പൂക്കാട്

 പൂക്കാട്


ഈയിടെയായി ഞാനിടക്കിടക്ക് ഓടി പാഞ്ഞ് അവിടെ എത്തി നോക്കിവരാറുണ്ട്. റോഡിൽ നിന്നും കയറുന്ന ഗേറ്റില്ലാത്ത വീട്ടു വഴിയുടെ രണ്ട് വശത്തും നിറയെ കടലാസ് പൂക്കൾ ചാഞ്ഞ് കിടക്കുന്നിടം വരെ മാത്രമേ ഞാനെത്താറുള്ളു. അവിടെ നിന്ന് കുറച്ച് നേരം ഉള്ളിലോട്ട് എത്തി നോക്കും. മുറ്റത്ത് പൂമുഖപ്പടിയുടെ രണ്ട് വശത്തും നിറഞ്ഞ് നിൽക്കുന ബുഷും അത് കഴിഞ്ഞുള്ള വിശാലമായ മുറ്റത്ത് ബാപ്പയിരുന്ന് പത്രം വായിക്കുന്ന കസേര . കുറെ നരക്കാത്ത ബാപ്പ ! എന്തൊരു തണുപ്പാണാ കാഴ്ച്ചക്ക് ! പച്ചിലകളുടെയും റോസാ പൂവിന്റെയും കടലാസ് പൂവിന്റെയും തണുപ്പുള്ള മണം! പല തവണ ഉള്ളിലോട്ട് കയറാൻ ശ്രമിച്ചു പക്ഷെ കഴിയാറില്ല. മണ്ണ് കൊണ്ട് തേമ്പി വൃത്തിയാക്കിയ ഭംഗിയുള്ള മതില് ചാരി, കടലാസു പൂക്കൾക്കിടയിൽ നിന്ന് കൊണ്ട് ഞാൻ പിന്നേം പിന്നേം അകത്തേക്ക് നോക്കി. ധൃതി പിടിച്ചെവിടെ നിന്നോ ഓടി വരുന്നതാണെന്ന് തോന്നുന്നു, ആ പച്ചമണം ആവോളം ഉള്ളിലേക്കെടുക്കാൻ ! ആ പച്ച മണത്തിൽ Zuhra Manzil ന്റെ തണുപ്പുണ്ടല്ലൊ. ബാപ്പയുടെ ചൂടും . ഈ കൊടും ചൂടത്ത് തണുത്ത ശ്വസം കിട്ടാനുള്ള തുരുത്തുകൾ

ഒരു പൂക്കാലമോർമയുണ്ട്. മുല്ലപ്പൂക്കാലം . പനിനീർ മരത്തിന്റെ പടർന്നു കയറിയ മുല്ലപ്പൂവള്ളി തരുന പൂക്കാലം ! പനിനീർ പൂക്കുലകളും മുല്ലപ്പൂവും ചേർനൊരുക്കുന പൂക്കാലം ! അതൊരു അപൂർവ്വ ചങ്ങാത്തമായിരുനു. ബാപ്പയും ഉമ്മമ്മയും പോലെ . ഒരു കല്യാണത്തിന് മണവാട്ടിക് തലയിൽ ചൂടാൻമാത്രം പൂ കൊഴിക്കണ മുല്ലവള്ളി ! അതിന് വേനൽ വന്നാൽ സന്തോഷമായിരുന്നെന്ന് തോന്നുന്നു. അതിങ്ങനെ കുലുങ്ങി കുലുങ്ങി ചിരിക്കും പോലെയാണ് എനിക്ക് തോന്നാറുള്ളത്. ഒരു ചിരിയിൽ ഒരു കുടം മുല്ല പൊഴിക്കും. എന്റെ മടികുത്തുകൾ എത്ര വട്ടം മുല്ല കൊണ്ട് നിറഞ്ഞിരിക്കുന്നു ! മൊട്ട് പറിക്കണ്ട ! പത്ത് മണി മുതൽ മുല്ലവള്ളി ചിരി തുടങ്ങും; ആകാശം നോക്കിയുള്ള ചിരി. ഓരോ ചിരിയിലും ഒരു മാല. മാലയുണ്ടാക്കി എന്റെ കൈ കുഴങ്ങി. ഓരോരുത്തർകും ഒരു മാല. Zuhra Manzil മുഴുവൻ മുല്ലമണം . മുല്ല പൂക്കാറുള്ളത് വസന്തത്തില്ലല്ലൊ!എന്നിട്ടുംZuhra manzil ലിൽ അതൊരു വസന്ത കാലമായിരുന്നു. ഞങ്ങൾക്കും

