എന്‍റെ ബാപ്പ..

പുരയുടെ ഉമ്മറ ത്തിനടുത്ത്  മേല്‍കൂരയില്ലാത്ത  കുളിപ്പുരയോടു ചാരി ആകാശത്തോളം തലയുയര്‍ത്തി നില്‍ക്കുന്ന ഒരു മാവുണ്ട് .കുളിപ്പുരയില്‍ നിന്നുള്ള വെള്ളമെല്ലാം കുടിച്ചു തടിയനായി അങ്ങനെ നില്‍പ്പാണ് മൂപ്പര്‍ . ബാപ്പയോട് ഒരു പ്രത്യേക കൂട്ടായിരുന്നു ആ മാവപൂപ്പന് . നിറയെ കോമാങ്ങ തന്നു കൊണ്ടിരുന്ന മൂപ്പര്‍ ബാപ്പ പോയതോടെ അത് നിര്‍ത്തി . മൃഗങ്ങളെ പോലെ മരങ്ങള്‍ക്കും ചെടികള്‍ക്കും അവയെ സ്നേഹിക്കുന്നവരോട്‌ ഒരു പ്രത്യേക സ്നേഹമുണ്ടെന്ന് തോന്നാറുണ്ട് എനിക്ക്. സത്യത്തില്‍ ബാപ്പയുടെ പച്ച നിറമുള്ള പുരക്കും ബാപ്പയോട് ഭയങ്കര സ്നേഹമായിരുന്നു . ബാപ്പക്കെന്നും ഇളം പച്ച നിറത്തോട് ഇഷ്ട്ടം കൂടുതലായിരുന്നു . അതുകൊണ്ട് ആ നിറത്തില്‍ തന്നെയായിരുന്നു ഞങ്ങളുടെ തറവാട്ടു പുര എന്നും ചിരിതൂകി നിന്നിരുന്നത്.ബാപ്പ പോയതോടെ ആ വീടും മരിച്ചു . ബാപ്പയുടെ പാടേ പുറം  ഇരിക്കാനളില്ലാതെ അനാഥമായിപ്പോയി.

ബാപ്പ നല്ല പലഹാരമുണ്ടാക്കുമായിരുന്നു. ബാപ്പയുടെ പൊറോട്ട ഓര്‍ക്കുമ്പോള്‍ എന്‍റെ വായില്‍ ഇപ്പോഴും വെള്ളമൂറും. "അല്ലാഹ് അതുണ്ടാക്കി തരുന്ന എന്‍റെ ബാപ്പയെ നീയങ്ങു പെട്ടെന്ന് കൊണ്ട് പോയില്ലേ . "എന്ന് ഞാന്‍ പലപ്പോഴും പരിഭവി ക്കാറുണ്ട് അല്ലാഹുവിനോട് ..പലഹാരമുണ്ടാക്കി വില്‍പ്പന തന്നെയായിരുന്നത്രേ ബാപ്പയുടെ പണി. പക്ഷെ  പെട്ടെന്നതങ്ങു  നിര്‍ത്തി .. മടിയായിരുന്നു മൂപ്പര്‍ക്ക്. ഇസ്തിരിയുടെ മടക്കു നിവരാത്ത ഇളം പച്ച നിറമോ, ആകാശ നീല  നിറത്തിലോ, ചന്ദന കള റിലോ ഉള്ള കുപ്പായത്തില്‍ നിന്നും വെള്ള മുണ്ടില്‍ നിന്നും ഇറങ്ങാന്‍  ആള്‍ക്ക് പ്രത്യേകമായി എന്തെങ്കിലും കൊടുക്കണം. കഷണ്ടി തലയിലെ നീളമുള്ള നാലോ അഞ്ചു മുടി യിഴകളില്‍ കുളികഴിഞ്ഞു എണ്ണയിട്ടു, ഇസ്തിരി  മടക്കു നിവരാത്ത കുപ്പായവും ധരിച്ചു  10 പൈസയുടെ റബ്ബര്‍ ബാന്റ്റ് കൊണ്ട് കെട്ടിയ സിഗരറ്റ കൂടിന്‍റെ ഒരു കെട്ട് ( അത് കണക്കും മറ്റും എഴുതനായിരുന്നത്രേ...)  കീശയില്‍ ഇട്ടു രാവിലെ തന്നെ റെഡിയായി ബാപ്പ ഇറങ്ങും. സൊറ പറയാറില്ലാത്ത ബാപ്പക്ക് സൊറ പറയുന്ന ഒരു പറ്റം ചങ്ങാതിമാരുണ്ടായിരുന്നു. ബസ്‌ സ്റ്റോപ്പി ലെ ബെഞ്ചില്‍ വെറുതെ യിരിക്കാന്‍  എപ്പോഴും 'റെഡി'യായി വരുന്ന ബാപ്പയെ അവര്‍ 'റെഡി മൂസാക്ക ' എന്ന് വിളിച്ചു.

