rape


Rape and Society; A critical analysis of the Indian social  system
നിങ്ങളുടെ സംസ്കാരത്തെ പറ്റി ഞങ്ങളോട് പ്രസംഗിക്കണ്ട. നിങ്ങളുടെ നാട്ടിലെ കുഞ്ഞുങ്ങളെയും ആദിവാസികളെയും ഞങ്ങള്‍ക്ക് കാണിച്ചു തരിക. അവരോടു നിങ്ങള്‍ എങ്ങനെ നിങ്ങള്‍ പെരുമാറുന്നു എന്ന് കണ്ട് നിങ്ങളുടെ സംസ്കാരത്തെ പറ്റി ഞാന്‍ വിലയിരുത്തും.
                      -Victor Hugo
സ്ത്രീകള്‍ക്ക്  നേരെയുള്ള ബാലാല്‍കാരത്തിനും ലൈംഗിക അതിക്രമങ്ങള്‍ക്കും പുരാണങ്ങളോളം പഴക്കമുണ്ട്. ഗ്രീക്ക് പുരാണങ്ങളിലും റോമന്‍ സംസ്കാരത്തിലും, പുരാതന അറേബ്യയിലും ഭാരത പുരാണങ്ങളിലും തുടങ്ങി പല സംസ്കാരങ്ങളിലും ലൈംഗിക അതിക്രമങ്ങളും ബാലാല്‍കാരങ്ങളും നടന്നിരുന്നതായി പല രേഖകളും, ചിത്രങ്ങളും സൂചിപ്പിക്കുന്നു.
Aetollan ന്‍റെ പുത്രിയായ ലെഡ ആകാശ ദേവനായ zeus നാല്‍ ബലാത്സംഗം ചെയ്യപ്പെട്ടതിന്റെ പുരാണ കഥകളും, Leucippus ന്‍റെ മക്കളുടെ ബലാല്‍സംഗം എന്നാ വിഖ്യാതമായ പെയിന്റിംഗ് (the rape of the daughters of leucippus) ഇത്തരം ചരിത്രങ്ങളില്‍ ചിലതാണ്. ഇംഗ്ലീഷില്‍ rape എന്ന വാക്കിന്റെ ഉത്ഭവം  പോലും ഗ്രീക്കില്‍ നിന്നാണ്.
പുരാതന അറേബ്യയില്‍ പ്രവാചകന്‍ മുഹമ്മദ്‌ (സ) നു മുമ്പുള്ള ജാഹിലിയ്യ എന്നറിയപ്പെടുന്ന കാലഘട്ടം  സ്ത്രീകള്‍ക്കെതിരായുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് കേളികെട്ടതാണ്. മറ്റുള്ളവരുടെ സ്ത്രീകളെ അതിക്രമിച്ചധീനതയിലാക്കുന്ന ഒരു തരം പ്രക്രിയ ആ സമൂഹത്തിന്‍റെ സ്വഭാവമായിരുന്നു തോന്നുന്നു. മദ്യവും, പെണ്ണും ആ സമൂഹത്തിന്റെ ഒഴിച്ച് കൂടാന്‍ കഴിയാത്ത ഘടകങ്ങളായിരുന്നു. അതുകൊണ്ട് തന്നെ സ്ത്രീകളുടെ കാര്യത്തില്‍ വല്ലാത്തൊരു  അരക്ഷിതാവസ്ഥ നിലനിന്നിരുന്നുവെന്നും പ്രവാചകന്‍ ഇതിനെ തടയിടാന്‍ ശ്രമിച്ചിരുന്നുവെന്നും ചരിത്രം രേഖപ്പെടുത്തുന്നു.
