കഥാ വീട്

 ചുമരുകൾക്ക് സംസാരിക്കാനാവുമോ? ആയിരുന്നെങ്കിൽ ധാരാളം രഹസ്യങ്ങൾ അവർക്ക് പറയാനുണ്ടാവണം. കൂടെ ചിരിച്ചതിന്റെ , കൂടെ കരഞ്ഞതിന്റെ, ഭ്രാന്തെടുത്ത നിമിഷങ്ങളുടെ .. അങ്ങനെയിരിക്കെ ഓരോ വീടിനുമാത്മാവുണ്ട്

ധാരാളം കഥകളുണ്ട്.

എനിക്കൊരു കഥവീടുണ്ട്. എന്റെ ആത്മാവ് കുടിയിരിക്കുന്ന കഥകൾ ആ വീടിനെ അറിയൂ.. മുഹബ്ബത്ത് അവളുടെ കഥകൾ ചിത്രങ്ങളായും , ഞാനെന്റെ കഥകൾ പാട്ടുകളായും സംസാരങ്ങളായും ഈ വീടിനോട് പറഞ്ഞു കൊണ്ടേയിരുന്നു. എന്തോരം മൗന സംസാരങ്ങൾ. എന്തൊരാശ്വസമായിരുന്നു ആ സംസാരങ്ങളൊകെ.. അങ്ങനെയാണ് എന്റെ ജീവന്റെ പച്ച അതിലേക്ക് പടരാൻ തുടങ്ങിയത്.. അതിരുകളില്ലാത്ത പടർച്ച..
ആ പടർച്ചയിൽ ഞാനെന്റെ ആകാശം വ്യക്തമായി കണ്ടു. സമാധാനം എന്നിൽ തൊട്ടു .. രാത്രിയിലും പ്രഭാതങ്ങളിലും ഞാൻ ശാന്തയായി.. ചിലപ്പോൾ അതിശയകരമായ ഉന്മാദത്തിലേക്ക് ഞാനെന്നെ വിട്ടു കൊടുത്തു. എന്റെ തന്നെ കാമുകിയായി ഞാൻ മാറി.. ഞാനൽഭുതപ്പെട്ടു. പൊട്ടിച്ചിരിക്കുമ്പോൾ എന്തേ എന്ന് ചോദിക്കാൻ ആരുമുണ്ടായില്ല , അരുതെന ശാഠ്യങ്ങൾ ഒട്ടുമില്ല.. ഉറക്കെ പാടുമ്പോൾ , ശബ്ദം കുറക്കാൻ ആരും പറഞ്ഞില്ല.. പ്രഭാതങ്ങളിൽ ജാലക വാതിൽ തുറന്നിട്ട് അപ്പുറത്തെ മരത്തിലെ കുരുവികളെ നോക്കിയും, രാത്രിയിൽ ആകാശം കാണുന്ന പൂമുഖത്ത് മലർന്ന് കിടന്നു നക്ഷത്രങ്ങളെ നോക്കിയും ഞാൻ പാടി രസിച്ചു. പിന്നെ തണുപ്പുള്ള രാത്രിയിൽ പ്രോക്രാച്ചി തവളകൾ ഉറക്കെ പാടുന്ന വയലി നരികിലൂടെ ഇറങ്ങി നടന്നു സ്വയം ചിരിച്ചു. ഓരോ രാത്രികളും എനിക്ക് പുതുമകളായി.. ഓരോ പ്രഭാതവും എനിക്ക് പുതു ചിറക് മുളച്ചു. കുപ്പികളിൽ മുതൽ ചെറിയ ചെടികളിൽ വരെ നട്ട എന്റെ ചെടികൾ എന്റെ ഏറ്റവും വലിയ കണ്ണാടികളായി.. അടുക്കളയിലെ ഓരോ പാത്രങ്ങൾക്ക്യം ജീവനുള്ളതും ഞാനറിഞ്ഞു...

എന്റെ വീട് എന്റെ കഥകൾക്കെന്നപോലെ എനിക്കും സ്വതന്ത്യം നിറഞ്ഞ ശ്വാസമായിരുന്നു. പൂക്കാലവും വസന്തവും ഞാൻ തന്നെയുണ്ടാക്കി, എന്നിൽ തന്നെ നിറച്ചു. എന്റെ വീടെന്നെ നോക്കി ചിരിച്ചു.

ആളുകൾക്ക് വേണ്ടി ഞാനെന്റെ വീട് തുറന്നിട്ടു.. ധാരളം കഥകൾ കൊണ്ടും, വിഷമങ്ങൾ കൊണ്ടും, വെറുതെയും ആളുകൾ കയറി വന്നു. പരസ്പരം അതിരുകൾ ഭേദിക്കാതെ അവരാസമാധാനം പങ്കിട്ടു. എന്റെ സന്തോഷവും ഞാനവർക്ക് നൽകി. ചിലർ മനസ്സറിഞ്ഞുറങ്ങി, മറ്റു ചിലർ ധാരളം സംസാരിച്ചു.. വെറുതെയിരിരുന്നു.. അവരവരുടെ ജീവനും പടരാൻ വിട്ടു. അതിരുകൾ നിശ്ചയിക്കാതെ പടരാൻ വിടുമ്പോൾ മനുഷ്യൻ അതിശയകരാം വിധം വളരുന്നതും ഞാൻ കണ്ടു. വീടിന് വേരുണ്ടാവുന്നതും എന്റെ വേരുമായി കൂടി പിണയുന്നതും ഞാൻ കണ്ടു. ആ കൂട്ടിപ്പിണയലിലാണ് എന്റെ ആത്മാവും ഉണ്ടായിരുന്നത്

ഇങ്ങനെയാണ് എന്റെയും മുഹബ്ബത്തിന്റെയും തണുപ്പ് വീടുണ്ടായത്. ഞങ്ങളുടെ വേരുകൾ സമാധാനത്തോടെ ആഴ്ന്നിറങ്ങിയത്.. സമാധാനമുണ്ടായത്. ഇവിടെ ലിംഗത്തിനനുസരിച്ച് പണികൾ വേറെ നിശ്ചയിക്കപ്പെട്ടല്ല.. നിയമാവലികൾ വേറെ നിശ്ചയിക്കപ്പെട്ടില്ല. ആൺ തുണയാവാത്തത് കൊണ്ട് വീടനാത്‌മാവുണ്ടാവാതെയിരുന്നില്ല !
വീട് തന്നെ തണലാവുന്നു..

വയനാടിന്റെ തണുപ്പിന്റെ ഇരട്ടി തണുപ്പെനിക്ക് തന്നത് ഈ ഇടമാണ്

ആത്മാവുള്ള വീടുകളുണ്ടാവുനതിങ്ങനെയാണ്

Comments

Popular Posts