അങ്ങനെയിരിക്കെ എന്‍റെ ഉപ്പയും ഉമ്മയും കൂടി പെരും  പറമ്പിലേക്ക് കുടിയേറാന്‍ തീരുമാനിച്ചു. പേര് പോലെ തന്നെ ഒരു വലിയ കുന്നിന്‍ മുകളിലെ 'പെരും '   പറമ്പായിരുന്നു അത്. ആ കുന്നു ദിവസവും രണ്ടും ചിലപ്പോള്‍ മൂന്നും തവണ കയറി ഇറങ്ങുന്ന ഒരേ ഒരാളായിരിക്കണം അന്ന് ബാപ്പ. എന്നിട്ടും ഒരു ക്ഷീണവുമില്ലാതെ . ബാപ്പയുടെ ഏറ്റവുംവലിയ വ്യായാമം അതായിരുന്നെന്നു തോന്നുന്നു. നാട്ടുകാര് പറയുന്നത്, ബാപ്പയുടെ ആരോഗ്യത്തിന്റെ രഹസ്യവും അത് തന്നെയാണെന്നാണ്. പഞ്ചസാര വാരിയിട്ടാണ് ചായ കുടിക്കുന്നത്. എന്നാല്‍ ശരീരത്തില്‍ പഞ്ചസാരയുടെ കടന്നാക്രമണം ഇല്ല . പ്രമേഹത്തിന്റെ അസ്കിതയോ, മറ്റു രോഗങ്ങളോ ഒന്നും ഇല്ല . സത്യത്തില്‍ രോഗിയായ ബാപ്പയെ ഒരിക്കലെ ഞാന്‍ കണ്ടിട്ടുള്ളു...അത് ബാപ്പയെ കൊണ്ട് പോവാന്‍ വന്ന കാന്‍സര്‍ ന്‍റെ രൂപത്തില്‍ .

അപ്പൊ പറഞ്ഞു വന്നത്, ബപ്പയുടെയും ഞങ്ങളുടെ പെരും  പറമ്പി ന്‍റെയും ബന്ധത്തെ കുറിച്ചാണ് . അങ്ങനെയിരിക്കെ ഞങ്ങള്‍ക്ക് അവിടെ ഒരു പുതിയ വീടായി . രാവിലെ പ്രാതല്‍ കഴിക്കാനാണ് ബാപ്പ ആദ്യം കുന്നു കയറുന്നത്. ഉമ്മൂമ്മ  നല്ല കപ്പയും മീന്‍ കറിയും വെച്ച് കൊടുത്താലും ബാപ്പ ഞങ്ങളുടെ വീട്ടില്‍ പ്രാതല്‍ കഴിക്കാന്‍ വരും. അതൊരു ശീലം.
ബാപ്പയുടെ ഭക്ഷണ രീതിയും എനിക്കെന്നും അത്ഭുതമായിരുന്നു . നിറയെ പഞ്ച സാരയിട്ട  ചായയും നിറയെ ഉപ്പിട്ട കഞ്ഞിയും, ഉണക്കമീനും , പരിപ്പിന്‍ കറിയും....വെള്ളിയാഴ്ച പള്ളിക്കിറങ്ങിയാല്‍ എല്ലാവര്‍ക്കും ഉച്ചക്ക് ചോറ് ബാപ്പയുടെ വകയാണ്. അന്ന് വെളുപ്പിനെ വന്നു ആദ്യം അറുക്കുന്ന ഇറച്ചി കുഞ്ഞരുമാക്കയോട് പ്രത്യേകം ചോദിച്ചു വാങ്ങി ബാപ്പ പോവും. അന്ന് വെപ്പും മൂപ്പരുടെ വകയാണ് . അലക്കി തേച്ചു കുളിച്ചു ഒട്ടകത്തിനെ അറുത്ത കൂലി വാങ്ങാന്‍ മൊല്ലാക്കക്ക്‌  മുമ്പേ പള്ളിയില്‍ പോയി ജുമു'അ  കൂടി നേരെത്തെ വീട്ടില്‍ വരും. ഞങ്ങള്‍ കുട്ടികളും, പേരകുട്ടികളും എത്തുമ്പോഴേക്കും, പാടേ  പുറത്തു സവറ വിരിച്ചു കാസ നിരത്തിയിട്ടുണ്ടാവും . കുറഞ്ഞ സ്ഥലത്തിരുന്നു എല്ലാരും കൂടി വെള്ളിയാഴ്ച ചോറു തിന്നും . ഇറച്ചി നുള്ളി പരിപ്പ് കറിയും കൂടി പപ്പടം പൊട്ടിച്ചിട്ട് ബാപ്പയുടെ വക വല്ല്യ ഉരുള ഉണ്ടാവും കുട്ടികള്‍ക്കൊക്കെ. നല്ല വലിപ്പമുള്ള സ്വാദേറിയ ഉരുള...സ്നേഹത്തിന്‍റെ സ്വാദ് .