ലൈംഗികതിക്രമങ്ങളുടെയും മറ്റും ചരിത്രം ഇന്ത്യന്‍ പുരാണങ്ങള്‍ക്കും ഒട്ടും അപരിചിതമല്ല. അതിപുരാതന കാലത്ത് ഭാരത സ്ത്രീക്ക് പുരുഷനോളം പ്രാധാന്യമുണ്ടായിരുന്നെന്നും, സ്വാതന്ത്ര്യമുണ്ടായിരുന്നെന്നും സമൂഹ നിര്‍മാണത്തില്‍ അവള്‍ക്കു തുല്യ പങ്കാളിത്തമുണ്ടായിരുന്നെന്നും പറയുമ്പോള്‍ തന്നെ പുരാണത്തിലെ ദ്രൌപതിയുടെ വസ്ത്രാക്ഷേപ കഥകളില്‍ നിന്നും വ്യക്തമാവുന്നത് മാനഭംഗങ്ങളുടെ  ചരിത്രം ഭാരത പുരാണങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കഴിയില്ല എന്നതാണ്.
യുദ്ധശേഷ സാഹചര്യങ്ങളാണ് മാനഭംഗങ്ങളും, ബലാല്‍കാരങ്ങളും നിറഞ്ഞാടിയിരുന്ന മറ്റവസരങ്ങള്‍. തോല്‍വിക്ക് ശേഷം തോറ്റ വിഭാഗത്തിന്റെ സ്വത്തും ഭരണവും എല്ലാം സ്വന്തമാക്കുന്ന കൂട്ടത്തില്‍ യാതൊരു നിയന്ത്രണവുമില്ലാതെ കവര്‍ന്നെടുക്കുന്ന ഒന്നാണ് സ്ത്രീകളുടെ മാനം. ഇത്തരം മാനഭംഗങ്ങളും, ലൈംഗിക ചൂഷണങ്ങളും യുദ്ധം തുടങ്ങിയ കാലം മുതല്‍ ഇന്ന് വരെ എല്ലാ നാടുകളിലും സംസ്കാരങ്ങളിലും നിലനില്‍ക്കുന്നു എന്ന് മാത്രമല്ല ചില സമൂഹങ്ങള്‍  അത്തരം പ്രവണതകളെ ഭാഗികമായി അന്ഗീകരിക്കുകയും ചെയ്യുന്നതായി ചരിത്രങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാവും.
ചരിത്രത്തിലെ ലൈംഗിക അതിക്രമങ്ങളെ സാമാന്യ വല്‍ക്കരിക്കാനോ, ചരിത്രങ്ങളുടെ പിന്തുണയില്‍ ഇപ്പോള്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങളെ ന്യായീകരിക്കാനോ അല്ല ഇത്രയും എഴുതിയത്. ഒരു തിരിഞ്ഞു നോട്ടം നടത്താന്‍ മാത്രമാണ്. എന്നാല്‍ ഈ ചരിത്രങ്ങളില്‍ നിന്നും ഒരുപാടധികം മുന്നോട്ട് സഞ്ചരിച്ചിട്ടും മനുഷ്യന്‍ ആധുനികായിട്ടും പെണ്ണിന് നേരെയുള്ള ലൈംഗികതിക്രമങ്ങളും മാനഭംഗങ്ങളും കുറയുന്നതിന് പകരം കൂടുകയാണ് എന്നാണ് സമകാലിക സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പെരുമ്പാവൂറിലെ ജിഷയും വര്‍ക്കലയിലെ പെണ്‍കുട്ടിയും സൗമ്യയും വിതുര പെണ്‍കുട്ടിയും നിര്‍ഭയയും സൂര്യ നെല്ലി പെണ്‍കുട്ടിയും ആധുനിക മനുഷ്യന്റെ സംസ്കരിക്കപ്പെടാത്ത രൂപത്തിന് തെളിവുകളായി ചരിത്രത്തിലടിയുന്നു.
