ഇമ്മമ്മ
ഇന്ന് രാവിലെ പത്തിരി കഷ്ണങ്ങള്‍ വായില്‍ വെച്ച് കൊടുത്തപ്പോഴാണ് ഇമ്മമ്മ മോണ കാട്ടി ചിരിച്ചത്. വല്ലാത്തൊരു ചിരി.. ലോകത്തെ സകല വാത്സല്ല്യവും, നിഷ്കളങ്കതയും നിറച്ചു വെച്ച ചിരി.. ചായ മോന്തി മോന്തി കുടിച്ചിട്ട് ഇമ്മമ്മ ന്നോട് ചോദിച്ചു..
"ജ്ജ്, പോര്ണോ മ്മോ, അങ്ങ് ക്ക്?
തിരിച്ചു മുഖത്ത് നോക്കി ചിരിച്ചതല്ലാതെ മറുപടി പറയാത്തത് കൊണ്ടാവണം ഒന്നൂടെ ചോദിച്ചു..
"ഞമ്മക്ക് പോവല്ലേ, ആലുക്കല്ക്? "
ന്താ പ്പോ പറയേണ്ടത് ന്ന് ഞാന്‍ ആലോചിച്ചു.. ആ ആലോചന തന്നെ വേദനയായിരുന്നു. ന്താന്നറിയോ? ഇമ്മമ്മന്റെ ആലുക്കലെ അങ്ങിപ്പോ ഇല്ല.. അതു മ്മമ്മാക്ക് അറിയൂല.. അല്ലെങ്കിലും ഒരു സെക്കന്റ് മുന്‍പ് പറഞ്ഞത് ഓര്‍മയില്ലാത്ത ഓലോട് ആലുക്കത്തെ പോര ഇപ്പൊ ഇല്ലല്ലോ മ്മമ്മേ ന്ന് പറഞ്ഞിട്ട എന്ത് കാര്യമാണ് ള്ളത്..?പിന്നേം അതു മറന്നു പോവുമെങ്കിലും അതു കേള്‍ക്കുന്ന നിമിഷം ഒല്ക്കുണ്ടാവുന്ന വേദനയോര്‍ത്തു എന്‍റെ ചങ്ക് പിടഞ്ഞു..
"ഞമ്മക്ക് പോണം ട്ടോ മ്മമ്മേ.."
അതു കെട്ട പാടെ, മോണ കാട്ടി ചിരിച്ച് ഇമ്മമ്മ പിന്നേം പറഞ്ഞു..
"ആ കാക്കേം ണ്ടാവും ഞമ്മളെ ഒപ്പം.. ന്നട്ട് ഞമ്മക്ക് കുളിചാന്‍ പോണം.. പൊയ്കക്ക്.."
ഇത് പറയുമ്പോള്‍ ഇമ്മമ്മാന്റെ കണ്ണ് സന്തോഷം കൊണ്ട് തിളങ്ങുന്നുണ്ടായിരുന്നു..
ഏതാണീ കാക്ക ന്ന് ചോയിച്ചില്ല.. ചോയിച്ചിട്ട് കാര്യല്ല... മ്മമ്മാക്ക് മ്മാത്രം അറിയുന്ന കൊറേ ആളുകളുള്ള ലോകത്തിലെ ഒരു കാക്ക, അത്രേ ഉള്ളു..
മ്മമ്മക്ക് dementia ആണ്.. ഓര്‍മ്മകള്‍
ഇല്ലാതെ ആവുന്നതിനനുസരിച്ചു പടച്ചോന്‍ ഇമ്മമ്മക്ക് വേണ്ടി ഒരു ലോകം ണ്ടാക്കി
കൊടുക്കുന്നുണ്ടെന്നു തോന്നുന്നു.. ഒരു hallucination ന്‍റെ ലോകം..
പിന്നേം ചായ
കൊടുത്തപ്പോള്‍ എനിക്കാകെ കരച്ചില്‍ വന്നു.. എന്തിനാണ് ന്നും അറിയില്ല..