രാത്രി പൂമുഖ കോലായിരുന്നാൽ മുല്ല പൂക്കണത് കാണാം. ഇരുട്ടിലേക്ക് കൺ തുറക്കുന്ന വെളുത്ത മൊട്ടുകൾ ! സ്വപ്നം കാണുന്നത് പോലെ . ആ രാത്രികൾക്ക് തന്നെ സുഗന്ധമായിരുന്നു. കോലായയിൽ പായയിട്ട് എല്ലാവരും കൂടി കിടക്കുമ്പോഴും സ്വപ്നത്തിൽ ഞാൻ മുല്ലമായ കോർക്കാറുണ്ടായിരുന്നു. എന്റെ കൗമാരത്തിലലിഞ്ഞ മുല്ലമാല

രാത്രി മുല്ല ! ഒരിക്കലും വെള്ളം വരാത്ത പഞ്ചായത്ത് പൈപ്പിന്റെ ഓരത്ത് ആര് നട്ടതാണാവോ? റയ്യായിയാണ് അതിനെ ഓമനിച്ചത്. ഞാനന്നേ വരെ രാത്രി മുല്ലയെ കണ്ടിട്ടില്ല ! രാത്രി കൺ തുറക്കുമ്പോൾ സുഗന്ധം നിറഞ്ഞൊരു ലോകം സമ്മാനിക്കുന്ന ഒരൊറ്റ മരം .കണ്ണടച്ച് പിടിച്ച് ഞാനാ സുഗന്ധം ലോകം ഉള്ളിലേറ്റി.

മുല്ലവള്ളി ചങ്ങാത്തം കൂടിയ പനിനീർ മരമൊരു വയസ്സത്തിയായിരുന്നു. പക്ഷെ പൂ തരുന്നതിൽ ഒരു പിശുക്കുമില്ല. കുലകുലയായി നിൽക്കുന്ന നല്ല ഉണ്ട റോസാ പൂവിൽ നിന്നും എത്രയെണ്ണം എന്റെ മുടിയലങ്കരിച്ചിട്ടുണ്! ആര് നട്ടതാണാവോ ? . ഒരിക്കലും പണി പൂർത്തിയാവാതെ, വെയിലു കൊണ്ട് നീണ്ട് നിവർന്ന് കിടന്നിരുന്ന തറയുടെ ചാരെ ! ആ തറയുടെ പണി തുടരാത്തതും നന്നായി. ആ കെട്ടി പൊക്കെലിൽ ആദ്യം വെട്ടുക ആ റോസാ ചെടിയും മുല്ലവള്ളിയുമായിരിക്കണം !

എന്റെ തലക്ക് മുകളിൽ ഒരു മണവുമില്ലെങ്കിലും ഭംഗിയുള്ള ചുവന്ന ഉണ്ട തെച്ചിയുണ്ട്. കുലകുലയായി ഇപ്പോഴുമെനിക് പേരറിയാത്ത ആ പൂകുലയുമുണ്ട്. എന്തായിരുന്നതിന്റെ പേര് ? ആർക്കറിയാം. ഒരു കാട്ടുചെടിയാണത്രെ. കടലാസ് പൂവിന്റെ കൂടെ റോഡിലേക് തൂങ്ങി അതങ്ങനെ ! ഒരു വിലയുമില്ലാതെ .. നമ്പ്യാർ വെട്ടവും കൊളാമ്പി പോലെ കടുത്ത വയലറ്റ് നിറഞ്ഞിലുള്ള വേലി പൂവും സുഹൃത്തുക്കളായിരുന്നെന്തോന്നുന്നു.
അതൊരു കാടായിരുന്നു. Zuhra Manzil ലിലെ കാട്

കാടൊരു തണുത്ത ഇടമാണ്. എപ്പോഴും ഒന്നല്ലെങ്കിൽ ഒരു പൂക്കാലം നിറഞ്ഞിരിക്കുന്ന ഇടം. വേരുകൾ ആഴ്ന്നിറങ്ങിയ ഇടം . ആർക്കുമെപ്പോഴും തണുപ്പ് പറ്റാവുന ഇടം ! വസിക്കുന്നവരെ ചതിക്കാത്തയിടം ! എത്ര വെട്ടിമാറ്റിയാലും വേരുകൾ അവിടെ ബാക്കിയാവും. പിന്നെയുമൊരു കാടുണ്ടാവും. തണുത്ത കാട് ! ബാപ്പാന്റെ കാട്..

ആർക്കറിയാം ബാപ്പ ചിലപ്പോൾ അവിടെയുമൊരു പൂന്തോട്ടം നട്ടു വളർത്തുന്നുണ്ടാവണം ! സുഗന്ധം പരത്തുന ഒന്ന് ! വേദനയില്ലാത്ത ഒന്ന് ..

Comments

Popular Posts