വര്‍ധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങള്‍
ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റ കൃത്യങ്ങളില്‍ നാലാമത്തെതു ബാലാല്‍ക്കരമാണ്. നാഷണല്‍ ക്രൈം ബ്യൂറോ യുടെ 2013ലെ കണക്കു പ്രകാരം 2012 ല്‍     24923 ബലാല്‍ക്കാര കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. അതില്‍ 98% കേസുകളിലും പ്രതികളില്‍ വാദികളുടെ പരിചയക്കാരാണ്‌. എന്നാല്‍ റിപ്പോര്‍ട്ട്‌ ചെയ്ത കേസുകളെക്കാള്‍ എത്രയോ കൂടുതലാണ് റിപ്പോര്‍ട്ട്‌ ചെയ്യാത്ത കേസുകള്‍. നാഷണല്‍ ക്രൈം ബ്യൂറോ ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം, ഓരോ പതിനായിരത്തിലും 2 പേര്‍ പീഡിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ട്‌ ചെയ്യുന്നു.  ഇതില്‍ മൂന്നില്‍ ഒരാള്‍ 18 വയസ്സിനു താഴെയുള്ളവരാണ്. ചുരുക്കത്തില്‍ പ്രായഭേദമന്യേ ഇന്ത്യയില്‍ ഞെട്ടിപ്പിക്കുന്ന അളവിലും തരത്തിലും സ്തീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്‌ ചെയ്ത കണക്കുകളും അതിലുമേറെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാത്ത സംഭവങ്ങളും സൂചിപ്പിക്കുന്നു.


‘ബലാല്‍ക്കാര’ തിയറികള്‍
പല ശാസ്ത്രഞ്ജന്മാര്‍ പല രീതികളില്‍  ബാലാല്‍ക്കാരത്തെ നിരീക്ഷിക്കുകയും പല കാലങ്ങളിലായി വ്യത്യസ്ത കാരണങ്ങള്‍ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ബാലാല്‍ക്കരത്തെ പൂര്‍ണ്ണമായും സംസ്കാരത്തില്‍ നിന്നും ചുറ്റുപാടില്‍ നിന്നും പഠിച്ചെടുക്കുന്ന സ്വഭാവമായിട്ടാണ് susan brownmiller നെ പോലുള്ള ഒരു കൂട്ടം ഫെമിനിസ്റ്റ്‌ സോഷ്യോലജിസ്റ്റുകള്‍ കണക്കാക്കുന്നത്.  ലൈംഗിക അഭിനിവേശത്തെക്കാളേറെ സ്ത്ര്രെയുടെ മുകളില്‍ ആധിപത്യവും ശക്തിയും സ്ഥാപിച്ചെടുക്കാനുള്ള പ്രേരണയാണ് ബലാല്‍ക്കാരത്തിന്റെ കാരണമാവുന്നതെന്ന് അവര്‍ വിശദീകരിക്കുന്നു. എന്നാല്‍ ഈ വാദത്തിനു വിപരീതമായി thornhill ഉം palmer ഉം ( Thornhill & Palmer, 2000) മറ്റൊരു വാദത്തെ മുന്നോട്ടു വെക്കുന്നു. അവരുടെ വാദപ്രകാരം ബലാല്‍ക്കാരം ലൈംഗികതയോട് ഒരു തരത്തിലുള്ള അനുരൂപീകരമാണ്. കൂടുതല്‍ അക്രമ സ്വഭാവമുള്ളതും, ഇണ ചേരാന്‍ കൂടുതല്‍ ആസക്തിയുള്ളതും, ഇണ തെരഞ്ഞെടുപ്പില്‍ അത്ര തന്നെ വിവേച്ചന സ്വഭാവമില്ലതതുമായ ആണ്‍ വര്‍ഗങ്ങളുള്ള വശത്തിലാണ് ബലാല്‍ക്കാരവും,, ലൈംഗികതിക്രമങ്ങളും നടക്കുന്നതെന്നാണ് ഈ തിയറി വിശദീകരിക്കുന്നത്.നിലനില്‍ക്കുന്ന പലജാതി ജന്തുക്കള്‍ക്കിടയിലും ബലാല്‍ക്കാരം സാധാരണമാണെന്നും പരിണാമ കാലഘട്ടത്തില്‍ മനുഷ്യര്‍ക്കിടയിലേക്കെത്തിയതാവണം ഈ പ്രവണതയെന്നുമവര്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ഇന്ന് നടക്കുന്ന ബാലാല്‍ക്കാരത്തെയും ലൈംഗിക ചൂഷണങ്ങളെയും സാധാരണയായി വിശദീകരിക്കപ്പെടാരുള്ളത് ആദ്യം പറഞ്ഞ ഫെമിനിസ്റ്റ്‌ കാഴ്ചപ്പാടില്‍ തന്നെയാണ്. നമ്മുടെ സമൂഹത്തില്‍ ലൈംഗികതിക്രമങ്ങളെ ഉപരിപ്ലവമായി വിശദീകരിക്കാന്‍ ഈ തിയറിക്കാവുന്നു എന്നതാവാം ഇതിനു കാരണം.