ഇമ്മമ്മക്ക്
കുടിയില്ലല്ലോ..കാര്യം പറയുമ്പോള്‍, ഈ കുടിയൊക്കെ ഓലെ കുടി തന്നെയാണെങ്കിലും,
മ്മമ്മക്ക് ഓലെ കുടി ആളുക്കല്തെ കുടിയാണ്..ഓര്‍മ മുഴുവന്‍ പോയെങ്കിലും
എന്നെപ്പോലും തിരിച്ചറിയില്ലെങ്കിലും ഓലെ ആലുക്കലെ കുടി ഒലക് നല്ലോണം ഓര്‍മയുണ്ട്..
സ്ഥലകാല ബോധമൊന്നുമില്ലാതായിട്ടും, ഓലിപ്പോ നില്‍ക്കണത് ഓലെ ആലുക്കലെ കുടി
അല്ലാന്ന് ഓല്‍ക്ക് നല്ലോണം തിരീനുണ്ട്..
അതാണല്ലോ കുടികള്‍ ..
സ്വന്തം കുടികള്‍..
ആലുക്കലെ 'പച്ചപൊര'
ഞങ്ങളെ തറവാടാണ്. അല്ല ആയിരുന്നു.. അതിപ്പോ ഇല്ല.. ന്നിട്ടും മനസ്സില്‍ നിന്ന്
അതങ്ങട്ട് പോണില്ല.. അതുകൊണ്ടാണല്ലോ ഇപ്പോഴും അതിനെ കുറിച്ച് പറഞ്ഞു
കൊണ്ടിരിക്കുന്നത്.. അപ്പൊ പിന്നെ ഇമ്മമ്മ ന്‍റെ കഥ പറയണോ..
ബാപ്പാന്റെ കൂടെ കൊറേ
കിനാവ് കണ്ടു ഇമ്മമ്മ കേറിയിരുന്ന ആലുക്കലെ പൊര ഓല്‍ക്ക് വെറും പോരയാവൂല്ല. അതൊരു
ലോകമല്ലേ.. ഇമ്മമ്മനെ ഓലാക്കുന്ന ഓലെ ലോകം.. ഓലെ മാത്രം ലോകം.. മരിച്ചു പോയെങ്കിലും ബാപ്പാനെ ഇമ്മമ്മ പിന്നേം പിന്നേം
അനുഭവിക്കുന്ന ലോകം.. ആ പൊരെന്റെ കഴുക്കോലിനും പാടേ പുറത്തിനും, ചുമരുകള്‍ക്കും,
ചിമ്മിണി കൂടിനും, ഓല്ക് കൊടുക്കാന്‍ കഴിയുന്ന സമധാനം ടെറസിട്ട ടൈലിട്ട ഞങ്ങളെ
പൊരക്ക്‌കൊടുക്കാന്‍ കഴിയൂലല്ലോ..
പണ്ടും അങ്ങനെ
തന്നെയായിരിക്കണം.. ബാപ്പ മരിച്ചപ്പോ ഇമ്മമ്മനെ മക്കള്‍ഓലെ പോരെലെക്ക് കൂട്ടി
കൊണ്ട് വന്നതിനു ശേഷവും, അങ്ങ്ക്ക് പോവണമെന്ന് അവര്‍ പറഞ്ഞു കൊണ്ടിരുന്നു..
ഇടക്കൊക്കെ ഇറങ്ങി പോയി ഒറ്റക് വെച്ചുണ്ടാകി തിന്നവിടെ കൂടി..അഞ്ചു വക്തിനും
പള്ളിയില്‍ പോയി നിസ്കരിക്കും, ബാപ്പാന്റെ പാടെ പുറത്തു, വെറുതെയിരിക്കും, പരിപ്പ് താളിപ്പും ഓണക്ക മീനും കൂട്ടി,
ചോറു തിന്നും.. അടുക്കളെലെ വാതില്‍ കൊടിയില്‍ നിന്ന് ഇമ്മമ്മന്‍റെ സ്ഥായി ഭാവമായ
ബേജാര് പിടിച്ച നോട്ടവുമെറിഞ്ഞു, കണ്ണെത്താ ദൂരത്തേക്ക് നോക്കി നില്‍ക്കും. അടുത്ത
പോരെലെ പാത്തുമ്മുട്ടി താത്തന്‍റെ അടുത്ത് പോയി വര്‍ത്താനം പറയും.. (ഓല്
പടച്ചോന്റെ അടുത്ത്ക്ക് പോയിട്ട ഒരു കൊല്ലം കഴിഞ്ഞു.. ഇമ്മമ്മക്ക് അതും അറീല )..
