നൂറുകൂട്ടം ചോദ്യങ്ങളടങ്ങുന്ന ആദ്യ നാളുകളിൽ, ശാരീരിക പ്രയാസങ്ങൾ കൂടെയുണ്ടെങ്കിൽ, അത്രയും പ്രയാസകരം തന്നെയാണത്. ആ സമയങ്ങളിൽ പെൺകുട്ടിയുടെ വേണ്ടപ്പെട്ടവരുടെ ക്രിയാത്മകമായ ഇടപെടലുകളും ആര്‍ത്തവ വിദ്യഭ്യാസവും  വളരെ നിർണായകമാണ്. അവരുടെ കൂടെയുണ്ടെന്ന് അവരെ തോന്നിപ്പിക്കുകയും അതേ സമയം തന്നെ ആർത്തവദിനത്തോട് പോസീറ്റീവ് ആയ നിലപാടെടുക്കാൻ സഹായിക്കുന്ന തക്ക രീതിയിലുള്ള സംസാരങ്ങളുണ്ടാവുക എന്നതും ഉമ്മെയെപ്പോലെ അടുപ്പമുള്ളവർ ചെയ്യേണ്ട കാര്യങ്ങൾ തന്നെയാണ്. കൂടാതെ ആർത്തവകാലത്തെ ആരോഗ്യകരമായ രീതികളെക്കുറിച്ചും ആഹാര രീതികളെക്കുറിച്ചും അവർക്ക് നന്നായി ബോധ്യപ്പെടുത്തേണ്ടതുണ്ട്. 



കന്നിയാർത്തവം പോലെ തന്നെ പ്രയാസ കലാഘട്ടമാണ് ആർത്തവ വിരാമം. സ്ത്രീകളിലധികവും അങ്ങേയറ്റം മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്ന ഒരു കാലഘട്ടമാണ് ആർത്തവ വിരാമമെങ്കിലും വേണ്ടത്ര രീതിയിലുള്ള പരിഗണനയോ, ശ്രദ്ധയോ ആ കാലഘട്ടത്തിൽ സ്ത്രീകൾക്ക് ലഭിക്കാറില്ല. ഉയർന്ന തരത്തിലുള്ള ക്ഷോഭം, വ്യാകുലത, ഉന്മേഷമില്ലായ്മ, മനോസ്ഥിതിയിലുള്ള പെട്ടെന്നുള്ള മാറ്റങ്ങൾ, വിഷാദം തുടങ്ങി, ഒട്ടനവധി വൈകാരിക പ്രശ്‌നങ്ങൾ, ചിലപ്പോൾ മാനസിക പ്രശ്‌നങ്ങളിലേക്കും വഴിവെക്കാം. പലപ്പോഴും ഈ മാനസിക പ്രശ്‌നങ്ങൾ ശാരീരിക പ്രശ്‌നങ്ങളുടെ രൂപത്തിലാണ് പ്രകടമാവാറുള്ളത് എന്നുള്ളതുകൊണ്ട് ആ മാനസിക പ്രശ്‌നങ്ങൾ പലപ്പോഴും ആരും അറിയാതെ പോവുകയോ, ഗൗനിക്കപ്പെടാതെ പോവുകയോ ആണ് പതിവ്. എന്നാൽ സ്ത്രീകളുടെ ജീവിതത്തിൽ വളരെ നിർണായകവും പ്രയാസകരവുമായ ആ കാലഘട്ടത്തിൽ ഉറ്റവരുടെ പ്രത്യേകിച്ചും ഇണകളുടെ പിന്തുണയും ശ്രദ്ധയും പരിഗണനയും ഓരോ സ്ത്രീക്കും അത്യാവശ്യമാണ്. ഇതൊക്കെ ശ്രദ്ധിക്കുന്ന എത്ര ഇണകളുണ്ട് നമ്മുടെ ചുറ്റുമെന്നത് ആലോചിക്കേണ്ടതാണ്. പരസ്പരം മനസ്സിലാക്കി, ജീവിതാന്ത്യം വരെ ജീവിക്കേണ്ട ഇണകൾ, ഇത്തരം നിർണായക ഘട്ടങ്ങളിൽ എത്രത്തോളം പരസ്പരം താങ്ങാവുന്നുവെന്നത് സംശയമല്ലേ? ആർത്തവ വിരാമത്തോടെ തന്റെ ലൈംഗിക ജീവിതമവസാനിച്ചുവെന്നും ലൈംഗിക ജീവിതമില്ലെങ്കിൽ പിന്നെ തന്റെ ഭർത്താവിന് തന്നെ വേണ്ടാതാവുമെന്ന ചിന്തകൾ ഇണയുടെ മനസ്സിൽനിന്നുമൊഴിവാക്കാൻ ഭർത്താവിനേക്കാൾ പ്രാപ്തനാരാണ്

ആർത്തവം ഓരോ സ്ത്രീയുടെയും ജീവിതത്തിന്റെ താളമാണ്. ആ താളത്തിന്റെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള മാറ്റങ്ങൾ, സ്ത്രീകൾക്ക് ഒത്തിരി ബുദ്ധിമുട്ടുകളുണ്. അത്രയും പ്രധാനമാണെന്നറിഞ്ഞിട്ടും, സ്ത്രീകൾക്ക് തന്നെ ആർത്തവത്തെ ഇഷ്ടപ്പെടാൻ കഴിയുന്നില്ല എന്നതാണ് ആദ്യത്തെ അപാകത. ആർത്തവത്തോടുള്ള സ്ത്രീയുടെ നിലപാടുകളാണ് ആദ്യം മാറേണ്ടത്. പിന്നീടാണ് സമൂഹത്തെ വിമർശിക്കേണ്ടത്. 
അവരുടെ പൊതു ബോധത്തിലേക്ക് തങ്ങൾ അശുദ്ധരാണെന്ന ചിന്തയുടെ വിത്തിട്ടു കൊടുത്തതാരാണെന്നത് മറ്റൊരന്വേഷണത്തിന്റെ സാധ്യതയാണെന്ന്. എന്നാൽ മിക്ക സ്ത്രീകളും അടുത്ത തലമുറയിലേക്ക് ഈ ചിന്ത പകർന്നു നല്കുന്നുണ്ട്. അവിടെ അടിസ്ഥാനത്തെ അന്വേഷിക്കുകയോ പുനരാലോചിക്കുകയോ ചെയ്യാറില്ല!
അശുദ്ധിയും ശുദ്ധിയുമൊക്കെ നമ്മുടെ മനസ്സിന്റെ രൂപങ്ങളാണ്. മനസ്സുകളിൽ നിന്നും ആർത്തവത്തെക്കുറിച്ചുള്ള 'അശുദ്ധ' ചിന്തകൾ മാറ്റുന്നതോടെ കുറേ പ്രയാസങ്ങൾ കുറഞ്ഞുകിട്ടും. ഒരു വളരെ സാധാരണമായ ശാരീരിക പ്രവർത്തനമായി ആർത്തവത്തെ എന്നു കാണുന്നുവോ അന്നു തീരും ആർത്തവത്തെക്കുറിച്ചുള്ള 'ശുദ്ധ' 'അശുദ്ധ' ചിന്തകൾ!
published in pudava september- 2017

Comments

Popular Posts