ആധിപത്യ മനോഭാവം
പുരുഷന് സ്ത്രീക്ക് മുകളില്‍ അധികാരം നല്‍കുന്ന സംസ്കാരമാണ് നമുക്കുള്ളത്. സ്ത്രീ പുരുഷന് കീഴ്പെട്ടു ജീവിക്കേണ്ടവളാണെന്ന് ആനയിടാന്‍ മതമുള്‍പ്പെടെയുള്ള ആയുധങ്ങളെ പുരുഷ കേന്ദ്രീകൃത സമൂഹം ഉപയോഗിക്കുന്നുണ്ട്. ആ കേട്ട് കേള്‍വിയിലാണ് ഓരോ ആണും പെണ്ണും  വളര്‍ന്നു വലുതാവുന്നത്. നമ്മുടെ സാമൂഹ്യ വല്‍ക്കരണ പ്രക്രിയയില്‍ ആവോളം ഇത്തരത്തിലുള്ള ആധിപത്യ സ്വഭാവങ്ങള്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ നിന്ന് നോക്കുമ്പോള്‍ സ്ത്രീക്ക് മുകളില്‍ അധികാരവും ശക്തിയും സ്ഥാപിക്കാനുള്ള പ്രവണത തന്നെയാവണം പല ബാലാല്‍ക്കരങ്ങള്‍ക്കും ഒരു വലിയ ഘടകം. പെണ്ണ് ആണിന് കീഴ്പെട്ടവളാണെന്ന ബോധ്യവും, പെണ്ണിന് മുകളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള അവകാശം പുരുഷനുണ്ടെന്ന  ബോധ്യവും നിര്‍ഭാഗ്യവശാല്‍ നമ്മുടെ സാമൂഹികവല്‍ക്കരണ ത്തില്‍ തന്നെ ഉള്‍പ്പെട്ടു പോവുന്നു. കുഞ്ഞു കുട്ടികളുടെ അടിപിടികളില്‍ പോലും, “അവനുമായി അടിപിടി കൂടാന്‍ നീ പോവേണ്ട, നീ പെണ്ണാണ്‌, അവനു ആണാണ്” എന്ന സന്ദേശം മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് നല്‍കുമ്പോള്‍, പെണ്ണിനോട് മിണ്ടാതിരിക്കാനുള്ള കല്‍പ്പനയും, ആണിനത് എന്തും ചെയ്യാനുള്ള ലൈസെന്‍സുമാവുന്നു. ഇത്തരം പഠിപ്പിക്കലുകള്‍ പെണ്ണിനെ ഇരയാക്കാനും, ഇരയായി തന്നെ തുടരാനുമുള്ള ഒരു ആന്തരിക പ്രേരണ നല്ക്കുന്നുണ്ട്. ഇതോരവോളം ചെറിയ ചെറിയ കുറ്റകൃത്യത്തില്‍ തുടങ്ങി ഭയാനകമായ പല കൃത്യങ്ങളില്‍ ചെന്നവസാനിക്കുമ്പോഴും, പെണ്ണിന് പ്രതികരിക്കാനുള്ള ശേഷിയെ തടഞ്ഞു നിര്‍ത്തുകയോ നഷ്ട്ടപ്പെടുതുകയോ ചെയ്യുകയും എല്ലാ സഹിക്കാനുള്ളതാണെന്ന ബോധ്യം വല്ലാതെ ഇട്ടു കൊടുക്കയും ചെയ്യുന്നുണ്ട്. അതു തന്നെയാണ് ഒരു നല്ല വിഭാഗം ലൈംഗികക്രമങ്ങളും  ആരും അറിയാതെ ഇരകള്‍ സഹിക്കുന്നതിനു പിന്നിലെ ഒരു കാരണം. പ്രത്യേകിച്ചും വിവാഹ ബന്ധങ്ങളില്‍ നിലനില്‍ക്കുന്ന നിര്‍ബന്ധിത ലൈംഗിക ചൂഷണങ്ങളില്‍. എന്നാല്‍ നീ ‘ആണത്വം’ കാണിക്കെന്ന ആണിനോടുള്ള ആക്രോശങ്ങളും, ആണത്വത്തിന് നമ്മുടെ സമൂഹം കൊടുത്തിട്ടുള്ള നിര്‍വചനവും ആണിന് എന്തും ചെയ്യാനുള്ള പ്രവണതക്ക് ആക്കം കൂട്ടുന്നുണ്ട്. ഈ പ്രവണതയയാണല്ലോ നിര്‍ഭയ കേസിലെ പ്രതിയുടെ വാകുകളില്‍ നമ്മള്‍ കേട്ടത്. ‘അവള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചു, അതാണവള്‍ക്ക് പറ്റിയ തെറ്റ്. തടുക്കാതെ, പ്രതിരോധിക്കാതെ അവള്‍ ഞങ്ങള്‍ക്ക് കീഴ്പ്പെടണമായിരുന്നു.’ പ്രതികളില്‍ ഒരാള്‍ പിന്നീട് പറഞ്ഞതിന്റെ സംക്ഷിപ്ത രൂപമാണിത്. കീഴ്പ്പെട്ടു കൊടുക്കലിന്റെ ചരിത്രം തെറ്റിക്കാനുള്ള ഒരു ശ്രമവും അനുവദിച്ചു കൊടുക്കില്ലെന്നും അവള്‍ക്കു മുകളില്‍ ശക്തി പ്രയോഗം നടത്തുക തങ്ങളുടെ അവകാശമാണെന്നും,  തങ്ങളുടെ ആധിപത്യത്തെ ചോദ്യം ചെയ്യുന്ന ഒന്നിനെയും വക വെച്ച് കൊടുക്കില്ലെന്നുമുള്ള ഒരു ഭീഷണി ആ വാകുകളില്‍ നിന്ന് വായിക്കാനാവും.

