അമ്പലകം

 അമ്പലകം

അമ്പലകത്ത് എനിക്കൊരു അമ്മയുണ്ടായിരുന്നു. ഓടി ചെന്ന് വിളിക്കുമ്പോഴൊക്കെ കാപ്പിയെടുക്കട്ടെ കുട്ട്യേന്ന് ചോദിക്കുന്ന ഒരമ്മ. മാധവികൂട്ടിന്റെ കഥകളിലെ നാലപ്പാട്ട് മുഴുവൻ എന്റെ മനസ്സിൽ ഞാൻ ചിത്രീകരിച്ചിരിക്കുന്നത് ആ അമ്പലകത്താണ് . അതേ അമ്മ!

വാപ്പാന്റേം ഉമ്മമ്മാന്റേം ആലുക്കലെ പച്ചപ്പൊരയുടെ അയലോക്കക്കാരായിരുന്നു അമ്പലാത്തെ ആ കുടുംബം. ഇടവഴി അവസാനിക്കുന്നിടത്താണ് വലിയ ഇലഞ്ഞിമരമുള്ളത്. കുഞ്ഞി മോളും ഞാനും എന്റെ നിഴലായിരുന്ന എന്റെ അനിയത്തിയും അവധിക്കാലം കോർത്തത് ആ ഇലഞ്ഞിമരത്തിന്റെ തറയിലായിരുന്നു. അടുത്തൊരു പാലമരവും. ഞങ്ങളുടെ കഥകളിൽ അന്ന് യക്ഷിയില്ലായിരുന്നത് കൊണ്ട് ആ പാല മരം തരുന്ന പൂ എന്ത് ഭംഗിയുള്ളതായിരുന്നു ! പിന്നീട് ഞാൻ കൗമാരക്കാരിയായപ്പോഴാണ് എന്റെ പാലകളിൽ ഇടക്കിടക്ക് യക്ഷി വന്നിരിക്കാൻ തുടങ്ങിയത്. അന്ന് ഞാൻ വായിച്ച കഥകളിൽ നിന്നും നോവലുകളിൽ നിന്നുമാണ് യക്ഷികൾ പറന്ന് പാലമരത്തിൽ കൂടിയേറിപ്പാർത്തത്. അന്നേ വരെ ആ പാലമരം അമ്പലകത്തെ ഭംഗിയുള്ള ഒരു മരമായിരുന്നു.

ഇലഞ്ഞിയും പാലയും പുളിയുമുള്ള താലപ്പൊലി നടക്കുന്ന തൊടിയോട് ചാരിയാണ് അമ്പലകം ! ആ തറവാട്ടുകാരുടെ ദൈവമിരിക്കുന്ന ഒരു കുഞ്ഞമ്പലം ! അത് തുറന്ന് ഞാൻ കണ്ടിട്ടില്ല. ചുറ്റിലും ചെറിയ വിളക്കുവെക്കുന്ന തറയും, മുന്നിലൊരു വലിയ കൽവിളക്കും ! ഒരു ചെറിയ മുറ്റം ചുറ്റി നിറയെ വിളക്കുന്ന അരമതിലും ! ഇതാണ് അമ്പലമിരിക്കുന്ന അകം. മുറ്റത്തും തൊടിയിലും വീണിരിക്കുന ഇലഞ്ഞിപൂക്കൾ മുഴുവൻ പെറുക്കിയാലും അമ്പലമിരിക്കുന്ന അകത്തെ ഇലഞ്ഞി ഞങ്ങൾ പെറുക്കില്ലായിരുന്നു. ഉഗ്ര ശക്തിയുളള കോമരമതിനകത്തുണ്ടെന്നാണ് ഞങ്ങളെ കേൾപ്പിച്ച കഥ ! ഞങ്ങളെന്നല്ല ആരും അങ്ങോട്ട് പോവുന്നത് ഞാൻ കണ്ടിട്ടില്ല.
താലപ്പൊലിക്ക് ഉറഞ്ഞു തുള്ളുന്ന കോമരങ്ങളെ കണ്ടത് കൊണ്ട് ആ കഥകൾ ഞങ്ങൾക് വിശ്വാസവുമായിരുന്നു. ആ കോമരങ്ങൾ ആ അമ്പലത്തിൽ നിന്നും ഇറങ്ങി വരുന്നതെന്നായിരുന്നു ഞങ്ങളുടെ വിശ്വാസം !