ഇടയ്ക്കു ഞങ്ങള് ചെന്നാല്‍ വല്ല്യ സന്തോഷത്തില്‍ ഉള്ളതൊക്കെ തരും.
ഒറ്റക്കാണെങ്കിലും ബാപ്പാന്റെ ശ്വാസം ഓല്‍ക്ക് അവിടെ കിട്ടുന്നുണ്ടാവണം, എന്ന്
എനിക്ക് തോന്നാണ്. അത്രയ്ക്ക് മുഹബ്ബതായിരുന്നു രണ്ടാള്‍ക്കും.. ബാപ്പ പൊന്നു പോലെ
നോക്കിയാ ബാപ്പാന്റെ ഹലീമുട്ടി.
രാവിലെ സുബഹിക്ക് മുന്‍പ്
എഴുനേല്‍ക്കും. ഇമ്മമ്മക്ക് ചായ ഇട്ടു കൊടുക്കും. ഇടയ്ക്കിടയ്ക്ക് ഇമ്മമ്മന്‍റെ
ആങ്ങളെ മാരോട്ക്ക് ഒരു സര്‍കീട്ടു ണ്ട് മ്മമ്മാക്ക്.. അതിനു മുന്‍പ് സ്വര്‍ണക്കരയുള്ള
വെള്ളത്തുനീം കുപ്പായവും തട്ടവും
ഇസ്തിരി ഇട്ടു ബാപ്പന്റെ പെട്ടിയില്‍ നിന്നെടുത്തു ഇസ്തിരി ഇട്ടു കൊടുക്കും.
'ഇതുഇട്ടാള' ന്നൊരു പറച്ചിലാണ്. ഗുളിക കുടിക്കാനുണ്ടെങ്കില്‍ തൊലിച്ച് നേരാം നേരം
കയ്യില്‍ വെച്ച് കൊടുക്കും. മീന്‍ മുറിച്ചു കൊടുക്കും. തേങ്ങ പൊട്ടിച്ചു ചെരവി,
അമ്മിമ്മേല്‍ വെച്ച് അരച്ച് കൊടുക്കും. അങ്ങനെ സകല പണികളും ചെയ്തു കൊടുത്ത്
ഇമ്മമ്മാനെ ബാപ്പ വഷളാക്കി എന്നാണ് ഞങ്ങള്‍ പൊതുവേ പറയാറുള്ളത്. എന്തൊക്കെ വന്നാലും ഇമ്മമ്മന്‍റെ കണ്ണീന്ന് ഒരിറ്റു കണ്ണീര്‍
പൊടിയുന്നത് ബാപ്പക്ക് സഹിക്കൂലായിരുന്നു..എന്ത് തരം കരുതലായിരുന്നു പടച്ചോനേ
അതെന്നു ഇനിക്ക് അറീല..
അങ്ങനെയുള്ള ബപ്പാകാണ് ഇമ്മമ്മാനെ ഒറ്റയ്ക്ക്
ഇവിടെ ഇട്ടിട്ടു പോവേണ്ടി വന്നത്.
'ങ്ങള് പോയാല്‍ ഇന്ജെ കഥ
ന്താവും ന്ന് ഞാന്‍ ചോയിചിക്കുണ്. അന്നേ ന്‍റെ കുട്ടിയോള് നോക്കും ന്നൊരു വര്‍ത്താനും
പറഞ്ഞ്ക്ക്ന്..'
കുറച്ചു കൊല്ലം മുന്‍പ്
ഓര്‍മ്മഉണ്ടായിരുന്നപ്പോ ഇമ്മമ്മ തന്നെ പറയുന്നതാണ്. നിസ്സഹായതയുടെ കൊടുമുടിയാണ് ആ
വാക്കുകള്‍ എന്ന് എന്ന് എനിക്കെപ്പോഴും തോന്നാറുണ്ട്. പോവാതെ വയ്യല്ലോ.. എന്നാ
തിരിച്ചറിവ്..