വാദി പ്രതിയാവുന്നു
ഗ്രീക്ക് പുരാണങ്ങളിലും മറ്റും ബലാല്‍ക്കാരത്തിനു ഇരയാക്കപ്പെട്ട പെണ്ണിനും ശിക്ഷ നല്‍കിയിരുന്നതായി കാണാനാവും. ദി കോഡ് ഓഫ് ഹെമ്മുരാബി പ്രാകാരം പീഡിപ്പിക്കപ്പെട്ടത് വിവാഹിതയാണെങ്കില്‍ അക്രമിയുടെ കൂടെ ഇരയെയും കൂടെ പുഴയിലെറിഞ്ഞു കൊല്ലുന്നതായിരുന്നു ശിക്ഷ. മറ്റു ചില പുരാതന നിയമങ്ങള്‍ പ്രകാരം അക്രമിയെയും, ഇരയെയും, എറിഞ്ഞു കൊല്ലുന്ന ശിക്ഷ നടപ്പില്‍ വരുത്തിയതായി കാണുന്നു. പുരാതന സംസ്കാരത്തില്‍ നിന്നും ആധുനിക യുഗത്തിലെക്കെത്തുംബോഴും  വാദി പ്രതിയാവുന്ന അവസ്ഥ ധാരാളമുണ്ട്. ബലാല്‍ക്കാരത്തിന്റെ ഉത്തരവാദി സ്ത്രീയാണെന്ന വാദങ്ങള്‍ വളരെ ശക്തമായി തന്നെ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. പെണ്ണിന്‍റെ വസ്ത്രവും നടപ്പും ജോലിയും സംസാരവും പെരുമാറ്റവും എല്ലാമാണ് ബാലാല്‍ക്കാരത്തിന് വഴിയൊരുക്കുന്ന വാദം പ്രത്യേകിച്ചും നിര്‍ഭയ സംഭവത്തോടെ വളരെ ശക്തമാവുകയുണ്ടായി. എവിടെ ബാലാല്‍ക്കാരങ്ങള്‍ നടന്നാലും അതില്‍ പെണ്ണിന്‍റെ തെറ്റുകള്‍ തിരഞ്ഞു കണ്ടു പിടിച്ചു അതിനെ മാത്രം പ്രശ്നവല്‍ക്കരിക്കുന്ന  പ്രവണത നമ്മുടെ സമൂഹത്തില്‍ വളരെ കൂടുതലാണ്. ഈ പ്രവണത കാരണം ലൈംഗിക ചൂഷണത്തിന്റെയും ബാലാല്‍ക്കരതിന്റെയും ഗുരുതരമായ കാരണങ്ങളെ സൌകര്യപൂര്‍വ്വമോ അല്ലാതെയോ കാണാതിരിക്കുന്നതോ അല്ലെങ്കില്‍ നിസ്സാര വല്ക്കരിക്കുന്നതോ ആയ അവസ്ഥ സംജാതവുന്നുണ്ട്. പെണ്ണിന്‍റെ മാനത്തിനും ചാരിത്ര്യതിനും നിസ്സാര വില കല്‍പ്പിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോവുന്നു എന്നതില്‍ സംശയമില്ല.
പാവയാവുന്ന നിയവ്യവസ്ഥ
സമൂഹത്തിന്‍റെ പുരുഷാധിപത്യ പ്രവണതകളെയും മറ്റും മാത്രം പ്രതി സ്ഥാനത്ത് നിര്‍ത്തുന്നത് കൊണ്ട് മാത്രം പ്രശ്നങ്ങള്‍ കുറയാന്‍ പോവുന്നില്ല. സാമൂഹ്യ വല്‍ക്കരനത്തിലെ ഒരു പ്രധാന ഘടകമായ നിയമ വ്യവസ്ഥക്കും ഇതില്‍ ഏറെ പങ്കുണ്ട്. സ്ത്രീകളുടെ സംരക്ഷണവും, അവകാശങ്ങളും സംരക്ഷിക്കേണ്ടത് നിയമ വ്യവസ്ഥയുടെ കൂടെ ഉത്തരവാദിത്തമാണ്. സുരക്ഷിതാമായി ജീവിക്കാനും, പേടികൂടാതെ ജോലിയെടുക്കാനും, സഞ്ചരിക്കാനും ഇടയാക്കുന്ന ഒരു സാമൂഹികാന്തരീക്ഷം സ്ത്രീകള്‍ക്ക് ഉറപ്പു വരുത്തേണ്ടത് നാട്ടിലെ നിയമ വ്യവസ്ഥ കൂടിയാണ്. നിയമ വ്യവസ്ഥ എന്നത് കുറ്റങ്ങള്‍ ചെയ്തവരെ കണ്ടുപിടിക്കാനും അവര്‍ക്ക് മാതൃക പരമായ, തെറ്റ് തിരുത്തലിനുതകും വിധമുള്ള ശിക്ഷ നല്‍കാനുള്ള സംവിധാനമാണ്. സമൂഹത്തില്‍ ഒരു കുറ്റകൃത്യം നടന്നാല്‍ പ്രതിയെ കണ്ടെത്തി ഇനിയും ആ തെറ്റാവര്‍ത്തിക്കാതിരിക്കാനുള്ള മാതൃക പരമായ ശിക്ഷ നമ്മുടെ നിയമ വ്യവസ്ഥ നടപ്പിലാക്കുന്നുണ്ടോ എന്നത് പുനര്‍ വിചിന്തനം ചെയ്യേണ്ട ഒരു കാര്യമാണ്. അതില്‍ പിഴവുകള്‍ സംഭവിക്കുന്നത്‌ കൊണ്ടുമാണ് വീണ്ടും ക്രൂരമായ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നത്. നിര്‍ഭയ കേസിലെയും സൗമ്യ കേസിലെയും (മറ്റു സമാനമായ പല കേസുകളിലെയും പ്രതികള്‍ സൗകര്യപൂര്‍വ്വം അഴികള്‍ക്കുള്ളിരിക്കുമ്പോള്‍ നിഷേധിക്കപ്പെടുന്നത് ഇരകളുടെ നീതിയാണ്. മാത്രവുമല്ല വര്‍ദ്ധിക്കുന്നത് ഓരോ പെണ്‍കുട്ടിയും പീഡിപ്പിക്കപെടാനുള്ള സാധ്യതയുമാണ്‌. പല പീഡനങ്ങളും ആരുമറിയാതെ മുങ്ങിപ്പോവാനുള്ള ഒരു ഘടകം  നിയമം നടപ്പില്‍ വരുതുന്നിടതുള്ള വീഴ്ചകള്‍ കൂടിയാണ്. മാന ഭംഗ തിനിരയാവുന്നവരുടെ മാനം വീണ്ടും വീണ്ടും അപഹരിക്കുന്ന തരത്തിലുള്ള വിചാരണ വേളകളും, വാദി പ്രതിയാവുന്ന തരത്തിലുള്ള വിധികളും ‘മാനത്തെ’ ഏറെ ‘മാനിക്കുന്ന’ നമ്മുടെ സമൂഹത്തില്‍ ഇരകളെ പലപ്പോഴും മിണ്ടാതെയാക്കുന്നുണ്ട്. രാഷ്ട്രീയ –പണ സ്വാധീനങ്ങള്‍ ഉപയോഗിച്ച് ഇരകള്‍ക്ക് മുകളിലും നിയമത്തിനു മുകളിലും ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴും നീതി നിഷേധിക്കപ്പെടാന്‍ കാരണമാവുന്നുണ്ട്.  ലൈംഗിക അതിക്രമങ്ങളെ ചെറുക്കാന്‍ പുതിയ നിയമങ്ങള്‍ കൊണ്ട് വന്നത് കൊണ്ട് മാത്രം പ്രയോജനമില്ല. ആ നിയമങ്ങള്‍ കാര്യക്ഷമാമായി നടപ്പില്‍ വരുത്തുകയും, പീഡിതര്‍ക്കു പേടി കൂടാതെ നിയമത്തെ സമീപിക്കാനും ഇടയാക്കുന്ന സാഹചര്യം ഒരുക്കേണ്ടതുണ്ട്.
ബാലാസംഗ സംസ്കാരം
ലൈംഗിക ചൂഷണം സാധാരണ സംഭാവമാവുകയും സമൂഹം അതിനെ പ്രതിരോധിക്കാതെ ക്ഷമിക്കുകയും, സഹിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് ബാലാല്‍സംഘ സംസ്കാരം രൂപപ്പെടുന്നത്. ഇത്തരം ഒരവസ്ഥയുടെ പരിണിത ഫലം ഭയാനകമായിരിക്കും. സൂക്ഷിച്ചു നോക്കിയാല്‍ അത്തരമൊരു അവസ്ഥയിലേക്ക് നമ്മുടെ സമൂഹം പതിയെ നടന്നടുക്കുകയാണ്.പീഡന സംഭവങ്ങള്‍ നിത്യ സംഭവങ്ങള്‍ ആവുന്ന ഓരോ ദിന പത്രത്തിലും പുതിയ പീഡന കഥള്‍ ഞെട്ടലില്ലാതെ വായിക്കുന്ന, ഒരു തരത്തിലും പ്രതിരോധിക്കാത്ത ഒരു സമൂഹത്തിന്‍റെ ഭാഗാമാണ് ഇന്ന് നമ്മള്‍. ഈ ഒരവസ്ഥ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ ഏറെ വഴിയൊരുക്കും.