ബാപ്പയുടെ ശീലങ്ങളെയും, താല്‍പ്പര്യങ്ങളെയും കുറിച്ച് പറഞ്ഞില്ലെങ്കില്‍ എന്‍റെ ബാപ്പ പൂര്‍ണനാവില്ല . സിഗരറ്റിന്റെ കൂടില്‍ വലത്തോട് ചെരിച്ചു കണക്കെഴുതുന്നതു ബാപ്പയുടെ ഏറ്റവും വലിയ കഴിവാണെന്ന് ബാപ്പ വിശ്വസിച്ചിരുന്നു . എത്ര ഉരുണ്ട അക്ഷരത്തില്‍ എഴുതിയാലും ബാപ്പ പറയും. നന്നായില്ല. അക്ഷരങ്ങളുടെ മനോഹാരിത വലത്തോത്തുള്ള ചെരിചെഴുതിലാണെന്ന് മൂപ്പര്‍ വാദിക്കും. എഴുതാന്‍ ഈ സിഗരറ്റ് കൂട് മാത്രം ഉപയോഗിക്കുന്നതിലെ യുക്തി എന്താണെന്നു വെളിപ്പെടുത്തി യിട്ടും ഇല്ല. പഴയ പേന കൂടുകള്‍, കേടായ വാച്ചുകള്‍ , കുറച്ചു മാത്രം ഉപയോഗിക്കാത്ത താളുകളുള്ള പുസ്തകങ്ങള്‍ ഇതെല്ലം ബാപ്പ പെറുക്കിയെടുക്കുമായിരുന്നു .ആ പേനകൂടുകളില്‍ അതിനു ചേരാത്ത എന്ന് നമുക്ക് തോന്നുന്ന ഫില്ലെര്‍ മുറിച്ചു അതിനറ്റത്തു ഈര്‍കില്‍ കയറ്റി, തീര്‍ത്തും ഒരു പുതിയ പേനയാകി തിരിച്ചു കൊണ്ട് വരും . കേടായ വാച്ചുകളും കൊണ്ട് അരീകോട ങ്ങാടി യില്‍ പോയി, കേടു പാട് തീര്‍ത്തു, പുതിയവനാക്കി കയ്യില്‍ കെട്ടി വരും. പഴയ പുസ്തകങ്ങളിലെ എഴുതാ താളുകള്‍ പറിച്ചെടുത്തു, തുന്നി ഒരു ഉഷാര്‍ ചട്ടയും പിടിപ്പിച്ചു പുത്തന്‍ പുസ്തകമാകി ഞങ്ങള്‍ക്ക് തരും. ഈ ശീലങ്ങളുടെ യൊക്കെ ചെറിയ ഓഹരി മൂപ്പര്‍ എനിക്ക് തീറെഴുതി തന്നിട്ടുണ്ടെന്നു തോന്നുന്നു. ഇപ്പോഴും ജീവിചിരുക്കുന്നു വെങ്കില്‍ ഞങ്ങള്‍ രണ്ടു പേരും ഒരു റീ സൈക്കിള്‍ കട തന്നെ തുറന്നു, കുറെ ലഭാമുണ്ടാക്കിയേനെ..

റേഡിയോ ആയിരുന്നു മറ്റൊരു കൂട്ട്. അതും ആകാശവാണി കോഴിക്കോട് മാത്രം. രാവിലെ റേഡിയോ സ്റ്റേഷന്‍ തുറക്കുന്ന മുതല്‍, 6.45 ന്‍റെ പ്രാദേശിക വാര്‍ത്തകള്‍ വായിച്ചു കഴിയും വരെ റേഡിയോയുടെ  മാത്രം സമയമാണ്. പിന്നെ ഉച്ചക്ക് റേഡിയോ  സ്റ്റേഷന്‍ തുറന്നാല്‍ പ്രാദേശിക വാര്‍ത്ത ക്കായി ബാപ്പയും തുറക്കും, പിന്നെ ചലച്ചിത്ര ഗാനങ്ങളും കഴിഞ്ഞു, 2. മണിക്ക് ബാപ്പക്ക് മനസ്സിലാവാത്ത ഇഗ്ലീഷിലേക്ക് സംഭാഷണം മാറും വരെ അത് പറഞ്ഞു കൊണ്ടും, ബാപ്പ കേട്ട് കൊണ്ടും ഇരിക്കും. അങ്ങനെയാവണം ഞങ്ങളുടെ വീട്ടിലും ആ ശീലം എത്തിയത്.ഞാനും ആ ശീലം നെഞ്ചോടു ചേര്‍ത്തത്. ഇന്നും ആകാശവാണിയിലെ പ്രാദേശിക വാര്‍ത്തകള്‍ കേള്‍കുമ്പോ ഴുണ്ടാവുന്ന സുഖം മറ്റൊരു വാര്‍ത്തക്കും കിട്ടാറില്ല. ആ പ്രണയം പിന്നീട് എന്നെ കൊണ്ട് ആകാശവാണി കോഴിക്കോടില്‍ ഒരു ജോലി കിട്ടിയിരുന്നെങ്കില്‍ എന്ന് മോഹിപ്പിച്ചു.കഥകളോടും , കവിതകളോടും , നാടകങ്ങളോടും  ഇഷ്ട്ടം കൂടാന്‍ തോന്നിപ്പിച്ചു.. ഞാന്‍ കഥ എഴുതാന്‍  തുടങ്ങിയപ്പോഴേക്കും അത് വായിക്കാന്‍ നില്‍ക്കാതെ ബാപ്പ പോയി.

 ബാപ്പയെ  കൊണ്ട് പോവാന്‍ വന്നത് വയറ്റിനുള്ളിലെ വിടെയോ  ഒളിച്ചിരുന്ന ഒരു അധിക കോശമാണ്. അതിനൊരു കുസൃതി തോന്നി. ഒന്ന് പെറ്റ്  പെരുകി കളയാം. അങ്ങനെ അത് പണി ആരംഭിച്ചു. പക്ഷെ ബാപ്പ അറിഞ്ഞില്ല . പിന്നീട് അറിഞ്ഞപ്പോഴേക്കും വൈകി പോയിരുന്നു.കോശം പെറ്റു  പെരുകി ആകെ വഷളാക്കിയിരുന്നു. ഡോക്ടര്‍ മാര്‍ വിധിയെഴുതി. മൂന്നാം പടിയാണ്. രക്ഷപ്പെടില്ല. പിന്നെ ഒരു ഉപദേശവും, ജീവിച്ചിരിക്കുന്ന സമയത്തോളം രോഗി യെ സുഖമായി ജീവിക്കാന്‍ വിടൂ... കീമോയും മറ്റു എടാകൂടത്തിനോന്നും പോവേണ്ട. സാന്ത്വന ചികിത്സയില്‍ സേവനം ചെയ്യുന്ന എന്‍റെ ഉപ്പക്കും മറ്റുള്ളവര്‍ക്കും അതാണ് സത്യം എന്ന് തോന്നിയത് കാരണം അവര്‍ ബാപ്പയെ ചികിത്സ കൊണ്ട് ബുദ്ധിമുട്ടിക്കാന്‍ പോയില്ല. പകരം ബാപ്പ മറിക്കാന്‍ പോവുന്നുവെന്ന വലിയ സത്യവുമായി പൊരുത്തപ്പെടാന്‍ അവര്‍ ശ്രമം തുടങ്ങി.

പക്ഷെ ബാപ്പ പിടി കൊടുക്കാന്‍ തയ്യാറായില്ല.പ്രതീക്ഷ കൈവിടാതെ ബാപ്പ ജീവിച്ചു. ആ പ്രതീക്ഷയാണല്ലോ ഏറ്റവും വലിയ സമ്പാദ്യം. സന്ദര്‍ശകരുടെ തിരക്കും, അസ്ഥാനത്തുള്ള അഭിപ്രായ പ്രകടനങ്ങളും ബാപ്പയെ ഏറെ തളര്‍ത്തി. രോഗം ഉണ്ടെന്ന സത്യാവസ്ഥയെ തള്ളിപ്പറഞ്ഞും , വയ്യാതായപ്പോള്‍ ദേഷ്യപ്പെട്ടും , പിന്നെ അല്ലാഹുവിനോട് തന്‍റെ ജീവിതത്തിനു വേണ്ടി വില പേശിയും, ഒട്ടും വയ്യാതായപ്പോള്‍ വിഷാദ മൂകനായും ബാപ്പ യുടെ പ്രതികരണം മാറി കൊണ്ടിരുന്നു.
അവസാനം ബാപ്പ ഒന്ന് ചോദിച്ചിരുന്നു. വെല്ലൂര്‍  ആശുപത്രിയില്‍ പോയാല്‍ കാന്‍സര്‍ മാറില്ലേ .. അവിടെ കൊണ്ട് പോയിക്കൂടെ എന്ന് ..അതൊരു അപേക്ഷയായിരുന്നു.. വധ ശിക്ഷ വിധിക്കപ്പെട്ട ഒരുവന്‍റെ അവസാന ദയ ഹറജിയുടെ നിറവും മണവുമാണ് ആ അപേക്ഷക്കുണ്ടയിരുന്നതെന്ന് എനിക്ക് തോന്നി. അവസാന പ്രതീക്ഷ, ചികിത്സിച്ചാല്‍ ഭേദമാവും എന്നാ വിശ്വസം . അതിലുമപ്പുറം, ചികിത്സയിലെന്ന സാന്ത്വനം. അതായിരുന്നു ബാപ്പയെ സംബധിച്ച് ഏറ്റവും വലിയ സാന്ത്വനം. അതിനു വേണ്ട എത്ര വേദനയും ബാപ്പക്ക്  ചില്ലപോള്‍ സുഖമായിരുന്നിരിക്കാം . പക്ഷെ സാന്ത്വന ചികിത്സ യില്‍  സേവനം ചെയ്യുന്ന ഡോക്ടര്‍ മാറുടെയും  സേവകരുടെയും മുമ്പില്‍ ആ അപേക്ഷ തള്ളിപ്പോയി. ദിവസങ്ങള്‍ മാത്രം ജീവിക്കാന്‍ സാധ്യതയുള്ള മരണത്തിന്റെ പടിപ്പുര വരെ എത്തി നില്‍ക്കുന്ന രോഗിയെ ഇതു ആശുപത്രിക്കും രക്ഷിക്കാന്‍ ആവില്ല എന്നതോ / നിര്‍വചിക്കപ്പെട്ട സാന്ത്വനത്തില്‍ നിന്നും പുറത്തായിരുന്നു ഈ അപേക്ഷ എന്നതോ ആവാം  കാരണം. മരണം വരെ ബാപ്പ അസ്വസ്ഥനായിരുന്നു. ചികില്സിക്കപ്പെടാത്തത് കൊണ്ട് താന്‍  മരിക്കാന്‍ പോവുന്നു എന്ന് ബാപ്പക്ക് തോന്നുന്നത് പോലെ എനിക്ക് തോന്നിയിട്ടുണ്ട്. ഒരു സാന്ത്വന ചികിത്സക്കും എന്‍റെ ബാപ്പയെ സാന്ത്വനിപ്പികാനും കഴിഞ്ഞില്ല. സത്യത്തില്‍ സാന്ത്വനവും ആപേക്ഷികം മാത്രമല്ലേ

ഇതായിരുന്നു  എന്‍റെ ബാപ്പ.

ഇതിലെ ഓരോ അക്ഷരമെഴുതാനും പേന ചലിപ്പിക്കുമ്പോഴും  ബാപ്പ  എന്‍റെ ഉള്ളില്‍  ജീവിക്കുകയായിരുന്നു. ഒരിക്കലും എഴുതി തീരല്ലേ എന്ന് വ്യര്‍ത്ഥ മായി പ്രാര്‍ത്ഥിച്ചതും  അത് കൊണ്ട് തന്നെയാവം.




പാടേ പുറം എന്നതിന് നല്ല മലയാളത്തില്‍ എന്ത് പറയും എന്നെനിക്കറിയില്ല . വീട്ടിനുള്ളില്‍ ഇരിക്കാനായി ഉണ്ടാ ക്കുന്ന  തിണ്ണ 

കാസ എന്നത് കുഴിയുള്ള ഒരു തരം പാത്രം 


Comments

  1. ആത്മാവിന്റെ അടിതട്ടിൽ നിന്നും നിർഗ്ഗമിപ്പിക്കുന്നവക്ക് കാഠിന്യം കൂടുതലാണെന്നത് വരികളിൽ കാണാം. ബാപ്പാക്ക് ആത്മശാന്തി നേരുന്നു..

