അമ്മ
"മാതൃത്വത്തിന്റെ വില്‍പ്പനയും കുട്ടിയുടെ അവകാശവും " മറ്റനേകം സംഗതികളും എന്തിനൊക്കെയോ വേണ്ടി സംസാര വിഷയവും എഴുത്ത് വിഷയവും ആക്കി വിവാദങ്ങള്‍ പൊടി പൊടിക്കുമ്പോള്‍ ഇങ്ങനെ ചില അമ്മ മനസ്സുകളും നമുക്ക് ചുറ്റിലും ചര്‍ച്ച ചെയ്യപ്പെടാതെ, ഇനി ചര്‍ച്ച ചെയ്യപ്പെട്ടാലും നിസ്സഹായരായി ജീവിക്കുന്നുവെന്ന് അറിയുന്നതും നല്ലതായിരിക്കും.
മനസ്സിനകത്തൊരു കടല്‍ ! അമ്മ ! എന്ന തലകെട്ടില്‍ നാട്ടു പച്ച ഓണ്‍ലൈന്‍ മാഗസിനില്‍ വന്നത് ... http://nattupacha.com/
പറഞ്ഞു തുടങ്ങവേ അവര്‍ കരയുകയായിരുന്നു ...
എപ്പൊഴും പുഞ്ചിരിക്കുന്ന, നിര്‍ത്താതെ സംസാരിക്കുന്ന അവര്‍ ഇന്നാദ്യമായി
എന്‍റെ മുന്‍പില്‍ കരയുന്നു.. വളരെ അപൂര്‍വമായി മാത്രം സ്വന്തം ജീവിതത്തെ കുറിച്ച് സംസാരിക്കാറുള്ള ആ സ്ത്രീ , ഇന്ന് പക്ഷെ എല്ലമാരോടെങ്കിലുമൊന്നു
തുറന്നു പറയാന്‍ കൊതിച്ചത് പോലെ..
“നിങ്ങള്‍ക്കറിയുമോ , എന്‍റെ മകന്‍റെ
പിറന്നാളാണ് വരുന്നത് , ഇപ്പൊ അവനു 19 വയസ്സായി
കാണും, വേണ്ടാന്നു കരുതിയിട്ടും ഇപ്പൊ വീണ്ടും എനിക്കെല്ലാം ഓര്‍മയില്‍ വരുന്നു. അവനു വെറും 9 മാസപ്പോള്‍ രോഗം വന്നു ഇവിടെ വരേണ്ടി വന്നതാണ്.19 വര്‍ഷങ്ങള്‍
കഴിഞ്ഞു. എല്ലാ അമ്മമാര്‍ക്കും അവരുടെ
മക്കള്‍ വലുതല്ലേ . നൊന്തു പെറ്റ എനിക്കും അവന്‍റെപിറന്നാള്‍ മറക്കാനാവുമോ . ഈ
മനസികാശുപത്രിയില്‍ ഇരുന്നു എനിക്കവന് വേണ്ടി എന്താ ചെയ്യാന്‍ കഴിയുക? പ്രാര്‍ത്ഥിക്കാം
, അത്ര തന്നെ.”.
അവരുടെ കണ്ണുകള്‍ ഈറനണിയുന്നു. സാരിത്തുമ്പ്
കൊണ്ട് കണ്ണ് തുടച്ചു കൊണ്ട് അവര്‍ തുടര്‍ന്നു.
“എന്‍റെ കയ്യില്‍ കുറച്ചു പൈസയുണ്ട്. കഴിഞ്ഞ മാസം
ഒരു സിസ്റ്റെരുടെ മകള്‍ക്ക് ഉടുപ്പ് തുന്നികൊടുത്തിന്റെ കൂലി. അത് ഞാനവനു അയച്ചു
കൊടുത്താലോ എന്നാലോചിക്കുന്നു . അവനു കിട്ടുമോ എന്നറിയില്ല, എന്നെ ഇവിടെ ആക്കി
പോവുമ്പോള്‍ വീട്ടുകാര്‍ ഇവിടെ കൊടുത്ത
അഡ്രസ് ആണ്.ചിലപ്പോഴിതൊക്കെ
മാറിക്കാണും. ഇനിയിപ്പോ ആളില്ലെങ്കില്‍ അത് തിരിച്ചു വരുമല്ലോ. “
ഒരു ഭ്രാന്തിയുടെ ഉപഹാരം , അങ്ങനെയാവും അവരുടെ വീട്ടുകാര്‍ അതിനെ വിശേഷിപ്പിക്കുക.