ഉണരേണ്ട സ്ത്രീ സമൂഹം 
സ്ത്രീ സമൂഹം ഇനിയെങ്കിലും ഉണര്‍ന്നില്ലെങ്കില്‍ കാര്യങ്ങള്‍ ഒട്ടും മാറാന്‍ പോവുന്നില്ല. തന്നെ സഹായിക്കാന്‍ താന്‍ തന്നെ മുന്കയ്യെടുക്കാതെ മറ്റൊരാള്‍ മുന്കയ്യെടുക്കുമെന്ന് കരുതുന്നത്    വിഡ്ഢിത്തമാണ്.തങ്ങള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ പ്രവണതകള്‍ കുറക്കാന്‍ ഒരളവോളം സ്ത്രീക്ക് തന്നെയാണ് സാധിക്കുക്ക. താന്‍ എന്തും സഹിക്കേണ്ടവളാനെന്ന ബോധത്തെ സ്വന്തത്തില്‍ നിന്നും മാറ്റുന്നതോടൊപ്പം, തങ്ങളുടെ പെണ്‍ കുട്ടികള്‍ക്കിടയില്‍ അങ്ങനെ ഒരുബോധ്യാതെ ഇട്ടു കൊടുക്കാതിരിക്കാനും സൂക്ഷിക്കുക. ആണ്‍കുട്ടികളുടെ അതെ ധൈര്യതോടെയും, ചങ്കൂറ്റ തോടെയും, പെണ്‍കുട്ടികളെയും വളര്‍ത്തുക. കൂടാതെ, പെണ്ണിനോട് ബഹുമാനത്തോടെയും, ആദരവോടെയും,  പെരുമാറാന്‍ നമ്മുടെ ആണ്‍കുട്ടികളെയും ശീലിപ്പിക്കുക്ക. സാമൂഹ്യ വല്‍ക്കരണം അമ്മയില്‍ നിന്നാണല്ലോ തുടങ്ങുന്നത്.
തന്നെ ലൈംഗികമായി അതിക്രമികുന്നയളെ, പ്രധിരോധതിന്റെ പേരില്‍ തിരിച്ചു ആക്രമിച്ചാലും അയാള്‍ കൊല്ലപ്പെട്ടാലും സ്ത്രീ ഉത്തരവാദി ആവില്ലെന്നുള്ള നിയമം വന്നത് കൊണ്ട് മാത്രം കാര്യമായില്ല, ആ നിയമങ്ങളെകുറിച്ച് സ്ത്രീകള്‍ ബോധാവാതികളാവുകയും, ആവശ്യം വരുമ്പോള്‍ അതുപയോഗിക്കാനുള്ള ചങ്കൂറ്റം നേടിയെടുക്കുകയും വേണം. ഒന്നിനും കഴിഞ്ഞില്ലെങ്കില്‍ ഒന്നലമുറയിട്ട് കരയാനെങ്കിലും സ്ത്രീക്ക് കഴിയണം...

“നീതി കിട്ടതെയാവുമ്പോള്‍ നീ തീയാവണം, ജ്വലിക്കുന്ന തീ” (word courtacy, പേരറിയാത്ത  റേഡിയോ ജോക്കി, റെഡ് എഫ് എം ) 

published in prabodhanam- 

Comments

Popular Posts