അമ്പലകത്തെ തറവാട്ടിലാണ് ഞങ്ങളുടെ അമ്മയുണ്ടായിരുന്നത്. ഞങ്ങളുടെ എന്ന് പറയുമ്പോൾ എന്റെ മാത്രമല്ല എന്റെ ഉപ്പയും ഉമ്മയുമെല്ലാം അമ്മേ എന്നാണ് വിളിച്ചു കേട്ടത് ! ചന്ദ്രേട്ടന്റെയും കുഞ്ഞിമോൾ ചേച്ചിയുടെയും ഒക്കെ അമ്മയായിരുന്നു. പക്ഷെ അവരൊരിക്കലും അവരുടെ അമ്മയെ ഞങ്ങൾക്ക് പകുത്തു തരാതിരുന്നില്ല ! മൂസാക്കാന്റെ മക്കൾക്ക് ഞങ്ങളുടെ അമ്മയെ തരില്ലാ എന്ന് പറഞ്ഞില്ല

മഞ്ചാടികുരുവും ഇലഞ്ഞിപൂവും പുളിയുമൊക്കെ നിറഞ്ഞ ആ അമ്പലകംതറവാട്ടിലേക്ക് ഞങ്ങൾക്കാരും വിലക്കേർപ്പെടുത്തിയില്ല. സ്നേഹം നിറഞ്ഞ കണ്ണുകളോടെ അമ്മ എപ്പോഴും ഞങ്ങളുടെ വിളി കേട്ടപ്പോൾ ചന്ദ്രേട്ടനും ചേച്ചിമാരും ഞങ്ങളുടെ കുട്ടിക്കാലം നിറച്ചു . തലനോക്കി തന്നു. മുടി പിഞ്ഞിയിട്ടു. കാപ്പിയും പലഹാരവും കഴിപ്പിച്ചു. ഇലഞ്ഞി മാല കോർത്തു തന്നു . അങ്ങനെ ഞങ്ങൾക്കതൊരു തറവാടായി ! അമ്പലകമെന തറവാട് !

താലപ്പൊലിക്ക് ആലുക്കലെയും പെരുമ്പറമ്പിലെയും കുറെ മനുഷ്യർ അമ്പലകത്ത് വരും. അപ്പോഴതൊരു ഉത്സവപ്പറമ്പാണ്. ബലൂണും , പൊരികളും , കുപ്പിവളകളും , കുട്ടികളെ പറ്റിക്കുന കളി സാധനങ്ങളും ഞങ്ങളുടെ പപ്പ പ്പുരയുടെ മുന്നിലൂടെ പോവും. ഇലഞ്ഞിമരത്തിന് ചുറ്റും താലപ്പൊലിക്കൊരുങ്ങും! ചെണ്ടമേളവും വെടികെട്ടുമായി അന്ന് രാത്രി വെളിപ്പിക്കും. കോമരമുള്ളത് കൊണ്ട് ഞങ്ങൾ കുട്ടികൾ പോയില്ല ! പേടിയായിരുന്നു ! പക്ഷെ പേടിയില്ലാത്ത എല്ലാ മുസ്ലിം കുട്ടികളും ഉപ്പമാരുടെ കഴുത്തിൽ കയറിയിരുന്ന് താലപ്പൊലിക് പോവും ! മാപ്പിളമാർ ഞങ്ങളെ താലപ്പൊലി കാണാൻ വരണ്ട എന്ന് ആരും പറഞ്ഞില്ല !

ഞാൻ വലുതായി ! അമ്മയിൽ നിന്നും വിട്ട് ദൂരദേശങ്ങളിലേക്ക് പോയി ! അപ്പോഴും MT യുടെ കഥകൾ വായിക്കുമ്പോൾ മാധവികുട്ടിയെ വായിക്കുമ്പോൾ ഞാൻ ആ അമ്പലകത്ത് തിരിചെത്തി ! ആ കഥാപാത്രങ്ങളെ കുടിയിരുത്താൻ ആ അമ്പലകമല്ലാത്ത മറ്റൊരിടം എന്റെ ഓർമയിലേയില്ലല്ലൊ! ഇലഞ്ഞി മണമുള്ള നനവുളള അമ്പലകം !

ബോർഡ് വെച്ച് തിരിക്കുന്ന കേരളത്തെയല്ലല്ലൊ എനിക്കറിയുന്നത് ! അത്തരമൊരു കേരളം പണിയുന്നതിനിടയിൽ ഇത്തരം ഓർമകൾ മനസ്സ് നിറക്കുന്നത് പോലും ഒരു പ്രതിരോധമാണെന്ന് ഞാൻ വിശ്വസിക്കുന്നു

Comments

Popular Posts