ഞാനോര്‍ത്തു . ചിലപ്പോള്‍ ഭ്രാന്തിന്‍റെ അടയാളമായിട്ടാവും അവരതിനെ കാണാന്‍
പോവുന്നത്. 18 വര്‍ഷങ്ങള്‍ കൊണ്ടും
മാറാത്ത മുഴു വട്ട്...!!!
ഹേ വട്ടില്ലെന്നു നടിക്കുന്നവരെ , മനുഷ്യ
വികാരങ്ങളില്‍ പാതിയും ഭ്രാന്തിന്‍റെ ആഘോഷങ്ങളാണ് .. എനിക്ക് ഉറക്കെ വിളിച്ചു പറയാന്‍ തോന്നി. വട്ട് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക്
മുമ്പില്‍ നിങ്ങളുടെ ഓരോ ചലനങ്ങളും സൂചനകളാണ്. abnormality ഉടെ സൂചനകള്‍...
ഇത് ഒരമ്മയുടെ വട്ട്. താന്‍നൊന്തു പെറ്റ
കുഞ്ഞിനെ തന്നില്‍
നിന്നകറ്റപ്പെടുമ്പോലുണ്ടാവുന്ന വേദന, നിസ്സയഹയവസ്ഥ , അതിനെ വട്ടെന്നു
വിളിക്കുന്നവര്‍ക്കും വട്ടല്ലേ ... അവര്‍ക്കല്ലേ യഥാര്‍ത്ഥ വട്ട്.
ബീഹാറിലെ ഏതോ ഒരു കുലീന ജാതിയില്‍ പെട്ട കുലീന
കുടുംബത്തിലെ അംഗമാണ് എന്‍റെ മുമ്പില്‍ നില്‍ക്കുന്ന സ്ത്രീ ..ഇവിടെ ഞാനൊന്നു
തിരുത്തുന്നു , കുലീന കുടുംബത്തിലെ അംഗ മായിരുന്നു അവര്‍ എന്ന് പറയുന്നതാവും ശരി. കാരണം കുടുംബം അവരെ സംബന്ധിച്ച് ഒരു പഴം
പുരാണം മാത്രമാണിപ്പോള്‍. അന്യ മതക്കാരന്റെ കൂടെ ഒളിച്ചോടിപ്പോയ നല്ല
ജാതിയില്‍ പെട്ട പെണ്‍കുട്ടിയെ ചെയ്യും പോലെ ഇവരുടെ കുടുംബം ഇവരെ പടിയടച്ചു
പിണ്ണം വെച്ച് എന്ന് വേണമെങ്കില്‍ പറയാം.
അവര്‍ ചെയ്ത കുറ്റമെന്ത്..വളരെ ലളിതം. അവരുടെ തലച്ചോരിനുള്ളിലെ ഒരു രാസലായനിക്ക്
ചെറിയ ഒരു കുസൃതി തോന്നി , ഒന്ന് വഴിമാറി ഒഴുകിക്കളയാം. അല്ലെങ്കില്‍
ഇങ്ങനെ സന്തുലനം പ്രാപിച്ചു ഒഴുകേണ്ട ആവശ്യമൊന്നുമില്ല. മൂപ്പര്‍ ചെയ്ത കുസൃതി
കാരണം പാവം സ്ത്രീക്ക് മനസ്സിനെ പടിച്ചിട്ടു കിട്ടാതെയായി. ഇത് കുടുംബത്തിലുള്ളവര്‍ക്ക് അത്ര രസിച്ചില്ല.. മുന്തിയ വിദ്യാഭ്യാസവും മുന്തിയ
ജോലിയിലും ഉള്ള കുലീനനായ ഭര്‍ത്താവിനു ഭ്രാന്തിയായ ഭാര്യ പദവിയുടെ പ്രശ്നവും
ആയിരിക്കുമല്ലോ ..!!