പിന്നീം ഇമ്മമ്മ
ജീവിച്ചു.. ഇപ്പൊ ബാപ്പ ഇല്ലാത്ത പതിമൂന്നാമത്തെ കൊല്ലം. ഇപ്പോള്‍ ആ ബാപ്പാനെ
തന്നെ ഓര്‍മയില്ല..അതാണ് ഏറ്റവു വലിയ സങ്കടം.. രണ്ട് മൂന്ന് കൊല്ലങ്ങള്‍ക്ക് മുന്‍പ്,
ഞാന്‍ ബാപ്പാന്റെ കഥ പറഞ്ഞപ്പോ, ഇടയ്ക്കു ഓര്മ വന്ന ഇമ്മമ്മ പറഞ്ഞു. 'ഒമ്പത്
കൊല്ലോ? ബാപ്പ പോയിട്ട ഒമ്പത് കൊല്ലായോ? ന്‍റെ പടച്ചോനേ, ഇന്നട്ടും ഞാന്‍ കയിഞ്ഞു
കൂടിയല്ലോ.. ബാപ്പല്ലാതെ..'
ആ വാക്കുകളും നെറച്ചും
നിസ്സഹായതയായിരുന്നു. തന്‍റെ ലോകം തന്നെ
ഇല്ലാതായിട്ടും, താന്‍ ജീവിച്ചിരിക്കുന്നു എന്നതിലപ്പുറം നിസ്സഹായത ഉണ്ടാക്കുന്ന
എന്ത് തിരിച്ചറിവാണ് വേണ്ടത്.. ചങ്ക് പൊട്ടിപോവും
ചിലപ്പോള്‍ ഓര്‍ക്കും ആ
ബാപ്പയുടെ ഓര്‍മ്മകള്‍ ഇല്ലാതായതും പടച്ചോന്റെ ഒരു അനുഗ്രഹമായിരിക്കും.
ഇമ്മമ്മ ഇപ്പൊ പാട്ട്
പാടുന്നുണ്ട്
"കഥയെന്നറിവുണ്ടോ
നാളെ കിടക്കുന്ന, ഖബരെന്ന ഭയങ്കര വീട്ടിലെ.. "
ഇതിടക്കിടക്ക് പാടും..
പിന്നെയുമുണ്ട്
ബ്രിട്ടീഷ് രാജ്യത്തിലെ
ബാലകരാണ നമ്മള്‍ വിശ്രുത രാജ്യമാണ് ഇന്ഗ്ലണ്ട്..
പണ്ട് സ്കൂളില്‍ പഠിച്ച
പാട്ടാണെന്ന് തോന്നുന്നു.. തബാറക്ക ഓതും, ബാങ്ക് വിളിക്കും, തക്ബീര്
ചൊല്ലും..ഇമ്മമ്മന്‍റെ ഓര്‍മയില്‍ ബാക്കിയുല്ലതാണ് ഇതെല്ലാം..
ഇമ്മമ്മന്‍റെ ഇമ്മീം,
പിന്നെ ആരോയെക്കെയോ, ഇമ്മമ്മന്‍റെ ചെവിയില്‍ എപ്പോഴും വര്‍ത്താനം പറഞിരിക്കുന്നത്
കൊണ്ട്, ഇമ്മമ്മക്ക് ബോറടിയില്ല എന്നാണ് ഞാന്‍ കരുതുന്നത്.. ഹാലുസിനെഷന്‍റെ നല്ല
ഭാവങ്ങള്‍.
'ഇമ്മേ, ഇമ്മേ,
എത്താബുളി കേക്കാത്തത് ഇമ്മേ.. ങ്ങളൊന്നു ഇബടെ ബന്നാണി ഇമ്മേ.. '
രാവിലെ മുതല്‍
വൈകുന്നേരം വരെ പറഞ്ഞു കൊണ്ടിരിക്കും.. ഏതോ ഒരു കുഞാളും, കാക്കേം, അങ്ങനെ ആ
ലോകത്തിലോടുള്ളവരോടൊക്കെ പറഞ്ഞു കൊണ്ടിരിക്കും. ചെല്ലപ്പോ നല്ല ചീത്ത വിളിക്കും,
ദേഷ്യം പിടിക്കും, ചെലപ്പോ പൊട്ടിച്ചിരിക്കും.. ചെലപ്പോ പൊറുതികേട് പറയും.. എത്താ
പ്പോ ന്‍റെ കഥ.. ഇന്ജെ പടച്ചോനേ ഇജ് നല്ലോണം കാക്ക്..