    ReplyDelete
  2. മനോഹരമായി എഴുതിയ ഈ എഴുത്ത് ഒരു പിടി വിങ്ങലായി മനസ്സില്‍ തട്ടുന്നു...

    ReplyDelete
  3. ഈ പോസ്റ്റ് വായിച്ചപ്പോള്‍ എന്റെ കണ്ണില്‍ നിന്നും വന്നു ഒരിറ്റ് കണ്ണീര്‍ ,അത്രക്ക് ഹൃദയത്തില്‍ തൊട്ടെഴുതിയ ഒരു ഓര്‍മ്മ കുറിപ്പ് ,വാക്കുകള്‍ കൊണ്ട് തീര്‍ക്കാവുന്നതല്ല മാതാപിതാക്കളോടുള്ള ബന്ധം എന്നാലും ഇത് ആ സേനഹനിധിയായ ഉപ്പയ്ക്ക് നല്‍കുന്ന ഒരു ചെറിയ സേന്ഹാദരം !!,,

    ReplyDelete
  4. ബാപ്പയെ കുറിച്ച് മകള്‍ എഴുതിയ വരികള്‍ കണ്ണീരു പുരണ്ട വേദനയായി മനസ്സില്‍ നിറഞ്ഞു. മലപ്പുറത്തിന്റെ ഹൃദ്യമായ പ്രകൃതിയില്‍ ചാലിച്ച ഓര്‍മ്മകള്‍ അതി മനോഹരമായ ശൈലിയില്‍ വരചിട്ടിരിക്കുന്നു. കുടുംബത്തിലെ സമാനമായ ചില അനുഭവങ്ങള്‍ എഴുതണം എന്ന് ഇത് വായിച്ചപ്പോള്‍ എന്റെ മനസ്സും പറയുന്നു. ബാപ്പയുടെ പാരത്രിക മോക്ഷത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. മനസ്സഞ്ചാരിക്ക് എല്ലാ നന്മകളും ആശംസിക്കുന്നു.

    ReplyDelete
  5. എന്‍റെ ബാപ്പയെകുറിച്ചറിയാന്‍ കാണിച്ച നല്ല മനസ്സുകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഒപ്പം എനിക്ക് തന്ന പ്രോത്സാഹനത്തിനും എല്ലാം നന്ദി

    ReplyDelete
  6. നന്നായി എഴുതിയിരിക്കുന്നു. വല്ലിപ്പയാണൊ ഇത്. വല്ലാത്തൊരു അസുഖമാനു കാൻസർ, ചില തരം കാൻസർ നമ്മളറിയുന്നത് വൈകിയുമാകും.പിന്നെ കീമൊ ചെയ്ത് രോഗിയെ കഷ്ടപ്പെടുത്തണൊ എന്ന ചിന്ത തന്നെയവും. പക്ഷെ ആ തീരുമാനം എടുക്കാനുൾല പാട് വലുതാണു, പിന്നീട് ചോദ്യം ചെയ്യപ്പട്ടേക്കാവുന്നത്, കുറ്റപ്പേടുത്തലുകൾ ഉയരാവുന്നത്, ചികിത്സിച്ചിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നില്ലെ എന്ന ചോദ്യം. പടച്ചവൻ കാക്കട്ടെ .

    ReplyDelete
  7. ബാപ്പയെക്കുറിച്ച ഈ നല്ല ഓര്‍മ്മകള്‍ക്ക് നന്മയുടെ പ്രാര്‍ഥനകള്‍. അല്ലാഹു ബാപ്പാക്ക് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ ...

    ReplyDelete
  8. മുല്ല , അതെ വല്ലിപ്പയാണ്. നന്ദി മുല്ല. മുഹമ്മദിക്ക ...

    ReplyDelete
  9. good1 da :) you are lucky to spend some time with your grandparents where as I havent even seen mine!

    ReplyDelete
  10. അച്ഛനും ബാപ്പയും!http://deeputtandekavithakal.blogspot.com/2012/11/blog-post_11.html

    ReplyDelete
  11. മനസ്സിൽ നിന്നും ഉരുത്തിരിഞ്ഞ വക്കുകൾ...

    ReplyDelete

Post a Comment

Popular Posts