മുജ്ജന്മ പാപ ഫലമെന്നതോ / സാത്താന്‍ ശരീരത്തില്‍
കൂടിയതെന്നോ തുടങ്ങി ചൂടുള്ള മാസലകൂട്ടുകള്‍ കഥക്ക് നിറം വേറെയും നല്‍കിയിട്ടുണ്ടാവണം.
അപ്പോഴേക്കും അവര്‍ ഒന്ന് പെറ്റിരുന്നു. കുട്ടി ഞങ്ങളുടെതാണ് എന്ന ഭര്‍തൃ
വീട്ടുകാരുടെ വാദം അവരെ വീണ്ടും തോല്‍പ്പിച്ചു. ഭ്രാന്തിയായ ഭാര്യയെയും മരുമകളെയും
ഞങ്ങള്‍ക്ക് വേണ്ടാന്നും ഭ്രാന്തുള്ള അമ്മയെ ഞങ്ങളുടെ കുട്ടിക്കും വേണ്ടാന്നും
മുകളില്‍ നിന്നും വിധി വന്നു.
സ്ത്രീ ദേവീ തുല്യമാണ്.. അവളുടെ പ്രവര്‍ത്തികള്‍ക്കും എന്തിനു നോട്ടത്തിനു
പോലും ലോകത്തെ മുഴുവന്‍ ചുട്ടുകരിക്കാന്‍ വരെ ശക്തിയുണ്ട്.പക്ഷെ അതൊക്കെപഴയ പുരാണങ്ങളില്‍ , ഇപ്പോള്‍ ആ പുരാണങ്ങളും
സ്ത്രീയെപ്പോലെ ആവശ്യമുള്ളപ്പോള്‍ മാത്രം ഉപയോഗിക്കാനുള്ള ഒരുപപോക വസ്തു.
ഒരു നിമിഷം ലോകത്തോട് മുഴുവന്‍ എനിക്ക് പുച്ഛം
തോന്നി . ഒപ്പം ലോകം വാഴുന്ന മഹിഷസുരന്മാരെ തോല്‍പ്പിച്ചു കൊല്ലാന്‍ ഒരു ദുര്‍ഗ
ദേവി കൂടി അവതരിച്ചെങ്കില്‍ എന്ന വ്യാമോഹവും.
അവരിലെ അമ്മ മനം പൊട്ടി കരഞ്ഞു, കുട്ടിയെക്കാണാന്‍ വാശി പിടിച്ചു. ഉറക്കം നഷ്ട്ടപ്പെട്ടു.അങ്ങനെ
അവര്‍ക്ക് വീണ്ടും വട്ടായെന്നു ലോകം മനസ്സിലാക്കി.
ഭര്‍തൃ വീട്ടുകാര്‍ക്ക് വേണ്ടത്തവള്‍,
പോരാത്തതിനു ഭ്രാന്തും . രണ്ടാമതും മാനസികാശുപത്രിയില്‍ അടക്കപെടാന്‍ ഇതിലും കൂടുതല്‍ കാരണം എന്ത് വേണം.
അന്നാണ് ഈ ആശുപത്രി അവരുടെ വീടാവന്‍ തുടങ്ങിയത്. പിന്നീടെപ്പോഴോ
ഇവിടുത്തെ അന്തേവാസികള്‍ അവര്‍ക്ക് വീട്ടുകാരും ആയി . ഇതിനകത്തെ പൂകളെയും
മരങ്ങളെയും പക്ഷികളെയും അവര്‍ സ്നേഹിക്കാന്‍ തുടങ്ങി.
ആശുപത്രിയിലെ കുട്ടികള്‍ക്ക് അവര്‍ ചിലപ്പോള്‍ അമ്മയായി, മറ്റു ചിലപ്പോള്‍
ടീച്ചറായി, മറ്റു പലതുമായി. ആശുപത്രിയിലെ കുട്ടികള്‍ക്ക് വേണ്ടിയുള്ള ഡേ കെയര്‍ ഇന്നവര്‍ വളരെ ഉത്സാഹത്തോടെ ആത്മാര്‍ഥതയോടെ
നടത്തികൊണ്ട് പോകുന്നു.