വെച്ച്ണ്ടാക്കലും,
തിന്നാലും, കുളിച്ചലും കുളിപ്പിക്കലും ഒക്കെ ആയി ആ ലോകം അങ്ങനെ സജീവമാണ്.. അതും
നന്നായി.. അല്ലെങ്കില്‍ എന്തായിരിക്കും സ്ഥിതി..ഇമ്മമ്മ ന്‍റെ ലോകം തന്നെ
ശൂന്യമായിര്‍ക്കും, ചെവി കേള്‍ക്കില്ല (നന്നേ കുറവാണ്), കണ്ണും കാണൂല, നന്നേ
മങ്ങിയതാണ്.. ഓര്‍മയുമില്ല.. നടക്കാനും പറ്റില്ല.. അങ്ങനെയൊരവസ്ഥയില്‍ ഹാലുസിനെഷന്‍
ലോകവും അനുഗ്രഹമാണ്..
ചിലപ്പോള്‍ ഞാന്‍ ഓര്‍ക്കാറുണ്ട്.
ഇമ്മമ്മ ഭാഗ്യവതിയാണ്.. കാലം മുന്‍പ് മരിച്ചു പോയ ഇമ്മയും, ചെങ്ങയിചോളും ഒക്കെ ആണ്
ഇപ്പഴും കൂട്ട്.. ഓലെ ഒക്കെ കേള്‍ക്കാന്‍ പറ്റുന്നുണ്ട്.. ഒലോടൊക്കെ വര്‍ത്താനം
പറയുകയും ചെയ്യാം.. അങ്ങനെയാണ് ഇമ്മമ്മ നേരം വെളുത്താല്‍ വൈകുന്നേരം ആക്കുന്നത്..
എന്‍റെ ഉള്ളിലെ
സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ ഉണരുമ്പോഴൊക്കെ ഞാന്‍ ആലോചിക്കും.. എങ്ങനെയാണ്
ഞാന്‍ ഇമ്മമ്മനെ പുനരധിവസിപ്പിക്കുക.. എങ്ങനെയാണ് ഓല്‍ക്ക് സന്തോഷം കൊടുക്കുക..
പഠിച്ച തിയറികള്‍ ഒന്നും ഇവിടെ പ്രായോഗികമല്ല..ഓരോരുത്തരുടെ കാര്യത്തിലും ഓരോ തിയറികള്‍
അല്ലെ.. ഇമ്മമ്മനെ ഓലെലോകത്ത് ജീവിക്കാന്‍ വിടുക എന്നത് മാത്രമാണ് ഓലെ
സംബന്ടിച്ചുള്ള പുനരധിവാസം.. സന്തോഷവതിയായിരിക്കട്ടെ.. സാവധാനം സന്തോഷം സങ്കടം
എന്നൊകെയുള്ള വികാരങ്ങളും ഇല്ലാതാവുമോ? അറിയില്ല
എന്തായാലും, കണ്ടും
കെട്ടും, ഓരോ ഘട്ടത്തെയും അംഗീകരിച്ചും നമ്മള്‍ ജീവിച്ചല്ലേ പറ്റൂ.. മറ്റെന്തു
ചെയ്യാനാണ്?
ബാപ്പയില്ലാത്തതും
നന്നായി.. ബാപ്പാന്റെ ഹലീമുട്ടിനെ ഇങ്ങനെ കണ്ടാല്‍ ബാപ്പക്ക് സഹിക്കൂല...
വായിച്ചു... ഇമ്മമ്മ അവരുടെ ലോകത്ത് സന്തോഷവതിയാണല്ലോ എന്ന് ആശ്വസിക്കാം.
ReplyDelete