ഒരിക്കല്‍ സന്തോഷത്തോടെ അവര്‍ പറഞ്ഞതോര്‍ക്കുന്നു.
“ഒരു കാര്യത്തില്‍ ഞാന്‍ ഭാഗ്യവതിയാണ് സിസ്റ്റര്‍,
ഇവിടെ എനിക്കൊരുപ്പാട് മക്കളുണ്ട് . രോഗം കൊണ്ട് വളരെ മോശം അവസ്ഥയില്‍ ഇവിടെ വരുന്ന ഓരോ കുട്ടിയിലും
എന്തെങ്കിലും ഒക്കെ മാറ്റം വന്നു ആശുപത്രി
വിട്ടു പോവുമ്പോള്‍ എനിക്കും ഒരു പാട് സന്തോഷമാണ്. അവരുടെ നല്ലതിന് വേണ്ടി
എനിക്കും എന്തെങ്കിലുമൊക്കെ
ചെയ്യനാവുന്നുണ്ടല്ലോ...അത് തന്നെ മഹാഭാഗ്യം ..
ഇത്തരം നല്ല ചിന്തകള്‍ തന്നെയാണ് അവരെ
പ്രതീക്ഷയും ആത്മവിശ്വാസവും,കൈവെടിയാതെ എപ്പോഴും
എന്തെങ്കിലും ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. അതിലുപരി ജീവിക്കാന്‍ തന്നെ
പ്രേരിപ്പികുന്നത്
കാണുമ്പോഴൊക്കെ അവരുടെ കയ്യില്‍ ഒരു സൂചിയും നൂലിന്റെ
കെട്ടുമുണ്ടാവും. ക്രോഷേറ്റ് അവരുടെ
വിനോദം മാത്രമല്ല, ചില്ലറ സമ്പാദ്യത്തിനുള്ള വഴിയും കൂടിയാണ്. നൂലുകൊണ്ട്
മനോഹരമായ ഉടുപ്പുകളും, തൂവലകളും, മേശവിരികളും, മറ്റും അവര്‍ നെയ്തെടുക്കും.
ആശുപത്രിയിലെ ജീവനാക്കരിലധികവും അതിനാവശ്യക്കാരാണ്.
ഈ സമ്പാദ്യശീലത്തിനും അവര്‍ക്ക് തക്കതായ
കാരണമുണ്ട്.
“ഇത് കൊണ്ട് എനിക്ക് കുറച്ചു കാശ് കിട്ടും,
എന്‍റെ അത്യാവശ്യ ചിലവുകള്‍ക്ക്, വേണ്ട പൈസ. മുമ്പൊക്കെ വീട്ടുകാര്‍ ഇടയ്ക്കു ഫോണ്‍വിളിക്കുമായിരുന്നു.
ദീവാലിക്കും മറ്റും സാരിയോ മധുരമോ കൊണ്ട് വരുമായിരുന്നു. ഇടക്കിടക്ക് പൈസ
അയക്കുമായിരുന്നു. പിന്നെ എപ്പോഴോ അതും നിന്നു. എന്നാലും നമുക്ക് ജീവിക്കേണ്ടേ ..
ഒരു വര്‍ഷത്തില്‍ ഒന്നോ രണ്ടോ സാരി, പിന്നെ അത്യാവശ്യ സാധനങ്ങള്‍.. അതൊക്കെ
വാങ്ങാനുള്ള പൈസ ഇങ്ങനെ കിട്ടും. മറ്റുള്ളവരുടെ നേരെ കൈനീട്ടാതെ കഴിയുമല്ലോ.”
ശരിയാണ്, എല്ലാം സര്‍കാരിന്‍റെ വക കിട്ടട്ടെ
എന്ന് കരുതിയാല്‍ അങ്ങനെയിരിക്കാം. പ്രത്യേകിച്ച് വീടുകാര്‍ക്ക് പോലും വേണ്ടതായ ഇത്തരം രോഗികളുടെ കാര്യത്തില്‍ സര്‍ക്കാരിന്
എങ്ങനെ പ്രത്യേക താല്പര്യം ഉണ്ടാവാനാണ്.
നടന്നു നടന്നു ഗേറ്റിനടുത്തു എത്താറായിരുന്നു.
തിരിച്ചെന്തെങ്കിലും പറയല്‍ അത്യാവശ്യമെന്നു തോന്നിയപ്പോള്‍ ആശ്വസിപ്പിക്കാനെന്നോണം
പറഞ്ഞു.
“വിഷമിക്കേണ്ട, കത്തും പൈസയും നമുക്കയക്കാം.
പിന്നെ പഴയതും മറ്റും ആലോചിച്ചു മനസ്സ് വിഷമിക്കേണ്ട, അവര്‍ക്ക് വേണ്ടങ്കില്‍
വേണ്ട, ഇവിടെ നിങ്ങള്ക്ക് ഞങ്ങളൊക്കെയില്ലേ, ഇത്രയും കുട്ടികളില്ലേ ..നമ്മെ
വേണ്ടാത്തവരെ നമുക്കെന്തിനാ ..?”
ഇതിനു മറുപടി ആയിട്ടല്ല, ഒരു നെടുവീര്‍പ്പിട്ടു
കൊണ്ട് സ്വന്തതോടെന്ന പോലെ അവര്‍ പറഞ്ഞു,
“ അതെ നമ്മെ വേണ്ടാത്തവരെ നമുക്കെന്തിനാ, പറയാന്‍
എന്തെളുപ്പം, പക്ഷെ ഇങ്ങനെയൊക്കെ മനസ്സിലാക്കി ജീവിക്കാനാണ് ബുദ്ധിമുട്ട്, നിങ്ങള്‍ക്കത് മനസ്സിലാവില്ല, അത് മനസ്സിലാവണമെങ്കില്‍ വേണ്ടപ്പെട്ടവര്‍ക്ക് നിങ്ങളെ വേണ്ടതാവണം....”
എന്‍റെ മറുപടി മുട്ടിപ്പോയി.. എന്‍റെ ഉമ്മാക്ക്
ഉപ്പാക്ക് , ഭര്‍ത്താവിനു എന്നെ വേണ്ടാതാവുക .. തലക്കുള്ളില്‍ ആയിരം ആണികള്‍
തുളച്ചു കയറുന്ന പോലെ ..മനസ്സില്‍ നിന്നു ചോര കുത്തിയൊലിക്കുന്നു. ചുറ്റുമുള്ള ഗുല്‍മോഹര്‍
മരങ്ങള്‍ ഇന്നാദ്യമായി എന്നെ തുറിച്ചു
നോക്കുന്നു...
നടത്തത്തിനു വേഗത കൂടി , ഗേറ്റ് കടന്നപ്പോള്‍
തെല്ലൊരാശ്വാസം. ഞാന്‍ ആ മതിലുകള്‍ക്കുള്ളില്‍ തളപ്പെട്ടിട്ടില്ല ..നിറമുള്ള ലോകം
എന്നെ വേണ്ടാന്ന് വെച്ചിട്ടില്ല ..ഹാവൂ
തിരിഞ്ഞു നോക്കുമ്പോള്‍ ഗേറ്റ് വരെ മാത്രം
സ്വാതന്ത്ര്യമുള്ള അവര്‍ എന്നെ നോക്കി
നില്‍ക്കുന്നു,
അപ്പോള്‍ ഞാന്‍ കണ്ടത് നിസ്സഹായയായ ഒരമ്മയെയും
ഭാര്യയെയും അല്ല ഇരുട്ടിനെ വെളിച്ചമാക്കിയ
, തന്നോട് പോരടിച്ചവരെ മുഴുവന്‍ തോല്‍പ്പിച്ചു ജീവിക്കുന്ന ശക്തയായ സ്ത്രീയെയാണ്...
വായിച്ചു
ReplyDeleteനല്ല എഴുത്ത് പക്ഷെ ..ചില അക്ഷരത്തെറ്റുകള്‍ ...ശെരി ആക്കേണ്ടത് തന്നെ
ReplyDelete'മാടം, ?
ആകെ ജീവിതഗന്ധിയായ ഒരു കഥ..!
ReplyDeleteകഥയില്ല ബിലാത്തി പട്ടണം, ഇത്, ലവലേശം പോലും ഉപ്പും പുളിയും ഇല്ലാത്ത ജീവിതമാണ്.
Delete